പൂമുഖം CINEMA TIFF 2017 – ഒരു ആമുഖം (ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം)

TIFF 2017 – ഒരു ആമുഖം (ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം)

ഞ്ചു തിരശ്ശീലകളിലായി എണ്‍പതു ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വര്‍ഷം നാല്പത്തിരണ്ടാം വയസ്സിലെത്തുകയാണ്‌. സെപ്റ്റംബര്‍ ഏഴു മുതല്‍ പതിനേഴുവരെയാണ്‌ ഈ വര്‍ഷത്തെ ചലച്ചിത്രമേള.

28 പ്രദര്‍ശനശാലകളിലായി 255 മുഴുനീള ചിത്രങ്ങളും 84 ഹ്രസ്വചിത്രങ്ങളുമായി ഒട്ടേറെ പുതുമകളോടുകൂടിത്തന്നെയാണ്‌ ഇക്കുറിയും ടൊറോന്‍റോ നഗരം ചരിത്രത്തില്‍ ഈ ഉത്സവം രേഖപ്പെടുത്തുന്നത്. ഇതില്‍ തന്നെ 147 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനവും ഇതിനോടനുബന്ധിച്ചാണു നടക്കുന്നത്. മേളയിലേയ്ക്ക് സമര്‍പ്പിക്കപ്പെട്ട 6166 ചിത്രങ്ങളില്‍ നിന്നാണ്‌ 339 എണ്ണം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 83 രാജ്യങ്ങളാണ്‌ ഇത്തവണത്തെ മേളയില്‍ പ്രതിനിധീകരിക്കുന്നത്. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കുപരി പതിനാറു വ്യത്യസ്ഥ പരിപാടികള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

tiff 1

86 കാരനായ ഫ്രെഡെറിക് വൈസ്മന്‍ എന്ന ലോകപ്രശസ്ത ചരിത്രകാരന്‍ സം‌വിധാനം ചെയ്ത Ex Libris – The New York Public Library ആണ്‌ മേളയിലെ എടവും നീള കൂടിയ ചിത്രം – 197 മിനിട്ട്. ഏറ്റവും ചെറുത് രണ്ടുമിനിട്ടു മാത്രമുള്ള Catastrophe and Some Cities. 28 കനേഡിയന്‍ ചിത്രങ്ങളുടെ ഉദ്ഘാടനപ്രദര്‍ശനങ്ങള്‍ ഈ മേളയിലുണ്ട്.

 

tiff 2

കഴിഞ്ഞ വര്‍ഷങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ പ്രാതിനിധ്യം ഇക്കുറി വളരെ കുറവാണ്‌. രാജീവ് രവി ഛായാഗ്രഹണം നിര്‍‌വ്വഹിച്ച് അനുരാഗ് കാശ്യപ് സം‌വിധാനം ചെയ്ത മുക്കാബാസ് (The Brawler), ആദിത്യ വാര്യര്‍ എഡിറ്റിംഗ് നിര്‍‌വ്വഹിച്ച്, രാജ് കുമാര്‍ റാവു പ്രധാന വേഷം ചെയ്യുന്ന, ഹന്‍സല്‍ മേത്തയുടെ ഒമേര്‍ട്ട (Omerta), നസീറുദ്ദിന്‍ ഷാ, ടിസ്ക്കാ ചൊപ്ര എന്നിവര്‍ പ്രധാന വേഷങ്ങലില്‍ വരുന്ന ബോര്‍നില ചാറ്റര്‍ജിയുടെ The Hungry എന്നിവ പ്രത്യേക പ്രദര്‍ശനങ്ങളുടെ നിരയിലുണ്ട്. ഡിസ്ക്കവറി വിഭാഗത്തില്‍ അസം ചലച്ചിത്രകാരിയായ റീമാ ദാസിന്‍റെ Village Rockstars ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിയങ്കാ ചോപ്രയുടെ നിര്‍മ്മാണസം‌രംഭമായ ‘പാഹുന’ മേളയില്‍ എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്‌.

 tiff 5

ഗ്രേറ്റാ ജെര്‍‌വീഗിന്‍റെ ‘ലേഡി ബേര്‍ഡ്’ ആണ്‌ മേളയിലെ ഉദ്ഘാടന ചിത്രം.

