
ദര്‍ശനം ഒരു ഉള്‍വിളിയാണ്. ദൈവക്കോലത്തിലേക്ക് പരകായപ്രവേശം നടത്തുന്ന തെയ്യാട്ടക്കാരന്റെ വരവിളിപോലെയാണത്. അരങ്ങില്‍ അഭിനയവൈചിത്യ്രത്തിന്റെ രസഭാവങ്ങള്‍ പ്രകാശിപ്പിക്കുന്ന അഭിനേതാവിന്റെ പകര്‍ന്നാട്ടങ്ങളിലെ ധ്യാനവും ഏകാഗ്രതയുമാണ്. മോക്ഷത്തെക്കുറിച്ചറിയുന്നതിനുള്ള നൈസര്‍ഗികമായ ആര്‍ജ്ജവം കൂടിയാണ് ഈ ആന്തരിക സ്രോതസ്സ്. ആത്മാവിനും അനാത്മാവിനുമിടയിലെ അകലങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ശാസ്ത്രം കൂടിയാണ് ദര്‍ശനമെന്ന് ഭാരതീയ സങ്കല്‍പങ്ങള്‍ അനുശാസിക്കുന്നു. ദര്‍ശനങ്ങളുടെ അകം പൊരുളുകളെ തൊട്ടറിഞ്ഞ തീര്‍ത്ഥാടനമായിരുന്നു ഭരത് മുരളിയ്ക്ക് അരങ്ങും അഭിനയവും. ആ സര്‍ഗ്ഗതാപത്തില്‍നിന്നും പിറവികൊണ്ടതായിരുന്നു ''മൃത്യുഞ്ജയന്‍'' എന്ന അരങ്ങുഭാഷ.

''സത്യനിഷ്ഠരും മരണത്തെ കളിപ്പാട്ടം മാത്രമായി കാണുന്നവരും നെഞ്ചൂക്കുള്ളവരുമായ വീരന്‍മാര്‍ ഈ ലോകത്ത് ഉള്ളിടത്തോളം കാലം ഈ കഥയും നിലനില്‍ക്കും. ഇതൊരു വെറും കഥയല്ല. മഹത്തായ സത്യമാണ്. അത് തനത് രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഉദിച്ചുയരുന്ന സൂര്യദേവനെപ്പോലെ...'' ഇതിഹാസത്തിലെ സൂര്യപുത്രന്റെ രംഗപ്രവേശത്തിനുമുമ്പെ ഭരത് മുരളി കുറിച്ചുവച്ച ''മൃത്യുഞ്ജയന്‍'' എന്ന രചിതപാഠത്തിന്റെ മുഖമൊഴിയാണിത്. ജീവിതയാത്രയില്‍ ഇടറുമ്പോഴും പതറാതെ വഴിമാറി നടക്കുന്നവരോട് സൂക്ഷ്മമായ സഹിഷ്ണുത കാത്ത കലാകാരന്‍ തന്റെ സ്വപ്നകഥാപാത്രമായ കര്‍ണ്ണന്റെ മാനസികസംഘര്‍ഷങ്ങളെ ഏകാഗ്രതയോടെ വിന്യസിപ്പിച്ച നാടക രചിത പാഠമായിരുന്നു മൃത്യുഞ്ജയന്‍. ശിവാജി സാവന്തിന്റെ കര്‍ണ്ണന്‍ എന്ന നോവലും രവീന്ദ്രനാഥ ടാഗോറിന്റെ കര്‍ണ്ണനും കുന്തിയും എന്ന കവിതയും കര്‍ണ്ണശപഥം ആട്ടക്കഥയില്‍നിന്ന് ഉള്‍ക്കൊണ്ട ആര്‍ജ്ജവവും തനിമയാര്‍ന്ന ദര്‍ശനങ്ങളില്‍ ചാലിച്ചതായിരുന്നു മൃത്യുഞ്ജയന്‍. ഭാരതീയ നാടകങ്ങളുടെ പൊരുളകങ്ങളില്‍നിന്നും നവദൃശ്യ ഭാവുകത്വത്തിലേക്ക് ഉണരുന്ന അരങ്ങുകള്‍ക്കിടയിലാണ് മുരളി എന്ന മഹാനടന്‍ കാലത്തോട് ഭരതവാക്യം ചൊല്ലി പൊലിഞ്ഞുപോയത്. സൂക്ഷമഭാവങ്ങളുടെ നെയ്ത്തുകാരന്‍ കര്‍ണ്ണനായി അരങ്ങിലെത്തുന്ന ചരിത്രനിമിഷങ്ങള്‍ക്ക്് ഇനി പിറവിയില്ല. കാരണം മുരളി എന്ന ജീനിയസ്സിനു പകരംവെയക്കാന്‍ അദ്ദേഹം മാത്രമേയുള്ളൂ. രാവണനായാലും കര്‍ണ്ണനായാലും ഇതിഹാസങ്ങളില്‍നിന്നും വര്‍്ത്തമാനകാല ജീവിതാവസ്ഥകളില്‍നിന്നും കരുത്തും മനുഷ്യത്വവുമുള്ള കഥാപാത്രങ്ങളെയാണ് അദ്ദേഹം നെഞ്ചേറ്റിയത്. വായനയുടെ ആര്‍ജ്ജവത്തില്‍നിന്നും മുരളി എന്ന പ്രതിഭ സ്വാംശീകരിച്ചത് ചെറുത്തുനില്‍പ്പിന്റെയും മാനവികതയുടേയും ഉള്‍ക്കാഴ്ചകളായിരുന്നു.
ലോകനിലവാരമുള്ള നാടോടിയും ക്ളാസിക്കലുമായ കലാരൂപങ്ങളോട് പുതിയ കാലം കാണിക്കുന്ന അനാദരവില്‍ അദ്ദേഹം പലപ്പോഴും രോഷാകുലനാകാറുണ്ട്. കല നമ്മുടെ ജീവിതസംസ്കാരത്തിന്റെ പരിച്ഛേദമാണെന്നും സമൂഹനന്മയ്ക്കും പരിവര്‍ത്തനോന്മുഖമായ വ്യാഖ്യാനങ്ങള്‍ക്കും അത് ഉപയോഗിക്കുവാനും അന്വേഷണാത്മകമായ സര്‍ഗ്ഗാകത്മകസഞ്ചാരങ്ങള്‍ക്ക് ഉയിര്‍പ്പിന്റെ ഊര്‍ജ്ജമേകാനുള്ള ബോധകനലും എന്നും മുരളിയേട്ടനില്‍ ജ്വലിച്ചിരുന്നു.
 ഭാരതീയ കലാസാംസ്കാരിക പൈതൃകത്തില്‍ നിലയുറപ്പിച്ച് പുതിയകാലത്തിന്റെ അഴകും മിഴിവും സന്നിവേശിപ്പിക്കുന്ന നാടകവേദി മുരളിയേട്ടന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകത്രയത്തിലെ ''ലങ്കാലക്ഷ്മി''യിലെ രാവണനായി പകര്‍ന്നാടിയപ്പോള്‍, ആ നാടകദര്‍ശനത്തിന്റെ തിളക്കം കലാലോകം കതാണ്. നരേന്ദ്രപ്രസാദിന്റെയും കടമ്മനിട്ടയുടേയും അയ്യപ്പപണിക്കരുടേയും സൌഹൃദകൂട്ടായ്മയില്‍ ഉരുവംകൊണ്ട് ലോകനാടകവേദിയിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് ജ്വലിച്ചുയര്‍ന്നതായിരുന്നു മുരളിയുടെ നാടകാവബോധം. അതിന്റെ അന്തര്‍ധാരയായി പടയണിപാട്ടിന്റെയും സീതക്കളിയുടേയും കൊയ്ത്തുപാടങ്ങളിലെ എടുപ്പു കുതിര ആരവങ്ങളുടേയും