LITERATURE കഥ

അച്ഛൻർണീം.. ർണീം..
“ഹലോ ഉണ്ണിയല്ലേ?”
“അതെ അപ്പുവേട്ടാ.”
“ഉണ്ണീ അച്ഛൻ നമ്മെ വിട്ടു പോയി. ഇന്നലെ ചെറിയ ഒരു വയറു വേദന എന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോയതാണ്. മരുന്ന് കഴിച്ചു. രാവിലെ വീട്ടിൽ തിരിച്ചു വരികയും ചെയ്തു. ഇതാ ഇപ്പൊ പത്ത് മിനിറ്റ് മുമ്പാണ്.. മരിക്കുന്നതിനു തൊട്ടു മുമ്പും ചോദിച്ചത് ഉണ്ണി വന്നില്ലേ എന്നാണ്. നീ എപ്പോഴാണ് എത്തുന്നത്?”
“ങേ.. അപ്പുവേട്ടാ.. എന്തായീ പറയുന്നത്.. എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ലല്ലോ.. ഇങ്ങനെ പെട്ടെന്ന്..”


* * * * *

ർണീം.. ർണീം..
“ഹലോ അപ്പുവേട്ടാ.. ഉണ്ണിയാണ്.”
“പറയൂ ഉണ്ണീ. നീ പുറപ്പെട്ടോ?”
“ഇല്ല അപ്പുവേട്ടാ, എനിക്ക് ഉടനെ വരുന്നതിൽ ചെറിയ പ്രശ്നമുണ്ട്. ഞങ്ങളുടെ കമ്പനിയുടെ പ്രസിഡന്റ്‌ നാളെ അമേരിക്കയിൽ നിന്ന് എത്തുകയാണ്. വിസിറ്റ് രണ്ടു ദിവസം ഉണ്ടാവും. ഒഴിവാക്കാൻ പറ്റാത്ത മീറ്റിങ്ങുകളും അപ്പോയ്ന്റ്മെന്റുകളും.. അത് കഴിഞ്ഞാലെ എനിക്ക് എങ്ങോട്ടും പോകാൻ പറ്റൂ.”
“ഉണ്ണീ..”
“അപ്പുവേട്ടൻ ക്ഷമിക്കണം. അത്രയ്ക്ക് important ആണ്..”
“എങ്കിലും ഉണ്ണീ, ഇപ്പോഴെങ്കിലും നീ വന്നില്ലെങ്കിൽ…”
“അപ്പുവേട്ടൻ ഒരു കാര്യം ചെയ്യുമോ.. അച്ഛന്റെ ദേഹം രണ്ടു ദിവസം മോർച്ചറിയിൽ വെക്കാൻ സാധിക്കുമോ?”
“ഉണ്ണീ.. മരിച്ച അച്ഛനെ വെറുതെ വിട്ടുകൂടേ.. ഇങ്ങനെ അവമാനിക്കണോ?”
“അപ്പുവേട്ടാ, അത് പിന്നെ ഞാൻ.. എനിക്ക് ഇവിടെ നിന്ന് ഒരു തരത്തിലും മാറിനില്ക്കാൻ നിർവാഹമില്ലഞ്ഞിട്ടാണ്. രണ്ടേ രണ്ടു ദിവസം..”
“നീ ഒന്നും പറയേണ്ട.. അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം വരാമെങ്കിൽ വരുക.. അത് കഴിഞ്ഞാൽ അച്ഛനെ ചിതയിലേക്ക് എടുക്കും. അതിൽ കൂടുതൽ ആർക്കും കാത്തിരിക്കാൻ പറ്റുകില്ല.”
“ഞാൻ helpless ആണ് അപ്പുവേട്ടാ.. തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണ്.. ഇനിയിപ്പോ എന്താ ചെയ്കാ.. സഞ്ചയനത്തിന് എന്തായാലും എത്താം.”


