പൂമുഖം LITERATUREകഥ ചെനിയന്‍

നീളം കുറഞ്ഞ കറുത്ത് തടിച്ച മനുഷ്യന്‍. വയസ്സ് എഴുപതിനോടടുത്തായി. കുപ്പായമിടാറില്ല. പണിമുണ്ടുടുത്ത് ചെറിയ തോര്‍ത്ത് ചുമലിലിടും. കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വള്ളി പണി മുണ്ടിന് മേലെയായി അരക്കു ചുറ്റും കെട്ടും . ഇരുമ്പില്‍ തീര്‍ത്ത ഒരു കൊളുത്ത് പിറക് വശത്തായി വള്ളിയില്‍ ഉറപ്പിച്ചു വെക്കും. നല്ല മൂര്‍ച്ചയുള്ള വാക്കത്തി കൊളുത്തില്‍ തൂക്കിയിടും. വീട്ടിലെത്തിയാല്‍ മാത്രമെ കൊളുത്തില്‍ നിന്നും കത്തി എടുത്തു മാറ്റാറുള്ളു! മന്ത്രവാദം, കൂടോത്രം, ഒടി വെക്കല്‍, മാരണം തുടങ്ങിയവയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രശസ്തനാണ് ചെനിയന്‍. ”കൈക്കളാ” .

ചെനിയന്‍ നീട്ടി വിളിച്ചു.
എന്നിട്ട് പറഞ്ഞു.
നീ ഇന്നേക്കു വേണ്ടുന്ന സാധനങ്ങളൊക്കെ സഞ്ചിയില്‍ എടുത്തു വെച്ചോളു. വെയില്‍ ചാഞ്ഞാല്‍ പുറപ്പെടണം. കുറച്ചു ഒണങ്ങിയ തെങ്ങോലകള്‍ കൂടി കെട്ടി വെച്ചോ. ചിലപ്പോള്‍ നല്ല ഉണങ്ങിയ ഓലകള്‍ അവിടെ കിട്ടിയില്ലെങ്കിലോ.
‘ഓ. ആയിക്കോട്ടെ’
കൈക്കളന്‍ ഏറെ ബഹുമാനത്തോടെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

ചെനിയന്‍റെ സഹായിയാണ് ബന്ധു കൂടിയായ കൈക്കളന്‍. തലമുടിയും, താടി രോമങ്ങളും ഒരു പോലെ നരച്ചിട്ടുണ്ട് . ചെനിയനെപ്പോലെ ഇദ്ദേഹവും കുപ്പായമിടാറില്ല. പണിമുണ്ടും, തോര്‍ത്തും തന്നെയാണ് വേഷം. അരയ് ക്കു ചുറ്റും പാള കൊണ്ടുള്ള വള്ളിയോ, കത്തിയോ ഇല്ലെന്ന് മാത്രം. ചെനിയന്‍ ചെയ്യുന്ന മന്ത്രവാദത്തിന്‍റെ അടവുകള്‍ കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നതിനാല്‍ കൈക്കളന് നന്നായി അറിയാം.
വൈകുന്നേരം അഞ്ചു മണിയായപ്പോള്‍ ചെനിയനും, കൈക്കളനും പുറപ്പെട്ടു.

ചെനിയന്‍ മുമ്പിലും, കൈക്കളന്‍ പിറകിലുമായാണ് നടത്തം. തിരിച്ചു വരുമ്പോള്‍ ഏറെ വൈകുന്നതിനാല്‍ ചെനിയന്‍റെ കൈയ്യില്‍ മൂന്ന് ബാറ്ററി വെക്കുന്ന ടോര്‍ച്ച് തൂക്കി പിടിച്ചിട്ടുണ്ട്. കൈക്കളന്‍ മന്ത്രവാദത്തിനു വേണ്ട സാമഗ്രികള്‍ നിറച്ച തുണി സഞ്ചി ഒരു കൈയ്യിലും, മറ്റേ കൈയ്യില്‍ കുറച്ചു ഉണക്കോലക്കെട്ടുമായി പിറകെയും. മന്ത്രവാദ ക്രിയക്കായി ഏതു വീട്ടിലേക്കാണ് പോകുന്നതെന്ന് ചെനിയന്‍ കൈക്കളനോട് പറയാറില്ല. ചെനിയന്‍ പോകുന്ന വഴിയെ കൈക്കളനും നടക്കും. വീടെത്തിയാല്‍ മാത്രമെ ഇതു ഇന്നാളുടെ വീടെന്ന് കൈക്കളന് തിരിയു.

