ലേഖനം

അടച്ചിരിപ്പുകൾ തോന്നിക്കുന്നത്… 
എത്ര പെട്ടെന്നാണ് ചില വാക്കുകളും അവ ഉത്പാദിപ്പിക്കുന്ന സവിശേഷമായ അർത്ഥങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി തീരുന്നത്. ക്വോറൻറ്റീൻ (quarantine), അടച്ചുപൂട്ടൽ (lock down) തുടങ്ങിയ വാക്കുകൾ. അതേപോലെ പകർച്ചവ്യാധി (epidemic), മഹാമാരി (pandemic) തുടങ്ങിയ പദങ്ങളുടെ ഇതുവരെ ശ്രദ്ധയില്പെട്ടിട്ടില്ലാത്ത അർത്ഥവ്യത്യാസങ്ങൾ…
പകർച്ചവ്യാധികളെ എന്നും പേടിയായിരുന്നു. ക്രൂരദേവതകളുടെ വിളയാട്ടങ്ങളായും പ്രകൃതിയുടെ പകപോക്കലുകളായും കേട്ടും വായിച്ചുമറിഞ്ഞ മഹാമാരികളെയും. പക്ഷെ കോവിഡിനുമുൻപ് ഏതെങ്കിലും ഒരു സാംക്രമികരോഗം നിത്യജീവിതത്തിൽ വലിയ തടസങ്ങൾ ഉണ്ടാക്കുകയും ഇങ്ങനെ വല്ലാതെ ഭയപ്പെടുത്തുകയും ചെയ്‌തിട്ടില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് ചിക്കൻപോക്സ് പിടിച്ചതുപോലെ ചില അസുഖങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ എന്റെയും ചുറ്റുപാടുള്ളവരുടെയും ജീവിതത്തെ കാര്യമായി പിടിച്ചുലക്കാതെ കടന്നുപോയ രോഗബാധകളായിരുന്നു അവയൊക്കെയും.
1994-ൽ ബോംബെയിൽ ആദ്യമായി എത്തിച്ചേർന്ന് അധികനാൾ കഴിയുന്നതിന് മുൻപാണ് സൂറത്തിൽ അമ്പതിൽപരം മനുഷ്യജീവനുകളെടുത്ത പ്ലേഗ്ബാധയുണ്ടാകുന്നത്. പരിഭ്രാന്തരായ ലക്ഷക്കണക്കിന് മനുഷ്യർ രോഗം പൊട്ടിപുറപ്പെട്ടതിന്റെ ആദ്യദിനങ്ങളിൽതന്നെ ആ പട്ടണത്തിൽനിന്ന് പാലായനം ചെയ്തു. വിഭജനശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യപാലായനമാണ് അതെന്ന് പത്രങ്ങൾ എഴുതി. സ്വാഭാവികമായും മുന്നൂറിൽ താഴെ കിലോമീറ്ററുകൾ മാത്രം അകലെയുള്ള ബോംബെ നഗരത്തിലും ഈ വാർത്തകൾ ഭീതി പടർത്തി. ആ ദിവസങ്ങളിലൊന്നിൽ ഉച്ചക്ക് ഭക്ഷണം കഴിക്കാനിറങ്ങിയ ഒരു സഹപ്രവർത്തകൻ പരിഭ്രാന്തനായി തിരിച്ചോടിവന്നത് ഓർക്കുന്നു. പുറത്ത് ഗേറ്റിനരികെ ഒരു എലി ചത്തുകിടക്കുന്നത് കണ്ട് പേടിച്ചതാണ്. ആ മഹാനഗരത്തിൽ മനുഷ്യരുടെ അത്രതന്നെ എലികളുണ്ടെന്നും ചത്ത എലികൾ അത്യന്തം സാധാരണമായ കാഴ്ച്ചയാണെന്നും ബോംബെയിൽ ജനിച്ചു വളർന്ന അയാൾക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ, അന്ന് കണ്ട ആ എലി അയാളെ സംബന്ധിച്ചിടത്തോളം മഹാവിപത്തായിരുന്നു. പ്ളേഗിന്റെ പ്രതിരൂപം ആയിരുന്നു.ഭയത്തിന്റെ വഴി അങ്ങിനെയൊക്കെയാണ്. പലപ്പോഴും അത് യുക്തിസഹമായിരിക്കില്ല.

