നാഴികമണിയുടെ
ഹൃദയത്തുടിപ്പുകളിൽ
കോർത്തുവച്ചിരിക്കുകയാണ്
നിന്നെ..
ക്ലിപ്തമായ ഇടവേളകളിൽ
കാലങ്ങളിൽ , നേരങ്ങളിൽ
ഉണർത്തു പാട്ടായും
പ്രണയമായും , വിരഹമായും
കൊഞ്ചലായും, പരിഭവമായും
പിന്നൊരു
നേർത്ത നിലവിളിയായും
എത്രയോ ഭാവങ്ങൾ
പകർന്നാടുകയാണ്
നീ!
നിന്നിലേക്കുള്ള ദൂരത്തെ
കാത്തിരിപ്പെന്ന
ഓമനപ്പേരിട്ട് അളക്കുവാൻ
ശ്രമിക്കുമ്പോൾ
അളവുകൾക്കും അതീതമാണീ_
ദൂരമെന്നു
ചെറുചിരിയോടെ
നീ !
ഇടനെഞ്ചിലെ തുടിതാളവും,
ശ്വാസവേഗങ്ങളും
നിന്നിലേക്കുള്ള യാത്രയുടെ
ആക്കം കൂട്ടുമ്പോൾ,
ബലിഷ്ഠമായ കരങ്ങളുടെ
ആലിംഗനത്തിൽ
മയങ്ങിപോകുന്നു കണ്ണുകൾ.
നിന്‍റെ അധരങ്ങൾ; എന്നിലെ
മൌനത്തെ ചുംബിച്ച്
സ്വതന്ത്രമാക്കുമ്പോൾ ;
നിന്നിലേക്കു വന്നടിഞ്ഞു
ചേരുന്നു
ഞാൻ
മറ്റാർക്കും കാണുവാനാകാത്ത
സീമന്ത രേഖയിലെ സിന്ദൂരവും,
മാംഗല്യ സൂത്രവും
എന്നെ ജയിച്ച
നിൻറെ അടയാളങ്ങളാകുമ്പോൾ
പ്രണയത്തിൻറെ ,
കാത്തിരുപ്പിൻറെ
ഘടികാരസൂചികൾ
ഒത്തുചേർന്ന് മുഴക്കുന്നു
കാത്തിരുപ്പിൻറെ താളം!
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്