LITERATURE കഥ

ദല്ലാൾനിങ്ങൾ ഇത്രനാളും ഉമ്മ വെച്ചത് എന്റെ ചുണ്ടുകളെ മാത്രമായിരുന്നു,ആത്മാവിനെയായിരുന്നില്ല എന്ന് ഭാര്യ നമ്മളോടു പറഞ്ഞാൽ അതു മുഖവിലയ്ക്കെടുക്കണം.സത്യം കണ്ടറിയാൻ സ്ത്രീയോളം വരില്ല പുരുഷൻ.”
ഒന്ന്
——-
കൊച്ചിൻ ഹൈറ്റ്സ് എന്നു പേരുള്ള ഫ്ലാറ്റിലെ 9 B അപ്പാർട്ട്മെന്റിൽ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കോളിങ്ങ് ബെൽ മുഴങ്ങുമ്പോൾ ഉണ്ണി നായർ തന്റെ പ്രിയപ്പെട്ട ബ്രാൻഡായ ഓൾഡ് മങ്ക് റം നുണഞ്ഞു കൊണ്ട് പുസ്തകവായനയിലായിരുന്നു.ഞായറാഴ്ച വീട്ടുജോലിക്കാരി ഇല്ലാത്ത ദിവസമായതിനാൽ ഉച്ചഭക്ഷണമായി ഒരു ബീഫ് റോസ്റ്റും മൂന്നു ചപ്പാത്തിയും സാലഡും അയാൾ സ്വിഗ്ഗിയിൽ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു.അയാളുടെ മേശമേൽ രണ്ട് ഗ്ലാസ് ബൗളുകളിലായി ഹൽദിറാമിന്റെ ഫ്രൈഡ് മൂംഗ്ദാലും ചതുരത്തിൽ മുറിച്ച ആപ്പിളിന്റെ കഷണങ്ങളും വെച്ചിരുന്നു.ഉപ്പു ചേർത്തു വറുത്ത, നന്നായി മൊരിഞ്ഞ ചെറുപയർപ്പരിപ്പും ആപ്പിളും മദ്യപിക്കുമ്പോൾ അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉപദംശങ്ങളായിരുന്നു .ഓൾഡ് മങ്ക് റമ്മും ഹൽദിറാമിന്റെ മൂംഗ്ദാലും അയാൾ വാങ്ങിയത് സതേൺ നേവൽ കമാൻഡിന്റെ ഫോർട്ട് കൊച്ചിയിലെ കാൻറീനിൽ നിന്നായിരുന്നു . ഇരുപത്തിയഞ്ചു വർഷം നീണ്ട മർച്ചന്റ് നേവിയിലെ ജോലിക്കു മുമ്പ് പതിനഞ്ചു വർഷം അയാൾ ഇന്ത്യൻ നേവിയിലും ജോലി നോക്കിയിരുന്നു. ഇന്ത്യൻ നേവിയിൽ നിന്നു വിരമിച്ച ഒരു ചീഫ് പെറ്റി ഓഫീസർ കൂടിയായിരുന്നു ഉണ്ണി നായർ.
തനിച്ചിരുന്ന് മദ്യപിക്കുന്ന സന്ദർഭങ്ങൾ അയാളെസ്സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തെ മുഖാമുഖം കാണുന്ന വേളകൾ കൂടിയായിരുന്നു.അതു കൊണ്ടു തന്നെ ജീവിതത്തെ ലഘുചിത്തതയോടെ കാണാൻ ഉപകരിക്കുന്ന ഏതെങ്കിലും പുസ്തകം ഷെൽഫിൽ നിന്ന് തപ്പിയെടുത്ത് വായിച്ചു കൊണ്ടിരിക്കുന്നത് അത്തരം സന്ദർഭങ്ങളിൽ അയാളുടെ ഒരു ശീലമായിരുന്നു.
