പൂമുഖം വായനാനുഭവം അമരത്വം തേടുന്ന കഥാപാത്രങ്ങൾ

അമരത്വം തേടുന്ന കഥാപാത്രങ്ങൾ

നീണ്ട ഇടവേളകളിൽ വളരെക്കുറച്ച് കഥകൾ എഴുതിയ ഒരാളാണ് ശ്രീ സതീശൻ പുതുമന. എന്നാൽ എഴുതിയ ഓരോ കഥയും മനുഷ്യമനസ്സെന്ന പ്രതിഭാസത്തെ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നു. ഓരോ കഥയിലും വായനക്കാർക്ക് അഴിച്ചെടുക്കാനുള്ള കുരുക്കുകൾ അദ്ദേഹം വിദഗ്ധമായി നെയ്തു ചേർക്കുകയും അതിലൂടെ മനസ്സിനെ അതിന്റെ സങ്കീർണ്ണതയിലും വ്യാപ്തിയിലും മനസ്സിലാക്കാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.

ഓരോ കഥയ്ക്കുള്ളിലും മറ്റൊരു ലോകത്തേയ്ക്ക് തുറക്കുന്ന കിളി വാതിലുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് അറിയാൻ കഴിയും. മുന്നോട്ട് നടക്കുന്തോറും ആ ലോകങ്ങളിലേയ് ക്കുള്ള ഉൾവഴികൾ താനേ ജീവൻ വച്ചുണരുകയാണ്. മനുഷ്യ മനസ്സിന്റെ ബോധ-ഉപബോധ തലങ്ങളെ അനാവരണം ചെയ്യുന്ന സൂക്ഷ്മലോകങ്ങളിലേക്കുള്ള ഉൾവഴികൾ.

ഒരു കലാസൃഷ്ടി എങ്ങനെയായിരിക്കണം എന്ന പ്രഖ്യാപിത ധാരണകളൊ മുൻവിധികളോ മനസ്സിൽ സൂക്ഷിക്കാത്ത ഒരാസ്വാദകൻ ഒരു കഥയെ ഉദാത്തമെന്നോ നിലവാരമില്ലാത്തതെന്നോ വിധിയെഴുതാനുള്ള അളവുകോലുകൾ സൂക്ഷിക്കാറില്ല. ഓരോ സർഗ്ഗാത്മക സൃഷ്ടിയും മാറ്റുരച്ചു നോക്കുവാനുള്ള ഉരകല്ലുകളില്ലാതെ അതിൻറേതായ ഭൂമികയിൽ തനിച്ചു നിൽക്കുകയാണ്. ഒന്നും മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തി നോക്കാനാവാത്ത വിധം വൈവിധ്യം നിറഞ്ഞതാണല്ലോ പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും.

ഒരേ ബാഹ്യ പ്രപഞ്ചം തന്നെ ഓരോ മനുഷ്യനിലും വ്യത്യസ്ത അനുഭൂതികൾ ഉണർത്തുന്നതിനാൽ ഓരോ മനുഷ്യന്റെയും ആന്തരിക ലോകവും, അനുഭവങ്ങളും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. സ്മൃതി രൂപത്തിൽ കിടക്കുന്ന ഒരു കഥയുടെ ബീജം ഈർപ്പം വലിച്ചെടുത്ത് വളർന്നു പന്തലിക്കുന്നതും ആ ആന്തരിക ലോകത്താണ്. അദ്ദേഹത്തിന്റെ “നീലക്കാർവർണ്ണം” എന്ന കഥയിലെ ചന്ദ്രശേഖരൻ മാഷ് പറയുന്നുണ്ട് “ഒരു പക്ഷെ ഞാൻ കാണുന്ന നീല നിറമായിരിക്കില്ല നീ കാണുന്നത്” എന്ന്. എഴുത്തുകാരന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളുടെ ഉറവിടം അവന്റെ തന്നെ ബോധമാണ്. ബോധം കേവലമാണ് (absolute). ബാഹ്യപ്രപഞ്ചത്തിൽ ഇല്ലാത്ത നിറങ്ങൾ ബോധത്തിന്റെ ഗുണങ്ങളാണ്. അതുപോലെയാണ് ഒരു എഴുത്തുകാരന് തന്റെ കഥാലോകവും.


പുറത്തേക്ക് നോക്കുമ്പോൾ നമ്മൾ കാണുകയും അറിയുകയും ചെയ്യുന്ന ഇന്ദ്രിയ ഗോചരമായ പ്രപഞ്ചം യഥാർത്ഥത്തിൽ നമ്മുടെ തലച്ചോറിലെ ന്യുറോണുകളുടെ പുനഃസൃഷ്ടിയാണെന്നും ജ്ഞാനേന്ദ്രിയങ്ങളുടെ സംവേദനം കൊണ്ട് മാത്രം ജ്ഞാനം ഉണ്ടാവുകയില്ലെന്നും ഉള്ള സത്യം ആധുനികോത്തര ഭൗതികവും ന്യുറോ ശാസ്ത്രവും ഇന്ന് അംഗീകരിക്കുന്നു. ഒരാൾ അനുഭവിക്കുന്ന സുഖ-ദുഃഖ സമ്മിശ്രമായ ആന്തരിക ലോകം (Inner experience) വേറൊരു മനുഷ്യനുമായും പങ്കുവയ്ക്കാൻ കഴിയില്ല എന്നത് ശാസ്ത്രലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്നു. ഒരു സർഗ്ഗ സൃഷ്ടിയെ വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഒരു നിരൂപകൻ കാണുന്ന ന്യുനതകൾ രചയിതാവിന്റെ കണ്ണിൽപ്പെടാത്തതും രചയിതാവ് കാണാത്ത അർത്ഥതലങ്ങൾ ആ നിരൂപകൻ കണ്ടെത്തുന്നതും ഇതേ കാരണത്താലാണ്.

യാഥാർഥ്യത്തിനും മിഥ്യയ്ക്കുമിടയിലെ അതിരുകൾ യഥേഷ്ടം താണ്ടിക്കടക്കുന്ന കഥാപാത്രങ്ങളെയാണ് സതീശൻ പുതുമന തന്റെ ജലച്ചായ ചിത്രം, നീലക്കാർവർണ്ണം, ഏതോ ഒരപരിചിതൻ, അസൂയ, മരണത്തിന്റെ മാമൂൽ എന്നീ കഥകളിൽ സൃഷ്ടിക്കുന്നത്.

