പൂമുഖം LITERATUREലേഖനം സ്റ്റാലിനിസം: സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനുമപ്പുറം-ഭാഗം 2

സ്റ്റാലിനിസം: സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനുമപ്പുറം-ഭാഗം 2

പിന്നീടു പാർട്ടി പ്രോപ്പഗാൻഡ കൂടുതൽ രൂക്ഷമായി. വീട്ടിനകത്തേക്ക് പാർട്ടിയംഗങ്ങൾ നേരവും കാലവുമില്ലാതെ കയറിയിറങ്ങി. പൊതുജനങ്ങളെപ്പങ്കെടുപ്പിച്ചു നടത്തുന്ന പാർട്ടി മീറ്റിംഗുകൾ നിർബ്ബന്ധിതവും കൂടുതൽക്കൂടുതൽ പ്രയാസകരവുമായി മാറി. ലോകത്ത് കൃഷിക്കാർക്ക് ഏറ്റവും മെച്ചപ്പെട്ട സാഹചര്യങ്ങളുള്ള രാജ്യം സോവിയറ്റ് യൂണിയനാണെന്ന് ട്രാക്റ്റർ എന്ന പുതിയ യന്ത്രം കാണിച്ചും പല പ്രസംഗങ്ങളിലൂടെയും ജനങ്ങളോടു പാർട്ടി പറഞ്ഞുകൊണ്ടിരുന്നു. “ഇതു പോലൊരു കർഷകസമ്മേളനം ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തു സാദ്ധ്യമാവും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” ഒരു മീറ്റിംഗിൽ വെച്ച് കമ്മിസാർ കർഷകരോട് ചോദിച്ചു. തുടർന്ന് കമ്മിസാർ തന്നെ ഉത്തരവും പറഞ്ഞു: “ഇല്ല! അവിടങ്ങളിൽ സ്വാതന്ത്ര്യമില്ല! അവിടെയുള്ള കർഷകർക്ക് നിങ്ങളെപ്പോലെ പ്രിവിലേജില്ല. അവർക്ക് ഇതുപോലെ സമ്മേളിക്കാനാവില്ല.” കമ്യൂണിസത്തോടും രാജ്യത്തോടും താത്പര്യമുള്ളവരെല്ലാം കൂട്ടുകൃഷിയെ കർഷകരിലെ സമ്പന്നവർഗ്ഗം (അഥവാ കുലാക്ക് / കുർകുൽ) മാത്രമാണു കൂട്ടുകൃഷിയോടു താത്പര്യം കാണിക്കാതിരിക്കുന്നത് എന്നായിരുന്നു പാർട്ടി നിലപാട്. അങ്ങനെയൊരു സമ്പന്നവർഗ്ഗമൊന്നുമുണ്ടായിരുന്ന ഗ്രാമമായിരുന്നില്ല സ്റ്റാരോവിന്റേത്. പക്ഷെ ജനങ്ങൾക്കിടയിൽ കുലാക്കുകൾ പതുങ്ങിയിരിപ്പുണ്ടെന്നായിരുന്നു പാർട്ടിയുടെ ഭാഷ്യം.

പാർട്ടി ദിനം‌പ്രതി കർഷകരെ കൂടുതൽക്കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. വീടുകളിലേക്ക് കയറിച്ചെന്ന് പ്രതിരോധവും കൂട്ടുകൃഷിയോട് എതിർപ്പുമുയർത്തിയിരുന്ന ആളുകളെ കുർകുലെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്തുകൊണ്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സ്റ്റാരോയുടെ സഹോദരനും അമ്മാവനുമുണ്ടായിരുന്നു. (അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം രണ്ടുവർഷം കഴിഞ്ഞ്, സഹോദരന്റെ മരണവാർത്തയാണ് സർക്കാർ സ്റ്റാരോയെയും കുടുംബത്തെയും അറിയിച്ചത്.) പാർട്ടിനേതാക്കളോട് ആദരവു കാണിച്ചില്ലെന്നു തോന്നിയാൽ, പാർട്ടിനേതാക്കളെ പരിഹസിച്ചുവെന്നു തോന്നിയാൽ, പാർട്ടിനേതാക്കളെ തിരുത്തുന്നുവെന്നു തോന്നിയാൽ, ഒക്കെ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. വീടുകളിൽ കടന്നു ചെന്ന് ജനങ്ങളുടെ പഴയ ആഭരണങ്ങളോ തിരുരൂപങ്ങളോ പിടിച്ചെടുത്ത് അവരെ സമ്പന്നരായി മുദ്രകുത്തുക എളുപ്പമുള്ള പണിയായിരുന്നു. അങ്ങനെയൊരു റെയ്ഡ് സ്റ്റാരോയുടെ വീട്ടിലും നടന്നു. എല്ലാ ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടി. നിവൃത്തിയില്ലാഞ്ഞ് സ്റ്റാരോയുടെ അമ്മ “സ്വന്തം ഇഷ്ടപ്രകാരം കൂട്ടുകൃഷിയിൽ താൻ ചേരുന്നുവെന്ന്” എഴുതിയൊപ്പിട്ടുകൊടുത്തു.

ഈ കർഷകർക്ക്, കൂട്ടുകൃഷി സ്വീകരിച്ചവർക്ക്, അവരുടേ കൃഷിഭൂമി നഷ്ടപ്പെട്ടു എന്നുമാത്രമല്ല, അവർക്കു കൃത്യമായ ശമ്പളമോ ലാഭമോ ഇല്ലായിരുന്നു. സ്വതന്ത്രരായി അഭിമാനത്തോടെ ജോലിചെയ്തിരുന്ന കർഷകർ, പൊടുന്നനെ ദിവസക്കൂലിക്കു വേണ്ടി ജോലി ചെയ്യുന്നവരായിത്തീർന്നു. അതിനേക്കാൾ ഗൗരവമേറിയ മറ്റൊന്ന്, കൂട്ടുകൃഷിയിലേക്കെത്തിയതോടെ കർഷകരുടെ സ്വാതന്ത്ര്യം തീർത്തും ഇല്ലാതായി എന്നതാണ്. സ്വകാര്യജീവിതത്തിന്റെ സമസ്തമേഖലകളും പാർട്ടിയുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കും പാത്രമായി. സ്റ്റാരോ എഴുതുന്നു:

“എല്ലായ്പ്പോഴും ഞങ്ങളിൽ രാജ്യദ്രോഹം സംശയിക്കപ്പെട്ടു. ആളുകളുടെ സന്തോഷമോ ദുഃഖമോ പോലും സംശയത്തിനു കാരണമായി. ദുഃഖം, ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്കുള്ള അസംതൃപ്തി കാരണമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. എത്ര ലഘുവായിരുന്നാലും എത്ര ചുരുങ്ങിയ സമയത്തേക്കായിരുന്നാലും, സന്തോഷമെന്നത് കമ്യൂണിസ്റ്റ് ആദർശങ്ങളോടുള്ള കൂറ് ഇല്ലാതാക്കാൻ പോന്നവിധം അപകടകരമായിട്ടായിരുന്നു കരുതിപ്പോന്നത്. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ പോലും എല്ലായ്പ്പോഴും ഞങ്ങൾ ശ്രദ്ധിക്കേണ്ടതായി വന്നു. സ്വകാര്യജീവിതത്തിലും സാമൂഹ്യജീവിതത്തിലും പാർട്ടി നിലപാടിനോടു ചേർന്നു നിൽക്കുന്നതുവരെ മാത്രമേ ജീവിതം സാദ്ധ്യമാവുകയുള്ളൂ എന്ന് അവർ ഞങ്ങൾക്കു മനസ്സിലാക്കിത്തന്നു.”

