CINEMA EDITORIAL

ഇർഫാൻ : അതിരുകളെ മായ്ച്ച കലാകാരൻ 

“ഏറ്റവും മനോഹരമായ ഒരു തീവണ്ടി യാത്രയ്ക്കിടെയാണ് ടി ടി ഇ എന്നെ തട്ടിവിളിച്ചത്. നിങ്ങൾക്ക് ഇറങ്ങാനായെന്നു ഓർമ പെടുത്തി. ഞാൻ തർക്കിച്ചിട്ടും അയാൾ സമ്മതിച്ചില്ല. ജീവിതം ചിലപ്പോൾ അങ്ങനെ ഒക്കെ ആണ്.”

ഇർഫാൻ ഖാൻ അടിമുടി ഒരു നടൻ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ വാർപ്പ് സങ്കൽപ്പങ്ങൾ കൊണ്ട് അയാളെ അളക്കാൻ ആവില്ല. പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ഓർക്കാനായി എന്തെങ്കിലും അയാൾ ബാക്കി വെച്ചിരുന്നു. വ്യക്തിജീവിതത്തിലെ അന്തര്മുഖത്വം സിനിമയിൽ കണ്ടെടുക്കുക പ്രയാസം. ഇന്ത്യൻ സിനിമയെ ലോകസിനിമയുമായി ബന്ധിപ്പിച്ച അപൂർവ പ്രതിഭ വിടവാങ്ങി. പക്ഷേ പല ഓർമകളും ബാക്കി നിൽക്കുന്നുണ്ട്.
1967 ൽ രാജസ്ഥാനിലെ ജയ്‌പൂരിൽ ആയിരുന്നു ഇർഫാന്റെ ജനനം. പരമ്പരാഗത മുസ്ലിം കുടുംബത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് തന്നെയായിരുന്നു ആ ചെറുപ്പക്കാരൻ വളർന്നത്. പിതാവ് യാസിൻ അലിഖാൻ അതി സമ്പന്നൻ ഒന്നുമായിരുന്നില്ല. ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബത്തെ പുലർത്തുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം അനായാസമായിരുന്നില്ല താനും. എന്നിട്ടും മക്കളെ സ്വപ്‌നങ്ങൾ കാണുന്നതിൽ നിന്നും അയാൾ തടഞ്ഞതേയില്ല. അവരെ സ്വതന്ത്രമായി ചിന്തിക്കാനും സഞ്ചരിക്കാനും ആ പിതാവ് നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

ഇർഫാൻ ഖാൻ അടിമുടി ഒരു നടൻ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ വാർപ്പ് സങ്കൽപ്പങ്ങൾ കൊണ്ട് അയാളെ അളക്കാൻ ആവില്ല. പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ഓർക്കാനായി എന്തെങ്കിലും അയാൾ ബാക്കി വെച്ചിരുന്നുക്രിക്കറ്റിൽ ആയിരുന്നു ഇർഫാന്റെ പ്രഥമ കമ്പം. കൂട്ടുകാരൻ ആയ സതീഷ് ശർമയോടൊപ്പം അയാൾ ക്രിക്കറ്റിൽ ഉയരങ്ങൾ കീഴടക്കി കൊണ്ടേയിരുന്നു. സി കെ നായിഡു ട്രോഫിക്കുള്ള രാജസ്ഥാൻ ടീമിൽ വരെ ആ യാത്ര എത്തി നിന്നു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കുള്ള വാതിലുകളിൽ ഒന്നാണ് സി കെ നായിഡു ട്രോഫി എന്നോർക്കണം. എന്നാൽ ദാരിദ്ര്യം ആ ചെറുപ്പക്കാരനെ ആ ഉദ്യമത്തിൽ നിന്ന് പിന്നോട്ട് വലിച്ചു. അയാൾ ടീമിനൊപ്പം ചേർന്നില്ല. കളിയോടൊപ്പം തീയറ്റർ മോഹങ്ങളും കൊണ്ട് നടന്ന ഇർഫാൻ 1984 ൽ ഡൽഹിയിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. നാസിരുദ്ധിൻ സിദ്ധിഖി, പങ്കജ് ത്രിപാഠി തുടങ്ങിയവർ അദ്ദഹത്തിന്റെ സഹപാഠികൾ ആയിരുന്നു. സ്കോളർഷിപ്പോടെയായിരുന്നു പഠനം.
പഠനം പൂർത്തിയായതിനു ശേഷമുള്ള നാലു വർഷങ്ങളിൽ ടെലിവിഷൻ സീരിയലുകൾ ആയിരുന്നു അയാളുടെ ലോകം. 1985 ലെ ശ്രീകാന്ത് എന്ന പരമ്പരയിൽ തുടങ്ങിയ ആ പ്രയാണം സിനിമയിൽ താരമായപ്പോഴും തുടർന്നു. ലാൽ ഖാബ് പർ നീലെ ഖോട്ടെ എന്ന പരമ്പരയിലെ ലെനിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ചാണക്യ, ഡോൺ, ടോക്കിയോ ട്രയൽ പോലെ അനേകം പരമ്പരകൾ. അതിനിടയിൽ ഇടയ്ക്കിടെ നാടകങ്ങളും. പക്ഷേ സിനിമ എന്നത് തന്നെയായിരുന്നു മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ ഇർഫാന്റെയും സ്വപ്നം.