വിശാലമായൊരു തുറസ്സിലേക്ക് ഒരു കിളിവാതിലിലൂടെ നോക്കേണ്ടി വരുമ്പോൾ നിരീക്ഷകൻ അനുഭവിക്കുന്ന ഒരു പരിമിതിയുണ്ട്, ഒന്നിനു ശേഷം മറ്റൊന്ന് എന്ന കാഴ്ചയുടെ പരിമിതിയാണത്. എന്നാൽ ഒന്നിനോടൊന്ന് കണ്ണി ചേർന്നുള്ള ഒഴുക്കാണ് പരമയാഥാർഥ്യമെന്നത് ബോധത്തിൽ ഉറപ്പിച്ചുകഴിഞ്ഞാൽ രേഖീയമായ കാലസങ്കല്പങ്ങൾ അവിടെ അവസാനിക്കുന്നു. അവിടെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരു പോലെയാണ്. തുടക്കവും ഒടുക്കവുമില്ലാത്ത സ്ഥലകാല നിയമങ്ങളില്ലാത്ത ബോധത്തിന്റെ അനന്തമായ ഒഴുക്ക്.

ജാഗ്രത്തിൽ ഇരുന്നുകൊണ്ട് സ്വപ്നലോകത്ത് വിഹരിക്കുന്നവരാണ് എഴുത്തുകാർ. ജാഗ്രത്തിനും സ്വപ്നത്തിനും സുഷുപ്തിക്കും അപ്പുറം ഈ മൂന്നവസ്ഥയിലൂടെയും കടന്നു പോവുന്ന ബോധമാണ് തുരീയാവസ്ഥ. അവിടെയാണ് സർഗ്ഗ പ്രതിഭയുള്ളവർ എഴുത്തിന്റെ മാന്ത്രിക മുഹൂർത്തങ്ങളിൽ അവരറിയാതെ എത്തിച്ചേരുന്നത് . സ്മൃതി രൂപത്തിൽ ഉറങ്ങിക്കിടക്കുന്ന കഥാ ബീജം സ്ഥലകാലപരിമിതികളെ കവിഞ്ഞു ജീവിക്കുന്ന കഥാപ്രമേയങ്ങളായി, കഥാ പാത്രങ്ങളായി ജന്മമെടുക്കുന്ന ഇടം.

സ്വപ്‍ന ലോകത്ത് വിഹരിക്കുന്ന നിമിഷങ്ങളിൽ ആരും ജാഗ്രത്തെക്കുറിച്ച് ബോധവാനല്ല. ജാഗ്രത്തിൽ ഇരുന്നുകൊണ്ട് സ്വപ്നലോകത്തെ വിലയിരുത്തുമ്പോൾ മാത്രമാണ് സ്വപ്നം അയഥാർത്ഥമാണെന്ന് തോന്നുന്നത്. സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ മാത്രമാണ് അതൊരു സ്വപ്നമായിരുന്നു എന്നറിയുന്നത്. ഇന്നലെ നടന്നൊരു സംഭവവും ഇന്നലെ കണ്ടൊരു സ്വപ്നവും തമ്മിൽ എന്ത് അന്തരമാണുള്ളത്!. ഏതാണ് സത്യം ഏതാണ് മിഥ്യ?

നമ്മൾ കാണുന്നതും നമുക്ക് തോന്നുന്നതുമെല്ലാം സ്വപ്നത്തിലെ സ്വപ്നമല്ലാതെ മറ്റെന്താണ് എന്ന എഡ്ഗാർ അല്ലൻപോയുടെ വരികൾ ഓർക്കാം.

‘നീലക്കാർവർണ്ണം’ എന്ന കഥയിലെ ചന്ദ്രശേഖരൻ മാഷ് ഒരു നിരീശ്വരവാദിയാണെങ്കിലും അമ്പലത്തിൽ പോവുന്നത് അമ്പലവുമായി ബന്ധപ്പെട്ട ഓർമ്മവഴികളിൽ അലയാനുള്ള മോഹം കൊണ്ടാണ്. അമ്പലത്തിൽ കയറിയതു കൊണ്ടോ ഒരു പൂജയിൽ പങ്കെടുത്തതുകൊണ്ടോ തന്റെ നിരീശ്വര വിശ്വാസങ്ങൾക്ക് കോട്ടംതട്ടില്ല എന്ന് ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം.

കഥ തുടങ്ങുന്നത് അമ്പല പരിസരത്തു വച്ചു കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനുമായി അദ്ദേഹം സംസാരിച്ചു നിൽക്കുന്നതായിട്ടാണ്. ആ സംസാരത്തിലൂടെയാണ് കഥ ചുരുൾ നിവരുന്നതും ചന്ദ്രശേഖരൻ മാഷിന്റെ പൂർവ്വ ചരിത്രം വായനക്കാർ അറിയുന്നതും.

ചിന്തകളെ പൂർണ്ണമായും ഓർമ്മവഴികളിലൂടെ അലയാൻ വിട്ടിട്ട് അമ്പലത്തിന്റെ പരിസരത്തും ചുറ്റുവട്ടത്തും നഗ്നപാദനായി അദ്ദേഹം അലഞ്ഞു നടക്കുകയാണ്. തന്നോടൊപ്പം ഭഗവാനെ കണ്ടു തൊഴാൻ എത്തിയ ഭാര്യയെയും സഹോദരിയെയും തിരഞ്ഞാണ് ആ അലച്ചിൽ. ഈ അലച്ചിലിനിടയിൽ തന്നെ അദ്ദേഹം പുറത്തിറങ്ങുകയും കടകളിൽ വിൽക്കാൻ വച്ചിരിക്കുന്ന വസ്തുക്കളെ നോക്കി അലക്ഷ്യമായി നടക്കുകയും എത്രയോ കാലമായി പരിചയമുള്ള കടയിൽ കയറി ചായയും വടയും കഴിക്കുകയും ചെയ്യുന്നുണ്ട്.

