പുസ്തക പരിചയം

വിസ്മയകഥകളുടെ മ്യൂസിയം



ദേശത്തെ പറ്റിയുള്ള ഒരായിരം മാസ്മരിക നുണക്കഥകളുടെ സമാഹാരമാണ്, ഒരു ക്രൈം ത്രില്ലർ എന്ന ലേബലിൽ, എം ആർ അനിൽകുമാർ എഴുതി, ഡി സി ബുക്സ് പുറത്തിറക്കിയ, ഏകാന്തതയുടെ മ്യൂസിയം എന്ന നോവൽ. ക്രൈം ത്രില്ലർ എന്ന ലേബൽ ഈ നോവലിന് ഒരിക്കലും യോജിക്കുന്നതല്ല. ക്രൈം ഈ നോവലിൽ ശക്തമായി അവതരിപ്പിക്കപ്പെടുമ്പോൾ പോലും, ക്രൈമിനുപരി നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന ഒരു സമകാലില മിസ്റ്റിക്ക് നോവൽ ആണ് ഏകാന്തതയുടെ മ്യൂസിയം എന്ന് പറയേണ്ടിയിരിക്കുന്നു.

സമകാലീന ജീവിതത്തിന്റെ പരിച്ഛേദമായ ഒന്നാം ഭാഗവും നിഗൂഢവും വിഭ്രമാത്മകവുമായ കഥകൾ അടങ്ങിയ രണ്ടാം ഭാഗവും ചേർന്ന നോവൽ കഥാപാത്രങ്ങളാലും കഥകളാലും സമ്പന്നമാണ്. ഓരോ പേജും പറയുന്നത് വ്യത്യസ്തമായ ഓരോ കഥയാണ്, ഒന്നിലധികം കഥകളുൾക്കൊള്ളുന്ന പേജുകളുമുണ്ട് . കണ്ടെമ്പററി ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ, എന്റർറ്റെയ്ൻമെന്റ് വിഭാഗത്തിലെ, സാഹിത്യവിഭാഗം എഡിറ്റോറിയൽ ഹെഡ് ആയ സിദ്ധാർത്ഥൻ യാദൃച്ഛികമായി കാണാനിടയാകുന്ന ബ്ലോഗിൽ, തെരുവിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു നോവലിന്റെ ഏതാനും ഭാഗങ്ങൾ വായിക്കാനിടയാകുന്നു. ഏകാന്തമായ രാത്രികളിൽ, തന്റെ സ്വപ്നങ്ങളിലെ, സ്നാനഘട്ടിലെത്താറുള്ള മഗ്ദലേന സലോമിയെന്ന സുന്ദരിയാണ്‌ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട നോവലിലെ കഥാപാത്രം എന്ന് അയാൾ മനസിലാക്കുന്നു. ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ നോവലിസ്റ്റ് എഴുതിയ ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകൾ എന്ന ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷയാണ് ഈ നോവൽ എന്നും അയാൾ മനസ്സിലാക്കുന്നു ആ എഴുത്തുകാരനെ തേടി നടത്തുന്ന യാത്ര ആണ് കഥയുടെ പശ്ചാത്തലം.

രണ്ട് ഭാഗങ്ങളുള്ള നോവലാണ് ഏകാന്തതയുടെ മ്യൂസിയം. ഒന്നാം ഭാഗത്ത് സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനായ കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥ നീങ്ങുന്നു. കണ്ടെമ്പററി ജീവിതത്തിന്റെ നേർക്കാഴ്ചയും പത്രപ്രവർത്തകരുടെ ജീവിതവും അവരുടെ ദുരിതങ്ങളും ഈ ഭാഗത്തു കോറിയിട്ടിരിക്കുന്നു. ത്രസിക്കുന്ന ലൈംഗീകതയും ആസക്തികളും സംഘർഷങ്ങളും സംഘട്ടനങ്ങളും ദുരിതങ്ങളും കൊലപാതകങ്ങളും നിറഞ്ഞ ഇടപെടലുകളുടെ കാലഘട്ടത്തെ ആദ്യപകുതിയിൽ വായിക്കാം. കഥാപാത്ര സൃഷ്ടിയിൽ വളരെയധികം ശ്രദ്ധാലുവാണ് നോവലിസ്റ്റ്, വൈരുദ്ധ്യാത്മക കഥാപാത്ര രചനക്ക് ഉദാഹരണമാണ്, നവലൈംഗീകതയുടെ വക്താവായ റീമ തോബിയാസും, പരിചയമില്ലാത്ത പുരുഷന്മാരെ സംശയത്തോടു കൂടി നോക്കുന്ന വർഷയെന്ന കഥാപാത്രവും. സോജൻ ജോർജ് എന്ന പത്ര മുതലാളി, കമ്പോളത്തിന്റെ സാധ്യതകളിൽ മാത്രം കണ്ണോടിക്കുന്ന വ്യവസായിയാണ്.

