EDITORIAL

ഇനിയെത്ര ഇന്ത്യക്കാർ വരി നിന്ന് മരിച്ചു വീഴണംലയാളനാട് വെബ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്ക് പ്രതികരണമായി പൗരത്വ ഭേദഗതി ബില്ലിന്റെ സാങ്കേതികവും ചരിത്രപരവും ആയ വസ്തുതകൾ പരിശോധിക്കണമെന്ന നിർദേശം ഉയർന്നു വന്നു. ഈ ലേഖനം അതിനുള്ള ശ്രമമാണ്.

‘CAA പൗരത്വം നൽകാനുള്ളതാണ്, പൗരത്വം എടുത്തുകളയാനുള്ളതല്ല” പ്രധാനമന്ത്രി.

ഇത് എത്രത്തോളം യാഥാർഥ്യത്തോട് അടുത്തു നിൽക്കുന്നു എന്ന് പരിശോധിക്കുവാൻ വേണ്ടി CAA ക്കു മുൻപ് വിഷയ സംബന്ധിയായി നിലവിലുണ്ടായിരുന്ന വ്യവസ്ഥകളിൽ നിന്ന് തുടങ്ങാം.

a. 1955 ലെ പൗരത്വ നിയമപ്രകാരം അയൽ രാജ്യത്തു നിന്നുള്ള കുടിയേറ്റക്കാർക്ക് നിശ്ചിത നിബന്ധനകളോടെ പൗരത്വത്തിനു അപേക്ഷിക്കുവാൻ,വകുപ്പുണ്ടായിരുന്നു; naturalisation വഴിയും രജിസ്ട്രേഷൻ വഴിയും.

b. അഭയാർ ത്ഥികളെ സംബന്ധിച്ച് 2011 ൽ UPA സർക്കാർ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് procedure പുറത്തിറക്കിയിരുന്നു.ഇത് പ്രകാരം എല്ലാ അഭയാർത്ഥികൾക്കും ദീർഘകാല വിസ(LTV )ക്ക് അപേക്ഷിക്കുവാൻ വഴി തുറന്നു LTV ലഭിച്ചവർക്ക് പാൻ,ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും ലഭിക്കാനും ഭൂമി വാങ്ങിക്കാനും കഴിയും.

പിന്നെ എന്തിനാണിപ്പോൾ CAA ? CAA മുഖേന മുകളിലുള്ള വ്യവസ്ഥകളിൽ വരുത്തിയ ഭേദഗതികൾ പഠിച്ചാൽ അത് വ്യക്തമാവും അഭയാർഥികളിൽ, മുസ്ലിമുകളെ നിലവിലുണ്ടായിരുന്ന രീതിക്രമങ്ങളിൽ നിന്ന് ഒഴിവാക്കുവാനും ഭൂരിഭാഗം വരുന്ന ഹിന്ദു\മറ്റു മുസ്ലിമിതര\അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുവാനുള്ള കാലയളവു 12 ൽ നിന്ന് 6 വർഷമാക്കി കുറക്കുവാനും അനുവദിക്കുന്നതാണ് ഭേദഗതികൾ. 2015 ലെ ഒരു നോട്ടിഫിക്കേഷൻ വഴി ബിജെപി സർക്കാർ , ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമിതര അഭയാർത്ഥികൾക്ക് ശരിയായ രേഖകൾ ഇല്ലെങ്കിലും കാലഹരണപ്പെട്ട രേഖകൾ ആയാലും LTV ക്കു അപേക്ഷിക്കാം എന്ന ഭേദഗതി കൊണ്ടുവരികയുണ്ടായി.

