പൂമുഖം LITERATUREകഥ മൂവാളംകുഴി

മൂവാളംകുഴി

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേ
പറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനും
തനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കും
ചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം..”

കണ്മഷിക്കണ്ണുകളിൽ തിളങ്ങുന്ന ക്രൗര്യവും, ചെഞ്ചായം കൊണ്ട് അലങ്കാരം കോറിവരച്ച വട്ടമുഖത്ത് അതിഗാംഭീര്യവും നിറച്ച് മൂവാളംകുഴിചാമുണ്ടി ‘ചെമ്പുചീള്‘ മുന്നിൽ കണ്ടത് പോലെ നാലു ദിക്കും നോക്കി അലറി വിളിച്ചു. തകർത്തടിക്കുന്ന ചെണ്ടമേളങ്ങളെയും, ചിതറിത്തെറിച്ച് മുഴങ്ങുന്ന വെടിക്കെട്ടൊച്ചകളെയും അതിജീവിച്ച് ഇടിമുഴക്കം പോലുള്ള ആ അലർച്ച അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.വട്ടക്കിരീടത്തിന്റെ ചുറ്റും അലങ്കരിച്ച് വെച്ചിരിക്കുന്ന വെള്ളിനാഗങ്ങളും,ഞാറ്റുവളയങ്ങളും, വെട്ടിച്ച് കുലുങ്ങുന്ന ശിരസിന്റെ താളത്തിനനുസരിച്ച് കിലുങ്ങിയാടി. കരിവെല്ലം വാറ്റിയെടുത്ത ‘കടുംറാക്കിന്റെ‘ ലഹരിയിൽ ബോധം നഷ്ടപ്പെട്ട് കൂവി വിളിക്കുന്ന ഭൂതഗണങ്ങളെ ഓടിച്ചിട്ട് തല്ലി പതം വരുത്തി ചാമുണ്ടി തന്റെ വട്ടമുടിച്ചാർത്തും വീശിക്കൊണ്ട് ആറങ്ങാടിതെരുവത്ത് മണ്ണിലങ്ങനെ നിറഞ്ഞാടി.

അന്നാണ് ഞാൻ അവരെ അവസാനമായി കണ്ടത്. തെരുവത്ത് ചാമുണ്ടിദൈവപ്പതിയുടെ മുൻവശത്തുള്ള വട്ടക്കിണറിന്റെ വെള്ളപൂശിയ മതിൽക്കെട്ടിനു മുകളിലേക്ക് കയ്യുയർത്തിയത് പോലെ രണ്ട് കോൺക്രീറ്റ് തൂണുകൾ. അവയ്ക്കിടയിലൂടെ കുറുകേ കടത്തിയ അലുമിനിയംകമ്പിയിൽ കെട്ടിച്ചത്തത് പോലെ ഒരു ഇരുമ്പുതൊട്ടി തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആ മതിൽക്കെട്ടിനോട് ചേർന്നുള്ള കൽഭിത്തിയിൽ, തനിക്ക് ഈ ലോകവുമായി യാതൊരുവിധ മാനസികബന്ധവുമില്ലെന്ന മട്ടിൽ ചാരി നിൽക്കുന്ന അവരെ കണ്ടപ്പോൾ ആ ജനനിബിഡതയിലായിട്ടും, കാണുന്നത് മൂന്നാല് വർഷങ്ങൾക്ക് ശേഷമായിട്ടും എനിക്ക് ആ മുഖം പെട്ടെന്ന് തന്നെ തിരിച്ചറിയാൻ പറ്റി.. പഴയതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും രൂപത്തിൽ സംഭവിച്ചിട്ടില്ല. മൂക്കിനും കവിളിനും മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉണക്കക്കുരുമുളക് ഒട്ടിപ്പിടിച്ചത് പോലുള്ള ആ കറുത്ത കുഞ്ഞുമറുകിന് ഇപ്പോൾ പഴയതിനേക്കാൾ കുറച്ച് കൂടി വലിപ്പം വെച്ചിട്ടുണ്ടെന്ന് തോന്നുന്നു. സ്റ്റീൽക്കമ്പി കൊണ്ട് ചുറ്റുമതിൽ കെട്ടിയിരുന്ന ദന്തനിരകളെ സ്വതന്ത്രമാക്കിയിട്ടുണ്ടെങ്കിലും ആ ചിരിയുടെ മനോഹാരിതക്ക് മുൻപത്തെ അത്ര ശോഭയില്ല. എന്നാലും ആ ചിരിക്കിടയിലുള്ള ആത്മാർത്ഥത കാലപ്പഴക്കം കൊണ്ട് അലിഞ്ഞ് പോയിട്ടില്ല. കൂർത്ത മൂക്കും, കുഴിഞ്ഞ കണ്ണുകളും എറിച്ച് നിൽക്കുന്ന ചെറിയ മുഖത്തിനെ ബാലൻസ് ചെയ്ത് നിർത്തിയിരിക്കുന്നത് ചെവിയിൽ തൂങ്ങിയാടുന്ന വളയക്കമ്മലുകളാണെന്ന് തോന്നും.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവരെന്റെ സീനിയറായിരുന്നു. സുജാ രാഘവൻ എന്നാണ് പേരു.. കൂട്ടുകാരൻ, ‘സുനി‘ എന്ന് വിളിക്കുന്ന സുനിൽകുമാറിന്റെ ‘ഒറ്റവരിപ്പാതാ‘ പ്രണയിനിയായിട്ടായിരുന്നു അന്നത്തെ നാമവിശേഷണം കേട്ടത്. സുനി തന്നെ പരിചയപ്പെടുത്തി തന്നതാണ്. സുനിയുടെയും സുജയുടെയും ആദ്യത്തെ അക്ഷരം “സു“ ആയത് കൊണ്ട് അവർ തമ്മിൽ ‘മുറ്റത്തിട്ട അത്തപ്പൂക്കളവും, അത് തുക്കിപ്പെറുക്കാൻ വരുന്ന പെടച്ചിക്കോഴിയും‘പോലെ ഒരപാര കോമ്പിനേഷനായിരുന്നുവത്രേ.. ആ അഭൂതപൂർവമായ കെമിസ്ട്രിയുടെ അനന്തരഫലം കൊണ്ടാണോന്നറിയില്ല സുനിയുടെ പ്രണയവും പ്രീഡിഗ്രീ റിസൽറ്റും ആ വർഷം കഴിഞ്ഞതോട് കൂടി തന്നെ “ശൂ“ ആയി പോയത്. അതെന്തെങ്കിലുമാവട്ടെ, സുജയെക്കുറിച്ചാണല്ലോ പറഞ്ഞ് വന്നത്, അത്ര എടുത്തു പറയാൻ മാത്രമുള്ള അഭൗമസൗന്ദര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവർക്കൊരു ശാലീനസൗന്ദര്യം ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ എടുത്ത് കാണിച്ച് തിരിച്ചറിയാവുന്ന തരത്തിലല്ലെങ്കിലും തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ മനസിൽ നിന്നും അത്ര പെട്ടെന്ന് എടുത്ത് കളയാനാവാത്ത ഒരു മുഖശ്രീ എന്നൊക്കെ പറയാം. അതെ, അത് കൊണ്ടാവണം ഞാൻ ആ മുഖം മറക്കാതിരുന്നത്.

ടൗണിലൂടെ ഉച്ചസൂര്യന്റെ കഠിനതാണ്ഡവത്തിനിടയിലും കർത്തവ്യം മറക്കാതെ കർമ്മനിരതനായി വായി നോക്കിയും,മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പൊട്ടിയടർന്ന് മഞ്ഞിച്ച ചുമരുകൾക്ക് മീതെ ഒട്ടിച്ച് വെച്ചിരിക്കുന്ന ഇക്കിളിസിനിമാ പോസ്റ്ററുകൾ നോക്കിക്കൊണ്ടും അലഞ്ഞ് തിരിയുന്നതിനിടയിലാണ്, എവിടെ നിന്നും പൊട്ടിവീണതാണെന്നറിയില്ല, എന്റെ മുന്നിലേക്ക് മോഹനേട്ടൻ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. എന്നിട്ട് ചോദിച്ചു.

“എന്താ പരിപാടികൾ?“

“പതിവു പരിപാടികൾ തന്നെ,കുറച്ച് സമയം ടൗണിലൂടെ അലഞ്ഞ്, ഇതിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന വണ്ടികളുടെ എണ്ണമെടുക്കണം,അതിനു ശേഷം ബസിൽ കേറി അതിൽ കേറുന്ന പെൺകുട്ടികൾ സ്ഥിരമായി ഇറങ്ങുന്ന സ്റ്റോപ്പിൽ തന്നെയാണോ ഇറങ്ങുന്നത് എന്ന് നിരീക്ഷിക്കണം.,അങ്ങനെ കുറച്ച് റൂട്ടീൻസ്..“

“അത് മനസിലായി,അതല്ല ചോദിച്ചത് വൈകിട്ടെന്താ പരിപാടീന്ന്, പ്രത്യേകിച്ചൊന്നുമില്ലെങ്കിൽ വാ, ഇവിടടുത്ത് ഞങ്ങടെ തറവാട്ടിൽ തെയ്യമുണ്ട്. കാണാൻ പോകാം..“

ചന്ദ്രികത്തുണ്ട് ചക്കരവാനത്തിന്റെ കിഴക്കേമൂലയിൽ ഉദിക്കുന്നതിനു മുമ്പേ വീട്ടിൽ എണ്ണം കൊടുത്ത് ശീലമൊന്നുമില്ലാത്തത് കൊണ്ട് വീട്ടിലെത്താൻ വൈകും എന്ന ആധിയൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചോദിച്ചു.

