കഥ

തേഴ്സ്ഡേ നൈറ്റ്സ് 

നാലാമത്തെ ലാർജും കൂടി വീശിക്കഴിഞ്ഞപ്പോൾ മിസ്റ്റർ മേനോൻ നല്ല ഫോമിലായി …

“ഈ നായിന്റെ മക്കൾക്ക് മര്യാദക്കു ജീവിക്കാൻ പറ്റില്ലെങ്കിൽ അവർ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പോകട്ടെ ..നമ്മുടെ രാജ്യത്തിന് നമ്മുടേതായ ചില സാംസ്‌കാരിക മൂല്യങ്ങളും സമ്പ്രദായങ്ങളും …….”

മുറിയിൽ അബൂബക്കർ സാഹിബ് ഉള്ളത് ഓർമ്മവന്നതുകാരണം ആയിരിക്കാം , മേനോൻ പെട്ടെന്ന് നിർത്തി ..

അങ്ങനെ പാർട്ടി കൂടിയതൊന്നുമല്ല , ഗൾഫ് ജീവിതമല്ലേ , വ്യാഴാഴ്ച രാത്രിയല്ലേ ..

“നിങ്ങൾ അത് മാത്രം പറഞ്ഞു വിളിക്കേണ്ട , അഡ്മിഷൻ കെജി എന്നല്ല വലിയ ക്ലാസ്സിലേക്കും ഇല്ല , എന്ത് മറ്റേടത്തെ ബന്ധം പറഞ്ഞുവന്നാലും എന്നെക്കൊണ്ട് പറ്റില്ല ” — പൗലോസ് സാർ ആരോടോ ചൂടായതാണ് ,,,സ്‌കൂൾ അഡ്മിഷന് വേണ്ടി ശിപാർശക്കു വിളിച്ച ആരോടെങ്കിലും ആയിരിക്കാം ..

“തണുത്ത സോഡാ ഇല്ലേ ” പൗലോസ് സാർ മേനോനോടും ചൂടാവുന്നതുപോലെ തോന്നി ..

പച്ചനിറമുള്ള കുപ്പിയിൽ നിന്നാണ് മേനോൻ ഒഴിച്ചുകൊടുക്കുന്നത് ..എന്തോ തറവാടി ബ്രാൻഡ് തന്നെ . മേനോന്റെ മുഖത്ത് എന്തോ കുസൃതി ഒളിപ്പിച്ചതുപോലെ തോന്നി ,, പൗലോസ് സാറിന്റെ ശുണ്‌ഠി കണ്ടിട്ടാവണം ..

അബുബക്കർ സാഹിബ് എനിക്ക് നേരെ തിരിഞ്ഞിരുന്നു ശബ്ദംകുറച്ചു വിഷയം വീണ്ടും തുടങ്ങി … അസര്ബൈജാനീലെ മെഡിക്കൽ കോളേജിലെക്കു സീറ്റ് കിട്ടേണ്ട സംശയങ്ങൾ ആണ് .. മകൾ ഈ വർഷം 12 കഴിയും ,, നാട്ടിലെ എൻട്രൻസ് ടെസ്റ്റ് ഒന്നും തന്നെ ജയിക്കാൻ വഴിയില്ല , ഗൾഫുകാരനായതുകൊണ്ടു മക്കളെ ഡോക്ടറോ എഞ്ചിനീരോ ആക്കാതെ നിവൃത്തിയില്ല , ചൈനയിലേക്ക് ഇനി കടക്കാൻ വയ്യാത്തത് കൊണ്ട് പിന്നെ ആകെയുള്ള വഴി ജോർജ്ജിയയിലോ അസർബൈജാനിലോ പോയി പഠിക്കുക എന്നത് മാത്രമാണ് ..

മൃദലയുടെ രണ്ടാമത്തെ മെസ്സേജും വന്നു –“എപ്പോ വരും, ഭക്ഷണം എടുത്തു വെക്കണോ. വഴിയിൽ ചെക്കിങ് ഉണ്ടെന്നു ഓർമ്മ വേണം “. ഇനി മടങ്ങുന്നത് വരെ മെസ്സേജ് ചെയ്തു ശല്യപ്പെടുത്തിക്കൊണ്ടിരിക്കും .

