| ഓണം മരണം വിശപ്പ് |
|
|
|
| കഥ |
| എഴുതിയത് ശശി ചിറയിൽ |
| വെള്ളി, 02 സെപ്റ്റംബര്‍ 2011 06:58 |
|
ഓണപ്പരീക്ഷയുടെ ചുരികത്തുമ്പില്‍ കടത്തനാടന്‍ അടവുകള്‍ മാറി മാറി പരിശീലിക്കുമ്പോഴാണ് മുന്നറിയിപ്പേതുമില്ലാതെ ‘അത്തം പത്തോണം‘ വിളി ഒരു ശീല്‍ക്കാരത്തോടെ അന്തരീക്ഷത്തില്‍ മുഴങ്ങിയുണര്‍ന്നത്. പതിവുള്ള ഈര്‍ക്കിലിക്കഷായത്തിന്റെ ഉത്തേജനമില്ലാതെ തന്നെ മടിയന്‍ ശങ്കു വെളുപ്പിനേയെണീറ്റ് പൂക്കളമിടാന്‍ ബദ്ധപ്പെടുന്നത് കണ്ടപ്പോള്‍ “പരീക്ഷയല്ലേ, പോയിരുന്ന് പഠിക്കെടാ’ എന്ന അമ്മയുടെ വാത്സല്യം ചാലിച്ച ശകാരത്തിന് കല്‍ക്കണ്ട മേമ്പൊടിയുടെ സ്വാദ്. ചാണകം മെഴുകിയ വൃത്തത്തിനുള്ളില്‍ അലങ്കരിച്ചിടുന്ന മുക്കുറ്റിയും തെച്ചിയും മന്ദാരവുമെല്ലാം വെയിലേറ്റ് വാടും മുന്‍പേ താന്താങ്ങളുടെ താവളത്തിലെത്തിക്കാന്‍ മത്സരിക്കുന്ന പുളിയുറുമ്പുകളേയും ചോണനുറുമ്പുകളേയും നോക്കി ‘ പൂക്കള മത്സരവും ഓണത്തല്ലുമൊക്കെ നിങ്ങള്‍ക്കിടയിലുമുണ്ടോ? ‘ എന്ന് ചോദിക്കാന്‍ തോന്നി. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് ഏറെ വൈകി വീട്ടിലെത്തിയ അച്ഛന്റെ കൈസഞ്ചിയില്‍ അധികമായുണ്ടായിരുന്നത് പള്ളിനടയിലെ വെങ്കിടേശന്‍ മൂപ്പന്‍ സമ്മാനിച്ച ഒരു കെട്ട് സ്പെഷ്യല്‍ പപ്പടം മാത്രമായിരുന്നു. ആശയുടെ വാഴനാരുകളും പ്രതീക്ഷയുടെ വര്‍ണപ്പൂക്കളും ഒരിക്കലും സ്വരച്ചേര്‍ച്ചയിലെത്താത്ത ഞങ്ങളുടെ ജീവിതചര്യക്ക് അതൊരു പുത്തന്‍ അനുഭവമല്ലായിരുന്നു. ‘മത്തങ്ങക്കറീം മോരും ചേമ്പും. കയ്പ്പക്ക ഉപ്പേരിയുണ്ടാക്കാം. ഉപ്പ് മാങ്ങയുമുണ്ട്’. ‘ കാലത്ത് ആണ്ടിരാമന്റെ കടേന്ന് ഒരു പടല ‘പാളയംതോടന്‍‘ കൂടി വാങ്ങാം’: ഓണവിഭവങ്ങളെപ്പറ്റിയുള്ള അവസാനവട്ട ‘ഡിസ്കഷണില്‍‘ ആണ് അച്ഛനുമമ്മയും. മൂന്നേരത്ത് അമ്പലത്തില്‍ നിന്ന് പി ലീലയുടെ ജ്ഞാനപ്പാന ശബ്ദമലിനീകരണം തുടങ്ങും മുന്‍പ്, ഏഴരവെളുപ്പിന് തന്നെ അയല്‍ വീടുകളില്‍ നിന്നും ആര്‍പ്പ് വിളികളുയര്‍ന്നു തുടങ്ങി. മുറ്റത്ത് കളമെഴുതി, മുറത്തിലെ നാക്കിലയില്‍ തുമ്പക്കുടവും