നിരൂപണം പുസ്തകം പുസ്തക പരിചയം

പ്രത്യാശയുടെ ജീവിതങ്ങൾ വിൽക്കുന്ന കിളിമഞ്ജാരോ ബുക്സ്റ്റാൾപുസ്തകശാലകളിൽ അനേകം കഥകളും ജീവിതങ്ങളും ഒളിഞ്ഞിരിപ്പുണ്ട്, രാജേന്ദ്രൻ എടത്തുംകരയുടെ കിളിമഞ്ജാരോ ബുക്സ്റ്റാളിലും. നോവലിന്റെ പുറം ചട്ടയിൽ പറയുന്നത് പോലെ കിളിമഞ്ജാരോ ബൂക്സ്റ്റാളിലെ പുസ്തകശാലയിൽ അയാൾ ജീവിതം ആരംഭിച്ചു. പുസ്തകങ്ങൾ മനുഷ്യരെ പിടിക്കുന്ന കെണിയാണെന്നു വിശ്വസിച്ചിരുന്നതിനാൽ എന്നെങ്കിലുമൊരിക്കൽ അത് ഉപേക്ഷിച്ചു പോകണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. അങ്ങനെ ഒടുവിൽ പുസ്തകങ്ങൾ മനുഷ്യരെ പിടിക്കുന്ന കെണിയാണെന്നു മനസിലാക്കി പുസ്തകശാലയിലെ ജോലി ഉപേക്ഷിച്ചു തിരികെ നടത്തുന്ന യാത്രയിൽ ആ കെണിയിൽ അകപ്പെട്ടവരെ ഈ നോവലിൽ അദ്ദേഹം വായിക്കിച്ചെടുക്കുകയാണ്. ഇതിൽ കഥ പറയുന്ന ആൾ, ഒരു കഥാകാരനാകണം എന്ന് നിര്ബന്ധമില്ല, കിളിമഞ്ജാരോ ബുക്സ്റ്റാൾ എന്ന പുസ്തകശാല വെസ്റ്റേൺ പ്രസാധകരുടെ പുസ്തകങ്ങൾ കൂടുതലായി വിൽക്കുന്ന ഒരു പുസ്തകശാലയാണെന്നു ഓർമ്മിപ്പിക്കുന്നു, അതിനാൽ വെസ്റ്റേൺ ചിന്താഗതിയുള്ള, ലിബറൽ ആയി ചിന്തിക്കുന്ന ഒരു വായനക്കാരൻ തന്നെയാകാം ഈ പുസ്തകത്തിലെ അയ്യാൾ. കാരണം കഥാകാരൻ ആയിരുന്നെങ്കിൽ ഓരോ കഥയുടെയും പരിണാമഗുപ്തി അയ്യാൾക്കറിയണം. ഈ നോവൽ വായനക്കാരനുള്ളതാണ്. കഥ മുഴുമിപ്പിക്കേണ്ടതും വായനക്കാരനാകണം. ഒരു പക്ഷെ വായനക്കാരൻ കൂടി കഥാകാരനാകേണ്ട മലയാളത്തിലെ അപൂർവം ചില നോവലുകളിൽ ഒന്നാണ് കിളിമഞ്ജാരോ ബൂക്സ്റ്റാൾ. ഈ നോവലിൽ റാഹേലിന്റെതൊഴികെയുള്ള കഥകൾ എല്ലാം പറയുന്നത്, നോവലിലെ ഒരു കഥാപാത്രമായ ഭാസ്കരേട്ടനാണ്. എന്നാൽ ഭാസ്കരേട്ടന്റെ കഥ ആരും പറയുന്നുമില്ല.

