പൂമുഖം LITERATUREകവിത ഭാഷാവരം

ഭാഷാവരം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പരദേശി കിളിയുടെ
മലമുകളിലെ ആദ്യപ്രഭാഷണം.
വിളിക്കാത്ത വിരുന്നുകാരനായി
കാറ്റ്
ആദ്യമെത്തി.
ഇരിക്കപ്പൊറുതിയില്ലാതെ
മലഞ്ചെരുവില്‍
തത്തിക്കളിച്ചു നിന്നു.

കല്ലിടുക്കില്‍
വേരുകളാല്‍
വലവീശി
പലതരം മരങ്ങളെത്തി.
മരങ്ങളുടെ
തോളത്തിരുന്ന്
തേന്‍കൂടുകൾ പോന്നു.

കാറ്റിനുപുറകെ
മിന്നല്‍പോലെയോടിയ
നീലവല്ലികളെ
ചില്ലകള്‍ പിടിച്ചിരുത്തി.
നനഞ്ഞ കരിമ്പാറയില്‍
പൂപ്പലും പുല്‍നാരുകളും
ചമ്രം പടിഞ്ഞിരുന്നു.

പരല്‍മീനും
ചിരിയടക്കി കൊച്ചരുവിയും
വഴുക്കന്‍ കല്ലുകളില്‍
ഇളകിയിരുന്നു
തര്‍ജ്ജമക്കാരനില്ലാതെ
കിളി പ്രസംഗം തുടങ്ങി.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like