പൂമുഖം ഓർമ്മ ബംഗ്ലാവിലെ സാഹിബ്!

ബംഗ്ലാവിലെ സാഹിബ്!

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ബംഗ്ലാവിലെ സാഹിബ്!

കേട്ടാൽ ഏതോ വലിയ കോടീശ്വരനാണെന്ന് തോന്നുന്നുണ്ടോ?

എങ്കിൽ കാര്യങ്ങൾ അത്ര പന്തിയല്ല.

എന്തെന്നാൽ പാലക്കാട് ജില്ലയിലെ പാട്ടികുളത്തെ രാമസ്വാമിയുടെ വീട്ടിലെ ഒരു റൂമിൽ എട്ട് പത്ത് വർഷം എന്റെ വാപ്പ താമസിച്ചു. പിന്നീട് അവിടന്ന് ഒരു കിലോമീറ്റർ അപ്പുറത്ത് കന്നിമാരി കനാൽ പാലത്തിൽ ബസ്സിറങ്ങി കനാൽ റോഡിലൂടെ നൂറു മീറ്റർ നടന്നാൽ മേൽ പറഞ്ഞ ബംഗ്ലാവാണ്. അത് ലീഫ്റ്റിരിഗേഷൻ ജീവനക്കാരന് ഗവണ്മെന്റ് വെച്ചു കൊടുത്തതാണ്. ഒരു പഴയ ചായ്പ്പിന്റെ വലുപ്പത്തിൽ ഇഷ്ടികയിൽ പണിതീർത്ത കഷ്ടിച്ച് രണ്ടു പേർക്ക് മാത്രം ഭക്ഷണം പാകം ചെയ്ത് ജീവിക്കത്തക്ക രൂപത്തിൽ ഒരു ചെറിയ വീട്. അതിൽ സിമന്റ്‌ കൊണ്ട് നിലത്ത് നിന്ന് വാർത്ത രണ്ട് കട്ടിലുകൾ.

ഇടത് ഭാഗത്ത് കൂടെ മൂലത്തറ ഡാമിൽ നിന്ന് വരുന്ന വിശാലമായ കനാൽ. നേരെ മുൻവശത്ത് കല്യാണപ്പാട്ടയിലേക്കുള്ള കൈവഴി കനാലും അതിന്റെ ഷട്ടറും. അത്തരം ചില കൈവഴികൾ പരിസര പ്രദേശങ്ങളിലുമുണ്ട്.

അവിടങ്ങളിലേക്ക് വെള്ളം തുറന്നു വിടുന്ന ജോലി ചെയ്യുന്ന സാഹിബാണ് മലപ്പുറം ജില്ലയിലെ പുലാമന്തോളുകാരനായ ചെറൂത്ത് മമ്മിച്ച ഹാജി എന്ന എന്റെ വാപ്പ.ആ നാട്ടുകാർ മുസ്ലിമുകളെ സാഹിബ് എന്നാണ് വിളിക്കുന്നത്. ആ സാഹിബാണ് ആ ബഗ്ലാവിലെ താമസക്കാരൻ. സാഹിബിന് ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നതാണ് ശീലം. ഞാനും അനുജൻ അബുവും വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ ഉമ്മയുടെ കൂടെ വാപ്പയുടെ ജോലി സ്ഥലമായ കന്നിമാരിയിലേക്ക് പോവും.

വാപ്പാന്റെ വക ട്യൂഷൻ, ചില കുസൃതിക്കണക്കുകൾ എന്നിവയെല്ലാമുണ്ട്. പിന്നെ മുസ്ഹഫ്, സബീന അങ്ങിനെ മതപരവും അല്ലാത്തതും ആയ പലതും. കാലത്ത് 5 മണിക്ക് എന്നെയും അനിയനെയും വിളിച്ച് എഴുന്നേൽപ്പിക്കും. സോപ്പും തോർത്തും പൽ പൊടിയും എടുക്കും. എന്നും വാപ്പ ഉപയോഗിക്കുന്നത് ലൈഫ് ബോയി ആണ്. ഗുണമേൻമയോർത്താണ് എന്ന് തെറ്റിദ്ധരിക്കണ്ട. പെട്ടെന്ന് അലിഞ്ഞില്ലാതാവില്ല, അതാ ലൈഫ് ബോയി കമ്പം.

