EDITORIAL POLITICS

നിങ്ങളുടെ മൗനവും ചോദ്യം ചെയ്യപ്പെടും1920 കൾ വരെ ജർമ്മനിയിലെ ജൂതന്മാർ ജർമ്മനിയിലെ പൊതു സമൂഹവുമായി ഇഴുകിച്ചേർന്നു ജീവിച്ചവരായിരുന്നു. ഭരണത്തിൽ, സൈന്യത്തിൽ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ എല്ലാം അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

1933 ലാണ് ഹിറ്റ്ലർ അധികാരമേൽക്കുന്നത്. പതിയെ ജൂതൻമാർ ‘അപരന്മാർ’ ആണെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടു. അവർ “മഹത്തായ” ആര്യ പാരമ്പര്യമുള്ള ജർമ്മൻകാരെ വിവാഹം കഴിക്കുന്നത് വിലക്കി നിയമം കൊണ്ട് വന്നു. പിന്നീട് ജൂതരുടെ പൗരത്വം തന്നെ റദ്ദ് ചെയ്തു. തുടർന്നുണ്ടായത് ലോകം ഇന്നും ലജ്ജയോടെ വായിക്കുന്ന വംശഹത്യയുടെ ചരിത്രം.

പക്ഷെ ഈ ചരിത്രം വായിക്കുന്നവർ എന്നും അത്ഭുതത്തോടെ ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്. തങ്ങളുടെ അയല്പക്കങ്ങളിൽ നിന്ന്, സമീപത്തെ സ്‌കൂളുകളിൽ നിന്ന്, വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് തങ്ങൾ അന്ന് വരെ സഹകരിച്ചിരുന്ന, സ്നേഹപൂർവ്വം ഇടപഴകിയിരുന്ന ജൂതന്മാരെ ക്യാമ്പുകളിലേക്ക്, ഡീറ്റെൻഷൻ സെന്ററുകളിലേക്കു, ഗ്യാസ് ചേമ്പറുകളിലേക്കു പിടിച്ചു കൊണ്ട് പോകുമ്പോൾ അന്നുവരെ അവരോടൊപ്പം ഇടപഴകി ജീവിച്ചിരുന്ന ജർമ്മൻ സമൂഹം എന്ത് ചെയ്യുകയായിരുന്നു എന്ന് ? അയല്പക്കങ്ങളിൽ വർഷങ്ങളായി സഹകരിച്ചു ജീവിച്ചിരുന്ന അമ്മമാരെ അറസ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ എന്ത് കൊണ്ട് അടുത്ത വീടുകളിലുണ്ടായിരുന്ന (ആര്യ) ജർമ്മൻ അമ്മമാർ പ്രതിഷേധിച്ചില്ല എന്ന്. സ്‌കൂളുകളിൽ നിന്ന് ജൂത കുട്ടികൾ അപ്രത്യക്ഷരാകുമ്പോൾ എന്ത് കൊണ്ട് ജൂതരല്ലാത്ത സഹപാഠികളും അധ്യാപകരും പ്രതിഷേധിച്ചില്ല എന്ന് ? അയല്പക്കത്തെ വ്യാപാരി, ഓഫീസിലെ സുഹൃത്ത് കൊല്ലപ്പെടുമ്പോൾ എന്ത് കൊണ്ട് അവരുടെ ജർമ്മൻ സുഹൃത്തുക്കൾ പ്രതിഷേധിച്ചില്ല എന്ന് ?

അതിനുള്ള ഉത്തരത്തിലേക്കെത്തും മുൻപ് നിങ്ങൾ ലോകരാജ്യങ്ങൾ ഞെട്ടലോടെ നോക്കി നിന്ന, ജർമ്മൻ ചരിത്രത്തിലെ ഭീകരമായ ഏടുകളുടെ തുടക്കത്തിലുണ്ടായ ചില കാളരാത്രികളെ കുറിച്ച് അറിയണം.

