നിരൂപണം ലേഖനം

ഡൽഹി തെരഞ്ഞെടുപ്പ് – ചില വ്യത്യസ്ത ചിന്തകൾ1991 ൽ ആണ് ഡൽഹി ഒരു കേന്ദ്രഭരണപ്രദേശം എന്ന പദവിയിൽ നിന്ന് സംസ്ഥാനം എന്ന പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. എന്നിട്ടും ഡൽഹിക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭ്യമായിട്ടുള്ള അധികാര-അവകാശങ്ങൾ മുഴുവനായി കിട്ടിയില്ല. രാജ്യതലസ്ഥാനം എന്ന പ്രത്യേകത കണക്കിലെടുത്ത്, നിയമപരിപാലനം (Police), ഭൂമിവിനിയോഗം (Real Estate) എന്നീ വകുപ്പുകൾ കേന്ദ്ര ഗവൺമെന്റ് സ്വന്തം കൈവശം വെക്കുകയാണുണ്ടായത്. എന്തിനധികം, 2018 ലെ സുപ്രീം കോടതി വിധി വരുന്നതുവരെ എന്തിനും ഏതിനും ലെഫ്റ്റനന്റ് ഗവർണറുടെ കൈയൊപ്പ് വേണമെന്ന നിലയിലായിരുന്നു കാര്യങ്ങൾ (ഡൽഹിയിൽ ഗവർണർ ഇല്ല, ലെഫ്റ്റനന്റ് ഗവർണർ തന്നെയാണ് ഇപ്പോഴും). ഇങ്ങനെ വളരെ പരിമിതികളുള്ള, വെറും 70 സാമാജികർ മാത്രമുള്ള, ഒരു സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പിന് കിട്ടിയ ദേശീയപ്രാധാന്യം വളരെ വലുതായിരുന്നു. ഒരു പക്ഷെ ഡൽഹിയുടെ geography യും (രാജ്യതലസ്ഥാനം) demography യും (ഇന്ത്യൻ ജനതയുടെ പരിച്ഛേദം), വാർത്തകളിൽ ഡൽഹിക്ക് എപ്പോഴും കിട്ടുന്ന മുൻഗണനയും ആവാം അതിന്റെ കാരണങ്ങൾ. ദേശീയ മാധ്യമങ്ങളുടെ ആസ്ഥാനം ഡൽഹി ആയതിനാൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ അവർ അതിന് അമിതപ്രാധാന്യം കൊടുക്കുന്നുവെന്നതും ഒരു ഘടകം തന്നെ.

