OPINION POLITICS

പൗരത്വ നിയമ ഭേദഗതിയും ദേശവ്യാപക പ്രക്ഷോഭങ്ങളും


കെ എൻ രാമചന്ദ്രൻ, ജനറൽ സെക്രട്ടറി, സി പി ഐ (എം എൽ)

2019 മെയ് മാസത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷംനേടി വിജയശ്രീലാളിതനായി വീണ്ടും അധികാരമേറ്റ മോദി സർക്കാറിന് കനത്ത തിരിച്ചടി ഏല്പിച്ചുകൊണ്ട് അനുദിനം ശക്തിപ്പെടുന്ന, പൗരത്വ നിയമ ഭേദഗതിക്കും അഖിലേന്ത്യ പൗരത്വ രജിസ്റ്റർ ഉണ്ടാക്കാനുള്ള നീക്കങ്ങൾക്കും എതിരായ ദേശീയ പ്രക്ഷോഭം മുഖ്യധാര രാഷ്ട്രീയ പാർട്ടികളും സാമ്രാജ്യത്വ ദാസന്മാരായ ബുദ്ധിജീവികളും പ്രചരിപ്പിക്കുന്ന പല പരമ്പരാഗത രാഷ്ട്രീയ ധാരണകളെയും തിരുത്തിക്കുറിക്കുന്ന വൻ സംഭവവികാസമാണ്. മോദിയുടെ രണ്ടാമൂഴം ആരംഭിക്കുമ്പോൾ ആർഎസ്എസും ബിജെപിയും കണക്കുകൂട്ടിയത് അപ്പം ചുട്ടെടുക്കുന്ന വേഗത്തിൽ കാശ്മീർ താഴ്വരയെ സൈനിക അധിനിവേശത്തിനു കീഴ്പ്പെടുത്തിയും, വിവരാവകാശം ഉൾപ്പടെയുള്ള ഉള്ള ജനാധിപത്യ അവകാശങ്ങളും തൊഴിൽ നിയമങ്ങളും ഭേദഗതി ചെയ്തും, യുഎപിഎ തുടങ്ങിയ കരിനിയമങ്ങൾ കൂടുതൽ കർക്കശവും നിഷ്ഠൂരവുമാക്കിയും, ഭരണഘടനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സുപ്രീം കോടതി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ വരെ ചൊൽപ്പടിയിൽ നിർത്തിയും, ബാബറി മസ്ജിദ് നിന്ന സ്ഥലം അതു തകർത്ത ആർഎസ്എസ് പരിവാറിന് ക്ഷേത്രം നിർമ്മിക്കാൻ കൈമാറിയും, പൗരത്വ നിയമഭേദഗതിയിലൂടെ പൗരത്വം മതാടിസ്ഥാനത്തിലാക്കിയും, തുടർന്ന് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയും, കഴിവതും വേഗം തങ്ങളുടെ ഇച്ഛാനുസരണമുള്ള ഏകീകൃത സിവിൽകോഡ് അടിച്ചേൽപ്പിച്ചും, ആർഎസ്എസിന്റെ ശത വാർഷികത്തിനു മുൻപെ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ്. മുസ്ലിം വിരുദ്ധതയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ ഹിന്ദുത്വ വോട്ടുബാങ്കുകൾ ഉറപ്പിക്കാനും സ്വേച്ഛാനുസരണം ഫാസിസവൽക്കരണം ശക്തിപ്പെടുത്താനും കഴിയുമെന്നായിരുന്നു ആർഎസ്എസ് പരിവാറിന്റെ ധാരണ. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന് ഫാസിസ്റ്റ് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് പരിവാറിനെ അതേ മാർഗ്ഗത്തിലൂടെ, വളരെവേഗം പുറന്തള്ളാൻ കഴിയുംവിധം ജനകീയ പ്രക്ഷോഭം അഖിലേന്ത്യാടിസ്ഥാനത്തിൽ ശക്തമായി തന്നെ രൂപപ്പെടുന്നത് ആർഎസ്എസ് നിലനിർത്തിയിരുന്നതും കൗശലപൂർവ്വം നടപ്പിലാക്കിയിരുന്നതുമായ പിന്തിരിപ്പൻ സങ്കല്പങ്ങളെ വെല്ലുവിളിക്കുന്നു.