കാളിങ് ബെൽ ശബ്ദിച്ചു .. “ആ കള്ളൻ ആയിരിക്കും” മേനോൻ പിറുപിറുത്തുകൊണ്ട് വാതിൽ തുറക്കാൻ എഴുന്നേറ്റു .. അൽപ്പസമയം കഴിഞ്ഞുഒരു കാർഡ്ബോർഡ് ബോക്സിൽ സോഡാ കാനുകളും , ടച്ചിങ്‌സുമായി അഷ്‌റഫ് അകത്തേക്ക് വന്നു . സൈക്കിൾ ഓടിച്ചുവന്നതുകൊണ്ടായിരിക്കും അയാൾ തളർന്നിരുന്നു .നരച്ച താടി ഷേവ് ചെയ്യാതെ കൂടുതൽ പ്രായം തോന്നിപ്പിച്ചു , കോളേജിൽ ജൂനിയർ ആയിരുന്ന ആ ഉശിരൻ പയ്യനാണോ ഇത് .

ടീവിയിലെ വാർത്തയിലേക്ക് കണ്ണ് നട്ടാൽ അഷ്‌റഫ് നു മുഖം കൊടുക്കാതെ ഇരിക്കാം ..അയാൾ പോകുന്നതുവരെ അതായിരിക്കും നല്ലതു . ഡൽഹിയിൽ വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന പോലീസിന്റെ വാർത്തയാണ് .പെൺകുട്ടി ഹിന്ദിയിൽ എന്തോ പറയുന്നു . മേനോൻ എന്തുകൊണ്ടാണ് ഈ വാർത്ത ചാനൽ തന്നെ വെക്കുന്നത് എന്ന് ചോദിയ്ക്കാൻ വയ്യ ..

“ഒരെണ്ണം ഒഴിക്കട്ടെ, ടോ ? ” മേനോൻ അഷ്റഫിന് ഗ്ലാസ് നീട്ടി . “വേണ്ട സാറേ” .. അബുബക്കർ സാഹിബിന്റെ മുഖം ഗൗരവത്തിലായി . “കഴിക്കാൻ പാടില്ലാത്തൊരെക്കൊണ്ട് ഇങ്ങക്കെന്താ കഴിപ്പിക്കാൻ ഇത്ര വാശി “. അതിനിടയിലും സാഹിബ് മതം കുത്തികേറ്റാൻ എന്തെങ്കിലും വകുപ്പുണ്ടോ എന്ന് നോക്കി .

“അങ്ങനെ കഴിക്കാൻ പാടില്ലാത്ത ഒന്നുമില്ല, വേണ്ടപോലെ കഴിച്ചിട്ടുണ്ട് ” അഷ്‌റഫ്ന്റെ ഉറച്ച ശബ്ദത്തിൽ മറുപടി സാഹിബിനെ തളർത്തിയെന്നു തോന്നി ..”പക്ഷെ ഇപ്പൊ കഴിക്കാറില്ല”. മേനോൻ ആർത്തട്ടഹസിച്ചു ചിരിച്ചു -“പണ്ട് തൻ്റെ കൂടെ കോളേജിൽ കുടിച്ച സഖാക്കളൊക്കെ ഇപ്പൊ വലിയ ആൾക്കാരായില്ലേ “..ചിരിയിൽ പൗലോസും സാഹിബും പങ്കെടുത്തത് കാണാത്തമട്ടിൽ ടീവിയിലേക്കു തന്നെ നോക്കി ..

കോളേജിന് പുറകിലെ ഊട്ടി എന്ന് വിളിപ്പേരുള്ള കാട് .. ഒരേ ഒരു പ്ലാസ്റ്റിക് ഗ്ലാസിൽ പകർന്നു സോഡയും ചേർത്ത് എല്ലാവരും മാറി മാറി കുടിക്കുന്നു .. ശിവൻ, മോഹനകൃഷ്ണൻ , അഷ്‌റഫ് , ആന്റോ , വിനോദ് , കൃഷ്ണകുമാർ …

ഷണ്മുഖന്റെ ഹോസ്റ്റൽ റൂമിൽ ഒളിപ്പിച്ചുവച്ചിരുന്ന വിലകുറഞ്ഞ ഒരു മദ്യം.