എങ്ങനെയും ഡൽഹി സംസ്ഥാനത്ത് അധികാരത്തിൽ വരിക എന്നത് ബി ജെ പി യെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമായിരുന്നു. അതിനുവേണ്ടി ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് പുറത്തുവന്ന സർവ്വേ ഫലം ബി ജെ പി ക്ക് ഒട്ടും ആശാവഹമായിരുന്നില്ല. ഒരുപക്ഷെ എഴുപതിൽ എഴുപതും ആം ആദ്മി പാർട്ടി നേടിയേക്കും എന്ന നിലയിൽ ആയിരുന്നു ജനങ്ങളുടെ പ്രതികരണം. ബി ജെ പി യുടെ core voter പോലും ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്‌തേക്കും എന്ന പ്രതീതിയിൽ നിന്നാണ്, തോൽക്കുമെന്ന് അറിഞ്ഞിട്ടും, സ്വന്തം അണികളെ കൂടെ നിർത്താൻ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിൽ ഊന്നിയ, വളരെ വൃത്തികെട്ട പ്രചാരണം ബി ജെ പി ഡൽഹിയിൽ അഴിച്ചുവിട്ടത്. ഫലം വന്നപ്പോൾ 70 ൽ വെറും 8 സീറ്റുകളേ ബി ജെ പി നേടിയുള്ളുവെങ്കിലും ആ സീറ്റുകളിലെ വിജയത്തിന് അവസാനനാളുകളിൽ ബി ജെ പി നടത്തിയ വർഗ്ഗീയപ്രചാരണം വലിയ അളവിൽ സഹായിച്ചിട്ടുണ്ടെന്ന് കാണാം. ബി ജെ പി യുടെ വോട്ട് നില 2015 നെ അപേക്ഷിച്ച് ആറ് ശതമാനം കൂടി എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഇങ്ങനെ core voter മാരെ കൂടെ നിർത്താൻ ആയെങ്കിലും സ്ത്രീകളും യുവജനങ്ങളും അടക്കമുള്ള ജനസാമാന്യം അവരെ കൈയൊഴിഞ്ഞതാണ് ഇത്തരമൊരു ഫലം ഉണ്ടാവാൻ കാരണം എന്നാണ് തെരഞ്ഞെടുപ്പിന് ശേഷം വന്ന കണക്കുകൾ പറയുന്നത്. ആം ആദ്മി പാർട്ടി നടപ്പാക്കിയ സാമൂഹ്യക്ഷേമ നടപടികൾ (സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊഹല്ല ക്ലിനിക്കുകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയവ) സ്ത്രീകളെ ആകർഷിച്ചുവെങ്കിൽ CAA വിരുദ്ധ പ്രക്ഷോഭങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതും JNU, AMU, ജാമിയ മിലിയ എന്നീ യൂണിവേഴ്സിറ്റികളിൽ ഏകപക്ഷീയമായി പോലീസ് ഇടപെട്ടതും വിദ്യാർത്ഥി-യുവജനങ്ങളെ ബി ജെ പി യുടെ എതിർപക്ഷത്ത് എത്തിച്ചു. കൂടാതെ, അമിത് ഷാ, അനുരാഗ് താക്കൂർ, ആദിത്യനാഥ്, തുടങ്ങിയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ, നിശബ്ദ വോട്ടർമാരെ ബി ജെ പി ക്ക് എതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ വമ്പിച്ച വിജയം ബി ജെ പി യുടെ പ്രതിച്ഛായയ്ക്ക് ഏൽപ്പിച്ച പ്രഹരം വളരെ വലുതാണ്. എങ്കിലും ബി ജെ പി ക്ക് ഇപ്പോഴും ആശ്വസിക്കാൻ വകകൾ ഏറെയുണ്ട്. 2015 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ വോട്ട് വിഹിതത്തിൽ ആറ് ശതമാനം വർദ്ധനവ് ഉണ്ടായി എന്നതാണ് അതിലൊന്ന്. പ്രാദേശിക പാർട്ടികൾ വിജയിച്ചാലും ഒരു തരത്തിലും കോൺഗ്രസ്സ് വിജയിക്കരുത് എന്നതാണ് ബി ജെ പി യുടെ തന്ത്രം. അവരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകളെക്കാൾ പ്രധാനം സ്വന്തം പ്രത്യയശാസ്ത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നിലനിർത്തുകയും പടിപടിയായി ഉയർത്തുകയുമാണ്. തെരഞ്ഞെടുപ്പിൽ തോറ്റാലും ഈയൊരു ലക്‌ഷ്യം കൈവരിക്കാനായാൽ അതൊരു നേട്ടമായി അവർ കാണും. ഇന്ത്യൻ രാഷ്ട്രീയത്തെ രണ്ട് പ്രത്യയശാസ്ത്രങ്ങൾ (secular v/s majoritarian) തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഈ തെരഞ്ഞെടുപ്പ് ഫലം കൊട്ടിഘോഷിക്കപ്പെടേണ്ട ഒന്നായി തോന്നുന്നില്ല. കാരണം, ബി ജെ പി മുൻപെങ്ങും ഇല്ലാത്ത വിധം വർഗ്ഗീയ ധ്രുവീകരണം അഴിച്ചുവിട്ടിട്ടും ആം ആദ്മി പാർട്ടി അതിൽ കൊത്താതെ “സദ്ഭരണം” എന്ന ഒരൊറ്റ വിഷയത്തിൽ ഒതുക്കിയാണ് പ്രചാരണം നടത്തിയത്. എത്രയൊക്കെ അപഭ്രംശങ്ങൾ ഉണ്ടെങ്കിലും ഇന്നും secular v/s majoritarian എന്ന തലത്തിൽ അഖിലേന്ത്യ നിലവാരത്തിൽ തങ്ങളോട് ഏറ്റുമുട്ടാൻ ഏറ്റവും പ്രാപ്തമായ പാർട്ടി കോൺഗ്രസ്സ് ആണെന്ന് ബി ജെ പി ക്ക് അറിയാം. കോൺഗ്രസ്സിനെ ഇനിയൊരിക്കലും ഉയർന്നുവരാൻ അനുവദിക്കാതിരിക്കുക, ഇതാണ് അവരുടെ തന്ത്രം. പ്രതിപക്ഷത്ത് എല്ലാവരെയും ഒന്നിപ്പിച്ച് നയിക്കാൻ പറ്റുന്ന ഒരു അഖിലേന്ത്യാ സാന്നിധ്യം ഉള്ള മതേതര കക്ഷി ഉണ്ടാവാൻ പാടില്ല. അതാണ് ബി ജെ പി യുടെ ആഗ്രഹവും ലക്ഷ്യവും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി ഭൂരിപക്ഷം കിട്ടാത്ത സ്ഥിതി വന്നാലും, കോൺഗ്രസ്സിനേക്കാൾ കൂടുതൽ സീറ്റുകൾ നേടിയാൽ സ്വാർത്ഥമതികളായ വ്യക്തികൾ നേതൃത്വം കൊടുക്കുന്ന പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് വീണ്ടും അധികാരത്തിൽ വരാം എന്നതാണ് ബി ജെ പി യുടെ കണക്കുകൂട്ടൽ. അതുകൊണ്ട് ഡൽഹിയിൽ സ്വയം തോറ്റെങ്കിലും കോൺഗ്രസ്സിന് ഒരു സീറ്റും കിട്ടിയില്ലെന്നതും മിക്കയിടത്തും അവരുടെ കെട്ടിവെച്ച പണം നഷ്ടപ്പെട്ടുവെന്നതും ത് ബി ജെ പി ക്ക് ആശ്വാസം പകരുന്നു.