അതോടുകൂടി വരാനിരിക്കുന്ന CAB യുടെയും നിലവിലുള്ള LTV യുടെയും ഉപാധികൾ സമീകരിക്കപ്പെട്ടു. ഫലത്തിൽ CAB യിലൂടെ മുസ്ലിമിതര അഭയാർത്ഥികൾക്ക് നിലവിലുണ്ടായിരുന്ന അവകാശങ്ങൾക്കുപുറമെ വോട്ടവകാശം ലഭിക്കാൻ അനുകൂല സാഹചര്യം ഉണ്ടായി. മുസ്ലിമുകൾക്കു ഈ അവകാശം ലഭിച്ചില്ല. ഇതിന്റെ ഫലമായി ആസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദു വോട്ടർ മാരുടെ എണ്ണം വർധിക്കും എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ബി ജെ പി യുടെ നേതാവും ആസ്സാമിലെ മന്ത്രിയുമായ ഹിമാന്ത ശർമ അത് തുറന്നു പറഞ്ഞിട്ടുണ്ട്. (അദ്ദേഹത്തിന്റെ ഇന്റർവ്യൂകൾ യുട്യൂബിൽ ലഭ്യമാണ് )ബി ജെ പി ക്കു കടന്നു ചെല്ലാൻ കഴിഞ്ഞിട്ടില്ലാത്ത തമിഴ് നാട്ടിൽ ഹിന്ദു അഭയാർത്ഥികൾ എന്ന ബ്രാക്കറ്റ് ബാധകമാക്കിയിട്ടില്ല. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർത്ഥികൾ ക്കു മൂന്നു ഇസ്ലാമിക അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു\സിഖ്\ബുദ്ധിസ്റ്\പാഴ്സി\ക്രിസ്ത്യൻ അഭയാർത്ഥി കൾക്കുള്ള ക്കുള്ള പരിഗണന നിഷേധിച്ചിരിക്കുന്നതിൽ നിന്ന് CAB വാഗ്ദാനം ചെയ്യുന്ന നവ പൗരത്വവും വോട്ടു ബാങ്കും തമ്മിലുള്ള ബന്ധം ഒന്നു കൂടി വ്യക്തമാവും. naturalisation മാർഗ്ഗത്തിൽ പൗരത്വത്തിനു ആവശ്യമായിരുന്ന 12 വർഷം 6 ആക്കി ചുരുക്കിയതിലും വോട്ടു ബാങ്ക് ലക്‌ഷ്യം തെളിയുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിരീക്ഷണ കാലം പകുതിയാക്കി പൗരത്വഅവകാശങ്ങൾ കൊടുക്കുന്നത് സദാ ഭീകരവാദത്തിനെതിരെ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ സർക്കാരാണ് എന്നുമോർക്കണം.

2011 മുതൽ 18 വരെയുള്ള കാലഘട്ടത്തിൽ 70000 ത്തോളം LTV കൾ ആണ് സർക്കാർ ഇഷ്യൂ ചെയ്തത് എന്നറിയുന്നു. ഔദ്യോഗിക കണക്കു പ്രകാരം 2 ലക്ഷത്തോളം അഭയാർത്ഥികൾ ആണ് ഇന്ത്യയിൽ ഉള്ളത് എന്ന് 2018 ലെ ദ ഹിന്ദുവിലെ ഒരു പത്രക്കുറിപ്പിൽ പറയുന്നുണ്ട്. അപ്പോൾ ആസ്സാമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ പുറത്തായ 19 ലക്ഷം പേർ ആരായിരുന്നു? എൻ ആർ സി നിഷ്കർഷിച്ച രേഖകൾ ഹാജരാക്കാൻ കഴിയാത്തവർ. അവരെല്ലാവരും അഭയാർത്ഥികൾ ആണെന്നതിന് തെളിവില്ല. പൗരത്വ രജിസ്റ്ററിൽ ഞെട്ടിപ്പിക്കുന്ന അപാകതകൾ ഉണ്ടായിരുന്നു. അവിടെയാണ് പൗരത്വ ഭേദഗതി ബിൽ പൗരത്വം എടുത്തുകളയാൻ വേണ്ടിയല്ല എന്ന വിശദീകരണം പാളുന്നത്.

