കവിത

പുനർജ്ജനിവിഭജിച്ചു വൃത്തഭംഗമളക്കുന്നവരും,

വൃത്തത്തിലായാൽ വർത്തമാനമല്ലെന്നു പഴിക്കുന്നവരും,

നാവിന്റെ നീറുന്ന മൂർച്ചയിലുരച്ച്

നാളെകളുടെ കഴുത്തറുക്കുന്നവരും ചേർന്ന്

നടവഴിയിൽ വച്ച് കല്ലെറിഞ്ഞു കൊന്നത് ,

പിച്ച നടന്നു പഠിച്ചിരുന്ന വാക്കിനെ ….

ഉദകവും അന്ത്യചുംബനവുമില്ലാതെ

മടുത്തു തെരുവിലേക്കു വലിച്ചെറിഞ്ഞ ശേഷം,

ഉള്ളി വിലയും ഉപജാപക ജയവും വിളമ്പുന്ന

ദിനപ്പത്രത്തിന്റെ അന്തസ്സറ്റ ലഹരികളിൽ ,

പതിവുകാരന്റെ കയ്പു ചായ മോന്തിപ്പരതി നീങ്ങുമ്പോൾ …

ഇരുളു വീണ മനസ്സിന്റെ ഇറയവും

മുറിവുതുന്നിയ മൗനത്തിന്റെ ഹൃദയവും കടന്ന് ,

വേച്ചു വേച്ചു വീണ്ടുമുമ്മറപ്പടി കടക്കുന്നൂ,

ചോര പുരണ്ട

പെരുവിരലറ്റ അതേ കാലടികൾ ….

Print Friendly, PDF & Email