ഇലക്ഷൻ ജയിച്ച ആഹ്ലാദമായിരുന്നോ , അതോ യൂണിവേഴ്സിറ്റി കലോത്സവം നേടിയ ദിവസമോ ..

ബാൽക്കണിയിലേക്കു നോക്കി ജയ് ദീപ് ഇരുട്ടത്ത് നിൽക്കുന്നു ..എന്താ പ്രശ്നം .. എവിടെയാണ് ബാത് റൂം … ജയ്ദീപ് ആദ്യമായിട്ടാണ് മേനോന്റെ വീട്ടിൽ വരുന്നത് ..പുതുതായി ഒമാനിൽ നിന്ന് വന്ന മേനോന്റെ നാട്ടുകാരനാണു .

സിഗ് സാഗ് ബിൽഡിങ്ങിന്റെ പതിനാറാം നിലയിൽ നിന്ന് നോക്കിയാൽ ഒരു വശത്തു പേൾ ഖത്തറിന്റെ മനോഹരദൃശ്യം .. എതിർ വശത്തു സെൻറ് രെജിസ് ഹോട്ടലും കട്ടാര യും ..ആകെക്കൂടി ഒരു യൂറോപ്യൻ ലുക്ക് ..മേനോൻ വാങ്ങിയ ഫ്ലാറ്റ് കൊള്ളാം.. 99 കൊല്ലത്തെ ലീസിൽ മില്യൻസ് ചിലവാക്കിയാൽ വാങ്ങാവുന്ന അപാർട്മെന്റ് ..

എത്ര നാൾ കൂടി ഈ സമരം ഉണ്ടാവും – പൗലോസ് സാർന്റെ ആത്മഗതം അൽപ്പം ഉറക്കെ ആയി … “എവിടന്നു !!! ഇതൊക്കെ ചീറ്റിപ്പോകും” – മേനോന് കൊമ്പ് മുളച്ചു “ നിങ്ങൾ നോക്കിക്കോ , ഞങ്ങൾ ഇനി യൂണിഫോം സിവിൽ കോഡും കൊണ്ടുവരും”.. .എതിർത്ത് എന്തോ പറയാൻ സാഹിബ് തയ്യാറായതാണ് , പെട്ടെന്ന് ഫോൺ കാൾ വന്നത് നന്നായി .

“ഇമിഗ്രേഷൻ ചെക്ക് കഴിഞ്ഞോ – ലഗേജ് ഒക്കെ പോയില്ലേ — സൂക്ഷിക്കണം – മാസ്ക്ക് കയ്യിൽ ഇല്ലേ,, ആവശ്യമുണ്ടെങ്കിൽ മാത്രം കെട്ടിയാൽ മതി . നബീസുന്റെ മോൻ എയർപോർട്ടിൽ വരും “

“പൗലോസ് സാറിന് ഞാനൊരു സാധനം തരാം – സെക്സ് ഓൺ ദി ബീച്ച് ” –മേനോൻ ആടിയാടി അടുത്തുവന്നു .. വാക്ക് കേട്ട ഉടനെ ഞങ്ങൾ മധ്യവയസ്കർ എല്ലാവരും ഉഷാറായി ..”ഇതൊരു കോക്ക് ടെയിൽന്റെ പേരാണ് , ആരും വായ പൊളിക്കേണ്ട “

