നിരീക്ഷണം ലേഖനം

കേന്ദ്ര ബജറ്റും സർക്കാരും കാർഷിക സമ്പത്ത് വ്യവസ്ഥയോട് ചെയ്യുന്നത്ജറ്റ് കേവലമല്ലാത്ത പക്ഷെ തികച്ചും സൃഷ്ടിപരമായ ഒരു ആസൂത്രണമാണ് അല്ലെങ്കിൽ ആവണം. കഴിഞ്ഞ കാലത്തെ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടും, സമകാലിക സാമ്പത്തിക-സാമൂഹ്യ പരിതസ്ഥിതികളുടെ പ്രഭാവം മുൻകൂട്ടി കണ്ടു സന്നിവേശിപ്പിച്ചും നടത്തുന്ന രാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഒരു പക്ഷെ കുടുംബത്തിന്റെ വരെ സാമ്പത്തിക ആസൂത്രണ പദ്ധതിയാണ് ബജറ്റ്. ഇന്ത്യ സമീപകാലത്ത് എങ്ങും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് എന്നാണ് ബജറ്റിന് തൊട്ടുമുമ്പ് പുറത്തിറക്കിയ സാമ്പത്തിക സർവേയുടെ (Economic Survey) താളുകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കേണ്ടത്. എത്രകണ്ട് മറച്ചു വച്ചാലും, ലോകം സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ് എന്ന് പ്രതിരോധിച്ചാലും, ഇന്ത്യൻ സാമ്പത്തിക വളർച്ച താഴോട്ടുള്ള നിരങ്ങലിൽ ആണെന്ന് വരച്ചു വച്ച ഒരു സർവേ ഫലമാണ് നമുക്ക് മുന്നിലുള്ളത്.

ബജറ്റിനും മാസങ്ങൾ മുമ്പ് രണ്ടു രീതിയിലുള്ള ചർച്ചകൾ നമുക്ക് മുന്നിൽ നടന്നിരുന്നു. തകരുന്ന സാമ്പത്തിക വ്യവസ്ഥയെ (അങ്ങിനെ സമ്മതിച്ചിട്ടില്ല എങ്കിലും) രക്ഷിക്കാൻ വ്യവസായ മേഖലയെ ലക്ഷ്യമാക്കി ഉത്തേജന പാക്കേജുകളുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ മുന്നോട്ടു വന്നപ്പോൾ ആയിരുന്നു ഒന്നാം ഘട്ടം ചർച്ചകൾ ആരംഭിച്ചത്. അനുബന്ധമായി രണ്ടാം ഘട്ടം ചർച്ച ആരംഭിച്ചത് പ്രധാനമായും കാർഷിക മേഖലയുടെ രക്ഷക്ക് വേണ്ടി The Regional Comprehensive Economic Partnership അല്ലെങ്കിൽ RCEP അന്താരാഷ്‌ട്ര കരാറിൽ നിന്നും അവസാന നിമിഷം ഇന്ത്യ പിൻമാറിയ സമയത്തായിരുന്നു. രണ്ടിലും ഗ്രാമീണ സാമ്പത്തിക മേഖലയും (Rural Economy) കാർഷിക സമ്പദ് വ്യവസ്ഥയും (Agriculture Economy) കാര്യമായി ചർച്ചചെയ്യപ്പെട്ടു.

