പൂമുഖം LITERATUREലേഖനം സ്റ്റാലിനിസം: സോഷ്യലിസത്തിനും കമ്യൂണിസത്തിനുമപ്പുറം

സ്റ്റാലിനിസം: സോഷ്യലിസത്തിനും കമ്യൂണിസത്തിനുമപ്പുറം

ഞങ്ങൾക്കുണ്ടായിരുന്നത് സ്റ്റാലിനിസമായിരുന്നു; കമ്യൂണിസമായിരുന്നില്ല. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. സാമ്രാജ്യത്വമോ ജനായത്തമോ അല്ല. ഞങ്ങൾ ഞാന്നു കിടന്നിരുന്നത്.. എങ്ങനെയതു പറയും..? സ്റ്റാലിൻ! സ്റ്റാലിൻ!”

– എലേന യുറീവ്ന (സ്വെറ്റ്ലാന അലക്സ്യേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ) “സ്റ്റാലിനു ശേഷം ഞങ്ങൾ കൊലപാതകത്തെ കാണുന്നതു മറ്റൊരു മട്ടിലാണ്. സ്വന്തമാളുകളെ കൊല്ലേണ്ടിവന്നതിനെക്കുറിച്ച് ഞങ്ങൾക്കോർമ്മയുണ്ട്. എന്തിനാണു കൊല്ലപ്പെടുന്നതെന്നു മനസ്സിലാവാത്ത ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച്. ആ ഓർമ്മ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി ഞങ്ങളുടെ കൂടെയുണ്ട്…” നിരത്തിലെ ശബ്ദങ്ങളുടെയും അടുക്കളവർത്തമാനങ്ങളുടെയും ചീന്തുകൾ (അതേ പുസ്തകം).

സ്റ്റാലിന്റെ ജീവചരിത്രം ഒരുപാടു പേർ എഴുതിയിട്ടുണ്ട്. സ്റ്റാലിൻ കൊന്നുകളയുന്നതിനു മുൻപ് ലിയോൺ ട്രോട്സ്കി എഴുതിത്തുടങ്ങിയ അപൂർണ്ണമായ ജീവചരിത്രമായിരിക്കണം ഇവയിൽ ആദ്യത്തേത്.

സമീപകാലത്ത് സ്റ്റീഫൻ കോട്കിൻ എഴുതിയ സുദീർഘമായ ജീവചരിത്രം മൂന്നുവാല്യങ്ങളായാണു പ്രസിദ്ധീകരിയ്ക്കുന്നത് (ഇതിൽ അവസാനത്തെ വാല്യം ഇനിയും പ്രസിദ്ധീകരിക്കാനിരിക്കുന്നേയുള്ളൂ). സൈമൺ സെബാഗ് മോൺടെഫ്യോറി എഴുതിയ സാമാന്യം ദീർഘമെന്നു പറയാവുന്ന ജീവചരിത്രവും ഇരുപത്തൊന്നാം നൂറ്റാണ്ടിലെഴുതിയതാണ്. ഇതിനൊക്കെപ്പുറമെ, സ്റ്റാലിന്റെ മരണത്തിനു ശേഷം ഇന്നോളം, കമ്യൂണിസ്റ്റ് പ്രോപ്പഗാൻഡയോട് ചേർന്നു നില്ക്കുന്നതും അല്ലാത്തതുമായി, ചെറുതും വലുതുമായി അനേകം ജീവചരിത്രങ്ങൾ വേറെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

“സ്റ്റാലിൻ: ബ്രെയ്ക്കർ ഒഫ് നേഷൻസ്” എന്ന പേരിൽ സോവിയറ്റ് സ്കോളറായ റോബട്ട് കോൺക്വസ്റ്റ് എഴുതിയ ചെറിയൊരു പുസ്തകമുണ്ട്. മുന്നൂറു പേജിനടുത്തേ കാണൂ. ചെറുതെങ്കിലും സ്റ്റാലിന്റെ രാഷ്ട്രീയജീവിതത്തെയും സ്വകാര്യജീവിതത്തെയും അടുത്തുനിന്നു പരിശോധിക്കുന്ന പുസ്തകമാണത്. സോവിയറ്റ് ഭരണകൂടത്തെക്കുറിച്ച് ആഴത്തിൽ പരിജ്ഞാനമുള്ളയാളാണു റോബട്ട് കോൺക്വസ്റ്റ് എന്നു മാത്രമല്ല, സോവിയറ്റ് യൂണിയൻ നിഷേധിച്ച മഹാദുരന്തങ്ങളിലൊന്നായ ക്ഷാമത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നവരിലൊരാളുമാണ്. കോൺക്വസ്റ്റെഴുതിയ സ്റ്റാലിൻ ജീവചരിത്രം അവസാനിക്കുന്നതിങ്ങനെയാണ്.

“സ്റ്റാലിൻ പ്രതിനിധീകരിച്ചിരുന്നത് പ്രത്യയശാസ്ത്രപരമായ അപ്രമാദിത്വത്തെയും ലോകവ്യവസ്ഥ അടിസ്ഥാനപരമായി സമൂലം മാറുമെന്ന സിദ്ധാന്തത്തിലുള്ള വിശ്വാസത്തെയുമാണ്. സാധാരണവും പരിമിതികളുള്ളതുമായ പരുക്കൻ വ്യക്തിത്വമാണു സ്റ്റാലിന്റേതെന്നു തോന്നുമെങ്കിലും ഉറപ്പിച്ചു പറയാവുന്ന ഒരു കാര്യം അയാളുടെ രാഷ്ട്രീയജീവിതത്തിൽ നിന്നു നമുക്കു പഠിക്കാനുണ്ടെന്നതാണ്, അതു വളരെ പ്രസക്തമാണെന്നതാണ്. സ്റ്റാലിന്റെ ജീവിതം പ്രസക്തമാവുന്നത് തീവ്രവും അതിവിപുലവുമായ രീതിയിൽ അതുണ്ടാക്കിയ ഭൗതികവും ധാർമ്മികവും ധൈഷണികവുമായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇന്നു നാം ഭൂതകാലചരിത്രത്തിലേക്ക് സ്റ്റാലിനെ എഴുതിച്ചേർക്കുന്നുണ്ടെങ്കിൽ, അതു ചെയ്യുന്നത് ഇനിയൊരിക്കലും അയാളെപ്പോലൊരാൾ ഉണ്ടാവരുത് എന്നു പ്രതീക്ഷിച്ചു കൊണ്ടാണ്.”