ആദിമതാളമുണ്ടായിരുന്നു. പച്ചമനുഷ്യന്റെ വികാരപകര്‍ച്ചകള്‍ ഉണ്ടായിരുന്നു. മൃത്യുഞ്ജയനില്‍ കര്‍ണ്ണനെ കാണാനെത്തുന്ന കുന്തീമാതാവിന്റെ രംഗം ആത്മസംഘര്‍ഷങ്ങളുടെ തീകോരിയിടുന്ന ഭാവസങ്കലനമാണ്. മുരളിയേട്ടനിലെ രചനാപ്രതിഭ സംഭാഷണങ്ങളിലൂടെയും രംഗദിശാസൂചികകളിലൂടെയും അരങ്ങുഭാഷയില്‍ അത് നിറച്ചുവയ്ക്കുന്നു. അര്‍ജ്ജുനന്‍ അടക്കമുള്ള പഞ്ചപാണ്ഡവര്‍ക്ക് വേണ്ടി ജീവന്‍ യാചിക്കാനെത്തിയ അമ്മയോട് പിടയുന്ന മനസ്സോടെ ഭരത് മുരളിയുടെ കര്‍ണ്ണന്‍ പറയുന്നു ''അന്ന് ആരും കാണാതെ രാജകൊട്ടാരത്തിന്റെ ഏതെങ്കിലും ഇരുള്‍വീണ മൂലയില്‍വച്ച് ആ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി ശബ്ദം പുറത്തുവരാതിരിക്കാന്‍ ആ വായ് പൊത്തി രണ്ടു വിരല്‍, രണ്ടേ രണ്ട് വിരല്‍ കൊണ്ട് അതിന്റെ ഇളം കഴുത്ത് ഞെരിച്ച പുഴയില്‍ തള്ളിയിരുന്നെങ്കില്‍, എന്തുകൊണ്ട് അങ്ങിനെ ചെയ്യുവാനുള്ള ധൈര്യം ഉണ്ടായില്ല? എഴുപതു കൊല്ലം ഞാന്‍ സഹിച്ച അപമാനം അവഹേളനം....? വാക്കുകള്‍ ഇഴചേര്‍ത്തൊരുക്കുന്ന ആത്മരോഷത്തിന്റെ അഗ്നി, വാക്കുകള്‍ക്കിടയിലെ ധ്വനിപാഠം ധന്യത ഇവയെല്ലാം മൃത്യുഞ്ജയന്റെ രചനയ്ക്ക് ദാര്‍ശനികതയുടെ മാനങ്ങള്‍ സൃഷ്ടിക്കുന്നു. അരങ്ങിന്റെ സ്ഥലകാലങ്ങളില്‍ രചനയുടെ ആത്മാവ് മുറുകെപിടിച്ച് നവദൃശ്യഭാവുകത്വമൊരുക്കി പ്രേക്ഷകരില്‍ ലളിതസംവേദനത്തിനും അനുയുക്തമായ അക്ഷരബിംബങ്ങള്‍ തീര്‍്ക്കുകയായിരുന്നു മൃത്യുഞ്ജയന്‍.
അരങ്ങിന്റെ വിശുദ്ധിതേടുന്ന തീര്‍ത്ഥാടനമായിരുന്നു ഞങ്ങള്‍ക്ക് മൃത്യുഞ്ജന്റെ റിഹേഴ്സല്‍ കാലം. വൈലോപ്പില്ലി സംസ്കൃതിഭവനില്‍ ഏകാഗ്രമായ നാടകപരിശീലനം.കെ.പി.എ.സി ലളിത, പ്രൊഫ. അലിയാര്‍, സുനില്‍കുടവട്ടൂര്‍, ജോണി മിഖായേല്‍.. പിന്നെ ഞാനും. സൈദ്ധാന്തികവും നവീനവുമായ പ്രായോഗിക പാഠശാലയായി മാറി സംവിധായകനായി നിയുക്തനായ എനിക്ക് ആ റിഹേഴ്സല്‍ക്കാലം. സ്കൂള്‍ ഡ്രാമപഠനകാലത്ത് ബി.വി.