രണ്ടാം ഭാഗം, പേര് പരാമർശിച്ചിട്ടില്ലാത്ത, ഇതിലെ എഴുത്തുകാരന്റെ കൃതിയാണ്. അയാൾ ബ്ലോഗിൽ വന്ന അജ്ഞാത രചനയും സ്വന്തം രചനയും വർഷ- ഗോകുൽമാരിൽ നിന്ന് മനസ്സിലാക്കിയ സിദ്ധാർത്ഥന്റെ ജീവിതവും ഇടകലർത്തി ആവിഷ്കരിക്കുന്ന മട്ടിലാണ് ഈ ഭാഗം രചിക്കപ്പെട്ടിരിക്കുന്നത്. നോവലിന്റെ അവസാനത്തെ അദ്ധ്യായത്തിൽ എത്തുമ്പോൾ മാത്രമാണ് വായനക്കാരൻ ഇതുവരെയും താൻ ഒരു മായാവലയത്തിൽ ആയിരുന്നു എന്ന് മനസിലാക്കുന്നത്. അവിടെ അയാൾ വീണ്ടും സമകാലിക ലോകത്തിലേക്ക് പറിച്ചു നടപ്പെടുകയാണ്.

മഞ്ഞയും വെള്ളയും എന്ന ഇരട്ട ഗ്രാമത്തിലാണ് ‘ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണക’ളുടെ രചയിതാവായ ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ താമസിക്കുന്ന റൈറ്റേഴ്‌സ് ബിൽഡിംഗ് എന്ന കൊളോണിയൽ ബംഗ്ളാവ്.. ആ ഗ്രാമം കഥകൾ കൊണ്ട് നിബിഡമാണ് -കൊളോണിയൽ ബംഗ്ലാവും. ആ നാട്ടിൽ, ഓരോരുത്തർക്കും അവരുടേതായ കഥകളുണ്ട്. റൈറ്റേഴ്‌സ് ബംഗ്ളാവ് കഥകളുടെ ഒരു മ്യൂസിയമാണ്, കഥകളുടെ ഒരു മായിക വർണക്കാഴ്ചയാണ്. ചരിത്രമുറങ്ങുന്ന കഥകൾ, ഉന്മാദത്തിന്റെ, തൃഷ്ണയുടെ, രതിയുടെ, ദൈന്യതയുടെ, നിഗൂഢതയുടെ, കച്ചവടത്തിന്റെ, ആർത്തിയുടെ, കുടിയേറ്റത്തിന്റെ, അടിമത്തത്തിന്റെ, ക്രോധത്തിന്റെ, പട്ടിണിയുടെ, മരണത്തിന്റെ, ആത്മഹത്യയുടെ, സങ്കടങ്ങളുടെ, സന്തോഷത്തിന്റെ… കഥകൾ.

