പൂമുഖം LITERATUREലേഖനം സ്ത്രീകൾക്ക് മതങ്ങളൊരുക്കുന്ന ചതിക്കുഴികൾ

സ്ത്രീകൾക്ക് മതങ്ങളൊരുക്കുന്ന ചതിക്കുഴികൾ

രാഷ്ട്രീയക്കാരും മത മേലാളന്മാരും എന്ത് പറഞ്ഞാലും അതത്ര നിഷ്ക്കളങ്കമായിരിക്കില്ല. അതിന്റെ പുറകിൽ ഒരു അജണ്ടയുണ്ടായിരിക്കും, ലക്ഷ്യമുണ്ടായിരിക്കും. പലപ്പോഴും അത് ഭാവിയിലേക്കുള്ള നീട്ടിയേറുകളായിരിക്കും. പലതരം അധികാരത്തിന്റെയും വില പേശലിന്റെയും രാഷ്ട്രീയമാണത്. ഏറ്റവുമധികം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതും ഇവർ രണ്ടു കൂട്ടരും തമ്മിലാണ്.

ശബരിമല പോലെ കത്തിക്കയറുമോ എന്ന് ഭയപ്പെട്ട പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്
ജിഹാദ് കാഹളം പല ഭാഗത്ത് നിന്നും പ്രതിധ്വനികളുണ്ടായിട്ടും ( ചീറ്റിപ്പോയി എന്ന് പറയാൻ പറ്റില്ലെങ്കിലും) വേണ്ടത്ര വേരോടിയില്ല. വെള്ളാപ്പള്ളിയും വസ്തുതകളുമായി ഇടപെട്ടതോടെ അത് കാര്യമായി മുന്നോട്ട് പോയതുമില്ല. താമരശ്ശേരി അച്ചൻ തിരുത്തി തടിയൂരി. ബിജെപിയും ഒരു സുവർണ്ണാവസരമായി അതേറ്റെടുത്തില്ല. മോൺസൺ പ്രളയത്തിൽ എല്ലാം മുങ്ങിപ്പോയി . ബി.ജെ.പി. കൈവിട്ടതോടെ ആ വിവാദം ഞാൻ പിന്തുടർന്നില്ല . പക്ഷെ എല്ലാ വിഭാഗത്തിലും പെട്ട സാധാരണ സ്ത്രീകളോട് ഇതിന്റെ പശ്ചാത്തലത്തിൽ കുറച്ച് കാര്യങ്ങൾ പറയണമെന്ന് തോന്നി.

ബിഷപ്പായാലും, ഇമാമായാലും, സ്വാമിയായാലും, രാഷ്ട്രീയക്കാരായാലും അവർക്കാവശ്യമുള്ളിടത്ത് സ്ത്രീകളെ എടുത്തുപയോഗിച്ച്‌ അവരുടെ അധികാരവും സ്ഥാനമാനങ്ങളും, യജമാനത്തവും ഉറപ്പിക്കുകയാണ് പതിവ്. വളരെ ഗൗരവമായിത്തന്നെ പറയാനുള്ളത് ആണഹന്ത എന്നത് ഒരു നിസ്സാര കാര്യമല്ല. അത് ബിഷപ്പിനേപ്പോലെയുള്ളവർ മുതൽ നമ്മുടെയൊക്കെ വീടുകളിലെ പുരുഷന്മാർ വരെ ഉള്ളവർക്ക് അളവിലും തൂക്കത്തിലും ചെറിയ വ്യത്യാസങ്ങളോടെ പരമ്പരയായി കൈമാറിക്കിട്ടിയ, രക്തത്തിലലിഞ്ഞ ഒരു മനോഭാവമാണ്. ചില നല്ല മനുഷ്യർ തന്റെ ശരീരത്തിൽ നിന്നതിനെ എന്നെന്നേക്കുമായി കുടഞ്ഞു കളയുന്നു. ചിലർ അതിനെ അടക്കി നിർത്തി ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കുന്നു. ഭൂരിഭാഗവും അതൊരലങ്കാരമായി അഭിമാനമായി കൊണ്ടു നടക്കുന്നവരാണ്.