ഭഗവാനെ കാണാനായി തന്നോടൊപ്പം ഉണ്ടായിരുന്ന ബന്ധുക്കളെ കാണാതെ അദ്ദേഹം വിഷമിക്കുന്നു. സമയം വൈകുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ പരിഭ്രാന്തിയും വർദ്ധിക്കുന്നു. ഒടുവിൽ അമ്പലത്തിലെ അധികാരികളെ അറിയിക്കുകയും അവർ ഉച്ചഭാഷിണിയിലൂടെ അവരെ പേരെടുത്ത് വിളിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. രാത്രിയോടടുക്കുമ്പോൾ താൻ ആ നിമിഷം അനുഭവിക്കുന്ന നിസ്സഹായത ചെറുപ്പക്കാരനോട് അദ്ദേഹം വിവരിക്കുന്നു. ആ സംസാരത്തിനിടയിൽ വർഷങ്ങളിലൂടെ അമ്പലത്തിനും പരിസരത്തിനും വന്ന മാറ്റത്തെക്കുറിച്ച് ചെറുപ്പക്കാരനോട് പറയുന്നുണ്ട്. മാഷിന്റെ സംസാരത്തിലെ ഒരു പ്രത്യേകത ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ തത്സമയ വിവരണം പോലെയാണ് അദ്ദേഹം തന്റെ ഓർമ്മവഴികളിലൂടെ സഞ്ചരിക്കുന്നത്.

തൊട്ടടുത്ത് സംസാരിച്ചു നിൽക്കുന്ന ഒരാൾ പെട്ടെന്ന് മാഞ്ഞുപോയാൽ തോന്നുന്ന അസ്വസ്ഥത എന്താണെന്നും, ആൾ തിരക്കിൽപ്പെട്ട് കൂടെയുള്ള ഒരാൾ പെട്ടെന്ന് കൈവിട്ടുപോവുമ്പോൾ തോന്നുന്ന മനോവ്യഥ എന്താണെന്നുമൊക്കെ അദ്ദേഹം ചെറുപ്പക്കാരനെ ധരിപ്പിക്കുന്നു. എപ്പോഴും അദൃശ്യരായ ആരോടോ സംസാരിച്ചു നടന്നിരുന്ന സമനില തെറ്റിയ ഏതോ ഒരു അപ്പുനായരെ ഓർക്കുന്നു.

എന്നാൽ ചന്ദ്രശേഖരൻ മാഷ് ആരാണെന്ന് ആ അമ്പലപരിസരത്ത് ചെറുപ്പകാലം തൊട്ടേ ഭക്തരെ സേവ ചെയ്തു ജീവിക്കുന്ന ആ ചെറുപ്പക്കാരന് നന്നായി അറിയാം. ഒടുവിൽ ആ സത്യം അയാൾ ചന്ദ്രശേഖരൻ മാഷിനെ ധരിപ്പിക്കുന്നു. എന്നോ ഒരിക്കൽ കൂടെ വന്നു എന്ന് വിശ്വസിക്കുന്ന തന്റെ ബന്ധുക്കളെത്തിരക്കി അദ്ദേഹം കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി ഇങ്ങിനെ അമ്പലത്തിലും പരിസരങ്ങളിലും അലയുകയായിരുന്നു എന്ന സത്യം! ആ ചെറുപ്പക്കാരന്റെ പേരും ചന്ദ്രശേഖരൻ എന്നു തന്നെയാണ് എന്നത് കഥയുടെ ഭ്രമാത്മകത കൂട്ടുന്നു. “എന്റെ പേരും ചന്ദ്രശേഖരൻ എന്നു തന്നെയാണ് പക്ഷെ മാഷ് അല്ല എന്നേയുള്ളു” എന്ന് ആ ചെറുപ്പക്കാരൻ പറയുമ്പോൾ ഭ്രാന്തുള്ള ഒരു മനുഷ്യനും ഭ്രാന്തില്ലാത്ത മറ്റൊരു മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഒരാൾക്ക് ഭ്രാന്തില്ല എന്നുള്ളതാണ് എന്ന കൗതുകകരമായ സത്യം ഓർത്തുപോവുന്നു.

കഥ വായിച്ചു തീർന്നാലും ഏത് ചന്ദ്രശേഖരനാണ് ഭ്രമാത്മക ലോകത്ത് ജീവിക്കുന്നത് എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാവുന്നു.

ജീവിതത്തെ വളരെയധികം പ്രണയിക്കുന്നവരാണ് സതീശൻ പുതുമനയുടെ എല്ലാ കഥാപാത്രങ്ങളും. ജീവിതാസക്തികളിൽ മുഴുകാൻ ആഗ്രഹിക്കുന്ന അവർ മരണത്തെ ഭയക്കുന്നവരാണ്. വാ ർദ്ധക്യത്തിൽ നിന്നും യൗവ്വനത്തിലേക്കും, യൗവ്വനത്തിൽ നിന്നും ബാല്യത്തിലേക്കും തിരിച്ചുനടക്കാൻ അവർ കൊതിക്കുന്നു. അപൂർണ്ണതയിൽ നിന്നും പൂർണ്ണത തേടി പുനർജന്മങ്ങൾ മോഹിച്ച് അവർ എഴുത്തുകാരനെ വിടാതെ പിന്തുടരുന്നു. ‘ജലച്ചായ ചിത്രം’ ‘കൂടെ ഒരപരിചിതൻ’ എന്നീ കഥകളിൽ ഇത് പ്രത്യക്ഷമായി തന്നെ വായനക്കാരന് വായിച്ചെടുക്കാൻ കഴിയും.

പെരുമഴ പെയ്യുന്ന ഏതോ ഒരു അടച്ചിരിപ്പു ദിനത്തിൽ ഒരു കഥയെഴുതാനായി തന്റെ മുറിയിൽ കണ്ണുകൾ പൂട്ടി ധ്യാനനിമഗ്നനായി ഇരിക്കുന്ന സതീശൻ പുതുമന എന്ന കഥാകാരനെ വായനക്കാർക്ക് സങ്കല്പിച്ചെടുക്കാം. ഏതോ ഒരു നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയിരിക്കണം തന്റെ മുറിയുടെ വാതിലിൽ ആരോ മെല്ലെ തട്ടിയെന്ന്. വാതിലുകൾ തുറക്കുമ്പോൾ അതാ മുന്നിൽ നിൽക്കുന്നു താൻ വായിച്ച കഥകളിലെ കഥാപാത്രങ്ങൾ!

