EDITORIAL OPINION

മുഖം മൂടി അഴിയുമ്പോൾ..ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് ഉപോൽബലകമായി നമ്മുടെ പാർലമെൻറിൽ നടക്കുന്ന ചർച്ചകളും നടപടിക്രമങ്ങളും തത്സമയം അവരിൽ എത്തിക്കുന്നതിനാണ് മുഖ്യമായും ലോക് സഭാ ടി വി, രാജ്യ സഭാ ടി വി, എന്നീ രണ്ട് മുഴുവൻ സമയ ടി വി ചാനലുകൾ തുടങ്ങിയത്. അതുകൊണ്ടുതന്നെ ഭരണമുന്നണിയോടോ പ്രതിപക്ഷകക്ഷികളോടോ പക്ഷപാതിത്വം കാണിക്കാതെ സഭയിൽ നടക്കുന്ന സംഭവങ്ങൾ സത്യസന്ധമായി പ്രക്ഷേപണം ചെയ്യുക എന്നതായിരിക്കണം ഈ ചാനലുകളുടെ കടമ. ആദ്യമൊക്കെ നിഷ്പക്ഷത കാണിക്കാൻ ഈ ചാനലുകൾ ശ്രദ്ധിച്ചിരുന്നു എന്നാൽ പിന്നീട് നാം കാണുന്നത്, സ്ഥിരമായി സെൻസർഷിപ്പിന് വിധേയമായി, ഭരണകക്ഷിയുടെ ചട്ടുകം എന്ന രീതിയിൽ ഈ ചാനലുകൾ പ്രക്ഷേപണം ചെയ്തുവരുന്നതാണ്. ഈയൊരു ശൈലി നേരത്തെ തുടങ്ങിയിരുന്നെങ്കിലും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് അധികാരമേറ്റതിന് ശേഷമാണ് ഇത്രയും പച്ചയ്ക്ക് ഈ ചാനലുകൾ ഭരണകക്ഷിയുടെ കുഴലൂത്തുകാരായത്. ഇപ്പോൾ വന്നുവന്ന് പ്രതിപക്ഷത്തിനെ ഒന്നുകിൽ പ്രക്ഷേപണത്തിൽ നിന്ന് മൊത്തം തമസ്കരിക്കുക (അവർ സംസാരിക്കുമ്പോഴോ പ്രതിഷേധിക്കുമ്പോഴോ കാമറ അവരിൽ നിന്ന് മാറ്റി ഭരണകക്ഷി ബെഞ്ചിലേക്കോ സ്‌പീക്കറിലേക്കോ തിരിക്കുക) അല്ലെങ്കിൽ അവരെ സഭാനടപടികൾ തടസ്സപ്പെടുത്തുന്നവരും, സഭയിൽ അക്രമം അഴിച്ചുവിടുന്നവരും, അച്ചടക്കം ഇല്ലാത്തവരും, അനുസരണക്കേട് കാണിക്കുന്നവരുമാക്കി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക ഇതൊക്കെയാണ് ഈ രണ്ട് ചാനലുകളും ചെയ്തുവരുന്നത്. തൽഫലമായി പലപ്പോഴും ജനങ്ങൾക്ക് സഭയിൽ നടക്കുന്ന കാര്യങ്ങളുടെ നിഷ്പക്ഷവിവരണം ലഭിക്കാറില്ല. ഭരണകക്ഷിയുടെ പിണിയാളായി വർത്തിക്കുന്ന സ്‌പീക്കറും പാർലമെൻററികാര്യമന്ത്രിയും നൽകുന്ന പക്ഷപാതപരമായ പ്രസ്താവനകൾ മാധ്യമങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങേണ്ട സ്ഥിതിയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ നോക്കൂ. പാർലമെന്റിന്റെയും കേന്ദ്രഗവണ്മെന്റിന്റെയും കൺമുമ്പിലാണ് 45 ഇന്ത്യക്കാർ കൊല്ലപ്പെട്ട വർഗ്ഗീയകലാപം അരങ്ങേറിയത്.. പാര്ലമെന്റ് തുടങ്ങിയ മാർച്ച് രണ്ടാം തീയതി മുതൽ പ്രതിപക്ഷകക്ഷികൾ ഈ കലാപത്തെ പറ്റി പാർലമെൻറിൽ ചർച്ച ആവശ്യപ്പെടുകയാണ്. ചാണക്യനെന്ന വിളിപ്പേരിൽ ഗർവ്വ് കൊള്ളുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂക്കിന് താഴെയാണ് കലാപവും ഹത്യയും അരങ്ങേറിയത്. അക്രമങ്ങളിൽ പോലീസ് ചിലപ്പോൾ പക്ഷപാതം കാണിച്ചുവെങ്കിൽ മറ്റുചിലപ്പോൾ നിഷ്ക്രിയരായി നോക്കിനിന്നു എന്നത് നാമെല്ലാം വീഡിയോ ക്ലിപ്പുകളിൽ കണ്ടതാണ്. ഇത്രയും നടന്നിട്ടും പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഒന്നും കണ്ടതായോ നടന്നതായോ നടിക്കുന്നില്ല. മാത്രമല്ല, സ്‌പീക്കറെയും പാർലമെന്റിലെ മൃഗീയഭൂരിപക്ഷവും ഉപയോഗിച്ച് ഇപ്പോൾ തന്നെ ഏഴ് കോൺഗ്രസ്സ് അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈ നടപടിയിലേക്ക് നയിച്ച എന്ത് അതിക്രമമാണ് പ്രതിപക്ഷ അംഗങ്ങൾ നടത്തിയത് എന്ന് അറിയാൻ ജനങ്ങൾക്ക് നിർവ്വാഹമില്ല; കാരണം നടന്ന സംഭവങ്ങളൊന്നും ചാനലുകൾ യഥാവിധി പ്രക്ഷേപണം ചെയ്യുക ഉണ്ടായില്ല. സ്പീക്കറല്ല, മീനാക്ഷി ലേഖി എന്ന ബി ജെ പി അംഗമാണ് പുറത്താക്കൽ നടപടി എടുത്തതെന്നതും വിചിത്രം.