സ്റ്റാലിനെക്കുറിച്ച് രാമചന്ദ്രഗുഹ എഴുതിയ ഒരു ചെറിയ ലേഖനമുണ്ട്. “ദ് ഗ്രെയ്റ്റസ്റ്റ് ക്രിമിനൽ ഇൻ ഹിസ്റ്ററി: ജോസഫ് സ്റ്റാലിൻ” എന്ന ലേഖനത്തിൽ കോൺക്വസ്റ്റിന്റെ മേലുദ്ധരിച്ച ഖണ്ഡിക എടുത്തുചേർത്തു കൊണ്ട് ഗുഹ എഴുതുന്നു: “ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇടതുപക്ഷകൂട്ടായ്മ, കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഈ പറഞ്ഞത് ഒരു ബൂർഷ്വാ പ്രചാരവേലയായി എഴുതിത്തള്ളും. കാരണം സിപി‌എമ്മിന്റെ നായകശ്രേണിയിൽ സ്റ്റാലിന്റെ സ്ഥാനം മാർക്സിനും ഏംഗൽസിനും ലെനിനുമിടയ്ക്കാണ്. പക്ഷെ സിപിഎമ്മിനു പുറത്തുള്ളവരെ സംബന്ധിച്ച് കോൺക്വസ്റ്റിന്റെ നിരീക്ഷണം സത്യത്തോട് ഏറ്റവുമടുത്തു. നിൽക്കുന്നതാണ്. ഉത്തരവാദിത്വത്തോടെയും ഗൗരവത്തോടെയും സോവിയറ്റ് റഷ്യയെക്കുറിച്ചു പഠിച്ച ചരിത്രകാരന്മാരെല്ലാവരും പിന്തുണയ്ക്കുന്ന നിരീക്ഷണമാണത്. [റോബട്ട് കോൺക്വസ്റ്റിന്റെ നിരീക്ഷണത്തെ] ഒന്നുകൂടെ അർത്ഥവത്താക്കുന്നത്, റഷ്യൻ ജനത തന്നെ ആ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ട് എന്ന വസ്തുതയാണ്.”

സ്റ്റാലിനെയും സ്റ്റാലിന്റെ കിരാതഭരണത്തെയും സംബന്ധിച്ചു വരുന്ന വാർത്തകളെല്ലാം എക്കാലത്തും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയും പാർട്ടി അനുഭാവികളും ബൂർഷ്വാ പ്രചാരവേലയായിട്ടാണ് എഴുതിത്തള്ളിയിട്ടുള്ളത്. ഈയടുത്ത് സ്റ്റാലിനെ പ്രതിരോധിച്ചു കൊണ്ട് എം സ്വരാജ് എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത് സ്റ്റാലിനെ കൊടും ഭീകരനും ക്രൂരനുമാക്കി അവതരിപ്പിച്ചു കൊണ്ട് കമ്യൂണിസത്തെ കുഴിച്ചുമൂടുകയെന്നതു മുതലാളിത്തശക്തികളുടെ അജണ്ടയാണെന്നാണ്. രാമചന്ദ്രഗുഹ ഉദ്ധരിച്ച റോബട്ട് കോൺക്വസ്റ്റ് “ലോക രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് സ്വാധീനം തകർക്കാനായി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് സീക്രട്ട് സർവീസായ ഐ ആർ ഡി (Information Research Department) യിലെ ഏജന്റായിരുന്നു”വെന്നും എം സ്വരാജ് എഴുതുന്നു.

ഐ‌ആർഡിയിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു റോബട്ട് കോൺക്വസ്റ്റെന്നതു വസ്തുതയാണ്. സോവിയറ്റ് യൂണിയന്റെ പ്രചണ്ഡമായ പ്രോപ്പഗാൻഡയെ പ്രതിരോധിക്കാൻ ബ്രിട്ടനിൽ, ഇടതുപക്ഷനയങ്ങൾ പിൻപറ്റുന്ന ലേബർ പാർട്ടിയുടെ ഭരണത്തിൻ കീഴിൽ, അവിടത്തെ ഫോറിൻ ഓഫീസ് രൂപീകരിച്ചതാണ് ഐ‌ആർഡി. (നാസി ജർമ്മനിയെയും ഫാഷിസ്റ്റ് ഇറ്റലിയെയും പോലെ, സോവിയറ്റ് യൂണിയനും വളരെ പ്രബലമായ പ്രോപ്പഗാൻഡാ വകുപ്പുണ്ടായിരുന്നു. നാസി ജർമ്മനിയിൽ ഗീബൽസിന്റെ നേതൃത്വത്തിൽ “മിനിസ്റ്റ്രി ഒഫ് പബ്ലിക് എൻലൈറ്റൻമെന്റ് ആൻഡ് പ്രോപ്പഗാൻഡാ”. ഫാഷിസ്റ്റ് ഇറ്റലിയിൽ “ഡിപാട്ട്മെന്റ് ഒഫ് പോപ്യുലർ കൾചർ”. സോവിയറ്റ് യൂണിയനിൽ “ഡിപാട്ട്മെന്റ് ഒഫ് അജിറ്റേഷൻ ആൻഡ് പ്രോപ്പഗാൻഡാ”. ഇന്നും ഔദ്യോഗികമായിത്തന്നെ പ്രോപ്പഗാൻഡാ വകുപ്പുകളുള്ള രാജ്യങ്ങളാണു ചൈനയും നോർത്ത് കൊറിയയും).

റോബട്ട് കോൺക്വസ്റ്റ് മാത്രമല്ല, സ്റ്റീഫൻ കോട്കിൻ, ഒർലാൻഡോ ഫൈഗസ്, ഷീലാ ഫിറ്റ്സ്‌പാട്രിക്, റിച്ചാഡ് ഓവ്‌റി, സൈമൺ മോൺടെഫ്യോറി, തുടങ്ങി സോവിയറ്റ് കാലഘട്ടത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള എത്രയെത്രയോ ചരിത്രകാരന്മാരുണ്ട്. സ്റ്റാലിന്റെ ഭരണകൂടത്തെ സംബന്ധിച്ച് ഇവരുടെയൊക്കെ
പ്രബന്ധങ്ങളും പുസ്തകങ്ങളുമുണ്ട്. സ്വെറ്റ്ലാനാ അലക്സ്യേവിച്ചിന്റെ പുസ്തകങ്ങളിൽ എത്രയോ സന്ദർഭങ്ങളിൽ സ്റ്റാലിനിസത്തിന്റെ ക്രൂരതകളേറ്റു വാങ്ങിയ സാധാരണക്കാരുടെ കഥനങ്ങൾ വായിക്കാം. സീനോവിവിന്റെ നോവലുകളിൽ, സോൾഷെനിറ്റ്സിന്റെ ഓർമ്മക്കുറിപ്പുകളിൽ, ഒക്കെ ഈ ക്രൂരത വിശദമായി വായിച്ചെടുക്കാം. ഇവരെല്ലാം യോജിക്കുന്ന ഒരു കാര്യം സ്റ്റാലിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന രക്തമുറഞ്ഞുപോവുന്ന ഭീകരതയെക്കുറിച്ചാണ്. ഈ ഭീകരതയെ പൂർണ്ണമായും വെള്ളപൂശുക എന്നതു സാദ്ധ്യമല്ലെന്നു സ്റ്റാലിന്റെ മരണശേഷം സോവിയറ്റ് ഭരണകൂടം തിരിച്ചറിഞ്ഞതു കൊണ്ടുകൂടിയാണ് ക്രൂഷ്ചേവിന്റെ കാലത്ത് സ്റ്റാലിന്റെ ചില നടപടികളെയെങ്കിലും തള്ളിപ്പറയാൻ സോവിയറ്റ് യൂണിയൻ നിർബ്ബന്ധിതരായത്.