അങ്ങനെ നോക്കുമ്പോൾ ഇന്ത്യ മുഴുവൻ എൻ ആർ സി നടപ്പാക്കുമ്പോൾ ലക്ഷക്കണക്കിനാളുകൾ പുറത്താവാൻ സാധ്യതയുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തവർ, പദ്ധതികളുടെ പേരിൽ വാസസ്ഥലം വിട്ടു നഗര ചേരികളിലേക്കു കുടിയേറേണ്ടി വന്നവർ, പ്രകൃതി ക്ഷോഭങ്ങളിൽ ആവാസ വ്യവസ്ഥ തുടച്ചു നീക്കപ്പെട്ടവർ, സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായ ,ചെറുതും വലുതുമായ പ്രാദേശിക കലാപങ്ങളാൽ തുരത്തപ്പെട്ടവർ, നാഗരികരെ പോലെ ഭൂഉടമസ്ഥ രേഖകൾ ക്കു പ്രസക്തി കല്പിച്ചിട്ടില്ലാത്ത വനവാസികൾ , nomadic വംശങ്ങൾ,എന്നിങ്ങനെ ഇന്ത്യയുടെ നാനാഭാഗത്തും എൻ ആർ സി നിർദേശിക്കുന്ന രേഖകൾ കൈവശമില്ലാത്തവർ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിൽ നിന്ന് മുസ്ലിങ്ങൾ ഒറ്റയടിക്ക് പൗരന്മാരല്ലാതാവുന്നു. കരുതൽ പാളയങ്ങളിലേക്കു മാറ്റപ്പെടാനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇന്ത്യക്കാരായ ഒരു മുസ്ലിമിനെയും ബാധിക്കില്ലെന്ന് ബി ജെ പി യും കേന്ദ്ര സർക്കാരും പാർട്ടിയെ പിന്താങ്ങുന്നവരും ആണയിടുന്നത് പൗരത്വം രേഖാമൂലം തെളിയിക്കാൻ കഴിയാത്തവർ ഇന്ത്യക്കാരല്ല എന്ന ഗുപ്താർത്ഥത്തിലാണ്. ഇതര മതക്കാർ പൗരത്വം ഉറപ്പിക്കുകയും മുസ്ലിമുകൾ പുറത്താവുകയും ചെയ്യപ്പെടുമ്പോൾ ഹിന്ദുരാഷ്ട്രം എന്ന അജണ്ടയിലേക്കുള്ള direct route ആവുന്നു CAA യും NRC യും.

എൻ ആർ സി യുടെ പൗരത്വ മാനദണ്ഡങ്ങളെ കുറിച്ച് അവസാന തീരുമാനം ആയിട്ടില്ല എന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും ചിലർ നിർദോഷ ഫോർമാറ്റുകൾ പ്രചരിപ്പിക്കുന്നത് കാര്യങ്ങളെ ലഘൂകരിക്കാൻ ഉള്ള ശ്രമമാണ്. രേഖകളുടെ സാധുത പരിശോധിക്കുന്ന ഘട്ടത്തിൽ കനത്ത അഴിമതിക്ക് സാധ്യത തുറന്നു കിട്ടുന്നു.ബംഗ്ലാ ദേശ് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് ആസ്സാമിലെ പൗരത്വ രെജിസ്റ്ററിന്റെ cut off date 1971 ആയി നിശ്ചയിച്ചു. ശേഷം ഇന്ത്യയിൽ ഏതായിരിക്കും അടിസ്ഥാന തീയതി ?1948 ,1951 ? രജിസ്റ്റർ ഉണ്ടാക്കുമെന്നും പൗരത്വം തെളിയിക്കാൻ കഴിയാത്ത മുസ്ലിമുകളെ നുഴഞ്ഞുകയറ്റക്കാരായി കണ്ട് ഉചിത നടപടി എടുക്കുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആവർത്തിച്ചു പ്രഖ്യാപിക്കുന്നതു രാജ്യത്തെ മുസ്ലിമുകളിലും മത നിരപേക്ഷകരിലും, മത സഹിഷ്ണുക്കളായ ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. വംശീയ അവിശ്വാസം എല്ലാവിധ പുരോഗതിയെയും നശിപ്പിക്കുകയും ജനതയെ തീരാ ദുരിതത്തിലാക്കുകയും ചെയ്യുമെന്ന് വർത്തമാന ലോകം തെളിയിച്ചു കൊണ്ടേയിരിക്കുമ്പോഴാണ് ഇത്. അത്തരമൊരു പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുക എന്നത് ഇന്ത്യയെ ശിഥിലീകരിക്കുന്നതിന് തുല്യമാണ്.