“മുണുങ്ങാനുള്ള വകുപ്പ് വല്ലതുമുണ്ടാകുമോ? സാഹിത്യാത്മകമായി മൊഴിഞ്ഞാൽ, ആമാശയം നഗ്നമാണ്..“

“അതിനുള്ള വകുപ്പൊക്കെ ഉണ്ടാക്കാം,,നടേശേട്ടൻ തെയ്യപ്പറമ്പിൽ ചായക്കട തുടങ്ങിയിട്ടുണ്ട്..അവിടുന്ന് എന്തേലും കഴിക്കാം,,,“

“അത് നല്ലതാ,,,പൈസ കൊടുക്കാതിരുന്നാൽ അളിയൻ പിടിച്ച് അരിയാട്ടാൻ നിർത്തൂലല്ലോ അല്ലേ..“

പോക്കറ്റിന്റെ അകത്തളങ്ങളിൽ കിലുങ്ങിക്കൊണ്ടിരുന്ന ചില്ലറത്തുട്ടുകൾ എല്ലാം കൂടി പെറുക്കിയെടുത്താൽ ‘സ്റ്റുഡന്റ് പാസ്‘ പൈസ കൊടുക്കാൻ തികയുമോ, അല്ല അയൽ സംസ്ഥാനങ്ങളിൽ നിന്നും കടമെടുക്കേണ്ടി വരുമോ എന്ന ആശങ്കയോടെ ഞാൻ ചോദിച്ചു.

“പേടിക്കണ്ടാ,അവിടെ ആവശ്യമുള്ള അരിയൊക്കെ ആടിക്കഴിഞ്ഞതാ. നീ തെയ്യം ആടുന്നത് നോക്കിയാ മതി.“

“എന്നാ പിന്നെ പോയേക്കാം,,“

മൂത്ത വെയിൽ താണു തുടങ്ങി അതിന്റെ വാർദ്ധക്യദശയിലെത്തുന്നതിനു മുമ്പ് തന്നെ ആലാമിപ്പള്ളി നാൽക്കവലയിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകുന്ന ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. ആറങ്ങാടിതെരുവത്ത്, ഇതിനു മുമ്പ് എന്റെ പാദാരവിന്ദങ്ങൾ അവിടെ സ്പർശിച്ചത് ‘ചാല്യപ്പൊറാട്ട്’ എന്ന കലാരൂപം അരങ്ങ് തകർക്കുന്ന ഏതോ ഒരു വൈകുന്നേരത്താണെന്ന് തോന്നുന്നു. ഇന്നവർക്ക് തെയ്യത്തിന്റെ ആഘോഷമാണ്. പുതിയോട്ട പച്ചക്കറിമാർക്കറ്റിൽ ശനിയാഴ്ച്ചച്ചന്തക്ക് വില പേശാൻ നിൽക്കുന്നവരേക്കാൾ വലിയ ജനസഹസ്രാരവം. സായാഹ്നവെയിലിൽ ചുവന്നു തുടുത്തും കരുവാളിച്ചും തിങ്ങിനിറഞ്ഞ വ്യത്യസ്തമുഖങ്ങളിലേക്കും തെയ്യച്ചുവപ്പ് കൂടി പകർന്ന് വെച്ചത് പോലെ കാണാം. തെയ്യപ്പറമ്പിലേക്ക് കൈകോർത്ത് വന്ന്, പിരിഞ്ഞ് പോയവരെ വീണ്ടും കണ്ട് കിട്ടാൻ മൈക്ക് പോയിന്റിനടുത്ത് നിന്ന് അനൗൺസ് ചെയ്യിക്കുന്ന പങ്കാളിമാരും,പങ്കാളന്മാരും ഒരു പങ്കുമില്ലാതെ അവരെ വായ് നോക്കി നിൽക്കുന്ന കുറേ പങ്കജാക്ഷന്മാരും. അല്ലെങ്കിലും ഉൽസവപ്പറമ്പിലെ ഗൂഗിൾ സേർച്ച്ബാറാണല്ലോ മൈക്ക് പോയിന്റുകൾ.