ഭയത്തിന്റെ വഴി അങ്ങിനെയൊക്കെയാണ്. പലപ്പോഴും അത് യുക്തിസഹമായിരിക്കില്ല.Fight or flight എന്ന് ഇംഗ്ലീഷിൽ പറയുന്ന സഹജപ്രതികരണം ചലനശേഷിയുള്ള ജീവജാലങ്ങളുടെ ജനിതകഘടനകളിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുള്ള ഒരു ആദിമചോദനയാണ്. ആപത്ത് മണക്കുമ്പോൾ തിരിഞ്ഞോടാനോ കടന്നാക്രമിക്കാനോ കാട്ടുമൃഗത്തെ സജ്ജമാക്കുന്ന അതേ അതിജീവനവാസന.
 
ക്വോറൻറ്റീൻ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നതും ഈ കാലത്തെപ്പോഴോ ആണ്. പക്ഷെ രോഗബാധ തടയാനായി പകര്ച്ചവ്യാധി ബാധിച്ചവരെ ഒറ്റക്ക് പാർപ്പിക്കുന്ന പ്രക്രിയ എന്ന അർത്ഥത്തിലായിരുന്നില്ല ഞാൻ ആ വാക്കിനെ ആദ്യമായി അറിഞ്ഞത്; കംപ്യൂട്ടർ വൈറസുകളുമായി ബന്ധപ്പെട്ടായിരുന്നു. ആന്റിവൈറസ് പ്രോഗ്രാമുകൾ കമ്പ്യൂട്ടർ വൈറസ് ബാധിച്ച ഫയലുകളെ സുരക്ഷിതമായ ഒരു ഫോൾഡറിലോട്ട് മാറ്റിയിടുന്നതിനെയും ക്വോറൻറ്റീൻ എന്നാണ് വിളിക്കുന്നത്. കംപ്യൂട്ടർ സയൻസ് പലപ്പോഴും മാതൃകകളും രൂപകങ്ങളും തേടുന്നത് ജൈവലോകത്ത് നിന്നാണല്ലോ.
 
ക്വോറൻറ്റീൻ മാത്രമല്ല സാംക്രമികരോഗങ്ങൾ പകരുന്നതിന്റെ ഗണിതവും കംപ്യൂട്ടർ സയൻസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. Epidemic protocol എന്നറിയപ്പെടുന്ന ഒരു അൽഗോരിതമുണ്ട്. പരസ്പരബന്ധിതമായ അസംഖ്യം കംപ്യൂട്ടറുകളുടെ ഒരു ശൃംഖലയിലെ കണ്ണികളിലേക്ക് എന്തെങ്കിലും ഒരു വിവരം കാര്യക്ഷമമായി എത്തിക്കാനായി ഉപയോഗിക്കുന്ന ഒരു പ്രോട്ടോക്കോളാണത്. ചിലർ അതിനെ gossip protocol എന്നും വിശേഷിപ്പിക്കാറുണ്ട്. പകർച്ചവ്യാധികളും ഏഷണികളുമൊക്കെ ആളിപടരുന്നതിന്റെ ഗണിതശാസ്ത്രമാതൃകകൾ സദൃശമാണെന്ന ഒരു തിരിച്ചറിവ് ഇതിന് പിന്നിലുണ്ട്; ഈ മാതൃക ഒരു കമ്പ്യൂട്ടർ ശൃംഖലയിലക്കകത്തെ വിവരവിനിമയത്തിന് ഉപയോഗപ്പെടുത്താമെന്നും.
 