പ്രതിപക്ഷവും പാർലമെന്റും വാസ്തവത്തിൽ ആവശ്യമില്ല, എങ്കിലും ആ സ്ഥിതിയിലേക്ക് എത്താനും ജനങ്ങളെ പരുവപ്പെടുത്താനും കുറച്ചുസമയം കൂടി വേണം; അതുവരെ തല്ക്കാലം ഒഴിവാക്കാനാവാത്ത പാര്ലമെന്റ് എന്ന ശല്യത്തെ സഹിക്കുക എന്നതാണ് ഭരണകക്ഷിയുടെ അടവ്. അതായത് ജനാധിപത്യം, പാര്ലമെന്റ്, തുടങ്ങിയ വ്യവസ്ഥകളെ ഒരു മുഖം മൂടി (mask-മുഖോത്ത) ആയി തല്ക്കാലം അണിയുക, അവസരം ഒത്തുവരുമ്പോൾ മുഖം മൂടി വലിച്ചെറിയുക, ഇതാണ് തന്ത്രം. ഓർക്കുക, 1999 ൽ അടൽ ബിഹാരി വാജ്പേയി യുടെ നേതൃത്വത്തിലുള്ള എൻ ഡി എ ഗവണ്മെന്റ് അധികാരമേറ്റപ്പോൾ അന്നത്തെ ആർ എസ്സ് എസ്സ് നേതാവ് ഗോവിന്ദാചാര്യ പറഞ്ഞത് വാജ്പേയി ഒരു മുഖോത്ത (മുഖം മൂടി) ആണെന്നാണ്. അന്ന് പ്രധാനമന്ത്രിയായിരുന്നു മുഖം മൂടി എങ്കിൽ ഇന്ന് പ്രധാനമന്ത്രി മുഖം മൂടിയില്ലാത്ത തനി ആർ എസ്സ് എസ്സ് കാരനായിരിക്കുന്നു. പകരം, പാർലമെന്റിനെ അവർ മുഖം മൂടി ആക്കിയിരിക്കുന്നു. ഇപ്പോൾ പ്രതിപക്ഷവും പ്രതിഷേധവും ചർച്ചയും അവരിൽ ഈർഷ്യ ഉളവാക്കുന്നെങ്കിൽ പതുക്കെ പാര്ലമെന്റ് തന്നെ അവരിൽ ഈർഷ്യ ഉളവാക്കിത്തുടങ്ങും. പിന്നെ ജനാധിപത്യം എന്നതൊക്കെ നിഘണ്ടുവിൽ ഒതുങ്ങുന്ന വാക്കായി മാറും. അതുകൊണ്ട് ജാഗ്രത!! ജാഗ്രത!! എന്നുമാത്രമേ പറയാനുള്ളൂ.

വൽക്കഷ്ണം: ആർ എസ്സ് എസ്സ് കാരനായ വാജ്പേയി ഈ പുതിയ കാലത്ത് താരതമ്യം ചെയ്യപ്പെടുന്നത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിനോടാണ് എന്നിടത്ത് എത്തി നിൽക്കുന്നു ആർ എസ്സ് എസ്സ് കാരും അവരുടെ പ്രത്യയശാസ്ത്രവും ജനമനസ്സിൽ നേടിയെടുത്ത അംഗീകാരം.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.