കോളിങ്ങ് ബെല്ലടിച്ചത് ഉച്ചഭക്ഷണവുമായി വന്ന ഡെലിവറി ബോയ് ആയിരിക്കും എന്ന ബോധ്യത്തിലായിരുന്നു ഉണ്ണി നായർ വാതിൽ തുറന്നത്. പക്ഷേ ഉണ്ണി നായരെ കാത്തു നിന്നത് പട്ടണത്തിലെ ആ ഫ്ലാറ്റിൽ അയാൾ തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥിയായിരുന്നു.
 
രണ്ട്
——-
ഉണ്ണി നായരുടെ ജന്മനാടായ പെരുംതുറയിൽ നിന്ന് മൂന്നു ബസ്സുകൾ മാറിക്കയറി എൺപതു കിലോമീറ്റർ യാത്ര ചെയ്തു വന്ന അയ്യപ്പൻ എന്ന ബ്രോക്കർ ആയിരുന്നു ആ അതിഥി. കണ്ടിട്ട് വർഷങ്ങളായെങ്കിലും അയ്യപ്പനെ തിരിച്ചറിയാൻ ഉണ്ണി നായർക്ക് ബുദ്ധിമുട്ടുണ്ടായില്ല. അയ്യപ്പന്റെ സവിശേഷമായ രൂപമായിരുന്നു അതിന് കാരണം. മീശയില്ലാത്ത മുഖവും തോളറ്റം നീട്ടി വളർത്തിയ മുടിയും ഇരു കാതുകളിലെയും ചുവന്ന കടുക്കനും. മുടിയിൽ ഇപ്പോൾ നര കയറിയിട്ടുണ്ടെന്നു മാത്രം.
” അയ്യപ്പൻ വരൂ ” ഉണ്ണി നായർ അയാളെ അകത്തേയ്ക്കു ക്ഷണിച്ചു.
“അസാധ്യ വെയിൽ, “
സോഫയിലിരുന്ന അയ്യപ്പൻ ജൂബയുടെ കുടുക്കഴിച്ച് രണ്ടു വട്ടം അകത്തേയ്ക്ക് ഊതിയിട്ടു പറഞ്ഞു.
ഉണ്ണി നായർ ബാൽക്കണിയുടെ കർട്ടൻ നീക്കി പുറത്തേയ്ക്കു നോക്കി. ഒൻപതാം നിലയിൽ നിന്നുള്ള കാഴ്ചയിൽ,തെങ്ങിൻ തലപ്പുകൾ അവസാനിക്കുന്നിടത്ത്,കടൽ ഞൊറിവുകൾ വീണ ഒരു വെള്ളിത്തകിടു പോലെ തിളങ്ങുന്നു.
അയ്യപ്പന്റെ മുഖം യാത്രയുടെ മുഷിവ് പടർന്ന് മങ്ങിപ്പോയിരുന്നു.അയാളുടെ കണ്ണുകളിൽ പക്ഷേ ഒരു ബ്രോക്കറുടെ നിതാന്ത ജാഗ്രത ഉണർന്നിരിക്കുന്നത് കാണാമായിരുന്നു.
ഒരു ലാർജ് റമ്മിൽ തണുത്ത വെള്ളമൊഴിച്ച്, ഐസ് ക്യൂബുകളിട്ട് ഉണ്ണി നായർ അയ്യപ്പനു നീട്ടി.
“ചിയേഴ്സ്” ഉണ്ണി നായർ പറഞ്ഞു.
തുടർന്ന് മൊബൈൽ ഫോൺ തുറന്ന് സ്വിഗ്ഗിയിൽ ഒരു ലഞ്ചിനു കൂടി അയാൾ ഓർഡർ നൽകി.
ആ രീതിയിൽ ഒരു സൽക്കാരം അയ്യപ്പൻ പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ഒരു സങ്കോചം അയാളുടെ ശരീരഭാഷയിൽ പ്രകടമാകുന്നത് ഉണ്ണി നായർ ശ്രദ്ധിച്ചു.
മുന്നിൽ വരുന്നവരോട് സമഭാവനയോടെ പെരുമാറുക എന്നത് ഉണ്ണി നായരുടെ ഒരു രീതിയായിരുന്നു.അങ്ങനെ പെരുമാറുമ്പോൾ ത്തന്നെ തന്റെ സ്ഥാനം അവരെ കൃത്യമായി ബോധ്യപ്പെടുത്താനുള്ള ഒരു കഴിവും അയാൾക്ക് ഉണ്ടായിരുന്നു.