CAB യും പൗരത്വ രജിസ്റ്ററും മുസ്ലിമുകൾക്കെതിരെയുള്ള നീക്കമാണെന്നു വരുത്തിത്തീർക്കുവാൻ അധികൃതർക്കു സാധിച്ചു. എതിർക്കുന്നവർ മുസ്ലിങ്ങളാണെന്നു വരുത്തിത്തീർക്കുവാനും ഉണ്ട് ആ ശ്രദ്ധ. ഇതിൽ ഏറ്റവും ആവേശം കൊള്ളുന്നത് മുസ്ലിം തീവ്ര സംഘടനകളാണ്. പൊതുജന പ്രക്ഷോഭങ്ങളിൽ ആട്ടിൻ തോലിട്ട് നുഴഞ്ഞു കയറുന്ന അവർക്കു നേരിട്ട് രംഗത്തിറങ്ങാൻ അവസരം ലഭിച്ചു. എന്നാൽ പൗരത്വ രജിസ്റ്റർ ഒരു രാഷ്ട്രീയായുധമായി ആർക്കു നേരെയും പ്രയോഗിക്കപ്പെടാം എന്നതാണ് വാസ്തവം. മാവോയിസ്റ്റുകൾ, നിയാമഗിരിയോ, നർമദയോ പോലുള്ള പദ്ധതി പ്രദേശത്തെ നിവാസികൾ, ചേരികൾ എന്നിവരുൾപ്പെടുന്ന ഇന്ത്യയിലെ യാതൊരു രേഖകളുമില്ലാത്ത അടിസ്ഥാനവർഗ്ഗത്തിനു നേരെയുള്ള ആക്രമണമാണ് നിയമം.

പൗരത്വം തെളിയിക്കാൻ ഏറ്റവും കൂടുതൽ കഴിയാതെ പോകുന്നത് സ്ത്രീകൾക്കായിരിക്കും. ആധാറിൽ തഴമ്പ് വീണ പെരുവിരൽ പതിയാത്തതു കൊണ്ട് പൊതുവിതരണ സംവിധാനത്തിൽ നിന്ന് എത്രയോ പേർ പുറത്താവുകയുണ്ടായി. കാലാകാലങ്ങളായി എല്ലാവിധ ഭൂരേഖകളും പുരുഷനാണ് കൈവശം വെച്ച നുഭവിക്കുന്നത് എന്നതും സ്ത്രീകൾക്ക് പ്രതികൂലമായി വരുന്നു.

CAA ഭരണ ഘടനാ പരമാണു എന്ന് ചിലർ വാദിക്കുന്നു. പാർലമെന്റ് പാസ്സാക്കി നിയമമായതാണെന്നതാന് കാരണം. ജനങ്ങൾ വോട്ടു ചെയ്തു തിരഞ്ഞെടുത്തവരാണല്ലോ പാർലമെൻറിൽ ഉള്ളത്’ അവർ അതെ ജനങ്ങളോട് പൗരത്വം തെളിയിക്കാനാവശ്യ പ്പെടുന്നതിൽ എന്ത് യുക്തിയാണുള്ളത് ? വോട്ടു ചെയ്തവരുടെ പൗരത്വം സംശയാസ്പദമാണെങ്കിൽ അവരുടെ തിരഞ്ഞെടുപ്പും അസാധുവാണ്. പൗരന്മാരോട് സ്വന്തം പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഒരു ജനാധിപത്യ സർക്കാരിനെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. സാങ്കേതികമായി തെറ്റാണ്.