ഇടവകപ്പള്ളിയിൽ കൗമാരത്തിൽ മൊട്ടിട്ട പ്രണയം, റാഹേലിനയ്യാൾ സ്വപ്‌നത്തിൽ കർത്താവായിരുന്നു. കുമ്പസാരത്തിൽ ദൈവവിളിയെന്നു കുമ്പസാരക്കൂട്ടിൽ അച്ചനാൽ തെറ്റിദ്ധരിക്കപ്പെട്ട അവൾ മഠത്തിൽ പോകുന്നു. മഠത്തിൽ പോകുന്നതിനു രണ്ടുനാൾ മുന്നേ കൈതക്കാടിന്റെയും ഈറത്തണ്ടിന്റെയും പുല്ലാഞ്ഞിയുടെയും മറവിൽ അവൾ അനുഭവിച്ച പ്രണയം, മഠത്തിൽ നിന്നും അവളെ തിരികെ കൊണ്ട് വന്നുവെങ്കിലും അയ്യാൾക്കവളെ വീണ്ടെടുക്കാനാകുന്നില്ല. തുടർന്ന് അയാൾ ആത്മീയതയിൽ അഭയം പ്രാപിക്കുന്നു. നിത്യയുടെ സഹചാരിയാകുന്നു. പിന്നീട് ആത്മീയതയും അവസാനിപ്പിച്ചു അയ്യാൾ കെ കെ സി യുടെ മരക്കടയിൽ കണക്കെഴുത്തുകാരനായി ബൗദ്ധീക ജീവിതത്തിലേക്ക് തിരികെ വരുന്നു. അവിടെ നിന്നാണയാൾ പുസ്തകശാലയിൽ ജോലിക്കായി വരുന്നത്. വി കെ കാക്കോറയുടെ ഉടമസ്ഥതയിലുള്ളതാണ് കിളിമഞ്ജാരൊ ബൂക്സ്റ്റാൾ, മകൾ നിലീന ബുദ്ധിപരമായ കഴിവോ പ്രകടനമോ കാണുമ്പോൾ ഉത്തേജിതയാകുന്ന യുവതിയാണ്.

വി കെ കാക്കോറ എന്ന സോഷ്യലിസ്റ്റ് ആയി മാറിയ കൃഷ്ണൻ, പൂർവാശ്രമത്തിൽ മകനെ പോലെ തന്നെ താലോലിച്ച ചേട്ടൻ അമ്പാടിയുടെ ഭാര്യയുമായി രമിക്കുന്നു. കെ കെ സി, ഗേ സെക്സിൽ ഒന്നിലധികം പുരുഷന്മാരുമായി ബന്ധപ്പെടുന്നു, രമയും ലീനയുമാകട്ടെ, ലെസ്ബിയനിസത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കുവാൻ തയ്യാറാകുന്നു, ആർക്കും ഒന്നിനും അവരെ പിന്തിരിപ്പിക്കുവാൻ കഴിയുന്നില്ല, വ്യംഗ്യമായി ഹിജഡകളെയും അയ്യാൾ ഈ നോവലിൽ പരാമർശിക്കുന്നു. പിതാവിനാൽ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടിയും, ഗർഭം ധരിക്കാൻ ഇഷ്ടമില്ലാത്ത വേദികയും. അങ്ങനെ ലൈംഗീകതയുടെ ഏതാണ്ടെല്ലാ വശങ്ങളും ചർച്ചയാക്കുവാൻ അയാൾക്കു നോവലിൽ കഴിയുന്നു.

ബുദ്ധിപരതയിൽ ഉത്തേജിതയാകുന്ന നീലിമയുടെ കഥാപാത്രം മലയാള നോവലിൽ ഒരു പുതു അറിവാണ് പകർന്നു തരുന്നത്. ലൈംഗീകതയുടെ രാഷ്ട്രീയം കൂടി ഈ നോവലിൽ നോവലിസ്റ്റ് സസൂഷ്മം പങ്കു വയ്ക്കുന്നു. ലൈംഗീകതപോലെ തന്നെ പ്രണയവും അതിന്റെ യുക്തിയും നിർവചനവും എല്ലാം ആഖ്യാതാവ് വളരെ ലളിതമായി വ്യാഖ്യാനിച്ചു തരുന്നു. പ്രണയത്തിന്റെ കാഠിന്യം അനുഭവിച്ചിട്ടുള്ള അയ്യാൾ, പ്രണയത്തിന്റെ നിസ്സഹായഹതയും ആകുലതകളും മുറിവുകളും പങ്കു വയ്ക്കുന്നു. പ്രണയിനികളോടുള്ള അയാളുടെ കരുതൽ, മറ്റുള്ളവരുടെ സ്വകാര്യതകളിൽ തലയിടാതെയുള്ള ജീവിതം ഇതൊക്കെ മലയാളവായനക്കാർക്കു അപൂർവമായി മാത്രം കിട്ടുന്ന സന്ദേശമാണ്.