നമ്മൾ നേരിട്ട് കണ്ടിട്ടില്ലാത്ത ഇനിയും കാണാൻ കഴിയാത്ത ദൈവത്തിന്റെ പേരിൽ മണിമേടകൾ കെട്ടി സ്വർണ്ണം കൊണ്ടലങ്കരിച്ച്, അളവറ്റ പണം സമ്പാദിച്ച് അതിലിരുന്ന് സ്ത്രീകളേക്കാൾ കൂടുതലായി സ്ത്രീകളെക്കുറിച്ച് പറഞ്ഞും അവരുടെ സൗകര്യത്തിനനുസരിച്ച്‌ സ്ത്രീകൾക്കുള്ള ജീവിത രീതികളും മാർഗ്ഗരേഖകളും നിയന്ത്രണങ്ങളും പടച്ചുണ്ടാക്കിയും സുഖിച്ചിരിക്കുന്നവരാണ് പുരോഹിത വർഗ്ഗം.
നീതിമാനായ ദൈവം വിളിച്ചാൽ വിളി കേൾക്കുമെന്ന് ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ,ഈ ഇടനിലക്കാരില്ലാതെ, കോൺക്രീറ്റ് കെട്ടിടത്തിനകത്ത് പോയിരിക്കാതെ ദൈവം അത് കേൾക്കേണ്ടതാണ് . സ്ത്രീകളെ മാത്രം അച്ചടക്കം പഠിപ്പിക്കാനും കുട്ടികളെ അതേ രീതിയിൽ വാർത്തെടുക്കാനുമുള്ള സ്ഥാപനങ്ങൾ മാത്രമാണവ . അത്തരം സ്ഥാപനങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്നും സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനേക്കുറിച്ച് നിലപാടെടുക്കാനും തങ്ങൾ മതി എന്നും സ്ത്രീകൾക്ക് ഉറച്ചു സംസാരിക്കാൻ കഴിയുന്ന കാലം വരെ മാത്രമേ ഇതൊക്കെ നടക്കുകയുള്ളൂ . ദൈവം സ്നേഹമാണെന്നും, ദൈവം മനുഷ്യന്റെ ഹൃദയത്തിലേക്കാണ് നോക്കുന്നതെന്നും, അവനവന്റെ കർമ്മഫലമാണ് ദൈവം നൽകുന്നതെന്നും ഓരോ മതങ്ങളിലും പറഞ്ഞു വച്ചിട്ടുണ്ട്. വിശ്വാസികൾക്ക് അതിന്റെ അടിസ്ഥാനത്തിൽ ഇവരുടെയൊക്കെ സ്ഥാനം എന്തായിരിക്കണമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള വിവാദങ്ങളുണ്ടാകുമ്പോൾ പണ്ഡിതനായാലും ഇമാമായാലും സ്ത്രീ വിരുദ്ധത പറയുന്നതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് സ്ത്രീകൾ തന്നെയാവണം. ആ അവകാശം കൈവശം വയ്ക്കാൻ ആരെയും അനുവദിക്കരുത്. സ്ത്രീകളെ വശീകരിക്കുന്നു ,വഴിതെറ്റിക്കുന്നു ,ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിലുള്ള അപമാനപ്പെടുത്തലുകൾക്ക് നിന്നു കൊടുക്കാതെ ശക്തമായി പ്രതികരിക്കണം. ഇത്തരം വിവാദങ്ങൾ കൊണ്ട് സ്ത്രീകൾ സ്വന്തമായി നിലപാടില്ലാത്ത, മനുസ്മൃതി – ശരീഅത്ത് – ടെസ്‌റ്റാമെന്റ് നിയമങ്ങൾ പറയുന്നത് പോലെ , മറ്റുള്ളവരാൽ എപ്പോഴും സംരക്ഷിക്കപ്പെടേണ്ട ദുർബ്ബലരാണെന്ന സന്ദേശം ഉറപ്പിക്കപ്പെടുന്നു എന്ന് തിരിച്ചറിയണം .