“അയ്യപ്പൻ വന്ന കാര്യം പറഞ്ഞില്ല,”ഉണ്ണി നായർ നേരിട്ട് കാര്യത്തിലേക്കു കടന്നു.
” പറയാം, ഉണ്ണിക്കുഞ്ഞേ.” അയ്യപ്പൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി.
” ചുരുക്കി വേണം”, ഉണ്ണി നായർ ചിരിച്ചു, “നേരം വെളുത്താലും അവസാന രംഗമെത്താത്ത ആശാന്റെ പഴയ ബാലെ പോലെയാകരുത്.”
ബ്രോക്കർ ആകുന്നതിനു മുമ്പ് താൻ ഒരു ബാലെ നടനും സംവിധായകനുമായിരുന്ന കാലം അയ്യപ്പൻ പോലും മറന്നു തുടങ്ങിയിരുന്നു; ആശാൻ എന്ന ഒരു വിളിപ്പേരുണ്ടായിരുന്ന കാര്യവും.ഉണ്ണി നായർ അതൊക്കെ ഇപ്പൊഴും ഓർത്തുവെച്ചിരിക്കുന്നതിൽ അയ്യപ്പന് അദ്ഭുതം തോന്നി.
 
മൂന്ന്
——–
പത്തൊമ്പതാം വയസ്സിൽ ജോലി കിട്ടി തീവണ്ടി കയറിയതോടെ ഉണ്ണി നായർക്ക് നാടുമായുള്ള ബന്ധം അറ്റതാണ്. നേവിയിലെ ട്രെയിനിങ് കാലം കഴിഞ്ഞതോടെ അയാൾ അച്ഛനെയും അമ്മയെയും കൂടെക്കൂട്ടി. അച്ഛന്റെ കച്ചവടം പൊളിഞ്ഞ് കടം കയറി വീട് വിറ്റുപോയിരുന്നതിനാൽ ഉപേക്ഷിച്ചു പോകാൻ ഒന്നുമുണ്ടായിരുന്നില്ല, വാടക വീടല്ലാതെ.
അതോടെ തിരിച്ചു വരാൻ പ്രേരിപ്പിക്കുന്ന
ബാധ്യതകളൊന്നും അയാൾക്ക് നാട്ടിൽ ബാക്കിയില്ലാതായി.ആദ്യം കൊൽക്കത്തയിൽ ഹൂബ്ലിയുടെ കരയിൽ അച്ഛനാണ് ചാരമായത്.പിന്നീട് വിശാഖപട്ടണത്തെ സീതമ്മധാര ശ്മശാനത്തിൽ അമ്മയും. അതോടെ തന്റെ വേരുകളെല്ലാം അറ്റതായി അയാൾക്കു തോന്നി.ഇതിനിടെ അയാൾ വിവാഹിതനും രണ്ടു പെണ്മക്കളുടെ അച്ഛനുമായി കഴിഞ്ഞിരുന്നു.
“ഉണ്ണിക്കുഞ്ഞ് നാട്ടിലേയ്ക്കൊന്നും വരാറില്ലെങ്കിലും കാര്യങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.ജോലിയിൽ നിന്നെല്ലാം പിരിഞ്ഞ് ഇവിടെ സ്ഥിര താമസമാക്കിയത്, പെണ്മക്കളുടെ രണ്ടിന്റെയും കല്യാണം കഴിഞ്ഞത്… പിന്നെ…. ” അയ്യപ്പൻ പറഞ്ഞു.
” പിന്നെ….?” ഉണ്ണി നായർ ചോദിച്ചു.
രണ്ടാമത്തെ ഗ്ലാസ്സും ഒറ്റ വലിക്ക് കാലിയാക്കിയിട്ട് അയ്യപ്പൻ പറഞ്ഞു, ”ഉണ്ണിക്കുഞ്ഞ് ഭാര്യയുമായുള്ള ബന്ധം വേർപിരിഞ്ഞത്. ”
ഉണ്ണി നായർ അയ്യപ്പനെ സാകൂതം നോക്കി.
“ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും,” അയ്യപ്പൻ തുടർന്നു, ” ഏതു കാര്യവും മറ്റാരെക്കാളും മുമ്പ് അറിയുന്നത് ഞങ്ങൾ ബ്രോക്കർമാരായിരിക്കും. അത് ഞങ്ങളുടെ തൊഴിലിന് അവശ്യം വേണ്ട ഒരു സിദ്ധിയാണെന്നും കൂട്ടിക്കോ.”
” അയ്യപ്പൻ ഇനിയും വന്ന കാര്യം പറഞ്ഞില്ല.” ഉണ്ണി നായർ പറഞ്ഞു.
അയ്യപ്പൻ അതിന് മറുപടി പറഞ്ഞില്ല.
“ഈ പ്രായത്തിൽ വേർപിരിയാൻ നിങ്ങൾ കാണിച്ച ധൈര്യം, ” അയ്യപ്പൻ
പറഞ്ഞു, ” അതു സമ്മതിക്കണം”.
“അത് ധൈര്യമല്ല അയ്യപ്പൻ, ” ഉണ്ണി നായർ പറഞ്ഞു, ”സത്യസന്ധതയാണ്.
നിങ്ങൾ ഇത്രനാളും ഉമ്മ വെച്ചത് എന്റെ ചുണ്ടുകളെ മാത്രമായിരുന്നു,ആത്മാവിനെയായിരുന്നില്ല എന്ന് ഭാര്യ നമ്മളോടു പറഞ്ഞാൽ അതു മുഖവിലയ്ക്കെടുക്കണം.സത്യം കണ്ടറിയാൻ സ്ത്രീയോളം വരില്ല പുരുഷൻ.”
 
നാല്
——-
“ഒരാൾ എന്തെങ്കിലുമൊന്ന് വിൽക്കാൻ അല്ലെങ്കിൽ വാങ്ങാൻ തീരുമാനിക്കുന്നത് മറ്റാരെക്കാളും മുമ്പ് അറിയുന്നവനാണ് ഒരു ബ്രോക്കർ ”, അയ്യപ്പൻ പറഞ്ഞു, ”പക്ഷേ അതു മാത്രം പോര . എന്തെങ്കിലും വാങ്ങുകയോ വില്ക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യം ഒരാൾക്കുണ്ടോ എന്ന് അയാളേക്കാൾ മുമ്പ്
തിരിച്ചറിയാൻ കൂടി കഴിയണം.”
അയ്യപ്പനും ഉണ്ണി നായരും തങ്ങളുടെ മൂന്നാമത്തെ ലാർജിലേയ്ക്കു കടന്നിരുന്നു.
“ഉണ്ണിക്കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ വീടും പറമ്പും വിറ്റത് മലഞ്ചരക്കു കച്ചവടം നടത്തിയിരുന്ന ഔസേപ്പു മാപ്പിളയ്ക്കായിരുന്നല്ലോ . ഔസേപ്പു മാപ്പിള മരിച്ചിട്ട് കുറെയായി.അങ്ങേരുടെ മൂത്ത മകനുണ്ടായിരുന്നല്ലോ, മാത്യു … മാത്യു ഔസേഫ്.ഉണ്ണിക്കുഞ്ഞിന് ഓർമ്മ കാണും അയാളെ .മാത്യുവാണ് ഇപ്പൊഴത്തെ അതിന്റെ ഉടമ. വർഷങ്ങളായി അയാൾ അമേരിക്കയിലാണ്. ഇപ്പോൾ നാട്ടിലുണ്ട്. മാത്യു ഇപ്പോൾ ആ വീടും പറമ്പും വില്ക്കാൻ തീരുമാനിച്ചിരിക്കുന്നു. രണ്ടു കണ്ടീഷനേയുള്ളു അയാൾക്ക് . ന്യായമായ വില കിട്ടണം. അയാൾ തിരിച്ചു പോകുന്നതിനു മുമ്പ്, അതായത് ഒരു മാസത്തിനകം തീറാധാരം നടക്കണം,” അയ്യപ്പൻ പറഞ്ഞു.