കൂട്ടുകൃഷിയിൽ ചേർന്നിട്ടും പലവിധം ഫണ്ടുകൾക്കായി ദരിദ്രകർഷകർ പണമൊടുക്കേണ്ടതായി വന്നു. ഇതിൽ ചില പണപ്പിരിവുകൾ “വിദേശരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സഹായിക്കാനായിരുന്നു”വെന്ന് സ്റ്റാരോ ഓർത്തെടുക്കുന്നു. യുക്രെയ്നിയൻ കർഷകരെ പിഴിഞ്ഞും ഞെരുക്കിയും ഊറ്റിയെടുത്ത പണം ഇന്ത്യയിലെ “തൊഴിലാളിവർഗ്ഗത്തിന്റെ വിമോചനത്തിനു” വേണ്ടി വന്നെത്തിയിട്ടുണ്ടാവുമോ? പ്രത്യക്ഷമായി വന്നെത്തിക്കാണില്ല. പക്ഷെ പരോക്ഷമായി, “ആ പഴയ റഷ്യൻ പുസ്തകങ്ങളായും” ഇന്ത്യൻ കമ്യൂണിസ്റ്റ് നേതാക്കൾക്കു വെച്ചുനീട്ടിയ സൽക്കാരമായുമൊക്കെ ഈ പണത്തിന്റെ പങ്ക് ഇന്ത്യയിലെത്തിയിരിക്കാം.

പാർട്ടിയംഗങ്ങൾ പലരും കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. ഇവരുടെ മേൽനോട്ടത്തിൻ കീഴിൽ, നിയമാവലികൾ പാലിച്ചുകൊണ്ടുള്ള കൃഷി അങ്ങേയറ്റം ദുഷ്കരമായിത്തീർന്നു. തിരുത്താനൊരുമ്പെട്ടവരെ അറസ്റ്റ് ചെയ്യാനും തുടങ്ങിയതോടെ കൂട്ടുകൃഷിയുടെ സാദ്ധ്യതകൾ ഒട്ടും മെച്ചമുള്ളതാവില്ലെന്ന് കർഷകർക്ക് ഉറപ്പായിത്തുടങ്ങി. കൃഷിയിൽ നേട്ടമുണ്ടാക്കാനാവില്ലെന്നു തീർച്ചയായതോടെ ചില കർഷകർ ഗ്രാമങ്ങളിൽ നിന്നു പട്ടണങ്ങളിലേക്ക് ജോലിയന്വേഷിച്ചു പോയിത്തുടങ്ങി. എന്നാൽ ഇതുവൈകാതെ പാർട്ടി തടഞ്ഞു. ഗ്രാമം വിട്ടുപോവാൻ കർശനനിയന്ത്രണങ്ങളും പാസ്പോട്ടുകളും വേണമെന്നായി. മതിയായ രേഖകളില്ലാതെ ഗ്രാമത്തിനു പുറത്ത് ആരും ആരെയും ജോലിക്കെടുക്കാതെയുമായി.

1932നു മുൻപ് തന്നെ സ്റ്റാരോയുടെ ഗ്രാമത്തിൽ ‘കുർകുൽ’ എന്നു മുദ്രകുത്തപ്പെട്ടവരെല്ലാം അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. കൂട്ടുകൃഷിയിലേക്ക് ചേരാൻ അവിടെ ഇനിയാരും ബാക്കിയുണ്ടായിരുന്നുമില്ല. ഭരണകൂടം നിശ്ചയിച്ച അളവ് കാർഷികോത്പന്നങ്ങൾ കണ്ടെടുക്കുക എന്നതായി പിന്നീട് പാർട്ടിയുടെ ലക്ഷ്യം. സ്വകാര്യസമ്പാദ്യവും സ്വകാര്യഭക്ഷ്യശേഖരവും നഷ്ടപ്പെട്ട് ഗതികെട്ട ഗ്രാമീണർ, ആ വർഷം തണുപ്പുകാലം കഴിയുന്നതിനു മുൻപേ വിശന്നു മരിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. സ്റ്റാരോ എഴുതുന്നു:

“നിരത്തിലും വഴിവക്കിലും യാചകരുടെ അവസാനിക്കാത്ത നിര എനിക്കോർമ്മയുണ്ട്. പലരും പട്ടിണിയുടെ പല തട്ടുകളിലായിരുന്നു. വൃത്തിയില്ലാതെ, കീറിയ വേഷത്തോടെയും നീട്ടിയ കൈയ്യോടെയും അവർ ഭക്ഷണത്തിനു യാചിച്ചു. എന്തു ഭക്ഷണവും: ഒരു ഉരുളക്കിഴങ്ങ്, ഒരു ബീറ്റ്‌റൂട്ട്, ചോളത്തിന്റെ ഒരു മണിയെങ്കിലും. അവരായിരുന്നു

പട്ടിണിയുടെ ആദ്യത്തെ ഇരകൾ. ആരുമില്ലാത്തയാളുകൾ. സാധുക്കളായ വിധവകൾ, ഈ ദുരിതം കടന്നു പോവാൻ സാധിക്കാത്ത അനാഥരായ കുട്ടികൾ. ചില പട്ടിണിക്കാരായ കർഷകർ അപ്പോഴും ഗ്രാമത്തിനു പുറത്തു പോയി ഭക്ഷണം സമ്പാദിക്കാൻ ശ്രമിച്ചു. മെലിഞ്ഞുണങ്ങിയ രൂപങ്ങൾ ഒരു മഴുവോ കൈക്കോട്ടോ തൂക്കി ജോലിയന്വേഷിച്ചു വീടുവീടാന്തരം കയറിയിറങ്ങുന്നത് കാണാമായിരുന്നു. ആരെങ്കിലും തോട്ടം കിളയ്ക്കാനോ വിറകുണ്ടാക്കാനോ വിളിച്ചിരുന്നെങ്കിൽ എന്നവർ പ്രതീക്ഷിച്ചു. രണ്ട് ഉരുളക്കിഴങ്ങു കിട്ടിയാൽ മതി, അവർ ജോലി ചെയ്യും. പക്ഷെ രണ്ട് ഉരുളക്കിഴങ്ങ് കയ്യിലുള്ളവർ അധികം പേരില്ലായിരുന്നു. പട്ടിണിക്കോലങ്ങൾ ഉരുളക്കിഴങ്ങുപാടങ്ങളിലും അങ്ങിങ്ങു കാണാമായിരുന്നു. അവർ കഴിഞ്ഞവർഷത്തെ വിളവെടുപ്പിന്റെ ബാക്കി വല്ലതും തിരഞ്ഞു നടന്നു. ചീഞ്ഞതാവട്ടെ, തണുപ്പിലുറഞ്ഞതാവട്ടെ, അതവർ കഴിയ്ക്കും. മറ്റു ചിലർ പുഴയോരങ്ങളിൽ എന്തെങ്കിലും കിട്ടിയെങ്കിലോ എന്നു കരുതി അവിടങ്ങളിൽ തെരഞ്ഞു നടന്നു.”

