പൂമുഖം LITERATUREകഥ കര ഞണ്ട്‌

കര ഞണ്ട്‌

ഈയിടെയായി പതിവുള്ളതാണ് സായാഹ്‌ന നടത്തം. വീട്ടിൽ നിന്ന് കല്ലേക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ പിന്നിലുള്ള കുളം വരെ, പിന്നെ തിരിച്ച്‌ വീട്ടിലേക്കും. എല്ലാം കൂടി ഒരു രണ്ടര കിലോ മീറ്റർ ദൂരം. കയ്യിൽ നടത്തത്തിന്റെ ദൂരവും സമയവും വേഗതയും കാണിക്കുന്ന വാച്ചും കെട്ടും .വാച്ചിന്റെ പുതുമയിൽ തുടങ്ങിയ നടത്തം ഒഴിച്ച് കൂടാനാവാത്ത ദിനചര്യയായി മാറിയിരിക്കുന്നു

അന്നു മേഘാവൃതമായിരുന്നു. അങ്ങു ദൂരെ അറബിക്കടലിൽ ഗുലാബിന്റെ വിളയാട്ടങ്ങൾ ഇവിടെ മഴ മേഘങ്ങളായി. നല്ല തണുത്ത കാറ്റിൽ കുട എടുക്കാതിരുന്നത്‌ ബുദ്ധിമോശമായോ എന്ന് വിശകലനം ചെയ്തു നടന്നു .

ഏകദേശം ക്ഷേത്രത്തിലേക്കുള്ളതിന്റെ പകുതി ദൂരം ആയിക്കാണും, റോഡരികിലെ പൊന്തക്കാട്ടിൽ ഒരു ഞണ്ട്‌… അതിനു ചുറ്റും ഒരു കുട്ടിയും മുത്തച്ഛനും. കുട്ടി കയ്യിലുള്ള ചെറു വടികൊണ്ട്‌ ഞണ്ടിനെ കാട്ടിൽ നിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്നു. അവിചാരിതമായി വന്ന ആക്രമണത്തിൽ ഭയന്നാകാം ,ഞണ്ട്‌ തന്റെ രണ്ടു ബലിഷ്ഠമായ കരങ്ങൾ ഉയർത്തി യുദ്ധത്തിനു തയ്യാറായി നിൽക്കുന്നു. മുത്തച്ഛനാകട്ടെ ഒരുപക്ഷെ പേരക്കുട്ടിയ്ക്ക്‌ കടിയേറ്റാലുണ്ടാവാവുന്ന ഭവിഷ്യത്തോർത്ത്‌ അവന്റെ തോളിൽ പിടിച്ച്‌ പിറകോട്ട്‌ വലിച്ചു കൊണ്ടിരുന്നു.

ഒരു നിമിഷം ആ രംഗം നോക്കി നിന്നശേഷം വീണ്ടും മുന്നോട്ടു നടന്നു . അങ്ങിനെ ഒരു സ്ഥലത്ത്‌ ഞണ്ടിനെ കണ്ടതിലുള്ള അത്ഭുതവും, ആ കുട്ടിയുടെ ആക്രമണത്തിലോ അവിടെ ഏതു നിമിഷവും വന്നേക്കാവുന്ന ഒരു തെരുവു നായയാലോ , എതിരേ വരുന്ന വാഹനത്തിനു സൈഡു കൊടുക്കാൻ അരികിലേക്ക് ഇറങ്ങിയേക്കാവുന്ന ഒരു വണ്ടിയുടെ ചക്രത്തിനു കീഴിലോ അതിന്റെ ജീവൻ അവസാനിക്കും എന്ന തോന്നലും ഉണ്ടായി .അത്‌ മനസിൽ ഒരു ആശങ്കയായി വളർന്നു. നടത്തം മുഴുവനും ആ ഞണ്ടിനു എന്തു സംഭവിച്ചിരിക്കും എന്നതായി ചിന്ത. തിരിച്ചുള്ള നടത്തതിൽ എത്രയും പെട്ടെന്ന് അവിടെ എത്തി അതിനെ അതിന്റെ നിസ്സഹായതയിൽ നിന്ന് രക്ഷിക്കണം എന്ന് തോന്നി. നടത്തത്തിന്റെ വേഗം കുടി. ഞാനറിയാതെ വ്യക്തമായ ഒരു പ്ലാൻ മനസ്സിൽ പൊങ്ങി വന്നു .ഞണ്ടിനെ എങ്ങിനെയെങ്കിലും അടുത്തുള്ള കുളത്തിൽ എത്തിക്കുക ,അവിടെ അത് സുരക്ഷിതമായി കഴിഞ്ഞോളും .പോകുന്ന വഴിയിൽ കണ്ട ഒരു ചാക്കും രണ്ട് ചാൺ നീളത്തിലുള്ള വടിയും യാന്ത്രികമായി എടുത്തു കയ്യിൽ കരുതി .