ജോര്‍ജ് ക്ലൂണി, അലെക്സാന്‍ഡെര്‍ പെയ്ന്‍, ഗിലേര്‍മോ ഡെല്‍ റ്റോറോ, ആഞെലീന ജോളി, ഹാവിയേര്‍ ബാര്‍ദേം, മാറ്റ് ഡെയ്മന്‍, ജെയ്ക്ക് ജിലെന്‍‌ഹോള്‍, പോളാ ജോണ്‍സ്, നിക്കോള്‍ കിഡ്മാന്‍, വിനീത് കുമാര്‍ സിംഗ്, അസൂക്കാ കുറോസാവ, അഞ്ജലി നയ്യാര്‍, കെയ്റ്റ് വിന്‍സ്‌ലെറ്റ് റോസമണ്ട് പൈക്ക്, ഹാവിയേര്‍ ഗുറ്റിയേറസ് എന്നിവരുള്‍പ്പെടുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ ഒരു നീണ്ട നിര ഇത്തവണ ടൊറോന്‍റോ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ക്രിയേറ്റിവ് ഡിറക്ടര്‍ കാമെറന്‍ ബെയ്‌ലി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.

പ്രശസ്ത അമേരിക്കന്‍ ചലച്ചിത്ര നിരൂപകനായ ജോനതന്‍ റൊസെന്‍ബോം ആണ്‌ FIPRESCI (The International Federation of Film Critics) ജൂറിയുടെ അദ്ധ്യക്ഷന്‍. കാനഡയില്‍ നിന്നുള്ള റോബെര്‍ട്ട് ഡോഡെലിന്‍, ജിം സ്ലോടെക്, ബ്രസീലില്‍ നിന്നുള്ള ഐവൊനേറ്റാ പിന്‍റോ, അമേരിക്കയില്‍ നിന്നുള്ള മാറിയേറ്റാ സ്റ്റെയ്‌ന്‍‌ഹാര്‍ട്ട്, ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഹൊറീന എന്നിവരാണ്‌ ജൂറിയിലെ മറ്റ് അംഗങ്ങള്‍.

ഏഷ്യന്‍ സിനിമകള്‍ക്കായുള്ള NETPAC (Network for the Promotion of Asian Cinema) ലെ മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കുന്നത് രശ്മി ദൊരൈസ്വാമി അദ്ധ്യക്ഷയായുള്ള മൂന്നംഗ ജൂറിയാണ്‌. ജിയാന്‍ ഹാവോ (ചൈന), സവീന്‍ വോംഗ് (കാനഡ) എന്നിവരാണ്‌ ഈ കമ്മിറ്റിയിലെ മറ്റു രണ്ടുപേര്‍.

tiff 3ടിഫിന്‍റെ ഉദ്യോഗസ്ഥര്‍ക്കു പുറമേ രണ്ടായിരത്തിഅഞ്ഞൂറോളം വരുന്ന ഒരു വോളന്‍റിയര്‍ക്കൂട്ടവും മേളയുടെ വിജയത്തിനായി എല്ലാ വര്‍ഷവും അണിനിരക്കുന്നു.

തീയേറ്ററുകളുള്‍പ്പേടുന്ന ഒരു കോം‌‌പ്ലെക്സ് സ്വന്തമായുള്ള ടിഫ് (TIFF) വര്‍ഷം മുഴുവന്‍ ചലച്ചിത്രപ്രവര്‍ത്തനങ്ങളുമായി സജീവമാണ്‌. മേളയ്ക്കു പുറമേ കുട്ടികള്‍ക്കും, ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും, ഭിന്നലിംഗക്കാര്‍ക്കുമെല്ലാം വേണ്ടി പത്യേക പ്രദര്‍ശനങ്ങളും സെമിനാറുകളും ക്ലാസ്സുകളും നടത്തപ്പെടുന്നുണ്ട്. ലോകക്ലാസ്സിക്കുകളടങ്ങിയ ഒരു ബൃഹത്തായ മീഡിയ ലൈബ്രറി ഇവിടെയുണ്ട്. ടൊറോന്‍റോ ചലച്ചിത്രമേള കഴിയുന്നതോടെ ഓസ്കര്‍ പുരസ്ക്കാരങ്ങള്‍ക്ക് സാധ്യതയുള്ള ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയായി.

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like