പുസ്തക പരിചയം

ശലഭം,പൂക്കള്‍, aeroplane : ജീവിതത്തിന്റെ പുതിയ തീരങ്ങള്‍Happiness is holding someone in your arms and knowing you hold the whole world.

(Orhan Pamuk)

“മുമൂ, ഇതൊക്കെ കുറച്ച് ഓവറല്ലേ? കുറച്ചോവറാണ്, എന്നാലും കുഴപ്പമില്ല.മലയാള സാഹിത്യം നിന്റച്ഛന് സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ.”

ലെസ്ബിയൻ പ്രണയത്തിന്റെ അമ്ല ലഹരി വായനക്കാരനിലേക്ക് പകർന്ന വ്യത്യസ്ത ആഖ്യാനശൈലിയിൽ പിറവിയെടുത്ത ആസിഡ് രചിച്ച സംഗീത ശ്രീനിവാസന്റ ഏറ്റവും പുതിയ നോവലാണ് ശലഭം പൂക്കൾ എയ്റോപ്ലെയ്ൻ. സംഗീത ശ്രീനിവാസന്റെ മൂന്നാമത്തെ നോവലാണിത്. ശലഭം പോലെ പാറി നടക്കാൻ കൊതിക്കുന്ന മൂമു രാമചന്ദ്രൻ. അതിനോടൊപ്പം ജോൺ മറോക്കിയുടേയും സാമിന്റെയും ജീവിതം നോവലിൽ നിറയുന്നു. തീഷ്ണമായ അനുഭവങ്ങളിലൂടെ യൗവനത്തെ നേരിടാൻ ശ്രമിക്കുന്ന രണ്ടു യുവതികൾ അവരുടെ പ്രണയത്തോടും ജീവിതത്തോടും നടത്തുന്ന പോരാട്ടം കൂടിയാണ് ഈ നോവൽ. സ്റ്റാലിയൻ ജംപർ ആയ പട്ടാളക്കാരി മുമു ഒഎൽ എക്സിലൂടെ യാദൃശ്ചികമായി പരിചയപ്പെട്ടുന്ന വായനക്കാരനും ചിത്രകാരനും വിമർശകനുമായ യുവാവാണ് ജോൺ മറോക്കി. അവരുടെ ആദ്യത്തെ കൂടിക്കാഴ്ചയിൽ കൊച്ചി-ബംഗളൂരു ദൂരത്തെ അതിജീവിച്ച് സ്നേഹിക്കണം എന്നുറപ്പിച്ചാണ് നേരിട്ടു കാണുന്നത്. അവരുടെ രതിയുടെ ആവേഗ നിമിഷത്തിനിടെ സംഭവിക്കുന്ന ഒരു നോവലാണിതെന്നു പറഞ്ഞാൽ നോവലിനോടും എഴുത്തുകാരിയോടും ചെയ്യുന്ന നീതികേട് ആയിരിക്കും അത്. ഇച്ഛാഭംഗങ്ങൾക്ക് ശേഷം സനേഹത്തിന്റെ ഉയർച്ചതാഴ്ച്ചകൾ കയറിയിറങ്ങുമ്പോൾ ഇരുട്ടിലെവിടെയോ മുമു ഒരു ഞരക്കം കേൾക്കുന്നു. അപരിചിതമായ ആ ശബ്ദം ഒരു പക്ഷെ വേറെ ഇണകൾ സ്നേഹിക്കുന്നതാവും എന്നവൾ കരുതുന്നു. പക്ഷെ ചെവി വട്ടം പിടിച്ചപ്പോൾ അത് അമ്മേ, എന്ന തളർന്ന നിലവിളി ആയിരുന്നു. കരുത്തന്റെ കാമത്തിനൊപ്പം ദുർബലന്റെ നിലവിളി. ഇതിലൂടെയാണ് നോവൽ യാത്ര ആരംഭിക്കുന്നത്. സ്വന്തം അമ്മയെ കൊന്നിട്ടും യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ലാതെ പുഞ്ചിരിയോടെ മറ്റുള്ളവരെ സ്വീകരിക്കുന്ന സാമിന്റെ ജീവിതത്തിലൂടെയുള്ള അന്വേഷണമെന്ന നിലയിലാണ് ആഷി തന്റെ നോവലെഴുതാൻ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിൽ വായനക്കാരന് പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത തലത്തിലേക്കാണ് ആഷിയുടേയും മുമുവിന്റയും സൗഹൃദമെങ്കിലും മുമൂവിന് മാത്രം അറിയുന്ന ഒരു ആഷിയും ആഷിയ്ക്ക് മാത്രം അറിയുന്ന ഒരു മൂമുവും അവർക്കിടയിലുണ്ട്. തികച്ചും ഇരുണ്ടു മൂടിയ ഒരന്തരീക്ഷത്തിൽ നിന്നുള്ള മൂമുവിന്റ ആശ്വാസമായിരുന്നു ആഷി, തിരിച്ചും അങ്ങനെ തന്നെ. പക്ഷെ രണ്ടു പേരും അവരവരുടേതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവരാണ്. അസ്വാഭാവികമെന്നു തോന്നാവുന്ന ബന്ധു, മുമുവിന്റെ അച്ഛൻ എന്നീ കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രീകരണത്തിലുള്ള വൈവിധ്യത്തിലൂടെ അതുവരെയുണ്ടായിരുന്ന ആഖ്യാനശൈലിയെ തന്നെ സംഗീത തിരുത്തി കുറിക്കുന്നു.

