പൂമുഖം LITERATUREകവിത ആര് ?

(മൂന്നാലു തലമുറകളായെങ്കിലും കാക്കാരിശ്ശി നാടകം അവതരിപ്പിച്ചു പോരുന്ന കുടുംബത്തിലെ, പ്രധാനിയായ കലാകാരനായിരുന്ന എന്‍റെ അച്ഛന്‍റെ സഹോദരന്‍, തന്‍റെ അവസാനകാലത്ത് കടുത്ത മറവിരോഗത്തിന്‍റെ പിടിയിലായിരുന്ന അവസരത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ കാണാന്‍ ചെന്നതിന്‍റെ അനുഭവത്തിലാണ് ഈ കവിത. ആരെയും തിരിച്ചറിയാന്‍ തന്നെ കഴിയാതിരുന്ന അദ്ദേഹം, ഞാന്‍ കാക്കാരിശ്ശി ഈരടികളിലൊന്ന് മൂളിത്തുടങ്ങിയതും കൃത്യമായി അതിന്‍റെ ബാക്കി ഓര്‍ത്തെടുത്ത്, താളബോധത്തോടെ ചൊല്ലിയത് സന്തോഷകരമായ ആഹ്ളാദമായി)

”ആരു വന്നിരിക്കുന്നു പറയൂ ”, മകള്‍ കൊച്ചു
കുഞ്ഞെന്ന പോലച്ഛനോടാരായുന്നെന്നെച്ചൂണ്ടി
കൈകളെന്‍ കയ്യില്‍ ചേര്‍ത്തു ഞാന്‍ ”ചെറിയച്ഛാ
നോക്കെ”,ന്നാകെ, ശൂന്യമാക്കണ്‍കളെന്നിലേ തറയ്ക്കുന്നൂ

”ചിലപ്പോളെന്നെപ്പേരു വിളിച്ചാലായീ കുഞ്ഞായ്
കുളിപ്പിച്ചൂട്ടി..”പ്പെങ്ങള്‍ സങ്കടം പകുക്കുമ്പോള്‍
പൂര്‍ണമായ് കടം വീട്ടാനാവുന്നു നിനക്കെന്നെന്‍
മൗനം; എന്‍ മനസ്സേതു ചിന്തയില്‍ ഭാരം കൊള്‍വൂ!

പോകയായ് ബന്ധത്തിന്‍റെ ചങ്ങല, കൊടും നോവില്‍
നീറ്റുന്ന മമതകള്‍, വക്കാണം, പുകിലുകള്‍
കേവല നിമിഷത്തിനപ്പുറമായുസ്സറ്റു വീഴുന്നു
കുന്നായ്മയും കുശുമ്പും പ്രിയങ്ങളും.
തൊണ്ണൂറാണ്ടുകളുടെ ഭാരമൊക്കെയും താഴ്ത്തി
കര്‍മ്മപാശത്തിന്‍ കെട്ടു പൊട്ടിച്ച്, ജന്മത്തിന്‍റെ
പുണ്യപാപങ്ങള്‍ വിട്ട്, ശിശുവായ് പുലരുന്ന
പരിണാമത്തെച്ചൊല്ലി വേണമോ ഖേദം, തെല്ലും!

‘ആരു വന്നിരിക്കുന്നെന്നോര്‍ത്തു നോക്കിയേ’, മകള്‍
ഓര്‍മ്മയെത്തോറ്റാന്‍ വീണ്ടും വിഫലം ശ്രമിക്കവേ,
മറവിപ്പാറക്കെട്ടു തുറന്നതെന്നില്‍, വന്നു തുളുമ്പീ
കാക്കാരിശ്ശിപ്പാട്ടിനീരടിയൊന്ന്…

‘തുമ്പ ചൂടും പുരാനിമ്പമായ് പണ്ടൊരു
കൊമ്പനാനാവടിവാണ്ടു മോദാല്‍
അന്‍പിനൊടഥ കണ്ടുടനെ വന്‍പിടി പിമ്പിലായ്
തമ്പുരാട്ടീ ഗൗരി താനുമപ്പോള്‍..’

ദീപ്തമായെന്നോ കണ്‍കള്‍,വിറച്ചോ താങ്കള്‍
മെല്ലെത്താളമിട്ടെത്തേ, ദൃഢം വരികള്‍ തുടരവേ
പൈതൃകം കളവുപോയെങ്കിലും നാണം മറ-
ന്നുറക്കെപ്പാടാം ഞാനുമൊന്നിച്ചു, തന്നന്നാനാ…

‘തന്നന്ന താനന്നാ തന്നാനാ തനൈ
താനന്ന താനായി തന്നാനാ
തന്നന്നന താനന്നന തന്നാനാ തനൈ
താനന്ന താനായി തന്നാനാ..’

ഓര്‍മ്മ വിട്ടിടറുമെന്‍ വരികള്‍ പൂരിപ്പിച്ചു
താങ്കള്‍ മുന്നേറെ, ഞങ്ങള്‍ മൂവരും മറക്കുന്നൂ
വര്‍ത്തമാനത്തിന്നാധി വ്യഥകള്‍, കൈവിട്ടൊരു
കാലത്തിന്‍ താളം മാത്രമുള്ളിലും മുഴങ്ങുന്നൂ

ആരു താങ്കളെന്നെനിക്കുത്തരം കിട്ടീയിനി-
പ്പേരു നാളൊക്കെച്ചോദിച്ചോര്‍മ്മ ഞാനളക്കില്ല
ആരു ഞാനെന്നന്നറിഞ്ഞീടുവാന്‍ പാഴോര്‍മ്മകള്‍
മറവി വിഴുങ്ങുവാന്‍ കാത്തിരിക്കട്ടോ ഞാനും!

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like