ക്വോറൻറ്റീനിലേക്ക് തിരിച്ചു വരാം. ക്വോറൻറ്റീന്റെ മലയാളം നോക്കിയപ്പോൾ നിഘണ്ടു പറഞ്ഞു തന്നത് കപ്പൽവിലക്ക് എന്നായിരുന്നു. പകര്ച്ചവ്യാധിക്കാരുള്ള കപ്പലിനെ കരയിലടുപ്പിക്കാതെ 40 ദിവസം മാറ്റി നിർത്തുന്നതിൽ നിന്നായിരുന്നു ക്വോറൻറ്റീൻ എന്ന പദം ഉടലെടുത്തത് എന്ന ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു ഈ മലയാളവാക്ക്. 1377-ൽ യൂറോപ്പിൽ ദശലക്ഷങ്ങളെ കൊന്നൊടുക്കി ബുബോണിക് പ്ലേഗ് വിളയാടിയ കാലത്താണ്. ഇറ്റലിയിലെ പ്രമുഖ തുറമുഖനഗരങ്ങളിലൊന്നായിരുന്ന റാഗുസയിലെ മേയർ പ്ലേഗ്ബാധിത പ്രദേശങ്ങളിൽനിന്ന് അവിടെ കരക്കണയാനെത്തുന്ന കപ്പലുകളെ ക്വോറൻറ്റീനു വിധേയമാക്കാൻ നിയമമുണ്ടാക്കി. ഇറ്റാലിയൻ ഭാഷയിൽ 40 ദിവസങ്ങൾക്ക് quarantina എന്നാണ് പറയുക.
 
പാലായനങ്ങളിലൂടെയും സഞ്ചാരങ്ങളിലൂടെയും പകർന്നെത്തുന്നത് സംസ്കൃതി മാത്രമല്ല രോഗം കൂടിയാകാം എന്നത് പുതിയ കാലത്തിന്റെ മാത്രം യാഥാർഥ്യമല്ലെന്ന് കൂടി പറഞ്ഞുതരുന്നുണ്ട് ഈ പദോത്‌പത്തികഥ.
 
തീർച്ചയായും ക്വോറൻറ്റീൻ ഒരു ഒരു സവിശേഷപ്രക്രിയയായി നിലവില്ലാത്ത സ്ഥലകാലങ്ങളിലും തളക്കാനൊക്കാത്ത മഹാമാരികളുടെ മുൻപിൽ പകയ്ക്കുന്ന മനുഷ്യരുടെ നിസ്സഹായത അകറ്റിനിർത്തലിന്റെ പ്രായോഗികത സ്വീകരിച്ചിരുന്നിരിക്കണം. പുറംതള്ളലോ ഒറ്റപ്പെടുത്തല്ലോ ആയല്ല, കരുതലായി. ഖസാക്കിന്റെ ഇതിഹാസത്തിൽ രവിക്ക് വസൂരി ബാധയേൽക്കുന്ന സന്ദർഭമാണ് ഓർമ്മ വരുന്നത്. ചലത്തിന്റെ മഞ്ഞപ്പൂക്കൾ ചൂടിയ നല്ലമ്മയുടെ നടനം. ദേവിയുടെ വിളയാട്ടം സന്നിയിലും മയക്കത്തിലും അവളെ കണ്ടു കാമിച്ചു മരിച്ച ഖസാക്കുകാർ. വേനൽരാത്രിയിൽ പണ്ടാരശവങ്ങൾ ചുമന്നു പറയന്മാർ നടന്നു. രവിക്കും പിടിപെട്ടു വസൂരി. സ്വന്തം താമസ്ഥലം മാത്രമല്ല, ഒരു വിദ്യാലയം കൂടിയായ ഞാറ്റുപുരയിൽനിന്നും രവിയെ താങ്ങിയെടുത്ത് മാധവൻ നായരും ഖാലിയാരും കുറേ അകലെ ഖാലിയാർ കിടക്കുന്ന രാജാവിന്റെ പള്ളിയിലേക്കെത്തിച്ചു. അവിടെ രവിയുടെ ക്വോറൻറ്റീന് അവർ രണ്ടുപേരും മൈമുനയും മാറിമാറി കാവലിരുന്നു. ഖസാക്കിലെ ഈ പൗരന്മാരുടെ കരുതലിൽ രവിയുടെ പനിയടങ്ങി. ഒരു സംസ്ക്കാരത്തെ താങ്ങി നിർത്താവുന്ന ഒരു സമ്പദ്ഘടന ഖസാക്കിലില്ലായിരുന്നു എന്ന വിമർശനങ്ങളുണ്ടായിട്ടുണ്ട്. അതു ശരിയായിരിക്കാം; സംസ്ക്കാരരഹിതമായ പ്രാചീനതയായിരിക്കാം ഖസാക്ക്. എന്നാലും അവിടെയും മനുഷ്യർക്ക് മറ്റു മനുഷ്യരോടുള്ള കരുതലുണ്ടായിരുന്നു. കാമം പോലെ നിസ്സംഗത പോലെ സ്‌നേഹവും വിദ്വേഷവും പോലെ തികച്ചും സ്വാഭാവികമായ സഹഭാവം. അത് ഇരുളടഞ്ഞ രാജാവിന്റെ പള്ളിയിലിലെ രവിയുടെ ക്വോറൻറ്റീന് ചുറ്റും രക്ഷാകവചമായി നിന്നു. ദെണ്ണം വരാതിരിക്കാൻ മൈമുന അരയിൽകെട്ടിയ യന്ത്രം പോലെ.
 