” അപ്പോൾ ഈ കച്ചവടവുമായിട്ടാണ് അയ്യപ്പന്റെ വരവ് ,”ഉണ്ണി നായർ പറഞ്ഞു.
“വീടൊക്കെ ഇപ്പഴും പഴയപടി തന്നെയുണ്ട് “, അയ്യപ്പൻ പറഞ്ഞു, “ചിതലു കാരണം മോന്തായം മാത്രം തടി മാറ്റി ജി.ഐ പൈപ്പാക്കി.മോളിലിപ്പൊഴും ഓടുതന്നെ. ഉണ്ണിക്കുഞ്ഞിന് വാങ്ങാൻ ആഗ്രഹമുണ്ടെന്നറിഞ്ഞാൽ മാത്യു മോഹവില ചോദിച്ചേക്കാം . അക്കാര്യം കുഞ്ഞ് എനിക്കു വിട്ടേക്ക്. അതിനു ഞാൻ തടയിട്ടോളാം.”
“നാട്, വിറ്റുപോയ പഴയ വീട്…….അത്തരം ഒട്ടിപ്പിടുത്തങ്ങളൊക്കെ അഴിഞ്ഞു പോയിട്ട് കാലം കുറെയായി, ” ഉണ്ണി നായർ
പറഞ്ഞു, “അയ്യപ്പൻ കച്ചവടത്തിന് വേറെ ആളെ നോക്ക്.”
“കുഞ്ഞിന്റെ ഇഷ്ടം,” അയ്യപ്പൻ പറഞ്ഞു, “ഇങ്ങനെയൊന്ന് ഒത്തു വന്നപ്പോൾ അറിയിക്കേണ്ടത് എന്റെ കടമയാണെന്നു തോന്നി, അത്രമാത്രം.”
സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ഇതിനകം ഭക്ഷണം എത്തിച്ചിരുന്നു.ഉണ്ണി നായർ ഭക്ഷണം വിളമ്പാനുള്ള വട്ടം കൂട്ടി.
അയ്യപ്പന്റെ മുഖം ചിന്താഭരിതമായിരിക്കുന്നത് ഉണ്ണി നായർ ശ്രദ്ധിച്ചു.
“ഉണ്ണിക്കുഞ്ഞിനോട് ഒരു കാര്യം കൂടി പറയാതിരിക്കുന്നത് ശരിയല്ല, “അയ്യപ്പൻ പറഞ്ഞു, “നിങ്ങളുടെ കിഴക്കേ അയല്പക്കം ഉണ്ണിക്കുഞ്ഞ് മറന്നിട്ടുണ്ടാകാൻ വഴിയില്ല.താഴത്തെ തൊടീലെ ശിവരാമൻ നായരുടെ വീട്.ശിവരാമൻ നായരുടെ മകൾ ലളിതയും ഉണ്ണിക്കുഞ്ഞും തമ്മിലുള്ള അടുപ്പം ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു.
ശിവരാമൻ നായരും ഭാര്യ സുമതിയമ്മയും ഇന്നില്ല.ലളിതയുടെ വിവാഹം കഴിഞ്ഞ് അധികം വൈകാതെ രണ്ടു പേരും മരിച്ചു.
വർഷങ്ങളോളം ആ വീട് അടച്ചു പൂട്ടി കിടപ്പായിരുന്നു. ഇപ്പോൾ അവിടെ ഒരു താമസക്കാരി വന്നിട്ടുണ്ട്. അത് മറ്റാരുമല്ല,ലളിത യാണ് .ലളിതയുടെയും ഉണ്ണിക്കുഞ്ഞിന്റെയും ജീവിതങ്ങൾ തമ്മിൽ ഇപ്പോൾ ഒരു സാമ്യവുമുണ്ട്. ലളിതയും വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്കാണ്. പണ്ടത്തെ ആ അഴകിനു മാത്രം ഇപ്പൊഴും ഒരു കുറവുമില്ല.”
