കഥ

സൈക്കിൾ സവാരിസി.സന്തോഷ് കുമാർ

അപരിചിതമായ വഴികളിലൂടെ സൈക്കിൾ സവാരി നടത്തുക എന്നത് ഞാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു. അപരിചിതം എന്നതു കൊണ്ട് ഞാൻ ഉദ്യേശിച്ചത് വിദൂരവും അന്യവുമായ ഏതെങ്കിലും ദേശത്തെ വഴികൾ എന്നല്ല. സ്വന്തം നാട്ടിലെയും തൊട്ടയൽ നാടുകളിലെയും അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികൾ എന്നാണ്. സ്വന്തം നാട്ടിലെ തന്നെ എല്ലാ വഴികളിലൂടെയും സഞ്ചരിച്ചിട്ടുണ്ട് എന്ന് നെഞ്ചിൽ കൈ വെച്ച് പറയാൻ നിങ്ങളിലാർക്കും തന്നെ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കും അതിന് കഴിയില്ല;അപരിചിതമായ വഴികളിലൂടെ ഞാൻ സൈക്കിൾ സവാരി നടത്തുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിൽ കൂടി.

എന്തെങ്കിലും ലക്ഷ്യം മുന്നിൽ കണ്ടിട്ടൊന്നുമായിരുന്നില്ല എന്റെ ഈ സവാരി.ലക്ഷ്യം മുന്നിലുണ്ടായാലുള്ള ഒരു കുഴപ്പം നിശ്ചിതമായ ഒരു മാർഗ്ഗം തെരഞ്ഞെടുക്കേണ്ടി വരും എന്നുള്ളതാണ്.
എന്നെസ്സംബന്ധിച്ചിടത്തോളം ഏതെങ്കിലും ലക്ഷ്യത്തിലോ അതിലേയ്ക്കു നയിക്കുന്ന നിശ്ചിതമായ എതെങ്കിലും മാർഗ്ഗത്തിലോ തളഞ്ഞു കിടക്കുന്നതിനോളം വലിയ പേടി സ്വപ്നം വേറെയില്ല .ലക്ഷ്യത്തെക്കുറിച്ച് വേവലാതി ഇല്ലാതിരിക്കുകയും മാർഗ്ഗത്തിൽ അഭിരമിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമാണ് എന്റേത്.

സൈക്കിൾ ചവിട്ടുക എന്നത് കറങ്ങുന്ന രണ്ടു ചക്രങ്ങളുടെ ഇടപെടൽ ഉണ്ടെങ്കിൽക്കൂടി നടത്തം പോലെ തന്നെ തീർത്തും ജൈവികമായ ഒരു പ്രവൃത്തിയാണ്.അവിടെ ബൈക്കോ കാറോ ഓടിക്കുമ്പോഴെന്നതു പോലെ ഒരു യന്ത്രവും നമ്മളുമായി വേഗത്തിന്റെയും സൂക്ഷ്മതയുടെയും കാര്യത്തിൽ നിശ്ചിതമായ കണക്കുകൾ പുലർത്തിക്കൊണ്ടിരിക്കേണ്ട ആവശ്യമില്ല. വശങ്ങളിൽ നമ്മെക്കടന്നു പോകുന്ന കാഴ്ചകളിലൊന്നും ശ്രദ്ധയൂന്നാൻ അനുമതിയില്ലാതെ സദാ സമയവും മുന്നിലെ റോഡിൽത്തന്നെ ദൃഷ്ടിയുറപ്പിച്ചു നിറുത്തേണ്ടതുമില്ല. സൈക്കിൾ സവാരി നടത്തം പോലെ തന്നെ ജൈവികമായ ഒരു പ്രവൃത്തിയാണെങ്കിലും നടത്തത്തേക്കാൾ ആയാസരഹിതവും വിശ്രമാവസ്ഥ പ്രദാനം ചെയ്യുന്നതുമായ ഒന്നാണ് . നടത്തം എന്നത് യഥാർത്ഥത്തിൽ കാലുകൾ മുന്നോട്ടു ചലിപ്പിച്ചു കൊണ്ടുള്ള നില്പുതന്നെയാണ്. സൈക്കിൾ സവാരിയാകട്ടെ, കാലുകൾ താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിക്കുന്നുണ്ടെങ്കിലും ആത്യന്തികമായി ഇരിപ്പും. അതു കൊണ്ടു തന്നെ നടത്തത്തിന് ഇല്ലാത്ത ഒരു സ്വാസ്ഥ്യം, ഇരുന്നു കൊണ്ട് മുന്നോട്ടു ചലിക്കുന്നതിന്റെ സ്വാസ്ഥ്യം, സൈക്കിൾ സവാരിക്കുണ്ട്. വഴിക്കാഴ്ച്ചകൾക്ക് ഉള്ളിലേയ്ക്കു കുതിർന്നിറങ്ങാനും അവയിൽ ചില കാഴ്ചകൾക്ക് ഒപ്പം പോരാനും നമുക്ക് സാവകാശം നൽകുന്നത് ഈ സ്വാസ്ഥ്യമാണ്.

