പൂമുഖം LITERATUREകഥ ലക്ഷ്മണ

‘സുയോധനപുത്രി ലക്ഷ്മണകുമാരിയെ തിരിച്ചറിഞ്ഞിട്ടാകണം ബലകൻ പ്രവേശനകവാടത്തിൽ നിന്നും ഒഴിഞ്ഞു നിന്നത്. ശകുനിയുടെ ദൗഹിത്രിയെ തടയുവാൻ മാത്രം വിഡ്ഢിയല്ല അംഗരക്ഷകൻ.

ശിബിരത്തിന്റെ നടുവിലായി കിടന്നിരുന്ന മഞ്ചത്തിൽ നിവർത്തിയിട്ടിരിക്കുന്ന മഞ്ഞ പട്ടുവസ്ത്രത്തിലും, അതിനുള്ളിൽ ശാന്തമായിരിക്കുന്ന പകിടകളിലുമാണ് കണ്ണുകൾ ചെന്നെത്തിയത്. ഗാന്ധാരനരേശന്റെ കൈകൾക്കുള്ളിൽ മാത്രം കണ്ടിരുന്ന പകിടകൾ സ്വതന്ത്രമായിരിക്കുന്ന കാഴ്ചയിൽ അഭിരമിക്കുവാൻ മനസ്സിനാകുന്നില്ല.

മരണം മണക്കുന്ന ശിബിരത്തിനുള്ളിൽ ചിതറിക്കിടക്കുന്ന ആയുധങ്ങൾക്കിടയിലായി മുത്തച്ഛൻ നിൽക്കുന്നു. ജാലകത്തിലൂടെ യുദ്ധഭൂമി നോക്കി നിൽക്കുന്ന അദ്ദേഹത്തിന്റെ മുഖത്തേക്ക് തിരശീലകൾ പരന്നൊഴുകി കിടക്കുന്നത് അറിയുന്നില്ലെന്നുണ്ടോ.

ഇരുളിലും, കൊടുങ്കാറ്റിലും പോലും പദചലനങ്ങൾ തിരിച്ചറിയാൻ കഴിവുള്ള ഗാന്ധാരപതി തീർച്ചയായും ദൗഹിത്രിയുടെ വരവ് അറിഞ്ഞിട്ടുണ്ടാകും.

ദേഹിയായി കൊണ്ടുനടക്കുന്ന പകിടകൾ പട്ടിൽപൊതിഞ്ഞു വെയ്ക്കുവാൻ കാരണമെന്താകും.

മാതാവിന്റെ ഭയങ്ങളും സങ്കടങ്ങളും സഹിക്കുവാൻ കഴിയാതെയാണ് യുദ്ധഭൂമിയിലേക്ക് വന്നത്. പുരുഷന്മാരുടെ അധികാരമത്സരത്തിൽ സ്ത്രീകൾക്ക് സ്ഥാനമില്ലെങ്കിലും നഷ്ടങ്ങൾ മുഴുവൻ അനുഭവിക്കേണ്ടത് സ്ത്രീകൾ മാത്രമാണ്.

കുരുവംശത്തിന്റെ അന്തഃപുരങ്ങൾ വിധവകളെ കൊണ്ടു നിറയ്ക്കുകയാണവർ. കൊന്നും കൊല്ലിച്ചും മുന്നേറുന്നവർ നിരാലംബരായി പോകുന്ന ജീവിതങ്ങൾ കാണുന്നുണ്ടാകുമോ..

ദൗഹിത്രി..അത് നിനക്കുള്ളതാണ്.

ചിന്തകളെ പകുതിയിൽ മുറിച്ചുകൊണ്ട് മുന്നിലേക്ക് കയറി വന്ന മുത്തച്ഛൻ പകിടകളിലേക്ക് വിരൽ ചൂണ്ടി.

മുത്തച്ഛാ, അങ്ങയുടെ ദേഹിയെ പകുതിയിൽ ഉപേക്ഷിക്കുകയാണോ?

കുമാരി, പകിടകളിൽ കുടിയിരിക്കുന്നത് എന്റെ ദേഹിയല്ല, ഗാന്ധാരമഹാരാജാവായിരുന്ന സുബലന്റെ ആത്മാവാണ്.

ജീവനേക്കാൾ പ്രിയമേറിയ പകിടകൾ ദാനം ചെയ്യുവാൻ മാത്രം എന്താണ് സംഭവിച്ചത്?