 
അഞ്ച്
———-
കൂവളവും അതിന്മേൽ പടർന്ന മുല്ലയുമുണ്ടായിരുന്ന തന്റെ വീട്ടുമുറ്റം ഉണ്ണി നായർക്ക് അപ്പോൾ ഓർമ്മ വന്നു.
നേരം പുലരുമ്പോൾ മുല്ലപ്പൂക്കൾ വെളുത്ത നക്ഷത്രങ്ങളെപ്പോലെ മുറ്റമാകെ ചിതറിക്കിടക്കുമായിരുന്നു.
മുറ്റം തീരുന്നിടമായിരുന്നു ഉണ്ണി നായരുടെ അതിര്. അവിടെ നിന്ന് താഴേയ്ക്ക് ഒതുക്കു കല്ലുകൾ. താഴത്തെ വീട് ലളിതയുടേതായിരുന്നു. അതിനപ്പുറം പാടമായിരുന്നു. നോക്കിയാലും നോക്കിയാലും തീരാത്ത പാടം. വൈകുന്നേരം ആ ഒതുക്കു കല്ലുകൾ ഇറങ്ങി അവളുടെ പറമ്പും വീട്ടുമുറ്റവും മുറിച്ചുകടന്നിട്ടാണ് പാടത്തിന്റെ കരയിൽ കാറ്റു കൊള്ളാനെന്ന മട്ടിൽ ഉണ്ണി നായർ പോയിരുന്നത്.
ഒരു ദിവസം ലളിതയുടെ അച്ഛൻ ശിവരാമൻ നായർ ഉണ്ണി നായരെ തടഞ്ഞു.
“വിളവിറക്കിയിരിക്കുന്നതിന്റെ ഇടയിൽക്കൂടിയാണോടാ നിന്റെ നടപ്പ്? ഇത് പൊതു വഴിയില്ലെന്ന കാര്യം നിനക്ക് അറിയാൻ മേലേ?”
ചേനയും ചേമ്പും കാച്ചിലുമെല്ലാം സമൃദ്ധമായി വിളഞ്ഞു നിന്ന പറമ്പായിരുന്നു ശിവരാമൻ നായരുടേത്.
ന്യായം ശിവരാമൻ നായരുടെ ഭാഗത്തായിരുന്നുവെങ്കിലും പൊടിമീശക്കാരനായ ഉണ്ണി നായർ വിട്ടുകൊടുത്തില്ല.
“കൂടുതൽ വിളവിറക്കരുത്.അതാ എനിക്കും പറയാനുള്ളത്. ” ഉണ്ണി നായർ അയാളോടു പറഞ്ഞു.
ഒതുക്കു കല്ലുകൾ കയറി ഉണ്ണി നായരുടെ
വീട്ടുമുറ്റം മുറിച്ചു കടന്നാണ് ലളിത എന്നും രാവിലെ അമ്പലത്തിൽ പോയിരുന്നത്. പോകുന്ന വഴി കൂവളത്തിന്മേൽ പടർന്ന മുല്ലയിൽ നിന്ന് പൂവിറുത്ത് മുടിയിൽ ചൂടും .ലളിത അമ്പലത്തിൽ പോകുന്ന സമയം നോക്കിയാണ് ഉണ്ണി നായരുടെ മുല്ല പൂവിട്ടിരുന്നതു തന്നെ.
ഇരുമ്പു കൂട്ടിലിട്ട് ഉണ്ണി നായർ കൈസർ എന്നു പേരുള്ള ഒരു പട്ടിയെ വളർത്തിയിരുന്നു. അക്കാലം ഒരു പട്ടിക്കു നൽകാൻ കഴിയുന്ന പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു അത്. ഏകാകികളായ പിള്ളേർ അന്ന് അങ്ങനെയൊക്കെയായിരുന്നു. എന്തെങ്കിലുമൊന്നിനെ അരുമയായി വളർത്തുമായിരുന്നു. പട്ടിയെ,കവളം കാളിയെ, തത്തയെ ,പൂച്ചയെ… എന്തിന്, പരുന്തിനെ വളർത്തുന്നവർ വരെ ഉണ്ടായിരുന്നു.