ക്രിസ്ത്യൻ സഭകളിലെ ഒട്ടുമിക്ക സ്ത്രീകളും വിദേശങ്ങളിലേക്ക് ചേക്കേറുമ്പോൾ നാട്ടിൽ ശീലിച്ചിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവിക്കാനാണ് താൽപര്യപ്പെടുന്നതെന്നാണ് കേട്ടിട്ടുള്ളത്. അവധി ദിവസങ്ങളിൽ അവനവന്റെ സന്തോഷം കണ്ടെത്താനുള്ള സമയം മുഴുവൻ മതപരമായ ചടങ്ങുകൾ കവർന്നെടുക്കാൻ പുതു തലമുറ ആഗ്രഹിക്കുന്നില്ല. മതത്തിന്റെ രീതികളിൽ മാറ്റം വന്നില്ലെങ്കിൽ അതിന് നിലനിൽപ്പുണ്ടാകാതെ ക്ഷയിച്ചു പോകുക തന്നെ ചെയ്യും. (കേരളത്തിലത് ഒച്ചിഴയുന്ന വേഗത്തിലാണെന്നത് ചിന്തനീയമാണ് ) അതിനെതിരേയുള്ള മതാധികാരികളുടെ ചെറുത്ത് നിൽപ്പ് കൂടിയാണ് ഇത്തരം വിവാദങ്ങളും കോലാഹലങ്ങളും…

ലവ് ജിഹാദ് വിഷയത്തിൽ ക്രിസ്റ്റ്യൻ പെൺകുട്ടികൾ ഏതോ അമൂല്യ സ്വത്താണെന്നും അവരെ കിരാതന്മാരുടെ കൈകളിൽ നിന്ന് രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പറയുന്നവർ ,വിവാഹ മോചനത്തിന്റെയും ഗർഭ ഛിദ്രത്തിന്റെയും കാര്യം വരുമ്പോൾ മത നിയമങ്ങൾ പറഞ്ഞ് കടുംപിടുത്തം പിടിക്കുകയും, പരമ്പര വിപുലപ്പെടുത്താൻ പ്രസവിച്ച് കൂട്ടണമെന്ന്‌ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു .അങ്ങനെ ചെയ്യുമ്പോൾ പെണ്ണുങ്ങൾ വെറും ഉപകരണങ്ങൾ മാത്രമായി മാറുകയാണെന്ന് സ്ത്രീകളാണ്
തിരിച്ചറിയേണ്ടത് . കന്യാസ്ത്രീ മഠങ്ങളിലെ കൊടും ക്രൂരതകൾ പുറത്തു വരുമ്പോൾ ഒരു അച്ഛന്റേയും (പള്ളീലച്ചനല്ല) പിന്തുണയ്ക്ക് കാക്കാതെ ഒരമ്മയ്ക്കും മകൾക്കും തീരുമാനമെടുക്കാൻ കഴിയണം, തങ്ങൾ ആ വഴിക്കേ ഇല്ലെന്ന്!.

മേരിയെ മാതാവാക്കി ആരാധിക്കുമ്പോൾ തന്നെ സത്യത്തോടൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളെ കല്ലെറിയും. ലൂസി സിസ്റ്ററെയും ജെസ്മി സിസ്റ്ററെയും പോലെ തുറന്നു പറച്ചിലുകളിലൂടെ നേരിട്ട് യുദ്ധപ്രഖ്യാപനം നടത്തുന്ന പുരോഹിതന്മാരുണ്ടാവില്ല. പകരം അവർ എല്ലാ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളും ഒളിപ്പിച്ചു വയ്ക്കുകയും നിഷേധിക്കുകയുമാണ് പതിവ്. അവരെ ഒളിപ്പിക്കാൻ സഹായിക്കുകയാണ് മറ്റുള്ളവരും ചെയ്യുന്നത്. പലപ്പോഴും അതിന് വേണ്ടി മുമ്പിൽ നിർത്തുന്നത്‌ സ്ത്രീകളെ തന്നെയാണ്. ലൂസി സിസ്റ്ററെ റോമിൽ നിന്ന് വരെ തള്ളിപ്പറയുമ്പോൾ ഫ്രാങ്കോ മുളയ്ക്കലിനെപ്പോലുള്ള പുരോഹിതന്മാരെ സംരക്ഷിക്കും . ആണിനും പെണ്ണിനും ലൈംഗികതയും വിരക്തിയും ഭക്തിയായി മാറുന്ന സമയങ്ങളുമുണ്ട്. അങ്ങിനെയുള്ളവരെ ശരിക്കും പേടിയ്ക്കണം. ഇടവകയിലായാലും മഹല്ലിലായാലും ആശ്രമങ്ങളിലായാലും സ്ത്രീകൾക്കെന്നും അടിമത്തമാണ് ഇവർ എഴുതി വെച്ചിട്ടുള്ളത്. ഇത്രയൊക്കെയായിട്ടും നമ്മുടെ സ്ത്രീകളുടെ തലയിൽ വെളിച്ചം കേറാത്തത്ര അന്ധകാരം മത പഠനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും നിരന്തരം ബ്രയിൻ വാഷ് ചെയ്ത് കാലങ്ങളായി നിറച്ചു വച്ചിട്ടുണ്ട് .