രാക്ഷസീയമായ ഒരു ഭരണകൂടത്തിനു നേതൃത്വം കൊടുക്കുമ്പോഴും വലിയ തോതിൽ റഷ്യയിൽ ജനപിന്തുണയുണ്ടായിരുന്നയാളാണു സ്റ്റാലിൻ. ഇതിലൊരു വൈരുദ്ധ്യമുണ്ട്. പക്ഷെ ഈ വൈരുദ്ധ്യം ഹിറ്റ്‌ലറുടെ കാര്യത്തിലുമുണ്ടായിരുന്നു. വാസ്തവത്തിൽ പലപ്പോഴും ഹിറ്റ്‌ലർ ഭരണകൂടത്തോടു താരതമ്യം ചെയ്യാവുന്ന, സമീകരിക്കാവുന്ന, പ്രകൃതമായിരുന്നു സ്റ്റാലിൻ ഭരണകൂടത്തിന്റേതും. ഷീലാ ഫിറ്റ്‌സ്‌പാട്രിക് ഇതേക്കുറിച്ച് പരാമർശിക്കുന്നുണ്ട്. യു‌എസ്‌എസ്‌ആർ ചരിത്രത്തെ സൂക്ഷ്മമായി പഠിച്ചയാളാണു ഫിറ്റ്സ്‌പാട്രിക്. ഓക്സ്ഫഡ് സർവ്വകലാശാലയിൽ നിന്നു റഷ്യൻ വിപ്ലവകാലത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ സംബന്ധിച്ചെഴുതിയ തീസിസിനാണ് അവർ ഡോക്ടറേറ്റ് നേടിയത്. ഫിറ്റ്സ്‌പാട്രിക് തന്റെ “എവ്‌രിഡേ സ്റ്റാലിനിസം” എന്ന പുസ്തകത്തിൽ എഴുതുന്നു:

“സ്റ്റാലിന്റെ “കൾട്ട് ഒഫ് പേഴ്സണാലിറ്റി” എന്നു ക്രൂഷ്ചേവ് പിന്നീടു വിശേഷിപ്പിച്ച സവിശേഷതകൾക്കു ഹിറ്റ്‌ലറെയും മുസോളിനിയെയും പോലുള്ള ഫാഷിസ്റ്റ് സ്വേച്ഛാധിപതികളുടെ സവിശേഷതകളോടു സാമ്യമുണ്ടായിരുന്നു. എന്നാൽ ആ കൾട്ടിന്റെ മറ്റു പ്രകൃതങ്ങളെല്ലാം കാണിക്കുന്നത് റഷ്യൻ സംസ്കാരത്തിൽ സാർ ചക്രവർത്തിക്കുണ്ടായിരുന്ന പിതൃതുല്യതയായിരുന്നു സ്റ്റാലിന്റേത് എന്നായിരുന്നു. 1930കളോടെ ‘ഫാദർ ഒഫ് പീപ്പ്‌ൾസ്’ എന്ന സ്റ്റാലിന്റെ പ്രതിച്ഛായയ്ക്ക് വ്യക്തമായ പൈതൃകഭാവം കൈവന്നിരുന്നു.”

റിച്ചാഡ് ഓവ്‌റിയുടെ “ദ് ഡിക്റ്റേറ്റേസ്: ഹിറ്റ്‌ലേസ് ജർമനി ആൻഡ് സ്റ്റാലിൻസ് റഷ്യ” എന്ന ബൃഹദ്‌ഗ്രന്ഥം സ്റ്റാലിൻ / ഹിറ്റ്‌ലർ ഭരണകൂടങ്ങളുടെ സമാനതകളെ പഠിക്കുന്ന പുസ്തകമാണ്. ചരിത്രകാരനായ ഓവ്‌റിയുടെ മേഖല നാസി ജർമനിയാണ്.

അദ്ദേഹത്തിന്റെ പുസ്തകം പ്രഖ്യാതവും ഏറെ പുരസ്കാരങ്ങൾ നേടിയതുമാണ്. ഓവ്‌റി പറയുന്നത്, യാഥാർത്ഥ്യത്തിന്റെ വികലവും വക്രവുമായ വ്യാഖ്യാനങ്ങളെ സ്വീകരിക്കുന്ന ഒരു ചരിത്രസന്ദർഭത്തിൽ ജർമനിയിലെയും റഷ്യയിലെയും ജനങ്ങൾ എത്തിപ്പെട്ടതു കൊണ്ടു കൂടിയാണ് ഹിറ്റ്‌ലറും സ്റ്റാലിനും ആ രാജ്യങ്ങളിൽ സാദ്ധ്യമായത് എന്നാണ്. ഈ ഭരണകൂടങ്ങളുടെ വാഗ്ദാനങ്ങൾ അവരുടെ രാജ്യങ്ങളിലെ ഒരു വലിയ ജനവിഭാഗത്തിന്റെ ആശയങ്ങളെയും ലക്ഷ്യങ്ങളെയും കണക്കിലെടുത്തിരുന്നു. അതുകൊണ്ടു തന്നെ അവർക്കത് അത്യാകർഷകമായിത്തോന്നി. സോവിയറ്റ് യൂണിയനിൽ വിപ്ലവാനന്തരം വരുന്ന സ്വർഗ്ഗമാണു ജനങ്ങളെ വശീകരിച്ചത്. ഇപ്പോഴുള്ള കഷ്ടപ്പാടുകൾക്കപ്പുറത്ത് പ്രതീക്ഷാനിർഭരമായ ഒരു നാളെയെ അവർ കാത്തിരുന്നു. ജർമ്മനിയിൽ ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയം ജനങ്ങളുടെ അഭിമാനത്തിനു ക്ഷതമേല്പിച്ചിരുന്നു. ജർമനിയുടെ മൂല്യങ്ങൾക്കും ജർമൻ വംശജർക്കും പ്രാമുഖ്യവും ശക്തിയും കിട്ടുന്ന ഒരു ലോകക്രമം അവിടെയുള്ളവർക്കു കൂടുതൽ സ്വീകാര്യവും ആകർഷകവുമായിത്തീർന്നു.

ഈ രണ്ടു ഭരണകൂടങ്ങളും സയൻസിനെ ഉപയോഗിച്ചിരുന്ന രീതിയും കൗതുകകരമാണ്. സാമൂഹ്യശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ഊന്നിക്കൊണ്ട് “ശാസ്ത്രീയമായ സോഷ്യലിസ”ത്തെ മാർക്സിസം വിഭാവനം ചെയ്തു. സാമ്പത്തികശാസ്ത്രനിയമങ്ങൾ വർഗ്ഗങ്ങളെ ഇല്ലാതാക്കുകയും പുതിയൊരു സാമൂഹ്യാവസ്ഥയെ നിർമ്മിച്ചെടുക്കുകയും ചെയ്യുമെന്നു സോവിയറ്റ് യൂണിയൻ പ്രചരിപ്പിച്ചു. അങ്ങനെ, ശാസ്ത്രീയമായ സാധൂകരണമുള്ള ഭരണകൂടമാണു തങ്ങളുടേതെന്ന് അവർ നടിച്ചു. ജർമ്മനിയാവട്ടെ, ബയളോജിക്കൽ നിയമങ്ങളെ വക്രീകരിച്ചു കൊണ്ടാണ് തങ്ങളുടെ ഭരണത്തിനും സിദ്ധാന്തങ്ങൾക്കും ശാസ്ത്രീയമായ സാധൂകരണം തേടിയത്. വംശങ്ങളെക്കുറിച്ചുള്ള അപകടകരവും (ഇന്നുനോക്കുമ്പോൾ പരിഹാസ്യമാം വിധത്തിൽ അശാസ്ത്രീയവുമായ) സിദ്ധാന്തങ്ങൾ ഹിറ്റ്‌ലർക്കു പരിചയമുണ്ടായിരുന്നു. വംശശുദ്ധിയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം പ്രബലമായിത്തീരുമെന്ന മൂഢവിശ്വാസത്തിന് അന്നത്തെ ചില ശാസ്ത്രസിദ്ധാന്തങ്ങളെ ആശ്രയിച്ചുകൊണ്ടാണ് നാസിപ്പാർട്ടി സൈദ്ധാന്തികമായ ബലം തേടിയത്.