1932 മെയ്‌ദിനം സ്റ്റാരോയ്ക്ക് മറക്കാൻ കഴിയില്ലെന്ന് അദ്ദേഹമെഴുതുന്നു. അന്നാണു വിതയ്ക്കാനുള്ള ദിവസം ഔദ്യോഗികമായി തുടങ്ങുന്നത്. അതിനൊപ്പം എല്ലാവർക്കും അന്ന് ഭക്ഷണം കൊടുക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. നിശ്ചിതസമയത്ത് നൂറുകണക്കിനു കർഷകർ, പട്ടിണിക്കാർ, ഭക്ഷണം കിട്ടുമെന്നു കേട്ട് അവിടെയെത്തി. വലിയ മൈതാനത്ത് അടുപ്പിനു മുകളിൽ തിളയ്ക്കുന്ന കഞ്ഞിപ്പാത്രങ്ങളെ അവിടെയെത്തിയവർ ആർത്തിയോടെ നോക്കിനിന്നു. ആ പാത്രങ്ങൾക്കു ചുറ്റും പാർട്ടി ഡെപ്യൂട്ടികൾ നിലയുറപ്പിച്ചു. പാർട്ടി നേതാവ് കൂട്ടുകൃഷിയുടെ മഹിമയെപ്പറ്റി ഉറക്കെ സംസാരിച്ചു തുടങ്ങി. ആളുകളുടെ ശ്രദ്ധ പക്ഷെ തിളയ്ക്കുന്ന കഞ്ഞിയിൽ മാത്രമായിരുന്നു. പ്രസംഗം കഴിഞ്ഞവശം ആളുകൾ ആർത്തുവിളിച്ചും ഉറക്കെ ശപിച്ചും കഞ്ഞിപ്പാത്രത്തിനടുത്തേക്ക് ഓടി. ചിലർ താഴെ വീണു. അവരെ ചവിട്ടിമെതിച്ചു കൊണ്ട് കൂടുതലാളുകൾ ഓടിയെത്തി. ബഹളം നിർത്താൻ പാർട്ടി ഡെപ്യൂട്ടികൾക്കു കഴിഞ്ഞില്ല. പെട്ടെന്ന് ഒരു വെടിയൊച്ച മുഴങ്ങി. അപ്പോഴും ബഹളം നിന്നില്ല. ആരോ അവിടെയുണ്ടായിരുന്ന ട്രാക്റ്ററിനു മേലെ കയറിനിന്ന് എന്തോ ഉറക്കെ വിളിച്ചുപറഞ്ഞു. വീണ്ടും വെടിയൊച്ച. ട്രാക്റ്ററിനു മുകളിലുള്ളയാൾ ഒരുനിമിഷം ഒന്നുലഞ്ഞുനിന്നു. പിന്നെ താഴെ വീണു. അമ്പരന്നു നിന്ന ജനങ്ങളോട് പാർട്ടി നേതാവ് പറഞ്ഞു: “കാട്ടുജന്തുക്കളെപ്പോലെ പെരുമാറുന്നത് നിർത്ത്..!!”

ആദ്യത്തെ അമ്പരപ്പിനു ശേഷം പതുക്കെ അവിടെയൊരു നിര രൂപപ്പെട്ടു. വിശന്നവർ നിശ്ശബ്ദരായി വരി നിന്നു. പിഞ്ഞാണങ്ങളും ചട്ടികളും കപ്പുകളും കയ്യിൽ പിടിച്ച് അവർ കഞ്ഞിക്കു കാത്തു നിന്നു. ചിലർ തളർന്ന് നിലത്തിരുന്നു. എല്ലാവർക്കും രണ്ടു തവി നിറയെ കഞ്ഞി കിട്ടി. നിശ്ശബ്ദമായി കഞ്ഞി കുടിച്ച് ചിലർ ക്ഷീണത്തോടെ അവിടെക്കിടന്നു. ചിലർ വീണ്ടും വീണ്ടും അവരുടെ പാത്രങ്ങൾ നക്കിത്തോർത്തിക്കൊണ്ടിരുന്നു.

കഴിക്കാനെന്തെങ്കിലും ശേഖരിച്ചുവെച്ചിട്ടുള്ള വീടുകൾ ആ ഗ്രാമത്തിലുണ്ടായിരുന്നില്ല. പട്ടിണി വ്യാപകമായി. ചിലർ നായ്ക്കളെയും പൂച്ചകളെയും കൊന്നുതിന്നു. കാക്കയെയും കുരുവിയെയും കൊന്നുതിന്നു. കാട്ടുകൂണും പേരറിയാത്ത കിഴങ്ങുകളും തിന്നു. ചെറുജന്തുക്കളെ പിടിച്ചു വേവിച്ചു തിന്നു. ഇങ്ങനെയുള്ള ജന്തുക്കളും കിഴങ്ങുകളുമൊന്നും അവിടെ സുലഭമായിരുന്നില്ല. എല്ലാവർക്കും കിട്ടുമായിരുന്നില്ല ഇതൊന്നും. അതുകൊണ്ട് ആളുകൾ കയ്യിൽ കിട്ടുന്നതെല്ലാം തിന്നാൻ തുടങ്ങി. ചീഞ്ഞ കിഴങ്ങുകൾ, പന്നികൾ പോലും തിന്നാത്ത അവശിഷ്ടങ്ങൾ, പച്ചിലകൾ, പ്രാണികൾ, തവളകൾ, ഒച്ചുകൾ. അസുഖം വന്നു ചത്ത കുതിരകളെയും കന്നുകാലികളെയും അവർ വേവിച്ചു തിന്നു. പലരും ഭക്ഷ്യവിഷബാധയേറ്റു മരിച്ചു. അതും കഴിഞ്ഞപ്പോൾ ആളുകൾ മോഷ്ടിക്കാൻ തുടങ്ങി… പച്ചക്കറിപ്പാടങ്ങളിൽ മോഷ്ടിക്കാനാളുകളിറങ്ങുന്നതു കൊണ്ട് പാർട്ടി അതു സംരക്ഷിക്കാൻ ആളുകളെ ഏർപ്പാടാക്കി.

ആ വർഷം വിളവെടുപ്പിനു ശേഷം, ഓരോ മണി ധാന്യവും അവിടെനിന്നു കയറ്റി അയയ്ക്കപ്പെട്ടു. കയറ്റിയയച്ച ധാന്യശേഖരം ചില ഡിപ്പോകളിൽ കെട്ടിക്കിടന്നുവെന്നും പിന്നീട് നശിച്ച് ഉപയോഗശൂന്യമായെന്നും ആളുകൾ പിന്നെയാണറിഞ്ഞത്. വിളവെടുപ്പിനു ശേഷം ദുരിതം വർദ്ധിക്കുകയാണുണ്ടായത്. പാർട്ടി തീരുമാനിച്ച കണക്കിനനുസരിച്ച വിളവെടുപ്പുണ്ടായില്ല. കർഷകർ ഉത്പ്പന്നങ്ങൾ പൂഴ്‌ത്തി വെച്ചിരിക്കുകയാണെന്നായിരുന്നു പാർട്ടിഭാഷ്യം. ഇതു കണ്ടെടുക്കാനായി വ്യാപകമായ റെയ്ഡുകളാണു നടന്നത്. പട്ടിണികൊണ്ടു ചത്തുപോവാതിരിക്കാൻ ചിലരൊക്കെ രഹസ്യമായി ചെറിയ അളവുകളിൽ ധാന്യശേഖരം സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇതെല്ലാം കണ്ടുകെട്ടപ്പെട്ടു. മുൻകൂട്ടി കൊടുത്ത ടാർഗെറ്റിനനുസരിച്ച് ഉത്പന്നങ്ങൾ നൽകാത്ത കർഷകർക്ക് കടകളിൽ നിന്നു സാധനം വാങ്ങാനുള്ള അനുമതി റദ്ദാക്കി. (ഭരണകൂടം നടത്തിപ്പോരുന്ന പച്ചക്കറി/പലചരക്കു കടകളിൽ നിന്നു മാത്രമേ അവർക്കു സാധനം വാങ്ങാൻ പറ്റുമായിരുന്നുള്ളൂ.) മണ്ണെണ്ണയും സോപ്പും പോലുള്ള വസ്തുക്കൾ കർഷകർക്ക് ലഭിക്കാതെയായി.