ചെനിയന്‍ നേരെ നടന്നത് രാധാകൃഷ്ണന്‍ നായരുടെ വീട്ടിലേക്കാണ് . പഴയ ഇരു നില വീട്. തെങ്ങും, കവുങ്ങും, റബ്ബറുമൊക്കെയുള്ള കര്‍ഷകനാണ് രാധാകൃഷ്ണന്‍ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂത്ത മകനായ സുധിക്ക് തലയിലും, ദേഹത്തുമായി നിറയെ ചൊറിഞ്ഞു പൊട്ടുന്ന അസുഖമാണ്. അലോപ്പതിയും, ആയുര്‍വേദവും, ഹോമിയോ മരുന്നുകളും മാറി, മാറി കഴിച്ചുവെങ്കിലും അസുഖം തീരെ വിട്ടു പോകുന്നില്ല. അങ്ങനെയാണ് കാഞ്ഞങ്ങാടുള്ള ഭാസ്ക്കര ജോത്സ്യരുടെയടുത്ത് രാശി വെക്കാന്‍ പോയത്.
ജോത്സ്യര്‍ ചോദിച്ചു .

നിങ്ങളുടെ ഭാര്യയുടെ കുടുബത്തില്‍ ശരീരമാസകലം പുണ്ണ് വന്ന് ചത്തു പോയ ഒരു സ്ത്രിയുണ്ടായിരുന്നോ?…

രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആകുന്നതിനു മുമ്പെ അവരുടെ ഭര്‍ത്താവ് മരിച്ചു. മക്കളുണ്ടായിരിന്നില്ല. പിന്നെ നോക്കാനാരുമില്ലാതെ വിഷാദ രോഗം ബാധിച്ച് ശരീരം ചൊറിഞ്ഞു പൊട്ടി മരിച്ചു പോയതാണെന്ന് ഭാര്യ പറയാറുണ്ടായിരുന്നു.
ജോത്സ്യര്‍ ഒന്നു കൂടി കവടി നിരത്തി ശ്ലോകം ചൊല്ലിയതിനു ശേഷം പറഞ്ഞു.
അവരുടെ മോക്ഷമില്ലാത്ത ആത്മാവ് നിങ്ങളുടെ മകനെ പിടി കൂടിയിരിക്കയാണ്” ! അതാണ് എത്ര മരുന്നു കഴിച്ചാലും വിട്ടു മാറാത്ത ഈ ചൊറി !

രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചു.
അതിനെന്താണ് ഒരു പരിഹാരം ജോത്സ്യരെ?
പരിഹാരമുണ്ട്.
നിങ്ങള്‍ക്കറിയില്ലെ ഒടയഞ്ചാലില്‍ താമസിക്കുന്ന ചെനിയനെ?
ഓ അറിയാം.
അയാളെ പോയി കാണുക. ഞാനൊരു കുറിപ്പെഴുതി തരാം.

മന്ത്രവാദം ചെയ്യേണ്ടുന്ന വീട്ടിലെത്തിയാല്‍ മന്ത്രവാദം കഴിയും വരെ ചെനിയന്‍ ആരോടും സംസാരിക്കാറില്ല. ആംഗ്യത്തിലൂടെ മാത്രമെ കാര്യങ്ങള്‍ അവതരിപ്പിക്കു. ചെനിയന്‍റെ ആംഗ്യ ഭാഷ നന്നായി അറിയാവുന്ന കൈക്കളന് അതൊരു പ്രശ്നമായിരിന്നില്ല. ഒരു സഹായി ചെയ്യേണ്ടുന്ന എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യും.

രാധാകൃഷ്ണന്‍ നായരുടെ വീട്ടിലെത്തിയ ചെനിയന്‍ നേരെ പോയത് കുലച്ചു നില്‍ക്കുന്ന ഞാലിപ്പൂവന്‍ വാഴയുടെ അടുത്തേക്കാണ്. മൂര്‍ച്ചയുള്ള വാക്കത്തി കൊളുത്തില്‍ നിന്നും ഊരി വാഴ വെട്ടി താഴെയിട്ടു. അതില്‍ നിന്നും വാഴ നാരുകള്‍ അടര്‍ത്തിയെടുത്ത് കൈയ്യില്‍ കരുതി. ഈ സമയം കൈക്കളന്‍ വീട്ടുകാരില്‍ നിന്നും തടുപ്പ, മുറം, ഇടങ്ങഴി, കറുത്ത നൂല്‍, പച്ചരി, പുഴുങ്ങലരി, നെല്ല്, വെളിച്ചെണ്ണ , തേങ്ങ , മഞ്ഞള്‍പ്പൊടി, മുളകു പൊടി, ഉപ്പ് തുടങ്ങിയവ വാങ്ങി കരുതി വെച്ചു.