ഒരു കന്യാസ്ത്രീ പറയുന്ന കാര്യത്തിനോട് ബിഷപ്പിനു അഭിപ്രായ ഐക്യം ഉണ്ടെങ്കിൽക്കൂടി അയാളിലെ പുരുഷൻ അതിനെ എതിർക്കും. അത്തരം രാഷ്ട്രീയങ്ങളും കരുനീക്കങ്ങളും ആണുങ്ങൾക്കുള്ളതാണെന്ന ആണധികാര മനോഭാവമാണത്. രാഷ്ട്രീയത്തിലായാലും അത് തന്നെയാണ് സംഭവിക്കുന്നത്. ആനി രാജ പറഞ്ഞത് ഡി.രാജയോ കാനമോ പറഞ്ഞാൽ ഇത്രയും എതിർപ്പുകൾ നേരിടേണ്ടി വരില്ല.

അറേബ്യൻ രാജ്യങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ മതം വിട്ടു മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നവർ സ്ത്രീകളാണത്രെ. ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോഴുണ്ടാകുന്ന വിസ്മയങ്ങളാണിവയൊക്കെ . അല്ലാതെ സ്ത്രീകളെ പൂട്ടിയിട്ട് തോക്കെടുത്ത് വെടിവെയ്ക്കുന്നതല്ല വിസ്മയം.

രണ്ടു ദിവസം മുമ്പൊരു വാർത്ത കണ്ടു. ഒരു വിദേശ യുവതി ഓൺലൈനിൽ ബീജം വാങ്ങി യൂ ട്യൂബ് നോക്കി പ്രോസസ്സ് ചെയ്തു ഗർഭിണിയായി പ്രസവിച്ചു എന്ന്!! അപ്പോൾ ചിന്തിച്ചത് നമ്മുടെ നാട്ടിലെപ്പോലെ സ്ത്രീധന പീഡന മരണങ്ങളില്ലാതെ, അടിമപ്പണിയെടുക്കാതെ കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നതും സ്ത്രീകൾക്ക് ഒരു സാധ്യതയായിക്കഴിഞ്ഞല്ലോ എന്നാണ് .

മുസ്ലീം സ്ത്രീകളുടെ കാര്യം പറഞ്ഞാൽ തീരില്ല. മതം കൊണ്ട് ഏറ്റവുമധികം അടിമത്തം അനുഭവിക്കുന്ന വിഭാഗങ്ങളാണവർ. മുസ്ലീം സ്ത്രീകളുടെ ജീവിതവും വസ്ത്രധാരണം പോലും പുരുഷന്മാരാണ് തീരുമാനിക്കുന്നതെന്ന് പറയുന്നവരോട് ഒരുപാട് ന്യായങ്ങൾ അതിനെ അനുകൂലിക്കുന്ന സ്ത്രീകൾ നിരത്തുന്നുണ്ട്. അത് കേൾക്കുമ്പോൾ എനിയ്ക്ക് ചിരിവരും. കാരണം. അവർ ഇപ്പോൾ ചെയ്യുന്നതൊന്നും ഇവരുടെ നിയമത്തിൽ ഇസ്ലാമികമല്ല. പിന്നെ കേരളം പോലൊരു സ്ഥലത്ത് ചെറിയ പുരോഗമന ഔദാര്യമെന്ന നിലയിലും, ഇതെല്ലാം മുസ്ലീം പുരുഷന് ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളായത് കൊണ്ടും കണ്ണടച്ചു കൊടുക്കുന്നതാണ്. സിനിമ, സോഷ്യൽ മീഡിയ, ഇംഗ്ലീഷ് വിദ്യാഭ്യാസം, പർദ്ദയൊഴിച്ചുള്ള വസ്ത്രങ്ങൾ, സ്ത്രീകൾ അന്യ പുരുഷന്മാരുടെ മുന്നിൽ നിൽക്കൽ എല്ലാം നിഷിദ്ധമാണ്. പർദ്ദയും നിക്കാബും(മുഖാവരണം) ധരിച്ചാലും മധുരമായ സ്വരം പോലും മറ്റുള്ള പുരുഷന്മാരെ കേൾപ്പിക്കരുത് എന്നൊക്കെയാണ് നിയമങ്ങൾ. അതിനർത്ഥം സ്ത്രീകൾക്ക് മുറിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്ന് തന്നെയാണ്. അതാണ് താലിബാൻ അഫ്ഗാനിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് .