* * * * *

(അടുത്ത ദിവസം)
ർണീം.. ർണീം..
“ഹി, ക്രിസ്, ദിസ്‌ ഈസ്‌ മോണിക്ക ഫ്രം പ്രസിഡന്റ്‌ സ് ഓഫീസ്” (ഉണ്ണി എന്ന ഉണ്ണികൃഷ്ണന് “ക്രിസ്” എന്നാണ് ഓഫീസിൽ വിളിപ്പേര്).
“ഹി മോണിക്ക, ഹൌ ആർ യു?”
“ഐ ആം ഫൈൻ ക്രിസ്, ഐ ഹാവ് ആൻ അർജെന്റ്റ് മെസ്സേജ് ഫോർ യു. ബിൽ ഈസ്‌ നോട്ട് ട്രാവലിംഗ് ടുഡേ. ഹിസ്‌ ഫാദർ ഡയ്ഡ്‌ ദിസ്‌ മോർണിംഗ്. യു മേ ക്യാൻസൽ ഓൾ ഹിസ്‌ മീ റ്റിങ്ങ്സ് ആൻഡ്‌ അപ്പോയിന്റ്മെന്റ്സ് ഫോർ നൗ.”
“ഓ മൈ ഗോഡ്! ഓ കെ. ഐ വിൽ ഹാൻഡിൽ ഇറ്റ്‌. പ്ലീസ് ഡു നോട്ട് ഫോർഗെറ്റ്‌ ടു കണ്വെ മൈ കണ്ടോലന്സേസ് ടു ബിൽ. ഐ വിൽ കാൾ ഹിം ലേറ്റർ.”
“യെസ് ഷുവർ ക്രിസ്, ടേക്ക് കെയർ.. ബൈ..”

* * * * *

ർണീം.. ർണീം..
“ഹലോ അപ്പുവേട്ടാ..”
“ഹി ഉണ്ണി മാമാ, ഞാൻ രേനുവാണ്‌.. അച്ഛൻ തൊടിയിലാണ്.. ഗ്രാൻഡ്‌പായുടെ ലാസ്റ്റ് റൈട്സ് നടക്കുകയാണ്. ഹി കാൻ നോട്ട് അറ്റൻഡ് ദി ഫോണ് റൈറ്റ് നൗ.”
“ഓക്കേ രേണുകാ .. കാൻ യു ഫൈണ്ട് ഔട്ട്‌ ഇഫ്‌ മണി മുത്തച്ഛൻ ഈസ്‌ അവൈലബിൾ ടു ടോക്ക്?”
“യെസ് ഷുവർ മാമാ..”
“ഓ കെ മാമാ ഐ ആം ഗിവിങ്ങ് ദി ഫോണ് ടു മണി മുത്തച്ഛൻ..”
“ഹലോ ചെറിയഛാ.. ഞാൻ ഉണ്ണിയാണ്..”
“എടാ അഛന്റെ ശവമടക്കിന് വരാത്ത വണ്ണം എന്ത് മല മറിക്കുന്ന ജോലിയാടാ നിനക്ക് അവിടെ..”
“നിവൃത്തി ഇല്ലാഞ്ഞിട്ടാ ചെറിയഛാ.. പക്ഷെ ഇപ്പൊ ഞാൻ ഫ്രീ ആയി. അടുത്ത ഫ്ലൈറ്റ്ന് പുറപ്പെടാൻ ഒരുങ്ങുകയാണ്. അവിടെ സ്ഥിതി എന്താണ്?”
“ഇവിടെ എന്ത് സ്ഥിതി? അര മണിക്കൂറിനകം നിന്റെ അഛൻ ചാരം ആകും. അതു തന്നെ സ്ഥിതി..”
“ചെറിയഛാ, ഒരു നാലോ അഞ്ചോ മണിക്കൂർ തീ കൊടുക്കുന്നത് നീട്ടി വെക്കാൻ പറ്റുമോ.. അപ്പോഴേക്കും എനിക്ക് എത്താൻ പറ്റും.”
“ഉണ്ണീ, നിനക്ക് നാണമില്ലേ ഇങ്ങനെയൊക്കെ ചോദിക്കാൻ. ഞാൻ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഫോണ് വെച്ച് പോകാൻ നോക്ക്.”