സോവിയറ്റ് യൂണിയനും ജർമനിയും തമ്മിലുണ്ടായിരുന്ന വാണിജ്യക്കരാറുകളുടെ ഭാഗമായി ജർമ്മനിയിലെത്തിയ വലന്റീൻ ബെരെഷ്കോവിന്റെ ഓർമ്മക്കുറിപ്പുകൾ ഓവ്‌റി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സ്റ്റാലിനു വേണ്ടി ദ്വിഭാഷിയായി ജോലി ചെയ്തിട്ടുള്ള ബെരെഷ്കോവ്, സ്റ്റാലിനെ അടുത്തുനിന്നു കാണുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിന്റെ ഇന്നർ സർക്ക്‌ളിന്റെ ഭാഗമായിരുന്നു അയാൾ. ജർമ്മനിയിലെത്തിയ ബെരെഷ്കോവിനെ അതിശയിപ്പിച്ചത് അവിടത്തെയും തന്റെ രാജ്യത്തെയും സാഹചര്യങ്ങളിലെ സമാനതകളാണ്. നേതാവിന്റെ ബിംബവൽക്കരണവും വലിയ റാലികളും പരേഡുകളും ആർഭാടകരമായ കെട്ടിടങ്ങളും കലകളിലെ വീരത്വം നിറഞ്ഞ പ്രമേയങ്ങളും വിപുലമായ തോതിൽ നടത്തിപ്പോരുന്ന സൈദ്ധാന്തികമായ മസ്തിഷ്കപ്രക്ഷാളനവും ബെരെഷ്കോവിനു കൗതുകകരമായിത്തോന്നി. അതെല്ലാം തന്റെ രാജ്യത്തും നടക്കുന്നതിനു സമാനമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. എന്നാൽ ബെരെഷ്കോവിന് അതിലേറെ കൗതുകകരമായിത്തോന്നിയത് ഹിറ്റ്ലറുടെ പ്രസംഗങ്ങൾ കേൾക്കാൻ വന്നിരുന്ന ജനക്കൂട്ടം ഹിറ്റ്‌ലറോടു കാണിക്കുന്ന ഭ്രാന്തമായ അഭിനിവേശമായിരുന്നു. അങ്ങനെയൊരു അഭിനിവേശം തന്നെയാണ് കമ്യൂണിസ്റ്റുകാരുടെ പദയാത്രയെ സ്റ്റാലിൻ അഭിസംബോധന ചെയ്യുമ്പോൾ അവരും കാണിക്കാറുള്ളതെന്ന് ബെരെഷ്കോവിനു മനസ്സിലാക്കാൻ കഴിഞ്ഞു — അക്കാര്യം ബെരഷ്കോവ് അക്കാലത്തു തന്നോടുതന്നെ സമ്മതിച്ചില്ലെങ്കിൽ പോലും.

ഈ സമാനതകൾ നേതൃബിംബത്തിന്റെ പ്രതിച്ഛായയിൽ മാത്രമൊതുങ്ങുന്നതല്ല. ക്രൂരതയുടെ കാര്യത്തിലും അവർ തുല്യരായിരുന്നു. യുഗോസ്‌ലാവിയൻ കമ്യൂണിസ്റ്റും കടുത്ത സ്റ്റാലിനിസ്റ്റും യുഗോസ്‌ലാവിയയുടെ വൈസ് ‌പ്രസിഡന്റുമായിരുന്ന മിലോവാൻ ജിലാസ് പിന്നീടു കമ്യൂണിസ്റ്റ് പാർട്ടി വിട്ടു പുറത്തുവന്നയാളാണ്. അക്കാരണത്താൽ ജിലാസിനു ജയിലിൽ കിടക്കേണ്ടിയും വന്നു. പിൽക്കാലത്ത് ജിലാസ് സ്റ്റാലിനെക്കുറിച്ച് എഴുതി: “എന്തു കുറ്റകൃത്യവും സ്റ്റാലിനു ചെയ്യാനാവും, അയാൾ എല്ലാ കുറ്റകൃത്യങ്ങളും ചെയ്തിട്ടുമുണ്ട്. ഏതു മാനദണ്ഡം വെച്ചളന്നാലും അയാളെക്കാൾ വലിയൊരു കുറ്റവാളി ചരിത്രത്തിലുണ്ടായിട്ടില്ല; ഉണ്ടാവില്ല എന്നു നമുക്കു പ്രതീക്ഷിക്കാം. മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗത്തു നിന്നു പരിശോധിച്ചാൽ ഇത്ര നിഷ്ഠുരനും നിന്ദ്യനുമായൊരു സ്വേച്ഛാധിപതി വേറെയുണ്ടായിട്ടില്ല. ഒരു തികഞ്ഞ കുറ്റവാളിയായിരുന്നു അയാൾ. മനുഷ്യവംശത്തിന്റെ പത്തിലൊരു ഭാഗത്തിനു സന്തുഷ്ടിയുണ്ടാക്കാൻ പത്തിലൊൻപതു ഭാഗത്തെയും കൊന്നുകളയാൻ മടിയില്ലാത്ത വിധം അപൂർവ്വവും ഭയാനകവുമായ സിദ്ധാന്തവാദിത്വം അയാൾ കൊണ്ടുനടന്നു.” (ജിലാസിന്റെ നിരീക്ഷണത്തിൽ നിന്നാണ് രാമചന്ദ്രഗുഹ തന്റെ ലേഖനത്തിനു “ദ് ഗ്രെയ്റ്റസ്റ്റ് ക്രിമിനൽ ഇൻ ഹിസ്റ്ററി” എന്ന പേരു കണ്ടെത്തുന്നത്.)