രതിയുടെ ആഴങ്ങളെ മലയാള സാഹിത്യം കൈകാര്യം ചെയ്യുന്നത് ഇതാദ്യമായല്ല. പരമ്പരാഗത വിവാഹ സങ്കൽപ്പത്തെ തള്ളിക്കളയുമ്പോഴും പ്രസവത്തിന്റെ കാല്പനികതയെ പരിഹസിക്കുമ്പോഴും പ്രണയത്തിന്റെ സദാചാര വേലികൾ ഈ നോവല്‍ തകർക്കുന്നില്ല. ജോണിനെ ആഷിയോടൊപ്പം കിടക്ക പങ്കിടുന്ന സാഹചര്യത്തിൽ കാണുമ്പോൾ ഹൃദയം തകരുന്ന കാമുകി തന്നയാണ് മൂമുവിലുമുള്ളത്. ഇതുവരെ എഴുതിയതെല്ലാം തിരസ്കരിക്കപ്പെട്ടെങ്കിലും തന്റെ മാസ്റ്റർപീസ് ഉറപ്പിച്ച് സാമിന്റെ കഥയിലൂടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ നോവൽ രചിക്കുന്ന ആഷിയിലൂടെ ശലഭം മികച്ച വായനാനുഭവം നൽകുന്നു. എഴുത്തധികാരം സ്ത്രീയിലേക്ക് പരിണമിക്കുന്ന സൂചനയും ഇതിലൂടെ കാണാം. അന്വേഷണാത്മക നോവല്‍ രചനയുടെ തലങ്ങളെയും ആഷിയുടെ കഥപാത്രനിര്‍മ്മിതിക്കായി സന്നിവേശിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ ഭാവുകത്വപരിസരത്തില്‍ ഒരു നവ്യാനുഭവം നല്‍ക്കുന്ന രചനയായി ‘ശലഭം പൂക്കള്‍ ഏയിറോപ്ലെയിന്‍’ മാറുന്നു.

“ശലഭങ്ങള്‍ ബൈപോളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്ത പോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ലഹരിപിടിപ്പിയ്ക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണ് ഓരോ ശലഭങ്ങളും”.

ശില്പ എ,

വിദ്യാര്‍ത്ഥിനി,

മലയാള വിഭാഗം,

കേരള സര്‍വ്വകലാശാല.

Print Friendly, PDF & Email