പുസ്തകം

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത അഥവാ ഉടലിലെഴുതിയ ദേശജീവിതം.‘As a woman I have no country. As a woman I want no country. As a woman, my country is the whole world.
(Virginia Woolf)”

‘പെണ്ണാണ് കല്യാണിയേച്ചി’
‘പെണ്ണെന്നാണെ പൊന്നല്ലേ?’
കാമനകളുടെ ചരിത്രമാണ് കുടുംബത്തിന്റെയും പെണ്ണുടലിന്റേയും ഭൂപടത്തിൽ എഴുതപ്പെടുന്ന ഓരോ നോവലും. അഗ്നിസാക്ഷി, ആരാച്ചാർ, ആലാഹയുടെ പെണ്മക്കൾ, ആസിഡ് തുടങ്ങി മലയാളത്തിൽ സ്ത്രീകൾ എഴുതിയ ഏതു നോവലുകൾ എടുത്ത് പരിശോധിച്ചാലും അതു വ്യക്തമാകും. ഈ ഒരു തത്വം ശരി വെയ്ക്കുന്ന മൗലികമായ ഭാവനവിസ്മയമാണ് ആർ. രാജശ്രീയുടെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത “എന്ന നോവൽ. ഫേസ്ബുക് എന്ന മാധ്യമത്തിൽ രചിക്കപ്പെടുകയും ഘടനാപരമായും ആഖ്യാനപരമായും പുനർവിന്യസിക്കപ്പെട്ട നോവൽ എന്ന രീതിയിൽ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നു. ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിൽ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടേയും ദാക്ഷായണിയുടേയും അവരുമായി ബന്ധപ്പെട്ട് പ്രത്യക്ഷപെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണ്ണമായ ജീവിതത്തെ പ്രതിപാദിക്കുന്ന ആഖ്യായിക എന്നതിനുപരി ദേശം, കാലം, സ്ത്രീ -പുരുഷ ബന്ധം, ഭാഷ എന്നിവയെ മറ്റൊരു തലത്തിൽ അന്വേഷിക്കുക കൂടിയാണ് ഈ നോവലിലൂടെ, കൂടാതെ ആഖ്യാതാവ് നേരിട്ടും അല്ലാതെയും പല തരത്തിൽ നോവലിൽ പ്രത്യക്ഷപ്പെടുകയും ചെയുന്നു. നോവലിന്റെ പേര് ആദ്യമായി കേൾക്കുമ്പോൾ സാധാരണ വായനയ്ക്ക് വേണ്ടി കടന്നു വരുന്ന വലിയ പുതുമകൾ ഒന്നുമില്ലാത്ത ഫെമിനിസത്തിന്റെ സ്ഥിരം തിയറികൾ ഉപയോഗിച്ച് എഴുതിയ നോവൽ എന്ന് തോന്നാം. എന്നാൽ അത്തരമൊരു ചിന്തയിൽ നിന്ന് വേറിട്ട് ഒറ്റ വായനയിൽ നിൽക്കമായിരുന്നിട്ടും അതിനു തയ്യാറാവാതെ അതിലെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പ്രേരിപ്പിക്കുന്ന അനേകം ഘടകങ്ങൾ ആഖ്യാതാവ് നോവലിൽ ഒളിച്ചുവെച്ചിരിക്കുന്നു.

കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന രണ്ടു സ്ത്രീകളുടെ ജീവിതം പങ്കുവെയ്ക്കപെട്ടപ്പോൾ അതോടൊപ്പം ഒരു ദേശത്തിന്റെ ചരിത്രത്തെയും രാഷ്ട്രീയചുറ്റുപാടും ഭാഷയും ദേശത്തെ പൊതിഞ്ഞു നിൽക്കുന്ന മിത്തുകളും നോവലിലെ ഓരോ വാക്കിനും ശക്തി പകർന്നു. കാലത്തിന്റെ പകർത്തിയെഴുത്താണ് ഈ നോവൽ. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കല്യാണി, ദാക്ഷായണി ഈ രണ്ടു സ്ത്രീകൾ പേറുന്ന അല്ലെങ്കിൽ അനുഭവിച്ചു തീർക്കുന്ന ജീവിതം ഇതിലുണ്ട്. ഇന്നത്തെ സ്ത്രീകളിൽ ഒരു പക്ഷെ നമുക്ക് അവരെ കാണാൻ കഴിഞ്ഞെന്നു വരില്ല. കാരണം സ്വാതന്ത്ര്യത്തെ മറ്റൊരു തലത്തിൽ അതിന്റെ എല്ലാ അർഥത്തിലും ആസ്വാദ്യതയോടുകൂടി അവർ അനുഭവിക്കുന്നു. പക്ഷെ ആ സ്വാതന്ത്ര്യം ചില സമയങ്ങളിൽ അവരുടെ ജീവിതത്തിൽ തന്നെ വിലങ്ങുതടിയായി ജീവിതം തന്നെ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തുന്നുണ്ട്. സാമൂഹികമായ ഇടപെടലുകളിൽ അവർ ഒറ്റപെട്ടു പോകുന്നു. ഒന്നിച്ചു സിനിമ കണ്ടും പറമ്പിൽ കറങ്ങിയും ചെറുപ്രായത്തിൽ തന്നെ മറ്റൊരാളിന്റെ സഹായമില്ലാതെ അധ്വാനിച്ച് ജീവിച്ചും ഇന്നത്തെ രീതിയിൽ പറഞ്ഞാൽ അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന രണ്ടു നാട്ടിൻപുറത്തുകാരി പെൺകുട്ടികൾ. രണ്ടു പേരും വിവാഹിതർ ആകുന്നു. ഒരാൾ കണ്ണൂരിൽ നിന്നും ഇങ്ങേ അറ്റത്തുള്ള കൊല്ലം ജില്ലയിലെക്ക് പറിച്ചു നടപ്പെടുന്നു.സ്വഭാവികമാ യും ദാക്ഷായണി അസ്വസ്ഥതപെടുന്നു. ഭർത്താവിന്റെ വീട് സ്വന്തം വീടായി കാണാൻ ശ്രമിക്കുന്നുണ്ടെകിലും അതിനവൾക്ക് കഴിയാതെ പോകുന്നു. അതിരുകൾ തമ്മിലുള്ള വേർതിരിവും മറ്റും അവൾക്ക് അവിടെ പുതുമ ആയിരുന്നു. അത്രയും നാൾ ദാക്ഷായണിയുടെ ഭർത്താവ് അവൾക്കൊപ്പം അവളുടെ വീട്ടിൽ ജീവിച്ചിരുന്ന ആളായിരുന്നു. എന്നാൽ ഭാര്യ എന്നതിനുപരി പെണ്ണ് അവൾ ഉയർന്ന് സ്വന്തമായി ഒരിടം കണ്ടെത്തുന്നു എന്ന തോന്നൽ ആണിക്കാരന് ശക്തമായതോടെ അവളെ അയാൾ ആ ഗ്രാമത്തിൽ നിന്ന് കൊണ്ട് പോകുന്നു.

കല്യാണിയുടെ ജീവിതം മറ്റൊരു ദിശയിലാണ് നീങ്ങിയത്.ആദ്യ ഭാര്യ മരിച്ച കോപ്പുകാരന്റെ രണ്ടാം ഭാര്യയായി ആ വീട്ടിലേക്ക് ചെന്ന് കയറിയെങ്കിലും ഭർത്താവിന്റെ മനസ്സിൽ ഒരു സ്ഥാനം നേടാൻ അവൾക്ക് കഴിഞ്ഞില്ല. അയാളുടെ അനിയൻ ലക്ഷ്മണൻ അവളെ കണ്ടെത്തി. അവളിലെ സ്ത്രീയെ അറിഞ്ഞു. അയാൾ അവളുടെ ശരീരത്തിന്റെ ഭാഗമായി. അതിനപ്പുറം ലക്ഷ്മണൻ അവൾക്ക് അനുജനോ മകനോ ആണ്. ലക്ഷ്മണന്റെ കുഞ്ഞു കല്യാണിയിൽ ജനിച്ചപ്പോഴും ഇതൊക്കെ സർവ്വസാധാരണമാണെന്ന മട്ടിൽ അയാളുടെ അമ്മ ചേയികുട്ടി അവളെ സ്നേഹിക്കുന്നു. പരസ്പരം സ്നേഹികുകയും അതേ സമയം കടിച്ചു കീറുകയും ചെയുന്ന ആ അമ്മയുടെയും മകളുടെയും മറ്റൊരു കാഴ്ചയാണ് നൽകുന്നത്