മനുഷ്യന് സഹജമായ സാമൂഹികതയാണ് ഈ സഹഭാവം. ഒരു വ്യക്‌തിയും തന്നിലൊതുങ്ങുന്ന ഒരു ദ്വീപല്ല എന്നാണല്ലോ. ഇത് പറഞ്ഞത് പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ച ജോൺ ഡോൺ എന്ന പുരോഹിത കവിയായിരുന്നു. ഡോൺ എഴുതി:

വ്യക്‌തി ഒരു വൻകരയുടെ, മനുഷ്യവംശത്തിന്റെ, ഭാഗമാണ്. ഒരാൾ ഇല്ലാതാകുമ്പോൾ നിങ്ങളുടെ ഒരംശമാണ് അപ്രത്യക്ഷമാകുന്നുന്നത്. അതുകൊണ്ട് മണി മുഴങ്ങുന്നത് ആർക്കുവേണ്ടിയാണെന്ന് തിരക്കേണ്ടതില്ല. അത് മുഴങ്ങുന്നത് നിങ്ങൾക്കായാണ്.

വ്യക്‌തി ഒരു വൻകരയുടെ, മനുഷ്യവംശത്തിന്റെ, ഭാഗമാണ്. ഒരാൾ ഇല്ലാതാകുമ്പോൾ നിങ്ങളുടെ ഒരംശമാണ് അപ്രത്യക്ഷമാകുന്നുന്നത്. അതുകൊണ്ട് മണി മുഴങ്ങുന്നത് ആർക്കുവേണ്ടിയാണെന്ന് തിരക്കേണ്ടതില്ല. അത് മുഴങ്ങുന്നത് നിങ്ങൾക്കായാണ്.

 
ജോൺ ഡോണിന്റെ ഈ വരികളിൽ നിന്നാണ് ഹെമിംഗ്‌വേ സ്പാനിഷ്ആഭ്യന്തരയുദ്ധത്തിന്റെയും ഫാസിസ്റ്റ് ഭരണത്തിന്റെയും നൃശംസതകൾ വരച്ചുകാട്ടിയ തന്റെ പ്രശസ്തനോവലിന് ശീർഷകം തിരഞ്ഞെടുക്കുന്നത് – ‘മണി മുഴങ്ങുന്നതാർക്കുവേണ്ടി’ (For Whom The Bell Tolls). നോവലിന്റെ മുഖക്കുറിപ്പായി (epigraph) ഈ വരികൾ പൂർണരൂപത്തിൽ ചേർക്കുകയും ചെയ്തു ഹെമിംഗ്‌വേ.
 