ഏകാന്തതയുടെ മ്യൂസിയത്തിന്റെ രണ്ടാം ഭാഗം, വടവനാൽക്കൽ കുടുംബത്തിന്റെ ചരിത്രം മാത്രമല്ല, മഗ്ദലേന സലോമിയുടെ, ക്ലമന്റ് ആൽബെർട്ടോയുടെ , ഗബ്രിയേൽ ജോസഫ് കടക്കാരന്റെ, അയാളുടെ ഗ്രാൻഡ് ഗ്രാൻഡ് പപ്പയുടെ, ഗ്രാൻഡ് ഗ്രാൻഡ് പപ്പയുടെ അനിയന്റെ, ഗ്രാൻഡ് ഗ്രാൻഡ് മമ്മയുടെ, ഗ്രാൻഡ് പപ്പയുടെ, വെങ്കീരി മൂപ്പന്റെ, മൃണാളിനി സുഭാഷിന്റെ, ലിയൂലിയുടെ, കാരംസ് റെജിനോയുടെ, റോസാ സെലിന്റെ, സഖാവ് കരുണന്റെ, ആദിവാസികളുടെ, ബാഗ്മയുടെ, കുന്നുകളുടെ, മലയടിവാരത്തിന്റെ, ഏഴു പുണ്യാളൻമാരുടെ പള്ളിയുടെ, മഞ്ഞയുടെ, വെള്ളയുടെ എല്ലാം കഥകൾ…..

ഏകാന്തതയുടെ മ്യൂസിയത്തിൽ, കഥകൾ മാത്രമല്ല, ചരിത്രവും, രാഷ്ട്രീയവും സാഹിത്യവും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. സാമൂതിരിയുടെ, കൊളോണിയൽ സംസ്‌കൃതിയുടെ, ബ്രിട്ടീഷ് ഭരണത്തിന്റെ, സ്വാതന്ത്ര്യ സമരത്തിന്റെ, ലോക മഹായുദ്ധത്തിന്റെ, അടിയന്തരാവസ്ഥയുടെ, കമ്മ്യൂണിസ്റ്റുകളുടെ, സമകാലികമായ മാവോയിസ്റ്റുവേട്ടയുടെ വരെ ചരിത്രം സൂക്ഷ്മമായി പറയുന്നു ഈ നോവലിന്റെ രണ്ടാം ഭാഗത്തിൽ. വസ്തുതകളുടെ കഥയല്ല, കഥാപാത്രങ്ങളുടെ കഥയാണ് നോവൽ പറയുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നതെങ്കിലും പാതിരിമാരുടെയും ഭരണവർഗ്ഗത്തിന്റെയും കള്ളക്കളികളും കുടിലതകളും ഈ നോവലിൽ ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നു. അമ്മുഹാജി എന്ന റാവുത്തനിലൂടെ, മുസ്ലിം കച്ചവടക്കാരനെയും അവരുടെ കച്ചവട തന്ത്രങ്ങളെയും വരച്ചു കാട്ടുന്നു.

ഇരട്ട, അല്ലെങ്കിൽ രണ്ട് എന്ന അക്കത്തിന് ഈ നോവലിൽ വലിയ സ്വാധീനമാണുള്ളത്. മഞ്ഞയും വെള്ളയും എന്നീ പേരുകൾ ഉള്ള ഇരട്ട ഗ്രാമത്തിന്റെ കഥ പറയുന്ന നോവലിൽ പ്രധാന കഥാപാത്രങ്ങളുടെ രണ്ടു വ്യത്യസ്ത ആഖ്യാനങ്ങൾ വരുന്നുണ്ട്. മിക്ക കഥാപാത്രങ്ങളുടെയും ഇരട്ട വ്യക്തിത്വം അനാവരണം ചെയ്യപ്പെടുന്നു. രണ്ടു ഭാഗങ്ങളിൽ ആയി രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്നു. സിദ്ധാർത്ഥൻ പോലും ആദ്യപകുതിയിൽ റിയൽ ആയും, രണ്ടാമത്തെ പകുതിയിൽ ഒരു കഥാപാത്രമായുമാണ് വരുന്നത്. ആദ്യ പകുതിയിൽ, വർഷ ജോലി ചെയ്യുന്നത് കണ്ടെമ്പററി ന്യൂസ് എന്ന പത്രത്തിലാണ്. രണ്ടാം പകുതിയിൽ സൺഡേ ന്യൂസിന്റെ അഭിമുഖക്കാരിയാണ് വർഷ. കഥ പറയുന്ന ഗബ്രിയേൽ ജോസഫ് കട്ടക്കാരനും, സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനായി നോവൽ പൂർത്തിയാക്കിയ എഴുത്തുകാരനും- അങ്ങനെ രണ്ട് എഴുത്തുകാർ നോവലിൽ ഉണ്ട്. രണ്ടു പേരും കൊലചെയ്യപെടുകയാണ്. ടെറിൻ ജോസഫ് എന്ന തമ്പാൻ ഒരു വശത്ത്, ഒരു പക്കാ ക്രിമിനലിന്റെ സ്വഭാവം വെച്ചുപുലർത്തുന്നയാളാണ്, മറുവശത്ത്, റിമ തോബിയാസിനെ സംരക്ഷിക്കുന്ന കരുണ കിനിയുന്ന ഹൃദയത്തിന് ഉടമയുമാണ്.

