പൂമുഖം LITERATUREലേഖനം ഭരണകൂട വിധേയത്വ ചരിത്രം ആവർത്തിക്കുമ്പോൾ. ഒറ്റപ്പെടുന്ന സഭയും ഒറ്റുകാരും.

ഭരണകൂട വിധേയത്വ ചരിത്രം ആവർത്തിക്കുമ്പോൾ. ഒറ്റപ്പെടുന്ന സഭയും ഒറ്റുകാരും.

കേരളത്തിലെ സീറോ മലബാർ കാതോലിക് സഭ നാസിക്കാലത്തെ കത്തോലിക്കരെ ഓർമപ്പെടുത്തുന്നു?

ഈ കുറിപ്പ് എഴുതുവാൻ കാരണം , ലേഖകൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്നു എന്നതാണ് . യേശുവിന്റെ ത്യാഗ പൂർണമായ സ്നേഹത്തിന്റെ , കരുതലിന്റെ പാഠങ്ങൾ ആദ്യമേ പഠിച്ചു പോയതു കൊണ്ടാണ്. ഭാഗ്യവശാൽ രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഹിറ്റ്ലറോടൊപ്പം നിന്ന കത്തോലിക്കാ സഭയുടെ അംഗമായിട്ടല്ല . ജനിച്ച മാർത്തോമാ സഭ യുടെ ചരിത്രം അടിയന്തരാവസ്ഥയെ എതിർക്കുവാൻ ധൈര്യമുണ്ടായ ഒരു വലിയ തിരുമേനി യൂഹാന്നോൻ മാർത്തോമയുടേതും കൂടിയാണ്. അതായത് സ്വതന്ത്ര സാമൂഹ്യ ചിന്ത പ്രോൽസാൽഹിപ്പിച്ചിരുന്ന ഒരു സഭയുടെ പാഠങ്ങൾ ആണ് എന്നെ പ്രായപൂർത്തി ആയതോടെ ‘സഭാകമ്പ’മില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ പഠിപ്പിച്ചത് . സ്വർഗ്ഗവും നരകവും ഇവിടെ തന്നെ ആണെന്നും, മനുഷ്യൻ അത് തനിക്കു ചുറ്റുമാണ് നിർമ്മിക്കുന്നതെന്നും വിചാരിക്കുന്നതും ഞാൻ ഒടുങ്ങുന്നതു നല്ല ഇലക്ട്രിക്ക് ക്രെമറ്റോറിയത്തിൽ ആകണം എന്നു വിശ്വസിക്കുന്നതും അത് കൊണ്ടാണ്.

ഈ ആമുഖം എഴുതുന്നത് ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ എല്ലാ പ്രവർത്തനങ്ങളെയും നിരാകരിക്കുന്ന ഒരു വിശകലനം നടത്തുവാൻ ഒരുങ്ങുന്നതു കൊണ്ടാണ്.

വിഷയം പാലാ ബിഷപ്പിന്റെ മുസ്ലിം സമുദായത്തെ ഒരുതെളിവും ഇല്ലാതെ കുറ്റാരോപിതർ ആക്കുന്ന , വിഷലിപ്തമായ ലവ് ജിഹാദ് , നാർക്കോട്ടിക് ജിഹാദ് പ്രസംഗം തന്നെ. പ്രസംഗത്തിലേക്കു പോകുംമുൻപ് കേരള കാതോലിക്കാ സഭ യുടെ ,പോപ്പിന് പോലും നിയന്ത്രണമില്ലാത്ത ഘടനയെ പറ്റി മനസിലാക്കേണ്ടതുണ്ട്. കേരളത്തിൽ എനിക്ക് അറിയാവുന്ന നാലു കാതോലിക്കാ സഭകൾ ഉണ്ട്: ക്നാനായ , സീറോ മലബാർ, റീത് , ലാറ്റിൻ എന്നിവയാണവ . ഈ സഭകളുടെ വേർതിരിവ് നോക്കിയാൽ അവരുടെ സാമൂഹിക പിൻതിരിപ്പൻ മനോഭാവം കാണുവാൻ കഴിയും. കാതോലിക്കാ സഭ തന്നെ പോർച്ചുഗീസുകാർ കൊച്ചി രാജാവിനെ ഭീഷണിപ്പെടുത്തി, കേരളത്തിൽ വെള്ളക്കാർ വരുന്നതിനു മുൻപുണ്ടായിരുന്ന നാടൻ സുറിയാനി ക്രിസ്താനികളെ പല പ്രലോഭനങ്ങളിൽ പെടുത്തി സംഘടിപ്പിച്ചതാണ് എന്ന ചരിത്രം അവിടെ നിൽക്കട്ടെ.