ഈ തിരിച്ചടിയെ മറികടക്കാൻ ബിജെപി ശ്രമിക്കുന്നത് ഈ പ്രക്ഷോഭം മുസ്‌ലിംകളുടെയും അവരുടെ വോട്ടിനുവേണ്ടി അവരെ പ്രീണിപ്പിക്കുന്ന ശക്തികളുടെയും ആണെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ്. ജാമിയയിലും അലിഗഡിലും പൈശാചിക ആക്രമണത്തിന് പോലീസിനെ കയറൂരി വിട്ടും, 2002 ൽ ഗുജറാത്തിൽ അരങ്ങേറിയ പോലത്തെ മുസ്ലിംവിരുദ്ധ ആക്രമണങ്ങൾ ഉത്തർപ്രദേശിൽ കെട്ടഴിച്ച് വിട്ടും, പ്രക്ഷോഭത്തെ മുസ്ലിം പ്രശ്നമായി ചുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ‘വസ്ത്രം കണ്ടാൽ ആരാണ് കലാപം ചെയ്യുന്നത് എന്ന് മനസ്സിലാകും’ എന്ന മോദിയുടെ വർഗീയ പ്രസ്താവനയും ഇതിന്റെ ഭാഗമാണ്. പക്ഷേ ഇന്ത്യയിൽ സംഭവിക്കുന്നത്, ആർഎസ്എസ് പരിവാറിന്റെ ഹിന്ദുത്വ ധ്രുവീകരണത്തെ വെല്ലുവിളിച്ച് പൗരത്വ രജിസ്റ്റർ മൂലം കഷ്ടപ്പെടാൻ പോകുന്നത് മുസ്ലീങ്ങൾ മാത്രമല്ല, ദളിതരും ആദിവാസികളും പിtന്നോക്ക വിഭാഗങ്ങളുമെല്ലാം ഉൾപ്പെടുന്ന മുഴുവൻ പീഡിത ജനവിഭാഗങ്ങളുമാണെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി ആർഎസ്എസ് പരിവാറിന്റെ ഹിന്ദുത്വ സങ്കൽപ്പത്തെ വെല്ലുവിളിക്കുന്ന, അതിന് നേർവിപരീതമായ ഒരു പ്രതിധ്രുവീകരണത്തിന് (counter polarization) തുടക്കമിട്ടിരിക്കുന്നു എന്നതും അവരുടെ മുൻധാരണകൾക്ക്ക കടകവിരുദ്ധമായിരിക്കുന്നു.

അനുദിനം രാജ്യത്തെങ്ങും വ്യാപിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്ന ദേശീയ പ്രക്ഷോഭം ആർഎസ്എസ് പരിവാറിന് വെല്ലുവിളി ഉയർത്തുകയും ജാർഖണ്ഡിൽ എന്നപോലെ അതിനു കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുകയും ചെയ്യുമ്പോൾതന്നെ വ്യവസ്ഥാപിത പ്രതിപക്ഷ പാർട്ടികളും സോഷ്യൽ ഡെമോക്രാറ്റുകൾ ഉൾപ്പെടെ മറ്റു വിഭാഗങ്ങളും വെച്ചു പുലർത്തിയിരുന്ന ‘പൊതുജനാഭിപ്രായം’ എന്ന രീതിയിൽ പ്രചരിപ്പിച്ചിരുന്ന പല പരമ്പരാഗത ധാരണകളും ചോദ്യം ചെയ്യപ്പെടുന്നു. എന്തൊക്കെയായിരുന്നു ഈ ധാരണകൾ? വർദ്ധിത ശക്തിയോടെ തിരിച്ചു വന്ന് ഫാസിസ്റ്റ് കടന്നാക്രമണത്തിനു മുതിരുന്ന മോദി സർക്കാറിനെ അടുത്തൊന്നും പിടിച്ചുകെട്ടാൻ കഴിയില്ല; നിലനിൽപ്പിനുവേണ്ടി അധികാരത്തിൽ വന്നിടത്തൊക്കെ മൃദു ഹിന്ദുത്വ നിലപാടുകൾ പിന്തുടരുകയല്ലാതെ മറ്റൊരു പോംവഴിയില്ല; മോദി സർക്കാരിൻറെ നവ ഉദാര കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾ മാത്രമല്ല, യുഎപിഎ പോലുള്ള കരിനിയമങ്ങളും നടപ്പാക്കണം; മുൻ സർക്കാർ ആരംഭിച്ച ഡിറ്റൻഷൻ ക്യാമ്പ് നിർമ്മാണം തങ്ങൾക്കും രഹസ്യമായി തുടരേണ്ടിവരും; അതുപോലെ കേന്ദ്രസർക്കാറിന്റെ തീട്ടൂര പ്രകാരം ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനുള്ള നടപടികൾ പിന്തുടരാതെ അധികാരത്തിൽ ഇരിക്കാൻ കഴിയില്ല; കമ്മ്യൂണിസ്റ്റ് മുൻകൈk വളർത്തുന്നതിനെ കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല; മോദി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാവരുമായി തന്ത്രപരമായി യോജിച്ചു നീങ്ങുകയല്ലാതെ മറ്റൊരു പോംവഴിയില്ല; ഇങ്ങനെ പോയിരുന്നു ഇതര പാർട്ടികളെപ്പോലെ സിപിഐഎമ്മിന്റെ സോഷ്യൽ ഡെമോക്രാറ്റിക് മുൻധാരണകളും. പക്ഷെ ദേശീയതലത്തിൽ പൗരത്വത്തെ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭം ശക്തിപ്പെടുകയും എൻ പി ആറും എൻ ആർ സി യും തമ്മിലുള്ള ബന്ധവും എൻ പി ആറിന് എല്ലാ സംസ്ഥാനങ്ങളിലും തുടക്കമിടുന്ന കാര്യവും അതിൽ നിന്ന് മമത സർക്കാർ പിൻവാങ്ങി എന്ന കാര്യവും പുറത്തുവന്നതോടെ പിണറായി സർക്കാരിന് എൻ പി ആറിനു വേണ്ടി കണക്കെടുപ്പു ഉദ്യോഗസ്ഥരെ (Enumerators) പരിശീലിപ്പിക്കുന്നത് നിർത്തിവെക്കേണ്ടിവന്നു, ഡിറ്റൻഷൻ ക്യാമ്പ് നിർമ്മാണവും നിർത്തുമെന്ന് ഇപ്പോൾ പ്രസ്താവിച്ചിരിക്കുകയാണ്. ഇതൊക്കെ നല്ല കാര്യങ്ങൾ തന്നെ. ഇത്രയുമൊക്കെ സംഭവിച്ചതു തന്നെ ആളിപ്പടരുന്ന സമരാഗ്നിയുടെ ഫലമായിട്ടാണ്. പക്ഷേ മറ്റു പ്രശ്നങ്ങളിലൊക്കെ കോൺഗ്രസിനെയും ഇതര ഭരണവർഗ്ഗ പാർട്ടികളെയും പോലെ പിണറായി സർക്കാരും യാഥാസ്ഥിതിക സാമ്പത്തിക രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. സ്വന്തം പാർട്ടിയിൽ പെട്ട അലനെയും താഹയെയും യുഎപിഎ ചുമത്തി ഇപ്പോൾ എൻഐഎക്ക് കൈമാറ്റം ചെയ്തതിനെ പറ്റി സ്വന്തം അണികളിൽ നിന്ന് പോലും ചോദ്യങ്ങൾ ഉയരുമ്പോൾ, ചെഗുവേരയും ക്യൂബൻ വിപ്ലവത്തെയും മറ്റും പറ്റി കൂടുതൽ വട്ടം ആവർത്തിച്ചു തടി രക്ഷിക്കേണ്ട അവസ്ഥയിലേക്ക് നിരന്തരം ചുടല മാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ അവരെ കൊണ്ടെത്തിക്കുന്നു.