ഇതെല്ലാം കരിഞ്ചന്തയിൽ വാങ്ങാനോ വിൽക്കാനോ ശ്രമിക്കുന്നവർ തത്ക്ഷണം അറസ്റ്റ് ചെയ്യപ്പെട്ടു. പുക ഉയരുന്ന ചിമ്മിനികളെല്ലാം പാർട്ടിയുടെ ശ്രദ്ധയിൽ പെട്ടു. ആ വീടുകളിലേക്കെല്ലാം പാർട്ടി കടന്നുചെന്നു. ചുമരു മുതൽ അടുപ്പു വരെ പൊളിച്ചും തകർത്തും ഒളിപ്പിച്ചു വെച്ച ധാന്യശേഖരം കണ്ടെടുക്കാൻ പാർട്ടി ശ്രമിച്ചു. പട്ടിണിമരണങ്ങൾ സർവ്വസാധാരണമായി. നിരത്തുകളിൽ ആളുകൾ മരിച്ചുവീണു തുടങ്ങി. സ്റ്റാരോയും അമ്മയും സഹോദരങ്ങളും ചേർന്ന് ഭരണകൂടത്തിന്റെ അധീനതയിലുള്ള പുറമ്പോക്കു ഭൂമിയിൽ പലയിടങ്ങളിലായി കുറച്ചു ഗോതമ്പ് ഒളിപ്പിച്ചു കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. നാലോ അഞ്ചോ ദിവസം കൂടുമ്പോൾ രഹസ്യമായി ഇരുട്ടിന്റെ മറവിൽ പതുങ്ങിച്ചെന്ന് കുറച്ചെടുത്തു കൊണ്ടുവന്നു. അത്, രാത്രി വേവിച്ച് കഴിച്ചുകൊണ്ട് ജീവൻ നിലനിർത്തി. അതു കഴിഞ്ഞ്, കൊടുംപട്ടിണി തുടങ്ങിയപ്പോൾ അവർ മുള്ളൻപന്നികളെയും മറ്റു ചെറുജന്തുക്കളെയും പിടിച്ചു വേവിച്ചു തിന്നു.

1932 അവസാനത്തോടെ പട്ടണത്തിൽ പുതിയൊരു സ്റ്റോർ തുറന്നിട്ടുണ്ടെന്നും എല്ലാ അവശ്യസാധനങ്ങളും അവിടെ ലഭ്യമാണെന്നും അവരറിഞ്ഞു. പക്ഷെ അതു വിദേശനാണ്യം കയ്യിലുള്ളവർക്കു മാത്രമേ വാങ്ങാനാവൂ. വിദേശനാണ്യമില്ലെങ്കിൽ സ്വർണ്ണമോ വെള്ളിയോ കൊടുത്തു സാധനങ്ങൾ വാങ്ങാം. തരി സ്വർണ്ണമെങ്കിലും കൈവശമുണ്ടായിരുന്നവർ പട്ടണത്തിലേക്കു പോയി. സ്വർണ്ണത്തിനു വേണ്ടി നാട്ടിൽ മോഷണവും കുറ്റകൃത്യങ്ങളും പതിവായിത്തുടങ്ങി. കുഴിമാടങ്ങൾ കുത്തിത്തുറന്ന് മൃതദേഹങ്ങൾക്കൊപ്പം ചിലർ അടക്കം ചെയ്യാറുണ്ടായിരുന്ന സ്വർണ്ണത്തിന്റെ തരികൾ ആളുകൾ മാന്തിയെടുത്തു. സെമിത്തേരിയിലെ ഓരോ കല്ലറയും ആളുകൾ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ വലിച്ചുപുറത്തിട്ടു സ്വർണ്ണം തിരഞ്ഞു.

പഴയ രണ്ടു സ്വർണ്ണലോക്കറ്റുകൾ — പാരമ്പര്യമായി കിട്ടിയത് — സ്റ്റാരോയുടെ അമ്മയുടെ കയ്യിലുണ്ടായിരുന്നു. ഒരു ദിവസം പുലർച്ചയ്ക്ക് അതെടുത്ത് സ്റ്റാരോയും അമ്മയും പട്ടണത്തിലേക്കു നടന്നു. ദിവസങ്ങൾക്കു ശേഷമായിരുന്നു സ്റ്റാരോ വീടുവിട്ടു പുറത്തുവരുന്നത്. പട്ടണത്തിലെത്തുന്നതിനിടയിൽ പല തവണ വഴിയരികിൽ വീണു കിടക്കുന്ന മൃതദേഹങ്ങൾ കണ്ടു. എന്നാൽ പട്ടണത്തിലുള്ള വഴിയാണു നടുക്കമുണ്ടാക്കിയത്. സ്റ്റാരോ എഴുതുന്നു:

“നാട്ടുവഴി വിട്ട് ഞങ്ങൾ പട്ടണത്തിലേക്കുള്ള വിശാലമായ വഴിയിലെത്തി. പൈശാചികമായ കാഴ്ചയായിരുന്നു ഞങ്ങളുടെ മുന്നിൽ തെളിഞ്ഞത്. എവിടെ നോക്കിയാലും തണുത്തുറഞ്ഞ മൃതശരീരങ്ങൾ വീണുകിടക്കുന്നതു കാണാമായിരുന്നു. വിശന്നുവലഞ്ഞ് പട്ടണത്തിലേക്ക് ഭക്ഷണവും ജോലിയുമന്വേഷിച്ചു പുറപ്പെട്ടവരായിരിക്കണം നിരത്തിന്റെ വലതുവശത്ത് വീണു കിടക്കുന്നത്. ഇടതുവശത്ത്, ജോലിയൊന്നും കിട്ടാതെ, നിരാശരായി വീട്ടിൽ കിടന്നു മരിക്കാൻ വേണ്ടി വീട്ടിലെത്താൻ ശ്രമിച്ചവരും. മഞ്ഞ്, സൗമനസ്യത്തോടെ, എല്ലാവരുടെയും ശരീരങ്ങളെ ദയാപൂർവ്വം വെള്ളപുതപ്പിച്ചിരുന്നു.

വിശന്നുവലഞ്ഞ പട്ടിണിക്കാർ സമീപഗ്രാമങ്ങളിൽ നിന്ന് പട്ടണത്തിലേക്ക് വന്നുതുടങ്ങിയിട്ടുണ്ടായിരുന്നു. പറ്റം പറ്റമായി അവർ വന്നു. ചില അമ്മമാർ കൊച്ചുകുഞ്ഞുങ്ങളെ മാറോടടക്കിപ്പിടിച്ച്. പലപ്പോഴും ഇവരെ, ഉദ്യോഗസ്ഥർ, കന്നുകാലികളെ പോലെ ആട്ടിത്തെളിയിച്ച് പട്ടണത്തിനു പുറത്തെത്തിച്ചു. മരിച്ചവരെയും മരിക്കാറായവരെയും ഒരുപോലെ ട്രക്കിലോ കുതിരവണ്ടിയിലോ കുത്തിനിറച്ച് ഇടുക്കുവഴികളിലും അഴുക്കുചാലുകളിലും കൊണ്ടുവന്നുപേക്ഷിച്ചു. അവർ അവിടെ മരിച്ചു കിടന്നു. മാന്യമായി സെമിത്തേരിയിൽ ശവസംസ്കാരം പോലും ഇവർ അർഹിച്ചിരുന്നില്ലേ?”