മൂവാളം കുഴി ചാമുണ്ടി. ആളിച്ചിരി മുറ്റാണ്. പണ്ടെങ്ങാണ്ട് ഏതോ ഇടവകയിലെ എടമനതന്ത്രി വെറുതേയിരുന്ന് ബോറടിച്ചപ്പോൾ കയ്യിലൊരു ചെമ്പ് പാത്രവുമെടുത്ത്, ഉറങ്ങിക്കിടന്നിരുന്ന ഈ ദേവ്യാരെ അതിലേക്ക് ആവാഹിച്ച് പാത്രത്തിന്റെ വായിലേക്ക് കുറേ തുണിയും തിരുകിക്കയറ്റി നിറച്ചടച്ച് വെച്ച് മൂന്നാൾ താഴ്ച്ചയിൽ കുഴിച്ചിട്ടുവത്രേ. ഇയാൾക്കൊക്കെ തന്ത്രിപ്പണി നിർത്തി വല്ല കിണറിന്റെ പണിക്കും പോയ്ക്കൂടായിരുന്നോന്നാ. എന്തായാലും ഉറക്കമുണർന്ന ദേവ്യാർ നോക്കിയപ്പോൾ കട്ടിലിൽ മൂടിപ്പുതച്ചുറങ്ങിയിരുന്ന തന്നെ ആരോ ചെമ്പ്പാത്രത്തിൽ കേറ്റി പാതാളത്തിലേക്കയച്ചിരിക്കുന്നതായി കണ്ടു. കോപാക്രാന്തയായി ഇരുട്ടത്തിരുന്ന് അലറിവിളിച്ച് തന്നെ ഇവിടെക്കയച്ചവന്റെ നെഞ്ച് തല്ലിപ്പൊളിച്ച് അതിൽ മസാലകൂട്ട് കേറ്റി തന്തൂരിയാക്കിയെടുക്കുമെന്ന് നെഞ്ചത്തടിച്ച് ശപഥം ചെയ്തു. അതിനു ശേഷം കുടവും തകർത്ത് മൂന്നാൾത്താഴ്ച്ചയിൽ നിന്നും മുകളിലോട്ട് ഉയർന്നു വന്നുവെന്നും അത് കൊണ്ടാണ് മൂവാളംകുഴി ചാമുണ്ടി എന്ന പേരു വന്നതെന്നുമാണത്രേ ഐതിഹ്യം. അതിനു ശേഷമാണ് ചെമ്പിന്റെ അംശം എവിടെക്കണ്ടാലും ദേവിക്ക് ഹാലിളകുന്നത്. വേഷം കെട്ടി കളി തുടങ്ങിക്കഴിഞ്ഞാൽ പിന്നെ താൻ പോകുന്ന വഴിയിലൊക്കെ നൂറ്റിനാൽപ്പത്തിനാല് പാസാക്കും, വഴിയിൽ അനാവശ്യമായി കൂട്ടം കൂടി നിൽക്കുകയും, ബഹളമുണ്ടാക്കുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെക്കണ്ടാൽ തന്റെ കയ്യിലുള്ള ലാത്തി കൊണ്ട് അന്യായ അടിയാണ്. പെറ്റ തള്ളയോ പെറീപ്പിച്ച തന്തയോ പൊറുക്കില്ല, അജ്ജാതി അടി. കാര്യം എന്തോ ആവട്ടെ പുള്ളിക്കാരി പൊതുവേ ഭയങ്കര കലിപ്പത്തിയാണെങ്കിലും തെരുവത്ത് ഭക്തജനങ്ങളുടെ കൺകണ്ട ദൈവമാണ്.

മരപ്പീഠത്തിനു മുകളിൽ അമർന്നിരുന്ന് കൊണ്ട് പിച്ചളക്കിണ്ടിവാലിലൂടെ ഊർന്നുവീഴുന്ന വെള്ളം നാലഞ്ചിറക്ക് കുടിച്ച് ദാഹമകറ്റി ദൈവം, തലമൂത്ത കാരണവരെ അരികിലേക്ക് വിളിക്കും.

“അന്നപൂർണ്ണേശ്വരിയായിരിക്കുന്ന ആ മാതാവ് അഖിലേശ്വരിയായിട്ട്, ആത്മാവിങ്കലായിരിക്കുന്ന ആ ചൈതന്യത്തെ പ്രത്യക്ഷീകരിച്ച് കാണുന്ന കലികാലം, ഇതിനകത്ത് പോരറിഞ്ഞ് കളിപ്പാൻ വെച്ചിരിക്കുന്നതായ ആ കരു തന്നെയാണല്ലോ, അല്ലേ നകരേ, ഭാരതയുദ്ധത്തിൽ അർജ്ജുനന് കൃഷ്ണഭഗവാൻ തേരാളിയായത് പോലെ ജീവിതമെന്നിരിക്കുന്നതായ ആ യുദ്ധത്തില് തേരാളിയായിട്ട് മാതാവുണ്ടാകണം എന്ന് പ്രാർത്ഥിച്ചോ കേട്ടോ, എന്റെ കുഞ്ഞികുട്ടികിടാങ്ങൾക്ക് ഒരു നേരം പോലും വട്ടിവെശക്കാതിരിക്കാനുള്ള ഭാഗ്യം ഉണ്ടാക്കിക്കൊടുക്കാം കേട്ടോ ഈ മാതാവ്. അൽപ്പമൊരു കാലം തറവാട്ടിൽ വന്ന് വിശ്രമിച്ച് വസിക്കുമ്പോൾ എന്താ മാതാവിന് വേണ്ടത്, ഒരു തുടം ക്ഷീരം മാത്രം തന്നാൽ മതി, കേട്ടോ..“

പച്ചവാഴയിലക്കീറിൽ മഞ്ഞൾപ്പൊടിക്കുറി വെള്ളപ്പൊടിയരിയും വിതറി തന്റെ പച്ചോല മെടഞ്ഞിട്ടലങ്കരിച്ച കൈയിൽ വെച്ച് നീട്ടിക്കൊണ്ട് ചാമുണ്ഡിയമ്മ കയ്യയച്ചനുഗ്രഹിക്കും.

**********

നടേശേട്ടന്റെ ചായക്കടയിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നുവെങ്കിലും എത്തിയ ഉടനെ ഞങ്ങളെ അങ്ങേർ സ്വീകരിച്ചിരുത്തി. ഒരു മനുഷ്യന്റെ വിധി നോക്കണേ, അളിയനെ മാത്രം തീറ്റിച്ചാൽ പോര, കൂടെ വരുന്നവന്മാരെയും തീറ്റിക്കണം..!!