ഇപ്പറഞ്ഞതിൽ നിന്ന് ഞാൻ സൈക്കിളിൽ മാത്രമല്ല ബൈക്കിലും കാറിലും കൂടി സവാരി ചെയ്യുന്ന ആളാണെന്നും ഇഷ്ടമുള്ള സമയത്ത് അപരിചിതമായ വഴികളിലൂടെ സൈക്കിളിൽ സവാരി ചെയ്യുന്നതാണ് എന്റെ പ്രധാന ജോലി എന്നും നിങ്ങൾ തെറ്റിദ്ധരിച്ചു പോകാനിടയുണ്ട്. പക്ഷേ യാഥാർത്ഥ്യം അതല്ല. എനിക്ക് സ്വന്തമായുള്ള വാഹനം ഒരു സൈക്കിൾ മാത്രമാണ്. അതും നന്നെ പഴയത്. എണ്ണയൊക്കെയിട്ട് സൂക്ഷിക്കുന്നതു കൊണ്ട് എപ്പൊഴും നല്ല കണ്ടീഷനിലായിരിക്കുമെന്നു മാത്രം. അപരിചിതമായ വഴികളിലൂടെ സൈക്കിൾ സവാരി നടത്താൻ എനിക്ക് അവസരം ലഭിക്കുന്നത് ആഴ്ചയിൽ അര ദിവസം മാത്രമാണ്.ഞായറാഴ്ച ഉച്ചതിരിഞ്ഞതിനു ശേഷമുള്ള സമയം.ഞാൻ സപ്ലൈയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ നിന്ന് എനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അവധിയുടെ സമയം അതാണ്. സപ്ലൈയർ എന്നു പറയുന്നെന്നേയുള്ളു. എച്ചിലെടുക്കുക, മേശ തുടയ്ക്കുക, പാത്രം കഴുകുക തുടങ്ങി എല്ലാ ജോലികളും ചെയ്യേണ്ടതായിട്ടുണ്ട് . എന്റെ മുതലാളി ആളൊരു മുഠാളനാണ്. അനുസരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. എന്തെങ്കിലും അതൃപ്തി പ്രകടിപ്പിച്ചാൽ ഉടൻ മുതലാളിയുടെ കുത്തുവാക്കുണ്ടാവും: ‘ലക്ഷ്യബോധമില്ലാത്ത നിന്നെയൊക്കെ വേറെ എന്തിനു കൊള്ളാം.’

പ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ തൊട്ടു മുന്നിലായിരുന്നു ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടൽ. മണിക്കൂറുകളോളം ക്യൂ നിന്ന് ഭഗവാനെ ദർശിച്ചിട്ടു വരുന്ന ഭക്തന്മാരായിരുന്നു കസ്റ്റമേഴ്സ്. ഓർഡർ നൽകിക്കഴിഞ്ഞാൽ അടുത്ത നിമിഷം അവർക്ക് ഭക്ഷണം മേശപ്പുറത്ത് എത്തണമായിരുന്നു. വൈകിയാൽ പരുഷമായി ചീത്ത വിളിക്കാൻ അവർ മടിയൊന്നും കാണിച്ചിരുന്നില്ല.എത്രകണ്ട് ഓടിയാലും എല്ലായിടത്തും എനിക്ക് സമയത്ത് എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. അതിന് മുതലാളിയുടെ വക ചീത്ത വേറെ കേൾക്കണമായിരുന്നു.