ഇതാണ് വലതുപക്ഷ അവസരവാദത്തിലേക്ക് അധപ്പതിച്ച സിപിഐ എമ്മിനെയും അത് നയിക്കുന്ന ഇടതുമുന്നണിയും സ്ഥിതിയെങ്കിൽ, ഇന്നും യാന്ത്രികമായി ‘ചൈനീസ് പാതയിൽ’ വിപ്ലവം നടത്തുകയാണ് ശരിയായ ഏകമാർഗ്ഗമെന്ന് ആവർത്തിച്ച് ഒറ്റപ്പെട്ട സ്ക്വാഡ് ആക്ഷനുകളിലൂടെ അതിനായി പ്രവർത്തിക്കുന്ന, അവശേഷിക്കുന്ന മാവോയിസ്റ്റുകളെയും അവരെ പിന്തുണക്കുന്ന ബുദ്ധിജീവികളെയും അമ്പരപ്പിക്കുന്നതാണ് ദേശീയതലത്തിൽ തുടരുന്ന ഇപ്പോഴത്തെ പ്രക്ഷോഭം. നവഉദാര/കോർപ്പറേറ്റ് നയങ്ങൾ അടിച്ചേൽപ്പിക്കുന്ന പിന്തിരിപ്പൻ ഭരണവർഗങ്ങൾക്കെതിരെ ജനകീയസമരങ്ങൾ നിരന്തരം ശക്തിപ്പെട്ടു കൊണ്ടിരിക്കുമെന്നും, അവയെ കണ്ണിചേർക്കാനും, അവയിലെല്ലാം സജീവമായി പങ്കെടുക്കാനും, അതുവഴി ദേശീയതലത്തിലുള്ള ജനകീയഉയർത്തെഴുനേൽപ്പിലേക്ക് അവയെ എത്തിച്ച്, എല്ലാ സമരമാർഗ്ഗങ്ങളും ഉപയോഗിച്ച് രാഷ്ട്രീയാധികാരം പിടിച്ചെടുക്കുക എന്നതായിരിക്കണം വർത്തമാന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവ പാതയെന്നും റെഡ്സ്റ്റാർ വിശദീകരിച്ചപ്പോൾ, അത്തരമൊരു സാധ്യതയെ പോലും തള്ളിക്കളഞ്ഞ്, തങ്ങളുടെ അരാജക പാത പിന്തുടർന്ന മാവോയിസ്റ്റുകളെ പോലുള്ളവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ ദേശീയ പ്രക്ഷോഭം.