വളരെ സൂക്ഷ്മതയോടെ മേനോൻ സെക്സ് ഓൺ ദി ബീച്ച് തയ്യാറാക്കി തുടങ്ങി ..കുക്കറി ഷോ പോലെ സ്വയം കമന്ററിയും ഉണ്ട് .. “” ഒരു ഹൈ ബോൾ ഗ്ലാസ്സിലാണ് ഇത് കുടിക്കേണ്ടത് , പ്രിപ്പറേഷൻ ടൈം : 4-5 മിനുട്സ്, ഒരു സെർവ് ലെ കലോറി : 320 , വേണ്ട സാധനങ്ങൾ -10 മില്ലി ഗ്രനഡൈൻ സിറപ്പ്, 180 മില്ലി ഓറഞ്ച് ജ്യൂസ്, 15 മില്ലി പീച്ചു ഷ്ണാപ്പ്, 10 മില്ലി ലൈം ജ്യൂസ്, 45 മില്ലി വോഡ്ക — ഹൈ ബോൾ ഗ്ലാസിൽ ഐസ്‌ക്യൂബ് നിറക്കുക, ആദ്യം ലൈം ജ്യൂസ്, പിന്നെ ഗ്രനഡൈൻ സിറപ്പ് , പിന്നെ പീച്ചു ഷ്ണാപ്പ്, വോഡ്ക, അവസാനം ഓറഞ്ച് ജ്യൂസ്” … മേനോൻ മിശ്രിതം നന്നായി ഇളക്കി, സ്റ്റാർ അനിസ് കൊണ്ട് ഗാർണിഷ് ചെയ്തു …. ഒരു സിപ്പ് എടുത്ത പൗലോസ് സാർ തലകുലുക്കി സർട്ടിഫൈ ചെയ്തു .., ഹാജിയും അഷ്റഫും ഒഴിച്ച് എല്ലാവരും ഓരോ സിപ്പ് എടുത്തു ..

എന്തൂട്ട് കോപ്പാണ് ഈ ഗ്രനഡൈൻ സിറപ്പ് ? — സാഹിബിനു ചോദിയ്ക്കാൻ ഒരേയൊരു സംശയം മാത്രം .. ഞങ്ങളിൽ പലർക്കും ഇത് ചോദിക്കണം എന്നുണ്ടായിരുന്നു

ആദ്യമായി ജുബിയയെ കൂട്ടി അഷ്‌റഫ് വീട്ടിൽ വന്നത് ഓർത്തു .. ..ഇവിടെ എത്തിയതിനു ശേഷം ആരോ പറഞ്ഞിട്ടാണ് പഴയ കോളേജ്മേറ്റ് ഇവിടെ ഉണ്ടെന്നു അവൻ അറിഞ്ഞതത്രെ .. ..സൂപ്പർമാർക്കറ്റിലാണ് ജോലി എന്നതുകൊണ്ടായിരിക്കാം, ഫാമിലി കൂടെ ഇല്ലാതിരുന്ന ആദ്യവർഷങ്ങളിൽ ഒരിക്കലും കൂട്ടിമുട്ടാതെ അവൻ ശ്രദ്ധിച്ചിരുന്നു..

അധികം തവണ ധരിക്കാത്ത , പക്ഷെ പിഞ്ഞിത്തുടങ്ങിയ ഒരു പഴയ സൽവാർ കമ്മീസിലാണ് ജുബിയ വന്നത് .. വിളറിത്തുടങ്ങിയ മുഖത്തോടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും നോക്കിയും , ഫലൂഡ ഉണ്ടാക്കുമ്പോൾ ചേർക്കേണ്ട വെർമിസെല്ലി , സബ്ജ സീഡ്‌സ് , റോസ് സിറപ്പ് എന്നിവയുടെ മൃദുലയുടെ റെസിപ്പിയും പകപ്പോടെ കേട്ടും നോക്കിയിരുന്നു ..

കോളേജിലെ പരിചയഭാവം അലക്ഷ്യമായ ക്ഷീണിച്ച പുഞ്ചിരിയിൽ ഒതുക്കിയിരുന്നു .. വാടാനപ്പള്ളിയിൽ നിന്ന് ചുങ്കം ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന ജുബിയയെ കാത്തു അഷ്‌റഫ് ആദ്യമേ വന്നു ബസ്റ്റോപ്പിൽ നിന്നിരുന്ന കാലം .. അവിടെ നിന്ന് എല്ലാവരും കൂടി നടന്നിരുന്നു . ആ റോഡിലൂടെ നടന്നാൽ കോളേജിന്റെ പുറകിലെ ഗേറ്റിലൂടെ കേറാമയിരുന്നു .സിനിമയും, സാഹിത്യവും, സമരവും, രാഷ്ട്രീയവും,ചർച്ച ചെയ്തിരുന്നു ..