ചർച്ചകളുടെ ഒരു സംക്ഷിതരൂപം ഇതായിരുന്നു – വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ പുത്തൻ ഉപഭോക്താക്കൾ പ്രധാനമായും ഉണ്ടാകുന്നത് ഗ്രാമീണ മേഖലയിൽ നിന്നാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാവട്ടെ ഇപ്പോഴും ഇന്ത്യയിൽ കാർഷികവൃത്തി തന്നെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ നിർണായഘടകം അതിൽ കൃഷിയുടെ പ്രാധിനിത്യം ആയിരിക്കും. RCEP ന്റെ പിൻപറ്റി നരേന്ദ്ര മോദിയുടെ കരാറിൽ നിന്നുള്ള പിന്മാറ്റ തീരുമാനത്തെ ധാരാളംപേർ പിന്തുണച്ചു എങ്കിലും, അന്താരാഷ്‌ട്ര വ്യാപാര മത്സരങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ദുർബ്ബലമായ അവസ്ഥയിലാണ് ഇന്ത്യൻ കാർഷിക രംഗം എന്ന സത്യം പലരും വിളിച്ചു പറയുകയും ചെയ്തു. ചുരുക്കത്തിൽ ജി ഡി പി യിൽ കാർഷിക മേഖലയുടെ പങ്കു ദുർബ്ബലമാകുന്നതോടൊപ്പം അന്താരാഷ്‌ട്ര വ്യാപാര മത്സരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്ത ദൗർബ്ബല്യവും ഈ ചർച്ചകളിൽ നിന്ന് ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ഉണ്ടെന്നു തെളിഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി ആസൂത്രണത്തിന് വേണ്ടി നിയമിച്ച ദൽവായ് (Dr. Ashok Dalwai) കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഇത് സാധ്യമാകുക ജി ഡി പി യിലെ ഒരു മേഖലയുടെ പങ്ക് വ്യക്തമാക്കുന്ന Gross Domestic Value Add (അഥവാ GVA), കാർഷിക മേഖലയുടെ കാര്യത്തിൽ 10.4 ശതമാനം നിരക്കിൽ എങ്കിലും വളരാൻ തുടങ്ങുമ്പോൾ മാത്രമാണ് എന്നാണ്. ദൗർഭാഗ്യകരം എന്ന് പറയട്ടെ നരേന്ദ്ര മോഡി സർക്കാർ അധികാരം ഏൽക്കുന്ന കാലത്ത് Agriculture Sector GVA വളർച്ചാ ശതമാനം 5.6 ആയിരുന്നു എങ്കിൽ ആറു വർഷത്തെ ഭരണത്തിന് ഇടയിൽ അത് പകുതിയായി കുറഞ്ഞു 2.3 ശതമാനത്തിൽ എത്തി നിൽക്കുന്നു. ഇത്തരം ഒരു അവസ്ഥയിൽ ഇന്ത്യൻ സാമ്പത്തിക വളർച്ചയെ രക്ഷിക്കാൻ അതി തീവ്രമായ ശ്രമങ്ങൾ ഗ്രാമീണ മേഖലയിൽ അല്ലെങ്കിൽ കാർഷിക മേഖലയിൽ നടത്തേണ്ടതുണ്ട്. അത് സർക്കാരിന്റെ ഒത്തൊരുമിച്ചുള്ള ഉത്തരവാദിത്തമാണ്. ഈ കുറിപ്പിൽ അന്വേഷിക്കുന്നത് ആ ഒത്തുരുമ്മിച്ചുള്ള – സംയുക്ത യജ്‌ഞം ഇത്തവണത്തെ ബജറ്റിൽ വ്യക്തമാവുന്നുണ്ടോ എന്നതാണ്.