തന്റെ വായനയെ സ്വാധീനിച്ച, മനസ്സിനെ വശീകരിച്ച കഥാപാത്രങ്ങൾ പലരുമുണ്ട് അവരിൽ. അവരിൽ താൻ തന്നെ സൃഷ്ടിച്ച കഥാപാത്രങ്ങളുണ്ടായിരുന്നു. ഇനിയുമൊരു കഥയിൽ പുതിയൊരു ജന്മം കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നവർ, പഴയ ജന്മത്തിലെ തെറ്റുകൾ തിരുത്തി വീണ്ടുമൊരു ജീവിതം ആഗ്രഹിക്കുന്നവർ, കഥാപാത്രങ്ങളായി ജനിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും ജനിക്കാതെ പോയവർ.

ഓ. ഹെൻട്രിയുടെ അവസാനത്തെ ഇല എന്ന കഥയിലെ കഥാപാത്രമായ ബെർമാൻ ഏറ്റവും മുന്നിലുണ്ട്. തന്റെ ഏറ്റവും ഉദാത്തമായ ചിത്രം വരയ്ക്കണമെന്ന നടക്കാതെ പോയ ആഗ്രഹം നിറവേറ്റാൻ ക്യാൻവാസും ചായക്കൂട്ടുകളുമായി അദ്ദേഹം വന്നിരിക്കുന്നു.

ഉസ്ബെക്കിസ്ഥാനിലെ തിമൂറിന്റെ പത്നിയെ ഉമ്മവച്ചു എന്നതിനാൽ മരണം ശിക്ഷയായി ഏറ്റുവാങ്ങിയ കൊട്ടാരം ശിൽപ്പിയായ ഒമർഉണ്ട്. സൗന്ദര്യാരാധകനായ ഒമറിന് കഴിയുമെങ്കിൽ രാജ്ഞിയെ ഒരിക്കൽക്കൂടി ഉമ്മവയ്ക്കാനും വീണ്ടും മരണശിക്ഷ ഏറ്റുവാങ്ങാനും ആഗ്രഹമുണ്ട്.രാജാവിന് വേണ്ടി മഹാനരക ചിത്രം വരയ്ക്കാൻ നിയോഗിക്കപ്പെട്ട യോഷിഹിദെ എന്ന ചിത്രകാരനുണ്ട്. നരക ചിത്രം വരയ്ക്കാനുള്ള ശ്രമത്തിൽ തന്റെ പുത്രി കത്തിയെരിയുന്നത് കണ്ടിട്ടും കലയോടുള്ള പ്രതിപത്തിയിൽ നിശബ്ദനായി നോക്കിനിന്ന ചിത്രകാരൻ.

റഷ്യൻ മിസ്റ്റിക്കായിരുന്ന P.D. Ouspensky യുടെ Strange Life of Evan Osokin എന്നൊരു നോവലുണ്ട്. ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ എല്ലാ തെറ്റുകളും തിരുത്തി വേറൊരു രീതിയിൽ ജീവിക്കുമായിരുന്നു എന്ന് അതിലെ കഥാപാത്രമായ ഓസോകിൻ ആഗ്രഹിക്കുന്നു. ഒരു മജിഷ്യന്റെ സഹായത്തോടെ അയാൾ വീണ്ടും ജനിക്കുന്നു. എന്നാൽ പഴയ ജന്മത്തിലെ ഓർമ്മകളുമായാണ് അയാൾ വീണ്ടും ജനിക്കുന്നത്. ഓരോ അനുഭവത്തിലൂടെ കടന്നുപോവുമ്പോഴും അയാൾ അസഹ്യമായ വിരസതയിൽ പുതിയ ജീവിതത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയാതെ പഴയ ജന്മം തന്നെ അതേപടി ആവർത്തിക്കുകയും ചെയ്യുന്നു. ജലച്ചായചിത്രം എന്ന കഥ Determinism, free will, eternal recurrence തുടങ്ങിയ സമസ്യകളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്നുണ്ട്.

ജീവിതത്തിൽ ഒന്നും തന്നെ യാദൃച്ഛികമല്ല എന്ന് കാൾ യൂങ് തന്റെ ഓർമ്മകൾ, സ്വപ്‌നങ്ങൾ, അനുഭവങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. “എൺപത് വർഷം പിന്നിലേക്ക് നോക്കി ഞാൻ എന്റെ ജീവിതത്തിലെ നിർണ്ണായകമായ സംഭവങ്ങളെയും ബന്ധപ്പെടാനിടയായ വ്യക്തികളെയും പറ്റി ആലോചിക്കുമ്പോൾ അതൊന്നും യാദൃച്ഛികമായിരുന്നില്ല എന്ന് മനസ്സിലാവുന്നു. നമ്മുടെ ജീവിതയാത്രയിൽ നമ്മെ കൈപിടിച്ചുയർത്തുന്ന അദൃശ്യമായ എന്തോ ഉണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.”

ജലച്ചായ ചിത്രത്തിലെ ബെർമാന്റെ മാനസികവസ്ഥയെയും അയാളുടെ അന്തക്ഷോഭത്തെയും ഒക്കെ കഥാന്ത്യത്തിലെ പ്രളയവും പ്രകൃതി ക്ഷോഭവുമായി വിളക്കിച്ചേർക്കാനുള്ള ശ്രമത്തിൽ ഈ രചന ഒരു കഥയെക്കാളും നിറക്കൂട്ടുകൾ വാരിവിതറിയ ഒരു ക്യാൻവാസിന്റെ രൂപമായാണ് വായനക്കാരുടെ മനസ്സിൽ അവശേഷിക്കുന്നത്. കടും നിറങ്ങളാൽ തീർത്ത ഒരു അബ്സ്ട്രാക്റ്റ് പെയിന്റിംഗ്.

“കൂടെ ഒരപരിചിതൻ” എന്ന കഥയിൽ മഹാനഗരത്തിലെ തന്റെ കോളനിയിൽ, ഒരു സുപ്രഭാതത്തിൽ, ആവർത്തനവിരസമായ പുറം കാഴ്ചകൾ നോക്കിയിരിക്കുമ്പോഴാണ് കഥാകൃത്തിനെ കാണാൻ അപരിചിതൻ കയറി വരുന്നത്. ഓർമ്മകൾ മങ്ങിത്തുടങ്ങിയ കഥാകൃത്തിന് അപരിചിതനെ മനസ്സിലാവുന്നില്ല. എങ്കിലും അയാളുടെ ചില അംഗ വിക്ഷേപങ്ങളും മുരടനക്കങ്ങളും കാണുമ്പോൾ അയാളെ എങ്ങനെയോ അറിയാമല്ലോ എന്ന് അയാൾ ഓർക്കുന്നു. അപരിചിതൻ, ദേവദത്തൻ എന്ന തന്റെ പേരു ചൊല്ലി സ്വയം പരിചയപ്പെടുത്തുകയാണ്.