അന്ന് മൃദലയുടെ സ്പെഷ്യൽ വീട്ടിലുണ്ടാക്കിയ കേക്ക് ആയിരുന്നു ,, പത്തുവയസ്സുള്ള മകൻ തട്ടിപ്പറിച്ചു കഴിക്കാൻ നോക്കിയപ്പോൾ വിലകൂടിയ ക്രിസ്റ്റൽ ബൗൾ തട്ടി താഴെ വീണു .. ജുബിയ ദൈന്യതയോടെ അഷ്‌റഫിനെ നോക്കി .. രണ്ടാമത്തെ കഷ്ണം കൂടി കുട്ടിക്ക് കൊടുത്തതിനു ശേഷം മൃദുല കുട്ടികളിലുണ്ടാവേണ്ട ഡിസിപ്ലിൻ, മൊറാലിറ്റി എന്നിവയെ കുറിച്ച് ജുബിയയെ ബോധവതിയാക്കി ..

നാട്ടിൽ നിന്ന് വന്ന ഫോൺ കാൾ എടുത്തു മൃദുല ക്ഷുഭിതയായി :”അമ്മയോട് കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലേ,, വെള്ളിയാഴ്ചയല്ല, ഈ വരുന്ന വ്യാഴാഴ്‌ചയാണ് .. മിഥുൻ : രോഹിണി നക്ഷത്രം ; ഒരു പുഷ്പാഞ്ജലി, ഒരു പാട്ട എണ്ണ, 51 പേർക്ക് അന്നദാനം”… ജുബിയ എന്നെ അത്ഭുതത്തോടെ നോക്കി , ഒരു പുഞ്ചിരി ഉണ്ടായിരുന്നോ ?

“മൂത്ത മോൻ എന്ത് ചെയ്യുന്നു ” അഷ്റഫിന് മറുപടി പറയാൻ മടിയുണ്ടെന്നു തോന്നി .. “ഇലക്ട്രിക്കൽ ഡിപ്ലോമ എടുത്തു , ഇപ്പൊ ഇലക്ട്രിസിറ്റി ബോർഡിൽ ഒരു കോൺട്രാക്ട് ജോലി കിട്ടിയിട്ടുണ്ട് , രണ്ടു വർഷമായിട്ടും സ്ഥിരപ്പെടുത്തിയിട്ടില്ല … മക്കളൊക്കെ ? ” . മറുപടി പറഞ്ഞത് മൃദലയാണ് – അവനിപ്പോ ഹൂസ്റ്റണിൽ പഠിക്കുന്നു, ഏറോനോട്ടിക് എഞ്ചിനീയറിംഗ്, ഈ വർഷം കൂടിയുണ്ട് ..

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ജുബിയയുടെ മുഖം മ്ലാനമായിരുന്നു , എന്തോ ചൂളുന്നതുപോലെ തോന്നിച്ചു .. എല്ലുകൾ ഉയർന്നു നിൽക്കുന്ന കഴുത്തിൽ കറുത്ത ചരടാണോ മാലയാണോ.. കീ കൊടുത്താൽ ചെവി ആട്ടി നടക്കുന്ന ആനയുടെ ഒരു കളിപ്പാട്ടം മൃദുല കുട്ടിക്ക് നൽകി ..”എന്താ മോന്റെ പേര്” — “ഫിഡൽ” .. ഒരു നിമിഷം എന്റെയും അഷ്റഫിന്റെയും കണ്ണുകൾ കൂട്ടിമുട്ടി .

പിന്നെയും മാസങ്ങൾ എത്രയോ കഴിഞ്ഞാണ് ജുബിയയുടെ മരണവിവരം അറിഞ്ഞത് .. ലേക്‌ഷോറിലും ആർസിസിയിലും കൊണ്ടുപോയെന്നും , അപ്പോഴേക്കും ദേഹമാകെ പടർന്നെന്നും പിന്നെ ….