ഈ നോവൽ രാജീവൻ അമ്പലശേരിയുടെ കഥയാണ്, അയാളുടെ കല്യാണ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുടെ, ആ പെൺകുട്ടിയെ വിവാഹം കഴിച്ച ബുക്ക് മോഷ്ടാവിന്റെ കഥയാണ്. റാഹേലിന്റെ കഥയാണീ, റാഹേലിന്റെ ഗ്രാമത്തിന്റെ, പള്ളിയിലെ അച്ചന്റെ, മഠങ്ങളുടെ കഥയാണ് കിളിമഞ്ജാരൊ ബൂക്സ്റ്റാൾ. അമ്പാടിയുടെയും കൃഷ്ണന്റെയും നളിനിയുടെയും കഥയാണ്, കെ കെ സി യുടെ കഥയാണ്, അയാളുടെ പ്രേമാതുരരായ പുരുഷന്മാരുടെ കഥയാണ് കിളിമഞ്ജാരോ ബൂക്സ്റ്റാൾ. വേദികയുടെ, വേദികയുടെ ഭർത്താവിന്റെ, ഈ മൊതലിനെ എവിടെയെങ്കിലും കൊണ്ട് പോയി കളയൂ എന്നാവശ്യപ്പെടുന്ന ഒരു അമ്മയുടെ കഥയാണ്, മൊതലിന്റെ, അപ്പന്റെ പീഡനം സഹിക്കേണ്ടി വന്ന മകളുടെ കഥയാണ്, ഓട്ടോറിക്ഷാക്കാരുടെ കഥയാണ് , കുണാലിയുടെ, അശോക ചക്രവർത്തിയുടെ, തിത്യരക്ഷയുടെ, കഥയാണ്, രമയുടെ, ലീനയുടെ, അവരുടെ കുടുംബത്തിന്റെ കഥയാണ്, വി കെ കക്കോറയുടെ കഥയാണ്, കവി കോയിറ്റാത്തിലിന്റെ, നാരായണിയുടെ, സഹദേവന്റെ, ക്യാൻസർ വന്നു മരിച്ച പെൺകുട്ടിയുടെ, ആ പെൺകുട്ടിക്കായി പുസ്തകം അന്വേഷിച്ചു പോയ അപ്പന്റെ നെഞ്ചു നീറുന്ന കഥയാണ്, കിളിമഞ്ജാരോ ബൂക്സ്റ്റാൾ. നിലീനയുടെ, ധര്മേന്ദ്രയുടെ,സുന്ദരപാണ്ഡ്യാപുരത്തിന്റെ, ഭാസ്കരേട്ടന്റെ സർവോപരി വായനക്കാരന്റെ കഥയാണ് കിളിമഞ്ജാരൊ ബൂക്സ്റ്റാൾ.

വലിയ ഇമേജറികൾ കൊണ്ടും സന്ദർഭ സൂചി കൊണ്ടും ഓരോ കഥാപാത്രത്തെയും അവരുടെ ജീവിതത്തെയും സമകാലില ലോകത്തെ തന്നെ രാജേന്ദ്രൻ എടത്തുംകര ഈ നോവലിലൂയോടെ കോറിയിടുകയാണ്. കിളിമഞ്ജാരോ ബൂക്സ്റ്റാൾ എന്ന പേര് ഈ പുസ്തകശാലക്കു നിലീന നിർദ്ദേശിക്കുന്നത് തന്നെ ഉദാഹരണം.

ഗ്രാമീണതയുടെ നിഷ്കളങ്കതയുണ്ട്, നഗരത്തിന്റെ വശ്യതയുണ്ട്, കുടിയേറ്റ മേഖലയുടെ ചരിത്രമുണ്ട്, കാരുണ്യത്തിന്റെ ആർദ്രതയുണ്ട്, ആത്മീയതലമുണ്ട്, ബൗദ്ധിക മണ്ഡലമുണ്ട്, രാഷ്ട്രീയക്കാരന്റെ കൗശലമുണ്ട്, കവിയുടെ ജീവിതമുണ്ട്, മണ്ണിന്റെ, കണ്ടൽക്കാടിന്റെ, ചതുപ്പിന്റെ, നിശ്ശബ്ദതയുണ്ട്, മരണത്തിന്റെ ഗന്ധമുണ്ട്, മദ്യപാനത്തിന്റെ ഉന്മാദമുണ്ട്, ലൈംഗീകതയുടെ വ്യാപനമുണ്ട്, പ്രണയത്തിന്റെ മധുരിമയുണ്ട്. പ്രതികാരത്തിന്റെ അഗ്നിയുണ്ട്, ചിന്തയുടെ സൂഷ്മതയുണ്ട്, പാചകത്തിന്റെ കരവിരുതുണ്ട്, ശക്തമായ നിലപാടുകളുണ്ട്, വ്യക്തമായ രാഷ്ട്രീയമുണ്ട്. മിത്തും ചരിത്രവും വർത്തമാനവുമായി ഇഴ ചേർന്ന് വായനക്കാരനെ വിസ്മയിപ്പിക്കുന്നു കിളിമഞ്ജാരോ ബുക്സ്റ്റാൾ.