ഇതിനു മുമ്പ് ഞാൻ ജോലി ചെയ്തിരുന്നത് ബിവ്റേജസ് ഔട്ട്ലെറ്റിന്റെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു.മദ്യപന്മാരായിരുന്നു അവിടെ പ്രധാനമായും കസ്റ്റമേഴ്സ്.ഭക്തന്മാരായ കസ്റ്റമേഴ്സിനെ വെച്ചു നോക്കുമ്പോൾ അവർ ദൈവങ്ങളായിരുന്നുവെന്ന് പറയണം.ഇടയ്ക്ക് രണ്ട് തെറിയൊക്കെ വിളിക്കുമെങ്കിലും അവർക്ക് എന്നോട് ഒരു സഹാനുഭൂതിയൊക്കെയുണ്ടായിരുന്നു.ശമ്പളമൊന്നും കൃത്യമായി തന്നിരുന്നില്ലെങ്കിലും അവിടുത്തെ മുതലാളിക്ക് എന്നോട് സഹോദര നിർവിശേഷമായ സ്നേഹമായിരുന്നു.ആ ഹോട്ടൽ പക്ഷേ പൂട്ടിപ്പോയി. വൈകിട്ടു മാത്രം രണ്ടു പെഗ് മദ്യം കഴിച്ചിരുന്ന മുതലാളി ബിവ്റേജസിന്റെ സാമീപ്യം നൽകിയ പ്രലോഭനത്തെ അതിജീവിക്കാൻ കഴിയാതെ രാവിലെയും ഉച്ചയ്ക്കും ഇടനേരങ്ങളിലും കൂടി രണ്ടു പെഗ് വീതം കഴിക്കാൻ തുടങ്ങിയതായിരുന്നു കാരണം.

ചിട്ട എന്നാൽ എന്താണെന്ന് എന്റെ ഇപ്പൊഴത്തെ മുതലാളിയെ കണ്ടു പഠിക്കണം. കച്ചവടത്തെ ദോഷകരമായി ബാധിക്കുന്ന യാതൊന്നും അദ്ദേഹം വെച്ചു പൊറുപ്പിച്ചിരുന്നില്ല. ശമ്പളം മറ്റിടങ്ങളിലേതിനെ അപേക്ഷിച്ച് അല്പം കുറവാണെങ്കിൽക്കൂടി ,കൃത്യമായി തന്നിരിക്കും. ആഴ്ചയിലൊരിക്കലുള്ള അര ദിവസത്തെ അവധിയിൽ ഒരിക്കലും കൈ കടത്തിയിരുന്നില്ല.സത്യത്തിൽ സൈക്കിൾ സവാരി നടത്താൻ കിട്ടുന്ന അര ദിവസത്തെ ആ അവധിക്കു വേണ്ടിയാണ് ഞാൻ ആഴ്ച മുഴുവൻ എല്ലുമുറിയെ പണിയെടുത്തിരുന്നത്.അങ്ങനെ നോക്കുമ്പോൾ എനിക്കും ഒരു ലക്ഷ്യബോധമൊക്കെയുണ്ടെന്ന് നിങ്ങൾക്ക് സമ്മതിച്ചു തരേണ്ടി വരും.