ഗ്ലാസ് കാലി ആയപ്പോഴേക്കും വാർത്ത കഴിഞ്ഞു അടുത്ത ടീവി പ്രോഗ്രാം തുടങ്ങിയിരിക്കുന്നു . അഷ്‌റഫ് എപ്പോഴേ കടയിലേക്ക് മടങ്ങിപോയിരിക്കുന്നു .. ഇപ്പൊ ടീവിയിൽ വിവാഹമോചനം നേടിയ യുവനടിയാണ് .. “ഇവളുടെ ഒരു കാര്യം ഞാൻ പറയാം , നമ്മുടെ ഒരു അളിയൻ നാട്ടിൽ കരയോഗം പ്രസിഡണ്ട് ആണ് , അങ്ങേരുടെ സുഹൃത്തുമാണ് ഇവളുടെ ആദ്യഭർത്താവിന്റെ ചെറിയച്ഛൻ”..മകളുടെ പ്രായമുള്ള നടിയെ കുറിച്ചുള്ള മേനോന്റെ ഗോസ്സിപ് കേൾക്കാൻ പ്രായമൊക്കെ മറന്നു ഞങ്ങൾ ഉഷാറായി .

മൃദുലയുടെ അടുത്ത മെസ്സേജ് .ഇവൾക്ക് വേറെ പണിയൊന്നുമില്ലേ.. മെസ്സേജ് മാത്രമല്ല രണ്ടു മിസ്സ്കാൾ കൂടി ഉണ്ട് ..മിഥുനെ വിളിക്കാൻ ഓർമ്മിപ്പിച്ചതാണ് .. ഇപ്പൊ ഹൂസ്റ്റണിൽ എന്തായിരിക്കും സമയം .. ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയിൽ ആയിരിയ്ക്കണം ..

മിസ്സ്കാൾ കിട്ടിയ ഉടനെ അവൻ തിരിച്ചുവിളിച്ചു ..അധികം വിശേഷങ്ങൾ ഒന്നും അവൻ പറയാറില്ല ,, കഴിഞ്ഞ സെമസ്റ്ററിലെ മാർക്ക് കിട്ടി, നല്ല ഗ്രേഡ് ഉണ്ട്,, അടുത്ത ആഴ്ച കൂട്ടുകാരുടെ കൂടെ നോർത്ത് കരോലിനയിൽ കറങ്ങാൻ പോകുന്നു ..

“തിരക്കുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക്ക് കെട്ടിപോകണം , ഹാൻഡ് സാനിട്ടൈസർ കയ്യിൽ വെക്കണം ” — അവൻ അലക്ഷ്യമായി മൂളിക്കേട്ടു .
പിന്നെ മോനെ, നമ്മുടെ സേതു അങ്കിളിന്റെ മകൾ അമൃത അടുത്ത ആഴ്ച ഹൂസ്റ്റണിൽ എത്തുന്നുണ്ട് , എന്തോ ആർക്കിടെക്ച്ചർ കോഴ്‌സിനാണ് , നീ പണ്ട് കണ്ടിട്ടില്ലേ,, ആ കുട്ടിയെ വിളിച്ചു സംസാരിക്കണം

“ഞാനെന്തിനാ വിളിക്കുന്നെ ?”

ആദ്യമായി ഒരു സിറ്റിയിൽ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചു ..ബിസിനസ്സിൽ മേജർ പാർട്ണർ സേതു അങ്കിളാണ് , അങ്ങേരുടെ മോളെ ഒന്ന് സഹായിച്ചാൽ എന്താ ഒരു കുഴപ്പം — ശബ്ദത്തിലെ അമിത ആവേശം കാണിക്കാതിരിക്കാൻ പ്രത്യേകം ഞാൻ ശ്രദ്ധിച്ചു .

“വേണെങ്കിൽ അച്ഛൻ എന്റെ നമ്പർ കൊടുത്തേക്കു, ആവശ്യമുണ്ടെങ്കിൽ ഇങ്ങോട്ടു വിളിക്കട്ടെ”

തള്ളയെക്കാൾ ഈഗോയാണ് ചെക്കന് !

