കഥ

നാലാം വേദംവർഷങ്ങൾക്കു മുൻപ് 10 ബി യിലെ നാലാമത്തെ ബെഞ്ചിൽ വെച്ച്, ഇന്റർവെൽ സമയത്താണ് ഗഫൂർ ആദ്യമായി ഈ കഥ എന്നോട് പറഞ്ഞത്.

തെല്ലൊരു പേടിയോടെയും, തികഞ്ഞ ഉദ്വേഗത്തോടെയും ഒപ്പം അഭിമാനത്തോടെയും, ആ കഥ കേട്ടത് അതു പോലെ തന്നെ, ഇന്നും ചെവിയിൽ ഉണ്ട്. പിന്നെയും പല തവണ പലരിൽ നിന്നായി കേട്ടിരുന്നെങ്കിലും ഗഫൂറിന്റെ കഥ പറച്ചിലിന്റെ രസം പിന്നീട് കിട്ടിയിട്ടില്ല. അവന്റെ മുഖഭാവവും കൈ ചലനങ്ങളും കഥ പറച്ചിലിന്റെ മാറ്റ് കൂട്ടി.

, മായയും,മനുഷ്യാതീത ശക്തികളുടെ പ്രകടനങ്ങളും കൂടി ചേർന്ന് ഒരു ഇംഗ്ലീഷ് പടം കണ്ട ത്രിൽ അന്നെനിക്ക് തന്നിരുന്നു. ഒരു തലമുറക്ക് മുൻപുള്ളവരുടെ ക്രിയകൾ, കൈ ക്രിയകൾ.

ഉണ്ണീ ഇപ്പോൾ ഞാനീ കഥ നിന്നോട് പറയുന്നത് എന്റെ മാതൃവഴിയിലെ കാരണവന്മാരുടെ, ശക്തികളെ കുറിച്ചു നിനക്കൊരു ധാരണ തരാൻ ആണ്. അവർക്കുള്ള ശക്തികൾ, എനിക്ക് തലമുറ വഴി കിട്ടിയേക്കാവുന്ന ആ കഴിവുകൾ, എന്റെ കുടുംബത്തിൽ അതൊക്കെ പകർന്നു കിട്ടാൻ ഏറ്റവും യോഗ്യനായത് ഞാൻ തന്നെയാണ്‌ എന്നുള്ളതിൽ നിനക്കും തർക്കം ഉണ്ടാകില്ലല്ലോ.

യുക്തിവാദിയായ നീ ഇതൊക്കെ നിസ്സാരമായി തള്ളി കളയും എന്നെനിക്കറിയാം, ശാസ്ത്രത്തിന്റെ പിൻബലത്തോടെ നീയത് ചിന്തകളുടെ ചവറ്റ്കൊട്ടയിൽ തള്ളി കളഞ്ഞേക്കാം. എന്നാലും നീ കേൾക്കണം..ഒരു കഥ പോലെയെങ്കിലും കേൾക്കാമല്ലോ.

എന്റെ ഉമ്മയുടെ വകയിലെ അമ്മാവന്റെ കൈവശം അറബിക് മാന്ത്രിക വിദ്യകൾ രചിക്കപ്പെട്ട ഒരു ഒരു താളിയോല കെട്ട് ഉണ്ടായിരുന്നത്രേ.. നാലാം വേദക്കാർ എന്നാണ് മന്ത്രവാദികൾക്കിടയിൽ, അറബിക് മന്ത്രവാദികൾ അറിയപ്പെട്ടിരുന്നത്.

പല തരം രോഗങ്ങൾക്ക്, പ്രത്യേകിച്ച്, മാനസിക രോഗങ്ങൾക്ക് ഒപ്പം നമ്മുടെ നാനാവിധ പ്രശ്നങ്ങൾക്കും പ്രതിവിധി അതിൽ ഉണ്ടായിരുന്നു. വീടിനു ഐശ്വര്യം, ജോലിയിൽ, കച്ചവടത്തിൽ, അഭിവൃദ്ധി എല്ലാം…എല്ലാം… കൂട്ടത്തിൽ ചില മന്ത്രങ്ങൾ നിരന്തരം ചൊല്ലി ജിന്നിനെ സേവിച്ചു അടിമയാക്കി കാര്യങ്ങൾ നടത്തിക്കുവാനും ഇവർക്ക് സാധിച്ചിരുന്നു.