കാരന്തിന്റെയും , മായാ തോങ്ബര്‍ഗിന്റെയും പരിശീലനക്കളരി പോലെ, അറിവിന്റെ പുതിയ വന്‍കരകള്‍. ഒരു നാടകം അരങ്ങേറപ്പെടുന്നു എന്നതിലേറെ നാടകഗാത്രവും അരങ്ങുഭാഷയും രൂപപ്പെടുന്നതിന്റെ രാപ്പലകലുകളും രൂപപരിവര്‍ത്തനങ്ങളും സവിശേഷവും പ്രസക്തവുമാണെന്ന് അദ്ദേഹം പറയുമായിരന്നു. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന പരിശീലനത്തില്‍ ആദ്യഭാഗം മുരളിയേട്ടന്റെ യോഗ, കോണ്‍സെന്‍ട്രേഷന്‍ വേളയായിരുന്നു. പിന്നെ എല്ലാവരുമൊത്തുള്ള തിയേറ്റര്‍ എക്സസൈസുകള്‍, അതിനിടെ ചില കളരി മുറകള്‍. റിലാക്സേഷന്‍ നേരത്ത് അമ്മന്നൂരിന്റെയും ഗോപിയാശാന്റെയും അഭിനയസവിശേഷതയുടെ സൂക്ഷമാപഗ്രഥനം. ശേഷം മനോധാര്‍മ്മാഭിനയത്തിന്റെ മണിക്കൂറുകള്‍, നാടകരചനയുടെ പലയാവര്‍ത്തിയുള്ള വായന. പിന്നീടാണ് നാടകരംഗത്തിലേക്കുള്ള പ്രവേശം. അവിടംമുതല്‍ കൃത്യതയാര്‍ന്ന രംഗചലനങ്ങളുടെ ചിട്ടപ്പെടുത്തലാണ്. അത് അഭിനേതാക്കളുടെ സര്‍ഗ്ഗാത്മകപ്രചോദനത്തിന്റെ സത്യപ്രകാശനം കൂടിയാക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. അരങ്ങില്‍ ഒപ്പംനില്‍ക്കുന്നവര്‍ക്കുള്ള വികാരവിചാരങ്ങളുടെ കൊടുക്കല്‍വാങ്ങലുകളിലെ സൂക്ഷ്മത, സംഭാഷണങ്ങളുടെ വ്യക്തത, ഏറ്റക്കുറച്ചില്‍, അരങ്ങിലെ സമയം കൈയ്യൊതുക്കത്തോടെ വിന്യസിപ്പിക്കുന്നതിന്റെ അതിസൂക്ഷ്മത- ഇത്തരം അരങ്ങുബോധങ്ങള്‍ തികഞ്ഞ ഗൌരവത്തോടെ പരിശീലിപ്പിച്ച സാര്‍ത്ഥകമായ സര്‍ഗ്ഗനേരങ്ങളായിരുന്നു അത്. ജനിതകപ്രേരിതവും മനസ്സിന്റെ ഉള്ളറകളില്‍ തട്ടി പ്രതിഫലിക്കുന്നതുമായ ശൈലിയായിരുന്നു മുരളി എന്ന മഹാനടനിഷ്ടം. നമ്മുടെ ക്ളാസിക്കല്‍, നാടോടികലകളുടെ ഊര്‍ജ്ജസ്രോതസ്സിനെ അരങ്ങ് വ്യാകരണത്തിന്റെ ആന്തരികോര്‍ജ്ജമാക്കുവാനും, പ്രേക്ഷകനെ ചിന്തിപ്പിക്കുവാനും സവിശേഷമായ അഭിനയപാടവത്തോടെ അദ്ദേഹം ശ്രമിച്ചിരുന്നു. റിഹേഴ്സല്‍ കാലത്തിന്റെ ഒടുവില്‍ നമ്മെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു, മൃത്യുഞ്ജയനായി മാറിയ ആ മഹാനടന്റേത്.