ഹു ഹു ഹു എപ്പടി ഐഡിയ?

കാലത്ത് അഞ്ചു മണിക്ക്‌ ടോർച്ചടിച്ച് പോയി കുറച്ചകലെയുള്ള കുളത്തിൽ സ്ഫടികം പോലുള്ള വെള്ളത്തിൽ വിശാലമായി കുളി. വരുമ്പോഴേക്കും ഉമ്മ കട്ടൻ ചായ ഉണ്ടാക്കി വെച്ചിരിക്കും. സുബഹി നമസ്കാര ശേഷം റോഡിലേക്ക് പോയി ഓരോ പാലൊഴിച്ച ചായ. അവിടെ വാപ്പയും അവിടത്തുകാരും തമ്മിൽ നാട്ടുവർത്തമാനം. തമിഴ് കലർന്ന മലയാളം. എനിക്ക് പകുതി മനസ്സിലാവും. എരുമപ്പാലായതിനാൽ ചായക്ക് നല്ല കട്ടിയുണ്ട്. അതിന് തക്ക മധുരവും.

പിന്നെ വാപ്പ ഡ്യൂട്ടിക്ക് ലൈനിൽ പോവും. ഞാനും അനിയനും ചിന്നുക്കുട്ടി ഏട്ടന്റെ കടയിൽ പോയി നാശ്ത കഴിക്കും. പൊറാട്ടയാണെങ്കിൽ ചിന്നുക്കുട്ടി ഏട്ടൻ തന്നെ പിച്ചിപ്പറിച്ച് ചെറിയ കഷ്ണങ്ങളാക്കിയ ശേഷം സാമ്പാർ ഒഴിച്ച് തന്ന് കഴിക്കാൻ പറയും. കൈ കൊണ്ടുള്ള പൊറാട്ടയിലെ പരിപാടി കണ്ടതോടെ ഉമ്മ ഒരു പ്രാവശ്യം മാത്രമേ പോന്നുള്ളൂ. ചിലപ്പോൾ വാപ്പ ഉച്ചഭക്ഷണത്തിന് വരും. അല്ലെങ്കിൽ എവിടന്നെങ്കിലും കഴിക്കും.

അയൽപക്കത്ത് ചാമുവേട്ടൻ, ആറു ഏട്ടൻ , അവരുടെ പെങ്ങൾ ചെല്ല, അവരുടെ പ്രിയങ്കരിയായ അമ്മ മീനാക്ഷിയമ്മ എന്ന മുത്തശ്ശി. മീനാക്ഷിയമ്മയുടെ കഴുത്തിൽ നിറയെ വിവിധ വർണ്ണങ്ങളിലുള്ള കല്ലുമാലകൾ. കുപ്പായമിടുന്ന പതിവില്ല. ഒരു മുണ്ടുടുക്കും. തോളിൽ മാറു മറയ് ക്കാൻ ഒരു വലിയ മുണ്ടും. അതാ എന്റെ മുത്തശ്ശിയുടെ വേഷം.

മുത്തശ്ശിക്ക് മക്കൾ മൂന്ന്. മൂത്തത് ചാമുവേട്ടൻ, മൂപ്പരുടെ ഭാര്യ യശോദേച്ചി. അവർക്ക് മക്കൾ മൂന്ന്. മൂന്നും പെണ്ണ്. മൂത്തവൾ ഉഷ, രണ്ടാമത്തവൾ രാജമണി, മൂന്നാമത്തവൾ ഗിരിജ.
അനുജൻ ആറുവിന് മക്കൾ രണ്ട്. രണ്ടും ആണ്. മൂത്തവൻ കൃഷ്ണൻ. ഇളയവന്റെ പേര് അനീഷ് എന്നാണോർമ്മ. പെങ്ങൾ ചെല്ലക്ക് ഒരു മകൻ, കണ്ണൻ. കണ്ണന് ഒരു കൈക്ക് സ്വാധീനമില്ല. ചെറുപ്രായത്തിൽ അച്ഛൻ രാമകൃഷ്ണൻ ഒറ്റക്കയ്യിൽ തൂക്കിയപ്പോൾ അറിയാതെ പറ്റി പോയ വലിയ ആപത്ത്. ആകെ അവൻ മാത്രമെ മകനായി ഉള്ളു താനും. പാവം അപ്പൻ.