ഹിറ്റ്ലർ കൊന്നുകളഞ്ഞിട്ടുള്ള ജൂതന്മാരെക്കാളധികം പേരെ സ്റ്റാലിൻ യുക്രെയ്‌നിൽ നിർമ്മിച്ചെടുത്ത ക്ഷാമത്തിലൂടെ കൊന്നുകളഞ്ഞിട്ടുണ്ട്. അത്ര തന്നെ പേരെ ‘great purge’ എന്നു പിന്നീടറിയപ്പെട്ട അടിച്ചമർത്തലിലൂടെ കൊന്നുകളഞ്ഞിട്ടുണ്ട്. ഇത് ഏതെങ്കിലും മുതലാളിത്ത അജണ്ടയല്ല. യു‌എസ്‌എസ്‌ആറിന്റെ തകർച്ചയ്ക്കു ശേഷം പുറത്തുവന്ന രേഖകളുടെ കൂടെ അടിസ്ഥാനത്തിൽ ഇന്നു ചരിത്രകാരന്മാരുടെയിടയിൽ സർവ്വാംഗീകൃതമായ വസ്തുതയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഹിറ്റ്‌ലറോടുള്ളതു പോലൊരു വെറുപ്പ് സ്റ്റാലിനെതിരെ ഉയർന്നിട്ടില്ലാത്തത്? ഹിറ്റ്‌ലറെപ്പോലൊരു നെഗറ്റീവ് പ്രതിച്ഛായ സ്റ്റാലിനില്ലാത്തത്? ഈ ചോദ്യം ആൻ ആപ്പ്‌ൾബാം അവരുടെ “ഗുലാഗ്: എ ഹിസ്റ്ററി” എന്ന പുസ്തകത്തിൽ പരിശോധിക്കുന്നുണ്ട്. സോവിയറ്റ് നരകക്യാംപുകളിൽ പെട്ടുപോയ മനുഷ്യരുടെ ഓർമ്മക്കുറിപ്പുകളും അനുഭവങ്ങളും അഭിമുഖങ്ങളുമെല്ലാം പഠിച്ചുകൊണ്ട് ഗുലാഗിന്റെ ഞെട്ടിയ്ക്കുന്ന ചിത്രം വരച്ചുവെച്ച ആപ്പ്‌ൾബാമിന്റെ പുസ്തകം സമീപകാലത്തു പ്രസിദ്ധീകൃതമായ സുപ്രധാനമായ ചരിത്രപുസ്തകങ്ങളിലൊന്നാണ്. പുലിറ്റ്സർ പുരസ്കാരമുൾപ്പെടെയുള്ള ആദരവുകൾ ആ പുസ്തകം നേടിയിട്ടുണ്ട്.

ട്രോട്സ്കി

ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ക്രൂരതകൾക്കെതിരെ രണ്ടുവിധം നിലപാടുകൾ സാദ്ധ്യമാവുന്ന വിചിത്രമായ അവസ്ഥയെക്കുറിച്ച് ആപ്പ്‌ൾബാം പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതുന്നുണ്ട്. ഹിറ്റ്‌ലറുടെ ഭീകരപ്രവർത്തനങ്ങൾ അതിന്റെ പാരമ്യത്തിലെത്തുന്നതിനു മുൻപ് ഒരു കാലത്ത്, ദാർശനികനായ മാർടിൻ ഹൈഡഗർ, കുറച്ചുകാലം ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നു. ഇത് എക്കാലത്തേക്കുമായി ഹൈഡഗറുടെ പ്രതിച്ഛായയെ ബാധിച്ചു. എന്നാൽ സ്റ്റാലിന്റെ ഭീകരത പുറം‌ലോകമറിഞ്ഞതിനു ശേഷവും അയാളെ പിന്തുണച്ചിരുന്ന സാർത്രിനു സമാനമായ ഒരു പ്രതിച്ഛായാനഷ്ടവും സംഭവിച്ചില്ല. സോവിയറ്റ് ക്യാംപുകളിലെ ഭീകരതയെക്കുറിച്ചു നല്ല നിശ്ചയമുണ്ടായിട്ടു പോലും അതിനെ അപലപിക്കേണ്ടത് തന്റെ കടമയല്ലെന്നാണു സാർത്ര് കരുതിയത്. ഒരിയ്ക്കൽ അൽബേർ കമ്യുവിനു സാർത്ര് എഴുതി: “നിങ്ങളെപ്പോലെ ഞാനും ഈ ക്യാംപുകൾ അസഹനീയമാണെന്നു തന്നെ കരുതുന്നു. എന്നാൽ ദിവസേന ബൂർഷ്വാ മാദ്ധ്യമങ്ങൾ ഈ ക്യാംപുകളെക്കുറിച്ചെഴുതി അവയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നതും എനിക്ക് അതുപോലെ അസഹനീയമാണ്.”

ന്യൂ യോർക്ക് ടൈംസ് ഒരിയ്ക്കൽ ആപ്പ്‌ൾബാമിന്റെ ഒരു പുസ്തകം നിരൂപിക്കുമ്പോൾ എഴുതിയത്രേ: “ഇവിടെയാണ് 1930കളിലെ ഭീകരമായ ക്ഷാമം നടന്നത്. ഹിറ്റ്ലർ കൊലപ്പെടുത്തിയ ജൂതന്മാരെക്കാളധികം യുക്രെയ്നിയൻ പൗരന്മാരെ സ്റ്റാലിൻ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് പാശ്ചാത്യരാഷ്ട്രങ്ങൾ അത് ഓർമ്മിക്കാത്തത്? ആ കൊലപാതകങ്ങൾ ബോറടിപ്പിക്കുന്നതായിരുന്നു, പ്രകടമായ നാടകീയത അതിനുണ്ടായിരുന്നില്ല.”

എന്തുകൊണ്ട് സോവിയറ്റ് ഭീകരത നാസി ഭീകരതയ്ക്കു തുല്യം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നില്ല എന്നതിനു പല മറുപടികളുണ്ടെന്ന് (ഉണ്ടായിരുന്നുവെന്ന്) ആപ്പ്ൾബാം പറയുന്നു. ഒന്നാമത്, ആ ഭീകരത അതിന്റെ കാലത്തിൽ നിന്നു വളരെക്കഴിഞ്ഞാണു പുറത്തുവന്നത്. രണ്ടാമത്, കൃത്യമായ വസ്തുതകളോടെയും തീർച്ചയുള്ള സ്രോതസ്സുകളോടെയും ഈ ഭീകരതയെ പുറത്തെത്തിക്കുന്നതിൽ നിന്ന് സോവിയറ്റ് ഇരുമ്പുമറ ആളുകളെ തടഞ്ഞു. ഇതിനൊക്കെയപ്പുറം ആഗോളതലത്തിൽ തന്നെ ബുദ്ധിജീവിവൃന്ദം സോവിയറ്റ് യൂണിയനനുകൂലമായി പുലർത്തിപ്പോന്നിരുന്ന പക്ഷപാതം, കാര്യങ്ങൾ ഒന്നുകൂടെ ദുഷ്കരമാക്കിത്തീർത്തു. കമ്യൂണിസം മുന്നോട്ടുവെച്ചിരുന്ന ‘തുല്യത’ എന്ന ലക്ഷ്യം നാസിപാർട്ടി മുന്നോട്ടു വെച്ചിരുന്ന ‘വംശശുദ്ധി’ എന്ന ലക്ഷ്യത്തെപ്പോലെയായിരുന്നില്ല. ‘തുല്യത’ എല്ലാവർക്കും സ്വീകാര്യമായിരുന്ന ആശയമായതുകൊണ്ടും ‘വംശശുദ്ധി’ നികൃഷ്ടമായ ആശയമായതുകൊണ്ടും സ്റ്റാലിനെ ഹിറ്റ്‌ലറോടു സമീകരിക്കാനാവില്ല എന്നു വന്നു. ലക്ഷ്യങ്ങൾക്കെല്ലാമപ്പുറം ഹിറ്റ്‌ലറെപ്പോലെത്തന്നെയോ അതിലധികമോ ഭീകരത പുലർത്തിയിരുന്നിട്ടും സ്റ്റാലിനെ സംരക്ഷിക്കുന്നത് ഏതോ വിധത്തിൽ ന്യായമാണെന്ന തോന്നൽ ആഗോളബുദ്ധിജീവിവൃന്ദം കൊണ്ടുനടന്നു.

