മഴ കടന്നെത്തി നോക്കുന്നു വെയിൽ
ഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻ
ഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളി
കരയല്ലേയെന്നൊരാട്ടം
ഹൃദയത്തിൽ മിടിക്കുന്നേ…
മധുരപ്പഴം നീട്ടി വീഴ്ത്തി
ഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം
ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കും
മരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,
ഏതു ശില്പിയാണിത്രയും കൈകൾ
പണിതു നീട്ടിയും ചുരുക്കിയും
താളമോടിക്കിളികളെയാട്ടുവാൻ..
നടന്നെത്തുമിരുട്ടിൻ്റെ
തുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷി
നിലം തൊടാതഷ്ടദിക്കും
വെളിച്ചപ്പെടുത്തും വരെ,
കട്ടെടുക്കുന്നർധചന്ദ്രനേയും
അൽപായുസാം സൂര്യനെയും
കൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം.
പറക്കുന്നു പക്ഷിയൊന്ന്
തിരിഞ്ഞൊന്നു നോക്കിടാതെ
അകാലത്തിൽ നരയ്ക്കുന്നു
കാലത്തിന്നഗ്നിപഥം
ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽ
പാർവണം ചാന്തിടും നിലത്തായ്
കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,
കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..
ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽ
വേദനിക്കുന്നു നെഞ്ചകം, പ്രാണനില്ലാ ഹൃത്തടം
പാതിയേ പൂട്ടാറുള്ളൂ വാതിലെന്നും
അനന്തകാലത്തിലേതോ പകൽ പച്ചയിലൊരിളം തൂവൽ പാറി വീഴാം
ആടാത്ത ചില്ലയിൽ ഉമ്മയായ് ചേർന്നിടാൻ….
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്