യാത്രക്കാർ ഒഴിഞ്ഞു പോയ
സ്വർഗ്ഗ നഗരത്തിൽ ടൂർ ഗൈഡ്
മഖ്ബൂൽ മെഹ്‌മൂദ്
ഇപ്പോൾ എന്ത് ചെയ്യുകയാവും!
യാസീനിന്റെ കുതിരകൾക്ക്
വയറു നിറയുന്നുണ്ടാവുമോ
തെന്നുന്ന കുതിരച്ചാലുകളിലെ ചാണക ഗന്ധം
ഇപ്പഴുമതുപോലെത്തന്നെയാവുമോ!
ചുട്ട് നീറുന്ന ഒരു പകലിലേയ്ക്ക് തന്റെ തൂവലുകൾ
ഈരിഅടുക്കിയൊതുക്കിത്തുടങ്ങിയ
തണുത്ത് ചീർത്ത കാറ്റിന്റെ പിടി വിട്ടു പറന്നു നടക്കുന്ന
ഇളം തൂവലുകളെ എന്തൊരു തണുപ്പെന്ന് ശകാരിച്ച് കൊണ്ട്
മുഹമ്മദ് റാഷീദെന്ന അയാൾ പറഞ്ഞു തുടങ്ങുന്നുണ്ടാവുമോ
‘എൺപതുകളിൽ
ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ‘
അയാൾ, പക്ഷെ
ഒരുപാട് നടന്നു തളർന്ന ഒരച്ഛനെപ്പോലെ
നരച്ചു മുഷിഞ്ഞിരുന്നവൻ!
‘ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ
വീട്ടിലെത്താൻ ഇത്തിരി
വൈകിയിരുന്നെങ്കിൽ വീട്ടുകാർ
മരിച്ചെന്നുറപ്പിക്കുമായിരുന്നു’
‘ബഹ് നാ’
വേണ്ടെന്നു വിലക്കിയിട്ടും
അയാൾ തന്റെ ഭാണ്ഡമഴിക്കുന്നുണ്ടാവുമോ
‘നിങ്ങളിൽ മാത്രമാണു ഞങ്ങൾക്കു പ്രതീക്ഷ
ഈ കാണുന്ന ഭൂമി വെറും നാലു മാസം മാത്രം.
മഞ്ഞിൽ പുതഞ്ഞ ബാക്കി കാലം
പകലും രാത്രിയും എന്നൊന്നില്ലാത്തത്.
വെളിച്ചം കാണാതെ അതിലടച്ചിരുന്ന് ഞങ്ങൾ
വന്നെത്തിയേക്കാവുന്ന
നിങ്ങളെപ്പോലുള്ളവർക്കായി
നെയ്തു നിറയ്ക്കുന്നു.
ഇത്തിരി വേനലിൽ വിരുന്നു വന്ന
ഈ പൂക്കളും പൂമ്പാറ്റകളും
അങ്ങിനെയാണ് ഞങ്ങൾക്കുള്ളിൽ
നിത്യമെന്നോണം നിറങ്ങളാവുന്നത്…
കറുത്ത ലോലമായ തുണിയിൽ
കുനുകുനാന്നു തുന്നിപ്പിടിപ്പിച്ച ഒരു നിറകാട്.
മീനുകൾ വിരലിലുമ്മവെക്കുന്നു
മാനുകൾ കൊമ്പുകുലുക്കുന്നു
പുലികൾ, പൂമ്പാറ്റകൾ, പൂവുകൾ പൂമരങ്ങൾ!
റാഷീദ് നീ വീട്ടിൽ തിരിച്ചെത്തിയിരിക്കുമോ!
വരയ്ക്കാൻ ബാക്കി നിൽക്കുന്ന
പെൺ ചോരത്തുള്ളിയുടെ,
ചിരിച്ചു കൊണ്ടു മരിച്ചു കിടക്കുന്നവന്‍റെ,
മരിച്ചിട്ടും ജീവിച്ചു തീർക്കേണ്ടവന്‍റെ
സങ്കടച്ചൂടെല്ലാം
ചൊറിഞ്ഞ് തടിപ്പിച്ച്
വെളിവാക്കുന്ന
ഒരു ഉടലിൽ
നാല് ആറ് എട്ട് എന്ന്
കൈകളിരട്ടിച്ചുകൊണ്ടിരിക്കുന്നോൾ.