ആപ്പ്ൾബാം എഴുതുന്ന കൗതുകകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. അവരുടെ ബിരുദപഠനകാലത്ത് സോവിയറ്റ് മേഖലയെക്കുറിച്ച് തുടർപഠനങ്ങൾ നടത്തുന്നതിൽ നിന്ന് അവരെ പലരും പിന്തിരിപ്പിച്ചിരുന്നുവത്രേ. ഒരുപാടു ബുദ്ധിമുട്ടുകൾ അവർക്കു നേരിടേണ്ടി വന്നേക്കാം എന്നു പലരും അവരോടു പറഞ്ഞു. എന്താണീ ബുദ്ധിമുട്ടുകൾ? ആപ്പ്‌ൾബാം എഴുതുന്നു: “അക്കാലത്ത് സോവിയറ്റ് യൂണിയന് ‘അനുകൂലമായി’ എഴുതുന്നവർക്ക് എളുപ്പത്തിൽ ആർക്കൈവ്‌സുകളും ഔദ്യോഗികവിവരങ്ങളും പ്രാപ്യമായിരുന്നു. അവർക്ക് വിസയുടെ കാലപരിധിയും ദീർഘമായിരുന്നു. അതുകൊണ്ടുതന്നെ അവർക്കാർക്കും പ്രൊഫഷണൽ ബുദ്ധിമുട്ടുകളോ പുറത്താക്കലുകളോ നേരിടേണ്ടി വരാറില്ല.

പുറത്തുള്ളവർക്ക് സ്റ്റാലിൻ ക്യാംപുകളെക്കുറിച്ചോ സ്റ്റാലിനു ശേഷമുള്ള ജയിൽസംവിധാനത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ പ്രാപ്യമായിരുന്നില്ല. അങ്ങനെയൊരു വിഷയം നിലവിലില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങൾ, എന്നു മാത്രമല്ല അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നവർക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യും.”

(ഏറിയോ കുറഞ്ഞോ കേരളത്തിലെയും ഇന്ത്യയിലെയും സർവ്വകലാശാലകളിൽ സമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇടതുപക്ഷത്തിനും അവരുടെ നിലപാടുകൾക്കും ‘അനുകൂല’മായ ഗവേഷണം പ്രോത്സാഹിക്കപ്പെടുകയും അവർക്ക് ആർക്കൈവ്സുകളും ഔദ്യോഗികവിവരങ്ങളും എളുപ്പത്തിൽ ലഭ്യമാവുകയും ചെയ്യുന്നു. ഈയടുത്ത കാലത്തു മാത്രമാണ് ഇതിനിടയിലേക്ക് ഹിന്ദുത്വാബ്രിഗേഡ് കടന്നുവരുന്നത്.)

ഒരു പ്രോപ്പഗാൻഡാ മെഷിനറി എക്കാലത്തും പരസ്യമായിത്തന്നെ കമ്യൂണിസം കൊണ്ടുനടന്നിട്ടുണ്ട്. സോവിയറ്റ് യൂണിയനിലായാലും പോളണ്ടിലായാലും ഇന്നിപ്പോൾ ചൈനയിലോ നോർത്ത് കൊറിയയിലോ ആയാലും പ്രോപ്പഗാൻഡാ വകുപ്പ് അവർക്കുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. കമ്യൂണിസ്റ്റ് പ്രോപ്പഗാൻഡാ മെഷിനറി നിരന്തരം പ്രവർത്തിച്ചിട്ടുണ്ട്; ഇന്നും പ്രവർത്തിക്കുന്നുണ്ട്. അതു പ്രവർത്തിപ്പിച്ചുകൊണ്ടുതന്നെയാണ് തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെല്ലാം പ്രോപ്പഗാൻഡയാണെന്നാണ് കമ്യൂണിസ്റ്റുകാർ പറഞ്ഞുപോന്നിട്ടുള്ളതും.

1932/33 കാലത്ത് യുക്രെയ്‌നിലുണ്ടായ ക്ഷാമവും പ്രോപ്പഗാൻഡ മാത്രമാണെന്നാണ് കമ്യൂണിസ്റ്റ് ഭാഷ്യം. അതിഭീതിദമായ വിധത്തിൽ മനുഷ്യർ തുരുതുരാ ചത്തുവീണ ആ സംഭവത്തെ സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാരും നിഷേധിച്ചിട്ടേയുള്ളൂ. ഇന്ന് ആയിരക്കണക്കിനു മൃതദേഹാവശിഷ്ടങ്ങൾ യുക്രെയ്നിൽ നിന്നു കണ്ടെടുത്ത സമയത്തും അതു യാതൊരു മടിയുമില്ലാതെ നിഷേധിക്കാനാണ് എം സ്വരാജുൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പുറത്തുവന്ന അക്കാലത്തെ സെൻസസ് പട്ടികകളുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുകൊണ്ട് സോവിയറ്റ്ചരിത്രപണ്ഡിതനായ അലെയ്ൻ‌ ബ്ലും പറയുന്നത് ആറു ദശലക്ഷം ജനങ്ങൾ ആ ക്ഷാമകാലത്തു മാത്രം കൊല്ലപ്പെട്ടു എന്ന വസ്തുത അനിഷേധ്യമാണെന്നാണ്.

യുക്രെയ്നിലെ ക്ഷാമത്തെ മറ്റു ക്ഷാമങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്ന ഒരു പ്രധാനഘടകമുണ്ട്. മനുഷ്യനിർമ്മിതമായ ക്ഷാമമായിരുന്നു യുക്രെയ്നിലുണ്ടായത്. പല കാരണങ്ങൾ കൊണ്ട് യുക്രെയ്നിലെ കർഷകർക്കെതിരെ വെറുപ്പും ശത്രുതയും കലർന്ന സമീപനമായിരുന്നു പാർട്ടിക്കും സ്റ്റാലിനും അന്നുണ്ടായിരുന്നത്. ഒന്നാമത് യുക്രെയ്നിയൻ ദേശീയതാവാദം സോവിയറ്റ് യൂണിയനും അവരുടെ രാഷ്ട്രസങ്കല്പത്തിനും പൊരുത്തപ്പെടാവുന്നതായിരുന്നില്ല. റഷ്യൻ ദേശീയതയ്ക്കപ്പുറം, മറ്റു പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഉപദേശീയതകളെയെല്ലാം അടിച്ചമർത്തിക്കൊണ്ടാണ് സോവിയറ്റ് യൂണിയൻ അതിന്റെ അസ്തിത്വത്തെ നിർമ്മിക്കുന്നത്. യുക്രെയ്നിലെ കർഷകരാണ് യുക്രെയ്നിയൻ ദേശീയതാവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നു പാർട്ടി കരുതിയിരുന്നു. യുക്രെയ്നിലെ കർഷകരോട് പാർട്ടി ദയാരാഹിത്യത്തോടെ പെരുമാറാൻ ഇത് ഒരു കാരണമായി. ഇതുകൂടാതെ കർഷകരോടുള്ള എതിർപ്പിനു സൈദ്ധാന്തികമായ മറ്റൊരു കാരണമുണ്ടായിരുന്നു. സ്വതന്ത്രമായി കൃഷിഭൂമി കൈവശം വെയ്ക്കുകയും കൃഷി നടത്തുകയും ചെയ്യുന്നത് സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് സൈദ്ധാന്തികർക്കു യോജിക്കാവുന്ന കാര്യമായിരുന്നില്ല. അങ്ങനെ സ്വതന്ത്രമായ ചെറുഘടകങ്ങൾ നിലനിൽക്കുന്നത് രാഷ്ട്രീയമായി അപകടമാണെന്ന് അവർ കരുതി. ഇതുകൊണ്ടൊക്കെ സ്വതന്ത്രമായ കൃഷിയെ പാർട്ടി നിരുത്സാഹപ്പെടുത്തുകയും കലക്റ്റീവ് ഫാമിംഗ് അഥവാ കൂട്ടുകൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കൃഷിഭൂമി പതുക്കെപ്പതുക്കെ കൃഷിക്കാരന്റേതല്ലാതായി, ഭരണകൂടത്തിന്റേതായി.