അവിടുത്തെ തിരക്ക് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് രാമന്റെ ചായക്കടയാണ് ഓർമ്മ വന്നത്. ഹൈപ്പർടെൻഷൻ ബാധിച്ചവരുടെ ഹൃദയം പോലെ പടപടാ മിടിച്ച് പുക തുപ്പുന്ന ജനറേറ്റർ സ്ഥാപിച്ച ബേളൂരമ്പലത്തിലെ ഉൽസവപ്പറമ്പിൽ രാമൻ ഒരു തട്ടിക്കൂട്ട് തട്ടുകട തുടങ്ങി. സ്വന്തമായി നിർമ്മിച്ചെടുത്ത മസാലവാട്ടർ ഒരു ക്വാർട്ടർ മനുഷ്യപ്പൊക്കത്തിലുള്ള അണ്ടാവിലേക്ക് കമിഴ്ത്തി അതിലേക്ക് വെട്ടിയരിഞ്ഞ എട്ടു പത്ത് മത്തിക്കഷണങ്ങളെ നീന്താൻ വിട്ട്,രാമൻ സ്വയം അതിനെ ‘മീൻകറി‘ എന്ന് നാമധേയം ചെയ്തു. കടിയായിട്ട്, വൈകിട്ട് ബാക്കി വന്ന ഒരു ലോഡ് ദോശകൾ ലോക്കൽറെസ്റ്റോറന്റുകളിൽ നിന്നും തന്റെ ടെമ്പററി അടുക്കളയിലേക്ക് ഇമ്പോർട്ട് ചെയ്തു., അടിച്ച് ബുൾസൈ ആക്കിക്കൊടുക്കാൻ കുറേ ചൈനാകോഴിമുട്ടകളും. മോശം പറയരുതല്ലോ, കച്ചവടം അതിഭീകരമായിരുന്നു. കടയിൽ, നിന്ന് തിരിയാൻ പറ്റാത്തത്ര തിരക്കും ബഹളവും. രാമന്റെ കണ്ണിൽ നിന്നും വായിൽ നിന്നും അടക്കി വെക്കാൻ പറ്റാത്ത രീതിയിൽ സന്തോഷം ഇരച്ച് പുറത്ത് ചാടി. എന്നാൽ അകത്ത് കൂടിയ ആൾക്കാരുടെ ശതമാനത്തിന്റെ ഏഴയലത്ത് പോലും പെട്ടിയിൽ വീഴുന്ന കാശ് അടുക്കുന്നില്ല എന്നത് രാമൻ മനസിലാക്കിയത്, കൊണ്ട് വെച്ച സാധനങ്ങളുടെ സ്റ്റോക്ക് തീരാറായപ്പോഴാണ്. അപ്പോൾ തന്നെ, താൻ തന്നെ ചെയർമാനായി ഒരു ഏകാംഗകമ്മീഷനെ ഏർപ്പാടാക്കി രാമൻ അതിനെ കുറിച്ച് ഒരു അന്വേഷണം നടത്തി. കാരണം മറ്റൊന്നുമായിരുന്നില്ല, തന്റെ തട്ടുകടസ്ഥാപനത്തിൽ നിന്നും കൈ കഴുകാനുള്ള പാത്രവും, ടാപ്പും സെറ്റ് ചെയ്ത സ്ഥലം അരക്കിലോമീറ്റർ അകലെ വെളിച്ചം കുറഞ്ഞ ഒരു പ്രത്യേകഭൂമിശാസ്ത്രമേഖലയിലായിരുന്നു. അകത്തിരുന്ന് അതിവിശാലമായി തട്ടിയിട്ട് പുറത്തിറങ്ങുന്ന ആൾക്കാർ ഒരു നീണ്ട യാത്ര ചെയ്ത് കൈ കഴുകുന്ന കർമ്മം നിർവഹിച്ച് ആ വഴിയങ്ങ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. തന്റെ റെസ്റ്റോറന്റ് ബിസിനസ് സാമ്രാജ്യമാനേജ്മെന്റിലെ അതീവപ്രാഗത്ഭ്യവും, പ്രാവീണ്യവുമോർത്ത് രാമൻ ഭക്തിയോടെ ക്ഷേത്രനടയിലേക്ക് നോക്കി. അതിനു ശേഷം നിറകണ്ണുകളോടെ തന്റെകച്ചവട സ്ഥാവരജംഗമവസ്തുക്കളും മടക്കിക്കെട്ടി അയാൾ ബിസിനസ്മേഖലയിൽ നിന്നും തന്നെ പടിയിറങ്ങി. നടേശേട്ടൻ പക്ഷേ അത്ര അകലെയല്ലാതെയാണ് വാഷിങ്ങ് സിസ്റ്റം സ്ഥാപിച്ചിരുന്നത് എന്ന് മാത്രമല്ല, പുറത്ത് രണ്ട് ശിങ്കിടികളെ സെക്യൂരിറ്റിയായി നിർത്തിയിട്ടുമുണ്ടായിരുന്നു.