ഗാന്ധാരപതിയ്ക്ക് ജയിക്കുവാൻ ഇനിയൊന്നും ബാക്കിയില്ല. ഇനി ആ പകിടകളുടെ അവകാശി സുയോധനപുത്രി മാത്രമാണ്.
ദൗഹിത്രിക്ക് ചൂതിൽ കമ്പമില്ലെന്ന് മുത്തച്ഛനറിയില്ലേ?

ആ പകിടകൾ ദ്വാരകയിലേക്ക് കൊണ്ടുപോകുക.. വൃഷ്ണികൾക്കുള്ള ഗാന്ധാര പ്രജാപതിയുടെ സമ്മാനമാണത്.

ഗാന്ധാരപ്രജാപതിയുടെ ദൗഹിത്രിയെ സ്വയംവരമണ്ഡപത്തിൽ അപമാനിച്ചവർക്കോ? ഏകപത്‌നീവ്രതനായ സുയോധനന്റെ പ്രിയപുത്രിയെ സ്ത്രീജിതനായ സാംബന്റെ അടിമയാക്കിയവർക്കോ? സുരപാനവും, പരസ്ത്രീസംഗമവും ആചാരമാക്കിയവർക്കോ? അവർക്ക് സമ്മാനിക്കുവാനുള്ളതാണോ സുബലമഹാരാജാവിന്റെ ഉയിരുറങ്ങുന്ന പകിടകൾ?

ഇനിയൊരു കർമ്മം മാത്രമേ ബാക്കിയുള്ളൂ. ലക്ഷ്മണയുടെ കണ്ണുനീർ വീഴുന്ന ദ്വാരകാപുരിയുടെ ശുദ്ധീകരണം. അതിനായി പകിടകൾ സ്വീകരിക്കണം. കുമാരിയുടെ രക്ഷയും സാംബന്റെ കുലത്തിനുള്ള ശിക്ഷയും പകിടകൾ നിർവ്വഹിക്കും.

മാതാവിന്റെ സങ്കടങ്ങൾക്ക് പരിഹാരം തേടിയാണ് വന്നത്. എന്റെ കഷ്ടങ്ങൾ അനുഭവിക്കുവാൻ ഞാൻ ശക്തയാണ്. ഈ പകിടകൾക്ക് ഗാന്ധാരരാജന്റെ മാനസപുത്രി ഭാനുമതിയുടെ വ്യഥകൾ തീർക്കുവാനുള്ള ശേഷിയുണ്ടോ?.

കലിംഗപുത്രിയുടെ കണ്ണുനീർ ഗാന്ധാരപതിയുടെ ജീവിതമാണ്. മുടന്തന്റെ ഭൂതകാലമാണ്.അതിനുള്ള പരിഹാരമാണ് ശകുനി കുരുക്ഷേത്രത്തിൽ തിരഞ്ഞു കൊണ്ടിരിക്കുന്നത്.

കബന്ധങ്ങൾ നിറയുന്ന കുരുക്ഷേത്രമല്ലേ മുത്തച്ഛൻ തിരഞ്ഞത്? കണ്ണുനീർ വറ്റാത്ത കുരുവംശ സ്ത്രീകളെയല്ലേ ഗാന്ധാരപതി കാണാനാഗ്രഹിച്ചത്? കുലനാശം വന്ന ഹസ്തിനപുരം സൃഷ്ടിക്കുവാനല്ലേ പകിടകൾ ആയുധമാക്കിയത്?

അതെ കുമാരി. കുലനാശം വന്ന കുരുവംശം. ഗാന്ധാരത്തിന്റെ വ്രതമാണത്.

ഗാന്ധാരപതേ, വ്രതമാചരിക്കുവാൻ മാനസപുത്രിയുടെ കണ്ണുനീർ തന്നെ വേണമായിരുന്നോ?.

ഭാനുമതി?

ഇല്ല, മാതാവിന് ഒന്നും അറിയില്ല. യുവരാജാവ് ധർമ്മപത്നിയോട് ഗാന്ധാരത്തിന്റെ പകയുടെ കഥ പറഞ്ഞിട്ടില്ല. ഗാന്ധാരത്തിന്റെ പ്രതികാരം അനുഭവിക്കുവാനുള്ള നിയോഗം അദ്ദേഹം അറിഞ്ഞു കൊണ്ട് സ്വീകരിക്കുകയായിരുന്നു.