അവിടെ എത്തിയപ്പോൾ അപ്പൂപ്പനെയും കൊച്ചുമകനേയും കാണുന്നില്ല, അവർ പൊയ്ക്കഴിഞ്ഞിരിക്കുന്നു. ആകുലതയോടെ ചുറ്റുംനോക്കി . മനസ്സ് എന്തോ ഭയക്കുന്നു . കുറ്റിക്കാടിനുള്ളിൽ അതാ തവിട്ടു നിറമുള്ള പുറം ചട്ടപേറി അത്‌ ഒളിഞ്ഞിരിക്കുന്നു.

ചാക്കിൽ കയറ്റാനുള്ള ശ്രമങ്ങളെല്ലാം ഞണ്ട്‌ എതിർത്തു. വടി തട്ടി മാറ്റി, ഇരു വശങ്ങളിലേക്കും പാഞ്ഞു, കുറ്റിച്ചെടികളിൽ പിണഞ്ഞു. തന്നെ പിടിച്ചു കെട്ടാൻ വന്നവനോട്‌ അത്‌ ആവുംവിധം പൊരുതി . പോരിനൊടുവിൽ അതിനെ ചാക്കിലാക്കി കുളത്തിലെ ലക്ഷ്യമാക്കി നടന്നപ്പോൾ രക്ഷകന്റെ കർമം പാതി വിജയിച്ചതിന്റെ ഗർവ്വോടെ എന്റെ ശിരസ്സുയർന്നു . നെഞ്ചു വിടർന്നു .കൈകളിൽ ശക്തി ഇരച്ചു .കാലുകളിൽ വേഗത പടർന്നു .

ഇരു വശങ്ങളിലും ചെറുതും വലുതുമായ വീടുകൾക്ക്‌ നടുവിലൂടെയുള്ള വഴി. നേരെ നടന്ന് ക്ഷേത്രത്തിനു മുന്നിലെ അരയാലിനടുത്ത്‌ ഇടത്തോട്ട്‌ തിരിഞ്ഞു. മതിലിനുള്ളിൽ നിന്ന് ഉയർന്ന് ആ പ്രദേശമാകെ തണൽ വിരിച്ച വൃക്ഷ ശ്രേഷ്ഠൻ എത്രയോ തല മുറകൾക്ക്‌ സാക്ഷ്യം വഹിച്ചിരിക്കണം . ചാക്കിനുള്ളിലിരുന്ന് ഞണ്ട്‌ പ്രതിഷേധം അറിയിച്ചു. പിന്നെയും മുന്നോട്ട്‌ നടന്ന് മതിൽചുറ്റി വലത്തോട്ട്‌ തിരിയുമ്പോൾ ആദ്യത്തെ കുളം. ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങളാണ് അങ്ങിങ്ങു ആമ്പലുകൾ വിരിഞ്ഞ , താഴ്ച്ചയില്ലാത്ത ആ കുളം ആളുകൾ കുളിക്കാൻ ഉപയോഗിക്കുന്നതാണ് . അതുംകടന്ന് മുന്നോട്ട്‌ പോയി വലത്തോട്ട്‌ തിരിഞ്ഞു ഒരു ഫർലോങ്ങ്‌ നടക്കുമ്പോൾ വിശാലമായ രണ്ടാമത്തെ കുളം. ചുറ്റും കരിങ്കൽ ഭിത്തി, ക്ഷേത്രത്തിനുള്ളിൽ നിന്ന് മാത്രം ഇറങ്ങാവുന്ന കടവുകൾ. തെളിഞ്ഞ , ആമ്പലുകളില്ലാത്ത ഇതു തന്നെയാണു ഏറ്റവും സുരക്ഷിതമായ സ്ഥലം. കുളത്തിലെത്തിയതും ചാക്കഴിച്ച്‌ അതിനെ വെള്ളത്തിലേക്ക്‌ കുടഞ്ഞു.

ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ അഭിമാനം അഹന്തയായ്‌ ഉള്ളിൽ വളർന്നു. യുദ്ധത്തിൽ തോറ്റ്‌ അടിമയാക്കപ്പെട്ടവന്റെ വിധി പേറി ഞണ്ട്‌ കുളത്തിൽ പതിച്ചു. നോക്കിനിൽക്കെ‌ യാതൊരു അനക്കവുമില്ലാതെ മുങ്ങിത്താണു അതിന്റെ കൈകൾ പരാജിതന്റെ പോലെ തളർന്നിരുന്നു .

എന്തേ അത്‌ ആഹ്ലാദിച്ചില്ല? തിരികെ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിച്ചില്ല? അപകടനിബിഡമായ കുറ്റിക്കാട്ടിൽ നിന്ന് ബ്രുഹത്തായ കുളത്തിൽ എത്തിയ നിമിഷത്തിൽ ആനന്ദത്താൽ നൃത്തമാടിയില്ല?

പൊടുന്നനെ എന്റെ അഹന്തയുടെ കാൽച്ചുവടിലെ മണ്ണു ഒലിച്ച്‌ പോകുന്ന പോലെ തോന്നി. മനസ്സ് ആശങ്കയിൽ മുങ്ങി, ശ്വാസത്തിനായ്‌ ജീവൻ പിടഞ്ഞു…. ആ ഞണ്ട്‌ കര ഞണ്ടായിരുന്നുവോ?

വിജയിച്ചവന്റെ അഹന്ത പെട്ടെന്ന് കൊലചെയ്തവന്റെ ഭയമായി മാറി. ശിരസ്സു താഴ്‌ന്നു, നെഞ്ചിൽ കനൽ വീണു, കൈകൾ വിയർത്തു, കാലുകൾ കുഴഞ്ഞു. നിൽക്കാൻ ബുദ്ധിമുട്ടി കുളത്തിന്നരികിലെ കരിങ്കൽ ഭിത്തിയിൽ ചാരി നിന്നു.

സംശയക്കടലിൽ മുങ്ങി താഴ്‌ന്ന മനസിന്റെ ആഴങ്ങളിൽ നിന്ന് കുട്ടിക്കാലത്ത്‌ വായിച്ച ചിത്ര കഥ ഉയർന്ന് വന്നു താളുകൾ മറിഞ്ഞു. അവയ്ക്കിടയിൽ നിന്ന് സുവദനനായ യമദേവൻ എന്നെ നോക്കി പുഞ്ചിരിച്ചു. കഥയിലെ പോലെ നിവർന്ന ആകാര വടിവ് , പൗരുഷ സൗന്ദര്യം, മാറത്ത്‌ വലിയ മാലകൾ, ദേഹത്ത്‌ സുവർണ്ണ നിറമുള്ള ആട, തലയിൽ വലിയ കിരീടം.