പിന്നീട് ചെനിയന്‍ നേരെ പോയത് രാധാകൃഷ്ണന്‍ നായരുടെ കവുങ്ങിന്‍ തോട്ടത്തിനിടയിലൂടെ ഒഴുകുന്ന തോടിനടുത്തേക്കാണ്. ഉണങ്ങിയ ഓലക്കെട്ടെടുത്ത് കൂടെ കൈക്കളനും .

കൗതുകം തോന്നിയ സുധിയുടെ അനുജനായ നവീനും, അയല്‍പ്പക്കത്തെ വീട്ടിലെ അരുണും കൂടെ പോകാന്‍ ശ്രമിച്ചെങ്കിലും കൈക്കളന്‍ അവരെ തിരിച്ചോടിച്ചു !
എകദേശം ഒന്നര മണിക്കൂറിനു ശേഷം സന്ധ്യോയോടടുപ്പിച്ച് രണ്ടാളും തിരിച്ചു വന്നു. അപ്പോഴവരുടെ കൈയ്യില്‍ വാഴ നാരു കൊണ്ട് അടുത്തടുത്തായി ബലത്തില്‍ കെട്ടിയ നാലു വലിയ ചൂട്ടുകള്‍ ഉണ്ടായിരുന്നു. ചൂട്ട് മൂലയില്‍ ചാരി വെച്ചതിനു ശേഷം നേരത്തെ വെട്ടിയിട്ട വാഴ പൊളിച്ച് കാമ്പ് പുറത്തെടുത്ത് നാലു കഷണങ്ങളാക്കി. കൈക്കളന്‍ മുറ്റത്തെ തെങ്ങില്‍ കയറി തിരിയോല അരിഞ്ഞെടുക്കുകയും ഉണങ്ങിയ കവുങ്ങിന്‍ തണ്ടില്‍ നിന്നും പത്തോളം ചെറു കോലുകള്‍ ചെത്തിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് എണ്ണയില്‍ മുക്കിയ തിരശ്ശീല കവുങ്ങിന്‍ കമ്പുകളില്‍ ചുറ്റി ചതുരാകൃതിയില്‍ വെച്ച വാഴക്കാമ്പില്‍ കുത്തി വെച്ചു. തിരിയോല കൊണ്ടുണ്ടാക്കിയ രൂപം അതിന്‍റെ നടുക്കായി വെച്ചു. നിലവിളക്കില്‍ നിന്നും തീയെടുത്ത് തിരശ്ശീല ചുറ്റിയ കവുങ്ങിന്‍ കമ്പുകളിലേക്ക് പകര്‍ന്നു.

തുടര്‍ന്ന് ജോത്സ്യര്‍ എഴുതി കൊടുത്ത കുറിപ്പ് രാധാകൃഷ്ണന്‍ നായര്‍ ചെനിയനെ ഏല്‍പ്പിച്ചു.
കുറിപ്പ് വായിച്ചതിനു ശേഷം ചെനിയന്‍ ഉറക്കെ മണി മുട്ടി . ചുണ്ടനക്കി മന്ത്രിച്ചു. അരിയും, മഞ്ഞളും, പൂക്കളും തീ നാമ്പുകളിലേക്കെറിഞ്ഞു. അര മണിക്കൂര്‍ നേരത്തെ മാന്ത്രിക കര്‍മ്മങ്ങള്‍ക്കു ശേഷം മൂലയില്‍ ചാരി വെച്ച നാലു ചൂട്ടുകളെടുക്കാന്‍ കൈക്കളനോട് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു.

നാലു ചൂട്ടുകള്‍ക്കും തീ കൊടുത്തതിനു ശേഷം വെവ്വേറെ നാലു സ്ഥലങ്ങളിലായി വെച്ചു. തുടര്‍ന്ന് മഞ്ഞളും, ഭസ്മവും ചേര്‍ത്തുണ്ടാക്കിയ ഗുരിസ് വെള്ളത്തിലേക്ക് പൂവന്‍ കോഴിയെ അറുത്ത് ചോര ഉറ്റിച്ചു. കഴുത്തറത്ത കോഴിയെ ദൂരേക്കു വലിച്ചെറിഞ്ഞു. കോഴിയുടെ രക്തം ഉറ്റിച്ച ഗുരിസിന്‍ വെള്ളം രണ്ടു കൈ കൊണ്ട് നാലു പാടും ചിതറിച്ച് ഉരുളി കമിഴ്ത്തി.