മുതലാളിയെ പ്രതി എനിക്ക് അദ്ഭുതം തോന്നിയിരുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ മുന്നിൽ വന്നു പെടുന്നതോടെ സ്ത്രീകൾ ചഞ്ചലചിത്തരായി മാറുന്നു എന്നുള്ളതായിരുന്നു. മുതലാളിയുടെ മുഖത്തു നിന്ന് കാല്പനികമായ ഒരു നോട്ടമോ ശൃംഗാരം നിറഞ്ഞ ഒരു ചിരിയോ പുറപ്പെടുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും ക്യാഷ് കൗണ്ടിലിരിക്കുന്ന മുതലാളിയുടെ മുമ്പിൽ നിൽക്കുമ്പോൾ സ്ത്രീകളായ കസ്റ്റമേഴ്സിന്റെ കൈവിരലുകൾ വിറകൊള്ളുന്നതും മേൽച്ചുണ്ടിൽ വിയർപ്പു പൊടിയുന്നതും കൃഷ്ണമണികൾ ഒരു കയത്തിൽ പെട്ടിട്ടെന്ന പോലെ വട്ടം കറങ്ങുന്നതും സ്ഥിരം കാഴ്ചയായിരുന്നു. അവരുടെ മുലഞെട്ടുകൾ കൂടി അപ്പോൾ ത്രസിക്കുന്നുണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു.മുതലാളിയുടെ ഭാവം പക്ഷേ അചഞ്ചലമായിരുന്നു.മുകളിലേയ്ക്കു പിരിച്ച നരകയറിയ മീശയിലും സ്ഥൈര്യമുള്ള കണ്ണുകളിലും ആജ്ഞാശക്തി മാത്രം സ്ഫുരിച്ചു നിന്നു.ഒരു പുരുഷനായ എനിക്ക് തിരിച്ചറിയാൻ കഴിയാത്ത എന്തോ ഒന്ന് അദ്ദേഹം തന്റെ മുന്നിൽ വന്നു പെടുന്ന സ്ത്രീകളുടെ നേർക്ക് പ്രസരിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. അതെന്താണെന്ന് തിരിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞിരുന്നില്ല.

അപരിചിതമായ വഴികളിലൂടെ സൈക്കിൾ സവാരി നടത്തുന്നതിനിടെയാണ് മുഖപരിചയം മാത്രമുള്ള പലരെയും അവരുടെ വീടിന്റെ പശ്ചാത്തലത്തിൽ എനിക്കു കണ്ടുമുട്ടാനായിട്ടുള്ളത്. ആശുപത്രി, ഹോട്ടൽ, ബസ് സ്റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ച് സ്ഥിരമായി കണ്ടുമുട്ടുന്നതിലൂടെ നമുക്ക് പരിചിതരായിത്തീരുന്ന ചില മനുഷ്യരുണ്ടല്ലോ. അവരുടെ പേരെന്തെന്നോ വീടെവിടെയെന്നോ ഒന്നും നമുക്ക് അറിയുന്നുണ്ടാകില്ല. തമ്മിൽ കാണുമ്പോൾ നിശ്ശബ്ദമായ ഒരു പുഞ്ചിരി കൈമാറുക മാത്രമേ ചെയ്യുന്നുണ്ടാവൂ.ഒരു പൊതു ഇടത്തിൽ സന്നിഹിതനാകാൻ പാകത്തിലുള്ള വസ്ത്രധാരണത്തിലും ശരീരഭാഷയിലുമായിരിക്കും അവരെ നമ്മൾ എല്ലായ്പ്പോഴും കണ്ടിട്ടുണ്ടാവുക. സൈക്കിളിൽ ഒരു വളവു തിരിഞ്ഞ് ചെല്ലുമ്പൊഴായിരിക്കും അങ്ങനെ മുഖപരിചയം മാത്രമുള്ള ഒരാൾ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന നിലയിൽ അല്ലെങ്കിൽ ഒരു കൈലിമുണ്ടു മാത്രമുടുത്ത് പറമ്പിൽ എന്തെങ്കിലും കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന നിലയിൽ അതുമല്ലെങ്കിൽ മുറ്റത്ത് കസേരയിട്ട് വെറുതെ ആകാശം നോക്കി ഇരിക്കുന്ന നിലയിൽ മുമ്പിൽ പ്രത്യക്ഷനാകുക.ആ വേഷത്തിലും പശ്ചാത്തലത്തിലും അത്തരം മനുഷ്യരെ തിരിച്ചറിയുക എന്നത് പൊതു ഇടങ്ങളിൽ വച്ചു മാത്രം അവരെ കണ്ടിട്ടുള്ള ഒരാളെസ്സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. എനിക്ക് പക്ഷേ ഒറ്റനോട്ടത്തിൽ തന്നെ അവരെ തിരിച്ചറിയാൻ സാധിച്ചിരുന്നു.നമ്മൾ ഒരാളെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അയാളുടെ പുറംമോടിക്കും പെരുമാറ്റത്തിനും ഒക്കെ അപ്പുറം അയാളിലെ യഥാർത്ഥ മനുഷ്യൻ എങ്ങനെയായിരിക്കും എന്ന് മനസ്സുകൊണ്ട് വെറുതെ ഒരന്വേഷണം നടത്താറുണ്ടല്ലോ. ഞാൻ ഒരു പടി കൂടി കടന്ന് ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ വെച്ച് അയാളെ എന്റേതായ രീതിയിൽ ഒന്നു പുന:സൃഷ്ടിക്കുമായിരുന്നു.അങ്ങനെ പുന:സൃഷ്ടിക്കപ്പെട്ട രൂപങ്ങൾ വച്ചാണ് ഞാൻ അവരെ തിരിച്ചറിഞ്ഞിരുന്നത്. എന്നെ കാണുന്ന മാത്രയിൽ അവരുടെ മുഖത്ത് തെറ്റു ചെയ്തതിന് കൈയോടെ പിടിക്കപ്പെട്ടവരുടേതു പോലുള്ള ഒരു ജാള്യം പ്രകടമാകാറുള്ളത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏതവസ്ഥയിലും സ്വന്തം ഹൃദയത്തെ മുഖത്തു പ്രതിഷ്ഠിക്കാനുള്ള സിദ്ധി നേടിയില്ലാത്തതിനാൽ മനുഷ്യർക്ക് അനുഭവിക്കേണ്ടി വരുന്ന നിസ്സഹായതയായിരുന്നു അത്.