പട്ടണത്തിൽ, സ്വർണ്ണലോക്കറ്റ് വിറ്റ് ചില സാധനങ്ങൾ വാങ്ങിയ സ്റ്റാരോയും അമ്മയും തിരിച്ചുവന്നത് ട്രെയ്നി‌ലാണ്. സ്റ്റേഷനിലും പുറത്തും ഭിക്ഷ യാചിക്കുന്നവരുടെ തിരക്ക്. ട്രെയ്നിൽ നിന്നാരെങ്കിലും എറിഞ്ഞു കൊടുക്കുന്ന റൊട്ടി കാത്ത് മൃതപ്രായരായവർ അവിടെ ചുരുണ്ടുകിടന്നു. അമ്മയ്ക്ക് കുത്തിപ്പിടിച്ചു നടക്കാൻ ഒരു ചുള്ളിക്കമ്പ് നോക്കി സ്റ്റാരോ ചില കെട്ടിടങ്ങൾക്കിടയിലേക്കു പോയി.

“അവിടെക്കണ്ട കാഴ്ച അന്നുമുതൽ എന്നെ വേട്ടയാടുന്നുണ്ട്. ഇപ്പോൾ, അൻപതു വർഷങ്ങൾക്കു ശേഷവും, ആ കാഴ്ച കണ്ടപ്പോൾ അനുഭവിച്ച നടുക്കം എനിക്കതുപോലെ അനുഭവിക്കാം. ഉപേക്ഷിയ്ക്കപ്പെട്ട വിറകുകൂന പോലെ മനുഷ്യമൃതദേഹങ്ങളുടെ ഒരു കൂന ഞാൻ കണ്ടു. ചില ശരീരങ്ങൾ പൂർണ്ണനഗ്നങ്ങളായിരുന്നു. ചിലതിൽ വസ്ത്രക്കീറുകളുണ്ട്. ചിലത് വസ്ത്രമുണ്ടെങ്കിലും നഗ്നമായ പാദങ്ങളുള്ളത്. വൃക്ഷശാഖകൾ ഉണ്ടാക്കുന്ന സങ്കീർണ്ണമായ ഏതോ ആകൃതി പോലെ മഞ്ഞിൽ ആ കൂനയിൽ നിന്ന് ചില കയ്യുകളും കാലുകളും എഴുന്നുനിൽക്കുന്നു. പേടിയും നടുക്കവും കാരണം അനങ്ങാനാവാതെ ഞാൻ വിറങ്ങലിച്ചു നിന്നു.”

പട്ടിണിയും ക്ഷാമവും തുടർന്നുള്ള ദിവസങ്ങളിൽ അതിരൂക്ഷമായിത്തീർന്നു. ഒരു സമൂഹമെന്ന നിലയിൽ ആ ഗ്രാമം ഛിദ്രമായി. ഒന്നും ചെയ്യാനില്ലാതെ വിശപ്പ് മാത്രം ഭക്ഷിച്ചുകൊണ്ട് ജീവനുള്ളവർ വീടിനുള്ളിൽ കതകടച്ചിരുന്നു. അയൽക്കാരും സ്നേഹിതരും ബന്ധുക്കളും അപരിചിതരായി. നിരത്തുകളിൽ, പാടങ്ങളിൽ, തോട്ടങ്ങളിൽ, മുറ്റങ്ങളിൽ, തണുപ്പു കാരണം ഉറഞ്ഞു പോയ പുഴയ്ക്കരികിൽ, എല്ലാം ശവശരീരങ്ങൾ വീണടിഞ്ഞു.

“വിശപ്പിന്റെ കഠിനമായ സമ്മർദ്ദം മനുഷ്യന്റെ ബോധത്തെ നശിപ്പിച്ച് അവനെ മൃഗതുല്യനാക്കാൻ പോന്നതാണ്. അതാണു പല ഗ്രാമീണർക്കും സംഭവിച്ചത്. വിശപ്പിനോട് വലിയ പ്രതിരോധം പ്രകടിപ്പിച്ച പലർക്കും പിന്നെപ്പിന്നെ ആദ്യകാലത്തെ ഭീകരമായ വിശപ്പ് തോന്നിയില്ല. അവർ പതുക്കെ കോമയിലേക്കും അർദ്ധബോധാവസ്ഥയിലേക്കും വീണു, ഒന്നും ചെയ്യാൻ വയ്യാത്ത ജീവച്ഛവങ്ങളായി. പക്ഷെ മറ്റു ചിലരുടെ കാര്യം വ്യത്യസ്തമായിരുന്നു. അവർ ഭ്രാന്തു പിടിച്ചവരെപ്പോലെയായി. എല്ലാ ധാർമ്മികതയും, എല്ലാ കാരുണ്യവും, എല്ലാ അഭിമാനവും, അവരിൽ നിന്നു ചോർന്നുപോയി. വയറ്റിൽ നിന്നുണ്ടാവുന്ന വേദനയെ കുറച്ചുനേരത്തേക്കെങ്കിലും തടഞ്ഞുനിർത്താൻ, എന്തെങ്കിലും ചവയ്ക്കാനോ കടിയ്ക്കാനോ, എന്തെങ്കിലും ഭക്ഷണത്തെക്കുറിച്ചോ, അവർ മായികദൃശ്യങ്ങൾ കണ്ടുതുടങ്ങി. അസഹനീയമായ ആർത്തി അവർക്കു തോന്നി. അവരുടെ പല്ലുകൾ എന്തിൽ വേണമെങ്കിലും ആഴ്‌ത്താൻ, അവനവന്റെ കൈകളിലോ മറ്റൊരാളുടെ പച്ചമാംസത്തിലോ പോലും ആഴ്‌ത്താൻ, അവർ തയ്യാറായിരുന്നു.”

കടുത്ത വിശപ്പ്, ചിലരെ നരഭോജികളാക്കിത്തീർത്തു എന്നു സ്റ്റാരോ എഴുതുന്നു. ഇന്നു നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഇക്കാര്യം യുക്രെയ്ൻ ക്ഷാമത്തെക്കുറിച്ചു പഠിച്ചവരെല്ലാം (ആൻ ആപ്പ്‌ൾബാം, നിക്കൊലാസ് വെർത് തുടങ്ങിയവർ) ശരിവെയ്ക്കുന്നതാണ്. അമ്മമാർ, കുഞ്ഞുങ്ങൾ, വിധവകൾ, വൃദ്ധർ.. എല്ലാവരുമെല്ലാവരും നരകിച്ചു.

“കുഞ്ഞുങ്ങളുടെ സ്ഥിതി ആ സമയത്ത് ഏറ്റവും ഹൃദയഭേദകമായിരുന്നു. വരണ്ടുചീർത്ത, കണ്ണീരൊട്ടിയ, കുഞ്ഞുങ്ങളുടെ ദയനീയമായ മുഖങ്ങൾ എന്റെ ഓർമ്മയിൽ എല്ലാ കാലത്തുമുണ്ടാവും. എന്തു കൊണ്ടാണ് ഒരു കഷണം റൊട്ടിയോ മറ്റെന്തെങ്കിലുമോ തങ്ങൾക്കു കഴിക്കാൻ കിട്ടാത്തതെന്ന് അവർക്കറിയാമായിരുന്നില്ല. എന്താണ് അവരുടേതായ കുഞ്ഞുലോകത്തു നടക്കുന്നതെന്നു പോലും അവർക്കു മനസ്സിലാവുമായിരുന്നില്ല. അവരെക്കുറിച്ചാലോചിക്കുമ്പോൾ ഇന്നും ഞാൻ നടുങ്ങിപ്പോവാറുണ്ട്. ഞാൻ ഈ വരികൾ കുറിക്കുമ്പോൾ എന്റെ കണ്ണീരു വീണ് ഈ കടലാസ് കുതിർന്നുവെന്നതിനു ദൈവം സാക്ഷിയാണ്.” സ്റ്റാരോ തന്റെ പുസ്തകത്തിന്റെ അവസാനഭാഗത്തൊരിടത്തെഴുതുന്നു.