വീണ്ടും ബജറ്റ് നമ്പറുകളിലേക്ക് വന്നാൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി (ആ പേര് പലവട്ടം ബജറ്റ് ചർച്ചയിലും ഉദ്ധരിച്ചു കേട്ടിരുന്നു അതുകൊണ്ടു ഒരു ആവർത്തനവിരസത ആർക്കും ഉണ്ടാവില്ല എന്ന് കരുതാം) കർഷക വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ടു വർഷമായി ഇനി അതിനു മൂന്നു വര്ഷം കൂടിയേ ബാക്കിയുള്ളൂ. ആ സമയത്ത് പ്രധാനമായും എങ്ങിനെയാണ് കഴിഞ്ഞ ബജറ്റ് നടപ്പിലാക്കപ്പെട്ടത് എന്ന് നോക്കേണ്ടി വരും. ബജറ്റ് നേരത്തെ പറഞ്ഞതുപോലെ “കേവലമല്ലാത്ത ഒരു സൃഷ്ടിപരമായ ആസൂത്രണമാണ്” എങ്കിലും അതിലെ സാങ്കേതികതയെ നിരസിക്കുക സാധ്യവുമല്ല. ഒരു ബജറ്റ് അവതരണ സമയത്ത് ഒരു വകുപ്പിന് ഒരു തുക വകയിരുത്തുകയാണെങ്കിൽ അടുത്ത ബജറ്റ് അവതരണ സമയത് അത് എങ്ങിനെ ചിലവഴിക്കപ്പെടുന്നു എന്ന പരിശോധന നടത്തി തുക പുനർ-വകയിരുത്തൽ നടത്തും. Budget Estimate (BE) എന്നത് അടുത്ത വർഷം ഓരോ ഇനത്തിൽ ഓരോ വകുപ്പിൽ ഒക്കെ ചിലവഴിക്കാൻ പോകുന്ന തുകയാണ് എങ്കിൽ Revised Estimate (RE) ആ വകുപ്പ് വർഷാവസാനം വരെ ചിലവഴിക്കാൻ പോകുന്ന യഥാർത്ഥ തുകയാണ്. ഒരു വകുപ്പിന് വകയിരുത്തിയ BEയെക്കാൾ കുറഞ്ഞ തുക മാത്രമേ ആ വകുപ്പ് വിനിയോഗിക്കാൻ പോകുന്നുള്ളൂ എങ്കിൽ (RE) കേവലമായ സാമ്പത്തിക കണക്കുകൂട്ടൽ പ്രക്രിയയിലൂടെ അടുത്ത വർഷം അത്രയും തുക ആ വകുപ്പിന് കൊടുക്കേണ്ടതില്ല എന്ന് ധനമന്ത്രാലയം തീരുമാനിക്കും. പകരം, വകയിരുത്തിയ BEയെക്കാൾ കൂടിയ തുക ഒരു വകുപ്പ് വിനിയോഗിക്കാൻ പോകുന്നു എങ്കിൽ (RE) കേവലമായ സാമ്പത്തിക കണക്കുകൂട്ടൽ പ്രക്രിയയിലൂടെ അടുത്ത വർഷം കൂടുതൽ തുക ആ വകുപ്പിന് വകയിരുത്താൻ ധനമന്ത്രാലയം തീരുമാനിക്കും.

2020-21 ബജറ്റ് രേഖകളിൽ ഉള്ള വിവരങ്ങൾ അനുസരിച്ചു ഏറ്റവും കൂടുതൽ വകയിരുത്തിയതിൽ കൂടുതൽ തുക ചിലവാക്കിയത് ആഭ്യന്തര മന്ത്രാലയമാണ്. വകയിരുത്തിയ തുകയിൽ ഏറ്റവും കുറവ് ചെലവ് ചെയ്യാൻ പോകുന്നത് കൃഷി മന്ത്രാലയവും. കഴിഞ്ഞ ബജറ്റിൽ ആഭ്യന്തര മന്ത്രായതിനു വകയിരുത്തിയത് 1,03,927കോടി രൂപ ആണെങ്കിൽ അവർ ചിലവാക്കാൻ പോകുന്നത് 1,24,083കോടി രൂപയാണ് അതുകൊണ്ടു തന്നെ ഇത്തവണ ആഭ്യന്തര മന്ത്രാലയത്തിന് 1,14,387കോടി രൂപ വകയിരുത്താൻ ബജറ്റിൽ തീരുമാനമായി. അടുത്തത് ജി എസ് ടി നഷ്ടം പരിഹരിക്കാനുള്ള – GST Compensation Fund വരുന്ന നികുതി വകുപ്പാണ്. ബജറ്റ് വകയിരുത്തലിനുമേൽ ഏകദേശം ഇരുപത്തിനായിരത്തിനു മേൽ കോടി രൂപ അവരും അധികം ചിലവഴിക്കാൻ പോകുകയാണ്. തൊട്ടു പിന്നാലെ പ്രതിരോധ മന്ത്രാലയവും ഉണ്ട്‌.