അന്ന്, ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള എന്റെ സൈക്കിൾ സവാരി വിശാലമായ ഒരു വയലിനെ രണ്ടായി മുറിച്ച് നീണ്ടുപോകുന്ന വിജനമായ ഒരു നിരത്തിലൂടെയായിരുന്നു.
കറുത്ത ടാർ നിരത്ത് സായാഹ്നത്തിന്റെ വെയിലേറു കൊണ്ട് തിളങ്ങിക്കിടന്നു. വയലിന്റെ തുറസ്സിൽ കാറ്റ് വിരാമമില്ലാതെ വീശി. ഇളം പ്രായത്തിലുള്ള നെൽച്ചെടികളുടെ പച്ച നിരത്തിനിരുവശവും സമുദ്രം പോലെ തിരയടിച്ചു.

നേരം പിന്നിട്ടതോടെ വെയിൽ വറ്റുകയും കുങ്കുമ നിറം പൂണ്ട സന്ധ്യ പടിഞ്ഞാറൻ ചക്രവാളത്തിലൂടെ എനിക്കു സമാന്തരമായി സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പാഴാണ് വയലിനു നടുവിൽ ഒറ്റപ്പെട്ട ഒരു വീട് എന്റെ കണ്ണിൽ പെട്ടത്. ചെങ്കല്ലു കെട്ടി ഓടുമേഞ്ഞ ഒരു വീടായിരുന്നു അത്.പ്രധാന നിരത്തിൽ നിന്ന് ആ വീട്ടിലേയ്ക്ക് ഒരു മൺപാത നീണ്ടുപോയിരുന്നു. വീടിന് അഭിമുഖമായി വെളുത്ത ഷർട്ടും വെളുത്ത മുണ്ടും ധരിച്ച ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. വാതിലിൽ മുട്ടിയിട്ട് കാത്തുനിൽക്കുന്ന ഒരു സന്ദർശകന്റെ മട്ടും മാതിരിയുമുണ്ടായിരുന്നു അയാൾക്ക്. പെട്ടെന്നാണ് ഞാൻ ആളെ തിരിച്ചറിഞ്ഞത്. ഞാൻ ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുതലാളിയായിരുന്നു അത്.വയലിനു നടുവിലെ അപരിചിതമായ ഒറ്റപ്പെട്ട ഈ വീട്ടിൽ മുതലാളിക്ക് എന്താണ് കാര്യം എന്ന് ഞാൻ അദ്ഭുതപ്പെട്ടു. സൈക്കിൾ നിരത്തു വക്കിലെ ഒരു തെങ്ങിന്റെ മറവു പറ്റി നിർത്തി ഞാൻ അല്പനേരം കാത്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റെ വാതിൽ തുറക്കപ്പെടുകയും മുതലാളി അകത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.തൊട്ടു പുറകെ വീടിന്റെ വാതിലടഞ്ഞു. പിന്നെ കേട്ടത് വലിയ ഒരു നിലവിളിയായിരുന്നു.വയലിന്റെ വിജനതയിൽ ആ നിലവിളി രണ്ടു തവണ കൂടി ഉയർന്നു.