കൈസർ ഉണ്ണി നായർക്കു വേണ്ടി എന്തും ചെയ്യുമായിരുന്നു. ഒരു രാത്രി ഉണ്ണി നായർ കൈസറിനോടു പറഞ്ഞു, “നാളെ വെളുപ്പിന് നിന്റെ ഇരുമ്പു കൂടിന്റെ വാതിൽ ഞാൻ തുറന്നിട്ടിരിക്കും. ലളിത അമ്പലത്തിൽ പോകുന്ന സമയം നിനക്ക് അറിയാമല്ലോ. ഒരു പരിചയവും ഭാവിക്കരുത്. പേടിപ്പിക്കുന്ന നാലു കുര, കാലിൽ ഒരു ചെറിയ കടി. ഒന്നു ചോര പൊടിയണം.അത്രയേ വേണ്ടു.”
ശേഷം ഉണ്ണി നായർ തന്റെ ഹീറോ ഫുൾ സൈക്കിൾ കാറ്റുനിറച്ച്, എണ്ണയിട്ടു വെച്ചു.
എന്നിട്ട് ലളിതയെ പുറകിലിരുത്തി നാലു കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടുന്നത് സ്വപനം കണ്ടു കൊണ്ട് ഉറങ്ങാൻ കിടന്നു.
പിറ്റെന്നു പുലർച്ചെ കൈസറിന്റെ കുരയും തുടർന്ന് ചോര പൊടിയുന്ന തന്റെ കാലിലേക്കു നോക്കിക്കൊണ്ടുള്ള ലളിതയുടെ കരച്ചിലും പ്രതീക്ഷിച്ച് ഉണ്ണി നായർ ഉറക്കമുണർന്നു കിടന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. രാവിലെ കുളിച്ചൊരുങ്ങിയുള്ള ലളിതയുടെ അമ്പലത്തിൽ പോക്കിന് ശിവരാമൻ നായർ അന്നു മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഉണ്ണി നായർ ഭക്ഷണത്തിനു മുമ്പ് രണ്ടു ഗ്ലാസ്സുകളിലും ഓരോ ലാർജ് കൂടി വീഴ്ത്തി.
“എനിക്ക് ഒരേയൊരു കാര്യം
അറിഞ്ഞാൽ മതി,” ഉണ്ണി നായർ അയ്യപ്പനോടു പറഞ്ഞു, ”മുറ്റത്ത് ആ കൂവളവും അതിന്മേൽ പടർന്ന മുല്ലയും ഇപ്പൊഴുമുണ്ടോ?”
“ഉണ്ടോന്നോ ,” അയ്യപ്പൻ പറഞ്ഞു, “ഇപ്പൊഴും നല്ല തഴച്ചു പന്തലിച്ചു നില്ക്കുന്നു. “
 
ആറ്
——–
തീറാധാരം നടന്നു കഴിഞ്ഞ് ഉണ്ണി നായർ തന്റെ പഴയ വീട്ടിൽ ആദ്യമായി താമസിക്കാനെത്തിയത് ഒരു സന്ധ്യയ്ക്കായിരുന്നു. കൂവളത്തിന്റെയും മുല്ലയുടെയും കാര്യം അയ്യപ്പൻ ഇത്തിരി കൂട്ടി പറഞ്ഞതായിരുന്നുവെന്ന് ഉണ്ണി നായർക്കു മനസ്സിലായി.
മുറ്റത്ത് കൂവളവും മുല്ലയുമുണ്ട് എന്നത് നേരു തന്നെ.പക്ഷേ വാർധക്യം ബാധിച്ച്, മുരടിച്ചാണ് നില്പ്.പരിപാലനത്തിന്റെ കുറവ് ഒറ്റ നോട്ടത്തിൽ വെളിപ്പെടുന്നുണ്ട്. മുല്ല അതിന്റെ സഹജവാസന കൊണ്ട് അവിടവിടെ പൂവിട്ടിട്ടുണ്ടെന്നു മാത്രം.