വകയിരുത്തിയ തുകയിൽ കൂടുതൽ തുക പുനർ-വകയിരുത്തേണ്ടി വന്ന മന്ത്രാലയങ്ങൾ ഒന്ന് സൂക്ഷ്മമായി അവയുടെ പ്രവർത്തനങ്ങൾ അടക്കം നോക്കേണ്ടതുണ്ട്. ആഭ്യന്തരം അതിൽ സെൻസസ്, CAA, അടക്കമുള്ള ചിലവുകളുണ്ട് എന്ന് ബജറ്റ് രേഖകൾ സൂക്ഷ്മമായി നോക്കിയാൽ അറിയാം. രണ്ടാമത് ജി എസ് ടി ഭാരം താങ്ങുന്ന നികുതി വകുപ്പ്, മൂന്നാമത് റാഫേൽ അഴിമതി അടക്കം ആരോപിക്കപ്പെട്ട പ്രതിരോധ വകുപ്പ്. ഈ മൂന്നു വകുപ്പുകളും ഫലത്തിൽ ഭരണ പരാജയങ്ങളോ, പാളിച്ചകളോ, കടുത്ത അഴിമതി അടക്കമുള്ള ആരോപണങ്ങളോ ഒക്കെയും വഹിക്കേണ്ടി വന്നിട്ടുള്ള വകുപ്പുകൾ ആണ് അല്ലെങ്കിൽ ഭരണം നിലനിർത്താ നുള്ള കടുത്ത രാഷ്ട്രീയവൽക്കരണത്തിനു ഇരയാക്കപ്പെട്ടവർ. ഇനി നമുക്ക് വകയിരുത്തിയ തുക ചിലവാക്കാൻ പറ്റാത്ത വകുപ്പുകൾ നോക്കാം. അതിൽ ഒന്നാമത് നിൽക്കുന്നത് കാർഷിക മന്ത്രാലയമാണ്. കഴിഞ്ഞ ബജറ്റിൽ അവനുവദിച്ച 1,51,518കൊടിയിൽ ഏകദേശം മുപ്പതിനായിരം കോടി കുറവായിരിക്കും അവരുടെ ചിലവുകൾ. അതിനു പിന്നാലെ വരുന്ന വകുപ്പുകൾ ഒക്കെയും അയ്യായിരം കോടിക്ക് അടുത്ത മാത്രം കുറച്ചു ചിലവഴിക്കാൻ പോകുന്നവയാണ്. കണക്കുകളുടെ കളികൾ നോക്കിയാൽ മനസ്സിലാവും ആഭ്യന്തര മന്ത്രാലയവും നികുതി മന്ത്രാലയവും വകയിരുത്തിയതിൽ മൊത്തം നാൽപ്പതിനായിരം കോടി അധിക ചെലവ് നടത്തുമ്പോൾ കൃഷി വകുപ്പ് അനുവദിച്ച തുക ചെലവാക്കാതെ ഇരിക്കുന്നു.