ഞാൻ സൈക്കിൾ ഉപേക്ഷിച്ച് ആ വീടിനു നേർക്കു പാഞ്ഞു. അടഞ്ഞു കിടന്ന വാതിലിൽ ശക്തിയായി ഇടിച്ചു.കറുത്ത്, ഉയരമുള്ള ഒരു മനുഷ്യനാണ് വാതിൽ തുറന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അശ്ലീലം എന്നു വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള വസ്ത്രധാരണമായിരുന്നു അയാളുടേത് .വീതി കുറഞ്ഞ, നിറം മങ്ങിയ ഒരു തോർത്താണ് അയാൾ ആകെ ഉടുത്തിരുന്നത്. അതും പൊക്കിളിൽ നിന്ന് വളരെ താഴ്ത്തി. തോർത്തിന്റെ താഴത്തെയറ്റം അയാളുടെ തുടയുടെ പകുതി പോലും എത്തുന്നുണ്ടായിരുന്നില്ല.ഉയരമുള്ള ശരീരത്തിനു യോജിക്കുന്ന മട്ടിൽ നീണ്ട ഒന്നായിരുന്നു അയാളുടെ മുഖം. കണ്ണുകളിൽ ഒരു തിള ശമിച്ചടങ്ങിയതു പോലെയുണ്ടായിരുന്നു. വീടിനുള്ളിൽ അസഹ്യമായ ചൂട് നിറഞ്ഞു നിന്നിരുന്നു. ജനലുകളൊക്കെ കൊട്ടിയടയ്ക്കപ്പെട്ടിട്ടുള്ള നിലയിലായിരുന്നു.പുറത്തെ സമൃദ്ധമായ വയൽക്കാറ്റിന് വീടിനുള്ളിലേക്ക് പ്രവേശനം നിഷേധിച്ചതു പോലെയുണ്ടായിരുന്നു.

ഒരു ബീഡിക്ക് തീ കൊളുത്തി പുകയെടുത്തിട്ട് അയാൾ എന്നോടു പറഞ്ഞു, “ഇക്കാണുന്ന വയലിന്റെ പകുതീം പുള്ളീടെയായിരുന്നു. ഞാനായിരുന്നു തലപ്പണിക്കാരൻ ”

ഞാൻ നിശ്ശബ്ദനായി നിന്നു.

” നിലമറിഞ്ഞു വിതയ്ക്കണം, ആരായാലും”അയാൾ ഒരു പുക കൂടി എടുത്തു കൊണ്ടു പറഞ്ഞു, ” അല്ലെങ്കിൽ വിളവെടുക്കാതെ പോകേണ്ടി വരും.”

പെട്ടെന്ന് ഒരു സ്ത്രീയുടെ അടക്കിയ കരച്ചിൽ വീടിനുള്ളിൽ എവിടെയോ നിന്ന് കേട്ടതു പോലെ എനിക്കു തോന്നി.

എന്റെ മുഖത്തുണർന്ന ഉദ്വേഗം അയാളുടെ കൂർത്തു വന്ന ഒരു നോട്ടത്തിൽ അസ്തമിച്ചു പോയി.

മുറ്റത്തെ അയയിൽ ഒരു സ്ത്രീയുടെ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നത് ഞാൻ കൺകോണുകൾ കൊണ്ട് കണ്ടു.

“ഒന്നു സഹായിക്കുമോ?” അയാൾ എന്നോടു ചോദിച്ചു.

ഞാൻ അയാൾ നയിച്ചതിൻ പ്രകാരം അകത്തെ മുറിയിലേക്കു നടന്നു.അവിടെ മുതലാളിയുടെ ജഡം ചോരയിൽ കുതിർന്ന് കിടക്കുന്നുണ്ടായിരുന്നു.