കല്യാണിയുടെയും ദാക്ഷായണിയുടേയും കഥ പറയുമ്പോൾ തന്നെ അതിനിടയിലേക്ക് ഒരുപാട് സ്ത്രീ -പുരുഷന്മാർ കടന്നുവരുന്നു. അവരുടെ റോളുകൾ കഴിയുമ്പോൾ ഇറങ്ങി പോകുകയും ചെയുന്നു. കുഞ്ഞിപെണ്ണും പട്ടാളക്കാരനും അത്തരത്തിൽ പ്രത്യക്ഷപെടുന്നവരാണ്. താൻ സ്നേഹിക്കുന്ന തന്നെ സ്നേഹിക്കുന്ന പുരുഷൻ അടുത്തുള്ളപ്പോഴാണ് അവൾ എല്ലാ അർത്ഥത്തിലും പെണ്ണ് ആകുന്നത് എന്ന് കുഞ്ഞിപെണ്ണ് കാണിച്ചു തരുന്നു.

ദൃഢതയുള്ളവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും സ്ത്രീകളും പുരുഷന്മാരും കള്ളു കുടിക്കുന്നതും ബീഡി വലിക്കുന്നതുമെല്ലാം ഒരു സാധാരണ സംഭവം ആയി മാറുന്നു. സ്ത്രീപക്ഷ നോവലുകളിൽ കാണുന്ന സ്ഥിരം ക്ലീഷേകളിൽ നിന്നും വ്യത്യസ്തമായ ഒരു ഫ്രെയിം ഇവിടെ കാണാം. ഇതൊരു പുരുഷാധിപത്യത്തിനെതിരെയുള്ള സ്ത്രീപക്ഷ നോവൽ ആണെന്നുള്ള ചിന്ത പാടില്ല. കാരണം സ്ത്രീ പുരുഷ ജീവിതത്തിനു ഇടയിലേ ക്കുള്ള സമൂഹത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളാണ് നോവൽ അന്വേഷിക്കുന്നത്. പുരുഷനെ അടിച്ചമർത്തി സ്ത്രീയുടെ ഇടം കണ്ടെത്താൻ അല്ല മറിച് സങ്കടപ്പെടലുകളിലൂടെയും ഒറ്റപെടലുകളിലൂടെയും അതിജീവനത്തിലൂടെയും സ്വന്തമായ ഒരു വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമമാണ് അത്. തങ്ങളുടെ നേർക്ക് വരുന്ന സദാചാര ചോദ്യങ്ങൾ അവരെ ബാധിക്കുന്നതേയില്ല.
ഒരു ഉൾനാടൻ ഭാഷയിലൂടെ, അതിന്റെ കരുത്തിൽ ആ ഭാഷയുടെ തനിമകൾക്കിടയിൽ നിന്ന് പെണ്ണ് എന്ന പ്രതീകത്തെ വ്യത്യസ്തമായ ഒരു മാനത്തിൽ എഴുതിചേർക്കുകയാനിവിടെ. സ്വാതന്ത്ര്യത്തിന്റെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്ന് പെണ്ണിന്റെയൊരു സ്പേസ് കണ്ടെത്തുന്നു. സമഗ്രമായ ക്രാഫ്റ്റ് കൊണ്ട് നോവലിനെ അടയാളപ്പെടുത്തുമ്പോഴും സ്ഥിരമായ നോവൽ ഭാഷാശൈലികളുടെ ചട്ടക്കൂടുകൾ പൊളിച്ച് സരസമായ രീതിയിൽ ചടുലതയോടെ രാജശ്രീ നോവലിൽ അവതരിപ്പിക്കുന്നു.

Print Friendly, PDF & Email