മനുഷ്യന്റെ സാമൂഹികതയുടെ വിളംബരമാണ് ഡോണിന്റെ ഈ വാക്കുകൾ. വ്യക്തിക്ക് സമൂഹത്തിൽ നിന്ന് വേറിട്ടൊരു നിലനിൽപില്ലെന്ന്, മനുഷ്യൻ എന്ന സത്തയുടെ നിർവചനംതന്നെ അയാളുടെ സാമൂഹികതയിൽ വേരോടിയിരിക്കുന്നുവെന്ന ഓർമ്മപെടുത്തലാണത്. പല പ്രാണികളും പറവകളും മൃഗങ്ങളും കൂട്ടംകൂടി ജീവിക്കുന്നുണ്ട്. പക്ഷെ മനുഷ്യന്റെ സാമൂഹികത അത്തരം കൂട്ടുജീവിതങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. തന്റെ അതിജീവനസമരത്തിന്റെ ഭാഗമായി ബോധപൂർവം സ്വന്തം ചുറ്റുപാടുകളെ മാറ്റുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ. സാമൂഹികതകൊകൊണ്ടുമാത്രം സാധ്യമായ ഒന്നാണത്. മനുഷ്യസംസ്കൃതിയുടെയും സംസ്ക്കാരത്തിന്റെയും അടിസ്ഥാനഭാവങ്ങളായി കൂട്ടായ്മയും സഹകരണമനോഭാവവും മാറുന്നത് സാമൂഹികതയുടെ ഈ ഭൗതികാടിത്തറ കാരണമാണ്.
 
മനുഷ്യരുടെ ഇത്തരം സവിശേഷതകളെ പരിഗണിച്ച് അവരെ പരിണാമശ്രേണിയിൽ സവിശേഷപദവികൾ കൈയ്യാളുന്ന ‘ഉന്നതസ്ഥാനീയരായി’ കാണുന്നവരുണ്ട്. ഭൂമിയിൽ ദശലക്ഷക്കണക്കിന് വർഷങ്ങളായി നടന്നു വരുന്ന പരിണാമം എന്ന പ്രക്രിയ ‘മുന്നോട്ടുള്ള’ പോക്കാണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. അതീവലളിതമായ ജൈവഘടനകളിൽ നിന്ന് മനുഷ്യന്റേതുപോലുള്ള ബുദ്ധിയും ബോധവും ജീവരൂപങ്ങളിലേക്കുള്ള പരിണാമം രേഖീയമാണെന്നും അത് പുരോഗമനം ആണെന്നും ഇവർ കരുതുന്നു. ഇത്തരത്തിലുള്ള പരിണാമത്തെ ഒരു പിരമിഡിന്റെ മാതൃകയിൽ സങ്കല്പിക്കാം. വൈറസുകൾ പോലുള്ള സൂക്ഷ്മജീവികളാണ് ഈ പിരമിഡിന്റെ അടിതട്ടിലെങ്കിൽ മനുഷ്യന്റെ സ്ഥാനം അതിന്റെ ഉച്ചിയിലാണ്. മറ്റെല്ലാ ജീവജാലങ്ങളും ഇവയ്ക്ക് രണ്ടിനുമിടയിലുള്ള പല അടരുകളിലും. പരിണാമത്തിന്റെ ആത്യന്തികലക്‌ഷ്യം മനുഷ്യനാണെന്ന മനോഭാവം അബോധപൂർവമായെങ്കിലും ഈ കാഴ്ചപ്പാടിൽ നിഴലിടുന്നുണ്ട്. ഈ മനുഷ്യകേന്ദ്രീകൃതമനോഭാവം ബൈബിളിലെ ഉല്പത്തിപുസ്തകത്തിലും കാണാം. രാവും പകലും ആകാശവും ഭൂമിയും തരുലതാദികളും ജീവജാലങ്ങളും ഒടുവിൽ തന്റെ സ്വരൂപത്തിൽ മനുഷ്യനെയും സൃഷ്ടിക്കാൻ ദൈവത്തിന് ആറു നാളുകൾമാത്രമേ വേണ്ടിവന്നുള്ളൂ എന്ന വ്യത്യാസമുണ്ടെങ്കിലും.
 