ഏറ്റവും പുതിയ സഭയെ, (മാർ ഇവാനിയോസ് കോളേജ് കാർ) റീത് എന്ന് മറ്റുള്ളവർ വിളിക്കുന്ന മാവേലിക്കരക്കാരെ പറ്റി നാട്ടിലെ ചരിത്രം ഇങ്ങനെ ആണ്. മാർ ഇവാനിയോസ് കാതോലിക്കാ തിരുമേനി ആയ ആ വന്ദ്യ പിതാവ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ കാലത്തു മിടുക്കനായ ഒരു വിദ്യാർത്ഥി ആയിരുന്നു. വിദേശത്തും സ്വദേശത്തു നിന്നും ഒട്ടേറെ ഡിഗ്രികളും മത പഠനവും നടത്തി ഓർത്തഡോൿസ് സഭയുടെ ബിഷപ്പ് ആകുവാൻ ആഗ്രഹിച്ചു. ഏതോ കാരണം കൊണ്ട് അത് നടന്നില്ല. തന്റെ കുഞ്ഞാട് സാമ്രാജ്യം വികസിപ്പിക്കുവാൻ നോക്കിയിരുന്ന പോപ്പിനെ ഈ പിതാവ് സമീപിച്ചു , ബിഷപ്പ് ആയി. തന്നെയും തന്റെ ബന്ധുക്കളെയും കാതോലിക്കാ സഭയിൽ ചേർത്തു , തിരുവനന്തപുരം കേന്ദ്രമാക്കി “റീത് ” എന്ന് അറിയപ്പെടുന്ന കത്തോലിക്കാ സഭയാക്കി. അത് കൊണ്ടാണ് തിരുവനന്തപുരത്തെ മുക്കുവർ മതം മാറി വന്ന ലത്തീൻ സഭയ്ക്കും ‘ആഢ്യ’ന്മാർ കത്തോലിക്കരായ “റീത് ” വിഭാഗത്തിനും കൂടി രണ്ടു മെത്രാന്മാർ തിരുവന്തപുരത്തു തന്നെ ഉണ്ടായത് . അവരുടെ പള്ളികൾ വേറെയാണ് എന്നാണ് എന്റെ അറിവ്.

