പൂമുഖം LITERATUREകഥ അഹിലാവതി

കാർത്തിക മാസത്തിലെ വെളുത്ത ത്രയോദശി; അങ്ങനെ സമയം കുറിയ്ക്കപ്പെട്ടു.

കൗരവരിൽ മൂത്തവനായ സുയോധനന്റെ ആവശ്യപ്രകാരം പാണ്ഡവരിൽ ഇളയവനായ സഹദേവൻ കുരുക്ഷേത്രയുദ്ധം തുടങ്ങുവാനുള്ള സമയം കുറിച്ചിരിക്കുന്നു.

സർവ്വനാശത്തിന്റെ ഞാണൊലി മുഴങ്ങും മുൻപ് ദൃഷദ്വതിയും സരസ്വതിയും ഒഴുകുന്ന മണ്ണൊന്ന് കാണണം. ഗാന്ധാരത്തിലേക്ക് ദൂത് അയച്ചിട്ടുണ്ട്, വൈഹിന്ദിലെ സ്ത്രീകളുടെ കണ്ണുനീരണിഞ്ഞ കാത്തിരിപ്പിന് വിരാമമാകുന്നു.

പടനിലം ഒരുങ്ങിക്കഴിഞ്ഞു, യഥാവിധി പൂജകളും ബലികളും നടക്കുന്നു.

പതിനൊന്ന് അക്ഷൗഹിണികളുടെ നായകനായി ഭീഷ്മർ ചുമതലയേറ്റു കഴിഞ്ഞു. ശിബിരത്തിൽ ഉലൂകനും ബലകനും ആവേശത്തിലാണ്, പകിടയുമായി വന്ന ഗാന്ധാരപതി ലക്ഷ്യം നേടിയിരിക്കുന്നു.

വൈഹിന്ദിലെ പ്രജകൾ ആയുധമെടുക്കാതെ തന്നെ കുരുവംശത്തെ തോൽപ്പിച്ചിരിക്കുന്നു. സുബലന്റെ പരമ്പരയെ വംശഹത്യ ചെയ്ത കുരുടന്റെ സന്തതിപരമ്പരകൾ സർവ്വനാശത്തിലേക്ക് നടന്നടുക്കുമ്പോൾ സൗബലൻ വിശ്രമിക്കുന്നതെങ്ങനെ.

കുരുക്ഷത്രം മുഴുവൻ കാണണം, ദൃഷദ്വതിയുടെയും സരസ്വതിയുടെയും കരയിലെ മണ്ണിൽ ചോരയും കബന്ധങ്ങളും വീഴും മുൻപ് ആ നദീതടങ്ങളിലൂടെ ഒരിക്കൽ കൂടി നടക്കണം.

‘ബലകാ’..

ശബ്ദം കേട്ട ബലകൻ ശിബിരത്തിൽ നിന്നുമിറങ്ങി വന്നു.

‘പ്രഭോ’..

‘രണൻ’..

ഗാന്ധാരനരേശൻ ശകുനിയുടെ മനസ്സറിയുന്ന കാവൽക്കാരൻ നിമിഷങ്ങൾക്കുള്ളിൽ കുതിരയുമായെത്തി. ഗാന്ധാര മഹാരാജാവിനെ പുറത്തേറ്റിയ രണൻ ദ്വൈപായന സരസ്സിനരികിലൂടെ കുരുക്ഷേത്രത്തെ വലം വെയ്ക്കുവാൻ തുടങ്ങി.

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ശിബിരങ്ങൾ, ചട്ടം പഠിപ്പിച്ചവരുടെ നിർദേശങ്ങൾക്കൊപ്പം ചലിക്കുന്ന ആനകളും കുതിരകളും ശുനകന്മാരും. പടയ്ക്ക് ചോറുവെയ്ക്കുന്നവർ നദികളുടെ കരകളിൽ ശിബിരങ്ങളൊരുക്കി വിഭവങ്ങൾ ഒരുക്കുന്നു. ആയുധങ്ങൾ മൂർച്ച കൂട്ടുന്നവരും, ശവദാഹപ്പുരകൾ നിർമ്മിക്കുന്നവരും, കർമ്മികളും പരികർമ്മികളും മാത്രമാണ് അക്രമോത്സുകരായി പരസ്പരം മത്സരിക്കുന്നത്.

കുരുക്ഷേത്രത്തിന്റെ വശങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന രണൻ പെട്ടെന്ന് ഇടത്തേക്ക് തിരിഞ്ഞു കുന്നുകയറാൻ തുടങ്ങി. യജമാനനെ കാണിക്കുവാൻ എന്തോ അവൻ കണ്ടു വെച്ചിട്ടുണ്ടാകും. കുന്നിന്റെ മുകളിൽ ഒരു സ്ത്രീ കാലുകൾ നീട്ടി വെച്ചിരിക്കുന്നു, കുതിരയുടെ കുളമ്പടികൾ അവൾ കേട്ടതായി തോന്നിയില്ല.