1985ലാണു മിറൺ ദൊലോത് എന്ന പേരിൽ സൈമൺ സ്റ്റാരോ തന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. സ്റ്റാലിന്റെ കാലം കഴിഞ്ഞ് മൂന്നു ദശകങ്ങൾക്കു ശേഷം. ഹൊലൊഡൊമോർ (Holodomor) എന്ന പേരിൽ പിന്നീടറിയപ്പെട്ട ഭീകരക്ഷാമത്തെക്കുറിച്ചുള്ള അപൂർവ്വം അനുഭവക്കുറിപ്പുകളിലൊന്നാണു സ്റ്റാരോയുടേത്. 1980കൾക്കു ശേഷം പഴയ രേഖകൾ പെരിസ്ത്രോയിക്കയുടെ ഫലമായി പുറത്തെത്തിയതോടെ, അനിഷേധ്യമാം വണ്ണം ആ ഭീകരതയുടെ സത്യാവസ്ഥ ലോകത്തിനു മുന്നിൽ ചുരുളഴിഞ്ഞു. അങ്ങനെ അനുഭവകഥനത്തിനപ്പുറം വസ്തുതാപരമായ പിൻബലവും സ്റ്റാരോയുടെ പുസ്തകത്തിനു കൈവന്നു.

സ്വെറ്റ്‌ലാനാ അലക്സിയേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ മറീന ടിക്ക്‌നോവ എന്നൊരു വൃദ്ധസ്ത്രീ പരിതപിക്കുന്നുണ്ട്. “എങ്ങനെയുള്ള ഒരു രാജ്യത്തെയാണ് അവർ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തുകളഞ്ഞത്!” (“What a country they flushed down the toilet!”) ആ വാചകത്തിന്റെ മുഴക്കം മനസ്സിലാവുക യുക്രെയ്നിയൻ ക്ഷാമത്തെപ്പറ്റിയും ഗുലാഗുകളെ പറ്റിയും വായിക്കുമ്പോഴാണ്. യുക്രെയ്നിലെ ക്ഷാമത്തിന്റെ ഉത്തരവാദിത്വം പൂർണ്ണമായും സ്റ്റാലിനിൽ നിക്ഷിപ്തമാണ്. ആ ഫ്ലഷിങിനു നേതൃത്വം നൽകിയത് സ്റ്റാലിൻ തന്നെയായിരുന്നു. കലക്റ്റിവൈസേഷൻ – കൂട്ടുകൃഷി – സ്റ്റാലിന്റെ ആശയമായിരുന്നു, സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിൽ വരുത്തിയ പദ്ധതിയായിരുന്നു. കർഷകർക്കു മേലെ അഴിച്ചുവിടപ്പെട്ട ഭീകരതയെക്കുറിച്ച് സ്റ്റാലിനു പൂർണ്ണബോദ്ധ്യവുമുണ്ടായിരുന്നു. യുക്രെയ്നിൽ പാർട്ടി അഴിച്ചുവിട്ട ഭീകരതയെ വിമർശിച്ചുകൊണ്ട് സാഹിത്യകാരനും (പിന്നീട് നോബൽ സമ്മാനജേതാവുമായ) മിഖായേൽ ഷൊലൊഖോവ് അക്കാലത്തൊരിയ്ക്കൽ സ്റ്റാലിനു കത്തെഴുതി. അതിനു മറുപടിയിൽ സ്റ്റാലിൻ എഴുതി: “ഈ പീഡനങ്ങളെ മറ്റൊരു രീതിയിലും കാണാം. നിങ്ങളുടെ ജില്ലയിലെ തൊഴിലാളികളും മറ്റു പല ജില്ലകളിലെ തൊഴിലാളികളും സമരം നടത്തുകയും അട്ടിമറിയ്ക്കു ശ്രമിക്കുകയും ചെയ്തിരുന്നു. റെഡ് ആർമിക്കുള്ള ഭക്ഷണം നിഷേധിക്കാൻ അവർ ശ്രമിച്ചു! ഈ അട്ടിമറി നിശ്ശബ്ദവും സമാധാനപരമെന്നു തോന്നിക്കുന്നതുമാണെന്നതു കൊണ്ട് അതു ശ്ലാഘനീയമാവില്ല — അവർ മനഃപൂർവ്വം സോവിയറ്റ് ഭരണകൂടത്തെ കുറച്ചു കാണാനാണു ശ്രമിച്ചത്. ഇത് മരണം വരെയുള്ള യുദ്ധമാണു സഖാവ് ഷൊലൊഖോവ്!”

ക്ഷാമം അതിരൂക്ഷമായി നരമാംസഭോജനത്തിൽ ചെന്നെത്തുന്നതിനു മുൻപുള്ള ഓരോ ഘട്ടത്തിലും അതിനു തടയിടാൻ സ്റ്റാലിനു കഴിയുമായിരുന്നു. എത്രയെത്രയോ പേർ കത്തുകളിലൂടെ സ്ഥിതിഗതികളുടെ ഗൗരവം സ്റ്റാലിനെ അറിയിച്ചിട്ടുമുണ്ട്. പക്ഷെ അവിശ്വസനീയമായ നിസ്സംഗതയോടെയും ക്രൂരതയോടെയും ആ ക്ഷാമം സ്റ്റാലിൻ അനുവദിച്ചു. ഈ ക്രൂരതയ്ക്കു കാരണങ്ങൾ പലതാണ്. യുക്രെയ്നിയൻ ദേശീയതയോടുള്ള വിരോധം മുതൽ കർഷകരോട് സ്റ്റാലിൻ പുലർത്തിപ്പോന്ന വെറുപ്പു വരെ. ദേശീയതാബോധം കർഷകരുടെ മാത്രം സൃഷ്ടിയാണെന്നായിരുന്നു സ്റ്റാലിന്റെ വിശ്വാസം. 1925ൽ സ്റ്റാലിനെഴുതി: “കർഷകപ്രശ്നമാണ് ദേശീയതാപ്രശ്നത്തിന്റെ കാമ്പും അടിസ്ഥാനവും. കർഷകരാണ് ദേശീയതാസമരങ്ങൾക്ക് സൈന്യമായി വർത്തിക്കുന്നത്. ദേശീയതാസമരം കർഷകരില്ലാതെ സാദ്ധ്യമല്ല.”

യുക്രെയ്നിൽ കൊല്ലപ്പെട്ടത് അറുപതു ലക്ഷം ജനങ്ങള‍ായിരുന്നുവെങ്കിൽ 1937/38 കാലത്ത് മുപ്പതു ലക്ഷം പേരാണ് സ്റ്റാലിൻ ഭരണകൂടത്തിനു കീഴിൽ ഗുലാഗുകളിൽ നരകിച്ചത്. ഇതിൽ ഏഴുലക്ഷത്തോളം പേരാണു കൊല്ലപ്പെട്ടത്. പിന്നീട് ക്രൂഷ്ചേവിനു തള്ളിപ്പറയേണ്ടി വന്നതും ഈ ഭീകരതയെയാണ്. ഈ കൊലപാതകങ്ങളെയും അറസ്റ്റുകളെയുമെല്ലാം സ്റ്റാലിൻ ന്യായീകരിച്ചു കൂട്ടിയത് സോഷ്യലിസത്തെ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതായാണ്. ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളുടെ ചാരന്മാരെ ശിക്ഷിക്കാതിരിക്കുന്നതെങ്ങനെ? അങ്ങനെയാണ് പുറംരാജ്യവുമായി ബന്ധപ്പെടുന്നതു സോവിയറ്റ് യൂണിയനിൽ കുറ്റകരമായിത്തീർന്നത്. (ഇന്നിപ്പോൾ നോർത്ത് കൊറിയയിലും സമാനസാഹചര്യം നിലവിലുണ്ടെന്നാണു റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.) വധിക്കപ്പെട്ടവരിൽ, അറസ്റ്റ് ചെയ്യപ്പെട്ടവരിൽ, ഭൂരിഭാഗം പേരും കമ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. ലെനിന്റെ സഹപ്രവർത്തകരായ പാർട്ടിനേതാക്കളെയൊന്നും സ്റ്റാലിൻ വെറുതെവിട്ടില്ല. പാർട്ടിനേതാക്കൾ മാത്രമല്ല, അഭിനേതാക്കൾ, സംഗീതജ്ഞർ, കവികൾ, എഴുത്തുകാർ… രാജ്യമൊന്നടങ്കം സ്റ്റാലിൻ നിർമ്മിച്ച നരകക്കെണിയ്ക്കുള്ളിലായി. ഈ നരകക്കെണിയുടെ യഥാർത്ഥചിത്രത്തെയും സോവിയറ്റ് ജനതയോട്, സോഷ്യലിസത്തിന്റെ പേരിൽ, സ്റ്റാലിൻ കാണിച്ചുകൂട്ടിയ ക്രൂരതകളെയും ആദ്യമായി വെളിച്ചത്തു കൊണ്ടു വന്നത് ഈ ലേഖനത്തിന്റെ ആദ്യഭാഗത്തു പരാമർശിക്കുന്ന റോബട്ട് കോൺക്വസ്റ്റാണ്. അന്ന് കോൺക്വസ്റ്റ് അതു പുറത്തുകൊണ്ടുവരുമ്പോൾ സോവിയറ്റ് യൂണിയനിൽ നിന്ന് കൃത്യമായ വിവരങ്ങൾ സംഘടിപ്പിക്കുക എന്നത് അസാദ്ധ്യമായിരുന്നു.