കൃഷി ആധുനികവൽക്കരിക്കുക എന്നതിനു വേണ്ടിയും രാജ്യത്തെ വ്യവസായവൽക്കരിക്കുക എന്നതിനു വേണ്ടിയും യന്ത്രങ്ങളുൾപ്പെടെ വലിയതോതിൽ സോവിയറ്റ് യൂണിയന് ഇറക്കുമതി ചെയ്യേണ്ടിയും വന്നു. സോവിയറ്റ് പഞ്ചവത്സരപദ്ധതി, ഇതിനുവേണ്ടുന്ന തുക കണ്ടെത്താനുള്ള മാർഗ്ഗങ്ങളിലൊന്നായി നിശ്ചയിച്ചിരുന്നത് കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയായിരുന്നു. ഇത്, കർഷകരുടെ മേലെ വലിയ സമ്മർദ്ദം ചെലുത്താൻ ഭരണകൂടത്തെ നിർബ്ബന്ധിതമാക്കി. 1930ലെ വിളവെടുപ്പു കഴിഞ്ഞ്, എട്ടുകോടി ടൺ കാർഷികോത്പന്നങ്ങളിൽ നിന്ന്, രണ്ടു കോടി ടണ്ണോളം ഉത്പന്നങ്ങൾ ഭരണകൂടം കർഷകരിൽ നിന്നെടുക്കുകയും അരക്കോടി ടണ്ണോളം കയറ്റുമതി ചെയ്യുകയും ചെയ്തു. അതിനടുത്ത വർഷം, കൂട്ടുകൃഷിസമ്പ്രദായത്തിന്റെയും കൃഷിയുമായി ബന്ധമില്ലാത്ത പാർട്ടി പ്രഭൃതികൾ കൃഷിരീതിയിൽ ഇടപെട്ടതിന്റെയും ഫലമായി, വിളവ് ഒന്നര കോടി ടൺ കുറഞ്ഞു. പക്ഷെ അപ്പോഴും രണ്ടേകാൽ കോടി ടൺ ഉത്പന്നങ്ങൾ ഭരണകൂടം കർഷകരിൽ നിന്നെടുക്കുകയും അരക്കോടി ടൺ കയറ്റുമതി ചെയ്യുകയും ചെയ്തു. ഈ ചൂഷണത്തിന്റെ ഫലമായി 1932ൽ വലിയ തോതിൽ കൃഷിനാശമുണ്ടായി. എന്നാൽ ആ വർഷം മൂന്നു കോടി ടൺ കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്നെടുക്കാനായിരുന്നു പാർട്ടിയുടെ പദ്ധതി. കർഷകർ അവരുടെ വിത്തിനു വേണ്ടിയും ഭക്ഷണത്തിനു വേണ്ടിയും ശേഖരിച്ചു വെച്ച ഓരോ മണി ധാന്യവും ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പാർട്ടി കണ്ടുകെട്ടി. ഈ പശ്ചാത്തലത്തിലാണ് അതിരൂക്ഷമായ ക്ഷാമം യുക്രെയ്‌നിൽ ഉണ്ടാവുന്നത്.

ഈ ക്ഷാമത്തിലൂടെ കടന്നുപോന്നവരുടെ അനുഭവക്കുറിപ്പുകൾ, അപൂർവ്വമാണെങ്കിലും, പണ്ടേ പുറത്തുവന്നിട്ടുള്ളതാണ്. അതിൽ പ്രധാനമായ ഒന്ന് സൈമൺ സ്റ്റാരോ എഴുതിയ “എക്സിക്യൂഷൻ ബൈ ഹങ്ഗർ: ദ് ഹിഡൺ ഹോളകോസ്റ്റ്” എന്ന പുസ്തകമാണ്. (മിറൺ ദൊലോത് എന്ന തൂലികാനാമത്തിലാണ് സ്റ്റാരോ ഈ പുസ്തകമെഴുതിയത്.) യുക്രെയ്നിന്റെ തലസ്ഥാനമായ കിയേവിൽ നിന്നു നൂറു മൈൽ മാറി ചെർകാസി കൗൺടിയിലെ ഒരു ഗ്രാമത്തിലാണ് സ്റ്റാരോ ജനിച്ചത്. ക്ഷാമകാലത്ത് പതിനഞ്ചു വയസ്സു പ്രായമുണ്ടായിരുന്ന സ്റ്റാരോ, ക്ഷാമത്തെ അതിജീവിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും ജർമ്മനിയിൽ യുദ്ധത്തടവുകാരനാവുകയും ചെയ്തു. യുദ്ധം ജയിച്ചെങ്കിലും യുദ്ധത്തടവുകാരായ സോവിയറ്റ് പൗരന്മാരെ സ്റ്റാലിൻ കൊന്നുകളയുമെന്നറിയാമായിരുന്ന സ്റ്റാരോ, യുദ്ധത്തിനു ശേഷം വെസ്റ്റ് ജർമ്മനിയിൽ തന്നെ തുടർന്നു. പിന്നീട് അമേരിക്കയിലേക്കു കുടിയേറുകയും അവിടെ ഡിഫൻസ് ലാങ്ഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി യുക്രെയ്നിയൻ ഭാഷ പഠിപ്പിക്കുന്ന ജോലിയിലേർപ്പെടുകയും ചെയ്തു. അമേരിക്കയിൽ വെച്ചാണ് ക്ഷാമകാലത്തെ തന്റെ അനുഭവക്കുറിപ്പുകൾ സ്റ്റാരോ എഴുതിയത്.

