EDITORIAL

തിരിച്ചു പിടിക്കണം നമ്മുടെ മതേതരയിടങ്ങളെ


മേതിലാജ്

സുനിൽ ഇളയിടം പറഞ്ഞത് പോലെ പുരോഗമന മൂല്യങ്ങൾ ചെരുപ്പൂരി പുറത്തു വെച്ചിട്ടെന്നതു പോലെ പുറത്തു വെച്ചു വീടിനകത്തേക്കു കയറുന്ന നമ്മൾ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദികൾ.

മതേതരത്വം തെരുവിൽ പ്രസംഗിക്കാനുള്ളതല്ല. അത് വീടുകൾക്കുള്ളിൽ, കുടുംബ സദസ്സുകൾക്കുള്ളിൽ, ബന്ധു ഭവനങ്ങളിൽ ഒക്കെയൊക്കെ പറയാനുള്ളതാണ്, പ്രാവർത്തികമാക്കാനുള്ളതാണ്. അവർ ഒറ്റപ്പെടുത്തിയേക്കാം എന്ന ഭയം നമ്മൾ അതിജീവിക്കണം. ഞാനെന്തിന് ശത്രുവാകുന്നു എന്ന തോന്നൽ ഒഴിവാക്കണം. ഈയടുത്തിടെ വായിച്ച ജെ ദേവികയുടെ കത്തുകൾ അത്തരത്തിൽ കുടുംബത്തിനുള്ളിലെ ഒരിടപെടലായിരുന്നു.

ഇപ്പോഴും ബഹുഭൂരിപക്ഷവും കരുതുന്നത് മതേതരത്വം നടപ്പാക്കേണ്ടത് മറ്റു മതങ്ങളുടെ ചുമതലയാണെന്നാണ്. എന്റെ മതം സമാധാനത്തിന്റെ മതം, എന്റെ മതം സഹനത്തിന്റെ മതം എന്റെ മതം വിശ്വ സാഹോദര്യത്തിന്റെ മതം മറ്റുള്ള മതങ്ങൾ നന്നാകട്ടെ എന്നാണു ഭൂരിപക്ഷം അവർ പോലുമറിയാതെ മനസ്സിൽ സൂക്ഷിക്കുന്ന, പറയുന്ന ധാരണകൾ. എന്റെ മതക്കാർക്ക് തീവ്ര വാദികൾ ആകാൻ കഴിയില്ലെന്ന് അഭിമാനപൂർവ്വം പറയുന്ന നിരവധി ചിന്തകരെ ഞാൻ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു മുട്ടിയിട്ടുണ്ട്. എല്ലാവരും ചിന്തിക്കുന്നത് മറ്റു മതസ്ഥർ എന്ത് കൊണ്ട് ഇങ്ങനെയായി എന്നാണു. ആരും ഉള്ളിലേക്ക് നോക്കുന്നില്ല ആരും ആത്മ പരിശോധനയ്ക്കു ഖേദപൂർവ്വം പറയട്ടെ ഇപ്പോഴും തയ്യാറാകുന്നില്ല. അങ്ങിനെയൊരു ആത്മപരിശോധനയ്ക്കു കാരണമാകേണ്ടുന്ന വിഷയങ്ങൾ ഉണ്ട് എന്ന് തന്നെ അവർ കരുതുന്നില്ല.

ഈയടുത്തിടെ ഒരു വിവാഹച്ചടങ്ങിനു അടുത്ത ദിവസം കുറെ ബന്ധുക്കളുമായി സായാഹ്‌ന സദസ്സിലായിരുന്നു. വിഷയം പതിയെ സി എ എ യും, എൻ ആർ സിയുമൊക്കെയായി. വളരെ സൗഹൃദാന്തരീക്ഷത്തിൽ എല്ലാവരും സി എ എ വിരുദ്ധരായി അഭിപ്രായങ്ങൾ പങ്കു വെച്ചു. സാന്ദർഭികമായി എന്തോ പറഞ്ഞു വന്ന ഞാൻ ജോസഫ് മാഷിന്റെ കൈ വെട്ടിയതിനെ പരാമർശിച്ചു. പെട്ടെന്നാണ്, അടുത്തിരുന്ന, പൊതുവെ ഇടതു ചിന്തകൾ വെച്ചു പുലർത്തുന്ന വളരെ ലിബറൽ ആയ സ്ത്രീ, കൈ വെട്ടിയെങ്കിൽ കാര്യമായി പോയി എന്ന് പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. ഉടൻ തന്നെ,നിങ്ങൾക്കൊക്കെ വേണ്ടിയാണല്ലോ ഈ സമരം എന്നതിൽ ദുഖമുണ്ട്. നിങ്ങളെ പോലുള്ളവർ ഡീറ്റെൻഷൻ സെന്ററിൽ പോകുന്നതിൽ എനിക്ക് വലിയ വിഷമമില്ല എന്ന് കളിയായി പ്രതികരിച്ചു. എല്ലാവരും ഉറക്കെ ചിരിച്ചു.പെട്ടെന്ന് അവർ സോറി പറഞ്ഞു, ഞാനും പറഞ്ഞു വന്നത് നമ്മൾ വിമർശിക്കേണ്ടത് നമ്മളെ തന്നെയാണ്. നമ്മൾ നിരന്തരം സ്വയം പരിഷ്കരിക്കേണ്ടതും നമ്മളെ തന്നെയാണ്. ഒപ്പം നമുക്ക് ചുറ്റുമുള്ളവരോടും സംവദിച്ചു കൊണ്ടിരിക്കണം. അങ്ങേയറ്റം മാന്യമായ ഭാഷയിൽ. ആ വേദികൾ നഷ്ടമാകാത്ത തരത്തിൽ ഇടപെട്ടു കൊണ്ടേയിരിക്കണം.