* * * * *


കണ്ണ് നിറഞ്ഞുവോ എന്ന് സംശയം.. ജീവിതത്തിന്റെ പടവുകൾ കയറാനുള്ള തിടുക്കത്തിൽ അച്ഛൻ ഒരു വിദൂരഓര്മ്മയായത് എന്ന് മുതലാണ്‌? അവസാനമായി കണ്ടതുതന്നെ രണ്ടു വര്ഷം മുമ്പാണ്. ഇടയ്ക്കിടെ ഉള്ള ഫോണ് വിളികളും മെല്ലെ മെല്ലെ കുറഞ്ഞു വന്നു. “അഛനോട്‌ ഫോണിൽ സംസാരിക്കുന്നത് യുദ്ധം ചെയ്യുന്നത് പോലെയാണെ”ന്നാണ് ഊർമ്മിള പറയുന്നത്. ചെവി പതുക്കെയാണ്. പറയുന്നത് മനസ്സിലാവുകയും ഇല്ല. ഫോണ് കമ്പനിക്ക് കുറെ പണം കൊടുക്കുന്നത് മിച്ചം. അഛൻ ഫോണ് ചെയ്യുന്നത് തന്റെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമാണെന്ന് അവൾക്ക് അറിയില്ലല്ലോ.. എങ്കിലും കാര്യം മനസ്സിലാക്കിയിട്ടെന്ന പോലെ അഛന്റെ ഫോണ് വിളികൾ നിന്നു. അപ്പുവേട്ടൻ ഇടയ്ക്ക് വിളിക്കും, കാര്യങ്ങൾ പറയും. ആ സംഭാഷണങ്ങളിൽ അഛനും ഒതുങ്ങി. ഇടയ്ക്ക് വല്ലപ്പോഴും മനസ്സിൽ, അല്ലെങ്കിൽ ഏതോ ഒരു സ്വപ്നത്തിൽ, മിന്നി മറയുന്ന മുഖം, അതായി അഛൻ ചുരുങ്ങിയത് താൻ പോലും അറിയാതെ!
എങ്കിലും അഛന്റെ ഓമനമോൻ അഛനെ മറന്നല്ലോ!
ഓർമ്മയുടെ ഏതോ കോണിൽ മാറാല പറ്റി കിടന്ന അഛന്റെ ചിത്രം തെളിമയാർന്ന് ഉണ്ണിയുടെ മനസ്സിലേയ്ക്ക് കയറി വന്നു. കുട്ടിക്കാലത്ത് അപ്പുവേട്ടനുമായി വഴക്കിടുമ്പോൾ “അവൻ നിന്നെക്കാൾ ചെറുതല്ലേ” എന്ന് പറഞ്ഞ് തന്റെ പക്ഷം പിടിക്കുന്ന അഛൻ.. ഉത്സവത്തിന് തോളിൽ കയറ്റി ഇരുത്തി ആനയെ കാണിക്കുന്ന അഛൻ.. പുഴയിൽ നീന്തൽ പഠിപ്പിക്കുന്ന അഛൻ.. തൊടിയിലെ മരങ്ങളുടെയും ചെടികളുടെയും പേരുകൾ പറഞ്ഞു തന്ന അഛൻ.. സ്കൂൾ ഫൈനൽ, കോളേജ്, ഉദ്യോഗം, വിവാഹം, അങ്ങനെ താൻ ജീവിതത്തിന്റെ ഓരോ പടവുകൾ കയറുമ്പോഴും സന്തോഷാശ്രുക്കൾ പൊഴിച്ച അഛൻ.. ആ അഛൻ വിറുങ്ങലിച്ച ശരീരമായി തന്റെ വരവും കാത്ത് കിടക്കുന്നു. പക്ഷെ താൻ… ഇവിടെ ഈ സ്വാർത്ഥ താല്പ്പര്യങ്ങളുടെ ചങ്ങലക്കെട്ട് പൊട്ടിക്കാനുള്ള മന:ക്കരുത്തില്ലാതെ ദുർബ്ബലനായി ദു:ഖവും പശ്ചാത്താപവും അഭിനയിക്കുന്നു. ഉണ്ണിക്ക് സ്വയം പുച്ഛം തോന്നി.
ജനാലയ്ക്ക് പുറത്ത് ആരുടെയോ നിഴൽ നീങ്ങിയതുപോലെ… ഒരു പൂച്ചട്ടി വീണുടയുന്ന ശബ്ദം.
“ആരാണ്? എന്തുവേണം?”
ചെടികൾക്ക്മൂ പിന്നിൽ കുനിഞ്ഞ ഒരു ശരീരം…. ഉണ്ണി സൂക്ഷിച്ചു നോക്കി. ഒരു മുഖം ദൈനതയോടെ തന്നെത്തന്നെ നോക്കുന്നു.. ഇത് പൂന്തോട്ടത്തിൽ ചെടികൾ നനയ്ക്കുന്ന ഹൈദ്രോസ് അല്ലേ? ഇയാൾക്ക് എന്ത് പറ്റി? പക്ഷെ സൂക്ഷിച്ച് നോക്കുമ്പോൾ ഹൈദ്രോസ്സിന്റെ മുഖഛായ മാറിയിരിക്കുന്നു. ഹൈദ്രോസ്സിന്റെ വേഷത്തിൽ തന്റെ അഛനല്ലേ നില്ക്കുന്നത്! അതെ അത് തന്റെ അച്ഛൻ തന്നെ!!
“അഛാ എന്നോട് ക്ഷമിക്കൂ…” ഉണ്ണി ആ കാൽപ്പാദങ്ങളിൽ വീണു കരഞ്ഞു.
ഹൈദ്രോസ്സിന്റെ നീണ്ടു തണുത്ത വിരലുകൾ ഉണ്ണിയെ തലോടി. ആ തലോടലിൽ എല്ലാ ദു:ഖവും ഇറക്കി വെച്ച് ഉണ്ണി മയങ്ങി.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.