നോവലിന്റെ രണ്ടു ഭാഗത്തും വ്യത്യസ്തമായ ആഖ്യാന ശൈലി ആണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ടർക്കിഷ് എഴുത്തുകാരൻ ഓർഹൻ പാമുക്ക് നോവലിസ്റ്റിനെ സ്വാധീനിച്ചിരുന്നു എന്ന് കാണാം. എന്നാൽ രണ്ടാം പകുതിയിൽ, മാർക്കേസ്, ഗുന്തർ ഗ്രാസ്, ബോഹ്‍സ് എന്നിവരുടെ സ്വാധീനവും വായനക്കാരന് അനുഭവപ്പെട്ടേയ്ക്കാം. ഒരു എഴുത്തുകാരൻ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ, താൻ എഴുതുന്നവയ്ക്ക് മറ്റൊരാളുടെ രചനയുമായി യാതൊരു താതാത്മ്യവും പാടില്ലെന്നുള്ള നിഷ്കർഷ ഈ നോവലിൽ സ്വന്തം അനുഭവത്തിൽ നിന്നും നോവലിസ്റ്റ് പറിച്ചു നടുന്നതായി കാണാം.

ഒരേ സമയം യാഥാർത്ഥ്യം, ഭാവന, സ്വപ്നം, മിഥ്യാഭ്രമം, കഥകൾ, മിത്തുക്കൾ, വാർത്തകൾ, സംഭാഷണങ്ങൾ. ബോധധാര, സ്വയം കഥ പറച്ചിൽ, ഡയറിക്കുറിപ്പുകൾ എന്നിങ്ങനെ പലതരം രചനാ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും തമ്മിൽ നിഗൂഢമായി മിശ്രണം ചെയ്ത് വായനക്കാരെ ഒരു വിചിത്ര വായനാനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുണ്ട് . കഥ പറയുക എന്നതിലേറെ ഒരപരിചിതമായ വായനാനുഭവം സൃഷ്ടിക്കുക എന്നതാണ് എഴുത്തുകാരന്റെ ഉദ്ദേശ്യം. അതിനാൽ രേഖീയമായ ഒരു കഥ പറച്ചിലും ഇതിൽ ഇല്ല എന്നു സാമാന്യമായി പറയാം. എല്ലാ കഥകളും ഒന്നിലാരംഭിച്ച് മറ്റൊന്നിലേക്ക് വളരുകയും അതിൽ ലയിക്കുകയോ അലിഞ്ഞു ചേരുകയോ മറ്റൊന്നിലേക്ക് രൂപാന്തരപ്പെടുകയോ ചെയ്യുകയും ചെയ്യുന്നു. ഒരേ സമയം ഒന്നിലധികം നോവലുകൾ വായിക്കുന്ന പ്രതീതി വായനക്കാർക്കു ഉണ്ടാക്കുന്നു. വായനക്കാരെ ഒരു മിസ്റ്റിക്ക് അനുഭവത്തിലേക്ക് കൊണ്ട് പോകുന്ന ഈ നോവൽ മലയാളനോവൽ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.

Print Friendly, PDF & Email