എന്താണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ ഇസ്രായേലിൽ യഹൂദികൾക്ക് മാത്രം പൗരത്വം നൽകുകയും മറ്റുള്ളവരെയൊക്കെ (പ്രധാനമായും പാലസ്തീൻകാരായ മുസ്ലിം ജനത) കൊന്നു തീർക്കുകയോ പുറത്താക്കുകയോ ചെയ്യുന്നതുപോലെ ഇന്ത്യയിലും പൗരത്വം ‘ഹിന്ദുക്കൾക്ക്’ മാത്രമായിരിക്കണം എന്നാണ് ഗോൾവാൾക്കറുടെ ‘വിചാരധാര’യിൽ അനുശാസിച്ചതും ആർഎസ്എസ് ആവശ്യപ്പെടുന്നതും. ഇതിൻറെ ഭാഗമായിട്ടാണ് ബിജെപി നേതൃത്വത്തിൽ എൻഡിഎ മന്ത്രിസഭ 1990ൽ അധികാരത്തിൽ വന്നപ്പോൾ, വാജ്പേയി സർക്കാർ 1955ലെ പൗരത്വ നിയമത്തിന് 2003ൽ ഒരു ഭേദഗതി പാസാക്കി എടുത്തത്. പൗരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടി ഉൾക്കൊള്ളുന്ന ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ പി ആർ) തയ്യാറാകണം എന്നാണ്, ഇത് സാധാരണ നടക്കുന്ന സെൻസസിൽ നിന്ന് വ്യത്യസ്തമാമായിരിക്കുമെന്നാണ് ഈ ഭേദഗതി. പക്ഷേ ഇത് പ്രയോഗത്തിൽ വരുന്നതിനുമുമ്പ് 2004ലെ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റു. തുടർന്നുവന്ന യുപിഎ സർക്കാർ ഈ ഭേദഗതി തള്ളിക്കളയുന്ന നടപടിയെടുക്കുന്നതിനുപകരം 2011ലെ സെൻസസുമായി ബന്ധിപ്പിച്ച്, പൗരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി 2010 ൽ ഒരു എൻ പി ആർ തയ്യാറാക്കി. പക്ഷേ, ബിജെപി ആഗ്രഹിച്ചതുപോലെ എൻ പി ആറിനെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ ആർ സി) തയ്യാറാക്കതുമായി ബന്ധിപ്പിച്ചില്ല. 2015-ൽ മോദി സർക്കാറിന്റെ വരവോടെ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കാനും, പൗരത്വത്തിന് ആവശ്യമായ രേഖകളും മറ്റും ഇല്ലാത്തവരെ ‘സംശയാസ്പദമായവർ’ (doubtful persons) എന്ന് മാർക്ക് ചെയ്യിക്കാനും, ഇങ്ങിനെ മാറ്റിനിർത്തപ്പെടുന്നവരിൽ മുസ്ലീമുകൾ ഒഴിച്ചു മറ്റെല്ലാവർക്കും പൗരത്വം നൽകാനും സഹായകമായ ഭരണപരവും നിയമപരവുമായ നടപടികളാരംഭിച്ചു പക്ഷേ, രാജ്യസഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതുമൂലം 1955ലെ പൗരത്വ നിയമത്തിൽ പൗരത്വത്തിന് ആധാരമായി മതത്തെ കൊണ്ടുവരുന്നതിനുള്ള അവരുടെ ബിൽ പാസാക്കാനായില്ല. അതിനിടയ്ക്ക്, യുപിഎ സർക്കാരിൻറെ കാലത്തുതന്നെ 2003-ലെ ഭേദഗതി പ്രകാരം പൗരത്വം നഷ്ടപ്പെടുന്നവരെയും, ഇനിയും പൗരത്വം ലഭിക്കാത്ത കുടിയേറ്റക്കാരേയും പാർപ്പിക്കാനുള്ള ഡിന്റെൻഷൻ കാമ്പുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 2015ൽ മോദി സർക്കാർ ഈ ആവശ്യം ആവർത്തിക്കുകയും ചെയ്തു.

