LITERATURE കവിത ചുവരെഴുത്തുകൾ

കാർണിവെലാനന്തര കാവ്യചിന്തകൾപുതിയതായി കവിത എഴുതിത്തുടങ്ങുന്ന കുട്ടിക്കവികളോട്…….

നിങ്ങൾ എന്തെങ്കിലും കൊള്ളാവുന്ന നാലുവരി കവിതയെഴുതിയാൽ ഏതെങ്കിലും മുതിർന്ന കവി ചാടിക്കേറി വന്ന് പ്രോൽസാഹിപ്പിച്ച്, നിങ്ങളെ ഗംഭീരകവിയായി പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കുക; അത് അവർക്ക് ശേഷം നല്ല കവിയുണ്ടാകാതിരിക്കാനുള്ള തന്ത്രമാണ്. നിങ്ങളിലെ കവിയെ തിരിച്ചറിഞ്ഞിട്ടാണ് ഈ പ്രാൽസാഹനമെങ്കിൽ, നിശ്ചയമായും പഴയതും പുതിയതുമായ ധാരാളം കവിതകൾ വായിച്ച് വിപുലമായ കാവ്യാനുഭവം നേടാനാണ് ഉപദേശിക്കുക. അങ്ങനെ ആരെങ്കിലും ചെയ്താൽ അവരെ വിശ്വസിക്കുക. അതല്ല, അവർ പ്രോൽസാഹനം മാത്രമാണ് തുടരുന്നതെങ്കിൽ, വൈല്ലോപ്പിള്ളി പറഞ്ഞതു പോലെ, ‘നീ എന്നെ പ്രോൽസാഹിപ്പിക്കല്ലേ..’ എന്ന് പറഞ്ഞൊഴിയുക. എന്നിട്ട് ധാരാളം കവിതകൾ കുത്തിയിരുന്ന് വായിക്കുക. ഇഷ്ടപ്പെടവ മന:പാഠമാക്കുക. കവിതയിൽ വാക്കുകൾ ഭാവാത്മകമാകുന്നതിന്റെ രസതന്ത്രം മനസ്സിലാക്കുക. ഇമേജറികൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്നത് അനുഭവിച്ചറിയുക. എഴുത്തിലെ നടപ്പു രീതികളെ ധിക്കരിക്കാനുള്ള ആർജ്ജവം അവർക്കെങ്ങനെ കിട്ടി എന്ന് തിരിച്ചറിയുക. ചില വാക്കുകൾ മഴവില്ലാകുന്നത് കണ്ട് സ്വയം മറന്നിരിക്കുക. കവിതയിൽ വൃത്തം സൂക്ഷിക്കുന്നതിന്റെയും അത് നിരാകരിക്കുന്നതിന്റെയും കാവ്യലക്ഷ്യങ്ങൾ വേറെ വേറെയാണെന്ന് മനസ്സിലാക്കുക. വായിച്ച് മനസ്സിലാകാത്ത കവിതകൾ അത് വായിച്ച് മനസ്സിലായവരുടെ അടുത്ത് ചെന്ന് മെനക്കെട്ടിരുന്ന് പഠിക്കുക. ”ഇപ്പൊൾ കുമാരനാശാൻ ജീവിച്ചിരുന്നെങ്കിൽ എന്റെ കവിത വായിക്കുമായിരുന്നോ ? പിന്നെന്തിന് ഞാൻ അങ്ങേരുടെ കവിത വായിക്കണം ?” എന്ന വങ്കത്തരമൊന്നും പറയാതിരിക്കുക. ഓരോ നല്ല കവിതയും അനുഭങ്ങളുടെ വൻകരകളാണെന്നറിയുക. അതുകൊണ്ടാണവ എത്ര നിരാകരിക്കാൻ ശ്രമിച്ചാലും കാലത്തെ അതിജീവിക്കുന്നതെന്ന് തിരിച്ചറിയുക. ഓരോ കാവ്യവായനാനുഭവങ്ങളും അപരത്വത്തിലേക്ക് കൂടി തുറക്കുന്ന വാതിലാണെന്ന് മനസ്സിലാക്കുക. എല്ലാ കാലത്തെ എഴുത്തുകളും ആ കാലത്തിന്റെ ആവിഷ്കാരങ്ങളാണെന്ന ബോധ്യത്തിലേക്ക് വളരുക . കവികൾ മദ്യപിക്കാറുണ്ട്, എന്നാൽ മദ്യപിക്കുന്നവരെല്ലാം കവികളാകാറില്ലെന്ന് വളരെ നേരത്തെ തന്നെ തിരിച്ചറിയുക… പിന്നെ, നിങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുതിർന്ന കവികളൊക്കെ ആയ കാലത്ത് കാവ്യവായനയിൽ മുങ്ങി ജീവിച്ചവരാണെന്നത് പ്രത്യേകം മനസ്സിലാക്കുക. വരികൾ മുറിച്ച് താഴെത്താഴെ എഴുതിയാൽ മാത്രം കവിതയാകില്ലെന്നറിയുക. ‘എത്രയും വേഗം ഒരു പുസ്തകമിറക്കിക്കളയാം’ എന്ന ത്വര ആദ്യമേ തന്നെ ഉപേക്ഷിക്കുക. ഇത്രയൊക്കെ ചെയ്തിട്ടും, ഇതിനിടയിൽ നിങ്ങൾക്ക് കവിതയെഴുതാൻ തോന്നുന്നെങ്കിൽ, സംശയിക്കണ്ട…എഴുതുക…ധാരാളം എഴുതുക…നിങ്ങൾ ഒരു നല്ല കവിയാണ്…

(ചില )മുതിർന്ന കവികളോട്…..

പുതിയ കുട്ടികൾ എന്തെങ്കിലും നാല് വരി എഴുതിപ്പോയാൽ ഉടനെ ചാടിക്കേറി ആസ്ഥാന കവിയായി പ്രഖ്യാപിക്കുന്ന പരിപാടി നിർത്തുക. ധാരാളം വായിക്കാൻ ഉപദേശിക്കുക. അവർ വിപുലമായ കാവ്യാനുഭവം നേടട്ടെ. നിങ്ങൾക്ക് ശേഷവും കവികൾ വേണമല്ലോ. പ്രോൽസാഹിപ്പിച്ച് പ്രോൽസാഹിപ്പിച്ച് പാവങ്ങളുടെ കൂമ്പടയ്ക്കാതിരിക്കുക…

ഇനി ഇതിന്റെ പേരിൽ എന്റെ മേക്കിട്ട് കേറാൻ ആരും വരണ്ട. കുട്ടിക്കാലത്ത് ദേശാഭിമാനി വാരികയിലെ ‘ഉണ്ണിയേട്ടന്റെ മറുപടി’ എന്ന ബാലപംക്തിയിലേക്ക് ഒരു കവിതയയച്ചപ്പോൾ മറുപടിയായി കിട്ടിയ ഒരു മഞ്ഞ പോസ്റ്റ് കാർഡ്ഞാനിപ്പൊഴും സുക്ഷിച്ചിട്ടുണ്ട്. അതിൽ ഉണ്ണിയേട്ടൻ(അത് ഐ.വി.ദാസാണെന്നറിഞ്ഞത് വളരെ വൈകിയാണ്)എഴുതിയ ‘ധാരാളം വായിക്കുക.. എന്നിട്ട് എഴുതുക’ എന്നതാണെന്റെ ആപ്തവാക്യം… വായിച്ചപ്പോൾ എഴുതാൻ തോന്നാത്തത് നമ്മുടെ കുറ്റമല്ലല്ലോ ….

Print Friendly, PDF & Email