പേര് കേട്ടിട്ടും ഓർക്കാൻ കഴിയാതെ വരുമ്പോൾ തന്നെ തിരിച്ചറിയാൻ സഹായിച്ചേയ്ക്കാവുന്ന തെളിവുകൾ ഓരോന്നായി നിരത്തുന്നു. കഥാകാരന്റെ ഉള്ളിൽ അടക്കം ചെയ്തു വച്ച ഓർമ്മകളെ ഒന്നൊന്നായി അയാൾ വലിച്ചു പുറത്തിടുകയാണ്. ഏറ്റവും വിദൂരമായ, ആരോടും പങ്കുവച്ചിട്ടില്ലാത്ത സ്മരണകളെപ്പോലും തെളിവുകളായി നിരത്തി അയാൾ എഴുത്തുകാരനെ അത്ഭുതപ്പെടുത്തുന്നു. താൻ മറ്റാരോടും ഇതുവരെ പങ്കുവച്ചിട്ടില്ലാത്ത, പങ്കുവയ്ക്കാൻ കഴിയാത്ത അനുഭവങ്ങൾ, ഓർമ്മകൾ അയാൾ പറഞ്ഞു തീരുമ്പോഴും തന്നെ തിരിച്ചറിയാൻ കഴിയാതെ സംശയിച്ചു നിൽക്കുന്ന എഴുത്തുകാരനു മുന്നിൽ അവസാനത്തെ ആയുധവും പുറത്തെടുക്കുന്നു. താൻ മറക്കാൻ ആഗ്രഹിക്കുന്നതും മനസ്സിന്റെ അടിയിൽ കല്ലിച്ചു കിടക്കുന്നതുമായ ഒരോർമ്മ അയാൾ പങ്കുവയ്ക്കുന്നു.

‘ദേവദത്തന്റെ ദുരന്തം’ എന്ന എഴുതാത്ത കഥയിലെ പിറക്കാതെ പോയ കഥാപാത്രമായിരുന്നു ദേവദത്തൻ. തനിക്ക് പിറക്കാതെ പോയൊരു കുഞ്ഞിനെ കാണുമ്പോഴുള്ള വേദനയും, വിശദീകരിക്കാനാവാത്തൊരു ഭയവും എഴുത്തുകാരനെ ഗ്രസിക്കുന്നു.

ഒരു മനുഷ്യൻ ഈ ലോകത്തുനിന്നും കടന്നുപോവുമ്പോൾ എല്ലാ ഓർമ്മകളേയും കൂടെകൊണ്ടുപോവുന്നു. എല്ലാ ഓർമ്മകളും എഴുത്തുകാരനോടൊപ്പം മണ്ണടിയുന്നതിനു മുൻപായി അമരത്വം ആഗ്രഹിക്കുന്ന ദേവദത്തൻ ഒരു ഓർമ്മക്കുറിപ്പെങ്കിലും തന്റെ അവകാശമായി ചോദിക്കുന്നു.

ദേവദത്തൻ പറയുന്നു:

“മാഷിന്‍റെ മനസ്സിലിരിപ്പ് വള്ളിപുള്ളി വിടാതെ പറഞ്ഞിട്ടും മാഷക്കെന്തിനാണ് സംശയം …? ഞാന്‍ പറയാം ….ഒരു വെറും ആശയമാണ്, മാഷേ, ഞാന്‍ ….എഴുതാന്‍ വിട്ടുപോയ ഒരു കഥയിലെ ഇല്ലാത്ത ഒരു കഥാപാത്രം…എഴുതാത്ത കാലത്തോളം, എൻ്റെ കാര്യത്തിൽ, ആ ഇല്ലായ്മയ്ക്കും ഉണ്ട് വല്ലായ്മപ്പെടുത്തുന്ന ഒരില്ലായ്മ .. ….അതില്‍ നിന്നെനിക്കൊരു മോചനം വേണം, മാഷേ …… ആ ഓർമ്മക്കൂടൊന്ന് പൊടിതട്ടിയെടുത്ത്,എന്നെ ജീവിക്കാൻ വിടുമോ എന്നന്വേഷിക്കാനാണ് ഞാൻ വന്നത് .…”

ഒരു കഥയെഴുത്തുകാരനും മനസ്സിലെ അവസാനത്തെ കഥയും പറഞ്ഞുതീര്‍ത്തല്ല രംഗം വിടുന്നത്. പുസ്തക ഷെല്‍ഫിലെ ചില പുസ്തകങ്ങള്‍ പിന്നീടാവാമെന്ന വിശ്വാസത്തില്‍ അനന്തമായി വായിക്കാതെ വയ്ക്കുന്നത് പോലെ, എഴുതപ്പെടാതെ, അവസാനിക്കുന്ന കഥകളുണ്ട്. വായിക്കപ്പെടാത്ത പുസ്തകങ്ങള്‍ പിന്നീട് എപ്പോഴെങ്കിലുമൊക്കെ , ആരെങ്കിലുമൊക്കെ, വായിക്കും., എഴുതപ്പെടാത്ത കഥകള്‍, എഴുത്തുകാരനോടൊപ്പം ഇല്ലാതാവുന്നു. വായനകളോ തുടര്‍വായനകളോ ഇല്ലാതെ അവസാനിക്കുന്ന അത്തരം കഥാപാത്രങ്ങളുടെ കൂടി ശബ്ദമാണ് താൻ എന്ന് അയാൾ കഥാകൃത്തിനെ ഓർമ്മപ്പെടുത്തുന്നു.