2019-ൽ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി വിജയിച്ചു വന്ന മോദി സർക്കാറിൽ അമിത്ഷാ ആഭ്യന്തരമന്ത്രി ആയതോടെ ഈ പ്രക്രിയക്ക് വേഗത കൂടി. ജൂലൈ 31 ന്റെ നോട്ടിഫിക്കേഷൻ വഴി സംസ്ഥാനങ്ങളോട് 2020 ഏപ്രിൽ പത്തിന് ആരംഭിച്ച് സെപ്റ്റംബർ 30ന് പൂർത്തിയാക്കുന്ന രീതിയിൽ സമയബന്ധിതമായി ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പൂർത്തീകരിക്കാനുള്ള നടപടികൾ ആരംഭിക്കാനും അതിൻറെ ഭാഗമായി കണക്കെടുപ്പുദ്യോഗസ്ഥരെ (Enumerators) പരിശീലിപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്നും അമിത്ഷായും മറ്റു ബിജെപി നേതാക്കളും ആവർത്തിച്ചു പറഞ്ഞു.
ഇതോടൊപ്പം, മുൻപ് രാജ്യസഭയിൽ പരാജയപ്പെട്ട പൗരത്വ (ഭേദഗതി) ബിൽ (സിഎബി) അല്പം ചില മാറ്റങ്ങളോടെ ഡിസംബർ 11ന് അവതരിപ്പിച്ച് രാജ്യസഭയിലും പാസാക്കി നിയമമാക്കി (സിഎഎ). ഇതിൽ പറയുന്നത് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതപരമായി പിഡിപ്പിക്കപ്പെടുന്നതിനെ തുടർന്ന് ഇന്ത്യയിലെത്തുന്ന അഭയാർത്ഥികളിൽ മുസ്ലീങ്ങൾ ഒഴിച്ചു മറ്റെല്ലാവർക്കും പൗരത്വം നൽകുമെന്നാണ്. അപ്പോൾ എൻപിആർ തയ്യാറാക്കുന്ന പട്ടികപ്രകാരം, അതിൽ സംശയാസ്പദമായി കാണുന്നവരിൽ, അഭ്യർത്ഥികളാണ് എന്ന് തെളിയിക്കാൻ കഴിയുന്നവരിൽ പെട്ട മുസ്ലിമുകൾ ഒഴികെയുള്ള മറ്റുള്ളവർക്ക് (ഹിന്ദു-ക്രിസ്ത്യൻ -സിഖ്-ജൈനൻ, ബുദ്ധ മത വിഭാഗങ്ങൾക്ക്) പൗരത്വം നൽകുന്നു. മറ്റുള്ളവരെയെല്ലാം പൗരത്വം ഇല്ലാത്തവരായി പ്രഖ്യാപിക്കുന്നു (Stateless). അവരെ നാടുകടത്താൻ പറ്റാത്തതുകൊണ്ട് ഡിറ്റൻഷൻ ക്യാമ്പുകളിൽ അടയ്ക്കുന്നു. അതിനായി എല്ലാ
സംസ്ഥാനങ്ങളിലും ക്യാമ്പുകളുടെ നിർമ്മാണത്തിന് വേഗത കൂട്ടുവാനും ആവശ്യപ്പെട്ടു.

ഇതിനിടയിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട്, ആസാമിലെ സമയബന്ധിതമായി തയ്യാറാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ ആഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കപ്പെട്ടു. 1970-കളുടെ അവസാനം ‘വിദേശികളെ പുറത്താക്കുക’ എന്ന മുദ്രാവാക്യത്തോടെ ആസാമിനെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തെത്തുടർന്ന് 1985 ൽ രാജീവ് ഗാന്ധി സർക്കാർ പ്രക്ഷോഭകരുമായി നടത്തിയ കരാറിൽ 1971 നു ശേഷം കുടിയേറിയ എല്ലാവരെയും പുറത്താക്കികൊണ്ടുള്ള എൻആർസി തയ്യാറാക്കാൻ നടപടി സ്വീകരിക്കാമെന്നേറ്റിരുന്നു. പല കാരണങ്ങളാൽ ഈ പ്രക്രിയ നീണ്ടുപോയി. ഇതിനെതിരെ ആസമിയകൾക്കും ആസാം ഗണ പരിഷത്ത് (എ ജി പി) പാർട്ടിക്കുമുള്ള രോഷം മുതലെടുത്ത് ബിജെപി ആസാമിൽ അധികാരത്തിൽ വരികയും സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ച്, ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിക്കുകയും ആയിരുന്നു. ഈ എൻ ആർ സി ലിസ്റ്റ് പ്രകാരം, 1904657 പേർ പൗരത്വമില്ലാത്തവരായി. മാത്രമല്ല, ബിജെപി പ്രചരിപ്പിച്ചതിൽ നിന്നും വ്യത്യസ്തനായി ഇവരിൽ മുസ്ലീമുകൾ അഞ്ച് ലക്ഷമേ ഉള്ളൂ. ബിജെപി ആസാം ഘടകം പ്രചരിപ്പിച്ചിരുന്നത് 35-40 ലക്ഷം പേരെ, അതിൽ ഒട്ടുമുക്കാലും മുസ്ലീമുകൾ, പുറത്താക്കുമെന്നായിരുന്നു. അതുകൊണ്ട് ആസാം എൻ ആർ സി യെ ആസാമിലെ ബിജെപി ഘടകം തിരസ്കരിച്ചു.

