പൂമുഖം LITERATUREകവിത കിളിക്കൂടുകൾ

കിളിക്കൂടുകൾ

പിടിപെട്ടു പോയാൽ
വിടാനിടയാവാ –
തദൃശ്യം കരങ്ങൾ
മുറുക്കുന്ന കൊണ്ട്

കൊറോണാ !, വിവാഹം
കഴിക്കുന്ന പോലെ
വിധി ജീവപര്യന്ത
മാകുന്ന പോലെ..!

മുഖംമൂടി വെച്ച്
നടന്നാൽ ചിലപ്പോൾ
പിടിക്കപ്പെടാതെ
ഇരിക്കാമെന്നാലും

പിടിച്ചാൽ പുറത്തൊ –
ന്നിറങ്ങാനാവാതെ..
ശരിക്കൊന്നു ശ്വാസം
കഴിക്കാനാവാതെ

അടച്ചിട്ടൊരേട-
ത്തിരിക്കുമ്പൊഴൊക്കെ
പ്രതിഭേദമില്ലാ –
തൊരു പോലെ രണ്ടും ..!

മഹാ വിപിനത്തിന്റെ
മദ്ധ്യത്തിലേയ്ക്ക്
കിനാക്കണ്ടുണർന്ന്
നിരാശപ്പെട്ടിരുന്ന്

മുറിപ്പാടു നക്കി
കെണിയിൽ കിടന്നും
ചുരമാന്തിടും
വന്യജന്തുവാകുന്നൂ…!

പുറംലോകമപ്പോൾ
വഴിപോക്കനെ പോൽ
തിരിഞ്ഞൊന്നു നോക്കി
കടന്നു പോകുന്നൂ

കിളി, കൂട്ടിനുള്ളിൽ
കിടക്കുമ്പോൾ, വാനം
എവിടേയ്ക്കോ മാടി
വിളിക്കുന്ന പോലെ…!

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments

You may also like