തങ്ങൾക്ക് പ്രത്യയശാസ്ത്രത്തിന്റെ ഭാരമൊന്നും ഇല്ലെന്നും good governance (സദ്ഭരണം) മാത്രമാണ് തങ്ങളുടെ നേട്ടവും ലക്ഷ്യവും എന്ന് പറയുന്ന ആം ആദ്മി പാർട്ടിക്ക് പോലും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, ഷഹീൻ ബാഗിൽ നടക്കുന്ന CAA വിരുദ്ധ പ്രക്ഷോഭത്തിനോട് പുറം തിരിഞ്ഞും, ഹനുമാൻ ചാലിസ ചൊല്ലിയും, ഇൻക്വിലാബ് സിന്ദാബാദിനോടൊപ്പം ജയ് ബജ്‌രംഗ്‌ബലി മുദ്രാവാക്യം വിളിച്ചും, മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കേണ്ടി വന്നു എന്ന കാര്യവും ബി ജെ പി യെ സന്തോഷിപ്പിക്കുന്നു. അതൊരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നോ എന്ന കാര്യം ആം ആദ്മി പാർട്ടി വ്യക്തമാക്കേണ്ടിയിരിക്കുന്നു.. തെരഞ്ഞെടുപ്പ് തന്ത്രമാണെങ്കിൽ കൂടി ബി ജെ പി യെ പരാജയപ്പെടുത്താൻ അത്തരമൊരു മൃദു ഹിന്ദുത്വ ലൈൻ സ്വീകരിക്കണമെന്ന സ്ഥിതി ആശാവഹമല്ല. ബി ജെ പി യെ മതേതരമൂല്യങ്ങളിൽ ഊന്നിയ പ്രചാരണത്തിലൂടെ പരാജയപ്പെടുത്തുമ്പോഴേ ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടൂ, ഇന്ത്യൻ ജനാധിപത്യം വിജയിക്കൂ. മതേതരത്വം സംരക്ഷിക്കപ്പെടൂ. അങ്ങനെയല്ലാത്തിടത്തോളം അമിതാഹ്ളാദത്തിന് വകയില്ല. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട, പഠിത്തം മതി എന്ന് പറയുന്നതുപോലെ നിരർത്ഥകമാണ് രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്രം ;വേണ്ട, സദ്ഭരണം മതി എന്ന് പറയുന്നതും. ചുരുക്കത്തിൽ ബി ജെ പി എന്ന പാർട്ടി പരാജയം നേരിട്ടെങ്കിലും അവർ ഉയർത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉത്തരേന്ത്യയിൽ സ്വീകാര്യത നേടുന്നതിന്റെ തെളിവായി വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തെ കാണേണ്ടത്.

കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. മധ്യ പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, എന്നീ സംസ്ഥാനങ്ങളിലെ വിജയവും മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ ഗുജറാത്തിൽ അവരോട് പൊരുതി നേരിയ വ്യത്യാസത്തിൽ തോറ്റതും നൽകിയ ആത്മവിശ്വാസം നഷ്ടപ്പെടുന്ന സ്ഥിതിയിലായി ഡൽഹിയിലെ അവരുടെ ദയനീയ പരാജയം. കോൺഗ്രസ്സിൽ ഒരു ഉടച്ചുവാർക്കലിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ഡൽഹി തെരഞ്ഞെടുപ്പുഫലം അവർക്ക് നൽകുന്നത്. ഈ പരിതാപകരമായ അവസ്ഥയിലും ബി ജെ പി യെക്കാൾ കൂടുതൽ അഖിലേന്ത്യ സാന്നിധ്യം കോൺഗ്രസ്സിനുണ്ടെന്നതാണ് യാഥാർഥ്യം. പക്ഷെ നേതൃത്വത്തിലെ അപര്യാപ്തതയും ആത്മവിശ്വാസക്കുറവും അവരെ പിന്നോട്ടടിക്കുന്നു. അണികൾക്ക് ആത്മവിശ്വാസം പകർന്ന് ഉണർവോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തി നേതൃത്വം ഏറ്റെടുത്താൽ ഇനിയും ഡൽഹിയിലും കേന്ദ്രത്തിലും അധികാരത്തിൽ വരിക എന്നത് കോൺഗ്രസ്സിന് ഒരു ബാലികേറാമലയല്ല. അതിനാൽ കുടുംബാധിപത്യം ഉപേക്ഷിച്ച് യഥാർത്ഥ ജനാധിപത്യമുള്ള പാർട്ടിയായി സ്വയം പരിണമിക്കേണ്ടത് കോൺഗ്രസ്സിന് മാത്രമല്ല, രാജ്യത്തിനും ആവശ്യമാണ്. ഗാന്ധികുടുംബം നേതൃസ്ഥാനത്ത് ഇല്ലെങ്കിൽ കോൺഗ്രസ്സ് ഛിന്നഭിന്നമാകുമെന്ന വാദത്തിനൊന്നും ഇനി പ്രസക്തിയില്ല. അതിനാൽ കോൺഗ്രസ്സ്കാർ മടി വെടിഞ്ഞ് സ്വയം വിമർശനത്തിനും അതുവഴി പുതിയൊരു പ്രവർത്തനശൈലിക്കും തയ്യാറാവേണ്ടിയിരിക്കുന്നു. കാരണം കോൺഗ്രസ്സ് നേതൃസ്ഥാനത്ത് ഇല്ലാത്ത പ്രതിപക്ഷം, മുകളിൽ പറഞ്ഞപോലെ, ബി ജെ പി യുടെ ഭരണത്തുടർച്ചയ്‌ക്കേ വഴിവെക്കൂ.

ആം ആദ്മി പാർട്ടിക്ക് അഖിലേന്ത്യ തലത്തിൽ ബി ജെ പി ക്ക് ബദലായി വളരാനുള്ള മോഹമോ പ്രാപ്തിയോ ഉണ്ടെന്ന് തോന്നുന്നില്ല. ഡൽഹി എന്ന cosmopolitan city യിലെ മധ്യവർഗ്ഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയായി അത് മാറിക്കഴിഞ്ഞു. പ്രത്യേക സ്വത്വബോധം ഇല്ലാത്ത നഗരവാസിയാണ് അവരുടെ സമ്മതിദായകൻ. ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയവും സാമൂഹ്യയാഥാർഥ്യങ്ങളും അവർക്ക് അന്യമാണ്. ഈ ദൗർബല്യങ്ങൾ മറികടന്ന് ഒരു അഖിലേന്ത്യ പാർട്ടിയായി ഉടനെങ്ങും വളരാനുള്ള സാധ്യത ഞാൻ ആം ആദ്മി പാർട്ടിയിൽ കാണുന്നില്ല. അവർക്കും ഡൽഹിയിൽ ഭരണം നിലനിർത്തുക എന്നതിൽ കവിഞ്ഞ ലക്ഷ്യമൊന്നും തല്ക്കാലം ഉണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, ഡൽഹിയുടെ പ്രത്യേക പദവിയിൽ കാര്യങ്ങൾ നേടിയെടുക്കാൻ മോദിയെ പിണക്കാതെ നിർത്തേണ്ടതും അവരുടെ ആവശ്യമാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രതിപക്ഷപാർട്ടി നേതാക്കളെ വിളിക്കുന്നില്ലെന്നതും ഇതിനോട് കൂട്ടി വായിക്കണം.

Print Friendly, PDF & Email

About the author

രവി വർമ്മ ടി. ആർ.

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.