“തകർന്ന കണ്ണാടികളുടെ രാത്രി” അഥവാ Night of broken glass എന്നാണു ലോക ചരിത്രം ആ ദിവസങ്ങളെ രേഖപ്പെടുത്തുന്നത്. 1938 നവംബർ മാസം 9, 10 തീയതികളിലായിരുന്നു, ബ്രിട്ടീഷ് ചരിത്രകാരൻ മാർട്ടിൻ ഗിൽബെർട് 1933 നും 45 നും ഇടയ്ക്കു ലോകം ഏറ്റവും വ്യാപകമായി ചർച്ച ചെയ്ത സംഭവവികാസം എന്ന് രേഖപ്പെടുത്തിയ ആ ആക്രമണങ്ങൾ അരങ്ങേറുന്നത്.

നാസി പാർട്ടിയുടെ മിലിട്ടറി വിഭാഗമായ എസ് എ ആണ് അത് നടപ്പിലാക്കിയത്. മറ്റൊരു പേരിൽ കൂടി ആ സായുധ പരിശീലനം ലഭിച്ച സിവിലിയൻ ആർമി അറിയപ്പെട്ടിരുന്നു. Brown shirts എന്നായിരുന്നു അത്. വസ്ത്രം കാക്കി തന്നെയായിരുന്നു എന്ന് ഇനി എടുത്തു പറയേണ്ടതില്ലല്ലോ. അത് വരെ നാസി ജാഥകൾക്കു പ്രൊട്ടക്ഷൻ നൽകുക. മറ്റു കമ്മ്യുണിസ്റ്, പുരോഗമന പ്രസ്ഥാനങ്ങളുടെ ജാഥയിൽ കയറി കുഴപ്പുമുണ്ടാക്കുക, അവരുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചു വിടുക, ഇടതു, പുരോഗമന ചിന്തകരെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തുക, വേണ്ടി വന്നാൽ കൊന്നു കളയുക ഇതൊക്കെയായിരുന്നു ഇവരുടെ മുഖ്യ പ്രവർത്തനം.

അന്ന് രാത്രി അവർ ജർമ്മനിയിലെങ്ങും ആയുധങ്ങളുമായി ഇറങ്ങി, ജൂതന്മാരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, പള്ളികൾ എന്നിവ തകർത്തു. 200 ലധികം ജൂത പള്ളികളാണ് രണ്ടു രാത്രികൾ കൊണ്ട് ഇല്ലാതാക്കപ്പെട്ടതു. ജൂത ഉടമസ്ഥയിലുള്ള വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തകർക്കപ്പെട്ടു. രാജ്യം മുഴുവൻ തെരുവുകളിൽ ഉടഞ്ഞ കണ്ണാടികൾ മാത്രം. പോലീസും പട്ടാളവും നോക്കി നിന്നു. ഒരു വിരൽ പോലുമനക്കാതെ. കലാപം ആര്യൻ ഭൂരിപക്ഷ മേഖലകളിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കുക എന്നത് മാത്രമായിരുന്നു പൊലീസിന് ഏൽപ്പിക്കപ്പെട്ട ചുമതല.

ഈ കലാപങ്ങൾ ഒക്കെ നടക്കുമ്പോൾ ആര്യൻ ജർമ്മൻ ജനത, ഇന്നലെ വരെ സ്നേഹപൂർവ്വം അയൽക്കാരായി കഴിഞ്ഞിരുന്നവർ എന്ത് ചെയ്യുകയായിരുന്നു എന്നല്ലേ ? അവരിൽ ഒരു വിഭാഗം ബ്രൗൺ ഷേർട്സിനൊപ്പം കലാപങ്ങളിൽ പങ്കെടുത്തു. മറ്റൊരു വിഭാഗം തകർക്കപ്പെട്ട കടകളിൽ നിന്നു അധികാരപൂർവ്വം, സാധനങ്ങൾ മോഷ്ടിച്ച് കൊണ്ട് തങ്ങളുടെ വീടുകളിലേക്ക് ഗർവ്വോടെ മടങ്ങി. ഇനിയൊരു വിഭാഗം പകലുകളിൽ വിനോദ സഞ്ചാരത്തിനായിറങ്ങി, തകർക്കപ്പെട്ട കടകളും ജൂത പള്ളികളും കാണാൻ. സ്‌കൂളുകളിൽ നിന്നു വരെ കുട്ടികളെ കൂട്ടം കൂട്ടമായി ഇത്തരം കാഴ്ചകൾ കാണാൻ കൊണ്ട് വന്നു.