ജൈവപരിണാമത്തെകുറിച്ച് വേറൊരു ചിത്രം സാധ്യമാണെന്ന് പറയുന്നവരുമുണ്ട്. സ്റ്റീഫൻ ജെ ഗൗൾഡിനെ പോലുള്ള ശാസ്ത്രജ്ഞരെ അക്കൂട്ടത്തിൽപെടുത്താം. അനേകലക്ഷം വർഷങ്ങൾകൊണ്ട് വളർന്നു പന്തലിച്ച ശാഖോപശാഖിയായ ഒരു മഹാവൃക്ഷത്തിന്റേതാണ് ആ മാതൃക. പല കാലങ്ങൾകൊണ്ട്‌ പല രീതിയിൽ പരിണമിച്ചു വന്ന ജീവജാതികളെ പ്രതിനിധീകരിക്കുന്നു ഈ ശാഖകളോരോന്നും. ഈ പരിണാമവൃക്ഷത്തിലെ ഒരു താരതമ്യേന പുതിയ ഒരു ശിഖിരാഗ്രം മാത്രമാണ് മനുഷ്യൻ. ഈ കാഴ്ചപ്പാടിൽ സൂക്ഷ്മജീവികളടക്കമുള്ള മറ്റു ജീവജാതികളെക്കാൾ മനുഷ്യന് അതിജീവനശേഷിയുണ്ടാകാം എന്നുറച്ച് വിശ്വസിക്കാനായി പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ല. ഒരു മഹാമാരിയുടെയോ സ്വയം കൃതാനർത്ഥമായ കാലാവസ്ഥാവ്യതിയാനത്തിന്റെയോ ഒടുക്കം ജീവന്റെ കണികകളായി നമ്മുടെ ജൈവവ്യൂഹത്തിൽ അവശേഷിക്കുക മനുഷ്യനേക്കാൾ പതിന്മടങ്ങ്‌ വർഷങ്ങളുടെ അതിജീവനപാരമ്പര്യമുള്ള ഏതെങ്കിലുമൊക്കെ സൂക്ഷ്മജീവികൾ മാത്രമാണെന്നും വരാം.
 
നിങ്ങൾ ആദ്യം പറഞ്ഞ പിരമിഡ് മാതൃകയിൽ വിശ്വസിക്കുന്ന ഒരാളാണെങ്കിൽ കോവിഡ് പോലുള്ള ഒരു മഹാമാരിയെ കീഴാളരായ (subaltern) ജീവരൂപങ്ങളുടെ കലാപമായി കാണാം. അല്ല, രണ്ടാമത് സൂചിപ്പിച്ച പരിണാമ വൃക്ഷത്തിന്റെ മാതൃകയാണ് നിങ്ങൾക്കിഷ്ടമെങ്കിൽ ഇനിയും അവസാനിച്ചിട്ടില്ലാത്ത ജൈവപരിണാമത്തിലെ സമരസംഘർഷങ്ങളിലൊന്നായും. രണ്ടായാലും ഒരു കാര്യം തീർച്ചയാണ്.

ശാസ്ത്രമടക്കമുള്ള സഞ്ചിതജ്ഞാനങ്ങൾ തോറ്റുപോകുന്നിടങ്ങളിൽ ഭയവും നിസ്സഹായതയും കരുതലുമെല്ലാം ചേർന്ന് രൂപപ്പെട്ട നമ്മുടെ പൂർവികരുടെ പ്രാചീനമായ സഹജജ്ഞാനവും പ്രായോഗികതയും മാത്രമാണ് നമ്മുക്ക് തുണയാകുക.