ഉമ്മയുടെ അമ്മാവനെകുറിച്ച് ഒരു കഥയുണ്ട്. ആൾ മക്കയിലേക്ക് ഒരു തീർത്ഥയാത്ര പോകാൻ തീരുമാനിച്ചു.യാത്രാസൗകര്യങ്ങൾ വളരെ കുറവായിരുന്ന അന്ന് നാട്ടിൽ നിന്നും കാൽനട ആയി ആണത്രേ പോയത്‌. തിരിച്ചു വരവ്‌ ദുഷ്ക്കരമായിരുന്ന ഒരു കാലം. മിക്കവാറും പോയവർ തിരിച്ചെത്താറില്ല. വീട്ടുകാർ കുറെ നാൾ കാത്തിരുന്നിട്ടും ആളെ കാണാതായപ്പോൾ അന്ത്യകർമ്മങ്ങൾ ചെയ്യുവാനായി തറവാട്ടിൽ ഒത്തു കൂടിയ ദിവസമാണ് ആ വാർത്ത നാട്ടിൽ പരന്നത്. പലകയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ഒരാൾ കടപ്പുറത്ത്, കരയിലേക്ക് അടിഞ്ഞിരിക്കുന്നു. ആളുകൾ പലകക്കു ചുറ്റിനും കൂടി, വീട്ടുകാരെത്തി.

അത് അദ്ദേഹം തന്നെ ആയിരുന്നു. യാത്ര ചെയ്തിരുന്ന കപ്പൽ അപകടത്തിൽ പെട്ടപ്പോൾ കിട്ടിയ പലകയിൽ കിടന്നു കരയിൽ എത്തി.

അന്ന് മുതൽ നാടിനു പുറത്തേക്കും അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചു. സന്തത സഹചാരിയായ ജിന്ന് ആണ് ആളെ നാട്ടിൽ എത്തിച്ചത് എന്നും ആളുകൾ പറഞ്ഞു.

ഉണ്ണീ ഞാൻ കഥയിലേക്ക് വരാം, എന്റെ അമ്മാവന്, വളരെ ചെറുപ്രായത്തിൽ തന്നെ, ഈ കാരണവരിൽ നിന്നു മന്ത്രങ്ങൾ അടങ്ങിയ ഓലക്കെട്ടുകൾ കിട്ടി, അദ്ദേഹം അതെല്ലാം ഹൃദിസ്ഥമാക്കുകയും ചെയ്തിരുന്നു.

കാരണവർക്ക് മക്കളും, കുറെ ശിഷ്യൻമാരും ഉണ്ടായെങ്കിലും എന്റെ അമ്മാവൻ ആയിരുന്നു അരുമ ശിഷ്യൻ. കിതാബുകളിൽ ഇല്ലാത്തത് പലതും അദ്ദേഹത്തിന് കാരണവരുടെ വായ് മൊഴികളിൽ നിന്നും ലഭിച്ചു. കൂടാതെ, കാരണവർ അതീവ രഹസ്യമാക്കി വെച്ചിരുന്ന ജിന്ന് സേവയുടെ വശങ്ങളും അമ്മാവന് കൈ മാറി കിട്ടി.

രോഗികൾ, പലതരം ജീവിത പ്രശ്‌നങ്ങൾ നേരിട്ടവർ ഒക്കെ അദ്ദേഹത്തിന്റെ കൈപുണ്യം നേരിട്ട് അറിഞ്ഞു. മീൻകിട്ടാത്ത വറുതിയുടെ നാളുകളിൽ മുക്കുവർ കൂട്ടത്തോടെ വന്നു അദ്ദേഹത്തെ കടപ്പുറത്തേക്ക് കൊണ്ട് പോയി, ചാകര കിട്ടാനുള്ള മന്ത്രങ്ങൾ ചൊല്ലിച്ചു. മന്ത്രങ്ങൾ നിറച്ച പഴം കടലിൽ എറിഞ്ഞു മീൻ കൂട്ടങ്ങളെ ആകർഷിച്ചു.