അവരാറും ഞങ്ങൾ രണ്ടും ചേർന്നാൽ എട്ടാളും മീനാക്ഷിയമ്മ എന്ന ഞങ്ങളുടെ മുത്തിയും.
മിക്കവാറും മുത്തിയുടെ പഴംപുരാണ കഥകളും പാട്ടും കേട്ടുറങ്ങാൻ ഞാനും അബുവും അങ്ങോട്ട് പോവും. നല്ല തിരക്കായിരിക്കും. കഥകളും പാട്ടും കേൾക്കുന്നതിനിടയിൽ എല്ലാവരും ഉറങ്ങും…….

മത്സ്യം പിടിച്ച് കറി വെക്കാൻ വാപ്പ ബഹു മിടുക്കനാണ് കല്യാണപ്പട്ടക്കുള്ള കൈവഴിയിൽ ചൂണ്ടയിട്ടാൽ നല്ല കോട്ടി മീൻ കിട്ടും. പിടിച്ചാൽ കൈക്ക് കുത്ത് കിട്ടുമെങ്കിലും കറിവെച്ചാൽ നല്ല രസമാണ്. മത്സ്യം പിടിക്കാനും നന്നാക്കാനും കറിവെക്കാനും വാപ്പക്ക് പ്രത്യേക കഴിവും പരിചയവുമുണ്ട്. കറി പാകമായാൽ ചെറിയ ഉള്ളി വെളിച്ചെണ്ണ ചൂടാക്കിയതിലിട്ട് ഒന്ന് തൂമിച്ചെടുക്കും. ആ സമയം കറിവെച്ച മണം അയൽപക്കത്തെത്തുമെന്നുറപ്പായതിന്റെ സിഗ്നലെന്നോണം ആറു ഏട്ടന്റെ ഭാര്യ ദേവുഏച്ചി പാത്രവുമായി പാഞ്ഞെത്തും. അത് കൊണ്ട് പോയി വീട്ടിൽ വെച്ച് അവിടെയുള്ള തുവര പരിപ്പിൻ കറി ഞങ്ങൾക്കും കൊണ്ടു തരും.