ശാസ്ത്രമടക്കമുള്ള സഞ്ചിതജ്ഞാനങ്ങൾ തോറ്റുപോകുന്നിടങ്ങളിൽ ഭയവും നിസ്സഹായതയും കരുതലുമെല്ലാം ചേർന്ന് രൂപപ്പെട്ട നമ്മുടെ പൂർവികരുടെ പ്രാചീനമായ സഹജജ്ഞാനവും പ്രായോഗികതയും മാത്രമാണ് നമ്മുക്ക് തുണയാകുക.

കൂറ്റൻ വിവരശേഖരങ്ങളെ ഉഴുതുമറിച്ച്, അതിസങ്കീർണ്ണമായ ഗണിതസൂത്രങ്ങളും അൽഗോരിതങ്ങളും ഉപയോഗിച്ച് വിശകലനം ചെയ്ത്, വർണ്ണശബളമായ കാക്കത്തൊള്ളായിരം സ്ഥിതിവിവരപ്പട്ടികകളും ചാർട്ടുകളും തയ്യാറാക്കി നമ്മളുമെത്തുന്നത് അവരിതൊന്നുംകൂടാതെ എത്തിച്ചേർന്ന ക്വോറൻറ്റീൻ(quarantine) തൊട്ട് അടച്ചുപൂട്ടൽ വരെയുള്ള പോംവഴികളിൽ തന്നെയാണ്.
 
പ്രായോഗികമായി സാമൂഹികമായ അകലമല്ല മനുഷ്യന്റെ സാമൂഹികതയുടെ തന്നെ നിരാകരണമാണ് അടച്ചുപൂട്ടൽ. കാടടച്ച് വലയിടുക എന്ന ഒരു ചൊല്ലുണ്ട്. ഇരയെവിടെയെന്നറിയാതെ വരുമ്പോൾ കാടു മുഴുവൻ വല വിരിക്കുന്ന രീതിയാണത്. മനുഷ്യർ ഇരതേടാനായി നായാടി നടന്ന കാലത്തെ അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടതാകാം ഈ ചൊല്ല്. സൂക്ഷ്മജ്ഞാനത്തിന്റെ അഭാവത്തിൽ, കാര്യക്ഷമമായും വലിയ വില കൊടുക്കാതെയും കാര്യസാധ്യം നേടാനാകാതെ വരുമ്പോൾ ഉപയോഗിക്കുന്ന പ്രക്രിയ. ഇംഗ്ലീഷിൽ ഇതിന് brute-force രീതി എന്ന് പറയും. ഒരു സമൂഹം സ്വയം അടച്ചുപൂട്ടാൻ തീരുമാനിക്കുന്നത് കാടടച്ച് വലയിടുന്നതുപോലെയാണ്. അത് മറ്റെന്തിനേക്കാളുമുപരി വെളിവാക്കുന്നത് ആ സമൂഹത്തിന്റെ നിസ്സഹായതയാണ്.
 