പത്തു പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ഫേസ് ബുക്ക് സുഹൃത്തുക്കളിൽ ഏതാണ്ട് എല്ലാവരും ഇടതുപക്ഷക്കാരായിരുന്നു. അന്ന് അതായിരുന്നു അംഗീകൃത പുരോഗമന സാംസ്കാരിക മൂല്യം എന്നത് കൊണ്ട് കൂടിയായിരുന്നു ബഹുഭൂരിഭാഗവും പുറത്തെങ്കിലും അങ്ങിനെ നടിച്ചിരുന്നത്. വീടിനു പുറത്തു അങ്ങിനെ അഭിനയിച്ചിരുന്നത്. അതേ സമയം തന്നെ വീടുകൾക്കുള്ളിൽ വലിയ പിന്തിരിപ്പൻ മതാത്മക മൂല്യങ്ങളുടെ ഘോഷ യാത്ര നടക്കുകയായിരുന്നു. അന്ന് അതാരും പുറത്തു കാണുന്നില്ലെന്ന് ധരിച്ചു അയാൾ പുറമെ പുരോഗമനം അഭിനയിച്ചു. പിന്നെ പതിയെ അത് വീടുകളെ അമ്പേ മാറ്റി മറിച്ചപ്പോൾ അയാൾ പുറത്തും മത ചിഹ്നങ്ങളും അഭിപ്രായങ്ങളും പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങി. തന്റെ മതം മാത്രം ശരിയാണെന്നും തന്റെ മതത്തിന്റെ രാഷ്ട്രീയം പോലും ശരിയാണെന്നും വാദിച്ചു തുടങ്ങി. മതേതര ഇടങ്ങളായ സ്‌കൂളുകളിലും കോളേജുകളിലും പോലും മതങ്ങളെ പിടിമുറുക്കാനനുവദിച്ചു. ഇന്ന് അതൊരു വലിയ വിഷപ്പാമ്പായി നമ്മുടെ മുന്നിൽ വാ പൊളിച്ചു നിൽക്കുന്നു.

അന്നത്തെ ആ ഫേസ് ബുക്ക് ഇടതുപക്ഷക്കാരിൽ ഒരു വിഭാഗം ഇന്ന് ഹിന്ദുത്വയുടെ വക്താക്കളാണ്. മറ്റൊരു വിഭാഗം അതിനെ ഇസ്‌ലാമികമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നു.

അത് പറഞ്ഞപ്പോഴാണ് ഓർത്തത്. ഈയടുത്തിടെ വളരെ സൗമ്യനായ, സ്നേഹപൂർവ്വം അങ്ങേയറ്റം മര്യാദയോടെ മാത്രം സംസാരിക്കുന്ന, മറ്റു വിഷയങ്ങളിൽ തികച്ചും സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു ക്രിസ്തു മത വിശ്വാസിയോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിഷയത്തിൽ എന്താണ് നിലപാട് എന്നന്വേഷിച്ചപ്പോൾ അതൊന്നും തെളിയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അല്ലല്ലോ എന്നാണയാൾ പ്രതികരിച്ചത്. അപ്പൊ തെളിയിക്കപ്പെടുന്നത് വരെ ആ കന്യാ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച്, ഒറ്റപ്പെടുത്തപ്പെടുന്നതിനെ കുറിച്ച് യാതൊരു ആശങ്കയുമില്ലേ എന്ന് ചോദിച്ചപ്പോൾ പീഡിപ്പിക്കപ്പെടുന്നവർക്കു സ്വർഗ്ഗരാജ്യത്തു കർത്താവിനടുത്തായിരിക്കും സ്ഥാനം എന്നായിരുന്നു മറുപടി.

ഡൽഹിക്കു ശേഷവും ഇപ്പോഴും മതേതരർ എന്നവകാശപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും പരസ്പരം വിമർശിക്കുന്നതിലാണ് കൂടുതലും ഏർപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ഉണ്ടാകേണ്ടുന്ന സ്വയം വിമർശനം ഉണ്ടാകുന്നേയില്ല.ഹിന്ദുത്വ ഭീകരത അതിന്റെ യഥാർത്ഥ രൂപം വെളിവാക്കി കൊണ്ടിരിക്കുമ്പോൾ, അത് രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയായി മാറുമ്പോൾ നമ്മൾ ആദ്യം തിരിച്ചു പിടിക്കേണ്ടത് നമ്മുടെ മതേതരയിടങ്ങളാണ്‌.

തിരിച്ചു പിടിക്കേണ്ടത് നമ്മുടെ വീടുകളെയാണ്. കുടുംബങ്ങളെയാണ്, സ്‌കൂളുകളെയും കോളേജുകളെയുമാണ്, നമ്മുടെ കുട്ടികളെയാണ്.

Print Friendly, PDF & Email