” ഞാൻ കൈയ്ക്ക് പിടിക്കാം, ” അയാൾ പറഞ്ഞു, “നിങ്ങൾ കാലിൽ പിടിച്ചാൽ മതി.”

ഞാൻ നിശ്ശബ്ദനായി അനുസരിച്ചു.

മുതലാളിയുടെ ജഡം കൈയിലും കാലിലുമായി തൂക്കിപ്പിടിച്ചു കൊണ്ട് വീടിനു പുറകിലെത്തിയപ്പോൾ അയാൾ
പറഞ്ഞു, ” റെഡി വൺ, ടൂ, ത്രീ … “

ഞങ്ങൾ മുതലാളിയെ ഒരു ഊഞ്ഞാലിലെന്നതു പോലെ മൂന്നു തവണ ആട്ടിയിട്ട് വയലിലെ ചെളിനിറഞ്ഞ കുളം പോലെയുള്ള ഒരു ഭാഗത്തേയ്ക്ക് വലിച്ചെറിഞ്ഞു.

” കായൽ നിലങ്ങളിൽ ഇതുപോലെയുള്ള ചില ഇടങ്ങളുണ്ട്”, അയാൾ പറഞ്ഞു, “ചില്ലിത്തെങ്ങിന്റെയത്രയും ആഴത്തിൽ കുഴമ്പു പോലെ ചെളിയായിരിക്കും. ആന വീണാൽ പോലും കാണാൻ കിട്ടുകേല.”

മുറ്റത്ത് ഒരു പാത്രത്തിൽ വെച്ചിരുന്ന വെള്ളത്തിൽ കൈയും മുഖവും കഴുകിയതിനു ശേഷം അയാൾ വീടിനു പുറകിൽ നിന്ന് ഒരു കെട്ട് മരക്കമ്പുകളും ഒരു കമ്പിപ്പാരയുമായി വന്നു.

“കുറെയായി വിചാരിക്കുന്നു വീടിനു ചുറ്റും ഒരുവേലി കെട്ടണമെന്ന് ,” അയാൾ പറഞ്ഞു, “ഗന്ധരാജന്റെ കമ്പുകളാ. പൂത്തു കഴിഞ്ഞാൽ ഇവിടം മുഴുവൻ മദിപ്പിക്കുന്ന മണമായിരിക്കും.”

കമ്പിപ്പാര കൊണ്ട് ആദ്യത്തെ കുഴിയെടുക്കുന്നതിനിടയിൽ അയാൾ തുടർന്നു, “എന്നാൽ നിങ്ങൾ ചെന്നാട്ടെ. എനിക്ക് ഇന്നു രാത്രി കൊണ്ട് ഈ വേലി കെട്ടി തീർക്കേണ്ടതുണ്ട്.”

അയാളുടെ വീട്ടിൽ നിന്ന് പുറത്തേയ്ക്കു നീളുന്ന മൺപാത സന്ധ്യയുടെ ചുവപ്പു വീണ് തുടുത്തിരുന്നു.

പെട്ടെന്ന് അയാൾ പിന്നിൽ നിന്നു വിളിച്ചു ചോദിച്ചു, “നിങ്ങളാരാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടില്ല എന്നു കരുതുന്നുണ്ടോ?”

ആ ചോദ്യം കേൾക്കാത്ത മട്ടിൽ ഞാൻ ധൃതിയിൽ നടന്നു.

ഉപേക്ഷിച്ചു പോന്ന സൈക്കിൾ വീണ്ടെടുത്ത് ഞാൻ സവാരി തുടരുമ്പോൾ നേരം നന്നെ താണിരുന്നു. കറുത്ത ടാർ നിരത്തിൽ നിന്ന് ഉറക്കമുണർന്നു വന്ന ഇരുട്ട് എനിക്ക് അകമ്പടി തരാൻ അപ്പോൾ കാത്തു നിന്നു.

Print Friendly, PDF & Email

About the author

സി. സന്തോഷ് കുമാർ

സി.സന്തോഷ് കുമാർ, കോട്ടയം സ്വദേശി
C & AG of India യിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