കോൺക്വസ്റ്റിന്റെ കണക്കുകൾ അതിശയോക്തി കലർന്നതാണെന്ന് പിന്നീട് ആക്ഷേപമുയർന്നു. അതിൽ വാസ്തവമുണ്ടായിരുന്നു. കോൺക്വസ്റ്റിന്റെ കണക്കുകളിൽ തെറ്റുണ്ടായിരുന്നു. പക്ഷെ, കോൺക്വസ്റ്റ് വിവരിച്ച ഭീകരാവസ്ഥ ഏറെക്കുറെ കൃത്യമായിരുന്നുവെന്ന് പെരിസ്ത്രോയിക്കയ്ക്കു ശേഷവും പിന്നീട് സോവിയറ്റ് തകർച്ചയ്ക്കു ശേഷവും പുറത്തുവന്ന തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു. ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നതു വാസ്തവമാണ്, അതെത്ര ലക്ഷമാണെന്നതിലേ കോൺക്വസ്റ്റിനു പിഴച്ചുള്ളൂ. ഏഴു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതിനു കൃത്യമായ രേഖകളുണ്ട്. (ഒന്നരക്കോടി ജനങ്ങൾ കൊല്ലപ്പെട്ടുവെന്നായിരുന്നു കോൺക്വസ്റ്റിന്റെ അഭിപ്രായം.) തന്റെ പിഴവ് കോൺക്വസ്റ്റ് പിൽക്കാലത്തു സമ്മതിച്ചു.

ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണു സ്റ്റാലിൻ എന്നത് ഇന്ന് കമ്യൂണിസ്റ്റനുഭാവികൾക്കു പുറത്തുള്ളവരെ സംബന്ധിച്ചിടത്തോളം നിസ്തർക്കമായ വസ്തുതയാണ്. മരിച്ചുകഴിഞ്ഞ സ്റ്റാലിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ അനുശോചനത്തിലെ വാക്കുകൾ സ്റ്റാലിനെ പിന്തുണയ്ക്കാൻ കാരണമാവരുത്. പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ സന്ദർശിച്ചപ്പോൾ സ്റ്റാലിനെക്കുറിച്ച് നെഹ്‌റു പറഞ്ഞു: “സ്റ്റാലിൻ ഒരു സ്വേച്ഛാധിപതിയായിരുന്നു. അയാൾ റഷ്യയ്ക്ക് സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു രുചിയാണു നൽകിയത്. രാജ്യത്തിനു വേണ്ടി ചെകുത്താനോടു കൂട്ടുകൂടാനും സ്റ്റാലിനു മടിയില്ലായിരുന്നു. ഹിറ്റ്‌ലറോടു പോലും സ്റ്റാലിൻ കൂട്ടുണ്ടാക്കിയിരുന്നുവല്ലോ.” നെഹ്‌റുവിന്റെ സ്റ്റാലിൻ അനുശോചനം ഒരു നയതന്ത്രനിലപാടായിരുന്നു. ഇന്ന്, സ്റ്റാലിന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടും കഴിഞ്ഞ്, സ്റ്റാലിനെ കൊണ്ടാടാൻ ശ്രമിക്കുന്നത്, നിയോ നാത്‌സികളുടെ തീവ്രവലതുപക്ഷരാഷ്ട്രീയത്തെപ്പോലെയും ഹിറ്റ്‌ലറിനു വാഴ്ത്തുപാട്ടുകൾ പാടുന്നതു പോലെയും നീചമാണ്.

ഈയിടെ അമേരിക്കക്കാരിയും ഇടതുപക്ഷാനുഭാവിയുമായ കോഡി കെയ്ൻ സ്റ്റാലിൻ ഒരു വലതുപക്ഷസ്വേച്ഛാധിപതിയാണെന്നാണ്. റഷ്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തെ സ്റ്റാലിനെന്ന വലതുപക്ഷസ്വേച്ഛാധിപതി തട്ടിയെടുക്കുകയും അട്ടിമറിക്കുകയും ചെയ്തുവെന്നാണ്! സ്റ്റാലിന്റെ കുറ്റകൃത്യങ്ങളെയും ഭയങ്കരതകളെയും വെള്ളപൂശാൻ ഇനി സാധിക്കില്ലെന്നു വന്നപ്പോൾ ഒടുക്കം ഇടതുപക്ഷത്തിനുയർത്തേണ്ടി വരുന്ന പരിഹാസ്യമായ വാദം നോക്കുക!!

വലന്റീന ഇസ്റ്റോമിന എന്ന പേരിലൊരു പങ്കാളി സ്റ്റാലിനുണ്ടായിരുന്നു. അവർ വിവാഹിതരായിരുന്നില്ലെങ്കിലും സ്റ്റാലിന്റെ ഏകാന്തതയിൽ സ്റ്റാലിനൊപ്പമുണ്ടായിരുന്നയാളായിരുന്നു വലെച്ക എന്ന വലന്റീന. സ്റ്റാലിന്റെ ക്രൂരതകളുടെ മൂകസാക്ഷി കൂടിയായിരുന്നു അവർ. അപൂർവ്വം ചില അവസരങ്ങളിൽ രാഷ്ട്രീയകാര്യങ്ങളിൽ ഒരു സാധാരണക്കാരിയെന്ന നിലയിൽ വലെച്കയ്ക്ക് എന്താണു പറായാനുണ്ടായിരുന്നതെന്നു സ്റ്റാലിൻ കേട്ടിരുന്നു. വലെച്കയ്ക്ക് പല കാര്യങ്ങളിലും രാഷ്ട്രീയമായ പക്വതയുമുണ്ടായിരുന്നു. ഒരിയ്ക്കൽ ക്ഷാമം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത്, സ്റ്റാലിനെക്കാണാൻ ക്രൂഷ്‌ചേവ് വന്നു. ക്ഷാമത്തെക്കുറിച്ചു വരുന്ന വാർത്തകൾ അതിശയോക്തി കലർന്നതാണെന്ന്, സ്റ്റാലിനു പഴങ്ങൾ സമ്മാനിച്ചുകൊണ്ട്, ക്രൂഷ്ചേവ് ഉറപ്പു കൊടുത്തു. ഇതു കേട്ട് വലെച്ക, സ്റ്റാലിന്റെ മകൾ സ്വെറ്റ്ലാനയോട് സ്വകാര്യം പറഞ്ഞു: “അവർ നിന്റെ അച്ഛനെ പറ്റിച്ചു!”