1988 ൽ ആണ് സിനിമയിലെ അരങ്ങേറ്റം നടക്കുന്നത്. മീരാ നായരുടെ വിഖ്യാത സിനിമ സലാം ബോംബെയിലായിരുന്നു തുടക്കം. സിനിമ ഓസ്കാർ നോമിനേഷൻ അടക്കം നേടിയെങ്കിലും ഇർഫാന് നിരാശയായിരുന്നു ബാക്കി. ആദ്യം മീരാ നായർ സിനിമയിലെ മുഴുനീള കഥാപാത്രമായ സലീമിന്റെ വേഷമായിരുന്നു ഇർഫാന് വാഗ്ദാനം ചെയ്തത്. എന്നാൽ പിന്നീട് അത്‌ മാറ്റി ഒരു കാമിയോ റോളിലേക്ക് ഇർഫാനെ ചുരുക്കി. പക്ഷേ ഇർഫാന്റെ പ്രതിഭ ആ ചെറുവേഷത്തിൽ തന്നെ മീരാ നായർക്ക് ബോധ്യപ്പെട്ടത് കൊണ്ടാവണം, പിൽക്കാലത്തു ഇർഫാന് ബ്രേക്ക്‌ ത്രൂ നൽകിയ രണ്ട് ചിത്രങ്ങൾ മീരാ ഇർഫാന് നൽകി. 2007 ലെ ദി നെയിം സെയ്ക്കും 2008 ലെ ഹ്രസ്വ ചിത്രമായ ന്യൂ യോർക്ക് ലവും. രണ്ടും വലിയ തോതിലുള്ള നിരൂപക പ്രശംസ നേടി.

2001 ലാണ് ഇർഫാന്റെ ആദ്യ ഇംഗ്ലീഷ് സിനിമ വരുന്നത്. ആസിഫ് കപാഡിയയുടെ ദി വാരിയർ ആയിരുന്നു ആ സിനിമ. 2005 ലാണ് ബോളിവുഡിൽ ഒരു മുഖ്യവേഷത്തിൽ അയാൾ അഭിനയിക്കുന്നത്. രോഗ് എന്ന ആ ചലച്ചിത്രത്തിലെ അഭിനയം കണ്ട നിരൂപക ലോകം ഇങ്ങനെ വിധിയെഴുതി. ”ഇർഫാന്റെ കണ്ണുകൾ ശരീരത്തെക്കാൾ സംസാരിക്കുന്നുണ്ട് “.

പ്രതിനായക വേഷങ്ങളിൽ അനിതര സാധാരണമായ പ്രതിഭ അയാൾ പ്രകടിപ്പിച്ചിരുന്നു. ഹാസിലിലെ നെഗറ്റീവ് റോൾ ഇതിന് ഉത്തമ ഉദാഹരണമാണ്. ഷെയ്ക്‌സ്പിയർ നാടകങ്ങളുടെ സിനിമാവിഷ്കാരങ്ങളായ മക്ബൂളിലും റൂദാറിലും അയാൾ അഭിനയിച്ചു.

