കഥ

എന്റെ ആനമധുസൂദനൻ അപ്പുറത്ത്

എന്റെ ഉണ്ണീ….. നീ ഒന്ന് കളി നിർത്തി വരുന്നുണ്ടോ… എത്ര നേരായി….. തുടങ്ങീട്ട്….. വന്നു മേല്കഴുകി നമശ്ശിവായം ചെല്ലാനിരിക്ക്…..

ദാ വരുന്നു…. തെല്ലൊരു അമർഷം തോന്നാതില്ല….. ഇവനെ വിടാനേ തോന്നുന്നില്ല….. പാവം കൊമ്പ് ഒക്കെ എന്നോ പോയിരിക്കുന്നു…. ഒരു കാലും ഇല്ല….

അല്ല…. അവനെത്ര പ്രായം കാണും….. ഒരു നൂറു വയസ്സ്… ഹേ… പോരാ….. എന്റമ്മ…. ഒരു പക്ഷെ അമ്മയുടെ അമ്മ…. ഒക്കെ അവന്റെ കളികൂട്ടുകാരായിരുന്നിരിക്കണം….. ഒരു തിട്ടവും ഇല്ല…. അവന്റെ സ്ഥാനം എന്നും….. എന്റെ ഓർമ ശരിയാണെങ്കിൽ…. തറവാടിന്റെ നടു മുറ്റത്തിന്റെ ഭാഗത്തു നിന്നും മോളിലേക്ക് കേറുന്ന ഭാഗത്തായിരുന്നു എന്നാണ് എന്റെ ഓർമ….. ഏകദേശം പത്തറുപത് കൊല്ലമായില്ലേ…. ഓർത്തെടുക്കാൻ പറ്റുന്നില്ല….. ഇവന്റെ കൂടെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ….. പക്ഷെ അവർ പൂർണ ആരോഗ്യവാന്മാരും ആയിരുന്നു …. പക്ഷെ അവർ എനിക്ക് അപ്രാപ്യരായിരുന്നു….. പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ എന്റെ താവഴിക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്….. പക്ഷെ… മുടന്തനാണെങ്കിലും ഞാൻ അവനെ വളരെ അധികം സ്നേഹിച്ചു….. അവനെ കെട്ടിപ്പിടിച്ചുറങ്ങി …എന്തോ…. അവൻ കൂടെ ഉള്ളപ്പോൾ എന്തോ ഒരു സുരക്ഷിതത്വം എനിക്കനുഭവപ്പെട്ടിരുന്നു…..

കാലം ആർക്കും കാത്തു നിൽക്കാതെ ശരവേഗത്തിൽ കടന്നു പോയി…. കാലത്തിന്റെ കുത്തൊഴുക്കിൽ എനിക്ക് അവനെ എവിടെയോ നഷ്ടപ്പെട്ടു….. ഞാൻ വളർന്നു വലുതായി…. ജീവിതം കരുപ്പിടിപ്പാക്കാനുള്ള തത്രപ്പാടിൽ അവന്റെ ഓർമ എന്നിൽ നിന്നും പതുക്കെ പതുക്കെ വിട്ടകന്നു…..

ഉണ്ണീ….. ദാ അച്ഛൻ വിളിക്കുന്നു…..

എന്താ അച്ഛാ…..നീ നമ്മുടെ തട്ടുമ്പുറത്തു ഒന്ന് കേറി നോക്ക്…. ചിതൽ എത്ര കണ്ട് ഉണ്ട്…. ആവോ….

പാവം… ഈ തൊണ്ണൂറ്റി രണ്ടു വയസ്സിലും ഞങ്ങളെയും ഈ വീടിനെയും തലയിൽ ഏറ്റി നടക്കുന്നു…… അതീവ ശ്രദ്ധയോടെ….

ഞാൻ തട്ടുമ്പുറത്തേക്കു മെല്ലെ നുഴഞ്ഞു കയറി…. കൊല്ലങ്ങൾക്ക് മുൻപ് കയറിയതാണ്…… എന്റെ മനസ്സ് മന്ത്രിച്ചു….. നീ കുട്ടിക്കാലത്തു കേറി ഒളിച്ചിരുന്ന സ്ഥലം തന്നെ….. ശരിയാണ്…. അച്ഛൻ ദേഷ്യപ്പെടുമ്പോ…. അമ്മയെയും അച്ഛനെയും പേടിപ്പിക്കാൻ ഒളിച്ചിരുന്ന അതേ സ്ഥലം…… പ്രാവുകളുടെയും ചിലന്തികളുടെയും ഒക്കെ സങ്കേതം….. ഒരു ഉൾഭയം തോന്നാതില്ല……

എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല…. അതാ അവൻ…. ആ ഉത്തരത്തിന്റെ തരിപ്പിൽ ആരാരുമില്ലാതെ കിടക്കുന്നു….. ഞാൻ അവന്റെ അടുത്തേക്ക് മെല്ലെ മെല്ലെ ഞരങ്ങി നീങ്ങി….. മെല്ലെ അവന്റെ ദേഹത്ത് കയ്യുകൾ സ്പർശിച്ചു ….. ഈ കാലമത്രയും അവൻ എന്റെ വരവിനു വേണ്ടി മരിക്കാതെ കിടന്നതാണോ…. ഞാൻ അവനെ മാറോട് ചേർത്ത് പിടിച്ചു….. എനിക്ക് ലോകം തന്നെ തിരിച്ചു പിടിച്ച പ്രതീതി…… എനിക്ക് സുരക്ഷിതത്വം വീണ്ടും കൈ വന്നിരിക്കുന്നു…..

ഉണ്ണീ…. വീണ്ടും അച്ഛന്റെ വിളി….. എന്താ ചിതലുണ്ടോ….. ഇല്ല അച്ഛാ….. ഞാൻ ധൃതിയിൽ അവനെ മാറോട് ചേർത്ത് പിടിച്ച് തട്ടും പുറത്തേക്കുള്ള കോണി ഊഴ്ന്നിറങ്ങി…..

Print Friendly, PDF & Email