കാരണവരെ പോലെ തന്നെ, എന്റെ അമ്മാവനും സുപ്രസിദ്ധനായി. ജിന്ന് സേവയിലൂടെയാണ് ഇതെല്ലാം നടക്കുന്നത് എന്നും അവരുടെയൊക്കെ അന്ത്യം മോശമായിരിക്കുമെന്നും അസൂയക്കാർ പറഞ്ഞു പരത്തി.

അദ്ദേഹത്തിന്റെ പ്രശസ്‌തി നാടെങ്ങും പരത്തിയ ആ കഥ- അതാണ് ഗഫൂർ അന്ന് എന്നോട് പറഞ്ഞത്, ഉണ്ണീ നിന്നോട് ഞാനിന്നു പറയാൻ പോകുന്നതും.

മുഖത്തു ആകാംക്ഷയോ, ഉദ്വേഗമോ കണ്ടില്ല, എന്തെങ്കിലും പറയു, ഇതൊക്കെ നമ്മളെത്ര കേട്ടിരിക്കുന്നു എന്ന ഭാവം, പക്ഷെ ആ ഇരുപ്പിൽ ഒരു സ്വാസ്ഥ്യം അനുഭവിക്കുന്നുണ്ട്.

അവനു കേൾക്കേണ്ടെങ്കിലും എനിക്ക് പറഞ്ഞേ മതിയാകൂ, എന്റെ പൂർവികരുടെ മന്ത്ര, മായാ ശക്തികൾ എനിക്ക് അവനെ ബോധ്യപ്പെടുത്തിയേ മതിയാകൂ..

തുളുമ്പുന്ന ഹൃദയത്തോടെ ഞാൻ പറയട്ടെ..

അര നൂറ്റാണ്ട് മുൻപ്, വൈദ്യുതിവെളിച്ചമോ, യാത്ര ചെയ്യാൻ നല്ല വഴികളോ ഇല്ലാതിരുന്ന കാലം.

സന്ധ്യ കഴിഞ്ഞേ ഒള്ളുവെങ്കിലും നിലാവിന്റെ വെളിച്ചം പോലുമില്ലാതിരുന്ന ഇരുട്ടു കുത്തിയ കശുമാവിൻ തോപ്പിലൂടെ,ഒരു യാത്ര കഴിഞ്ഞു അമ്മാവൻ നടന്നു വരികയാണ്. ആ ഇരുട്ടിലും വെള്ള വസ്ത്രത്തിൽ അദ്ദേഹം തിളങ്ങി.

ചെറിയ ഒരു ഓല ചൂട്ടുണ്ട്, രണ്ട് അടി മുന്പിലുള്ളത് മാത്രം കാണാം. യാത്ര കഴിഞ്ഞു തിരിച്ചെത്താൻ വൈകിയതിനാൽ സന്ധ്യ പ്രാർത്ഥന മുടങ്ങിയ വിഷമം മുഖത്തുണ്ട്. ധൃതിയിൽ നടക്കുകയാണ്. കശുമാവിൻതോപ്പിനിടയിലെ കുളത്തിനടുത്ത് എത്തിയപ്പോൾ, പുറകിൽ നിന്നാരോ ചൂളം വിളിക്കുന്നതായി തോന്നി. തോന്നിയതാവുമോ, തിരിഞ്ഞു നോക്കിയില്ല, പെട്ടെന്ന് തിരിഞ്ഞു നോക്കരുത് എന്നാണ് പഠിച്ചിട്ടുള്ളത്.