അളിയന്റെ കൂടെ വന്നവന് ആതിഥ്യമര്യാദ ഉരുട്ടിയൂട്ടുന്നതിൽ നടേശേട്ടൻ യാതൊരു പിശുക്കും കച്ചവടബുദ്ധിയും കാണിച്ചില്ല. അത് കൊണ്ട് തന്നെ അവിടുന്നും എഴുന്നേറ്റപ്പോഴേക്കും പാണ്ടിക്കലത്തിൽ കണ്ണൻ ചിരട്ടയിട്ടുരച്ചത് പോലെ ഒരപശബ്ദം ‘ഏമ്പക്കം‘ എന്ന ഓമനപ്പേരിൽ തൊണ്ടക്കുള്ളിൽ നിന്നും ഉത്ഭവിച്ച് അനേകം കൈവഴികളിലൂടെയായി ഒഴുകിവന്ന് വായിലൂടെയും, മൂക്കിലൂടെയും ഇച്ചിരി ചെവിയിലൂടെയും, എന്നിൽ നിന്നും പുറത്തേക്ക് ചാടി…ആശ്വാസം, ശ്വാസം കേറാനുള്ള ഇച്ചിരി ഗ്യാപ്പ് വയറിന്റെ അകത്തളങ്ങളിൽ ഞെരുങ്ങിക്കൂടി ടവ്വൽ വിരിച്ച് സീറ്റ് ബുക്ക് ചെയ്ത് പുറത്തേക്ക് കറങ്ങാൻ പോയി.

ചെണ്ടമേളവും, വെടിക്കെട്ടും, കൂട്ടയോട്ടവും, കൂവിവിളിയും,തെയ്യം ആട്ടവും ചുറ്റുവട്ടങ്ങളെ കൂടുതൽ ശബ്ദമുഖരിതമാക്കി.കുറേ സമയങ്ങൾക്ക് ശേഷം വലിയ ബഹളങ്ങളൊതുങ്ങി കുറേ ആൾക്കാർ ചന്തക്കൂട്ടങ്ങളിലൂടെ തെണ്ടിത്തിരിഞ്ഞ് ഷോപ്പിങ്ങിനിറങ്ങി, ബാക്കി കുറേ പേർ ദൈവരൂപത്തിന്റെയടുത്ത് ഇന്റേർണൽ ആൻഡ് ഡൊമസ്റ്റിക് കമ്പ്ലെയിന്റ്സും, പ്രാരാബ്ധപ്പട്ടികകളും താങ്ങി കൂട്ടക്കരച്ചിലുകളോടെ ചില്ലറനോട്ടുകളും ചുരുട്ടിപ്പിടിച്ച്, തൊഴുത് അനുഗ്രഹം വാങ്ങിക്കുവാൻ തടിച്ച് കൂടി.

തിരക്കും ബഹളവും കുറഞ്ഞപ്പോൾ ഞാൻ സുജയുടെ അടുത്തേക്ക് നടന്ന് ചെന്ന് ചോദിച്ചു.

“അറിയാമോ? ഓർമ്മയുണ്ടോ?“

“പിന്നില്ലാതെ, മറവി ബാധിക്കേണ്ട പ്രായമൊന്നും ആയിട്ടില്ലെടോ, ഇച്ചിരി അവശതയുണ്ടെങ്കിലും.“

“എന്ത് ചെയ്യുന്നു ഇപ്പോ?“

“ടൗണിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സായിട്ട് പോകുന്നുണ്ട്.“

അവർ ക്ഷീണാവരണമണിഞ്ഞ ഒരു ചിരി മുഖത്ത് പൂശിക്കൊണ്ട് എന്നോട് പറഞ്ഞു. ഞാൻ പക്ഷേ ഉള്ളിൽ തോന്നിയ സംശയം മറച്ച് വെച്ചില്ല.

“പ്രീഡിഗ്രി കൊമേഴ്സ് പഠിച്ചതിനു ശേഷം നഴ്സിങ്ങ്?“

“ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള ചെറിയൊരു വഴി തുറന്ന് കിട്ടുമ്പോൾ, ആരെങ്കിലും പഠിച്ചതേ പാടൂ എന്ന് നിർബന്ധം പിടിക്കുമോ?“

ഞാൻ ഉത്തരത്തിന്റെ തുടർച്ചയുമായി ബന്ധമില്ലാത്ത ഒരു മറുചോദ്യം ചോദിച്ചു.

“കുടുംബപ്രാരാബ്ധാദികളും മറ്റും..?“

“ഹാ, അതൊക്കെ മുട്ടൻ കോമഡിയാ, ഒരു മോളുണ്ട് എന്റെ കൂടെത്തന്നെയാ. കുറച്ച് ശ്വാസംമുട്ടും, അതിനേക്കാൾ കടുപ്പം കൂടിയ കുറച്ചസുഖങ്ങളും സ്വന്തം സമ്പാദ്യമായുള്ളത് കൊണ്ട് ഭർത്താവിന് എന്നെ താങ്ങാൻ പറ്റുന്നില്ല, അത് കൊണ്ട് എന്നെ എന്റെ വഴിക്കങ്ങ് പറഞ്ഞ് വിട്ടു. ഇപ്പോ ഞാനും മോളും മാത്രം.”

