പൂമുഖം LITERATUREകവിത റദ്ദുചെയ്യപ്പെട്ടവര്‍

റദ്ദുചെയ്യപ്പെട്ടവര്‍

വൈകീട്ട്
അഞ്ചരക്കെത്തും ബസ്സിന്നായ്
ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽ
ചതഞ്ഞ മുല്ല മണവും
പാതി തേഞ്ഞ ചെരിപ്പുമായ്
അവൾ

ഏഴേ മുക്കാലിനിരമ്പും
സ്ക്കൂൾ ബസ്
മുന്നേ തയ്യാറാവണം
പച്ചച്ചോറും മുളകുടച്ചതും
അവളും

അവളുടേത് മാത്രമല്ലാ
പകലുകള്‍
അവരുടേതും
കൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പം
കഥകൾ പറഞ്ഞിരിക്കും
ആഗതരുടെ കഥപറച്ചിലുകൾ
കഴിയുമ്പോൾ
ഇരുട്ടിത്തുടങ്ങും

മാറിലൊട്ടിപ്പിടിച്ച നോട്ടുകളെ
പറിച്ചെണ്ണാൻ
നിൽക്കാതെ വീട്ടുവഴിയിൽ
മുറുക്കും
ദ്രുതപദവിന്യാസത്താളം
പകലഴിഞ്ഞഴിഞ്ഞയഞ്ഞോ-
രരയാടകൾ
വാരിപ്പിടിച്ചൊരോട്ടത്തിന്
മുഴങ്ങും വിസിലൊച്ച.
സ്ക്രോൾപ്പുഴകളിലെ
പീഡന വാർത്തയിൽ
മുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്
വീട്ടുപകലുകളെ
അപ്പ് ഡൗൺ ബട്ടണുകളിൽ
ചാടിക്കളിച്ച് എന്നും
ഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍
അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്
അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍
വിങ്ങിച്ചീർക്കും.
പാതിരായില്‍ പകലുറുമ്പുകള്‍
ഇരതേടിയിറങ്ങുമ്പോള്‍,
തുളഞ്ഞ മരവാതില്‍ക്കരച്ചില്‍
കേട്ട് കേട്ട്
മണ്ണെണ്ണ വിളക്ക് കരിന്തിരി
കത്തിത്തുടങ്ങും മുമ്പേ
അവളണഞ്ഞുപോകും.
നഗരത്തിലേക്കുള്ള
വഴികള്‍ മറന്നു പോകും.
ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-
യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like