ലീഗിലെ എം എസ് എഫിന്റെ സ്ത്രീ സംഘടനയായ ഹരിതയെ സംബന്ധിച്ച വിവാദത്തിൽ ഒരു ചാനൽ ചർച്ചയിൽ അബ്ദുറഹിമാൻ രണ്ടത്താണിയുടേതും, നടി ആക്രമിക്കപ്പെട്ട കേസിൽ മോഹൻ ലാലിന്റേതും ഒരേ സ്വരമായിരുന്നു. “അവർ ഞങ്ങളുടെ സഹോദരിമാരാണ്”. പക്ഷെ തങ്ങൾ വേട്ടക്കാർക്കൊപ്പവുമാണ് എന്നാണത്
ഈ രണ്ടു സംഭവങ്ങളിലും പെൺകുട്ടികൾ നിയമപരമായി മുമ്പോട്ട് പോകാൻ എടുത്ത തീരുമാനം വളരെ അഭിനന്ദനാർഹമാണ് .

ഫാത്തിമാ തഹ്ലിയ നിയമസഭയിൽ സ്ത്രീകൾ വരുന്നതിനേക്കാളും തീരുമാനങ്ങൾ എടുക്കേണ്ടിടത്ത് സ്ത്രീകൾ വരണം എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയുന്നുണ്ട്. മതഗ്രന്ഥത്തിൽ പറയാത്തത് പോലും ചേർത്ത് പുരുഷൻ കല്പിച്ചു കൊടുത്ത വേഷത്തിലും വിശ്വാസത്തിലും നടക്കുന്നവർക്ക് ഒരു ആധുനിക സമൂഹത്തിൽ സ്ത്രീ സ്വാതന്ത്ര്യം എത്രത്തോളം നിറവേറ്റിക്കൊടുക്കാൻ കഴിയും? അത് പറയാൻ കാരണം, ഇവർ തന്നെ MES ന്റെ നിക്കാബ് വിവാദം വന്നപ്പോൾ ഒരു ചർച്ചയിൽ നിക്കാബിടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നുണ്ട് എന്നതാണ് . തീരുമാനങ്ങളെടുക്കുമ്പോൾ, നിയമങ്ങൾ കൊണ്ടു വരുമ്പോൾ അത് സമഗ്രമായിരിക്കണം. മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് ഒരു സ്ത്രീയ്ക്ക് മതേതര സമൂഹം കൂടി ഉൾപ്പെടുന്നിടത്ത് സോഷ്യൽ കമ്മിറ്റ്മെന്റ് നീതിപൂർവ്വം നിർവ്വഹിക്കാനാവില്ല. ലീഗിന്റെ ആശയം ശക്തമാണ്, സി എഛ് ന്റെ സ്വപ്നങ്ങളാണ് എന്നൊക്കെ പറയുമ്പോഴും സിഎഛ് ന്റെ മകൻ മുനീർ പോലും ഇവരെ തള്ളിപ്പറയുന്ന ആൺകോയ്മാ പ്രസ്ഥാനത്തിൽ ഒരിയ്ക്കലും ഈ ആശയം കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നൂർബിന റഷീദ് അത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലീം സ്ത്രീകൾ പൊതുവായ തൊഴിലിടങ്ങളിൽ വളരെ കുറവാണെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ലീഗിന്റെ ഒരു പൊതു വേദിയിൽ “വേശ്യകൾക്കും വിശദീകരണങ്ങളുണ്ടാകും”
