OPINION നിരീക്ഷണം

ലിംഗസമത്വത്തെ പറ്റിയുംതമിഴിൽനിന്ന് വിവർത്തനം ചെയ്തത്.

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞ ഒരു കാര്യം ഇന്നത്തെ gender equality യുടെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതായത് ഭൂരിപക്ഷവും സ്ത്രീകൾ മാത്രമാണ് വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യുന്നത്. വീട്ടിലിരിക്കാൻ ബാധ്യതപ്പെട്ട പുരുഷന്മാരൊക്കെ വീട്ടുജോലികൾ ഏറ്റെടുത്ത് സ്ത്രീകളെ സഹായിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകമെങ്ങും പല സംസ്കാരങ്ങളിലും,കാലങ്ങളായി, സ്ത്രീകൾ മാത്രമാണ് വീട്ടിലെ മുഴുവൻ ജോലികളും ചെയ്യുന്നത്. നേരം കാലമെന്നൊന്നും ഇല്ലാതെ 24X7 സമയവും അവർ ജോലിയിലാണ് . അതിരാവിലെ ഉണർന്നു വീട്ടിലെ എല്ലാ ജോലിയും കഴിച്ച് എല്ലാവർക്കും ഭക്ഷണം കൊടുത്ത ശേഷം ബാക്കിയുള്ളത് കഴിച്ചു അവസാനം ഉറങ്ങാൻ വിധിക്കപ്പെട്ടവളാണ് കുടുംബത്തിലെ നല്ല സ്ത്രീ എന്ന ടൈറ്റിലിൽ ജീവിക്കുന്നവൾ.

ജോലി ചെയ്തിട്ടും കൂലിയില്ലാത്ത അസംഘടിത തൊഴിലാളികളാണ് കുടുംബ സ്ത്രീകൾ. ഒരു സ്ത്രീ തന്റെ കുടുംബത്തിലെ ജോലിക്ക് മാത്രമായി വീട്ടിനകത്ത് പല കിലോ മീറ്റർ ദൂരത്തിന്റെ അത്രയും നടക്കുന്നുണ്ട് എന്ന പല ഗവേഷണങ്ങളും പറയുന്നുണ്ട്. ഇതൊക്കെ ചെയ്തു കാലും നടുവും തേഞ്ഞു പോയാലും ‘ എനിക്ക് ജോലിയൊന്നുമില്ല ഞാൻ വെറുതെ വീട്ടിലിരിക്കുകയാണ് എന്നാണു അജ്ഞതകൊണ്ട് ഈ സ്ത്രീകളും സ്വയം പറയുന്നതും. 1995 ൽ ചൈനയുടെ തലസ്ഥാന നഗരം ബെയ്‌ജിങ്ങിൽ നടന്ന വേൾഡ് കോൺഫറൻസ് ഓൺ വുമൻ, സവിശേഷമായ ഒരു കാര്യം ചർച്ച ചെയ്തു. പുറത്ത് ജോലി ചെയ്യുന്ന പുരുഷന് കിട്ടുന്ന വരുമാനം അവനെ സംരക്ഷിക്കുന്ന അവനു വേണ്ടി തങ്ങളുടെ നേരവും ഊർജ്ജവും ചിലവിടുന്ന വീട്ടിലെ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്. . അതുകൊണ്ട് പുരുഷന്മാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് സ്ത്രീകൾക്ക് നൽകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചായിരുന്നു അത്

ഒരു തൊഴിലാളി തന്റെ അദ്ധ്വാനത്തിനു വേണ്ടി ചിലവിടുന്ന ഊർജത്തെ തിരിച്ചെടുക്കുന്നതിനുള്ള മൂല്യമാണ് അയാൾ ഉണ്ടാക്കിയ പ്രൊഡക്ടിന്റെ വില. അത് അയാളുടെ കൂലിയാകണം എന്ന് കാറൽ മാർക്സ് പറയുന്നു. അയാളെ അതിനു സഹായിക്കുന്നത് കുടുംബത്തിൽ നിന്നും കിട്ടുന്ന സംരക്ഷണവും ഭക്ഷണവും സ്വസ്ഥതയും വിനോദവും ഒക്കെയാണ് . അത് നമ്മുടെ സംസ്കാരത്തിൽ സ്ത്രീകളാണ് ചെയ്യുന്നത് . അവളുടെ അദ്ധ്വാനത്തിന്റെ മൂല്യ നിർണ്ണയം ആരും ശ്രദ്ധിക്കാറില്ല. അത് അവൾക്ക് കിട്ടേണ്ടതിന്റെ ആവശ്യകതയെ ആ കോൺഫറസിൽ മുന്നോട്ടുവച്ചു.