തുളസിയും ചന്ദനവും കിണ്ടിയില്‍ വെള്ളവും നിലവിളക്കില്‍ തിരിയുമൊക്കെ ഒരുക്കുകയാണ് ചേച്ചിമാര്‍. ദേഹത്തും തലയിലും വെള്ളം തെളിച്ച് കുളിച്ചെന്ന് വരുത്തി ഓണം കൊള്ളാനൊരുങ്ങിയെത്തിയപ്പോഴാണ് അമ്മ പാലും കടലക്കറിയുമായി എന്നെ ചായക്കടയിലേക്ക് ഓടിച്ചത്. ‘വേം വാ. ന്നിട്ട് വേണം ഓണം കൊള്ളാന്‍’ : വല്യേച്ചി വിളിച്ച് പറഞ്ഞു. ഓണമോ പെരുന്നാളോ, എന്തിന് സ്വന്തം കല്യാണമാണെങ്കില്‍ കൂടി ചായക്കടയില്‍ നിന്നൊരു ‘സിംഗിള്‍’ അടിച്ചില്ലെങ്കില്‍ സൂര്യന്‍ ഉദിക്കില്ല കല്ലംകുന്ന് നിവാസികള്‍ക്ക്. അവരെ നിരാശപ്പെടുത്താന്‍ തട്ടകത്തെ ഏക ചായക്കടക്കാരനാകുമോ? ഒരു കഷ്ണം പുട്ട് സൂത്രത്തില്‍ വായിലേക്ക് തിരുകുമ്പോഴാണ് തെങ്ങുകേറ്റക്കാരന്‍ പേങ്ങന്റെ വരവ്. ‘നിങ്ങടെ ഓണം വെള്ളത്തിലായി, ല്യേ വേലായേട്ടാ?‘ ‘എന്താ?’ അച്ഛന് മനസ്സിലായില്ല. ‘ങ്ങടെ കാര്‍ന്നോര് ആ ഗോയിന്ദന്‍ വെളിച്ചപ്പാട് പോയി ട്ടാ‘ ‘അയ്യോ...ആരും പഞ്ഞില്ലല്ലോ?’ “ദാ പ്പോ വെളുപ്പിനാ. അറിയിപ്പൊക്കെ വരാന്‍ വയ്യും’ പേങ്ങന്‍ പുലയന്‍ വെളിച്ചപ്പാടിന്റെ അയല്‍ വാസിയായിരുന്നതിനാല്‍ അച്ഛന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. “ടാ, വെളിച്ചപ്പാട് മരിച്ചൂ ന്ന്. മ്മക്ക് പെലയാ. വേഗം വീട്ടീ പോയി പറ ഓണം കൊള്ളണ്ടാന്ന്. ‘ വിവരമറിഞ്ഞപ്പോള്‍ ചേച്ചിമാര്‍ക്ക് സങ്കടമായി. ഓണം കൊണ്ട ശേഷം ആര്‍പ്പ് വിളിച്ച് അയല്‍ക്കാരെ വെല്ലാനും ചൂടോടെ ഓട്ടട തിന്നാനും ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന അനിയത്തിമാരോട് എന്ത് പറയും?. ‘നമുക്ക് ഓണം കൊള്ളാം, വല്യേച്ചി.‘: ഞാന്‍ ഉപായം കണ്ടെത്തി: ‘ഞാന്‍ എത്തും മുമ്പേ തന്നെ നിങ്ങ ഓണം കൊണ്ടൂന്ന് അച്ഛനോട് പറയാം“ സംശയനിവാരണത്തിനായി വല്യേച്ചി അമ്മയുടെ നേരെ നോക്കി:‘അത്ര വല്യ അടുപ്പോന്നും ല്യാല്ലോ നമുക്ക് ആ കാരണോരുമായി’: എന്ന ഒരൊഴുക്കന്‍ മറുപടിയോടെ അമ്മ അകത്തേക്ക് കയറിയപ്പോള്‍ ചേച്ചിമാരുടെ മുഖം തെളിഞ്ഞു. 'ആര്‍പ്പ് വിളിക്കണ്ടാ, തൃക്കാരപ്പനെ പടിക്കല്‍ പ്രതിഷ്ടിക്കേം കളമെഴുതി ഓണം അകത്തേക്ക് കയ്റ്റേം വേണ്ടാ.’