2019ലെ പൗരത്വ ഭേദഗതി ബിൽ കരട് പുറത്തുവന്നപ്പോൾ ഈ എതിർപ്പ് മറ്റൊരു രൂപം കൈകൊണ്ടു. ഈ ഭേദഗതി അനുസരിച്ച് ബംഗാളി ഹിന്ദുക്കൾക്ക് പൗരത്വം കൊടുത്താൽ ആസാം എൻ ആർ സി തന്നെ ‘വെറും അഞ്ച് ലക്ഷം’ മുസ്ലീങ്ങളുടെ പ്രശ്നമായി ചുരുങ്ങും. ആസമീയ ഭാഷക്കും സംസ്കാരത്തിനും ഭീഷണിയായ എല്ലാ വിദേശികളേയും പുറത്താക്കണമെന്നാവശ്യപ്പെട്ട്, എജിപി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. തദ്ദേശീയർ ആർഎസ്എസ് ഓഫീസുകളും പ്രവർത്തകരെയും ആക്രമിച്ചു. വാർത്തകൾ പുറത്തു വിടാതെ പട്ടാളത്തെ നിയോഗിച്ച് ഈ പ്രക്ഷോഭം അടിച്ചമർത്താനാണ് മോദി സർക്കാറിന്റെ ശ്രമം. പക്ഷേ പ്രശ്നം കൂടുതൽ
വഷളായത് ത്രിപുര, മണിപ്പൂർ, മിസോറാം, മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലാണ്. ബംഗാളി ഹിന്ദുക്കൾ ഉൾപ്പടെ പുതുതായി ബംഗ്ലാദേശിൽ നിന്നും വരുമെന്ന് അവർ ഭയപ്പെട്ടു. അവർ, ഇപ്പോൾ തന്നെ ഉള്ള അഭയാർത്ഥികളും ചേർന്ന് തങ്ങളെ തങ്ങളുടെ സംസ്ഥാനത്ത് ന്യൂനപക്ഷമാക്കികളയുമെന്ന് ഭയപ്പെടുന്നു. മുൻപ് ത്രിപുരയിൽ സംഭവിച്ചത് പോലെ, ഈ സംസ്ഥാനങ്ങളിലും ബില്ല് പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുന്നേ കലാപം ചെയ്യാൻ തുടങ്ങി. ഇവയിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് – മണിപ്പൂർ, ത്രിപുര, നാഗാലാൻഡ്, അരുണാചൽപ്രദേശ്, മിസോറാം – ഇന്നർ ലൈൻ പെർമിറ്റ് – അതായത്
അവിടങ്ങളിലെ പൗരന്മാർ ഒഴിച്ചു മറ്റാർക്കെങ്കിലും അവിടെ പോകണമെങ്കിൽ വിസ വേണമെന്ന നിയന്ത്രണം – ഉടനടി കൊടുത്താണ് അമിത്ഷാ തൽക്കാലം അവരുടെ എതിർപ്പ് തണുപ്പിച്ചിരിക്കുന്നത്. പക്ഷേ വടക്കുകിഴക്കൻ പ്രദേശങ്ങളാകെ നീറിപുകയുകയാണ്. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ആസാമിലും പുതിയ എൻ ആർ സി നടത്തുമെന്ന് പറഞ്ഞിട്ടും പ്രക്ഷോഭം ശമിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങൾ എല്ലാം ആവശ്യപ്പെടുന്നത് പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കണമെന്നാണ്; എൻ ആർ സി വേണ്ട എന്നും.

പാർലമെൻറിൽ സിഎബിക്ക് അംഗീകാരം ലഭിച്ച ഉടനെ അഖിലേന്ത്യാടിസ്ഥാനത്തിൽ സിഎബി കത്തിക്കാൻ റെഡ്സ്റ്റാർ ഉൾപ്പെടെ നിരവധി സംഘടനകൾ ആഹ്വാനം ചെയ്തു. ഓഗസ്റ്റ് മാസം മുതൽ ഈ മുഴുവൻ സംഭവങ്ങളും വിശദീകരിച്ചുകൊണ്ട് ‘നോ ടു സിഎബി, എൻ പി ആർ/എൻ ആർ സി’ എന്ന മുദ്രാവാക്യത്തോടെ നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലും മറ്റും കേന്ദ്രീകരിച്ചും പൊതുവേയും റെഡ്സ്റ്റാർ പ്രവർത്തനം ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമ്പോൾ തന്നെ പ്രവർത്തകർ പൗരത്വ പ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കാര്യങ്ങൾ വിശദീകരിച്ച ശേഷം, ഒരു കാരണവശാലും എൻപിആർ നടത്താൻ അനുവദിക്കരുതെന്നും, എൻ ആർ സി യെ തടയണമെന്നുമുള്ള പ്രചാരണം നടത്തി. മറ്റു നിരവധി സംഘടനകളും വിദ്യാർഥികളും പുരോഗമന ബുദ്ധിജീവികളും മറ്റും ഈ പ്രചാരണത്തിൽ ഏർപ്പെട്ടു.