സംഗീതനാടക അക്കാദമി ചെയര്‍മാനായി ചുമതലയേറ്റപ്പോള്‍ മുരളിയേട്ടന്‍ അക്കാദമിയുടെ പുരോഗമനപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ആ ആത്മസമര്‍പ്പണം ചില ചലച്ചിത്രങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുകൂടിയായിരുന്നു. മലയാളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിനുള്ള ആ ഒരുക്കങ്ങളുടെ ശേഷപത്രങ്ങളായിരുന്നു അക്കാദമിയുടെ അക്കാലത്തെ ദ്രുതഗതിയിലുള്ള പുരോഗമനങ്ങള്‍. അന്തര്‍ദേശീയ നാടകോത്സവം, കെ.ടിയുടെ പേരില്‍ റീജനല്‍ തീയേറ്റര്‍, സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍നിന്നും അഭിനേതാക്കളെ തിരഞ്ഞെടുത്ത് അക്കാദമി റെപ്രട്ടറി തിയ്യേറ്റര്‍. ആദ്യ ദൌത്യം ഇടശ്ശേരിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട 'കൂട്ടുകൃഷി'യുടെ അരങ്ങവതരണമായിരുന്നു. ആത്മഹത്യയുടെ മുമ്പില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുവാനുള്ള വയനാടന്‍ നാടകയാത്ര. രംഗാവതരണത്തിനുമുമ്പെ മുഴങ്ങിപ്പരക്കുന്ന ശബ്ദത്തില്‍ ഉയര്‍ന്ന മുരളിയേട്ടന്റെ വാക്കുകള്‍ ഇപ്പോഴും തിരയടിക്കുന്നുണ്ട് മനസ്സില്‍... 'പ്രിയമുള്ളവരെ... നാടകം എന്നും ജനങ്ങളോടൊപ്പം നിന്ന കലാരൂപമാണ്. ജീവിതത്തെ മാറ്റിമറിച്ച് മുന്നോട്ടുപോയ ചരിത്രമാണ് അതിനുള്ളത്. പ്രതിരോധങ്ങളുടെ, പോരാട്ടങ്ങളുടെ അരങ്ങ് തിരിച്ചുപിടിക്കുക എന്നത് ചരിത്രപരമായ അനിവാര്യതയാണിന്ന്്. ഒറ്റപ്പെടുന്നവന്റെ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍, ജനകീയവും സാംസ്കാരികവുമായ കൂട്ടായ്മകള്‍കൊണ്ടേ സാധ്യമാകൂ. നവോത്ഥാനകാലം കേരളത്തിനു നല്‍കിയ ചരിത്രപാഠമാണിത്. ഈ തിരിച്ചറിവാണ് സംഗീതനാടക അക്കാദമി നാടകസംഘത്തിന്റെ പ്രചോദനം. ഇനിയും ഒറ്റപ്പെടുന്നവന്റെ ദുരന്ത വിലപങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുകൂടാ...
സമൂഹത്തിലെ സാധാരണക്കാരനും പ്രാന്തവത്കരിക്കപ്പെടുന്നവരുടെ സഹനങ്ങള്‍ക്കും ഒപ്പമായിരുന്നു മുരളിയേട്ടന്റെ മനസ്സ്. കൂടവട്ടൂരിലെ ഗ്രാമീണമാനസത്തില്‍ നിലയുറപ്പിച്ച് ലോക നിലവാരമുള്ള സാംസ്കാരിക സാധ്യതകളിലേയ്ക്ക് മലയാളത്തിന്റെ നാടകവേദിയിയെ തികഞ്ഞ ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകവേയാണ് ആ സര്‍ഗ്ഗസൂര്യന്റെ ജീവിതം പൊലിഞ്ഞത്.

മൃത്യുഞ്ജയന്റെ പ്രായോഗികപരിശീലനക്കാലം ഉറപ്പിച്ചായിരുന്നു മുരളിയേട്ടന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. തിരികെ എത്തിയശേഷം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കലാനിര്‍വഹണത്തിലും പാരീസ് ചന്ദ്രന്റെ സംഗീതത്തിലും ചിട്ടയായ സാങ്കേതിക പരിശീലനം. ഞങ്ങള്‍ കാത്തിരുന്നു... പക്ഷെ... കാലം ആ രംഗവേദിയിലെ വെളിച്ചം തെളിയിച്ചില്ല. വില്യം ഷേക്ക്സ്പിയറിന്റെ വിഖ്യാതവരികളെ ഇടനേരങ്ങളില്‍ കവിത പോലെ പറയാറുണ്ട് മുരളിയേട്ടന്‍. '' Normal 0 false false false MicrosoftInternetExplorer4
''LIFE IS BUT A WALKING SHADOW, A POOR PLAYER, THAT STURTS AND FRETS HIS HOUR UPON THE STAGE, AND THEN IS HEARD OF NO MORE. IT IS A TALE TOLD BY AN IDIOT. FULL OF SOUND AND FURY, SIGNIFYING NOTHING.''