വീണ്ടും വിഷാദപ്പൊറ്റ കെട്ടിയ ഒരു പുഞ്ചിരി അവർ എനിക്ക് നേരെ നീട്ടി. മനസിനകത്തെ ആശ്വാസമില്ലായ്മ്മ അവരുടെ ശ്വാസോച്ഛ്വാസത്തിന് തടസം വരുത്തി കിതക്കുന്നത് പോലെ എനിക്ക് തോന്നി. കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കണ്ടാ എന്ന് ചിന്തിച്ച് ഞാൻ മൗനം പൂണ്ട് നിന്നു. അപ്പോൾ അവർ തുടർന്നു.

“ഞാൻ പൊതുവേ അങ്ങനെ പുറത്ത് പരിപാടികൾക്കും,ആഘോഷങ്ങൾക്കുമൊന്നും ഇറങ്ങാത്തതാണ്, ഇത് പിന്നെ തൊട്ടടുത്തായത് കൊണ്ട് വന്നു. അത് കൊണ്ട് നിന്നെ കാണാൻ പറ്റി, സന്തോഷം കേട്ടോ. തൊഴുതിട്ട് ഉടനെ മടങ്ങും.”

ഒന്നും മിണ്ടാതെ ഞാൻ അവരെ തന്നെ നോക്കിക്കൊണ്ട് കുറച്ച് നേരം നിന്നു. തൊഴുകൈകളോടെ വിറപൂണ്ട് നിൽക്കുന്ന അവശഭക്തരുടെ ദൈന്യനയനങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങിക്കൊണ്ട് ചാമുണ്ടിയമ്മ ഗാംഭീര്യശബ്ദത്തിൽ മൊഴിയുന്നത് അവിടെ അലയടിച്ച് കേൾക്കാമായിരുന്നു.

“മുജ്ജ്ന്മത്തിൽ മഹാബലിയുടെ പുത്രിയായിരുന്ന രത്നമാല വാമനമൂർത്തിയായിരിക്കുന്ന ആ മഹാവിഷ്ണുവിനെ കണ്ട് ഒന്ന് സ്തന്യപാനം ചെയ്യിക്കുവാൻ കൊതിച്ചിരുന്നു, അല്ലേ. യുഗങ്ങൾ പിന്നെയും കാത്തിരുന്ന് പൂതനയായി ജനിക്കേണ്ടി വന്നു രത്നമാലക്ക്, ഭഗവാനെ ഒന്ന് സ്തന്യപാനം ചെയ്യിച്ച് മോക്ഷപ്രാപ്തിയിലെത്തിക്കാൻ. കൊല്ലത്തോട് കൊല്ലം തികയുന്ന കാലത്തിങ്കൽ സാമീപ്യം, സാലോക്യം, സാരൂപ്യം, സായൂജ്യം അങ്ങനെയങ്ങനെ കൊതിച്ചതെല്ലാം കൈവന്ന് മാതാവിന്റെ അടുക്കൽ എത്തുന്നതല്ലേ നകരേ മാലോകരുടെ ജീവിതലക്ഷ്യം,തറവാടാധാരമായിരിക്കുന്ന ഈ ഭൂമിയിങ്കൽ എന്റെ മക്കളെ നന്നായി വരാൻ കയ്യെടുത്ത് അനുഗ്രഹിക്കുന്നുണ്ട് കേട്ടോ മാതാവ്..“

സന്ധ്യ മയങ്ങിയിരുന്നു. ആകാശവിശാലതയിൽ അങ്ങിങ്ങായി പടർന്നിരുന്ന ചുവന്ന മേഘങ്ങളുടെ അരണ്ട തിളക്കം ചുറ്റുവട്ടത്തുള്ള കെട്ടിടങ്ങളുടെ പുറംചുവരുകളിൽ തട്ടി പ്രതിഫലിച്ചു. തെയ്യപ്പുരയുടെ ഭിത്തിയിൽ പാകിയിരിക്കുന്ന കൽവിളക്കുകളിലേക്ക് കൂടി ആ ചുവപ്പ് പടർന്നത് പോലെ തിരിവെളിച്ചങ്ങൾ നിരനിരയായി തെളിഞ്ഞ് നിന്നു. അൽപ്പനേരം കൂടി ഞാൻ അവിടെ നിന്ന് അവരോട് സംസാരിച്ചു., അതിനു ശേഷം അവിടെ നിന്നും യാത്ര പറഞ്ഞ് വരുമ്പോൾ ഞാൻ വെറുതേ ഒന്നു കൂടി അങ്ങോട്ട് തിരിഞ്ഞ് നോക്കി. അപ്പൊഴേക്കും നിലവിളക്കുകളും നിറവിളക്കുകളും കൊണ്ട് പ്രഭാപൂരിതമായ അന്തരീക്ഷത്തിലെ ആൾക്കൂട്ടത്തിരക്കിനിടയിലേക്ക് ആ രൂപം അലിഞ്ഞു ചേർന്നിരുന്നു.