ചെറുപ്പമാണ്, ശരീരത്തിൽ നല്ല കരുത്തുണ്ട് മനസിലും, പിന്നെ, സേവിച്ചു കൂടെ നിർത്തിയിരിക്കുന്ന ജിന്ന് ആണ് ഏറ്റവും വലിയ ധൈര്യം, ശക്തി.

ചെറുതാടിയുള്ള മുഖത്തു ശാന്തത മാത്രം.

രണ്ടടി കൂടി നടന്നപ്പോൾ വീണ്ടും ചൂളം വിളി. ഇതു തോന്നൽ അല്ല. എന്നാലും ഒരടി മുന്നോട്ട് വെച്ചു. വീണ്ടും ചൂളം…

നടത്തം നിർത്തി. കണ്ണടച്ച് നിന്നു.ഒരു മിനിട്ടു നിന്ന ശേഷം തിരിഞ്ഞു, ചൂളം വിളി വരുന്നത് കുളത്തിനപ്പുറത്തെ മുക്കുവന്മാരുടെ കുടുംബ ക്ഷേത്രം നിൽക്കുന്ന ഒഴിഞ്ഞ പറമ്പിൽ നിന്നാണെന്ന് മനസിലായി. ചൂട്ട് ഒന്നു ശക്തിയായി ഊതി ആൾ അങ്ങോട്ടു നടന്നു.

ദിവസം കഴിഞ്ഞ്, ക്ഷേത്രത്തിലെ ത്തിയ പൂജാരിക്ക്, എന്തു ചെയ്തിട്ടും ഒരു തൃപ്തി വരാതെ നിന്നു, കുടുംബ കാരണവരോട് വിവരം ധരിപ്പിച്ചു. നമ്മുടെ പ്രതിഷ്‌ഠക്ക് എന്തോ ഒരു കുറവ്. ശക്തി അനുഭവപ്പെടാത്ത പോലെ. എന്റെ തോന്നൽ ആയിരിക്കാം, എന്നാലും ഒരു പ്രശ്‌നം വെപ്പിക്കുന്നത് നന്നായിരിക്കും.

പ്രശ്‌നദിവസം കുടുംബത്തിലെ എല്ലാവരും ഒത്തു കൂടി.

സകലരും പ്രശ്‌നത്തിന്റെ ഫലത്തിനായി അടക്കി പിടിച്ചു കാത്തിരുന്നു.

കുറെ സമയത്തിന് ശേഷം പണിക്കർ വിവരം പറഞ്ഞു.പ്രതിഷ്‌ഠക്കു ശക്തിയില്ല അതാരോ ആവാഹിച്ചു എടുത്തിരിക്കുന്നു. നമ്മുടെ പ്രതിഷ്‌ഠയേക്കാൾ ശക്തിയുള്ള ഏതോ ഒന്ന്. ഒരു നാലാം വേദക്കാരന്റെ ഇടപെടൽ തെളിഞ്ഞു കാണുന്നതായും വെളിപ്പെട്ടു.

അറിഞ്ഞ വീട്ടുകാർക്കും നാട്ടുകാർക്കും പ്രതിഷ്ഠയുടെ ശക്തി ആവാഹിച്ച നാലാം വേദക്കാരനെ തപ്പി നടക്കേണ്ടി വന്നില്ല.എല്ലാവർക്കും ആ പേരു സുപരിചിതമായിരുന്നു. അതിന്റെ കാരണം മാത്രം അറിയാൻ ആയിരുന്നു ആകാംക്ഷ.

നടത്തിപ്പുകാരും വീട്ടുകാരും നാട്ടുകാരുമായി ഒരു വലിയ ജനക്കൂട്ടം അമ്മാവനെ കണ്ടു വിവരം അറിയാൻ എത്തി ച്ചേർന്നു. ഭിത്തിയിലും ചുറ്റും മരപ്പലകകൾ അടിച്ച ആ വലിയ അറപ്പുര വീടിന്റെ ഉമ്മറത്ത് ആൾ കൂടി.