2010-11 മുതൽ ഈ സാമ്പത്തിക വർഷം വരെ കൃഷി മന്ത്രാലയത്തിന് (കൃഷി മന്ത്രാലയത്തിൽ നിന്നും വേറിട്ട് രൂപീകരിച്ച ഫിഷറീസ് മൃഗ സംരക്ഷണ മന്ത്രാലയം അടക്കം) ബജറ്റുകളിൽ അനുവദിച്ച തുകയും ചിവഴിച്ച തുകയുമാണ് ഗ്രാഫിൽ (2019 ലെ കണക്ക് ചിലവഴിക്കാൻ പോകുന്ന തുക). ഒരു കാര്യം വ്യക്തമാണ് – നരേന്ദ്ര മോഡി അധികാരത്തിൽ എത്തിയ വര്ഷം മുതൽ കാർഷിക മേഖലയ്ക്ക് വർഷാ വർഷം ബജറ്റ് വകയിരുത്തൽ വർദ്ധിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ ആ തുക കുത്തനെ കൂട്ടുകയും ചെയ്തു. ഇതിനു പ്രധാന കാരണം Pradhan Mantri Kisan Samman Nidhi (PM-Kisan) പദ്ധതിക്ക് വേണ്ടി ആ വർഷം വകയിരുത്തിയ 75,000 കോടി രൂപയാണ്. അത്രയും തുക വകയിരുത്തിയിട്ടും കൃഷി മന്ത്രാലയത്തിന് മൊത്തം വകയിരുത്തലിന്റെ 78 ശതമാനത്തോളം മാത്രമേ ചിലവഴിക്കാൻ സാധിക്കുന്നുള്ളൂ എന്നതാണ് സത്യത്തിൽ ബജറ്റ് നൽകുന്ന ഏറ്റവും പ്രധാന വിവരം. 75,000 കോടി രൂപ വകയിരുത്തിയ Pradhan Mantri Kisan Samman Nidhi (PM-Kisan) പദ്ധതി കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി വർഷം 6000 രൂപ വിതരണം ചെയ്യുന്ന പദ്ധതിയാണ്. ഈ തുകയുടെ 73 ശതമാനം മാത്രമാണ് സർക്കാർ ചിലവഴിക്കാൻ പോകുന്നത് എന്നറിയുമ്പോഴാണ് ഭരണത്തിലെ പിടിപ്പുകേടിന്റെ യഥാർത്ഥ മുഖം ദൃശ്യമാകുന്നത്. കാർഷിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഒമ്പതു പദ്ധതികളിൽ വകയിരുത്തിയ തുക ഏകദേശം മുഴുവനായി ചിലവാക്കാൻ പോകുന്ന പദ്ധതികൾ ആകെ മൂന്നെണ്ണമാണ്. Pradhan Mantri Fasal Bima Yojana എന്ന കാർഷിക ഇൻഷുറൻസ് പദ്ധതിയാണ് അതിൽ ഒന്ന് ഇതിലാകട്ടെ തുക ലഭ്യമാക്കുന്നത് അക്രഡിറ്റ് ചെയ്യപ്പെട്ട ഇൻഷുറൻസ് കമ്പനികൾക്കാണ്. മറ്റൊന്ന് Interest Subsidy for Short Term Credit to Farmers ആണ് ഇതിൽ ആകട്ടെ തുക ലഭിക്കുന്നത് ബാങ്കുകൾക്കും. മൂന്നാമത്തേത് Promotion of Agricultural Mechanization for in-situ Management of Crop Residue ആണ് – ഇതിലും തുക ലഭ്യമാക്കുന്നത് കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന കമ്പനികൾക്കും. ചുരുക്കി പറഞ്ഞാൽ കേന്ദ്ര സർക്കാർ നേരിട്ടും സംസ്ഥാന സർക്കാരുകൾ വഴിയും ചെലവഴിക്കേണ്ട വിളകളുടെ വിപണിയിലെ വില നിയന്ത്രണത്തിനും, താങ്ങുവില ലഭ്യമാക്കേണ്ടതിനും ഒക്കെയുള്ള പദ്ധതികൾ അടക്കം കാർഷിക മേഖലയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന പദ്ധതികൾ എല്ലാം തന്നെ അനുവദിച്ച മുഴുവൻ തുകയും ചിലവഴിക്കാനാവാതെ കിടക്കുന്നു. പച്ചക്കറികൾ അടക്കമുള്ള പെട്ടെന്ന് ചീഞ്ഞു പോകുന്ന വിളകളുടെ വിപണിയിൽ തകർച്ച ഉണ്ടാകുമ്പോൾ കർഷകർക്ക് സഹായം ലഭ്യമാക്കാനുള്ള Pradhan Mantri Annadata Aay Sanrakshan Yojna (PM-AASHA) പദ്ധതിയുടെ 80%ത്തോളം ചിലവഴിക്കാതെ കിടക്കുന്നു കാരണം ഈ വര്ഷം ആ പദ്ധതിക്ക് മുൻ വർഷം നീക്കി വച്ച തുകയുടെ മൂന്നിൽ ഒന്ന് മാത്രമേ നീക്കി വച്ചിട്ടുള്ളൂ.