എന്നാൽ സീറോ മലബാർ, ക്നാനായ എന്നിവർ , പഴയ കൂനൻ കുരിശു സത്യത്തിനു ശേഷം മധ്യ കാലത്തു തന്നെ പോർച്ചുഗീസ് കാരുടെ കാതോലിക്കാ സഭയുടെ ഘടകം കേരളത്തിൽ നിർമിച്ച പുണ്യ പുരാണ സഭയാണ്. സുറിയാനി എന്നൊരു വിളിപ്പേരും അവർ സ്വയം കൊടുക്കുന്നു. കാതോലിക്കാ സഭയുടെ അല്ല, സ്വന്തം കുടുംബങ്ങളുടെ പുണ്യ പുരാണ കാലുമാറ്റത്തെ ഓർമിപ്പിച്ചു കൊണ്ട് സുറിയാനി ക്രിസ്താനി ഇപ്പോഴും യാക്കോബായ , പാത്രിയാർകീസ് , മാർത്തോമാ വിഭാഗങ്ങൾ ആയി നില കൊള്ളുന്നു. പറഞ്ഞു വരുന്നത് നാലഞ്ച് വിഭാഗങ്ങളായി നിൽക്കുന്ന കേരള കാതോലിക്കാ സഭ പോപ്പിന് പോലും നിയന്ത്രണം ഇല്ലാത്ത ഒരു സ്ഥാപനം ആണ് എന്നാണ്. അല്ലെങ്കിൽ ലൈംഗിക അധിക്ഷേപങ്ങളിൽ വളരെ കൃത്യമായ നിലപാട് എടുക്കുന്ന ഇപ്പോഴത്തെ പോപ്പ്, കോടതി കയറി ഇറങ്ങുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിനെ എന്നേ മാറ്റി നിറുത്തിയേനെ.

കേരള കത്തോലിക്കാ സഭയുടെ ഈ വിഭാഗീയതയിൽ ഏറ്റവും പാരമ്പര്യം അവകാശപ്പെടുന്നത് പാലാ മെത്രാൻ പ്രതിനിധികരിക്കുന്ന സീറോ മലബാറും കോട്ടയം -തൃശൂർ ചുറ്റുമുള്ള ക്നാനായക്കാരും ആണ്. അവരിൽ കേരളത്തിലെ ക്രിസ്താനികളുടെ അട്ടിപ്പേർ അവകാശം സീറോ മലബാർ സഭയും, പാലാ ,എറണാകുളം രൂപതയും ആണെന്നാണ് അവരുടെ സാമൂഹിക, രാഷ്‌ടീയ ( കേരള കോൺഗ്രസ്) ഇടപെടലുകളിലൂടെ കാണുന്നത്.

ഈ വിഭാഗീയതയുടെ, ഉപരിവർഗ സ്വയം കണ്ടെത്തൽ അവബോധത്തിലൂടെ ആണ് പാലാ മെത്രാന്റെ ലവ് ജിഹാദ് , നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തിലേക്കു കടക്കേണ്ടത്. പ്രതേകിച്ചു അവരുടെ കർദിനാൾ ഗൗരവതരമായ ഭൂമി ഇടപാടുകളിൽ കോടതിയെ അഭിമുഖീകരിക്കുന്നു.മറ്റൊരു ബിഷപ്പ് ലൈംഗിക അധിക്ഷേപ കേസിൽ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടു നിൽക്കുന്നു .

മാത്രവുമല്ല പണ്ട് എന്തു സംഭവിച്ചാലും രക്ഷിക്കാൻ എത്തുമായിരുന്ന കോൺഗ്രസ്സ്കാർ അല്ല കേന്ദ്രം ഭരിക്കുന്നത് എന്നും, അവിടെ ഭരിക്കുന്നവരുടെ ഹിന്ദു രാഷ്ടത്തെ പിന്തുണക്കാൻ വളരെ ഏറെ പ്രലോഭനങ്ങളും , ഭീഷണിയും ഉണ്ടാകുന്നു എന്നും അവർ മനസിലാക്കുന്നു. കേരളത്തിലെ ഭൂരിപക്ഷ ക്രിസ്താനികൾ എന്ന് അവകാശപ്പെടുന്ന കത്തോലിക്കർ കോൺഗ്രസിൽ നിന്ന് അകന്ന് തങ്ങളുടെ കൂടെ വരണമെന്ന് – അത് ഇടതിന്റെ കൂടെ കുറെ നാൾ നിന്നിട്ടായാലും – കേന്ദ്രം ഭരിക്കുന്ന ബി ജെ പി സംഘപരിവാർ ആഗ്രഹിക്കുന്നു.