ഫോൺ കാൾ കഴിഞ്ഞപ്പോഴേക്കും യുവനടിയെ കുറിച്ചുള്ള വിവരണം കഴിഞ്ഞതിൽ അരിശം തോന്നി

എവിടെനിന്നാണ് ഇങ്ങനെ കിളികളുടെ കലപില ശബ്ദം ഉച്ചത്തിൽ വരുന്നത് ..എല്ലാവരുടെയും സംശയം തീർക്കാൻ മേനോൻ ഉറക്കെ വിളിച്ചു “ഉണ്ണീ, ഉണ്ണീ ” …ഇതാരാണ് പുതിയ ഉണ്ണി ,, ബന്ധുവായ ജയദീപനെ ആയിരുന്നു ..അടുത്തമുറിയിലേക്കു ജയദീപ് പോയതും കിളികളുടെ ശബ്ദം നേർത്തുവന്നു ..എന്നാലും അമ്പത് കഴിഞ്ഞവരെ “ഉണ്ണീ , രമക്കുട്ടീ” എന്നൊക്കെ വിളിക്കുന്നത് കാണാൻ നല്ല കൗതുകമാണ് .

ആംസ്‌റ്റർഡാമിലെ ഡാം സ്‌ക്വയറിൽ നിന്ന് വാങ്ങിയ ജർസിയെ കുറിച്ചായിരുന്നു പൗലോസ് സാർ വിശദീകരിച്ചിരുന്നതു.. മാഡം ട്യുസ്സാദ് ഗാലറിക്ക് മുന്നിലെ വിശാലമായ അങ്കണം .. പ്രാവുകൾ പാറിപ്പറക്കുന്നു. സന്ദർശകരുടെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങാനായി പ്രാവുകൾ ചുമലിലും വന്നിരിക്കുന്നു .. പൗലോസ് സാർ വിവരിച്ചു മുന്നേറുന്നു ..

സാറും ഭാര്യയും കാണാത്ത രാജ്യങ്ങളില്ല, പോകാൻ അവർക്കു ഒരു പ്രത്യേക ഗ്രൂപ് തന്നെ ഉണ്ട് , എല്ലാവരും ടോസ്റ്റ് മാസ്റ്റർമാർ ..പക്ഷെ കൂതറയായി രണ്ടെണ്ണം വീശണമെങ്കിൽ ഇവിടെ തന്നെ വരണം .

ഈ ബീഫിന്റെ മസാലയുടെ വീര്യം നാളെ രാവിലെ അറിയാം – സാഹിബ് സ്വയം പൊട്ടിച്ചിരിച്ചു പറഞ്ഞു ..”നാളെ എനിക്കും നേരത്തെ എണീക്കണം” മേനോൻ ഒരിക്കലും വ്രതം തെറ്റിക്കില്ല … വ്യാഴാഴ്ച പാമ്പായി ഫണം വിടർത്തിയതൊന്നും നോക്കണ്ട, വെള്ളിയാഴ്ച രാവിലെ കുളിച്ചു സ്വന്തം ഗ്രൂപ്പിൽ പോയി ഭജന സംഘത്തിൽ കൈകൊട്ടി പാടുന്നത് അദ്ദേഹം ഇന്നുവരെ തെറ്റിച്ചിട്ടില്ല .

തുടർച്ചയായി രണ്ടു മെസ്സേജുകൾ വന്നു — “നിങ്ങൾ വരുന്നുണ്ടോ , മന്ദാരപ്പൂവ് ഇപ്പൊ തുടങ്ങും, ഇന്ന് ക്ളൈമാക്സ് കാണണമെന്ന് പറഞ്ഞതല്ലേ”
“വരുമ്പോൾ അഷ്‌റഫിന്റെ കടയിൽ നിന്ന് വനിത കൂടി വാങ്ങണം “