ഉണ്ണി നായർ പറഞ്ഞേല്പിച്ച മറ്റു കാര്യങ്ങളും അയ്യപ്പൻ ഏർപ്പാടാക്കായിട്ടുണ്ടായിരുന്നു. ഹീറോയുടെ ഒരു പുതുപുത്തൻ ഫുൾ സൈക്കിൾ, കഷ്ടിച്ച് ഒരു വയസ്സു പ്രായം വരുന്ന കൈസർ എന്നു പേരിട്ട ലാബ്രഡോർ ഇനത്തിൽ പെട്ട വെളുത്ത നിറമുള്ള ഒരു നായ,അതിനു കിടക്കാൻ പറ്റിയ ഒരു ഇരുമ്പു കൂട് എന്നിവയായിരുന്നു അത് .ഇരുമ്പുകൂട്ടിൽ കിടന്ന കൈസർ ഉണ്ണി നായർ അടുത്തു ചെന്ന പാടെ എഴുന്നേറ്റു നിന്നു .കണ്ണുകളിൽ തിളക്കം നിറച്ചു കൊണ്ട് വാലാട്ടി.
“തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കുമല്ലോ അല്ലേ?”ഉണ്ണി നായർ അയ്യപ്പനോടു ചോദിച്ചു.
” സംശയമെന്ത്. “അയ്യപ്പൻ പറഞ്ഞു, “നാളെ രാവിലെ ആറു മണി എന്നൊരു സമയമുണ്ടെങ്കിൽ ലളിത ഈ മുറ്റം വഴി അമ്പലത്തിലേയ്ക്കു പോകും. മുല്ലയിൽ നിന്ന് പൂവിറുക്കാൻ വേണ്ടി ഒരു നിമിഷം നില്ക്കുമ്പോൾ എന്താണു ചെയ്യേണ്ടതെന്ന് കൈസറിന് അറിയാം. അവന് അതിനുള്ള ട്രെയിനിങ് ഒക്കെ നല്കിയിട്ടുണ്ട്. “
ഇരുട്ടു വീണിരുന്നു.
തന്റെ മുറ്റം തീരുന്നതിനപ്പുറമുള്ള താഴത്തെ തൊടിയിലെ ലളിതയുടെ വീട്ടിലേയ്ക്കു നോക്കി ഉണ്ണി നായർ നിന്നു.
ലളിതയുടെ വീടിനുള്ളിൽ വെളിച്ചമൊന്നും കണ്ടില്ല.വീടിനു പിന്നിൽ ഒരു ബൾബ് മങ്ങി പ്രകാശിക്കുന്നുണ്ട്.
“കണ്ടാൽ ആൾത്താമസമുണ്ടെന്നു പറയില്ല.” ഉണ്ണി നായർ പറഞ്ഞു.
“സന്ധ്യയ്ക്കുള്ള അടിച്ചു തളി കൂടി കഴിഞ്ഞാൽ ഒരു വേലക്കാരിയുള്ളതു പോകും”, അയ്യപ്പൻ പറഞ്ഞു, ” അതോടെ ലളിത അകത്തു കയറി അടച്ചു പൂട്ടി കുറ്റിയിടും. അല്ല, ഒറ്റയ്ക്കു താമസിക്കുമ്പോൾ അതിൽ തെറ്റുപറയാനും പറ്റില്ല.”
അന്നു രാത്രി തന്റെ പഴയ വീട്ടിൽ പിറ്റെന്നത്തെ പ്രഭാതം എത്തിച്ചേരുന്നതും കാത്ത് പൊടിമീശക്കാരനായ ഒരു കുമാരന്റെ നെഞ്ചിടിപ്പോടെ ഉണ്ണി നായർ ഉറങ്ങാതെ കിടന്നു.
Print Friendly, PDF & Email

About the author

സി. സന്തോഷ് കുമാർ

സി.സന്തോഷ് കുമാർ, കോട്ടയം സ്വദേശി
C & AG of India യിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