അത് കൊണ്ടാണല്ലോ കേരളത്തിലെ ക്രിസ്താനികളെ പറ്റി പറയുമ്പോൾ അവർക്കു നാലു നാവ് . ഈ അവസ്ഥയിൽ ആണ് ഒരു കർദിനാൾ, ബിഷപ്പ് എന്നിവർ ജയിലിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നത് . ഇതുവരെ ലോകത്തിനു മുകളിൽ , ദൈവത്തിനു താഴെ പ്രത്യേ ക സ്ഥാനം തങ്ങളുടെ സഭാപറുദീസയിൽ അലങ്കരിച്ചു നിന്നിരുന്നു എന്ന് കരുതിയവർക്ക് ഇതിലും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാവാനിടയില്ല.

അതുകൊണ്ടുതന്നെയാവണം സംഘ പരിവാറിന്റെ ഇഷ്ട വിഷയങ്ങളായ ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് അദ്ദേഹം ഉയർത്തി കാട്ടി , “അടിയനെ ലെച്ചിപ്പീൻ ” എന്ന മട്ടിൽ നിൽക്കുന്നത്.

മെത്രാൻ ആത്മീയ നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എന്ന പാർട്ടി, കേരളത്തിൽ ഇടതിന്റെ കൂടെയും, എപ്പോൾ വേണമെങ്കിലും കേന്ദ്രത്തിൽ ബി ജെ പിയുടെ കൂടെയും പോകുവാൻ തയ്യാറായി നിൽക്കുന്ന പാർട്ടി ആണെന്നും ശ്രദ്ധിക്കേണ്ടതാണ് .

അണിയറ സംഭവങ്ങൾ എന്തായാലും, പാലാ മെത്രാന്റെ ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് സംഘപരിവാറിന് കുളിരു നൽകുന്ന സംഭവം തന്നെയാണ്. അവർ വർഷങ്ങളായി ശ്രമിച്ചിട്ടും കേരളത്തിൽ നടക്കാതെ പോയ മത സ്പർദ്ധ മുസ്ലിം സമുദായത്തോട് ഉണ്ടാക്കുന്നതിൽ പാലാ മെത്രാൻ അവരുടെ മുന്നണി പോരാളി ആയി നിൽക്കുന്നത് അവർക്ക് അത്ഭുതത്തേക്കാൾ ഉപരി സന്തോഷം നൽകും . കാരണം ഇതിന്റെ രാഷ്‌ടീയ വിജയം ആത്യന്തികമായി ബി ജെപി ക്കു തന്നെ.ബാക്കി ഇടതു വലതു പാർട്ടികൾ , തങ്ങളുടെ മത സൗഹാർദ്ദ ഗീർവാണങ്ങൾ വിട്ടു നോക്കുകുത്തികളായി നിൽക്കും .പക്ഷെ കത്തോലിക്കർ അല്ലാത്ത മറ്റു നാട്ടിലെ സുറിയാനി സഭകളുടെ ഇതുവരെയുള്ള പ്രസ്താവനകൾ പാലാ മെത്രാനെ ഒറ്റപ്പെടുത്തുന്നതാണ് . കാരണം ഇത്തരം പ്രസ്താവനകൾ ക്രിസ്തീയമല്ല എന്ന് തന്നെയാണ് അവരുടെ നിലപാട്. മനുഷ്യ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും കരുതലിന്റേയും പ്രബോധനത്തിലുറച്ച ഒരു മതത്തിനും മറ്റൊരു മതത്തെ അടച്ചു അധിക്ഷേപിക്കാൻ കഴിയില്ല എന്ന് അവർ മനസിലാക്കുന്നു. കാരണം ആത്യന്തികമായി എല്ലാ മതങ്ങളും ഉത്‌ബോധിപ്പിക്കുന്നത് മനുഷ്യ നന്മയാണല്ലോ?

