പൂമുഖം പുസ്തകപരിചയം പച്ച മഞ്ഞ ചുവപ്പ്: കാഴ്ച്ചക്രമങ്ങളുടെ ആന്തരികസംഘര്‍ഷങ്ങള്‍

പച്ച മഞ്ഞ ചുവപ്പ്: കാഴ്ച്ചക്രമങ്ങളുടെ ആന്തരികസംഘര്‍ഷങ്ങള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

എതൊരു കൃതിയുടെയും പാരായണം വായനക്കാരുടെ ലോകബോധത്തിന്റെയും ആഖ്യാനത്തോടും പ്രമേയത്തോടുമുള്ള സമീപനത്തിന്റെയും നിദര്‍ശനമാണ്. കാഴ്ച്ചയെ നിര്‍ണ്ണയിക്കുന്നതിലും കാണിയുടെ സമീപനത്തിന്റെയും കാഴ്ച്ചസ്ഥാനത്തിന്റെയും സ്വഭാവങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. Ways of seeing എന്ന സങ്കല്പനത്തെ അവതരിപ്പിക്കുമ്പോള്‍ ജോണ്‍ ബര്‍ജര്‍ വിശദമായി ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.
”The relation between what we see and what we know is never settled. Each evening we see the sun set. We know that the earth is turning away from it. Yet the knowledge, the explanation, never quite fits the sight ” എന്ന് ബെര്‍ജര്‍ പറയുന്നു. അപരിഹാര്യമായി നമ്മുടെ അറിവും കാഴ്ച്ചയും തമ്മിലുള്ള ബന്ധം തുടരുന്നു.

ടി ഡി രാമകൃഷ്ണന്റെ പച്ച,മഞ്ഞ,ചുവപ്പ് എന്ന ശീര്‍ഷകം തന്നെ ഒരു സൂചനയെയാണ് കുറിക്കുന്നത്. സിഗ്നലുകള്‍ ചിഹ്നങ്ങളാണ്‌. വാഹനത്തിന്റെ സഞ്ചാരഗതിയെ നിയന്തിക്കുന്ന അടയാളങ്ങളാണ് അവ. അതൊരു സാമൂഹികധാരണയുടെ ഭാഗമാണ്. അതൊരു ഭാഷയാണ്. സവിശേഷമായ ഒരു ഘടനയ്ക്കുള്ളില്‍ ആ നിറങ്ങള്‍ക്ക് അര്‍ത്ഥം സിദ്ധിക്കുന്നു. ആ സിഗ്നലുകള്‍ക്ക് നോവലിന്റെ സഞ്ചാരഗതിയിലും അന്വേഷണാത്മകമായ ആഖ്യാനത്തിലും പ്രത്യേക സ്ഥാനമുണ്ട്. നോവല്‍ അന്വേഷിക്കുന്ന, നിഗൂഹനം ചെയ്ത സത്യത്തിലേക്കുള്ള ചവിട്ടു പടികളായും ഈ സിഗ്നലുകള്‍ പ്രവർത്തിക്കുന്നു.

ടി ഡി നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. റെയില്‍വേ ഇന്ത്യയുടെ തന്നെ പരിച്ഛേദമാണ്. രാഷ്ട്രത്തിനകത്തെ അധികാരത്തിനായുള്ള സംഘര്‍ഷവും,അധികാരശ്രേണിയും,പല രീതിയിലുള്ള അടിച്ചമര്‍ത്തലുകളും, മേല്‍കീഴ് ബന്ധവും റെയില്‍ വേയിലും കാണാനാവും. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധം പുലര്‍ത്തി ജീവിക്കുന്ന നിരവധി മനുഷ്യര്‍ക്കാണ് ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുടിപ്പകയും,സംഘര്‍ഷവും,ജാതിരാഷ്ട്രീയവും,മനോവ്യഥകളും ,തൊഴിലിടം തീര്‍ക്കുന്ന മാനസികസംഘര്‍ഷങ്ങളും നോവലിനെ നിര്‍മ്മിക്കുന്നു.

ട്രെയിന്‍ ആധുനികതയുടെ അടയാളങ്ങളിലൊന്നാണ്. മോഡേണിറ്റിയുടെ രൂപകമായി നമ്മുടെ സാംസ്കാരിക വിചാരങ്ങള്‍ തീവണ്ടിയെ പരിഗണിക്കാറുണ്ട്. ഈ നോവല്‍ ഒരു തീവണ്ടിയപകടത്തെ മുന്‍നിര്‍ത്തിയുള്ള രചനയാണ്. 1995 ല്‍ സേലത്തിനടുത്ത് ഡാനിഷ്പ്പേട്ടില്‍ സംഭവിച്ച ട്രെയിനപകടമാണ് കേന്ദ്രപ്രമേയമായി വരുന്നത്. ഇതാണ് പ്രമേയ കേന്ദ്രമെങ്കിലും ലോകത്തിന്റെ റെയില്‍വേ സംവിധാന ചരിത്രത്തീലേക്കും ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ട്രെയിന്‍ അപകടങ്ങളിലേക്കും ആഖ്യാനം ശാഖോപശാഖകളായി വികസിക്കുന്നു. അധികാരത്തിന്റെ മര്‍ദ്ദനം മഹാരൂപം കൈകൊണ്ട്‌ നോവലിന്റെ പ്രമേയ പരിസരങ്ങളിലെല്ലാം പടര്‍ന്ന് നില്‍ക്കുന്നു. ഡാനിഷ്പ്പെട്ട് ദുരന്തത്തില്‍ കുറ്റാരോപിതനായി ജോലി നഷ്ടമായ രാമചന്ദ്രന്‍ എന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ആത്മഹത്യയില്‍ നിന്ന് തുടങ്ങി കാലങ്ങള്‍ക്കിപ്പുറം അയാളുടെ മകന്‍ അരവിന്ദും സുഹൃത്തായ ജ്വാലയും നടത്തുന്ന ഡാനിഷ്പ്പേട്ട് ദുരന്തത്തിന്റെ അന്വേഷണത്തിലേക്കും നീളുന്നു നോവല്‍. ഒരോ അധ്യായങ്ങളിലായി നിരവധി പേര്‍ കടന്നുവരുന്നു. അവരെയെല്ലാം വലയം ചെയ്ത് നില്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേയും.