എന്ന് പരസ്യമായി പറഞ്ഞയാളുൾപ്പെടുന്ന നേതൃത്വത്തിലൊരാളെപ്പോലും ഇനി വേദനിപ്പിക്കില്ല എന്ന് പുതിയ ഹരിത സഹോദരിമാർ സത്യം ചെയ്തിട്ടുണ്ട്. അതായത് ഷാജിക്കും കുഞ്ഞാലിക്കുട്ടിക്കും തങ്ങൻമാർക്കുമിടയിലെ ശീതസമരങ്ങളിൽ ചില അമ്പുകളെയ്യാനുള്ള കളിപ്പാവകൾ മാത്രമാണ് നേതൃത്വത്തിന് ഇവർ. നൂർബിനാ റഷീദിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘ഭർത്താവിനേയും മക്കളേയും നോക്കേണ്ട സമയങ്ങൾ ഇത്ര ബുദ്ധിമുട്ടി ഇതിന് വേണ്ടി കളയുന്നതെന്തിനാണ് ?’ എന്താണ് പൊതു സമൂഹത്തിന്, പോട്ടെ സ്വന്തം സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് ഇവരേക്കൊണ്ടൊക്കെ ചെയ്യാൻ കഴിയുക?.
മാതാവിന്റെ കാലടികളിലാണ് സ്വർഗ്ഗം എന്നൊക്കെപ്പറഞ്ഞ് ചില സ്ഥലത്ത് സ്ത്രീയെ ഉയർത്തി വയ്ക്കുന്നുണ്ട്. എന്നിട്ട് പ്രസവവേദന വന്നു പുളയുമ്പോഴും പുരുഷന് ഭോഗിയ്ക്കാൻ നിന്നു കൊടുക്കണമെന്ന സ്ത്രീ വിരുദ്ധത പ്രഭാഷണമെന്ന പേരിൽ പരസ്യമായി പറയുന്നതിന് യാതൊരു മടിയില്ലതാനും .എന്ത് കൊണ്ട് സ്ത്രീകൾ ഇത്രയും ക്രൂരമായ വാക്കുകളെപ്പോലും പരസ്യമായി എതിർക്കുന്നില്ല? വിശ്വാസികളെ സംബന്ധിച്ച് , കാരുണ്യവാനും കരുണാനിധിയുമായ ദൈവവും പ്രവാചകനും അത്ര കടുത്ത ക്രൂരതയ്ക്ക് കൂട്ടുനിൽക്കാൻ പാടുണ്ടൊ? യൂട്യൂബ് വന്നതിന് ശേഷം മുട്ടയിൽ നിന്ന് വിരിയാത്ത കുട്ടികൾ വരെ മതാന്ധൻമാരായ പണ്ഡിതന്മാരാണ്. ഇതെല്ലാം നിയമം മൂലം നിരോധിക്കേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു.

ഏതോ ഉസ്താദിന്റെ മകന്റെ പെണ്ണില്ലാ കല്യാണ വീഡിയോ കണ്ടു. കുറേ പുരുഷന്മാർ മാത്രം ആഡംബരങ്ങളിൽ നീന്തിത്തുടിയ്ക്കുന്ന ചിത്രം! അവർക്ക് സ്ത്രീ മൂടിപ്പൊതിഞ്ഞ് വേലി കെട്ടി കൃഷിചെയ്യാനുള്ള ഒരു ഇടം മാത്രമാണ്. അതിന് നിന്ന് കൊടുക്കരുതെന്ന് സ്ത്രീകൾ തന്നെയാണ് തീരുമാനിക്കേണ്ടത് .