ഡിസംബർ 14 -15 ആകുമ്പോഴേക്കും നിരവധി സർവകലാശാലകളിലും പുറത്തും സിഎഎ ക്കും എൻആർസിക്കും എതിരെ പ്രക്ഷോഭത്തിനു തുടക്കമിട്ടിരുന്നു എങ്കിലും ജാമിയ, അലിഗഡ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികളെ പോലീസ് അക്രമിച്ചത് പ്രക്ഷോഭത്തെ വർഗീയ വൽക്കരിക്കാനായിരുന്നു. ആർഎസ്എസ്-ബിജെപി അടവ് മനസ്സിലാക്കാതെ മതരാഷ്ട്ര വാദികളായ സംഘടനകളും മറ്റും വിഭാഗീയ നിലപാടുകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, യുപിയിൽ പ്രത്യേകിച്ചും യോഗി സർക്കാർ മുസ്ലിം കുടുംബങ്ങളുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസിനെ കയറൂരിവിട്ട് നിഷ്ഠൂരമായ ആക്രമണങ്ങൾ നടത്തി ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന ദേശീയ പ്രക്ഷോഭമായി ഈ സമരം മാറുകയാണ്. സംസ്ഥാനങ്ങളോട് എൻപിആറിനുള്ള ഉള്ള തയ്യാറെടുപ്പുകൾ വേഗം ആരംഭിക്കാൻ ആവശ്യപ്പെടുന്ന കേന്ദ്രസർക്കാരിന്റെ സർക്കുലറിനെ കേന്ദ്രീകരിച്ച്, ഈ പ്രവർത്തനം നടത്തുവാൻ ആവശ്യങ്ങൾ ഉയർന്നതോടെ ടിഎംസി സർക്കാർ ആ പ്രവർത്തനങ്ങൾ മരവിപ്പിച്ചു. തുടർന്നു നടന്ന പ്രചരണങ്ങളോടെ കേരള സർക്കാർ എൻപിആർ പ്രവർത്തനവും തടങ്കൽ പാളങ്ങൾ ഉണ്ടാക്കുന്ന പണിയും നിർത്തിവെച്ചു. മറ്റു സംസ്ഥാനങ്ങളിലും ഇത് നിർത്തി വെപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

2003 ഭേദഗതി പ്രകാരം സർക്കാർ ആവശ്യപ്പെടുന്ന അച്ഛനമ്മമാരുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ആദിവാസികളും ദളിതരും ഉൾപ്പെടെയുള്ള ദരിദ്ര ജനവിഭാഗങ്ങൾക്ക് കഴിയില്ല. അപ്പോൾ എൻപിആർ വന്നാൽ 8 – 10 കോടി ആളുകളെങ്കിലും സംശയിക്കപ്പെടുന്നവരായി ലിസ്റ്റിൽ വരും. പിന്നീട് എൻ ആർ സി പരിശോധനക്ക് ശേഷവും നാല് – അഞ്ച് കോടി ജനങ്ങളെങ്കിലും സ്റ്റേറ്റ് ലെസ്സ് ലിസ്റ്റിൽ വരും. ഇവരിൽനിന്ന് മതപീഡനം മൂലം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണെന്ന് രേഖകൾ ഉണ്ടെങ്കിൽ മുസ്ലീങ്ങൾ ഒഴിച്ചു മറ്റുള്ളവർക്ക് പൗരത്വം ലഭിക്കും. അപ്പോൾ മുസ്ലീങ്ങളും ദളിതരും ആദിവാസികളും മറ്റുമുൾപ്പെടെ കോടിക്കണക്കിനാളുകൾ പൗരത്വ രഹിതരാവുകയും അവരെയൊക്കെ തടങ്കൽ പാളയങ്ങളിൽ അടക്കപ്പെടുകയും ചെയ്യും. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് കൂടുതൽ കൂടുതൽ പേർ പ്രക്ഷോഭത്തിൽ അണിചേരുത്. ഈ നിർണായക പോരാട്ടത്തിൽ വിദ്യാർഥികളും യുവജനങ്ങളുമാണ് മുൻനിരയിൽ.