ജനത്തെ കണ്ടു വെല്ലിയുപ്പ ഇറങ്ങി വന്നു കാരണം അന്വേഷിച്ചു. ക്ഷേത്ര കാരണവർ എല്ലാ വിവരവും ധരിപ്പിച്ചു. ഒപ്പം അപേക്ഷയും എന്തെങ്കിലും പരിഹാരം ചെയ്യണം. ഞങ്ങൾ എന്ത് ചെയ്യാനും തയ്യാർ ആണ്‌. മകനെ ഒന്നു പറഞ്ഞ് സമാധാനിപ്പിക്ക്. ഞങ്ങളുടെ പ്രതിഷ്‌ഠയുടെ ചൈതന്യം ഞങ്ങൾക്ക് തിരിച്ചു വേണം.

ആൾക്കൂട്ടത്തിന്റെ ആരവം കേട്ടിട്ടും അമ്മാവൻ ഇറങ്ങി വന്നില്ല. ആൾ ഒന്നും അറിയാത്ത പോലെ പ്രാർത്ഥനകളിൽ മുഴുകി. വെല്ലിയുപ്പ ചെന്ന് വിളിച്ചിട്ടും കുലുങ്ങിയില്ല. മുറിയടച്ചു ഇരിപ്പാണ്. കുറെനേരം ആളുകൾ കാത്തു നിന്നു.

അവസാനം വെല്ലിയുപ്പയുടെ അപേക്ഷ മാനിച്ചു ആൾ പുറത്തിറങ്ങി വന്നു. തൂ വെള്ള വസ്ത്രത്തിൽ മാലാഖയെപോലെ കാണപ്പെട്ടു. അക്ഷോഭ്യമായ മുഖത്തോടെ പറഞ്ഞു. സമയത്തും അസമയതും എനിക്ക് ആ വഴി പോകേണ്ടി വരും ആരും എന്റെ വഴിയിൽ ഇനി തടസ്സം നിൽക്കരുത് എന്നു പറഞ്ഞേക്കു. എനിക്കും എന്റെ കൂടെയുള്ള ആൾക്കും വഴി തടസ്സങ്ങൾ ഇഷ്ടമല്ല. നിങ്ങളുമായുള്ള എന്റെ ബന്ധം കൊണ്ടു മാത്രം ഇത്തവണ ഞാൻ ക്ഷമിച്ചിരിക്കുന്നു.

കാരണവരെയും പൂജാരിയെയും മാത്രം അടുത്തേക്ക് വിളിച്ചു സ്വകാര്യമായി ഇത്രേം കൂടി പറഞ്ഞു.

ചോട്ടിലെ കുളക്കടവിൽ ഇടത്തോട്ട് മാറി നാല് അടി കഴിഞ്ഞു കുഴിച്ചാൽ ഒരു കുപ്പി കിട്ടും. ഈ പറഞ്ഞു തരുന്ന പോലെ മനസ്സിൽ ചൊല്ലി കുപ്പി തുറക്കുക. പിന്നെ നിങ്ങൾ സാധാരണ ചെയ്യാറുള്ള പോലെ ക്ഷേത്രത്തിൽ ചെന്ന് പൂജകൾ ചെയ്യുക. എല്ലാം ശരി ആകും.

നാട്ടുകാർ സന്തോഷത്തോടെ പിരിഞ്ഞു. ക്ഷേത്രത്തിൽ പൂജകൾ പതിവ് പോലെ ആയി. കൂടെയുള്ള ആൾ എന്നു അമ്മാവൻ പറഞ്ഞത് ജിന്നിനെക്കുറിച്ചാണെന്നും, ആളോട് കളിച്ചാൽ സർവ്വശക്തിയുമുള്ള ജിന്ന് കളി പഠിപ്പിക്കുമെന്നും ആളുകൾ അടക്കം പറഞ്ഞു. അമ്മാവന്റെ സിദ്ധിയിൽ ആളുകൾക്ക് വിശ്വാസം കൂടി. ഒപ്പം ഭയവും.

