പൂമുഖം POLITICS ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവും പക്ഷപാതപരവുമായ ഒരു ഭരണവാഴ്ചയുടെ കളിപ്പാവയായി IIMC മാറുന്നു: അമിത് സെന്‍ ഗുപ്തയുടെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം

ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവും പക്ഷപാതപരവുമായ ഒരു ഭരണവാഴ്ചയുടെ കളിപ്പാവയായി IIMC മാറുന്നു: അമിത് സെന്‍ ഗുപ്തയുടെ രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
[pullquote align=”full” cite=”” link=”” color=”” class=”” size=””] രോഹിത് വെമുല, ജെ എന്‍ യു സമരങ്ങളെ പിന്തുണച്ചു എന്ന കാരണത്താല്‍ ഇന്ത്യന്‍ ഗവണമെന്റും വാര്‍ത്താവിനിമയ മന്ത്രാലയവും തന്നെ ലക്ഷ്യം വയ്ക്കുന്നു എന്ന് ആരോപണമുന്നയിച്ചുകൊണ്ട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ സീനിയര്‍ അദ്ധ്യാപകനായ അമിത് സെന്‍ ഗുപ്ത രാജിവച്ചു. അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്തിന്റെ പൂര്‍ണ്ണരൂപം മലയാളനാട് പരിഭാഷപ്പെടുത്തുന്നു. [/pullquote]

To,
ദി ഒ എസ് ഡി
IIMC ന്യൂഡെല്‍ഹി

വിഷയം : രാജിക്കത്ത്

പ്രിയപ്പെട്ട അനുരാഗ് മിശ്ര,

എന്നെ ഒറീസയിലെ ദെങ്കനലിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച താങ്കളുടെ ഉത്തരവിനുള്ള മറുപടിയാണിത്. ഞാനുമായോ മറ്റ് അദ്ധ്യാപകരുമായോ യാതൊരു ചര്‍ച്ചയും നടത്താതെയാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ – IIMCയുടെ സ്വതന്ത്രാധികാരത്തിന്റെ എല്ലാ തത്വങ്ങളെയും ലംഘിക്കുന്നതാണ്. നിങ്ങള്‍ IIMCയെ ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവും പക്ഷപാതപരവുമായ ഒരു ഭരണവാഴ്ചയുടെ കളിപ്പാവയായി തരംതാഴ്ത്തിയിരിക്കുകയാണ്.

ഇരയാക്കപ്പെടലിന്റെ വ്യക്തമായ ഒരു ഒരു തെളിവാണ് ഇത്. ഇത്തരത്തിലാണ് നിങ്ങളുടെടെ അഡ്മിനിസ്ട്രേഷന്‍ അദ്ധ്യാപകരെ പരിഗണിക്കുന്നതെങ്കില്‍ അവര്‍ മനഃപൂര്‍വ്വം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന നൈതീകതയെയും, അദ്ധ്യാപകവൃത്തിയുടെ അന്തസ്സിനെയും തഴഞ്ഞിരിക്കുന്നു എന്നാണ് കരുതേണ്ടത്. തീര്‍ച്ചയായും ഇത്  ധിഷണാസ്വാതന്ത്ര്യത്തിനും, അക്കാദമിക സ്വതന്ത്രാവകാശത്തിനും, പ്രൊഫഷണല്‍ എക്സലന്‍സിനും എതിരെയുള്ള ഒരു വലിയ വേട്ടയാടലിന്റെ ഭാഗമാണ്. ഭരണവാഴ്ചയുടെ ഈ  വേട്ടയാടല്‍ അവര്‍ക്ക് മാത്രമറിയാവുന്ന കാരണങ്ങളാല്‍ അവരുടെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളെ ലക്ഷ്യമാക്കിയതും അവരെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതുമാണ് എന്ന് വ്യക്തമാണ്.

രോഹിത് വെമുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ക്യാമ്പസില്‍ IIMC വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി സംഘടിപ്പിച്ച പ്രതിഷേധത്തെ ഞാന്‍  അനുകൂലിച്ചു എന്നതാണ് എന്നെ ലക്ഷ്യം വയ്ക്കുന്നതിനുള്ള കാരണം.  ആ പ്രതിഷേധത്തില്‍ ഇവിടെയുള്ള മറ്റ് അദ്ധ്യാപകരും പങ്കെടുത്തിരുന്നു. രോഹിത് വെമുലയ്ക്ക് വേണ്ടി നിലകൊണ്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനി വരുന്ന ദിവസങ്ങളിലും എന്റെ നിലപാട് ഇത് തന്നെയായിരിക്കും. അതെന്റെ ഭരണഘടനാപരമായ അവകാശമാണ്. രോഹിത്തിനോടും ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയിലെ മറ്റ് വിദ്യാര്‍ത്ഥികളോടും ഗുരുതരമായ അനീതിയാണ് നടന്നിരിക്കുന്നതെന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എപ്പോഴും ദളിതുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും, അവര്‍ക്ക് വേണ്ടി പൊരുതുകയും ചെയ്യും.