ദേവനെ വന്ദിക്കാൻ എന്റെ കൈകൾ ഉയർന്നു. കൂപ്പാനായ്‌ ഉയർത്തിയ കൈകൾക്കു ഭാര മേറിയതായ്‌ തോന്നി. അല്ല കൈകൾക്കു രൂപമാറ്റംസംഭവിച്ചിരിക്കുന്നു. അവ പരന്ന് ഭീമാകാരമായ ചിറകുകളായിരിക്കുന്നു. ദേവവന്ദനം പറയാൻ ഓങ്ങിയ ചുണ്ടുകൾ വളഞ്ഞു കൂർത്ത കൊക്കുകളായി. കാലുകൾ മെലിഞ്ഞു കൂർത്ത നഖങ്ങളുള്ള കഴുകൻ കാലുകളായിരിക്കുന്നു ദേഹം മുഴുവൻ വലുപ്പമേറിയ തൂവലുകളാൽ പൊതിഞ്ഞിരിക്കുന്നു, എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ മനസു പിടഞ്ഞു,

യമദേവൻ ആവർത്തിച്ചു ” ഗരുഡാ, ഒരിക്കൽക്കൂടി നീ എന്റെ സംശയം ദുരീകരിച്ചിരിക്കുന്നു ….അൽപം മുൻപ്‌ വരെ അങ്ങു ദുരെ കുറ്റിക്കാട്ടിൽ കഴിഞ്ഞിരുന്ന ആ കുഞ്ഞൻ ഞണ്ട്‌ എങ്ങിനെ ഇത്ര ദൂരെയുള്ള ക്ഷേത്രക്കുളത്തീൽ അതിന്റെ അനിവാര്യമായ മരണത്തിനായി എത്തിച്ചേരും എന്ന് ഞാൻ ആശ്ചര്യപെടുകയായിരുന്നു. ഒരു പക്ഷെ പ്രപഞ്ചത്തിന്റെ സ്പന്ദനം ഇവിടെ ഒരു നിമിഷം ചുവടു പിഴയ്ക്കുമോ എന്ന് സംശയിക്കാൻ തുടങ്ങിയിരുന്നു. വീണ്ടും ഒരിക്കൽ കൂടി നീ നിന്റെ പ്രവൃത്തിയിലൂടെ ഈ ലോകത്തിനെ അതിന്റെ താളം പിഴയ്ക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കുന്നു…എല്ലാം ശുഭം. “

താളുകൾ പിന്നെയും മറിഞ്ഞു, യമദേവൻ മറഞ്ഞു , കുളത്തിലെ അലകൾ മാഞ്ഞു, തൂവലുകൾ കൊഴിഞ്ഞു, ചിറകുകൾ അടർന്നു, കൊക്കുകൾ മാഞ്ഞു, എന്നിലെ ഗരുഡൻ പുസ്തകത്തിന്റെ ഏടുകളിൽ ഒളിച്ചു..കുളക്കരയിൽ ഞാൻ എന്നിലേക്ക്‌ മടങ്ങി വന്നു.നടത്തത്തിൽ അപ്രതീക്ഷിതമായി ഭംഗം വന്നു എന്ന് മനസ്സിലാക്കിയ വാച്ചിലെ നിർമ്മിത ബുദ്ധി നടത്തം തുടരാൻ ആജ്ഞാപിച്ചുകൊണ്ട്‌ കയ്യിലിരുന്ന് വിറച്ചു.

കുളത്തിനോടും ചാരി നിന്ന കരിങ്കല്ലിനോടും യാത്ര പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ കുളത്തിൻ കരയിലെ പാതി മുങ്ങിയ പടവ്കല്ലിന്റെ വിടവിലൂടെ അരിച്ചു കയറിയ ബലിഷ്ഠമായ കരങ്ങളും തവിട്ടു നിറത്തിലുള്ള പുറം ചട്ടയും എന്റെ കാഴ്ചയുടെ പാർശ്വങ്ങളിലെവിടെയോ പതിച്ചു

വര : സുനിൽ കുറ്റിപ്പുഴ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like