വാർത്ത കാട്ടു തീ പോലെ പടർന്നു. അമ്മാവന്റെ പ്രശസ്തി ഒന്നു കൂടി വർധിച്ചു അയൽ നാടുകളിലും അതെത്തി.

കഥ പറഞ്ഞു, ഒരു ദീർഘ നിശ്വാസമെടുത്ത്‌ ഞാൻ ഉണ്ണിയെ നോക്കി.

ഉണ്ണീ നീ ഉറങ്ങുകയാണോ, പാതിയടച്ച കണ്ണുകളുമായി ധ്യാനത്തിൽ എന്നപോലെ അവൻ ഇരുന്നു. ഞാൻ വിളിച്ചിട്ടും അവനു കുലുക്കമില്ല. കഥ തീർന്നു…

ഞാനവനെ കുലുക്കി വിളിച്ചു. അവൻ പതുക്കെ കണ്ണുകൾ തുറന്നു.

നിർവ്വചിക്കാനാവാത്ത ഒരു ശാന്തത അതിൽ കളിയാടി. അവനെന്നെ നോക്കി, കുറച്ചു നേരം എന്നെ തന്നെ നോക്കിയ ശേഷം ചോദിച്ചു.

അന്ന് നിന്റെ അമ്മാവന്റെ പുറകിൽ കേട്ട ചൂളം വിളിക്കു ശേഷം എന്താണ് ആ കുളക്കടവിൽ സംഭവിച്ചത്? ഞാൻ ചോദ്യം കേൾക്കാത്ത ഭാവത്തിൽ പുറം തിരിഞ്ഞു നിന്നു.

അവൻ ദൈന്യതയോടെ ചോദ്യം ആവർത്തിച്ചു.

ഞാൻ തിരിഞ്ഞു നിന്നു, മുഖം അവന്റെ മുഖത്തോടടുപ്പിച്ചു കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഞാൻ തിരിച്ചു ചോദിച്ചു.

നിനക്ക് ഓർമ വരുന്നില്ലേ, ശരിക്കും ഓർത്തു നോക്കു. 50 വർഷങ്ങൾക്ക് മുൻപ് അമ്പലത്തിനുള്ളിൽ ഇരിക്കേണ്ട നീ, കുളക്കടവിൽ എന്തിനാണ് വന്നത്, വഴിയിലൂടെ നടന്നു പോയ എന്നെ എന്തിനാണ് ചൂളം വിളിച്ചു നിർത്തിയത്. അവൻ ചോദ്യങ്ങൾ കേട്ട് തരിച്ചിരുന്നു. അന്ന് ഞാൻ എന്റെ ശക്തി ഉപയോഗിച്ച് നിന്നെ കുപ്പിയിൽ ഭദ്രമായി അടച്ചിരുന്നില്ലെങ്കിൽ ഏതെങ്കിലും ദുർമന്ത്രവാദി നിന്നെ, നിന്റെ ശക്തിയെ കൈക്കലാക്കി തടവിലിട്ടു അടിമ ആക്കിയേനെ. അവൻ തെളിഞ്ഞു ചിരിച്ചു. ഒരു സുഹൃത്ത് ആയ എനിക്ക് അന്നും ഇന്നും അതേ ചെയ്യാൻ പറ്റൂ എന്നു പറഞ്ഞു, വിറക്കാത്ത കൈകളോടെ ഞാനെന്റെ അരയിൽ നിന്നും ആ ചെറിയ കുപ്പി വലിച്ചെടുത്ത് അടപ്പ് ഒരു ശബ്ദത്തോടെ തുറന്നു.

Print Friendly, PDF & Email

About the author

സലീം സുലൈമാന്‍

ജില്ലയിലെ ചാമക്കാലയിൽ ജനനം.

ചാമക്കാല ഹൈസ്ക്കൂൾ, MES അസ്മാബി കോളേജ് പി.വെമ്പല്ലൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു പത്തു വർഷം പ്രവാസ ജീവിതം നയിച്ചിട്ടുണ്ട്.
ഭാര്യ : ഫൗസിയ മക്കൾ: സഫ, സൈറ.