കുറച്ചകലെയാണെങ്കിലും ഒരിക്കൽ നെന്മാറ വേലക്ക് ആറു ഏട്ടനും വാപ്പയും പോയപ്പോൾ എന്നെയും അനിയനെയും കൊണ്ടുപോയി. വെടിമരുന്നാണ് അവിടത്തെ പ്രത്യേകത. പിന്നെ ആനകളും ആനപ്പന്തലും. രാത്രിയായതു കൊണ്ട് വെടിക്കെട്ട് കാണാൻ എവിടെയാണ് നിൽക്കുന്നതെന്ന് വാപ്പാക്കും വലിയ രൂപമൊന്നുമില്ല. കട്ടക്ക് പൂട്ടിയിട്ട പാടത്താണെന്ന് മാത്രമറിയാം. പത്ത് മാസം തികയാറായ ഗർഭിണികളുണ്ടെങ്കിൽ പത്ത് കിലോമീറ്റർ ദൂരെ കൊണ്ടു പോയി ആക്കണമെന്നാണ് അക്കാലത്ത് പറഞ്ഞ് കേട്ടിട്ടുള്ളത്. തള്ളാണോ എന്നറിയില്ല. കാരണം ഒരു അമിട്ടിന്റെ പേര് തന്നെ ഗർഭം കലക്കി എന്നാണത്രെ. ആ ! അതെന്തോ ആവട്ടെ. ഒരഞ്ഞൂറ് മീറ്റർ അകലെ നിന്ന് ഒരു നേരിയ വെളിച്ചവും ഒരു പിരി പിരി ശബ്ദവും അടുത്തടുത്ത് വന്ന്…. വന്ന്… വന്ന് പടക്കം കൊണ്ടുണ്ടാക്കിയ വലിയ പുരക്ക് അവസാനമായി തീ എത്തുന്നതിന്റെ വളരെയടുത്താണ് ഞങ്ങളും വാപ്പയും നിലയുറപ്പിച്ചതെന്നു ബോദ്ധ്യപ്പെട്ടപ്പോഴേക്കും കാര്യങ്ങൾ എല്ലാം കയ്യിൽ നിന്ന് പോയിരുന്നു. ആറു ഏട്ടൻ ആദ്യമേ തടി കാലിയാക്കി. കട്ടക്ക് പൂട്ടിയിട്ട കണ്ടത്തിലൂടെ രണ്ട് കുഞ്ഞി മക്കളെ രണ്ട് കൈകളിലും തൂക്കി വാപ്പ നിലവിളിച്ചോടിയത് നെന്മാറ വേല എന്ന് കേൾക്കുമ്പോൾ ഇന്നും ഓർക്കാറുണ്ട് ഞാൻ. അങ്ങനെ ആദ്യത്തെ വേല ഒരൊന്നൊന്നര വേലയായി.

ചാമു ഏട്ടന്റെ രണ്ടാമത്തെ മകൾ രാജമണിക്ക് എന്നും കൂട്ടികൾക്ക് മാത്രം കാണുന്ന ചില അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രി ചികിത്സകൊണ്ട് ഭേദമാവാത്ത അസുഖങ്ങൾ. അത്തരം അസുഖങ്ങൾക്ക് കുട്ടികളെ ‘ഊതു’ന്ന ആളായിരുന്നു വാപ്പ. നേരം വെളുക്കുമ്പോൾ ബംഗ്ലാവിന്റെ ഉമ്മറത്ത് സ്ത്രീകൾ കുട്ടികളുമായി നിൽപുണ്ടാവും.
ഊതാൻ….
രാജമണിയുടെ അച്ഛനമ്മമാരുടെയും കുടുംബത്തിന്റെയും ദൃഢമായ വിശ്വാസം ഡോക്ടർമാർ എഴുതി തള്ളിയ കേസായ രാജമണി ഇന്നും ജീവിച്ചിരിക്കുന്നത് വാപ്പ ഊതി അസുഖം മാറ്റിയത് കൊണ്ടാണെന്നാണ്.
അതിന്റെ നന്ദി എന്നോണം അവർ ചെയ്യുന്നതെന്തെന്നറിയണ്ടേ?
സന്ധ്യാദീപം കൊളുത്തുന്ന അവരുടെ പൂമുഖത്തെ ഈശ്വരന്മാരുടെ ഫോട്ടോകൾക്കിടയിൽ വാപ്പയുടെയും ഉമ്മയുടെയും ഒരു ഫോട്ടോ കൂടി വെച്ചു
(വാപ്പാന്റെ കാലശേഷം ഉമ്മാക്ക് പെൻഷൻ കിട്ടാൻ രണ്ടു പേരും ഒന്നിച്ചുള്ള ഒരു ഫോട്ടോ അത്യാവശ്യമായത് കൊണ്ട് മാത്രം എടുക്കേണ്ടി വന്നതാണ്) അതിന് താഴെ ഈ അടുത്ത കാലം വരെ സ്നേഹിക്കാൻ മാത്രമറിയാവുന്ന എന്റെ സഹോദരങ്ങൾ ചന്ദനത്തിരി കത്തിച്ച് മനസ്സുരുകി പ്രാർത്ഥിക്കുമായിരുന്നു!

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കുമാർ

Comments
Print Friendly, PDF & Email

You may also like