ഓരോ കഥാപാത്രങ്ങളും സന്ദർഭവും വായനക്കാരനോട് തീഷ്ണമായി സംവദിക്കുന്നുണ്ട്, അവരെയെല്ലാം വായനക്കാരൻ തിരിച്ചറിയുന്നുമുണ്ട്.

ഇതൊരു സ്ത്രീപക്ഷ നോവൽ ആണ്, സ്ത്രീകളുടെ കഥയാണ്, അയ്യാൾ പറയുന്നു, “കസേരയിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ മുന്നിൽ നിൽക്കുന്ന പുരുഷൻ മുഖാമുഖം നിൽക്കുന്നതിന്റെ ചരിത്രപരമായ നിർവൃതി ഒന്ന് വേറെ തന്നെയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ബലിഷ്ഠമായ ചിത്രത്തിനെതിരെ ഒരു തിരിച്ചറിവ് അചഞ്ചലമായി നിൽക്കുന്ന നിമിഷമാണത്”. ഇവിടെ ഒരു പുരുഷൻ സ്ത്രീയുടെ മേൽക്കോയ്മ അംഗീകരിക്കുകയാണ്, അവളെ ആദരിക്കുകയാണ്. ഈ നോവലിലെ സ്ത്രീകൾ എല്ലാം വളരെ പുരോഗമനസ്വഭാവമുള്ളവരും (മഠത്തിൽ നിന്നു പുറത്തു വരുമ്പോൾ റാഹേലും) യാഥാർഥ്യങ്ങളിൽ ജീവിക്കുന്നവരുമാണ്.

നോവലിൽ പടിഞ്ഞാറൻ എഴുത്തുകാരുടെ കൃതികളെ പലവുരു പരാമർശിക്കുന്നു, കിളിമജ്ഞരോ ബുക്സ്റ്റാൾ എന്ന ഈ നോവലും പടിഞ്ഞാറൻ ആഖ്യാന രീതികൾ ആണ് അവലംഭിച്ചിട്ടുള്ളത്. അതിഭാവുകത്വമില്ലാത്ത, യുക്തിഭദ്രമായ, ആവശ്യമായ കൂട്ടുകൾ മാത്രം ചേർത്തു കുറുക്കിയെടുത്ത, നിലീനയുടെ സ്വഭാവം പോലെ തോന്നിപ്പിക്കുന്ന, ഉത്തേജനം നൽകുന്ന, നർമ്മം കോർത്തിണക്കിയ സംഭാക്ഷണ ശകലങ്ങൾ നിറഞ്ഞ മനോഹരമായ പുസ്തകമാണ് കിളിമജ്ഞരോ ബുക്സ്റ്റാൾ. ഓരോ വരിയിലും സംഭാഷണത്തിലും കവിത തുളുമ്പുന്ന അനിതരസാധാരണമായ ഭാഷയുടെ മാന്ത്രികതയിൽ വായനക്കാരുടെ മനസിലേക്ക് പെയ്യുകയാണ് രാജേന്ദ്രൻ എടത്തുംകരയുടെ കിളിമജ്ഞരോ ബുക്സ്റ്റാൾ എന്ന നോവൽ. സമകാലിക കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഏതാണ്ടെല്ലാ വിഷയങ്ങളും വളരെ വ്യംഗ്യമായി ഈ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുകയാണ് കഥാകാരൻ. മലയാള നോവൽ സാഹിത്യത്തിനു വ്യത്യസ്തമായ ഒരു പുതു എഴുത്തു രീതി ഈ നോവലിലൂടെ സൃഷ്ടിക്കപ്പെടുകയാണ്. അയാൾ ഭൗതീകതയിൽ നിന്ന് ആത്മീയതയിൽ, വീണ്ടും ഭൗതീകതയിൽ, നിൽക്കക്കള്ളിയില്ലാതെ വീണ്ടും ആത്മീയതയിൽ, ചുരങ്ങളിലൂടെ കിളിമഞ്ജാരോ കയറുകയാണ്.

Print Friendly, PDF & Email