എല്ലാ രാജ്യങ്ങളിലും ആധികാരികമായ പൗരത്വ റെക്കോർഡ് ഉണ്ടെന്നും നമ്മുടെ രാജ്യത്തും അത് അത്യാവശ്യമാണെന്നും ഉള്ള നിർദേശം തികച്ചും സ്വീകാര്യമാണ്. അത് സർക്കാർ ക്രോഡീകരിച്ചു കാലാകാലങ്ങളിൽ പുതുക്കി സൂക്ഷിക്കേണ്ടതുമാണ്. അതിനു ആവശ്യമായ രേഖകൾ സർക്കാരിന്റെ പക്കൽ ഉണ്ട്. voters id, ആധാർ, പാസ്പോർട് തുടങ്ങിയ രേഖകൾ മതിയാവും. ആവശ്യമായ പരിശോധനകൾക്കു ശേഷമാണല്ലോ അവ issue ചെയ്തിട്ടുള്ളത്.

അഭയാർത്ഥികളെ ഉൾക്കൊള്ളേണ്ടത് രാഷ്ട്രീയധാർമ്മികതയാണെന്നാണ് മറ്റൊരു വാദം. മാനുഷികമായ കാഴ്ചപ്പാടാണ് അത് എന്നതിൽ തർക്കമില്ല. ലോകത്തിന്റെ നാനാഭാഗത്തേക്കും പൗരന്മാരെ അയച്ച, കുടിയേറ്റക്കാരുടെ സ്വന്തം രാജ്യം അങ്ങനെ ചിന്തിക്കുന്നതാണു കാവ്യനീതി. പക്ഷെ മാനുഷികതക്ക് മുൻപിൽ വേർതിരിവ് പാടില്ല. പ്രസ്തുത രാജ്യങ്ങളിൽ മുസ്ലിമുകൾക്കു പീഡനം ഇല്ലെന്നു തീർപ്പുകല്പിക്കാൻ പറ്റില്ല. കാരണം സ്വന്തം രാജ്യത്തു നില നില്പില്ലാതാവുമ്പോഴാണല്ലോ അതിർത്തി കടക്കുക.

ആസ്സാമിൽ കുടിയേറ്റക്കാർ പെരുകുന്നതാണ് ദശാബ്ദങ്ങളായി തദ്ദേശനിവാസികൾ ഉയർത്തുന്ന പ്രശ്നത്തിനാധാരം.അതിനു CAB ഒരു പരിഹാരവും നിർദേശിക്കുന്നില്ല എന്ന് മാത്രമല്ല പ്രശ്നം കൂടുതൽ ഗുരുതരമാവുകയും ചെയ്തു.