മാത്രവുമല്ല പാലാ മെത്രാൻ പറയും പോലെ ജിഹാദികൾ തന്റെ പെൺ കുഞ്ഞാടുകളെ അടിച്ചു മാറ്റുന്നെങ്കിൽ , അത് തന്റെപള്ളികളുടെ ,പാതിരിമാരുടെ, അതിരൂപതയുടെ പരാജയമായി അഗീകരിക്കാൻ തയ്യാറാകണം. കാരണം ജനനം മുതൽ മരണം വരെ വിശ്വാസികളുടെ എല്ലാ വ്യക്തിഗത വിഷയങ്ങളിലും കൈകടത്തുന്ന സ്ഥാപനമാണ് ക്രിസ്ത്യൻ സഭകൾ. അതിനായി മറ്റു സഭയുമായുള്ള വിവാഹങ്ങൾക്ക് ഭിത്തികൾ കെട്ടി, തെമ്മാടി കുഴികൾ ഉണ്ടാക്കി . ചിലർ സ്വന്തം കുടുംബ വിശുദ്ധത നിലനിറുത്തുവാൻ കസിന്സിനെ വരെ വിവാഹം നടത്തുവാൻ അനുമതി കൊടുത്തു . ദിവസവും കുർബാന കാണുവാൻ വിളിച്ചു, വ്യക്തിഗത കാര്യങ്ങൾ പാതിരിമാരോട് കുമ്പസരിക്കാൻ പ്രേരിപ്പിച്ചു, ഒരു വ്യക്തിയെ ശരിക്കും ” കുഞ്ഞാടാക്കുന്ന ” പിതാക്കളെയാണ് പാലാ മെത്രാനും, കത്തോലിക്കാ സഭയും പ്രതിനിധീകരിക്കുന്നത്. മേല്പറഞ്ഞ ഒരു “അമാനുഷിക ” പ്രവർത്തനത്തെയും മറ്റു ക്രിസ്ത്യൻ സഭകൾ കേരളത്തിൽ പ്രയോഗിക്കുന്നില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം പരാജയത്തിന് മറ്റൊരു മതത്തിന്റെ , ഇനിയും തെളിയിക്കപ്പെടാത്ത ഒറ്റപ്പെട്ട സംഭവങ്ങൾ കാരണമായി കാണുന്നത് പാലാ മെത്രാന്റെ ഇടുങ്ങിയ മനസ്സിനെയാണ് കാണിക്കുന്നത് . അതിനു വിവരദോഷികളായ ചില കുഞ്ഞാടുകളുടെ പിന്തുണ മാത്രമേ കാണൂ. ഒരിക്കലും, :സന്മസുള്ളവർക്കു സമാധാനം ” എന്ന വാക്യം കൊണ്ട് നടക്കുന്ന ക്രിസ്തുമതക്കാർ അഗീകരിക്കില്ല. വിളവ് തിന്നുന്ന വേലി ആയേ പാലാ മെത്രാനെ അവർക്കു കാണുവാൻ കഴിയുള്ളൂ .