ഇത് മനസ്സിലാക്കിയത് കൊണ്ടാവാം, ശ്രീ പിണറായി വിജയൻ പുരുഷന്മാരോട് ഇന്നത്തെ കൊറോണ ലോക്ക് ഡൌൺ സമയത്തെങ്കിലും വരുമാനമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ അദ്ധ്വാന ഭാരത്തെ പങ്കിടണമെന്ന അഭിപ്രായം പറഞ്ഞത്. വീട് വൃത്തിയാക്കുക , കുട്ടികളെ സംരക്ഷിക്കുക വസ്ത്രങ്ങൾ അലക്കുക അടുക്കുക പാത്രങ്ങൾ വൃത്തിയാക്കുക കുട്ടികളെ പഠിപ്പിക്കുക ഭക്ഷണം ഉണ്ടാക്കുക. വീട്ടു സാധനങ്ങൾ വാങ്ങിക്കുക, തുടങ്ങി എത്ര എത്ര ജോലികൾ. ഇതിനെ സാധാരണവൽക്കരിച്ച് കാണാതെ പുരുഷന്മാർക്കും കുടുംബത്തിലെ സ്ത്രീകളുടെ അദ്ധ്വാനത്തിന്റെ വിലയും വേദനയും മനസ്സിലാക്കാനുള്ള നല്ലൊരു അവസരമായി കാണാൻ പിണറായി ആഹ്വാനം ചെയ്തത് അഭിനന്ദനാർഹമാണ്. ഇതുപോലൊരു അസാധാരണമായ സന്ദർഭത്തിൽ ലിംഗ സമത്വത്തിനെക്കുറിച്ചു യാതൊരു ബോധവുമില്ലാത്ത പുരുഷന്മാർക്ക് അതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കാൻ സാധിക്കും എന്ന് അദ്ദേഹം നിരീക്ഷിച്ചു കാണും.

ഇത്രേം കാലം ഇടതു സർക്കാരിന്റെ കേരളത്തിൽ പല തുറകളിലും പുരുഷന്മാർ ജോലി ചെയ്തിരുന്നല്ലോ. അപ്പോഴൊന്നും ഈ സിദ്ധാന്തം ഇദ്ദേഹത്തിന് എന്തുകൊണ്ട് തോന്നിയില്ല, മാത്രമല്ല ഈ അടിയന്തരാവസ്ഥയിൽ വീട്ടിൽ ഇരിക്കുന്ന പുരുഷന്മാർക്ക് എന്ത് ജോലിക്കൊടുക്കണമെന്ന് ആലോചിച്ചുറച്ചു കുടുംബത്തിന്റെ ഉള്ളിൽ തന്റെ സ്റ്റൈൽ ഓഫ് ഗവർണൻസ് നടത്താൻ തീരുമാനിച്ചോ മുഖ്യൻ എന്ന പരിഹാസങ്ങളും വരുന്നുണ്ടാവാം..

പക്ഷെ ലിംഗ സമത്വത്തിന്റെ ഈ നല്ല ചിന്തകളെ ശരിയായ സമയത്ത്, അതിന്റേതായ ഔചിത്യത്തോടെ കേരള മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതാർഹമാണ് എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും പുരുഷാധിപത്യത്തെ ഏറെ ഇഷ്ടപ്പെടുന്ന മലയാളി സമൂഹത്തിൽ ശ്രീ പിണറായിയുടെ അഭിപ്രായം തികച്ചും പ്രസക്തമാണ്

Print Friendly, PDF & Email