എന്ന കണ്ടീഷനുകളോടെ ഞങ്ങള്‍ ഓണം കൊണ്ടു. എട്ട് മണിക്ക് കട പൂട്ടി, മരണവീട്ടിലേക്ക് അച്ഛന്‍ പോകും മുന്‍പേ മുറ്റം ‘ക്ലീന്‍’ ചെയ്തിരുന്നു. ഉച്ചക്ക് സദ്യയുണ്ണാന്‍ അച്ഛനെ കാത്തിരുന്ന് മടുത്തപ്പോള്‍ അമ്മ പറഞ്ഞു:‘വാ, ഓണായിട്ട് പഷ്ണിരിക്കണ്ടാ. അമ്മ വിളമ്പിത്തരാം’ ചേച്ചിമാര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു:‘ വേണ്ടാ, അച്ഛന്‍ വന്നിട്ട് മതി’. അനിയത്തിമാര്‍ക്ക് പിഞ്ഞാണത്തില്‍ ചോറും കറികളും നല്‍കിയപ്പോഴും അമ്മ ക്ഷണിച്ചു: ‘വാടാ, വെശന്നിരിക്കണ്ടാ”. വയറ് കത്തുന്ന വിശപ്പുണ്ടായിരുന്നെങ്കിലും ചേച്ചിമാരുടെ മുന്‍പില്‍ മോശക്കാരനാകാന്‍ പറ്റോ? അത് കൊണ്ട് ഞാന്‍ മുഖം തിരിച്ചു:“വേണ്ടാ, അച്ഛന്‍ വരട്ടെ”. ശവസംസ്കാരവും നാട്ടുകൂട്ടവുമൊക്കെ കഴിഞ്ഞ് അച്ഛനെത്തിയപ്പോള്‍ സന്ധ്യയായിരുന്നു. പതിവുള്ള കുളിയും ജപമെല്ലാം കഴിഞ്ഞ് പിന്നേയും ഏറെക്കഴിഞ്ഞാണ് ചോറ് വിളമ്പിയത്. ‘ടീ കഴുതേ, ത്ര നാളായിട്ടും പെലയുള്ള വീട്ടില്‍ പപ്പടം വറക്കാന്‍ പാടില്യാന്നറീല്യേ നെനക്ക്?’: അച്ഛന്‍ അമ്മയെ ശാസിച്ചു. പിന്നെ തല തിരിച്ച്, ആര്‍ത്തിയോടെ ചോറ് വാരിത്തിന്നുകൊണ്ടിരുന്ന എന്നെ നോക്കി ശാന്തസ്വരത്തില്‍ ചോദിച്ചു: ‘നീയാ കുരുത്തക്കേട് കാട്ടീത്, ല്ലേ?’ ഞാന്‍ പരുങ്ങി:‘എന്ത് ... ?’ ‘പാവം ഒന്നുമറിഞ്ഞില്ല. കാലത്ത് ഓണം കൊണ്ട കാര്യാ പറഞ്ഞേ.’ അടി ശരീരത്തിലേല്‍ക്കാതിരിക്കാന്‍ അച്ഛനില്‍ നിന്നും ഒരു കൈപ്പാട് അകലേക്ക് നിരങ്ങി നീങ്ങി, ഞാന്‍. അച്ഛന്‍ തുടര്‍ന്നു:‘അറിയാതെ ചെയ്താല്‍ തെറ്റല്ല. എന്നാല്‍ അറിഞ്ഞ് ചെയ്യുമ്പോള്‍ അതപരാധം മാത്രമല്ല പാപവുമാണ്.’ ഇല മടക്കി, ജീരകവെള്ളം കുടിച്ച കൊണ്ട് അച്ഛന്‍ എഴുന്നേറ്റു: ‘ സാരല്യാ; ആവര്‍ത്തിക്കാതിരുന്നാ മതി.’ അനുബന്ധം: ബാംഗളൂരും ഊട്ടിയും വെട്ടിപ്പിടിച്ച ശേഷം പുനെയിലെ സിംബയോസിസ്സിലേക്ക് മകന്‍ തേരോട്ടം നടത്തിയ വര്‍ഷം. നാട്ടില്‍ വെക്കേഷനിലായിരുന്ന എനിക്ക് ഫാമിലി ഫ്രന്‍ഡും മകന്റെ ലോക്കല്‍ ഗാര്‍ഡിയനുമായ സീമയുടെ ഫോണ്‍:‘ ശശിജി, ഓണാഘോഷം കഴിഞ്ഞ് ഇതിലെ വരുമ്പോള്‍ എനിക്കല്‍ല്പം പായസം കൊണ്ട് വരണം..... പിന്നെ കായ ഉപ്പേരി...... കേടാവുകയില്ലെങ്കില്‍ ഇച്ചിരി അവിയല്‍.....” കേരളഫുഡ്ഡിന്റെ ആരാധികയായ ആ ഹിഡുംബിനിക്ക് എത്ര വച്ച് വിളമ്പാനും എന്റെ വാമഭാഗത്തിനിഷ്ടമാണ്: ‘ സമയമെടുത്ത്, ആസ്വദിച്ചാസ്വദിച്ച് ഓരോ വിഭവവും അവള്‍ തിന്നുന്നത് കാണുമ്പോ തന്നെ മനസ്സ് നിറയും.’ അപ്പോഴാണ് ‘ഹാന്‍ഡ് ഡെലിവറിയായി’ ഓണം പൂനയിലെത്തിച്ചാലോ എന്ന ഒരു ചിന്ത മനസ്സില്‍ ഫ്ലാഷ് ചെയ്തത്. കൊച്ചിയിലെ അഡ്മിറല്‍ ട്രാവത്സിലെ എന്റെ സുന്ദരി സുമുഖി വായാടി ഫ്രന്‍ഡ് മേബിള്‍ തോമസ് പറഞ്ഞു: ‘ആവാല്ലോ. നിങ്ങള്‍ ഇപ്പഴേ കുക്കിംഗ് തുടങ്ങിക്കോ’ തിരുവോണദിവസം രാവിലെ 8.50 ന് കൊച്ചി-മുംബായ്, അവിടെ നിന്ന് 12.05 ന് പൂനക്ക് ജെറ്റ് എയര്‍വേയ്സിന്റെ തന്നെ കണക്റ്റിംഗ് ഫ്ലൈറ്റ്. സീമക്ക് ഫോണ്‍ ചെയ്തു:‘എടീ കൊതിച്ചീ മടിച്ചീ, ഇക്കൊല്ലത്തെ എന്റെ ഓണം നിന്റെ വീട്ടില്‍. ഒരു ഫേവര്‍ മാത്രം: അവിടെ ‘മോട്ട റൈസ്‘ കിട്ടുമെങ്കില്‍ 3 കിലോ വാങ്ങി പാകം ചെയ്ത് വച്ചേക്കണം’ ദുബായില്‍ നിന്നെത്തിയ മസാഫിയുടെ കാര്‍ട്ടന്‍ വീണ്ടും ഉപകാരപ്പെട്ടു. അടുക്ക് പാത്രങ്ങളിലും പ്ലാസ്റ്റിക് കണ്ടറ്യിനറുകളിലും ഓണക്കറികള്‍ സീല്‍ ചെയ്യപ്പെട്ടു. കൂടെ വാഴയിലയും ഉപ്പേരികളും പഴങ്ങളും. കാരി ബാഗില്‍ പായസം, സാംബാര്‍, രസം.... കൊച്ചി എയര്‍പോര്‍ട്ടിലെ കസ്റ്റംസുകാരന് കൌതുകം: ‘ എന്താ ഓണം എക്സ്പോര്‍ട്ടാ?’ (ഇന്നത്തെ സുരക്ഷാസംവിധാനങ്ങളില്‍ ഇതൊക്കെ സ്വപ്നം കാണാനെ പറ്റു.) എണ്ണ ചൂടാക്കി വല്യപ്പടം വറുത്ത് ഉച്ചക്ക് 2 മണിക്ക് മുന്‍പ് മകനും മകന്റെ ആറ് കൂട്ടുകാരും സീമയുടെ ഫാമിലിയും ഞാനുമടക്കും 10 പേര്‍ ഒട്ടും തണുക്കാത്ത ആ തിരുവോണസദ്യയുണ്ടു. ************ ഓണത്തിന് ‘തൃക്കാക്കര അപ്പനെ‘ പ്രതിഷ്ഠിച്ച് പൂജിക്കുന്നതിനെയാണ് ‘ഓണം കൊള്ളുക‘ എന്ന് പറയുന്നത്. |
| അവസാനം അപ്ഡേറ്റ് ചെയ്യപ്പെട്ടത് ഞായര്‍, 11 സെപ്റ്റംബര്‍ 2011 16:33 |












