കവിത

ദുബായ് ജെല്ലിഞങ്ങളേതു നേരത്തും
കാണുമായിരുന്നു.
കറുപ്പ് പറ്റിയിട്ടും,
അപ്പന്റെ ജാതിയൊന്നും
ഞങ്ങളെ തൊട്ടില്ല.
നോട്ടക്കാരൊന്നും ഞങ്ങളെ തേടി വന്നില്ല..

കാണേണ്ടെടത്തെല്ലാം ഞങ്ങൾ, കണ്ടു
തൊട്ടു
പൂത്തു..

ശൈത്യമെത്തല്ലേയെന്നു മാത്രം
ഞങ്ങളൊരുമിച്ചാഗ്രഹിച്ചു.
തണുപ്പിൽ,
അവളുതന്നെയെന്നെ വിലക്കിയിരുത്തി.

പുറന്തൊലിയടർന്ന്
കയ്യുള്ളങ്ങൾ,
മുള്ളുപോലെ തളിർത്ത്
ചുണ്ടുകൾ വിണ്ട്
കണങ്കാലിനും മേലെ
പാമ്പിൻതൊലി കേറി,
എത്ര തേച്ചാലും
എണ്ണപറ്റാത്ത മേലുമായി
അവൾ മറഞ്ഞിരുന്നു..

സത്യമായിരുന്നു,
അന്നേരത്തൊക്കെ
എന്റെ കൈപ്പതുപ്പിലും
പിൻകഴുത്തിലും
മുള്ളാണിമുട്ടിയപോലെ
വിരലുകൾ പാഞ്ഞിരുന്നു.

* * *
ഇരുട്ടിൽ ചേർന്ന്
മുളിപ്പുല്ലിൽ മുക്കി
തുറന്ന കൈവിരിപ്പിൽ
പതുക്കെപുരട്ടുമ്പോൾ
ഉപ്പീലിയഴിച്ച വിരലുകൾ
നിലാവിൽ തെളിയുന്നു.

“ചുണ്ടിൽ തേക്കണ്ടാട്ടൊ…
മുറിവുണങ്ങിയാൽ
നീയെന്നെ മറക്കും “

Print Friendly, PDF & Email

About the author

മൃദുൽ വി എം

യുവ എഴുത്തുകാരൻ
യൂ പി ജയരാജ് സ്മാരക അവാർഡിന് അര്ഹനായിട്ട്ടണ്ട്
കാസറഗോഡ് ജില്ലയിലെ മീങ്ങോത്ത് സ്വദേശി