ചരിത്രവും ഭാവനയും കൂട്ടികലര്‍ത്തിയുള്ള ആഖ്യാനരീതിയാണ് ടി ഡി ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ “സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി”യിലെയോ,”ഫ്രാന്‍സിസ് ഇട്ടിക്കോര”യിലെയോ പോലെ ഭദ്രമോ ആഴമേറിയതോ അല്ല ആഖ്യാനം. ആഖ്യാനം പല സ്ഥലങ്ങളിലും ദുര്‍ബലപ്പെടുന്നു.

പല വിധം സംഘര്‍ഷങ്ങളുടെ ഭൂമികയാണ് നോവല്‍.നോവലിനെ ദേശരാഷ്ട്രഘടനയുമായി ചേര്‍ത്ത് വെക്കാറുണ്ട്. ദേശത്തിന്റെ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കാനുതകുന്ന രൂപമാണ് നോവലിന്റേത്. യുക്തി-വിശ്വാസ സംഘര്‍ഷം നോവലിന്റെ അടിപ്പടവാണ്.അപരിഹാര്യമായ സാമൂഹികവൈരുധ്യത്തിന്റെ പ്രതീകാത്മകവൃത്തിയിലൂടെയുള്ള പരിഹാരമായി സര്‍ഗാത്മകൃതികളെ ഫ്രെഡറിക്ക് ജെയിംസണ്‍ കാണുന്നുണ്ട്. ആ നിലയില്‍ സാമൂഹികബന്ധങ്ങളിലും ഉത്പാദനവ്യവസ്ഥയിലുമുള്ള സംഘര്‍ഷങ്ങളെ,വൈരുധ്യങ്ങളെ ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്. കൊളോയിണലിസത്തിന്റെ വൈരുധ്യങ്ങള്‍,സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹികജീവിതസംഘര്‍ഷങ്ങള്‍ എന്നിവ നോവലില്‍ കടന്നുവരുന്നു. ഓര്‍മ്മയിലേക്കും വര്‍ത്തമാനത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു നോവല്‍.

മുറകാമിയും ജോണ്‍ ലെനനും ബൊലാനോയും വീരപ്പനും ലാല്‍ബഹദൂര്‍ ശാസത്രീയും തുടങ്ങി ചരിത്രത്തിലെയും സംസ്കാരത്തിലെയും പല പേരുകളുമായി നാം ആഖ്യാനത്തിനിടെ സന്ധിക്കുന്നു. അടിസ്ഥാനപരമായി അധികാരം നിര്‍മ്മിക്കുന്ന സാമൂഹികദുരന്തങ്ങളുടെ അന്വേഷണമായി നോവല്‍ മാറുന്നു.

”കടന്നൊക്കെത്തട്ടിക്കളഞ്ഞു പായട്ടെ
കനത്തതീവണ്ടി,യിരുമ്പിന്‍ മുഷ്ടി
വഴിക്ക് ഗോപുരമടച്ചു നില്ക്കുന്ന
കിഴക്കന്‍ മാമല തുളച്ചു പായട്ടെ ”
എന്ന് ആധുനികലോക വരവിനെ നമ്മുടെ മലയാളഭാവന ആവിഷ്കരിച്ചിട്ടുണ്ട്. പച്ച,മഞ്ഞ,ചുവപ്പ് എന്ന നോവല്‍ വിദൂരതയിലെ ആ കാഴ്ച്ചയെ അടുത്ത് നിന്ന് കാണുന്നു. അതിനകത്തേക്ക് പ്രവേശിക്കുന്നു. ആ കാഴ്ച്ചയുടെ ആഴം ചികയുന്നു.

(അമ്പലത്തറ കേശവ്‌ജി വായനശാലയും നെഹ്‌റു കോളേജ് എൻ എസ് എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച ടി ഡി രാമകൃഷ്ണന്റെ ” പച്ച മഞ്ഞ ചുവപ്പ് ” നോവൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ച കാര്യങ്ങൾ സംഗ്രഹിച്ചെഴുതിയത് )

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like