കുമാരൻ അങ്ങനെയൊന്നും……

അന്ധനായ പിതാവിന്റെ ദുഷ്ടവൃത്തിയ്ക്ക് പരിഹാരം തേടുകയാണ് അദ്ദേഹം. ഒപ്പം മാതുലന്റയും, മാതാവിന്റെയും, ഗാന്ധാരത്തിന്റെയും കണ്ണുനീരിനും നിലവിളികൾക്കും പ്രായശ്ചിത്തമായി സ്വജീവൻ ദാനം ചെയ്യുകയാണ്. വൈഹിന്ദിനായി പക വീട്ടേണ്ടത് ഗാന്ധാരിതനയന്റെ കൂടി കടമയല്ലേ?

സുബലന്റെ ദൗഹിത്രൻ ആയുധമെടുത്തത് സഹോദരങ്ങളെയും പുത്രനെയും പ്രജകളെയും ഇരകളാക്കിയത് അറിഞ്ഞു കൊണ്ടായിരുന്നുവല്ലേ? ഗാന്ധാരത്തിന്റെ വിധി ആവർത്തിക്കുന്നുവല്ലോ!

ഗാന്ധാരത്തിന്റെ പക ആവർത്തിക്കില്ല, കുരുവംശത്തിൽ നിന്നാരും പ്രതികാരവുമായി വൈഹിന്ദിലേക്ക് വരില്ല. എല്ലാം കുരുക്ഷേത്രത്തോടെ അവസാനിക്കും. ജീവനെടുക്കുന്നതും, അനാഥരാക്കുന്നതും, കണ്ണുനീർ വീഴ്‌ത്തുന്നതുമായ കണക്കുകൾ ഇനിയുണ്ടാകില്ല.

കുമാരി..

അല്ലയോ ഗാന്ധാരരാജാ പകയും പ്രതികാരവും കൊണ്ട് അങ്ങെന്താണ് നേടിയത്? നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കണ്ണുനീരല്ലാതെ…

കുരുവംശത്തിന്റെ തായ്‌വേരറുത്തിട്ട് മടങ്ങണമെന്നാണ് കരുതിയത്, ഇനിയതുണ്ടാകില്ല. ശകുനിയുടെ പാപങ്ങളുടെ കറ കുരുക്ഷേത്രം ഏറ്റുവാങ്ങട്ടെ.

അങ്ങെത്രയും പ്രിയപ്പെട്ടവനായിരുന്നു. ലക്ഷ്മണകുമാരൻ അങ്ങയുടെ ആരാധകനായിരുന്നു. രാജമാതാവ് പറഞ്ഞിരുന്ന കഥകളിലെ ഗാന്ധാരപതി അത്ഭുതപ്പെടുത്തുന്ന പോരാളിയും ഭാവനാസമ്പന്നനായ കാവ്യകാരനുമായിരുന്നു. പുത്രവിയോഗത്താൽ മനം തകർന്നപ്പോഴും നിശ്ശബ്ദനായിരുന്ന യുവരാജാവിന് അംഗരാജാവിന്റെ പതനം താങ്ങാനായില്ല. അങ്ങനെയാണ് മുത്തച്ഛനെ ലക്ഷ്മണയറിഞ്ഞത്.

ദൗഹിത്രി, മടങ്ങിപ്പോകുക.

മറുപടി കാക്കാതെ അദ്ദേഹം ശിബിരം വിട്ടിറങ്ങി, സംവാദത്തിനിടയിൽ മാതാവ് ആവശ്യപ്പെട്ട വരം ചോദിക്കുവാൻ കഴിഞ്ഞില്ല. സാരമില്ല കലിംഗപുത്രിയുടെ വിധി തടയുവാൻ ശേഷിയുള്ള അവതാരങ്ങളൊന്നും ഹസ്തിനപുരത്തില്ലെന്ന് മാതാവ് സമാധാനിച്ചോളും.

അദ്ദേഹത്തിന്റെ സമ്മാനം സ്വീകരിക്കാം. ദ്വാരകയുടെ വിധി അതാകും. സാവധാനം മഞ്ചത്തിനരുകിലെത്തി, ഉയിരുള്ള പകിടകൾ കൈയിലെടുത്തു.

മഞ്ഞ പട്ടുവസ്ത്രത്തിന്റെ ആവരണമില്ലാത്ത പകിടകൾ സുയോധനപുത്രിയുടെ കൈക്കുമ്പിളിലിരുന്ന് വിശ്വരൂപം പൂകുവാനൊരുങ്ങി.

വര : പ്രസാദ് കുമാർ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like