നാലഞ്ച് ശതാബ്ദങ്ങളായി പാലാ മദ്യ മാഫിയാ തലവൻ മണർകാട് പാപ്പൻ, വനം കുടിയേറ്റക്കാർ , റബ്ബർ ഇത്യാദികളെ സംരക്ഷിച്ചിരുന്ന കേരളകോൺഗ്രസ് എന്നീ “പ്രതിഭാസങ്ങൾ”ക്കായാണ് അറിയപ്പെട്ടിരുന്നത് . അറുപതുകളിൽ ഡൽഹിയിലെ ആദ്യ എ സി വെച്ച പാലാ സെൻട്രൽ ബാങ്കിന്റെ പുറകിലെ സംരംഭകത്വവിജയം മറക്കുന്നില്ല ഇവിടെ. പക്ഷെ അവരുടെ പരാജയവും ആ എ സി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. എ സി യുടെ വാർത്ത അന്നത്തെ ഗുജറാത്തി ധനമന്ത്രി മൊറാർജി ദേശായിക്കു പോലും അസ്വസ്ഥത ഉണ്ടാക്കിയത്രേ. തങ്ങൾ നിൽക്കുന്ന, വ്യവഹരിക്കുന്ന ഇടങ്ങളിലെ സാമൂഹിക , രാഷ്‌ടീയ വസ്തുതകൾ മറന്നു സ്വയം ഗോൾ അടിക്കുവാൻ, താൻ പോരിമ കാണിക്കുവാൻ ശ്രമിക്കുമ്പോൾ പാലാ സെൻട്രൽ ബാങ്കിന്റെ പരാജയം ഒരു പാഠമാകേണ്ടതാണ്. സഭാ നേതാക്കൾ ആണെങ്കിലും, രാഷ്‌ടീയ നേതാക്കൾ ആണെങ്കിലും.
പാലായിലെ ഉരുളികുന്നം സ്വദേശിയും , മുൻ നിര എഴു ത്തു കാരനും , ബുദ്ധി ജീവിയുമായ എന്റെ സുഹൃത്ത് പോൾ സക്കറിയയെ മറന്നല്ല ഈ എഴുത്ത് അതു കൊണ്ട് തന്നെ സക്കറിയ ഈ സംഭവത്തെ പറ്റി എഴുതിയ കുറിപ്പിനെ ഉദ്ധരിച്ചു കൊണ്ടാവണം ഈ ലേഖനം അവസാനിപ്പിക്കേണ്ടത് എന്ന് എനിക്ക് വാശിയുണ്ട്.

“വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞു നടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു – അദ്ദേഹമാണ് നിങ്ങളുടെ ബ്രാൻഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓർമിച്ചിരുന്നെങ്കിൽ ഇത്രയും കടുത്ത പദങ്ങൾ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു കാര്യം ഇതാണ്: ” നീ ബലിപീഠത്തിങ്കൽ കാഴ്ച അർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓർമിക്കയാണെങ്കിൽ, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട് പോകുക: ആദ്യം നിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അർപ്പിക്കുക.” (മത്തായി, 5, 23-25.)
ബിഷപ് എന്നും ബലിപീഠത്തിങ്കൽ കാഴ്ചയർപ്പിക്കുന്ന ആളാണ് താനും.
പക്ഷെ ഒന്നും നേടാതെ കുരിശിൽ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തിൽ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതിൽ അദ്‌ഭുതമില്ല.”

ക്രിസ്തുവില്ലാത്ത സഭക്കും പിതാക്കന്മാർക്കും, മെത്രാന്മാർക്കും കാലം ഒരിക്കലും മാപ്പു കൊടുക്കില്ല. പ്രത്യേകിച്ച് രാജ്യത്ത് മതനിരപേക്ഷത ഇല്ലാത്ത ,മുസ്ലിമുകളെ രണ്ടാം നിര പൗരന്മാരായി കാണണം എന്ന് തങ്ങളുടെ ഓരോ നീക്കങ്ങളിലൂടെ നിഷ്‌കർഷിക്കുന്ന ഒരു പാർട്ടി ഭരണത്തിൽ ഉള്ളപ്പോൾ .

ആ ലുഥറൻ ജർമൻ പാസ്റ്റർ മാർട്ടിൻ നെയ്മുള്ളർ രണ്ടാം ലോക മഹാ യുദ്ധകാലത്തു പറഞ്ഞത് ഇവിടെ സഭയെയും മറ്റു വിനീത വിധേയരേയും ഒന്ന് ഓർമിപ്പിക്കട്ടെ.

First they came for the socialists, and I did not speak out—
Because I was not a socialist.
Then they came for the trade unionists, and I did not speak out—
Because I was not a trade unionist.
Then they came for the Jews, and I did not speak out—
Because I was not a Jew.
Then they came for me—and there was no one left to speak for me..

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like