മുസ്ലീം സ്ത്രീകൾക്കിടയിലുണ്ടായ വിദ്യാഭ്യാസ പുരോഗതിയെ പുറകോട്ടടിപ്പിക്കുന്ന തരം മുസ്ലിം സ്കൂളുകൾ കേരളത്തിലെങ്ങും ഇപ്പോൾ മുളച്ചു പൊന്തുന്നുണ്ട്. എൽ കെ. ജി കുട്ടികളേപ്പോലും
പർദ്ദ യൂണിഫോം ധരിപ്പിക്കുന്ന സ്കൂളുകൾ. ഭയപ്പെടുത്തുന്ന പ്രവണതയാണിത്.
മത
വിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും കൂട്ടിക്കുഴയ്ക്കാൻ പാടില്ലെന്ന നിയമം കൊണ്ടുവരേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസത്തിൽ കുറേക്കൂടി ശക്തമായ ശാസ്ത്ര പഠനവും മാനസികാരോഗ്യ പഠനവും ഉൾപ്പെടുത്തേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ തീരാത്ത ദുരിതങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ മുസ്ലിം സ്ത്രീകൾ തന്നെ ശ്രമിയ്ക്കണം. എല്ലാവരും മതം വിട്ട് പുറത്ത് വരണമെന്നൊന്നുമല്ല പറയുന്നത്. മതത്തിന്റെ പേരിൽ സ്ത്രീകളോട് പൗരോഹിത്യ വർഗ്ഗവും പുരുഷന്മാരും ചേർന്ന് ചെയ്യുന്ന ചതി മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. അതിന് വേണ്ടി നിങ്ങൾ കയ്യിലുള്ള ഫോണിലെങ്കിലും തിരയുക, അറിവുള്ളവരോട് സംസാരിക്കുക, സത്യം തിരിച്ചറിയുക.

ഹിന്ദു സ്ത്രീകളുടെ പിൻനടത്തം ഏറ്റവും വേഗതയാർജിച്ച കാലം ഇതാണ് . അവർ സ്വന്തം ശരീരത്തെ തീർത്തും വൃത്തികെട്ടതായി കണ്ടത് ശബരിമല വിവാദ കാലത്താണ് . കുലസ്ത്രീ പട്ടം നിലനിർത്താൻ വേണ്ടി ദേഹ പരിശോധനക്കും, പോലീസ് ബാരിക്കേഡിന്റെ പുറത്ത് കയറാനും സ്ത്രീകൾ തയ്യാറായി . വിശ്വാസം ഭ്രാന്തായി മാറിയ കാലം. അശുദ്ധിയുടെ പേരിൽ പണ്ടത്തെ സ്ത്രീകളനുഭവിച്ച യാതനകളിൽ നിന്ന് പുതിയ തലമുറയെങ്കിലും മുക്തമാകട്ടേയെന്ന് ചിന്തിക്കുന്നതിന് പകരം അതെല്ലാം പൊടി തട്ടിയെടുത്ത് പതിവാക്കുകയാണ് സ്ത്രീകൾ ചെയ്തത്. അവരെ നയിച്ചിരുന്ന നേതാക്കൾക്ക് വിശ്വാസത്തിന്റെ ഭാഗമായി പവിത്രമായിക്കാണുന്ന ഇരുമുടിക്കെട്ട് നിലത്തെറിയാൻ യാതൊരു മടിയുമുണ്ടായില്ല. തന്ത്രിമാരെ സ്വാധീനിച്ചും മറ്റും സ്ത്രീകൾ അതിന് മുമ്പും മല കയറിയിട്ടുണ്ട്. അവരെയൊന്നും ആചാര ലംഘനം പറഞ്ഞ് തന്ത്രിമാർ വിലക്കിയിട്ടില്ല. അന്നൊന്നുമില്ലാത്ത അശുദ്ധി പെട്ടെന്നൊരു ദിവസം കാടിളക്കി വന്നു. പുരുഷന്മാരുടെ ബ്രഹ്മചര്യം, വ്രതശുദ്ധി, തുടങ്ങിയ പ്രത്യേക തരം ഭക്തി പ്രചാരണങ്ങളിലൂടെ അന്യ സംസ്ഥാനങ്ങളിൽ നിന്നു കൂടി അളവറ്റ വരുമാനം കുമിഞ്ഞു കൂടുന്ന ഒരിടത്ത് അതിന് ഭംഗം വരാതിരിക്കാൻ സ്ത്രീകളെ തേങ്ങയെറിഞ്ഞു കൊല്ലാൻ വരെ തയ്യാറായി . അതെ സമയം സ്ത്രീകൾക്ക് മാത്രമായുള്ള പൊങ്കാല നിയന്ത്രിക്കുന്നതും കാർമ്മികത്വം വഹിക്കുന്നതും പുരുഷന്മാരാണ് . ഇതിലൊക്കെയുള്ള വൈരുദ്ധ്യമെങ്കിലും അശുദ്ധിയുടെ പേരിൽ ചാടിയിറങ്ങുന്നതിന് മുമ്പ് സ്ത്രീകളൊന്ന് ഓർത്തിരുന്നെങ്കിൽ! ഒരു ദലിത് സ്ത്രീയായ അമൃതാനന്ദമയിയെ ദൈവമാക്കി വച്ചിരിക്കുന്നത് വരുമാനത്തിന്റെ പേരിൽ മാത്രമാണ്. അവരുടെ ചുറ്റിലും നിന്ന് ഭരണം നിയന്ത്രിക്കുന്നത് മുഴുവനും പുരുഷന്മാരാണ്.