ബാല്യത്തിലോ യൗവ്വനത്തിലോ മനസ്സിനുള്ളിൽ അടക്കി വച്ച വൈകാരിക പ്രധാനമായ ഒരു സംഭവം പിന്നീടെപ്പോഴെങ്കിലും കാലം തെറ്റി അതിന്റെ തുടർച്ചതേടി മനസ്സിൽ എത്തുന്നതിനെ അപസ്മാരമെന്ന് (അപ സ്മരണം) എന്ന് മനഃശാസ്ത്രജ്ഞർ വിധിയെഴുതുന്നു. ഒരെഴുത്തുകാരൻ അതിനെ തന്റെ ഉലയിലിട്ട് ഊതിപ്പെരുപ്പിച്ച് കഥയാക്കി മാറ്റുന്നു.

ഒരു മിനിക്കഥ എന്ന് വിളിക്കാവുന്ന “മറുക്” എന്ന കഥയിൽ മനസ്സിൽ അന്തർലീനമായി കിടക്കുന്ന അസൂയ എന്ന വികാരത്തെ ചുരുക്കം വാക്കുകൾ കൊണ്ട് ആഖ്യാനം ചെയ്തിരിക്കുന്നു. സുന്ദരിയായ പെൺകുട്ടിക്ക് തന്റെ കഴുത്തിനു പിന്നിലെ സുന്ദരമായ മറുക് കവിയായ ഭർത്താവിനു മാത്രം കാണാൻ കഴിയുന്നല്ലോ എന്ന അസൂയ. തന്നേക്കാളും സൗന്ദര്യമുള്ള മറുകിനോടുള്ള അസൂയ. തന്നേക്കാളും ഉയർന്നു നിൽക്കുന്ന ഭർത്താവിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചുള്ള അസൂയ. സർഗ്ഗധനനായ ഒരു കവിയുടെ സൗന്ദര്യ സങ്കല്പം ആത്മജ്ഞാനം ആഗ്രഹിക്കുന്ന ഒരാളിന്റെ സൗന്ദര്യ സങ്കല്പത്തോളം ഔന്നത്യം ഉള്ളതാണ്.

ലോക് ഡൗൺ കാലം ലോകത്തെ പല രീതിയിൽ സ്വാധീനിച്ചു. രാജ്യത്തെ ഇരുപത്തഞ്ചു ലക്ഷത്തോളം കുടിയേറ്റതൊഴിലാളികൾ ജീവനോപാധി നഷ്ടപ്പെട്ട് ചേരികൾ വിട്ട് പുറത്തിറങ്ങി സ്വന്തം ഗ്രാമങ്ങളെ ലക്ഷ്യമാക്കി കാലുകൾ പൊള്ളി നടന്നപ്പോൾ അതേ അടച്ചിരിപ്പുകാലം സർഗ്ഗ പ്രതിഭയുള്ളവരെ എഴുത്തുകാരാക്കുകയും, കവികളെ മഹാകവികളാക്കുകയും, ആത്മീയവാദികളെ ആത്മജ്ഞാനത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. വ്യക്തികൾക്കിടയിലെ സ്വകാര്യയിടം (space) നഷ്ടപ്പെട്ട കാരണത്താൽ മുമ്പെങ്ങും ഇല്ലാത്ത വിധം കുടുംബ കലഹങ്ങളും ആത്മഹത്യകളും പെരുകിയതായി സാമൂഹ്യ മാധ്യമങ്ങൾ രേഖപ്പെടുത്തി.

ഓരോ മനുഷ്യനും അവനു ചുറ്റും അദൃശ്യമായൊരു അതിർത്തി വലയം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വ്യക്തിയും തനിച്ചിരിക്കാൻ ആഗ്രഹിക്കുന്ന ആ ഇടം ഓരോ വ്യക്തിയുടെയും സ്വന്തമാണ്. അടച്ചിരിപ്പുകാലങ്ങളിൽ ഓരോ മനുഷ്യനും നഷ്ടപ്പെട്ടത് ഈ സ്വകാര്യ ഇടമാണ്.

വ്യക്തികൾക്കിടയിൽ ഊറിയുറച്ചുപോയ വിരസത ചിത്രീകരിക്കുന്നതാണ് ‘ കോവിഡ് – മൂന്ന് ചിത്രങ്ങൾ’ എന്ന കഥ. ഹേമന്ത് എന്ന കഥാപാത്രം വീട്ടിലെ അടുക്കള ചുവരിൽ വീഴുന്ന പ്രഭാതത്തിലെ ഇളം വെയിലിൽ തന്റെ തലയുടെ നിഴൽ ഭാര്യയായ ആരതിയുടെ കാൽക്കൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. വർഷങ്ങൾക്ക് മുൻപ് അവർ ഭ്രാന്തമായി പ്രണയിച്ചു നടന്നിരുന്ന കാലങ്ങളിൽ അയാൾ ആരതിയോട് ചെയ്തിരുന്ന പ്രണയ സമർപ്പണത്തിന്റെ ഓർമ്മയായിരുന്നു അയാൾക്കത്. വർഷങ്ങൾക്ക് ശേഷം ആ കാലം അയാളുടെ മനസ്സിലെത്തി . എന്നാൽ ഇന്ന് ആ നിഴലിൽപ്പെടാതിരിക്കാനായി ഒഴിഞ്ഞുമാറി ആരതി. ഇരുപത്തിനാലു മണിക്കൂറും ഒരുമിച്ചിരിക്കണം എന്നാഗ്രഹിച്ച അവളിലെ മാറ്റം അയാൾ തിരിച്ചറിയുന്നു. അവസാനിക്കാത്തൊരു തീവണ്ടിയാത്രയിലെന്നപോലെ ജീവിതം പെട്ടിക്കകത്ത് ഒതുങ്ങേണ്ടി വന്ന അടച്ചിരിപ്പുദിനങ്ങളിലെ വിരസതയെ ഭാവനാത്മകമായി കഥാകാരൻ ആഖ്യാനം ചെയ്തിരിക്കുന്നു. ‘വെളിച്ചത്തിന്റെ ആ പാളി യിൽ എന്റെ നിഴൽ വീഴുന്നത് പോലും എനിക്കിഷ്ടമല്ല’ എന്ന ആരതിയുടെ ആത്മഗതം പോലും ഹേമന്തിന് കേൾക്കാൻ കഴിയുന്ന രീതിയിലുള്ളതായിരുന്നു ആ ഒഴിഞ്ഞുമാറൽ.