ജെ.എന്‍.യു, പൂനെ FTTI  എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയും പിന്തുണച്ചു എന്നുള്ളതും കൂടി എന്നെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണമാണ്. ഈ രണ്ട് സമരങ്ങളും മഹത്തരമാണെന്ന് ഞാന്‍ കരുതുന്നു.  മഹത്തരമായ ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നടത്തുന്ന ഭാവനാപൂര്‍ണ്ണമായ മുന്നേറ്റങ്ങളിലൂടെയും, മികച്ച ആശയങ്ങള്‍ ഉള്‍ക്കൊണ്ട ജനാധിപത്യപരവും, സമാധാനാപൂര്‍ണ്ണവുമായ സംവാദങ്ങളിലൂടെയും നമ്മുടെ രാജ്യം സമ്പുഷ്ടപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു മുന്‍ ജെ എന്‍ യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡണ്ട് എന്ന നിലയ്ക്ക് അവിടെയുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉത്കൃഷ്ടവ്യക്തിത്വങ്ങളും പങ്കെടുത്ത  ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനായത് ഒരു വലിയ അംഗീകാരമായി തന്നെ ഞാന്‍ വിശ്വസിക്കുകയാണ്. ഇന്ത്യന്‍ സമൂഹത്തിലെ ദരിദ്രര്‍, ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പിന്നോക്ക-പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവരുമായി പൊരുത്തപ്പെടുന്ന വിമര്‍ശനാത്മക സ്വതന്ത്ര ചിന്താഗതി, പ്രബോധനം, ബഹുസ്വര-മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ എന്നിവ പരിപോഷിപ്പിക്കുന്ന ജെ എന്‍ യുവിന്റെ മഹത്തായ ബൗദ്ധിക-രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായതില്‍ എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ എന്നെ മാത്രമല്ല, നമ്മുടെ പുരോഗമനാത്മക ഭരണഘടനയെക്കൂടിയാണ് ഈ ഒരു നീക്കത്തിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്.

IIMCയില്‍ എന്റെ സഹപ്രവര്‍ത്തകരെ പോലെത്തന്നെ ഞാനും പരമാവധി ക്ലാസുകള്‍ എടുത്തിട്ടുണ്ട്. പരദേശീസ്പര്‍ദ്ധ, ജാതീയത, വംശീയത, ലിംഗവിവേചനം, വര്‍ഗ്ഗീയത എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള ജേര്‍ണലിസം ഒരിക്കലും ചെയ്യരുത് എന്നാണ് ഞാന്‍ എന്റെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുള്ളത്. അവരുടെ സമീപനങ്ങള്‍ വസ്തുനിഷ്ഠവും, നിഷ്പക്ഷവുമാവണമെന്നും ഞാന്‍ അവരെ പഠിപ്പിച്ചു. എന്ത് സംഭവിച്ചാലും സ്വതന്ത്രവും, ആധികാരികവുമായ തുറന്ന ചിന്താഗതി ഉയര്‍ത്തിപ്പിടിക്കണമെന്നും, സത്യത്തിനും പൊതുജനതാത്പര്യത്തിനു വേണ്ടിയും നിലകൊള്ളണമെന്നുമാണ് ഞാന്‍ അവരോട് എന്നും പറഞ്ഞിട്ടുണ്ട്. ഇതിനുള്ള വിലയാണ് ഞാനിപ്പോള്‍ നല്‍കുന്നത് എന്ന് കരുതുന്നു.

താങ്കളുടെ ഏകപക്ഷീയവും, അധാര്‍മ്മികവുമായ ഉത്തരവ് കൈപ്പറ്റാന്‍ ഞാന്‍ വിസമ്മതിക്കുന്നു. സത്യം എന്നോടൊപ്പമാണ്.

പ്രതിഷേധ സൂചകമായി ഞാന്‍ IIMCയില്‍ നിന്ന് രാജി വയ്ക്കുന്നു.

താങ്കള്‍ക്കും IIMCയ്ക്കും എന്റെ ഭാവുകങ്ങള്‍.

വിശ്വസ്തതയോടെ ,
അമിത് സെന്‍ ഗുപ്ത
അസോസിയേറ്റ് പ്രൊഫസര്‍
ഇംഗ്ലീഷ് ജേര്‍ണലിസം
IIMC
ന്യൂഡെല്‍ഹി
മാര്‍ച്ച് 4, 2016

 

പരിഭാഷ: ഇന്ദുകലാ രാമചന്ദ്രന്‍

end line

Comments
Print Friendly, PDF & Email

You may also like