**********

സാമീപ്യം, സാലോക്യം, സാരൂപ്യം, സായൂജ്യം, ജീവിതഘട്ടങ്ങളെയും താങ്ങിക്കൊണ്ട് കാലം അതിന്റെ സഞ്ചാരം വേഗതയൊട്ടും കുറക്കാതെ തന്നെ തുടർന്ന് കൊണ്ടിരുന്നു. വർഷങ്ങൾ പത്ത് പന്ത്രണ്ട് കഴിഞ്ഞു.കഴിഞ്ഞ ദിവസം പ്രീഡിഗ്രീ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു ആദരാഞ്ജലി പോസ്റ്റിൽ രണ്ട് റോസാപ്പൂവിന്റെ ചിത്രങ്ങളുടെ നടുവിൽ കണ്ട മുഖം പെട്ടെന്ന് ഉള്ളിലേക്ക് തറച്ച് കയറി. അധികമൊന്നും ഗ്രൂപ്പ് ചാറ്റുകളിൽ സജീവമാകാതെ ഒന്നോടിച്ച് വിട്ട് നോക്കി പോകുന്ന എനിക്ക് ആ മുഖം കണ്ടപ്പോൾ പെട്ടെന്നങ്ങനെ ഇറങ്ങിപ്പോരാൻ തോന്നിയില്ല. അതെ, എനിക്കറിയാവുന്ന അതേ മുഖം തന്നെയാണ്. അടിയിൽ എഴുതി വെച്ചിരിക്കുന്ന നാട്ടുവാർത്താ ലിങ്കിനോടൊപ്പമുള്ള കുറിപ്പ് കൂടി വായിച്ച് നോക്കി.

“സുജാ രാഘവൻ നിര്യാതയായി, 34 വയസായിരുന്നു. കാഞ്ഞങ്ങാട് പ്രൈവറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്നു. ശ്വാസതടസവും, ഹൃദയസംബന്ധവുമായ അസുഖങ്ങളുമായി കുറച്ച് കാലം ചികിൽസയിലുണ്ടായിരുന്നു.“

നിർവികാരമായി ആ വാർത്തയിലൂടെ കണ്ണോടിച്ചപ്പോൾ അന്നവർ പറഞ്ഞത് പെട്ടെന്ന് ഓർമ്മ വന്നു. “മറവി ബാധിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെടോ!!“,
ശരിയാണ്, മറവി ബാധിക്കാനുള്ള പ്രായമാവുന്നതിനു മുമ്പ് തന്നെ മരണം വന്ന് കൊണ്ട് പോയിയത്രേ.

**********

ഇടക്കൊരു രാത്രിയിലെ എന്റെ ഗാഢനിദ്രാസ്വപ്നത്തിൽ മൂവാളംകുഴി ചാമുണ്ടി ഉറഞ്ഞ് തുള്ളി. കണ്ണുകൾ അസാമാന്യമാം വിധം ചുവന്ന് കലങ്ങിയിരുന്നു. ചായം പൂശിയ കുചങ്ങളിൽ നിന്നും കറുത്ത ഞെട്ടുകളിലൂടെ ചോരയിറ്റു വീഴുന്നുണ്ടായിരുന്നു. കൂർത്ത മൂക്കിന്റെയറ്റത്ത് പൊടിഞ്ഞ വിയർപ്പുമണികൾ കിരീടത്തിൽ ചൂടിയ വെള്ളിനാഗങ്ങളെക്കാൾ തിളങ്ങി വിളങ്ങി. വരണ്ട ചുണ്ടുകളിലേക്ക് ക്ഷീരം പകർന്ന് തണുപ്പിക്കാനടുത്ത കൈക്കാരനെ ഇടംകൈ കൊണ്ട് തട്ടി മാറ്റി ആരെയോ നോക്കി ആ ‘തോറ്റംപാട്ട്’ ഉറക്കെയുറക്കെച്ചൊല്ലുന്നുണ്ടായിരുന്നു. വാസ്തവം, ചാമുണ്ഡിയുടെ മുഖവും, സുജയുടെ മുഖവും ഒന്ന് തന്നെയായിരുന്നു.

“പറക്കും പക്ഷികൾ കൂടകന്ന് പുലർകാലേ
പറക്കും പോലെ ദേഹമൊഴിഞ്ഞ് ജീവൻ താനും
തനിക്ക് ചേരും കൂട്ടിലടങ്ങും,അവിടുന്നും പറക്കും
ചിരകാലം ഒരു കൂട്ടിൽ തന്നെ ഇരുന്നുവെന്നും വരാം.”

കൂട്ടിൽ നിന്നും പക്ഷികൾ പറന്നകലുന്നത് പോലെ ദേഹം വിട്ട് ജീവനും പെട്ടെന്ന് ഒരു ദിവസമങ്ങ് പറന്ന് പോകാം.

അരികിൽ നിന്നും ഒരു തേങ്ങലൊതുക്കിയ പോലുള്ള ചിരിയൊച്ച അടക്കിപ്പിടിച്ച് ഒഴുകി വന്നു. അനങ്ങാനാവതെ കിടന്നിരുന്ന എന്റെ ഞരക്കങ്ങൾക്ക് മുകളിലൂടെ അത് പടർന്ന് നീങ്ങി. അടക്കപ്പെട്ട ‘മൂവാളംകുഴിയിൽ‘ നിന്നും ആരെയും കൂസാത്ത ആ ചിരി മാത്രം ഒരു ചെമ്പുകുടവും തകർത്ത് ഉയിർത്തെഴുന്നേറ്റ് പൊങ്ങി വന്നു…

വര – ഉമേഷ്‌ അടുക്കാടുക്കം

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like