2007 ഇർഫാനെ സംബന്ധിച്ചിടത്തോളം സവിശേഷ പ്രാധാന്യമുള്ള വർഷമാണ്. രണ്ടു വിഭിന്ന ധ്രുവങ്ങളിൽ പെടുന്ന കഥാപാത്രങ്ങളെ ഒരേ കാലയളവിൽ അദ്ദേഹം ഈ വർഷം അഭ്രപാളിയിൽ അവിസ്മരണീയമാക്കി. വിവാഹം എന്ന സ്വപ്നവുമായി നടക്കുന്ന ഒരു മുംബൈക്കാരന്റെ വേഷമായിരുന്നു അനുരാഗ് താക്കൂറിന്റെ ലൈഫ് ഇൻ എ മെട്രോ എന്ന സിനിമയിൽ അദ്ദേഹത്തിന് അഭിനയിക്കാൻ ഉണ്ടായിരുന്നത്. തികച്ചും കാല്പനികമായ ഒരു കഥാപാത്രം. നെയിം സെയ്ക് എന്ന സിനിമയിൽ ആവട്ടെ ഒരു ബംഗാളി ഇമിഗ്രന്റിന്റെ വേഷവും. തീവ്ര ജീവിത യാഥാർഥ്യങ്ങളുമായി പൊരുതുന്ന ആ കഥാപാത്രത്തെ കാല്പനികനായ അടുത്ത കഥാപാത്രത്തോടൊപ്പം തന്നെ ഭദ്രമായി പ്രതിഫലിപ്പിക്കാൻ ഇർഫാന് സാധിച്ചു.

ഇന്ത്യൻ സിനിമയെ ലോകസിനിമയുമായി ബന്ധിപ്പിച്ച കണ്ണി കൂടിയായിരുന്നു ഇർഫാൻ. 2007 ലെ മൈക്കൽ വിന്റർ ബോട്ടത്തിന്റെ എ മൈറ്റി ഹേർട്ടിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഹോളിവുഡ് അരങ്ങേറ്റം.പിന്നീട് സ്ലം ഡോഗ് മില്യണയരും ലൈഫ് ഓഫ് പൈയും മുതൽ 2018 ലെ പസിൽ വരെ അനേകം വിദേശ സിനിമകൾ. ഇതിൽ മിക്കതും ഇർഫാന്റെ പ്രതിഭയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതായിരുന്നില്ല എന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെയും തന്റെ സാനിധ്യം ഇർഫാൻ കൃത്യമായി ആ സിനിമകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്.

ഇന്ത്യൻ സിനിമയെ ലോകസിനിമയുമായി ബന്ധിപ്പിച്ച കണ്ണി കൂടിയായിരുന്നു ഇർഫാൻ.

2012 ൽ പാൻ സിംഗ് തോമർ എന്ന സിനിമയ്ക്കു ഇർഫാന് ദേശീയ പുരസ്‌കാരം ലഭിച്ചു. അയാളെ കൃത്യമായി ഉപയോഗിച്ച ഒരു സിനിമ 2013 ലെ ലഞ്ച് ബോക്സ്‌ ആയിരുന്നു. സാജൻ ഫെർണാണ്ടസ് എന്ന മധ്യവയസ്‌ക്കന്റെ ഏകാന്ത ജീവിതത്തെ ഇർഫാൻ ലഞ്ച് ബോക്സിൽ അവിസ്മരണീയമാക്കി. ഒറ്റപ്പെടലിന്റെ വിഹ്വലതകൾ ഓരോ ചലനത്തിലും അയാൾ അടയാളപ്പെടുത്തി.