എന്തായിരിക്കണം ഈ സമരത്തോട് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ സമീപനം? ഇത് ആർഎസ്എസ് പരിവാർ ഒഴിച്ചുള്ള മറ്റെല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്ന, പിന്തുണക്കുകയെങ്കിലും ചെയ്യുന്ന, ഒരു മഹാപ്രവാഹമാണ്. മഴക്കാലത്തെ നദിയിലെ മഹാപ്രവാഹം പോലെ. ഇതിൽ നാനാ സംഘടനകളിലും നാനാ ധാരകളിലും പെട്ട ആയിരക്കണക്കിനു വിഭാഗങ്ങൾ പങ്കെടുക്കുന്നുണ്ടാകും. ഇവർക്കിടയിൽ വിഭാഗീയവും ജനവിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന മതരാഷ്ട്രവാദികൾ വരെയുണ്ടാകും. പക്ഷേ, അതുകൊണ്ട് തത്വം പറഞ്ഞ് മാറിനിൽക്കുകയല്ല, ഈ മഹാപ്രവാഹം ഇനിയുമിനിയും ശക്തിപ്പെടുത്താൻ കഴിയും വിധം ഇതിന്റെ ഭാഗമാവുകയാണ്, ഈ പ്രക്ഷോഭത്തെ വളർത്താൻ നിരന്തരം ശ്രമിക്കുകയാണ് നമ്മുടെ പ്രഥമ കടമ. സാധ്യമായിടത്തോളം വിശാലമായ മഹാപ്രവാഹമായി ഈ സമരത്തെ കൂടുതൽ വ്യാപ്തിയിലും ആഴത്തിലും വികസിപ്പിക്കുക. എൻപിആർ ആരംഭിക്കാനോ, എൻആർസി യിലേക്ക് എത്താനോ കഴിയാത്ത വിധം ഈ മൊത്തം പ്രക്രിയയെ തടയുക എന്നതായിരിക്കണം ലക്ഷ്യം. ആർഎസ്എസ് പരിവാറും സർക്കാറും പോലീസിനെയും വേണമെങ്കിൽ പാരാമിലിട്ടറിയേയും മിലിടറിയേയും ഉപയോഗിച്ച് അടിച്ചമർത്താൻ അവർക്ക് കഴിയാത്തവിധം പ്രക്ഷോഭം ശക്തിപ്പെടുത്തുക. സർവ്വശക്തിയുമുപയോഗിച്ച് ആർഎസ്എസ്സിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും വേണ്ടി മുന്നേറുക.

ജാർഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ടത് പോലെ, മോദിയും ഷായും നിരന്തരം പ്രചരണം നടത്തിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയ ബിജെപി പരാജയപ്പെട്ടു. ഇതൊരു തുടക്കം മാത്രം. മോദി സർക്കാറിനെതിരായ പോരാട്ടം തുടരുകയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ ആകുമ്പോഴേക്കും അതിനെ പരാജയപ്പെടുത്താനുള്ള സാധ്യത വർദ്ധിച്ചു വരികയാണ്. മുഖ്യധാര പാർലമെന്ററി പാർട്ടികൾ തൊട്ട് സോഷ്യൽ ഡെമോക്രാറ്റുകൾ വരെയുള്ളവരുടെ ലക്ഷ്യം 2004 ൽ വാജ്പേയ് നയിച്ച ബിജെപി യെ തോൽപ്പിച്ചത് പോലെ മോദി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തി ഒരു ബദൽ സർക്കാർ ഉണ്ടാക്കുന്നതിനപ്പുറത്തേക്ക് പോകുന്നില്ല. ബിജെപിയുമായി സാമ്പത്തിക നയങ്ങളിൽ അടിസ്ഥാനപരമായി അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത ഇക്കൂട്ടർ അധികാരത്തിൽ വന്നാലും ഗുണപരമായി വ്യത്യസ്ഥമായ ഒന്നും പ്രതീക്ഷിക്കാനാവില്ല. അത് കൂടുതൽ ശക്തിയോടെ ആർഎസ്എസ് പരിവാർ അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിലേക്കാണ് നയിക്കുക. ഭരണവർഗ്ഗ പാർട്ടികൾക്കിടയിലെ ഈ പാർലമെന്ററി കളികൾക്കിടയിൽ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കേണ്ടി വരും.

കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ കടമ, ഇന്നു ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മഹാ പ്രക്ഷോഭത്തെ ശക്തിപ്പെടുത്താൻ വിശാല കാഴ്ചപ്പാടോടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ശ്രമിക്കുമ്പോൾ തന്നെ, ഭരണവർഗ്ഗ ശക്തികളുടെ അടിസ്ഥാന നയങ്ങളെ വെല്ലുവിളിക്കുന്ന, ഒരു ബദൽ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ മുന്നോട്ട് നയിക്കുക എന്നതായിരിക്കണം. ഇതിനു ഇടത്പക്ഷ മുൻകൈ പ്രവർത്തനം ആവശ്യമാണ്. രണ്ട് കാലിൽ നടക്കുന്നത് പോലെയാണിത്. റെഡ്സ്റ്റാറിന്റെ നീക്കം ഈ ദിശയിലാണ്.

Print Friendly, PDF & Email

About the author

കെ. എൻ. രാമചന്ദ്രൻ

കെ. എൻ. രാമചന്ദ്രൻ, സി പി ഐ. എം എൽ റെഡ് സ്റ്റാർ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്.