പൂമുഖം LITERATUREകവിത ഉപേക്ഷിക്കപ്പെടുന്നവർ

ഉപേക്ഷിക്കപ്പെടുന്നവർ

പെരുവഴിയവസാനിക്കുന്നിടം
ഉപേക്ഷിക്കപ്പെടുന്നവരെ വിഴുങ്ങുന്ന
ഒരുവീടാണ്

നിലവിളികൾ കുടിച്ചുതീർത്ത
കൂറ്റൻ മതിലുകൾ
വഴിമറന്ന മെതിയടികളിൽ
അമർത്തപ്പെടുന്ന
ശലഭക്കാഴ്‌ചകൾ

കത്തിത്തിർന്ന പകലവസാനം
നക്ഷത്ര വെളിച്ചമൂറ്റാൻ വെമ്പുന്ന
കണ്ണുകെട്ടിയോരിരുൂട്ട്

വാതിലില്ലാ അറകളിൽ
തുരുമ്പെടുക്കുന്ന മൗനം
ഒതുക്കപ്പെടുന്ന
ഉടലിൻ്റെ പിടയ്ക്കലുകൾ

അടുക്കിപ്പിടിക്കുന്ന നിശ്വാസങ്ങളിൽ
തളർന്നുറങ്ങും ആശകൾ
സ്വേദകണങ്ങൾക്കും അറിയാനാകാത്ത
ജലമർമ്മരങ്ങൾ

വേവുകൊണ്ടുള്ള പുതപ്പിനാൽ
മറയ്ക്കപ്പെടുന്ന സ്വപ്നങ്ങളിൽ
നിറയെ നിറയെ വാവലുകളുടെ
ചിറകൊച്ചകൾ

ഇതെല്ലാം നിറഞ്ഞതാണ്
പെരു വഴികൾക്കപ്പുറത്തേക്ക്നി നീളുന്ന വീട്
വിട പറയലുകളില്ലാത്തയാത്രയിൽ
ചിലർ ഉപേക്ഷിക്കപ്പെടുന്നിടം

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like