Uncategorized കഥ

ക്വാറന്റൈൻ



ഇപ്പോൾ എല്ലാവരും അവളെപ്പോലെയായി.
ഒറ്റപ്പെട്ട്,
അവിടെയും ഇവിടെയും അറ്റു കിടക്കുന്നു.
തമ്മിൽ കാണാനും സ്നേഹിക്കാനും വയ്യാതെ.
അതോർത്തപ്പോൾ അവളുടെ മനസ്സിൽ നിഗൂഢമായ ആനന്ദം.
കുറച്ചു കാലത്തേക്ക് എല്ലാവരും അവളെ പ്പോലെ ജീവിക്കട്ടെ.
ജീവിച്ചറിയട്ടെ.
അവളുടെ ജീവിതവും
വിവാഹ ശേഷം അവളുടെ സൗഹൃദങ്ങളെ ആദ്യമാദ്യം വിശ്വസനീയമായതും പോകെ പോകെ ഹാസ്യജനകമായതും ആയ കാരണങ്ങൾ പറഞ്ഞു അറുക്കാൻ അവൻ ശ്രമിച്ചത്.
അതിശയോക്തി കലർത്തി, നിസ്സാരമായ പ്രശ്നങ്ങളെ പെരുപ്പിച്ചു കാട്ടി, അവളുടെ കുടുംബബന്ധങ്ങളെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചത്.
ആ ജീവിതം എല്ലാവരും അറിയണം.
വഴിയെ വഴിയെ അവൾ മനസ്സിലും ശരീരത്തിലും ആഘാതങ്ങൾ പ്രതിരോധിക്കാനുള്ള യന്ത്രം ഘടിപ്പിച്ചു.
യന്ത്രത്തിന്റെ ഊക്ക് സാഹചര്യത്തിന് അനുസരിച്ചു കൂട്ടാനും കുറയ്ക്കാനും പഠിച്ചു.
ഇപ്പോൾ ഒറ്റപ്പെട്ടത് അവളെപ്പോലെ എല്ലാരുമായി.
സുഹൃത്തുക്കളുടെ കൂടിച്ചേരലുകളും ആഘോഷങ്ങളും കണ്ടു ഹൃദയം നുറുങ്ങേണ്ട.
മറ്റു കുടുംബങ്ങളുടെ സ്നേഹത്തിന്റെ ലഹരിയും ഓമനത്തത്തിന്റെ മാർദവവും അറിഞ്ഞു പൊട്ടിക്കരയേണ്ട.
ഒറ്റപ്പെട്ടത് ഇപ്പോൾ അവളെ പോലെ എല്ലാവരുമായി.
അവൾക്കു അനേകായിരം, ലക്ഷോപലക്ഷം കൂട്ടായി, ലോകം മുഴുവൻ, പ്രപഞ്ചം മുഴുവൻ.
സമയത്തെയും കാലത്തെയും ആപേക്ഷികമായ ദൂരവിദൂരങ്ങളെയും ചരിത്രത്തെയും അടർത്തിയെടുത്തു
കൈക്കുമ്പിളിൽ കൂട്ടിയടച്ചു അവൾ മൗനനൃത്തമാടി.
ഈ മഹാമാരി അവസാനിക്കുന്നത് വരെ സോഷ്യൽ മീഡിയയിൽ ചിരിക്കുന്ന പടങ്ങൾ ഇട്ട് സന്തുഷ്ട കുടുംബം എന്ന കളി മനസ്സർപ്പിച്ചു കളിച്ചാൽ മതി.
അതവൾ പൂർണ്ണ വൈദഗ്ധ്യം നേടിയ കലയാണ്, അനേകം വർഷങ്ങളുടെ അനുഭവസമ്പത്തുണ്ട്.
കല്യാണശേഷം അവൾ അനുഭവിച്ച ക്വാറന്റൈൻ ഇപ്പോൾ ലോകം മുഴുവൻ അനുഭവിക്കട്ടെ.
മഹാമാരിയുടെ അവസാനം വരെ നിഗൂഢമായ ആനന്ദത്തിൽ അവൾ അർമാദിക്കട്ടെ.
അവളുടെ ആജീവനാന്ത  ക്വാറന്റൈൻ ലോകം മുഴുവൻ അറിയട്ടെ. .
 
Print Friendly, PDF & Email