വലതുവശത്തൂടെ കടന്നു ചെന്ന രണൻ ആ സ്ത്രീയുടെ മുന്നിലായി നിലയുറപ്പിച്ചു. തേജസ്വിയായ സ്ത്രീരൂപം കണ്ടമാത്രയിൽ തന്നെ ആളെ മനസ്സിലായി, അഹിലാവതി; ഘടോത്കചന്റെ പ്രീയപത്നി.

നാഗവംശജരിലെ ഏറ്റവും മികച്ച പോരാളി, സ്വന്തം പുത്രനായ ബാർബാറികനെ പരിശീലിപ്പിച്ച് ശിവന്റെ അസ്ത്രങ്ങൾ നേടിയെടുക്കുവാൻ പ്രാപ്തനാക്കിയവൾ.

പരിസരം മറന്നിരിക്കുകയാണവൾ, കുതിരയും ശകുനിയും മുന്നിൽ വന്നു നിന്നിട്ടും സ്ഥലകാലബോധമില്ലാതിരിക്കുവാൻ കാരണമെന്ത്?.

പെട്ടെന്നാണ് രണൻ ചിനച്ചുകൊണ്ട് മുന്നിലേക്ക് നടന്നത്, അവിടെ അഹിലാവതിയുടെ ഇടതുവശത്തായി ഛേദിക്കപ്പെട്ട ഒരു ശിരസ്സിരിക്കുന്നു.

കുതിരയുടെ പുറത്തു നിന്നിറങ്ങി വേഗം മുന്നോട്ട് നടന്നു, തൊട്ടടുത്ത് പാദപതനം കേട്ട അഹിലാവതി ഞെട്ടിയുണർന്നു, ചോദ്യഭാവത്തിൽ മുഖമുയർത്തി.

‘ഞാൻ ഗാന്ധാരപതി ശകുനി’.

‘അറിയാം, അങ്ങെന്താണ് ഇവിടെ’?.

‘ഇവൻ; രണൻ കൂട്ടിക്കൊണ്ട് വന്നതാണ്’.

അഹിലാവതി കുതിരയുടെ നേരെ മുഖം തിരിച്ചു, അവളുടെ കണ്ണുകളിൽ പരിചയഭാവം.

‘ഇവിടെ കാഴ്ചകളില്ല പ്രഭോ, അതെല്ലാം അവിടെ കുരുക്ഷേത്രത്തിലാണ്.’

‘ഇതിലും വലിയ കാഴ്ച ഇന്ന് കുരുക്ഷേത്രത്തിലില്ല’.

‘ഇന്നല്ലേ ഇല്ലാതുള്ളൂ, നാളെ മുതൽ ഇതിലും കൊടിയ പാപങ്ങൾ അവിടെ കാണാം’.

‘അതെല്ലാം കാണുവാനാണോ ഛേദിക്കപ്പെട്ട ശിരസ്സിനൊപ്പം കാവലിരിക്കുന്നത്’.
‘ഞാനെന്റെ പുത്രനാണ് കാവലിരിക്കുന്നത്. അച്ഛനൊപ്പം യുദ്ധം ചെയ്യാൻ വന്നവനെ ശിരച്ഛേദം ചെയ്തു മലമുകളിൽ കാവലിരുത്തിയവരെ കാത്തിരിക്കുകയാണ് ഞാൻ’.

‘ആരാണ് ഗളച്ഛേദം നടത്തിയത്, എന്തിനാണ് ഈ ദ്രോഹം ചെയ്തത്’.

‘പരമശിവനെ പ്രസാദിപ്പിച്ചു ദിവ്യാസ്ത്രങ്ങൾ നേടിയവനാണ് എന്റെ പുത്രൻ, ഞാൻ പരിശീലിപ്പിച്ച ബർബാറികൻ ഒറ്റയ്ക്ക് കുരുക്ഷേത്രം ജയിക്കുവാൻ ശേഷിയുള്ളവനായിരുന്നു. അതറിയുന്നവർ കൗശലം പ്രയോഗിച്ചു തെറ്റിദ്ധരിപ്പിച്ചു’.

‘തെറ്റിദ്ധരിപ്പിക്കുകയോ’?.

‘അതെ, ദുർബലനെ സഹായിക്കുവാൻ മാത്രമേ ആയുധമെടുക്കുവെന്ന് ബാർബാറികനോട് മാതാവായ ഞാൻ ശപഥം ചെയ്തു വാങ്ങിയിരുന്നു’.

‘അതിന്’?.

‘കുരുക്ഷേത്രത്തിനായി ഒരുങ്ങി വന്ന എന്റെ പുത്രന്റെ ശക്തി തിരിച്ചറിഞ്ഞവർ അവനെ തടഞ്ഞു, അവൻ യുദ്ധം ചെയ്താൽ സർവ്വനാശം ഉണ്ടാകുമെന്നും, മാതാവിന്റെ വാക്കുകൾ ധിക്കരിച്ചു യുദ്ധത്തിനൊരുങ്ങിയതിനാൽ പ്രായശ്ചിത്തം ചെയ്യണമെന്നും കൽപ്പിച്ചു’.

