ചുവരെഴുത്തുകൾ

മാറുന്ന പ്രതികരണങ്ങൾ


അജിത് ബാലകൃഷ്ണന്‍

ഇന്ന് രാവിലെ, രാജ്യത്തെ ഏറ്റവും മികച്ച നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽനിന്നും (NLUD) പ്രോത്സാഹജനകവും എന്നാൽ അതേ സമയം ഒട്ടൊന്ന് ആശ്ചര്യപ്പെടുത്തുകയും ചെയ്ത ഒരു വാർത്ത വായിക്കാനിടയായി. ഒരു മുന്നറിയിപ്പും ഇല്ലാതെ സർവ്വകലാശാല പിരിച്ചുവിട്ട 55 ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യമുയർത്തി പ്രതിഷേധിക്കാൻ അവിടത്തെ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു എന്നതായിരുന്നു ആ വാർത്ത. കഴിഞ്ഞ പത്തുവർഷങ്ങളിലേറെയായി വൈറ്റ് ഫോക്സ് ആൻഡ് ഗോൾഡൻ എന്ന കമ്പനി മുഖേന അവിടെ കരാർ വ്യവസ്ഥയിൽ തൂപ്പുവേലയും മറ്റും ചെയ്യുന്ന തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടത്.

NLUD പോലുള്ള, സാധാരണ നമ്മൾ വരേണ്യം, എലീറ്റിസ്റ്റ്, എന്നൊക്കെ വിശേഷിപ്പിക്കാറുള്ള, ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാർത്ഥികൾ അവിടെ കരാർ ജോലിചെയ്യുന്ന കൂലിത്തൊഴിലാളികളുടെ തൊഴിൽപ്രശ്നങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവരികയെന്നത് സാധാരണ നടക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ടാണ് ഈ വാർത്ത ഒട്ടൊന്ന് അത്ഭുതപ്പെടുത്തി എന്നുപറഞ്ഞത്. പക്ഷേ ഒന്നോർത്താൽ, ഇത് നമ്മുടെ രാജ്യം ഇന്നെത്തി നിൽക്കുന്ന സവിശേഷമായ സാഹചര്യങ്ങളുടെ പ്രതിഫലനം കൂടിയാണ്. വർദ്ധിച്ചു വരുന്ന വിദ്യാഭ്യാസചിലവും അഭൂതപൂർവ്വമായ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ നമ്മുടെ വരേണ്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ പോലും അസ്വസ്ഥരാക്കുന്നുണ്ട്. യുവത്വത്തിനു സഹജമായ കേവലമായ ആദർശാത്മകതക്കപ്പുറം അസുഖകരമായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് അവരെ വിളിച്ചുണർത്തുന്ന ഭൗതികയാഥാർത്ഥ്യങ്ങൾ കൂടിയുണ്ട് എന്നർത്ഥം. NLUD യിൽ കണ്ടത് പോലെ തെരുവിലെ മനുഷ്യരുടെ അതിജീവന സമരങ്ങളോട് ഐക്യപ്പെടാൻ മധ്യവർഗ്ഗ വിദ്യാർത്ഥികൾക്കുപോലുമാകുന്നത് അതുകൊണ്ടു കൂടിയാകാം. “It is not the consciousness of men that determines their being, but, on the contrary, their social being that determines their consciousness.” എന്ന് മാർക്സ്.

കാരണങ്ങളെന്തായാലും NLUD യിലെ വിദ്യാർത്ഥികളുടെ ഈ പ്രതിഷേധം ആഹ്ലാദപ്പെടുത്തുന്ന ഒരു സംഭവം തന്നെയാണ്. പക്ഷെ, വളരെ puzzling ആയി തോന്നുന്ന ഒരു കാര്യം കൂടെ സൂചിപ്പിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാൻ ആകുന്നില്ല.

നാളെ പൊതുപണിമുടക്കാണ്. ന്യായമായ മിനിമം വേതനം, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വാകാര്യവൽക്കരണം, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളുന്നയിച്ച്, ബി.എം.എസ് ഒഴികെ മറ്റെല്ലാ തൊഴിലാളി യൂണിയനുകളും ഒത്തുചേർന്ന് നടത്തുന്ന ഈ പണിമുടക്കിൽ 25 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നിട്ടും, എഫ്ബി ന്യൂസ്ഫീഡിൽ അധികപേരൊന്നും ഇതേക്കുറിച്ച് സംസാരിച്ച് കാണുന്നേയില്ല. വിപ്ലവത്തിന്റെ മുന്നണിപോരാളികളാകാൻ കെൽപ്പുള്ള ഒരേയൊരു വർഗ്ഗം സംഘടിതതൊഴിലാളിവർഗ്ഗമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന മലയാളി മാർക്സിസ്റ്റ്കാർക്ക് ഭൂരിപക്ഷമുള്ളതാണ് എന്റെ എഫ്ബി സൗഹൃദവലയം എന്നിരുന്നിട്ടുകൂടി. അൽഗോരിതങ്ങളുടെ സവിശേഷതകൾ കാരണം ചില പോസ്റ്റുകൾ കാണാതെ പോകുന്നതുകൊണ്ട് തോന്നുന്നതൊന്നുമല്ല; ഇടത്/മാർക്സിസ്റ്റ് സുഹൃത്‌വലയത്തിലെ തന്നെ വളരെ കുറച്ച് പേരെ നാളത്തെ പണിമുടക്കിനെക്കുറിച്ച് സംസാരിക്കുന്നുള്ളൂ. അതാണ് സത്യം.

എന്തുകൊണ്ടാണ് ഐതിഹാസികമായി തീരേണ്ട ഈ പണിമുടക്കിനോട് ഈ അലംഭാവം? അത്രമാത്രം ഈ രാജ്യത്തെ സാധാരണ തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ഒരു സാമൂഹ്യപരിസരത്താണോ നമ്മളൊക്കെ ജീവിക്കുന്നത്?

ജനുവരി 8 ദേശീയപണിമുടക്കിനോട് ഐക്യദാർഢ്യം.

[അജിത് ബാലകൃഷ്ണൻറെ ഇന്നലത്തെ പോസ്റ്റ്’]

Print Friendly, PDF & Email