പൂമുഖം LITERATUREകവിത ചൂര്

ചൂര്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കാണുന്നില്ല
സ്ഥിരസ്ഥാനത്ത് ചീർപ്പ്

വാപ്പാക്ക്
ഇനി അതെന്തിനാ
വന്നൂ, കുസൃതിയുടെ തീർപ്പ്

കളിയാക്കാതെ മകളെ
മീശയൊരു കേമൻ അവയവം
വേണമതിന് നിത്യവും
ഒരു പൂന്തോട്ട പരിചരണം

ശങ്ക വേണ്ട
ബ്രൗസ് ചെയ്തു നോക്കൂ
മഹാൻമാരുടെ പടങ്ങൾ

ഫെഡ്രിക് മീശേയെന്ന്
പരതിയാൽ തന്നെ ലഭിക്കും
ഗൂഗിളിൽ നീഷെയുടെ മീശ

മീശകൊണ്ട് ഫ്ലിക്ക് ചെയ്ത്
പന്ത് ബൗണ്ടറി കടത്തിയ
ഡേവിഡ് ബൂണിന്റെ മീശ

ഹോഗന്റെ ആനക്കൊമ്പൻ മീശ
ഡാലിയുടെ ചന്ദ്രക്കലമീശ
ഐൻസ്റ്റീനിന്റെ ക്ലാസിക്കൽ മീശ
ഹരീഷിന്റെ കുട്ടനാടൻ മീശവരെ

എങ്ങനെ പരതിയാലും
തടി മീശക്കാരോളമില്ല
പൊടി മീശക്കാർ ചരിത്ര
വളപ്പുകളിൽ

എങ്കിലും
പിരിച്ച ബ്രിട്ടീഷ് മീശയ്ക്കു മുമ്പിൽ
ചിരിച്ച ആത്മവിശ്വാസമില്ല
കറൻസിയിലെ ഗാന്ധി മീശയ്ക്ക്

പൊന്തിയ പല്ലിനെ
മറച്ചു കെട്ടാൻ
അരുമയോടെ വളർത്തും
മീശയൊന്ന് കോതാനോതിയ
പുരാണത്തിൽ സഹികെട്ടാവണം
ചിരിച്ചു നീട്ടി അവൾ ചീർപ്പ്.

ഒന്നു കോമ്പിയതേയുള്ളു
മീശയിലേക്കിറങ്ങിവന്നൂ മൂക്ക്
മുതിർന്നതിൽ പിന്നെ
വേറിട്ടുപോയ അവളുടെ ചൂരിന്
വട്ടം പിടിച്ച്

ഒട്ടിപ്പിടിച്ചു അന്നുതൊട്ട്
മീശയിൽ ആ ചൂര്
വളർന്നു അതിവേഗം
അതൊരു അദൃശ്യ വിനിമയ
യന്ത്രമായ്

ക്ലാസ്സ് മുറിയിൽ
അവൾ ശാന്തമായിട്ടിരിക്കുമ്പോൾ
മീശയും അടങ്ങിയൊതുങ്ങിയിരുന്നു
കൂട്ടുകാരൊത്ത് അവൾ
കലപില കൂട്ടുമ്പോൾ
മീശയും കലപിലകൂട്ടി

കാലുകൾ ആട്ടിയിരിമ്പോൾ
മീശയും അലസത കൊണ്ടു
അവൾ തെറ്റാതുത്തരം പറഞ്ഞാൽ
മീശ തുള്ളിച്ചാടുകയായി
ഉത്തരം കിട്ടാതെ കുഴയുമ്പോൾ
വാടിത്തളരുകയും

അവൾ ലഞ്ച് ബോക്സ് തുറന്നാൽ
പരക്കുകയായി
തണുത്ത ഓംലെറ്റ് മണം മീശയിൽ
വിനോദ യാത്രപോയനാൾ
ആടിപ്പാടി വശംകെട്ടു മീശ

വഴിയിൽ ആരാലും പരിഹസിക്കപ്പെടുമ്പോൾ
അവളുടെ കൈവെള്ളകൾക്കൊപ്പം
വിയർത്തു എന്റെ മീശയും
അവൾ വിളർക്കുമ്പോൾ
മീശയും വിളർത്തു
നനയുമ്പോൾ നനഞ്ഞു
ഓടിത്തളരുമ്പോൾ കിതച്ചു
പയ്യേ പയ്യേ
അതൊരസ്വസ്ഥതയുടെ
ചൂടും ചൂരുമായി

ഒരു പട്ടാപകൽ
പെട്ടെന്ന് എന്റെ മീശയ്ക്ക്
തീ പിടിക്കുന്നു
ആർക്കും കെടുത്താനവാത്ത വിധം
തീ പടരുന്നു, കത്തിയമരുന്നു
എന്റെ ഓമനച്ചൂരേ….

Comments
Print Friendly, PDF & Email

You may also like