സോഫയിൽ നിന്ന് രണ്ടുതവണ ശ്രമിച്ചാണ് എണീറ്റത് , വീഴാൻ പോകുന്നു , ഈയിടെ ആയി മൂന്നെണ്ണം കഴിഞ്ഞാൽ കണ്ട്രോൾ പോകുന്ന പോലെ .. മേനോൻ വിടുന്ന മട്ടില്ല ” എണീറ്റ് നടക്കാൻ വയ്യാതായല്ലോ ..എന്നാലും മെസ്സേജ് അടിച്ചു ചന്ദ്രേട്ടാ എവിടെയാ എന്ന് ചോദിക്കാതെ മാഡം വിടില്ല ” കൂട്ടചിരിയിൽ പങ്കുചേരുന്നതു പോലെ ഭാവിക്കുന്നതാണ് നല്ലതു ..

“ഞാൻ മോളെയും കുടുംബത്തെയും എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു വരുന്നവഴിക്കു ഇങ്ങോട്ടു വന്നതാണ് .. നിങ്ങൾ കുടിയന്മാരുടെ കൂടെ നമുക്കെന്തു കാര്യം ….. വയ്യെങ്കിൽ വണ്ടി ഇവിടെ കിടന്നോട്ടെ, ഞാൻ കൊണ്ടുവിടാം ” സാഹിബ് തയ്യാറായി ,,

ഏയ് എനിക്കൊരു കുഴപ്പവുമില്ല ..

ഈ കോലത്തിൽ അഷ്‌റഫിന്റെ മുന്നിൽ പോകേണ്ട .. ജോർജിനെ വിളിച്ചുപറഞ്ഞു ,” അഞ്ചുമിനിറ്റുനുള്ളിൽ കടക്കു മുന്നിൽ എത്തും, വാരികയും കൊണ്ട് ഇട്ടൂപ്പിനെ കാറിനടുത്തു വിടണം ” …ഹിന്ദി സ്റ്റേഷൻ പാട്ടുകൾ കേട്ടുകൊണ്ട് ഡ്രൈവ് ചെയ്യുമ്പോൾ നല്ല ഹരമായിരുന്നു .. … 90s കെ യാദെ എന്ന പ്രോഗ്രാം ആണെന്ന് തോന്നുന്നു –“ദിൽ ഹൈ കി മാൻ താ നഹി “

സമയം നോക്കി , ഹോ ഇനി ഇരുപതു മിനുട്ട് കൂടി മാത്രം, “മന്ദാരപ്പൂവ്” ഇപ്പൊ തുടങ്ങും ….മൃദുല അടുത്തകാലം വരെ സീരിയലുകൾ കണ്ടിരുന്നില്ല ,ഇപ്പൊ തുടങ്ങിയ അസുഖമാണ് , അങ്ങനെ കൂടെ ഇരുന്നു കാണാൻ തുടങ്ങിയതാണ് ..

ഇന്നാണല്ലൊ ക്ലൈമാക്സ് .. പത്തൊമ്പതാം വയസ്സ് ആകുന്നതിനു മുൻപ് രണ്ടു തവണ ഗർഭിണി ആകേണ്ടിവന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ കണ്ണീരിൽ കുതിർന്ന കഥയാണ് ..

– ശ്രീമംഗലം തറവാട്ടിലെ പത്മാവതിയമ്മയുടെ കയ്യിലെ പെട്ടിയുടെ താക്കോൽ മരുമകൾക്ക് കിട്ടുമോ …?

– ചിഞ്ചുമോൾക്കു അമ്മയെ തിരിച്ചുകിട്ടുമോ?

– ഹരിപ്രിയക്ക് ചിഞ്ചുമോളെ തിരിച്ചറിയാൻ പറ്റുമോ?

– ചിഞ്ചുമോൾക്കു വിഷം ചേർത്ത പാൽ നൽകിയ ചന്ദ്രപ്പന് കിട്ടുന്ന ശിക്ഷ എന്തായിരിക്കും?

ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ ചാട്ടുളികൾ പോലെ തറച്ചു .

പത്തുമിനുട്ടിനുള്ളിൽ സീരിയൽ തുടങ്ങും, ഇനി സ്പീഡ് കൂട്ടാതെ വയ്യ.

Print Friendly, PDF & Email