ഇത്രയും പറഞ്ഞു നിശ്ശബ്ദയായ അഹിലാവതി ഒരു നിമിഷത്തിനപ്പുറം വീണ്ടും തുടർന്നു.

‘പ്രതിജ്ഞ ലംഘിച്ചതിനാൽ ഗളച്ഛേദം ചെയ്യണമെന്ന കൗശലം വിശ്വസിച്ച ബാർബാറികൻ ജീവദാനം നൽകി, കുരുക്ഷേത്രയുദ്ധം നേരിൽ കാണണമെന്ന അവന്റെ അന്ത്യാഭിലാഷം നടത്താനെന്ന വ്യാജേന ഛേദിക്കപ്പെട്ട ശിരസ്സ് ഈ കുന്നിൽ ഉപേക്ഷിച്ചു’.

‘ആരാണത് ചെയ്തത്, പൊരുതി തോൽപ്പിക്കാൻ കഴിയാത്തവനെ ചതിയിൽ വീഴ്ത്തിയവർ’.

‘ഗാന്ധാര പ്രജാപതി ജ്ഞാനിയും കൗശലക്കാരനുമല്ലേ, നാളെ യുദ്ധം തുടങ്ങും മുൻപ് കാരണങ്ങൾ തിരയൂ, കാവലിരുത്തിയവർ പറയാതിരിക്കില്ല’.

‘ഉത്തരങ്ങൾക്ക് വേണ്ടിയല്ല യുദ്ധം, ഹസ്തിനപുരത്തിന്റെ സിംഹാസനത്തിന് വേണ്ടീയാണ്’.

‘ഉലൂപിയുടെ പുത്രനായ ഇരാവാനെ ഇരയാക്കി ശിരച്ഛേദം ചെയ്തവർ അവന്റെ ശിരസ്സ് ശൂലത്തിൽ തറച്ച് കുരുക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്, എന്റെ പുത്രൻ ബാർബാറികനെ ബലിയാക്കിയവർ അവന്റെ ശിരസ്സ് ഇവിടെ ഈ കുന്നിലും ഉപേക്ഷിച്ചു. ഇതെല്ലാം സിംഹാസനത്തിന് വേണ്ടിയാണെന്ന് അങ്ങ് പറയുമോ’?.

‘കൊല്ലാനും ചാകാനും ഇറങ്ങിയവർ ചോരക്കൊതിയാൽ ഉന്മാദികളായിട്ടുണ്ടാകും’.

‘അങ്ങയുടെ പകിടകൾ മാത്രമല്ല, വാക്കുകളും ജീവനുള്ളതാണ്’.

‘യുദ്ധം തീരും വരെ കാത്തിരിക്കാതെ കർമ്മികളെ വരുത്തി പുത്രന്റെ മോക്ഷത്തിനായി വേണ്ടത് ചെയ്യുക’.

‘യുദ്ധം ചെയ്യുവാൻ വന്നവനെ യുദ്ധം കാണിക്കുകയെങ്കിലും ചെയ്യണ്ടേ പ്രഭോ, അവനിവിടെ ഇരുന്ന് കണ്ടോളും ഞാൻ കാവലാകും’.

കൂടുതൽ ഒന്നും പറയാതെ രണനൊപ്പം തിരികെ നടന്നു, കാലുകൾ നീട്ടി കാവലിരിക്കുന്ന പോരാളിയായ അമ്മയെ തോൽപ്പിച്ചു ആ ശിരസ്സ് കവരുവാൻ കഴുകനും കുറുനരിക്കും കഴിയില്ല. യുദ്ധം കാണട്ടെ അമ്മയും മകനും.

കുന്നിറങ്ങി കുരുക്ഷേത്രത്തെ വലംവെച്ചു, ശൂലത്തിൽ കോർത്ത ഇരാവാന്റെ ശിരസ്സിനരികിൽ ഒരുനിമിഷം നിന്നു. കുന്നിൽ മുകളിൽ ഒരമ്മ മകന്റെ ശിരസ്സിന് കാവലിരിക്കുന്നു, പടനിലത്തിൽ മറ്റൊരു മകന്റെ ശിരസ്സ് അമ്മയെ കാത്തിരിക്കുന്നു.

സർവ്വനാശം വിതയ്ക്കുന്ന യുദ്ധത്തിന് കൗശലഹത്യകളോടെ തുടക്കം കുറിച്ചവർ ശിബിരങ്ങളിൽ ഇരകളെ തിരയുകയാവും. രണൻ വേഗത കൂട്ടി കൗരവകുടീരങ്ങൾ ലക്ഷ്യമാക്കി പാഞ്ഞു, ശിബിരത്തിന് മുൻപിൽ അവരുണ്ട് അത്ഭുതജന്മങ്ങളുടെ പിൻബലമില്ലാത്തതിനാൽ ശിരസ്സുകൾ നഷ്ടമാകാത്ത ഉലൂകനും ബലകനും.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like