ബില്ലിനെ അനുകൂലിക്കുന്നവർ നിരത്തുന്ന ചരിത്രപരമായ വാദഗതികൾ വാസ്തവത്തിൽ നിന്ന് ഏറെ അകലെയാണ് വിഭജനത്തിന്റെ മുഖ്യ ആവശ്യക്കാർ കോൺഗ്രസ് ആയിരുന്നില്ല ഹിന്ദുത്വ സംഘടനകൾ ആയിരുന്നു.വിഭജനാന്തരം രണ്ട് രാജ്യങ്ങൾ ഉണ്ടായിക്കഴിഞ്ഞതിനാൽ ഇനി മുസ്ലിമുകൾക്കു ഇന്ത്യയിൽ പൗരത്വം അനുവദിക്കേണ്ടതില്ല എന്നാണൊരു വാദം. രണ്ട് രാജ്യങ്ങൾ ഉണ്ടായതിൽ ഒന്നേ മത രാജ്യമാ യുള്ളൂ. ഇന്ത്യ ഒരു ഔദ്യോഗിക രേഖകൾ പ്രകാരവും ഹിന്ദു രാജ്യമായില്ല. അതുകൊണ്ടാണ് വിഭജനത്തിനു ശേഷവും കുറെ മുസ്ലിമുകൾ ഇന്ത്യയിൽ തന്നെ തുടരാൻ നിശ്ചയിച്ചത്. ഇന്ത്യയിലുള്ള മുസ്ലിമുകൾ പുറത്തു നിന്ന് വന്നവർ ആണെന്ന വാദവും ശരിയല്ല. ഇസ്ലാം മതം സ്വീകരിച്ചവരും പരിവർത്തനം ചെയ്യപ്പെട്ടവരും അവരുടെ പിന്തലമുറക്കാരും ഇതിൽ ഉൾപ്പെടും.അവർ ഇന്ത്യക്കാർ തന്നെ.

ഈ രാജ്യത്തെ സ്വജനങ്ങളായ ഹിന്ദുക്കൾ സമാധാന നിഷ്ഠകൾ പുലർത്തിയവരായിരുന്നു എന്നും വിദേശത്തു നിന്ന് വന്ന മുസ്ലിം വംശജരുടെ ക്രൂര പീഡനങ്ങൾ ക്ക് വിധേയമായി എന്നും അക്രമികളെ ഒഴിവാക്കി ഒരു സാംസ്‌കാരിക വീണ്ടെടുപ്പ് അനിവാര്യമായിരിക്കുന്നു എന്നും ഗൃഹാതുരപ്പെടുന്നവരുണ്ട്.അവർക്കു പൗരത്വ നിയമവും രജിസ്റ്ററും അതിലേക്കുള്ള സുവർണാവസരമാണ്. മുസ്ലിമുകളിൽ നിന്നും യൂറോപ്യന്മാരിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് നേരിട്ടത് ഇന്ന് പരിഹാരം തേടുന്ന ഇന്ത്യയല്ല. പരസ്പരം പോരടിക്കുകയും ആക്രമിച്ചു കീഴടക്കുകയും, സ്വത്തു കൊള്ളയടിക്കുകയും അതിനു ബാഹ്യ ശക്തികളുടെ സൈനിക സഹായം സ്വീകരിക്കുകയും ചെയ്ത 500 ൽ പരം നാട്ടുരാജ്യങ്ങളാണ്. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്ന കലിംഗ യുദ്ധം ഉദാഹരണം. ടിപ്പുവിന്റെയും ബ്രിട്ടീഷുകാരുടെയും സ ഹായം മാറി മാറി സ്വീകരിച്ചു അയൽ രാജ്യങ്ങളെ ഒതുക്കാനും ചെറുക്കാനും ശ്രമിച്ച മൂന്നു നാട്ടു രാജ്യങ്ങളായിരുന്നു സ്വാതന്ത്ര്യ പൂർവ കേരളം. അതിനും പുറകോട്ടു പോയാൽ വൈദിക ഹിന്ദു-ബുദ്ധിസ്റ്റു സംഘർഷങ്ങളിലേക്കും ജാതിപീഡനങ്ങളിലേക്കും മൃഗബലി,മനുഷ്യക്കുരുതി എന്നിവയിലേക്കും എത്തും. അത്കൊണ്ട് നമുക്ക് ഭൂതകാലത്തെ സ്മൃതി മന്ദിരങ്ങളിൽ സൂക്ഷിച്ചു നാളത്തെ ഇന്ത്യയെ കുറിച്ച് ചിന്തിക്കാം വിഭജനത്തിനു വേണ്ടി, ഹിന്ദു രാഷ്ട്രത്തിനു വേണ്ടി സംഘടിച്ചു നിരന്തരം പ്രവർത്തിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിൽ ദക്ഷിണേന്ത്യയുടെ വിരലടയാളങ്ങൾ പതിഞ്ഞിട്ടില്ല.