പ്രഭാതത്തിലെ കിളിയൊച്ചകളും, ദൂരെ അമ്പലത്തിലെ മണിയടിയും, മറ്റേതോ ലോകത്ത് നിന്നും വരുന്നതുപോലെ തോന്നുന്ന തീവണ്ടി ചൂളവും ആരതിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചൂടുള്ളൊരു കോഫിയുമായി തന്റേതു മാത്രമായ ആ സ്വകാര്യനേരങ്ങളിലെ തനിച്ചിരിപ്പ് അതീന്ദ്രിയാനുഭവമായി ആരതിക്ക് തോന്നിയിരുന്നു. ആരുമായും പങ്കിടാൻ പോലും കഴിയാത്ത ആ സ്വാസ്ഥ്യം നഷ്ടപ്പെട്ടതിലുള്ള ദുഃഖം വല്ലാത്തൊരു മടുപ്പായി മാറുന്നതും കഥാന്ത്യത്തിൽ കോഫിയിൽ നിന്നും നാവിൽ തടഞ്ഞ പാൽപ്പാട വാഷ്ബേസിനിലേക്ക് തുപ്പുന്നതിലൂടെ കഥാകാരൻ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.

കാണാതിരുന്ന് കാണുമ്പോഴുള്ള സുഖം കണ്ടുകണ്ടിരിക്കുമ്പോൾ ഇല്ലാതാവുന്നു. കെട്ടിപ്പിടിച്ച് ഉമ്മ വച്ച് ഇനിയെന്ന് കാണും നമ്മൾ എന്നൊക്കെ യാത്ര പറഞ്ഞ് രാവിലെ ഇറങ്ങിയപ്പോയ ഒരാൾ അന്നു വൈകുന്നേരം തന്നെ യാത്ര ഉപേക്ഷിച്ച് ഇനി ഞാൻ പോവുന്നില്ല എന്നും പറഞ്ഞു തിരിച്ചെത്തുമ്പോൾ മറ്റേയാൾക്ക് തോന്നുന്ന വിശദീകരിക്കാനാവാത്ത വികാരം ഭംഗിയായി വ്യക്തമാക്കുന്നുണ്ട് ഈ കഥയിൽ.

എന്തിലും ഏതിലും പുതുമ ആഗ്രഹിക്കുന്നത് മനസ്സിന്റെ വാസനയാണ്. മനസ്സ് എപ്പോഴും അതുവരെ അറിയാത്തതും, കാണാത്തതും തിരഞ്ഞു കൊണ്ടേയിരിക്കും. ഇണകൾക്കിടയിൽപ്പോലും അറിയാനിത്തിരി ബാക്കി നിൽക്കുമ്പോഴാണ് വീണ്ടും സംസാരിച്ചിരിക്കാനും, സമയം പങ്കിടാനും തോന്നുക. മനുഷ്യബന്ധങ്ങളിലെ, സ്നേഹപ്രകടനങ്ങളിലെ സങ്കീർണ്ണമായ മനഃശാസ്ത്രത്തിന്റെ സൂക്ഷ്മ തലങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ഇവിടെ.

‘അതു കഴിഞ്ഞ് വേതാളം ചോദിച്ചു:’ എന്ന കഥയിലെ ദിവാകുമാർ എന്ന കഥാപാത്രം മനുഷ്യനെന്ന അത്ഭുതത്തെ അനാവരണം ചെയ്യുന്നു. ഒരു മനുഷ്യൻ എപ്പോഴും മറ്റൊരു മനുഷ്യനെ അത്ഭുതപ്പെടുത്തുന്നു. കഥാകൃത്തിനടുത്ത് ഗണിതം പഠിക്കാനെത്തുന്ന പത്തൊമ്പതുകാരനായ ദിവാകുമാർ പകരുന്ന പാത്രങ്ങൾക്കനുസരിച്ച് രൂപം മാറുന്ന വെള്ളം പോലെയാണ്.

ആത്യന്തികമായി ഒരു മനുഷ്യനെ നിർവചിക്കുന്നുണ്ട് ഈ കഥയിൽ. നിർവചനങ്ങളിലൊതുക്കാൻ കഴിയാത്ത, നാല് വശങ്ങളിലേയ്ക്കും ഒഴുകി പരക്കാൻ കഴിയുന്ന, സ്ഥാനവും വേഗവും കൃത്യമായി നിർണ്ണയിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണ് ഓരോ മനുഷ്യനുമെന്ന സത്യത്തെ ഈ കഥ അടിവരയിടുന്നു. ഓരോ മനുഷ്യനും വ്യാപരിക്കുന്നത് ഉൾവലിഞ്ഞ സ്വന്തം ലോകങ്ങളിലാണ്. മറ്റൊരാളെ കണ്ടുമുട്ടുമ്പോൾ മാത്രം പുറത്തേക്കിറങ്ങി വന്ന് പരസ്പരം കൈ കൊടുത്ത്, മുഖം കാണിച്ച്, ചിരിക്കുകയും, സംസാരിക്കുകയും ചെയ്ത് അവനവന്റെ ഉള്ളിലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണവർ. അതാണ് ഒരാളിന്റെ സ്ഥായിയായ ഭാവം. ഓരോ നിമിഷത്തിലും ഓരോരോ ചിന്തകളാൽ ആവേശിക്കപ്പെട്ട്, രൂപവും ഭാവവും മാറാൻ സാധ്യതയുള്ള ജീവിയാണ് ഓരോ മനുഷ്യനും.

സാഹചര്യങ്ങൾക്കനുസരിച്ച് അവർ ഓരോ മുഖംമൂടികൾ അണിയുന്നു. ഭാര്യയുടെ മുന്നിൽ ഒന്ന്, മക്കളുടെ മുന്നിൽ വേറൊന്ന്, സുഹൃത്തുക്കളുടെ നടുവിൽ മറ്റൊരെണ്ണം. ചുറ്റും ആരുമില്ലെന്നറിയുമ്പോൾ, എല്ലാ പൊയ്മുഖങ്ങളും അഴിച്ചു മാറ്റുമ്പോൾ, നേരിടേണ്ടി വരുന്ന സ്വന്തം മുഖവും.