ഈ കുറിപ്പിൽ കൃഷി മന്ത്രാലയത്തിന്റെ കാര്യം മാത്രമാണ് പഠനവിധേയമാക്കിയിട്ടുള്ളത്. ഗ്രാമീണ മേഖലയുടെ സാമ്പത്തിക വികസനത്തിന്, കൃഷിയുടെ ലാഭകരമായ നടത്തിപ്പിന് ഒക്കെ വേണ്ടി പ്രവർത്തിക്കുന്ന രാസവളം, ഗ്രാമീണ വികസന മന്ത്രാലയം തുടങ്ങി ഇനിയും മൂന്നോ നാലോ മന്ത്രാലയങ്ങളുടെ കാര്യം പരിഗണിച്ചിട്ടു തന്നെയില്ല. ഈ മന്ത്രാലയങ്ങൾ ഒക്കെയും വകയിരുത്തിയ തുകയിൽ കുറവ് മാത്രം ചെലവ് ചെയ്യാൻ പോകുന്നവയാണ്.

ബജറ്റ് എന്നത് വെറും പണം വകയിരുത്തുന്ന പ്രക്രിയയായി മാത്രം ഒതുങ്ങുകയും അങ്ങിനെ മാത്രം വിലയിരുത്തപ്പെടുകയും ചെയ്യുമ്പോൾ കാര്യങ്ങളുടെ ശരിയായ അവസ്ഥ മനസ്സിലാവാതെ വരുന്നു. പകരം വരവിൽ കൂടുതൽ ചിലവ് ചെയ്ത മന്ത്രാലയങ്ങളെയും അതിന്റെ കാരണങ്ങളെയും അതുപോലെ തന്നെ വരവിൽ കുറവ് ചെലവ് ചെയ്ത മന്ത്രാലയങ്ങളെയും അതിന്റെ ആഘാതങ്ങളും കണ്ടെത്തി പരിഹരിക്കുന്ന ഒരു ക്രിയാത്മക പ്രവർത്തിയായി അതിനെ കാണുമ്പോൾ ഒരുപക്ഷെ കൂടുതൽ വ്യക്തത ഉണ്ടാകും. പക്ഷെ അതിനു രാഷ്ട്രീയം കലരാത്ത രാജ്യവികസനത്തിനുള്ള വീക്ഷണം ആവശ്യമാണ്. മുകളിൽ പറഞ്ഞതുപോലെ പൗരത്വ രജിസ്റ്റർ പോലുള്ള രാഷ്ട്രീയ പദ്ധതികൾക്ക് സർക്കാർ പ്രാമുഖ്യം കൽപ്പിക്കുകയും കൃഷിയും ഗ്രാമീണ വികസനവും അനാസ്ഥയോടെ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുമ്പോൾ സാമ്പത്തിരംഗത്ത് അടക്കമുള്ള വികസനം രാജ്യത്തിന് അന്യമാവുക തന്നെ ചെയ്യും. ബജറ്റുകൾ അല്ല സത്യത്തിൽ ഈ സർക്കാരാണ് തകർച്ചയുടെ ഉത്തരവാദി. നമുക്ക് നെഹ്‌റുവിനെ പഴിച്ചു സമയം കളയാം. കാർഷിക രംഗത്ത് ഹരിതവിപ്ലവം പോലുള്ള പദ്ധതികൾ വഴി കുതിച്ചു ചാട്ടം നടത്തിയ ഒരു രാജ്യമാണ് ഇന്ന് ബജറ്റ് വകയിരുത്തിയ കർഷകർക്കുള്ള നേരിട്ടുള്ള ധനസഹായം പോലും മുഴുവനായി വിതരണം ചെയ്യാതെ അലസമാകുന്നത്.

ഇതൊരു പൊള്ളയായ ബജറ്റ് ആണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് (കാര്യം അറിഞ്ഞിട്ടാണോ അദ്ദേഹം അത് പറഞ്ഞത് എന്നറിയില്ല) ശ്രീമതി സ്മൃതി ഇറാനി ചോദിച്ചുവത്രെ, “സംഗതി മനസ്സിലായോ?” എന്ന്. തിരിച്ചും ചോദ്യം അതാണ് വല്ലതും മനസ്സിലായിട്ടാണോ ഭരണം നടക്കുന്നത് എന്ന്.

Print Friendly, PDF & Email