സ്റ്റാലിൻ മരിയ്ക്കുമ്പോൾ വലെച്കയ്ക്ക് മുപ്പത്തിയെട്ടു വയസ്സായിരുന്നു. പതിനെട്ടുവർഷക്കാലം അവർ സ്റ്റാലിന്റെ കൂടെ, അയാളുടെ സ്വേച്ഛാധിപത്യത്തെ, ദുഷ്ടതയെ, ക്രൂരകൃത്യങ്ങളെ, അടുത്തുനിന്നു കണ്ടിരുന്നു. മരിച്ചുകഴിഞ്ഞ സ്റ്റാലിനു മേലേയ്ക്ക് വലെച്ക വീണ്, ഉറക്കെക്കരഞ്ഞു കൊണ്ടിരുന്നു. സൈമൺ മോൺടെഫ്യോറി എഴുതിയ സ്റ്റാലിന്റെ ജീവചരിത്രത്തിൽ പറയുന്നത്, എൺപതാം വയസ്സിൽ വലെച്ക മരിയ്ക്കുന്നതു വരെയും സ്റ്റാലിനെക്കാൾ നല്ലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിച്ചിട്ടില്ല എന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നതായാണ്. സ്റ്റാലിന്റെ ദുഷ്ടതയെ അടുത്തു നിന്നു മനസ്സിലാക്കിയ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി വെച്ചുപുലർത്തുന്നതും അങ്ങനെയൊരു വിശ്വാസമാണ്. വലെച്കയുടെ സ്വകാര്യവിശ്വാസത്തിന് വ്യക്തിനിഷ്ഠമായ കാരണങ്ങളുണ്ട്. പാശ്ചാത്യരാഷ്ട്രങ്ങളിലെ ഇടതുപക്ഷാനുഭാവികൾ സ്റ്റാലിനെ വലതുപക്ഷവാദിയാക്കി എഴുതിത്തള്ളാൻ പരിശ്രമിക്കുന്ന കാലത്ത്, വലെച്കയുടെ മട്ടിലൊരു വിശ്വാസം വെച്ചുപുലർത്താൻ സിപിഐ‌എമ്മിനെ പ്രേരിപ്പിക്കുന്ന കാരണമെന്തായിരിക്കും?

സ്റ്റാലിന്റെ സുദീർഘമായ ജീവചരിത്രം രചിച്ച സ്റ്റീഫൻ കോട്കിൻ നടത്തുന്ന നിരീക്ഷണങ്ങളിലൊന്നിൽ ഇതിനൊരുത്തരം കണ്ടെത്താൻ ഒരുപക്ഷെ കഴിഞ്ഞേക്കും. തന്റെ ‘അൺസിവിൽ സൊസൈറ്റി’ എന്ന പുസ്തകത്തിൽ കോട്കിൻ എഴുതുന്നു:

“എല്ലാറ്റിനെയുമുൾക്കൊണ്ടു കൊണ്ട് മുതലാളിത്തത്തിന് അതീതമായ ഒരു പുതിയ ലോകം എന്ന ആശയവും സമ്പദ്ഘടനയ്ക്കും പൊതുജീവിതത്തിനും മേലുള്ള ഏകാവകാശം നിലനിർത്തുക എന്ന നവീനമായ സംഘടനാരീതിയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നുകമ്യൂണിസ്റ്റ് വ്യവസ്ഥ. ഉന്മാദമുണ്ടാക്കുന്ന ഒരു കലർപ്പായിരുന്നു അത്. അതിശയിപ്പിക്കുന്നവിധത്തിൽ ശക്തമായിരിക്കുമ്പോഴും അഭൂതപൂർവ്വമായ വേഗതയിൽ ആ വ്യവസ്ഥ തകർന്നുവീണു. ആ വ്യവസ്ഥയുടെ ഏറ്റവും വലിയ ദൗർബ്ബല്യം, അതിലടങ്ങിയിട്ടുള്ള അതിസാധാരണമായ നുണപറച്ചിലുകളായിരുന്നു. “ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി, സോവിയറ്റ് യൂണിയനുണ്ടായിരുന്ന ഗതകാലപ്രൗഢിയിൽ ഇന്നും അഭിരമിയ്ക്കുന്നവരാണ്. ആ വ്യവസ്ഥയുടെ തകർച്ചയെ ഇന്നും അവർക്ക് അംഗീകരിക്കാനായിട്ടില്ല. സ്റ്റാലിനെന്ന വ്യക്തിയുടെ മരണം വലെച്‌കയെ ബാധിച്ചതു പോലെ, സ്റ്റാലിനെന്ന ബിംബത്തിന്റെ മരണം ഇന്നും അവരെ ബാധിയ്ക്കുന്നുണ്ട്. അവാസ്തവമായ സോവിയറ്റ് ചരിത്രത്തെയും സ്റ്റാലിൻ പ്രതിച്ഛായയെയും നിർമ്മിച്ചെടുത്തുകൊണ്ട് അതിനെ അതിജീവിക്കാമെന്ന് അവർ കരുതുന്നു. സ്റ്റാലിനു ലഭിക്കുന്ന വീരാരാധന, കമ്യൂണിസ്റ്റ്‌ വ്യവസ്ഥയുടെ ദൗർബ്ബല്യത്തിൽ നിന്നു വരുന്നതാണ്.

ഗ്രന്ഥസൂചി:
• Alexievich, Svetlana (2016), Secondhand Time: The Last of The Soviets, New York: Random House
• Applebaum, Anne (2018), Red Famine: Stalin’s War on Ukraine, London: Penguin UK
• Applebaum, Anne (2004), Gulag: A History, London: Penguin UK
• Conquest, Robert (1992), Stalin: Breaker of Nations, New York: Penguin Books USA Inc.
• Conquest, Robert (1986), The Harvest of Sorrow: Soviet Collectivisation and the Terror-Famine, Oxford: Oxford University Press
• Dolot, Miron (1985), Execution by Hunger: The Hidden Holocaust, New York: W.W. Norton & Company
• Fitzpatrick, Sheila (2001), Everyday Stalinism: Ordinary Life in Extraordinary Times: Soviet Russia in the 1930’s, New York: Oxford University Press
• Guha, Ramachandra (2003), “The Greatest Criminal in History: Joseph Stalin” in his The Last Liberal and Other Essays, Ranikhet: Permanent Black, pp. 155–164
• Kotkin, Stephen (2010), Uncivil Society: 1989 and the Implosion of the Communist Establishment, New York: Modern Library
• Montefiore, Simon Sebag (2004), Stalin: The Court of the Red Tsar, New York: Knopf
• Werth, Nicolas (1999), “A State against Its People: Violence, Repression, and Terror in the Soviet Union,” in Stéphane Courtois, Nicolas Werth, Jean-Louis Panné, Andrzej Paczkowski, Karel Bartošek, and Jean-Louis Margolin, The Black Book of Communism: Crimes, Terror, Repression, Cambridge: Harvard University Press, pp. 39–268
• Cain, Cody (2021), “Republicans claim to fear left-wing authoritarianism — but there’s no such thing”, https://www.salon.com/2021/08/14/republicans-claim-to-fear-left-wing-authoritarianism–but-theres-no-such-thing

(അവസാനിച്ചു).

കവര്‍ ഡിസൈന്‍: വിത്സണ്‍ ശാരദ ആനന്ദ്‌

Comments
Print Friendly, PDF & Email

You may also like