അസുഖ ബാധിതനായ സുധിയെ ചെനിയന്‍റെ മുന്നിലേക്കു കൊണ്ടു വരാന്‍ ആംഗ്യത്തിലൂടെ കൈക്കളനോട് ആവശ്യപ്പെട്ടു. തന്‍റെ മുന്നിലെത്തിയ സുധിയുടെ തലയിലേക്ക് അരിയും, മഞ്ഞളും വാരി വിതറി.
നാലു ചൂട്ടുകള്‍ക്കും തീ പിടിച്ചു.

അത്ഭുതമെന്നെ പറയേണ്ടു നാലു ചൂട്ടുകളും തനിയെ പിടക്കുകയാണ്. പിടച്ച്, പിടച്ച് ചെനിയന്‍റെ അരികിലേക്കു വരുന്നു. കൈക്കളന്‍ മാറ്റി വെക്കുന്നു. പിന്നെയും ചൂട്ടുകള്‍ ചെനിയന്‍റെ അരികിലേക്കു പിടച്ചെത്തുന്നു. പല തവണ ഇതാവര്‍ത്തിച്ചു.

രാധാകൃഷ്ണന്‍ നായരുടെയും വീട്ടുകാരുടെയും കണ്ണുകള്‍ നിറഞ്ഞു. ചെനിയന്‍റെ മന്ത്ര ശക്തിക്കു മുന്നില്‍ കൈ കൂപ്പി. ഇതോടെ സുധിയുടെ അസുഖം പൂര്‍ണ്ണമായി മാറുമെന്ന് വിശ്വസിച്ചു.

പ്രേതത്തെ ആവാഹിച്ച കുടുക്ക വീടിന്‍റെ തെക്കെ മൂലയില്‍ കുഴിച്ചിടണമെന്ന് കൈക്കളന്‍ വീട്ടുകാരോട് പറഞ്ഞു.

മുക്കാല്‍ ഭാഗവും കത്തി തീര്‍ന്ന ചൂട്ട് കെടുത്തി കുറച്ചപ്പുറമുള്ള കുഴിയില്‍ കൊണ്ടിട്ടു.
ഇതുവരെയും സംസാരിക്കാതിരു ന്ന ചെനിയന്‍ രാധാകൃഷ്ണന്‍ നായരോടു പറഞ്ഞു. ഇനി ആ പ്രേതത്തിന്‍റെ ശല്യമുണ്ടാകില്ല. മോന്‍റെ അസുഖം തീര്‍ത്തും ഭേദമാകും. രാധാകൃഷ്ണന്‍ നായര്‍ നല്ലൊരു തുക ചെനിയന്‍റെ കൈയ്യില്‍ വെച്ചു കൊടുത്തു. ക്രിയക്കു ഉപയോഗിച്ച അരിയും, തേങ്ങയും, കഴുത്തറത്ത കോഴിയും മറ്റു സാധനങ്ങളും ഒരു ചാക്കില്‍ കെട്ടി ചെനിയനും, കൈക്കളനും തിരിച്ചു പോയി.

പിറ്റേന്നു പതിവ് പോലെ രാവിലെത്തന്നെ തൊടി ചുറ്റാൻ ഇറങ്ങിയ നവീനും അരുണും തലേന്നു കത്തിപ്പിടിച്ചു നിരങ്ങി നീങ്ങിയ ചൂട്ടുകൾ ഉപേക്ഷിച്ചിടത്തെത്തി. എന്തിലുമുണ്ടാവും അവർക്കു പെറുക്കാൻ ചിലത്
“എടാ … ഇത് നോക്ക് “. അരുണാണ് നവീനു കാണിച്ചു കൊടുത്തത് ഞണ്ടുകളുടേയും, തവളകളുടേയും കത്തി ബാക്കിയായ കൈ കാലുകള്‍ !
“പാവം!”
ചൂട്ടു കത്തിക്കുമ്പോ ചെനിയൻ ഇവയെ കണ്ടിട്ടുണ്ടാവില്ല …”
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു”

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like