തമാശ വേഷങ്ങളാണ് ഇർഫാന് കൂടുതലും ചേരുക എന്നൊരു വാദം ഉണ്ട്. ഏറെക്കുറെ അത്‌ ശരിയാണ് താനും. 2014 ലെ പികു എന്ന സിനിമയിൽ കൂടെ അഭിനയിക്കാൻ ഉണ്ടായിരുന്നത് അമിതാബ് ബച്ചനും ദീപിക പദുക്കോണും ആയിരുന്നു. താരമൂല്യത്തിലും പ്രതിഭയിലും ഇർഫാനെക്കാൾ മുന്നിൽ ഉള്ളവർ. എന്നാൽ സിനിമ അവസാനിക്കുമ്പോൾ മനസ്സിൽ നിൽക്കുക ഇർഫാന്റെ വേഷമാണ്. അത്ര മേൽ സൂക്ഷ്മമായി ഹാസ്യം അയാൾ ആ സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 

ഇർഫാന്റെ സമകാലീനരായി അനേകം താരങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ദേശത്തിന്റെയും ഭാഷയുടെയും അതിരളവുകളെ ഇത്രയും സമർഥമായി ലംഘിച്ച നടന്മാർ അധികം ഉണ്ടായിട്ടില്ല.ഹോളിവുഡും ബോളിവുഡും ടോളിവുഡും അയാൾക്ക് ഒരു പോലെ ആയിരുന്നു. ഒരു ഘട്ടത്തിലും അടിസ്ഥാന മൂല്യങ്ങൾ ബലികഴിക്കാൻ അയാൾ തയ്യാറായതേയില്ല.അത് കൊണ്ട് കൂടിയാവാം തനിക്കേറെ നല്ല വേഷങ്ങൾ തന്നിട്ടുള്ള മീരാ നായരുടെ റെലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് എന്ന സിനിമയിലെ തീവ്രവാദിയുടെ വേഷം അയാൾ നിരസിച്ചത്. ഹോമി അഡജാനിയയുടെ അംഗരേസി മീഡിയം ആയിരുന്നു ഇർഫാന്റെ അവസാന സിനിമ. ഇർഫാന്റെ രോഗം ഭേദമാകാൻ പതിനെട്ടു മാസത്തോളമാണ് സംവിധായകൻ കാത്തിരിക്കാൻ തയ്യാറായത്. സിനിമയിലെ മകളെ ഏറെ സ്നേഹിക്കുന്ന പിതാവിന്റെ വേഷം ഇർഫാൻ അല്ലാതെ മറ്റാര് ചെയ്താലും ശരിയാവില്ല എന്ന് സംവിധായകന് തോന്നിയിരിക്കണം. ഒരു മകൾ ഇല്ല എന്നതാണ് തന്റെ വലിയ ദുഖങ്ങളിൽ ഒന്നെന്നു അയാൾ പല വട്ടം പറഞ്ഞിട്ടുണ്ട് താനും.

ഒരു ക്രിക്കറ്റ് താരമാകേണ്ടിയിരുന്നയാൾ ലോകസിനിമയിലെ എണ്ണം പറഞ്ഞ പേരുകളിൽ ഒന്നാവുന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം നടക്കുന്ന സംഗതി ആണ്. ആ അപൂർവത ആണ് അസ്തമിച്ചത്. രോഗം പാതിവഴിയിൽ ആ യാത്ര അവസാനിപ്പിച്ചിരുന്നു. പക്ഷേ ശബ്ദവും വെളിച്ചവും ഉള്ളിടത്തോളം തിരശീലയിൽ അയാൾ ജീവിക്കും. അനേകം കഥാപാത്രങ്ങളിലൂടെ ഇർഫാൻ എക്കാലവും ഓർമ്മിക്കപ്പെടും.

Print Friendly, PDF & Email

About the author

സനൂപ്. പി

2 Comments

Click here to post a comment

Your email address will not be published. Required fields are marked *

  • ഇര്‍ഫാന്‍ ഖാന്‍റെ ചിത്രങ്ങള്‍ തങ്ങളുടെ ബോളിവുഡ് ധാരണകളെയാകെ തിരുത്തിയെഴുതി എന്ന് പല വിദേശികളും കാനഡയിലെ ഫിലിം ഫെസ്റ്റിവലുകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളോടൊപ്പം പലപ്പോഴും അദ്ദേഹത്തിനു അവിസ്മരണീയമായ സ്വീകരണങ്ങളാണ്‌ ലഭിച്ചിരുന്നത്. ഗൗരവതരമായ ചലച്ചിത്രങ്ങള്‍ക്കുള്ള വരവേല്പുകളായിട്ടാണ്‌ അദ്ദേഹവും അവയെ കണക്കിലെടുത്തിരുന്നത്.