സ്റ്റാരോയുടെ അച്ഛനും കർഷകനായിരുന്നു. കഠിനാദ്ധ്വാനം കൊണ്ട് സ്റ്റാരോയുടെ അച്ഛൻ, പരിമിതമായ അളവിൽ അയാളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തി. അവരുടെ വീട്ടിലെ വൈക്കോലിന്റെ മേൽക്കൂര മാറ്റി, തകരത്തിന്റെ മേൽക്കൂരയാക്കി. പതുക്കെ അവരുടെ ഗ്രാമത്തിൽ അയാൾക്ക് സ്വാഭാവികമായ ആദരവു കിട്ടിത്തുടങ്ങി. അയാൾ ഗ്രാമത്തിന്റെ തലവന്മാരിലൊരാളായി. എന്നാൽ വിപ്ലവത്തിനു ശേഷം സ്റ്റാരോയുടെ അച്ഛൻ അറസ്റ്റ് ചെയ്യപ്പെട്ടു. ജനചൂഷകനായും രാജഭരണത്തിന്റെ സേവകനായും അയാളെ പാർട്ടി മുദ്രകുത്തി. ജയിൽശിക്ഷയനുഭവിക്കാൻ വിധിക്കപ്പെട്ട അയാളുടെ മൃതദേഹമാണു പിന്നെ കുടുംബം കണ്ടത്.

അച്ഛനില്ലാതെ അമ്മയോടും സഹോദരന്മാരോടും അമ്മാവന്മാരോടുമൊപ്പമാണ് സ്റ്റാരോ കഴിഞ്ഞുപോന്നത്. കൂട്ടുകൃഷിയെപ്പറ്റിയുള്ള വാർത്തകൾ സ്റ്റാരോയുടെ ഗ്രാമത്തിലെത്തുന്നത് 1929ലാണ്. ചില കൂട്ടുകൃഷിസമ്പ്രദായങ്ങൾ അവിടത്തെ കൃഷിക്കാർക്കിടയിലുണ്ടായിരുന്നുവെങ്കിലും അതെല്ലാം വ്യക്തിസ്വാതന്ത്ര്യത്തെയും കൃഷിരീതികളെയും പൂർണ്ണമായും വിലമതിയ്ക്കുന്നതായിരുന്നു. പക്ഷെ ഈ കൂട്ടുകൃഷിസമ്പ്രദായങ്ങൾ പോലും വ്യാപകമായിരുന്നില്ല; സ്വതന്ത്രമായി കൃഷി ചെയ്യുന്നതായിരുന്നു കർഷകർ പൊതുവിൽ ഇഷ്ടപ്പെട്ടിരുന്നത്. 1929 വർഷാവസനത്തോടെ പാർട്ടി പ്രതിനിധികൾ ഗ്രാമത്തിലെത്തി. കൂട്ടുകൃഷിയിലേക്ക് കർഷകരെ ചേർക്കാൻ വന്നിരുന്ന പാർട്ടി പ്രതിനിധികൾക്ക് കൃഷിയെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നു സ്റ്റാരോ എഴുതുന്നു.

പാർട്ടി ആദ്യം ചെയ്ത കാര്യം, ഗ്രാമത്തിൽ പൊതുകാര്യപ്രസക്തരായിട്ടുള്ളവരെ – വിദ്യാഭ്യാസമുള്ളവരെയും ലോകപരിചയമുള്ളവരെയും – അറസ്റ്റ് ചെയ്യുക എന്നതായിരുന്നു. രാഷ്ട്രീയമായോ അല്ലാതെയോ സംഘടിക്കാനോ അങ്ങനെയുള്ള സംഘടനാരൂപങ്ങൾക്ക് നേതൃത്വം കൊടുക്കാനോ ആരും ആ ഗ്രാമത്തിലില്ല എന്നു പാർട്ടി ഉറപ്പുവരുത്തി. നിരക്ഷരരും ലോകപരിചയമില്ലാത്തവരുമായ കർഷകരെ പ്രതിരോധിക്കാൻ ആരുമില്ലെന്നും അവരുടെ ശബ്ദമുയരുകയില്ലെന്നുമുള്ള നിലവന്നു.

ജനങ്ങൾ ഒറ്റയൊറ്റയായിത്തീർന്നു എന്നുറപ്പിച്ചതിനു ശേഷം പാർട്ടി ചെയ്തത് കൂട്ടുകൃഷിയിലേക്ക് അവരെ ചേർക്കാൻ നിർബ്ബന്ധിക്കുക എന്നതായിരുന്നു. ഇതിലെ കെണി തിരിച്ചറിഞ്ഞ കർഷകർ എന്തു വില കൊടുത്തും ഈ പദ്ധതിയിൽ ചേരാതിരിക്കാൻ ശ്രദ്ധിച്ചു. പക്ഷെ ഒറ്റപ്പെട്ടുപോയ കർഷകർക്ക്, സംഘടിതവും പ്രബലവുമായ ഒരു അധികാരരൂപത്തോട് വല്ലാതെയൊന്നും വിയോജിക്കാനോ എതിർക്കാനോ സാധിക്കില്ലായിരുന്നു. ബലം പ്രയോഗിച്ചും വഞ്ചനയിലൂടെയും പതുക്കെപ്പതുക്കെ പാർട്ടി കൂട്ടുകൃഷിയിലേക്ക് ആളെച്ചേർത്തു. ഗ്രാമത്തിലെ ഭരണകർത്താക്കളായിരുന്ന ചിലരെ പാർട്ടി കൈവശപ്പെടുത്തി. അവർക്കു പക്ഷെ കൂട്ടുകൃഷിയിൽ ചേരാൻ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു കുഴപ്പമൊന്നുമില്ല, പാർട്ടി അവരോടു പറഞ്ഞു. കൂട്ടുകൃഷിയിൽ ചേരുന്നത് സ്വതന്ത്രമായ തീരുമാനമാണ്. ഒന്നു ചെയ്താൽ മതി, പിറ്റേന്ന് പാർട്ടി നടത്താനിരിക്കുന്ന മീറ്റിംഗിൽ വെച്ച് കൂട്ടുകൃഷിയിൽ തങ്ങൾ ചേരുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കണം.

പ്രഖ്യാപിച്ചാൽ മതി, ചേരണമെന്നില്ല. ഇത്, കൂട്ടുകൃഷിക്കനുകൂലമായ തരംഗം ആളുകൾക്കിടയിലുണ്ടാക്കും. അതിനു ശേഷം, കൂട്ടുകൃഷിയുടെ നേട്ടങ്ങൾ ബോദ്ധ്യം വരുന്ന സമയത്ത് മാത്രം, കൂട്ടുകൃഷിയിൽ ചേർന്നാൽ മതി. ഇതു വിശ്വസിച്ച് ഈ ആളുകൾ പാർട്ടി മീറ്റിംഗിൽ വെച്ച് തങ്ങൾ കൂട്ടുകൃഷിയിൽ ചേരുന്നുവെന്നു പ്രഖ്യാപിച്ചു. പിറ്റേന്ന് പാർട്ടി ഇവരുടെ വീടുകളിലേക്കു കടന്നു ചെല്ലുകയും പശുക്കളെയും കുതിരകളെയും അഴിച്ചുകൊണ്ടുപോവുകയും ഇവരെല്ലാം ഇനിമേൽ കൂട്ടുകൃഷിയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രാമത്തിലെ ഇരുപതുശതമാനം ആളുകൾ ഇങ്ങനെ പലതരത്തിൽ വഞ്ചിക്കപ്പെട്ട് കൂട്ടുകൃഷിയിൽ വീണു.

(തുടരും)

കവര്‍ ഡിസൈന്‍: വില്‍‌സണ്‍ ശാരദ ആനന്ദ്‌.

Comments
Print Friendly, PDF & Email

You may also like