ജീവനുകളാണ് (lives) ജീവനോപാധികളേക്കാൾ (livelihood) പ്രധാനം എന്ന ബൈനറി യുക്തിയാണ് അടച്ചുപൂട്ടലിനടിസ്ഥാനം. ഉദ്ദേശശുദ്ധിയിൽ തർക്കത്തിന് കാരണങ്ങളില്ലെങ്കിലും ദീർഘനാളത്തേക്ക് അസാധ്യമായ ഒരു രീതിയാണത്. കാരണം, വീഡിയോ ചാറ്റുകളും വോയിസ് മെസ്സേജുകളും മാത്രമല്ല ഈ സാമൂഹികത. പണിശാലകളിലും പാടങ്ങളിലും തെരുവുകളിലും ചന്തകളിലും ജീവിതച്ചൂടിൽ ഉരസിപായുകയും ചേർത്തുപിടിക്കുകയുമൊക്കെ ചെയ്യുന്ന മനുഷ്യശരീരങ്ങളുടെ ജീവനസമരം കൂടിയാണ്. അതുകൊണ്ടാണ് വയർ വിശക്കുന്നവർ അടച്ചുപൂട്ടൽ ഉത്തരവുകൾ കൂട്ടാക്കാതെ തെരുവിലിറങ്ങുന്നത്. മഹാമാരി പിടിപെട്ടാൽ മാത്രമല്ല പട്ടിണികിടന്നാലും മരിക്കുമെന്നത് വലിയ ഗവേഷണങ്ങൾ നടത്തി മനസ്സിലാക്കേണ്ട കാര്യമല്ല. ‘ജാൻ ഭീ, ജഹാൻ ഭീ’ (both lives and livelihood) എന്ന സമാധാനസ്വരം നമ്മുടെ ഭരണാധികാരികളിൽനിന്ന് കേട്ടുതുടങ്ങുന്നതും അതിനാലാണ്.
 
ഈ അടച്ചുപൂട്ടൽ കാലശേഷം വീണ്ടും പതിവുജീവിതം പുനരാരംഭിക്കുമ്പോൾ എല്ലാം പതിവുപടിയാകുമോ? കൈകൊടുക്കാൻ, കെട്ടിപിടിക്കാൻ, മെട്രോയിലും ബസിലുമൊക്കെ തിരക്കികയറാൻ, മാർക്കറ്റിലും മാളിലും അലഞ്ഞുനടക്കാൻ, ഒന്നിച്ചിരുന്നു സമരം ചെയ്യാൻ… ഇതിനൊക്കെ പേടിയുള്ളവരായിമാറുമോ നമ്മൾ? ഇതിനേക്കാൾ എന്നെ അലട്ടുന്ന വേറൊരു സന്ദേഹം കൂടിയുണ്ട്.

അടച്ചുപൂട്ടൽ കാലത്ത് വീട്ടിലടച്ചിരിക്കുന്ന നമ്മൾ കുഞ്ഞുങ്ങളാണ്. വട്ടമിട്ടു പറക്കുന്ന ഇരപിടിയൻ പരുന്തിനെ കാണുമ്പോൾ തള്ളക്കോഴിയുടെ ചിറകിനടിയിൽ അഭയം തേടുന്ന കോഴിക്കുഞ്ഞുങ്ങളെപോലെ പേടിച്ചരണ്ടവർ

അടച്ചുപൂട്ടൽ കാലത്ത് വീട്ടിലടച്ചിരിക്കുന്ന നമ്മൾ കുഞ്ഞുങ്ങളാണ്. വട്ടമിട്ടു പറക്കുന്ന ഇരപിടിയൻ പരുന്തിനെ കാണുമ്പോൾ തള്ളക്കോഴിയുടെ ചിറകിനടിയിൽ അഭയം തേടുന്ന കോഴിക്കുഞ്ഞുങ്ങളെപോലെ പേടിച്ചരണ്ടവർ. കോവിഡാനന്തര കാലത്ത് ഈ സുരക്ഷിതത്വത്തിൽനിന്ന് പുറത്തേക്ക് വരാൻ ഭയപ്പെടുന്നവരാകുമോ നമ്മൾ?
 
അധികാരത്തിന്റെ തുറുങ്കണ്ണുകളുടെ നിരന്തരനിരീക്ഷണത്തെ സർവാത്മാനാ സ്വീകരിക്കുന്ന, അതിന്റെ ഭാരിച്ച ചിറകുകൾക്കടിയിലെ വീർപ്പുമുട്ടലിനെ സുരക്ഷിതത്വമായി കാണുന്ന, വളർച്ചമുറ്റാത്ത കുഞ്ഞുങ്ങൾ?
 
 
Print Friendly, PDF & Email