ഗ്രീക്ക് തിയ്യേറ്റര്‍ മുതല്‍ ആധുനികോത്തര രംഗരചനകളേയും രംഗഭാഷാശൈലികളേയും സമന്വയിപ്പിക്കുന്ന നാടകസൌന്ദര്യ ദര്‍ശനമായിരുന്നു ഭരത് മുരളിയുടേയത്. ആ ബോധ്യങ്ങള്‍ക്ക്, ജന്മമേകാനാണ് 'കൂത്തമ്പലം'' എന്ന പേരില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ഒരു നാടക പാഠശാല അദ്ദേഹം രജിസ്റര്‍ ചെയ്തത്. എഴുപതുകളുടെ ഊഷ്മാവില്‍ തിളച്ചുവളര്‍ന്ന കേരളത്തിലെ ക്ഷുഭിത യൌവ്വനങ്ങളുടെ രാഷ്ട്രീയദിശാബോധവും സാംസ്കാരികാവബോധവും ഇഴചേര്‍ന്ന അരങ്ങനുഭവങ്ങള്‍ 'കൂത്തമ്പല''ത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി കൂത്തമ്പലത്തിന്റെ അംഗങ്ങള്‍ ഒത്തുകൂടാറുണ്ട്. ആ വഴിവെളിച്ചത്തിന്റെ ഊര്‍ജ്ജത്തില്‍നിന്നും ആദ്യ സമര്‍പ്പണമായി 'ശ്രീരാവണ'ന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ലങ്കാലക്ഷ്മിയിലെ രാവണന്റെ പകര്‍ന്നാട്ടം കണ്ട്് കവയിത്രി വിജയലക്ഷ്മി എഴുതിയ കവിതയും ക്ളാസിക്കല്‍- നാടോടികലാരൂപങ്ങളുടെ അന്വര്‍ത്ഥമായ സമന്വയവും ഇഴചേര്‍ത്ത് ഒരു രംഗഭാഷ. സ്ക്രീനില്‍ രാവണനായി ഭരത് മുരളിയുടെ ഭാവപ്പെരുക്കങ്ങളും, അരങ്ങില്‍ പുതിയ രാവണക്കാഴ്ചകളും നിറയുന്ന രംഗസമര്‍പ്പണം.
'രാവണന്‍- ആടുകയായീ മഹാനടന്‍ വേദനതിങ്ങുമിരുട്ടിന്റെ നാടകം. രാവുകടഞ്ഞ കറുപ്പുടയാടയില്‍- ച്ചോരതന്‍ നാരുകളാലേ ഞരമ്പുകള്‍ നെറ്റിയിലൊരൊറ്റക്കനല്‍, നെഞ്ചിലാളുന്നു വറ്റാത്തൊരഗ്നേയ പര്‍വതത്തിന്‍നിര. ഒറ്റത്തിരിക്കരങ്ങത്തു ലങ്കാപുരി രക്ഷോഗണങ്ങള്‍ തന്‍ രാജസഭാതലം''
ഈ വാക് ബിംബങ്ങളുടെ ദൃശ്യസാധ്യകളിലേക്ക് ഉണരുന്ന ശ്രീരാവണന്‍ അരങ്ങില്‍ നിറയാന്‍ കാലം കനിയട്ടെ. അപ്പോഴും...മൃത്യുഞ്ജയന്‍ മനസ്സിലൊരടങ്ങാക്കനലായ് എരിയും...രചിതപാഠത്തിന്റെ മുഴക്കങ്ങള്‍ മറവിയെ മായ്ച്ചുകളഞ്ഞുകൊണ്ടേയിരിക്കും. അരങ്ങില്‍ മറ്റൊരു പുനര്‍ജനി കാത്ത്, ആ അക്ഷരനക്ഷത്രങ്ങള്‍ ദൃശ്യബോധത്തിന്റെ തൌര്യത്രികമായി നിറയും.

|
Comments
RSS feed for comments to this post