ഉത്തരേന്ത്യൻ ഹിന്ദുവിന്റെ സ്വാഭിമാന പൈതൃകത്തിൽ വിന്ധ്യന് തെക്കുള്ളവർക്കും ചാതുർ വർണ്യത്തിനു പുറത്തുള്ളവർക്കും ഇടമുണ്ടായിരുന്നില്ല ഇന്ന് ഹിന്ദു രാഷ്ട്ര സ്ഥാപനം ചില കേരളീയരിലും വ്യാമോഹമുയർത്തുമ്പോൾ ഈ ചരിത്ര വസ്തുതകൾ മറക്കരുത്. കാശ്‌മീരി ബ്രാഹ്മണരുടെ പലായനവും ടിപ്പുവിന്റെ മലബാർ പടയോട്ടവും സ്മരിക്കുമ്പോൾ, 1947 ൽ അൽവാറിൽ നാരായൺ ഭാസ്‌ക്കർ ഖാരെയുടെ നേതൃത്വത്തിൽ നടന്ന മിയോ മുസ്ലിമുകളുടെ കൂട്ടക്കുരുതിയും സ്മരിക്കണം. അവിഭക്ത പാകിസ്താനിലെ ഹിന്ദു ജനസംഖ്യാനുപാതം അടിസ്ഥാനമാക്കി ഇപ്പോഴത്തെ ആ രാജ്യത്തിലെ ഹിന്ദു ജനത വളരെ കുറഞ്ഞുവെന്നു കണക്കുകൾ നിരത്തുമ്പോൾ ഗാന്ധി മേവാത്‌ സന്ദർശിച്ചു ഒരു ലക്ഷം മിയോ മുസ്ലിമുകളോട് തിരിച്ചു വരാൻ ആവശ്യപ്പെട്ടതിന് ശേഷവും അൽവാറിലെയും ഭാരതപുരിലെയും മുസ്ലിം ജനസംഖ്യ തുലോം കുറഞ്ഞു പോയതും ഓർമ്മിക്കണം. മത വികാരത്തിന് തീപ്പിടിച്ചപ്പോഴൊക്കെ ഹിന്ദുവെന്നോ മുസ്ലിം എന്നോ ഭേദമില്ലാതെ ചോരപ്പുഴകൾ ഒഴുകി എന്നതിന് വർത്തമാന ഇന്ത്യയിൽ തന്നെ ദില്ലിയും ഗോധ്രയും ഗുജറാത്തും ഭഗൽപൂരും മുസഫർ നഗറും, ദേവാലയങ്ങളെന്നോ ഹോട്ടലെന്നോ ചന്തയെന്നോ ഭേദമില്ലാതെ നടത്തിയ സ്‌ഫോടനങ്ങളും സാക്ഷ്യം. അതേ സമയം സ്വാതന്ത്ര്യത്തിന്റെ തൊട്ടു പിന്നാലെ വന്ന ദശാബ്ദങ്ങൾ, ശിഥിലവും ദരിദ്രവും ആക്കപ്പെട്ട ഒരു രാജ്യംഅത്തരം ഭേദ ചിന്തകൾ മാറ്റിവെച്ചു ശാസ്ത്രീയമായ പുനർനിർമ്മാണത്തിലേക്കു ചുവടുകൾ വെച്ചതും കണ്ടു. അതാണ്, വൈവിധ്യങ്ങൾ ഉൾക്കൊള്ളാൻ നിശ്‌ചയിച്ചുറപ്പിച്ച ഇന്ത്യയെന്ന രാജ്യത്തിൻറെ പാത. ജനതയിൽ ഒരു വിഭാഗത്തിനെ പുറത്താക്കാൻ പഴുതുള്ള നിയമവുമായി രാജ്യത്തിന് മുന്നോട്ടു പോകാനാവില്ല.

Print Friendly, PDF & Email