ഇത്രയും നേരം പറഞ്ഞത് ആണഹന്തയും പണവും കൊണ്ട് ആഡംബരമായി , ആഘോഷമായി ജീവിയ്ക്കാൻ എല്ലാ വിഭാഗത്തിൽപ്പെട്ട മത മേലാളന്മാരും സ്ത്രീകളെ കരുവാക്കുകയാണ് എന്നാണ് . ഈ ലോകത്തെ അവരുടെ ജീവിതാസ്വാദനത്തിന് തടസ്സം വരാതിരിക്കാൻ, പരലോക ജീവിതം പറഞ്ഞു പേടിപ്പിച്ച് സ്ത്രീകളെ നിലയ്ക്കു നിർത്താൻ അവർ ദൈവത്തിന്റെ പേരിൽ സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന നിയമങ്ങളാണിതെല്ലാം. അന്ധവിശ്വാസങ്ങളിൽ നിന്ന് പുറത്ത് കടന്ന് തെളിഞ്ഞ ബുദ്ധിയിൽ ചിന്തിച്ച് ആകെയുള്ള ഒരു ജീവിതം ഇത്തരം വിവാദങ്ങൾക്കൊന്നും വിട്ടു കൊടുക്കാതെ ആയാസരഹിതമാക്കുക എന്നേ സ്ത്രീകളോട്
പറയാനുള്ളൂ.

ഏതു മതങ്ങളിൽപ്പെട്ടവരായാലും പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുക. ഈ കോലാഹലങ്ങളൊന്നും സ്ത്രീകൾക്ക് വേണ്ടിയല്ല. പുരുഷന്മാരുടെ സ്വതന്ത്രമായ നിലനിൽപ്പിന് വേണ്ടി മാത്രമാണ് എന്ന് മനസ്സിലാക്കിപ്പിക്കുക . വിവാഹ ശേഷം ജീവിതം മരണം വരെ ദുസ്സഹമാകാതിരിക്കാൻ വിവാഹാലോചന സമയത്ത് ചെറുക്കന്റെ സൗന്ദര്യവും കുലവും ആസ്തിയും നോക്കി അതിനേക്കാൾ കൂടുതൽ സ്വർണ്ണവും പണവും അവന് കൊടുക്കുന്നതിന് പകരം അവനും വീട്ടുകാരും മനസികാസ്വാസ്ഥ്യമോ , പെരുമാറ്റ വൈകല്യമോ ഉള്ളവരാണോ എന്നിങ്ങനെയുള്ള ശാസ്ത്രീയമായ കാര്യങ്ങൾ നോക്കുക.

യുവതികളോട് : നിർബന്ധമായും സ്വന്തം കാലിൽ നിൽക്കുക. വിവാഹ ബന്ധങ്ങൾ മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ലെങ്കിൽ തിരിഞ്ഞു നോക്കാതെ വിട്ടിട്ട് മുമ്പോട്ട് പോവുക. സ്വന്തമായി വരുമാനമുണ്ടെങ്കിൽ സ്വാതന്ത്ര്യം നിങ്ങളുടെ കൺമുമ്പിൽ തന്നെയുണ്ട്. അവനവന്റെ സന്തോഷം ഒരു പണ്ഡിതനേയും പണ്ടാരങ്ങളേയും ഏൽപ്പിക്കാതെ , ആദ്യം സ്വയം കണ്ടെത്തുക .

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like