ദിവാകുമാറിനാൽ വഞ്ചിക്കപ്പെട്ട ഒരാൾ ‘സത്യം പറഞ്ഞാൽ ഈ കാണുന്ന ആളല്ല ശരിക്കുള്ള ദിവാകുമാർ’ എന്ന് ഭയത്തോടെ പറയുമ്പോഴും, ‘ക്ഷമിക്കണം പൊറുക്കണം’ എന്ന ക്ഷമാപണത്തിനപ്പുറം അയാളുടെ മുഖത്ത് മറ്റൊരു ഭാവഭേദവും തെളിയുന്നില്ല. തീരെ ദുർബലനായ, ഒരടി വാങ്ങാൻ പോലും ആരോഗ്യമില്ലാത്ത അയാൾ കളവുകൾ കാണിക്കുകയും വിശ്വസിക്കുന്നവരെയെല്ലാം പറ്റിക്കുകയും ചെയ്യുമ്പോഴും സ്വന്തം തെറ്റുകൾ തിരിച്ചറിയാൻ കഴിയാത്ത ഒരു കുഞ്ഞിനെപ്പോലെ അയാൾ പലപ്പോഴും പെരുമാറുന്നു. ‘സാറിൻറെ മുന്നിൽ എന്നെ കള്ളനാക്കിയതിന് ഞാൻ നിങ്ങളെ വെറുതെ വിടുമെന്ന് കരുതണ്ട’ എന്ന് ഒരാളെ ഭീഷണിപ്പെടുത്തുമ്പോഴാണ് അയാളുടെ ഉള്ളിലെ മറ്റൊരു വ്യക്തിയെ വായനക്കാർ അറിയുന്നത്.

ദിവാകുമാറുമായി ബന്ധപ്പെട്ട എല്ലാവരും അയാളെ തട്ടിപ്പു നടത്തുന്നവൻ എന്ന് അന്തിമമായി വിധിയെഴുതുമ്പോഴും, അയാളുടെ തട്ടിപ്പുകൾ നേരിൽ ബോധ്യപ്പെടുമ്പോഴും അയാളോടുള്ള പെരുമാറ്റത്തിൽ എഴുത്തുകാരൻ സൂക്ഷിക്കുന്ന നിക്ഷ്പക്ഷത, അയാളോടുള്ള കരുതൽ ഇതൊക്കെ കഥയെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നു.

വാക്കിലും പ്രവൃത്തിയിലും, അടുത്ത നിമിഷം കണ്ടുപിടിക്കപ്പെടാവുന്ന കളവുകൾ കൊണ്ട് എന്തായിരുന്നു ദിവാ എന്ന മനുഷ്യന് നേടാൻ ഉണ്ടായിരുന്നത് എന്ന ചോദ്യം വായനക്കാരോടാണ്. ഇവിടെ ചോദ്യം ചോദിക്കുന്നത് വേതാളത്തിന്റെ സ്ഥാനത്തുള്ള എഴുത്തുകാരനും ഉത്തരം പറയേണ്ടത് വിക്രമാദിത്യന്റെ സ്ഥാനത്തുള്ള വായനക്കാരുമാണ്.

എഴുത്തുകാരൻ കഥാപാത്രങ്ങളാൽ വേട്ടയാടപ്പെടുന്നു. സതീശൻ പുതുമനയുടെ പല കഥകളിലും ഇത് ആവർത്തിച്ചു വരുന്ന പ്രമേയമാണ്. എഴുതിക്കഴിഞ്ഞ കഥകളിലേയും എഴുതാൻ കഴിയാത്ത കഥകളിലെയും കഥാപാത്രങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. കഥാപാത്രങ്ങളായി ജനിക്കാതെ പോയവർ അദ്ദേഹത്തിന്റെ മുന്നിലെത്തി ഒരു ഓർമ്മക്കുറിപ്പെങ്കിലും അവകാശമായി ചോദിക്കുന്നു.

അമേരിക്കൻ എഴുത്തുകാരനായ ജോർജ് സ്റ്റെയിനെറിന്റെ വാക്കുകൾ ഇവിടെ ഓർത്തുപോവുന്നു. ‘മഹത്തായ എല്ലാ രചനകളും പിറവി കൊള്ളുന്നത്‌ മരണത്തിനെതിരായി ആത്മാവ് നടത്തുന്ന കഠിനമായ പോരാട്ടത്തിൽ നിന്നാണ്, നില നിൽക്കാനുള്ള അഭിവാഞ്ഛയിൽ നിന്നാണ് , സൃഷ്ടിയുടെ ശക്തി കൊണ്ട് കാലത്തെ മറികടക്കാമെന്ന പ്രത്യാശയിൽ നിന്നാണ്.’-

സമസ്ത ജീവജാലങ്ങളിലും വച്ച് മനുഷ്യൻ മാത്രമാണ് ഞാൻ ഒരിക്കൽ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളങ്ങൾ ബാക്കിവയ്ക്കാൻ ആഗ്രഹിക്കുന്നത്. കഥാപാത്രങ്ങളായി അമരത്വം ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ എല്ലാവരും തന്നെ എഴുത്തുകാരന്റെ അപര വ്യക്തിത്വങ്ങളാണ്. എഴുതാനും അറിയപ്പെടാനുമുള്ള ഒരെഴുത്തുകാരന്റെ അടങ്ങാത്ത മോഹം.

ഒരു കഥയോ കവിതയോ എഴുതുമ്പോൾ എഴുത്തുകാരൻ അനുഭവിക്കുന്ന ആത്മാനുഭൂതി ആസ്വാദകരിലേക്കും അതേ അളവിൽ പകരാറുണ്ട്. ആ നിമിഷങ്ങളിൽ അവർ അനുഭവിക്കുന്ന അനുഭൂതി അവരവരുടെ ഉണ്മയിലേക്കുതന്നെ തിരികെ കൊണ്ടുവരാൻ പ്രാപ്തരാക്കുന്നു. അതുകൊണ്ടാവണം നല്ലൊരു കഥയോ കവിതയോ വായിക്കുമ്പോൾ ഉള്ളിലെവിടെയോ കാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കുകൾ എല്ലാം ആരോ വലിച്ച് പുറത്തിട്ടപോലെ തോന്നാറുള്ളത്. കുറച്ചു കാലത്തേക്കെങ്കിലും ഭാരമില്ലാത്തൊരു പൊങ്ങുതടിപോലെ ഒഴുകിനടക്കുന്നതു പോലെയും തോന്നാറുണ്ട് വീണ്ടും അഴുക്കടിയുംവരെ.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like