എങ്ങിനെയാണ് 1920 കളിൽ സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ജർമ്മൻ ജനത 1938 ആയപ്പോഴേക്കും ഈ അവസ്ഥയിൽ എത്തിയത് ? അതിനുള്ള ഉത്തരം 1933 ൽ അധികാരത്തിലേറിയ ഹിറ്റ്ലറും കൂട്ടരും തരും. 1933 മുതൽ നടന്ന അപരവൽക്കരണം ആണ് അതിനു പിന്നിൽ. ജൂതൻ അപരനായി മുദ്ര കുത്തപ്പെട്ടു. മഹത്തായ ജർമ്മനിയുടെ വളർച്ചയ്ക്ക് വിഘാതം നമ്മിൽ പെടാത്ത ജൂതൻ ആണെന്ന് നിരന്തരം പ്രചരിപ്പിച്ചു. ആര്യവംശത്തിന്റെ മഹിമയെ കുറിച്ച് നിരന്തരം ക്‌ളാസ്സുകൾ എടുത്തു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം ഇനിയും കര കയറാത്തത് ഗവണ്മെന്റിന്റെ സാമ്പത്തിക രംഗത്തെ പിടിപ്പുകേട് കൊണ്ടല്ല മറിച്ചു അഭയാർഥികളുടെ ആധിക്യവും കമ്മ്യുണിസ്റ്റുകാരുടെ ഇടപെടലുകൾ കൊണ്ടാണെന്നും പറഞ്ഞു പരത്തി, ജനങ്ങളെ വിശ്വസിപ്പിച്ചു. അങ്ങിനെ അവരെ തങ്ങളിൽ നിന്ന് തൊഴിൽ തട്ടിപ്പറിച്ചെടുക്കുന്നവരാക്കി, ജർമ്മൻ ജനതയുടെ ശത്രുക്കളാക്കി മാറ്റി. കേവലം അഞ്ചു വർഷങ്ങൾ കൊണ്ട് ആ ജനത പരുവപ്പെട്ടു. തങ്ങളുടെ അയൽക്കാരൻ ആക്രമിക്കപ്പെടുമ്പോൾ നിസംഗമായി നോക്കി നിൽക്കാൻ അവൻ പഠിച്ചു. അക്രമികളുടെ ഒപ്പം ചേർന്ന് കല്ലെറിയാൻ അവൾ പഠിച്ചു. ശേഷം ചരിത്രം.

ലോകമഹായുദ്ധത്തിനു ശേഷം ഓരോ ഗ്രാമങ്ങളിലും ചെന്ന് ഓരോ സാധാരണ ജർമ്മൻകാരനോടും വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങൾ ചോദിച്ചു നിങ്ങളുടെ അയൽക്കാരൻ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെടുകയായിരുന്നപ്പോൾ നിങ്ങൾ എന്ത് കൊണ്ട് മൗനം പാലിച്ചു എന്ന്. ഞങ്ങളൊന്നുമറിഞ്ഞിരുന്നില്ല എന്ന കള്ളമായിരുന്നു മറുമൊഴി.

നാസി ഭരണകാലത്തെ ജർമ്മൻ ജനതയുടെ മൗനമാണ് സമീപകാല മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ കുറ്റകൃത്യം.

Print Friendly, PDF & Email